Thursday 28 March 2013

ബേപ്പൂര്‍ സുല്‍ത്താനെ കണ്ട കഥ



                                                                                                 
   1992 മെയ്‌ 1
                                                                                                          ബേപ്പൂര്‍

   ഇന്നത്തെ ദിനം അവിസ്മരണീയം.
   

                ഇന്നാണ് ഒട്ടേറെ വായിച്ചറിഞ്ഞ ബേപ്പൂര്‍ സുല്‍ത്താനെ നേരിട്ട് കാണാന്‍ കഴിഞ്ഞത്. ബേപ്പൂരില്‍ വൈലാല്‍ വീട് അന്വേഷിച്ചു എത്തി ചേര്‍ന്നത്‌ ഒരു മാളികയില്‍. വീട് അതെന്നു കരുതി അവിടെ ചെന്നപ്പോള്‍ "മൂപ്പര്‍ ഇതിന്റെ പുറകിലെ വീട്ടിലാണ് താമസം. മൂപ്പരെ അന്വേഷിച്ചു എല്ലാരും ആദ്യം ഇവിടാ വരിക.." അവര്‍ പറഞ്ഞു. കാരണം അതൊരു വലിയ വീടാണ്. ബല്യ എഴുത്തുകാരന്‍ ഇമ്മിണി ബല്യ വീട്ടിലാണെന്ന ധാരണയില്‍ ആവാം.

        ചെന്നപ്പോള്‍ ആസ്ത്മാ ബാധിതനായി അദേഹം കട്ടിലില്‍ കമിഴ്ന്നു കിടക്കുന്നു. ശ്വാസം ആഞ്ഞു വലിക്കുന്നു. ഞങ്ങള്‍ പിന്തിരിയാന്‍ ഒരുങ്ങി. കൈ കൊണ്ട് വിലക്കി അദ്ദേഹം കാത്തിരിക്കാന്‍ പറഞ്ഞു. ഞങ്ങള്‍ ക്ഷയോടെ കാത്തിരുന്നു. പതുക്കെ ശ്വാസം മുട്ട് കുറഞ്ഞു വന്നു. ഞങ്ങളെ അടുത്തേക്ക് വിളിച്ചു. ഓരോരുത്തരോടും പേര് ചോദിച്ചു. എല്ലാവരെയും തലയില്‍ കൈ വച്ചനുഗ്രഹിച്ചു.
 
      "അള്ളാഹു തആലാ നിങ്ങളെ അനുഗ്രഹിക്കട്ടെ!" ഒരേ വാചകം...... അന്‍വറി നോടും രാജനോടും സന്തോഷിനോടും നാസറിനോടും എല്ലാം ഒരേ വാചകം...അള്ളാഹു എന്നതിന് പകരം ദൈവം എന്നൊന്നും പ്രയോഗിച്ചില്ല.

         തിരികെ ഇറങ്ങിയപ്പോള്‍ ചെറിയ മുറിയുടെ ചുവരുകളിലും മേശപ്പുറത്തും പുരസ്കാരങ്ങള്‍..ഒരു മേശക്കു മുകളില്‍ 'ബാല്യകാലസഖി' .....മുറ്റത്ത്‌ മാങ്കോസ്ടയിന്‍ മരം, ചാര് കസാല, ഗ്രാമ ഫോണ്‍.  അതില്‍ സൈഗാളിന്റെ  "സോജ രാജ കുമാരി...."  പാടുന്നതായി ഞങ്ങള്‍ സങ്കല്‍പ്പിച്ചു
.
  
         കാലം 1992. അന്ന് നോ മൊബൈല്‍, നോ ഡിജിറ്റല്‍ കാമറ. അതിനാല്‍ 'ഫോട്ടം'  പിടിക്കാന്‍ കഴിഞ്ഞില്ല. എന്നാല്‍ മനസ്സില്‍ പതിഞ്ഞ ഫോട്ടം..അതിപ്പോഴും മനം നിറയെ..