Wednesday, 30 October 2013

പുസ്തക പരിചയം: ലോക സിനിമയുടെ ചരിത്രം - ചേലങ്ങാടു ഗോപാലകൃഷ്ണന്‍

  സമര്‍പ്പണം 

സിനിമയെ വല്ലാതെ സ്നേഹിക്കുന്ന  സിനിമാ വിചാരണക്കാരന്

( പ്രിയ സുഹൃത്ത് പ്രവീണ്‍ ശേഖര്‍ ) 

  ലോക സിനിമയുടെ ചരിത്രം - 

ചേലങ്ങാടു ഗോപാലകൃഷ്ണന്‍  - 
കറന്റ് ബുക്സ് / ഡി സി ബുക്സ് 
പേജുകള്‍ 176
വില:  110 രൂപ
                    സിനിമയെ പറ്റി ഗ്രന്ഥങ്ങളും ലേഖനങ്ങളും മലയാളത്തിൽ അപൂർവമല്ല. ആനുകാലികങ്ങളിൽ സ്ഥിരം അപഗ്രഥന പംക്തികളുണ്ട്. കൊഴിക്കോടന്റെ സിനിമാ  നിരൂപണം ഒരു കാലത്ത് നന്നായി വായിക്കപ്പെട്ടിരുന്നു.സിനിമയുടെ സാങ്കേതിക വളര്ച്ചയെപറ്റിയും ലോക സിനിമയിൽ നിറഞ്ഞു നിന്ന മഹാരഥന്മാരെ പറ്റിയും ഒക്കെ പുസ്തകങ്ങൾ കണ്ടിട്ടുണ്ട്. എന്നാൽ ലോക സിനിമയുടെ ചരിത്രം ഇത്ര സംക്ഷിപ്തമായി ലോക ചരിത്രത്തിന്റെ അകമ്പടിയോടെ എഴുതപ്പെട്ടതു മലയാളത്തിൽ ആദ്യം തന്നെ എന്ന് തോന്നുന്നു. 2010  ൽ മണ്‍  മറഞ്ഞ ശ്രീ ഗോപാലകൃഷ്ണൻ തന്റെ ആറ്‌  പതിറ്റാണ്ട് നീണ്ടു നിന്ന ചരിത്ര പഠനം കൊണ്ട് മാത്രമാണിത് സാധിച്ചത്. നല്ല ഒരു ചരിത്രകാരൻ കൂടിയാണ് അദ്ദേഹം. 

                 ഈ ഗ്രന്ഥത്തിലൂടെ കടന്നു പോകുമ്പോൾ മാറ്റങ്ങൾക്ക്  വേണ്ടി ജീവിതം ഹോമിച്ച പ്രതിഭകൾക്കൊക്കെ ദുരന്തങ്ങൾ  പല വിധത്തിൽ അനുഭവിക്കേണ്ടി വന്നു എന്ന് കാണാം. അന്ധ വിശ്വാസം ഉണർത്തുന്ന തെറ്റിധാരണകൾ കൊണ്ട് അവരെ ഒക്കെ അതാതു കാലത്തെ സമൂഹം ആട്ടി പായിച്ചു. സെല്ലുലൊയിഡിലെ നായകനെ പോലെ അവർ പലരും ദരിദ്രരായി മരിച്ചു. (ജെ സി ഡാനിയേലിനെയും വെളിച്ചത്തു കൊണ്ട് വന്നത് ശ്രീ ഗോപാലകൃഷ്ണൻ  ആയിരുന്നല്ലോ?)

                      സിനിമ ഇന്ന് വ്യാവസായികമായും സാങ്കേതികമായും ഏറെ മുന്നേറിയല്ലോ? ഈ പള  പളപ്പിൽ മിന്നുന്ന താരങ്ങൾ അവരുടെ പൂർവസൂരികളെ സ്മരിക്കുമോ എന്ന് ഗ്രന്ഥകാരനോപ്പം നാമും ആശങ്കപ്പെടുന്നു. (സാധ്യത ഇല്ലെന്നറിയാം. കെ രാഘവൻ മാസ്റ്റരെ നന്നായി സ്മരിച്ചത്‌ നാം കണ്ടതാണ്)

                  മുപ്പത്തി രണ്ടു അധ്യായങ്ങളിലായി ലോക സിനിമയുടെ ചരിത്രം പറയുന്ന ഈ മനോഹര ഗ്രന്ഥം ഒരു ശാസ്ത്ര പുസ്തകം കൂടിയാണ്. നിഴൽ ചിത്രം, നിശ്ചല ചിത്രം, ചലന ചിത്രം, ശബ്ദ ചിത്രം, വർണ്ണ  ചിത്രം, 3D ചിത്രം എന്നിങ്ങനെ സാങ്കേതിക മികവിന്റെ ചരിത്രം നന്നായി വരച്ചു കാട്ടുന്നു. എഴുതിയ കാലം കൊണ്ടാവണം, ഇന്റർനെറ്റ്‌ വരുത്തിയ സ്വാധീനം പരാമർശിക്കപ്പെടാതെ പോയത്. (2010 നു മുന്നേ) 

                 സിനിമയിൽ പരക്കെ ഉപയോഗിക്കപ്പെടുന്ന ഹോളിവൂഡ് , ബൊക്സാഫീസ്, ഈസ്റ്റ്‌ മാൻ തുടങ്ങി നിരവധി പടങ്ങളുടെ ആവിർഭാവം ഈ പുസ്തകം പറഞ്ഞു തരുന്നു. 

                സിനിമയുടെ ചരിത്രവും ലോക ചരിത്രവുമായി ഇഴ പിണഞ്ഞു കിടക്കുന്നു. അവിടെയും രാഷ്ട്രീയത്തിന്റെയും വർണ്ണ   വെറിയുടെയും പങ്കു കാണാം. ഇന്നും കലയെ ഇവ തെറ്റായി സ്വാധീനിക്കുന്നു എന്ന് നമുക്കറിയാം. 

                ഭൂലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സിനിമ എങ്ങനെ വളർന്നു എന്ന് ഈ പുസ്തകം നന്നായി പറയുന്നു. ഓരോ നാഴിക കല്ലിനും പിന്നിൽ പ്രവര്ത്തിച്ച ആളുകളെ പറ്റി  തർക്കങ്ങളും വീമ്പു പറച്ചിലുകളും കാണാം. ലോക സിനിമ ചരിത്രത്തോടൊപ്പം ഭാരത സിനിമാ  ചരിത്രവും മലയാള സിനിമ ചരിത്രവും ചെറുതായി പറഞ്ഞു പോകുന്നു. 

                ഇതിനായി അദ്ദേഹം നടത്തിയ പരിശ്രമങ്ങൾക്ക്  മുന്നിൽ നമിക്കാതെ വയ്യ. സിനിമാ ചരിത്രത്തിലെ മഹാരഥന്മാർക്ക്  സംഭവിച്ച പോലെ ജീവിച്ച കാലത്ത് ശ്രീ ഗോപാലകൃഷ്ണന് വേണ്ടത്ര അംഗീകാരം നാം നല്കിയില്ല. അദ്ദേഹത്തിന്റെ മകൻ സാജു ആണ് ഈ പുസ്തകങ്ങൾ  ഒക്കെ പ്രസിദ്ധീകരിക്കാൻ മുന്നോട്ടു വന്നത്. 

                     സിനിമയെ സ്നേഹിക്കുന്നവരും പഠിക്കുന്നവരും അവശ്യം വായിക്കേണ്ട പുസ്തകം. 

പിൻ കുറിപ്പ്:

                  പ്രവീണ്‍ ശേഖറിനെ പരിചയപ്പെടും മുമ്പ്‌ സിനിമ ഗൌരവമായി പഠിക്കേണ്ട ഒന്നാണ് എന്നെനിക്കു തോന്നിയിട്ടില്ല. സമൂഹത്തിൽ സിനിമ അത്ര സ്വാധീനം ചെലുത്തുന്ന ഒരു കലാ രൂപം ആണല്ലോ? അതിന്റെ അവലോകനം  ആത്മാർത്ഥമായി ചെയ്യുന്ന സുഹൃത്തിനു ഈ പോസ്റ്റ്‌ സമർപ്പിക്കാൻ അതാണ്‌ കാരണം.

                      ഈ പുസ്തകത്തെ പറ്റി ഡി സി ബുക്സിന്റെ ബ്ലോഗ്‌ വായിക്കാൻ
ഇവിടെ ക്ലിക്കുക 


അനുബന്ധം:

പ്രധാന പരാമർശ സിനിമകൾ 

The Great Train Robbery
Queen Elizabeth
Book Worm
The student of Preg
Adventures of Mr. white
The Horizon
The birth of a nation
The Light of asia
Alan Ara
Tarzen
African Queen
Al-Bashkadah
The Toll of the sea
Flowers of tree
The Tramp
A women of Paris
The kid
The Circus
The gold rush
The good earth
The Machinist
Gandhi
Basic Instincts
A good woman
kajemusha
In this world

Devadas
Lagan
Sholey
Raja Harichandra

സ്വയം വരം
ചെമ്മീൻ
(ലിസ്റ്റ് അപൂർണ്ണം )

Tuesday, 29 October 2013

ബ്ലോഗെഴുത്തിനെ വിലയിരുത്തുമ്പോള്‍ - ഭാഗം നാല്മുഖ്യധാര എന്ന് വിലയിരുത്തപ്പെടുന്ന അച്ചടി മാധ്യമത്തേക്കാൾ വില കുറഞ്ഞത്‌ എന്ന വാദങ്ങളെ പിന്തള്ളി  ബ്ലോഗ്ഗെഴുത്ത്‌ നന്നായി വായിക്കപ്പെടുന്ന ഒരു കാലഘട്ടത്തിലാണ് ഈ വിലയിരുത്തലിന്റെ നാലാം ഭാഗം എഴുതുന്നത്‌. ഇ-മഷി യുടെ വാർഷിക പതിപ്പ് പ്രിന്റ്‌ വേർഷൻ ഇറക്കി ബ്ലോഗ്‌ രംഗത്ത്‌ മറ്റൊരു വെന്നിക്കൊടി പാറിച്ചും കഴിഞ്ഞു. വ്യത്യസ്തരായ നാല് ബ്ലോഗ്ഗർമാർ പതിവ് പോലെ ഇത്തവണയും വിലയിരുത്തപ്പെടുന്നു. കഴിഞ്ഞ രണ്ടു വർഷങ്ങൾക്കുള്ളിൽ രണ്ടു ബ്ലോഗ്ഗുകളിലായി നൂറ്റി അറുപതിലധികം  പോസ്റ്റുകൾ എഴുതിയ പ്രവീണ്‍ ശേഖർ, കുട്ടി ബ്ലോഗ്ഗർ ത്വൽഹത്ത് ഇഞ്ചൂർ , ഊർക്കടവ് എന്ന ഗ്രാമത്തെ ഭംഗിയായി അവതരിപ്പിക്കുന്ന ഫൈസൽ ബാബു, ഓർമ്മകളെ താലോലിക്കുന്ന ആർഷാ  അഭിലാഷ് എന്നിവരാണിവർ.

പ്രവീണ്‍ ശേഖർ 

പ്രവീണങ്ങൾ - എന്റെ തോന്നലുകൾ 

                     സാമൂഹ്യ പ്രശ്നങ്ങൾ, മതം ഇങ്ങനെ വിവാദം ആക്കാൻ വകുപ്പുള്ള വിഷയങ്ങളെ ഒട്ടുമേ വിവാദത്തിനു ഇടം കൊടുക്കാതെ സ്നേഹപൂർവ്വം പരാമർശിക്കുന്ന ലേഖനങ്ങൾ, രസകരമായ യാത്രാ കുറിപ്പുകൾ , സ്നേഹവും സൌഹൃദവും ഹൃദ്യമായി പങ്കു വയ്ക്കുന്ന അനുഭവ കുറിപ്പുകൾ, കഥകൾ, പലവക എന്ന് പറയാവുന്ന ഇനങ്ങൾ ഇവ ചേർന്ന് 85 പോസ്റ്റുകളാണ് പ്രവീണങ്ങളിൽ ഉള്ളത്.  ജീവിതത്തെ പറ്റി ആഴത്തിലുള്ള ചിന്താശീലുകൾ, പ്രണയ സങ്കൽപ്പങ്ങൾ ഇവ ഒക്കെ ഇതിൽ ചേർന്നിരിക്കുന്നു 

             വർഗ്ഗീയത ഏറെ ചർച്ച ചെയ്യപ്പെടുന്ന വിഷയമാണ്. എന്താണ് വർഗ്ഗീയത എന്ന പോസ്റ്റിൽ ലളിതമായി അതിനെ വിവക്ഷിക്കുന്നു. "ഒരാള്‍ക്ക്‌ സ്നേഹം നിഷേധിക്കുന്നതാണ് വര്‍ഗീയത. സ്നേഹത്തെ വര്‍ഗീയവല്‍ക്കരിക്കുന്നവനാണ് യഥാര്‍ത്ഥ വര്‍ഗീയവാദി." മതങ്ങളിലൂടെ സഞ്ചരിക്കുമ്പോൾ എന്ന പോസ്റ്റിൽ എല്ലാ മതങ്ങളും ഒരേ സാരാംശം ഉണർത്തുന്നു എന്ന ചിന്തയിൽ ലേഖകൻ  എത്തി ച്ചേരുന്നു. "അടിസ്ഥാനപരമായി നോക്കുമ്പോള്‍ എല്ലാ മതങ്ങളും പറഞ്ഞു ചെന്നെത്തുന്നത് ഏക ദൈവ വിശ്വാസത്തില്‍ തന്നെയാണ്. ഹിന്ദുക്കളില്‍ പരക്കെ കാണുന്ന വിഗ്രഹാരാധനയും , ക്ഷേത്ര ദര്‍ശനവും എല്ലാം ചില ആചാരങ്ങള്‍ മാത്രം. പരബ്രഹ്മം എന്ന ഏക ദൈവ ആശയത്തിലെക്കാണ് ഒടുക്കം എല്ലാവരും ചെന്നെത്തുന്നത്. മറ്റൊരു വാക്കില്‍ പറഞ്ഞാല്‍ സര്‍വശക്തനായ ദൈവത്തിലേക്ക് തന്നെയാണ് എത്തിപ്പെടുന്നതും  എന്നും പറയാം. എന്നിട്ടും എന്ത് കൊണ്ടോ മനുഷ്യര്‍ പലരും ഓരോ മതത്തിന്‍റെ  വക്താക്കളായി മാത്രം മാറപ്പെടുന്നു. "  ഒരു പടി കൂടി കടന്നു രാജ്യവും മതവും ഒന്നും മനുഷ്യനെ വേർതിരിക്കാതിരിക്കട്ടെ എന്ന ഉത്തമ ചിന്തയിലും എത്തിപ്പെടുന്നു. സത്യമേവ ജയതേ ഭാരതമെന്നു കേട്ട് അഭിമാന പൂരിതമാകുന്ന ഒരുവന്റെ മനസ്സാണ് ബുദ്ധനും പ്രവാചകനും നിസ്സഹായരാകുന്ന കാലത്ത് മനുഷ്യത്വം നിറഞ്ഞു നില്ക്കുന്ന മനസ്സ് വിമ്മി പൊട്ടുന്നത് നാം കാണുന്നു.  " "ബുദ്ധനും പ്രവാചകനും പഠിപ്പിച്ച  ആത്മീയ വചനങ്ങള്‍ക്കും ദൈവ വചനങ്ങള്‍ക്കും  ചെവി കൊടുക്കാതെ രണ്ടു രാജ്യങ്ങളും ആര്‍ക്കൊക്കെയോ നേരെ ആക്രോശിക്കുന്നു. മ്യാന്മറിനും ബംഗ്ലാദേശിനും ഇടക്കുള്ള സമുദ്രാതിര്‍ത്തിയില്‍  അഭയാര്‍ഥികള്‍ എന്ന് കപട വിധിയെഴുതപ്പെട്ട  ഒരു ജനതയ്ക്ക് മുന്നില്‍ ബുദ്ധനും പ്രവാചകനും ഒന്നും മിണ്ടാതെ , നിസ്സഹായരായി നില്‍ക്കുകയാണ്". ഓണ്‍ലൈൻ ചർച്ചകളിൽ സമീപ കാലത്ത് കാണുന്ന പ്രവണതകളെയും ലേഖകൻ  ഓണ്‍ലൈൻ വ്യക്തി ജീവിതം എന്ന തലക്കെട്ടിൽ വിശകലനം ചെയ്യുന്നു. പൊതുവേ പ്രവീണങ്ങളിലെ പോസ്റ്റുകളുടെ കമെന്റുകളും തുടർ ചർച്ചകളും ഒക്കെ മികച്ച നിലവാരം പുലര്ത്തുന്നു. 

                   പ്രവീണിന്റെ കഥകളിൽ  ജീവികൾ പലപ്പോഴും പ്രധാന കഥാപാത്രമാകുന്നു. ചിന്നൻ എന്ന എലി നമുക്ക് എങ്ങനെയോ പ്രിയപ്പെട്ടവൻ ആകുന്നു.  "ഒന്നുമറിയാതെ ഉറങ്ങുന്ന നങ്ങേലിയെ നോക്കിക്കൊണ്ട്‌ ചിന്നന്‍  നെടുവീര്‍പ്പിട്ടു. ഇന്നല്ലെങ്കില്‍ നാളെ ഈ തട്ടിന്‍പുറം പൊളിക്കപ്പെട്ടെക്കാം. അന്ന് നങ്ങേലിയെയും ഈ കുഞ്ഞിനേയും കൊണ്ട് താന്‍ എങ്ങോട്ട് പോകും എന്നോര്‍ത്തു കൊണ്ട് ചിന്നന്‍ ആശങ്കപ്പെട്ടു കൊണ്ടേയിരുന്നു." ഈ ചിന്നന്റെ ആശങ്ക നമ്മിലേക്കും സംക്രമിക്കുന്നു. വിശ്വാസങ്ങളെ ഊട്ടി ഉറപ്പിക്കുക ഒന്നുമല്ല ലക്‌ഷ്യം എങ്കിലും കാലൻ  കോഴി അറിയാതെ നമ്മെ അങ്ങനെ വിശ്വസിപ്പിക്കുന്നു. പൂച്ചകൾ ഇപ്പോഴും കരയുന്നു ഒരു പ്രണയ കഥ തന്നെ. അതിൽ പൂച്ച ഒരു ബിംബം പോലെ പ്രത്യക്ഷപ്പെടുന്നു. "വര്‍ഷങ്ങള്‍ കഴിഞ്ഞ ശേഷവും, ഇന്നും  പൂച്ചകള്‍ കരയുമ്പോള്‍ എനിക്ക് ഓര്‍മ വരുന്നത്  മരണത്തിന്‍റെ വീട്ടുമുറ്റത്ത് ഒരു കാഴ്ചക്കാരനായി മാത്രം നില്‍ക്കുന്ന എന്‍റെ പഴയ ബാല്യമാണ്. ഇന്ന് പത്മിനി ചേച്ചിയെ എന്‍റെ വിവാഹത്തിനു ക്ഷണിക്കാന്‍ വേണ്ടി പോയപ്പോഴും , അവിടെ വളര്‍ത്തുന്ന പൂച്ചകള്‍ എന്‍റെ കാലില്‍ തഴുകി കൊണ്ട് കരഞ്ഞു. പൂച്ചകളുടെ കരച്ചിലില്‍ മരണത്തിന്‍റെ മുഴക്കമുണ്ട് , താളമുണ്ട് , ഓര്‍മപ്പെടുത്തലുകളുണ്ട്. എന്നിട്ടും പൂച്ചകളെ ഇന്നും ഞാന്‍ ഇഷ്ടപ്പെടുന്നു, ഒരു പക്ഷെ പണ്ടത്തെക്കാളും കൂടുതല്‍...,.." ജീവികളെ കഥയോട് ചേർത്ത് വച്ച് തകഴിയും (വെള്ളപോക്കത്തിൽ) ടി പദ്മനാഭനും (ശേഖൂട്ടി) ലളിതാംബിക അന്തർജ്ജനം (മാണിക്കൻ) ഒക്കെ കഥകൾ  എഴുതിയിട്ടുണ്ട്. പ്രവീണും ആ പാതയിൽ മെല്ലെ ചരിക്കുന്നു. 

                          കൊന്നിട്ടും കൊന്നിട്ടും മതി വരാതെ എന്ന കഥയെ ഹാസ്യ കഥ ആയി ചില വായനക്കാർ തെറ്റിദ്ധരിച്ചെങ്കിലും ബിംബങ്ങളെ ഫലപ്രദമായി ഉപയോഗപ്പെടുത്തിയ ഒരു കഥയാണത്. ഒരു കൊച്ചു ബഡായി കഥയിൽ  നാട്ടിൻ പുറത്തിന്റെ നന്മകൾ ചേർന്നിരിക്കുന്നു. ഒടിയനിലും ഇത്തരം കഥാപാത്രത്തെ രസകരമായി അവതരിപ്പിച്ചിരിക്കുന്നു. സ്ഥല പരിമിതി മൂലം ഇവിടെ പരാമർശിക്കാത്ത മറ്റു കഥകളും വായനാ സുഖം പകരുന്നു.

                  കാക്കപുള്ളിയിൽ നമ്മുടെ ഇടയിലുള്ള ആ പെണ്‍കുട്ടിയെ  അതീവ ഹൃദ്യമായി അവതരിപ്പിക്കുന്നു."തട്ടിന്‍ മുകളിലെ ആ പഴയ അലമാര കണ്ണാടിയില്‍ അവള്‍ മറ്റാരുടെയോ മുഖത്തേക്കെന്ന പോലെ  നോക്കി നിന്നു . കണ്ണാടിയോട് കൂടുതല്‍ ചേര്‍ന്ന് നിന്ന ശേഷം കൈ കൊണ്ട് ചുണ്ടിലെ ആ കാക്കപ്പുള്ളിയെ തൊട്ടു നോക്കി. പിന്നെ കൈ കൊണ്ട് അതിനെ മറച്ചു പിടിച്ചു. എന്നിട്ടവള്‍ കണ്ണാടി നോക്കി എന്തിനോ പൊട്ടിക്കരഞ്ഞു " ഞാനും എന്റെ പ്രണയവും പിന്നെ  പ്രണയിനിയും ഭാഷയുടെ മികവു കൊണ്ട് ശ്രദ്ധേയമാണ്. പൂ ചൂടാത്ത പെണ്ണിലെ മുത്തിയമ്മയും മല്ലിയും കഥ വായിച്ചു കഴിഞ്ഞും കുറെ നേരം നമ്മോടൊപ്പം കഴിയും എന്നത് തർക്കമുള്ള കാര്യമല്ല. 

                     പദ്മരാജനെകുറിച്ചും കവി എ അയ്യപ്പനെകുറിച്ചും എഴുതപ്പെട്ട കുറിപ്പുകൾ നമ്മെ സ്പർശിക്കുന്നു. " അദ്ദേഹം പറഞ്ഞു മുഴുമിപ്പിക്കാതെ പോയ കഥകള്‍ പറയാന്‍ ഇനിയും വരുമായിരിക്കും .  ആ ഗന്ധര്‍വ  സംവിധായകനോട്  മനസ്സില്‍ അടങ്ങാത്ത പ്രണയവുമായി , പറഞ്ഞു മുഴുമിപ്പിക്കാത്ത  നക്ഷത്ര രാജകുമാരന്‍റെ ബാക്കി കഥ കേള്‍ക്കാന്‍,ഞാന്‍ കാത്തിരിക്കുന്നു.  പാലകള്‍ പൂക്കുന്ന ദിവസങ്ങളില്‍ ഗന്ധര്‍വലോകത്ത് നിന്നും അദ്ദേഹം തീര്‍ച്ചയായും ഇനിയും വരും."   "ജീവിതത്തിലെ നാടകീയതകളെ വെല്ലു വിളിച്ച ഒരു സാധാരണ മനുഷ്യന്‍, ഒളി മറകള്‍ ഇല്ലാതെ ജീവിക്കാന്‍ ഇഷ്ട്ടപ്പെട്ട ഒരു പച്ചയായ മനുഷ്യന്‍., അങ്ങിനെ പലതുമായിരുന്നു അയ്യപ്പേട്ടന്‍"

                  അസാധ്യ ഡ്രൈവിംഗ് പോലുള്ള അനുഭവ കുറിപ്പുകളിൽ ഒത്തിരി പ്രതീക്ഷ വേണ്ടെങ്കിലും രസകരമായി വായിച്ചു പോകാൻ കഴിയുന്നുണ്ട്. തമ്പിയെന്ന കൂട്ടുകാരനെ പറ്റി ഒക്കെ എഴുതിയത് വായിച്ചു നമുക്കും കലാലയ ജീവിതതിലെക്കൊന്നു മടങ്ങാം. ഒടുക്കത്തെ സാഹസിക യാത്രയും കോയമ്പത്തൂർ യാത്രയും നമ്മെ രസിപ്പിക്കാതിരിക്കില്ല. എന്റെ കുറച്ചു സ്വപ്‌നങ്ങൾ, എത  തുടങ്ങിയ പലവകയിൽ പോലും ചില മുത്തുകൾ ദർശിക്കാം.

                   മാനുഷിക മൂല്യങ്ങളെ ഉയരത്തി പിടിക്കുന്ന ഒട്ടേറെ പോസ്റ്റുകളിൽ ഒരു ഉദാഹരണം മാത്രം പറയാം. ഇന്ന് ഞാൻ നാളെ നീ   "മനുഷ്യന്‍ ആരാണ് ? എന്താണ് എന്നൊക്കെ മനസിലാക്കാന്‍ ഏറ്റവും എളുപ്പം ആശുപത്രികള്‍ സന്ദര്‍ശിക്കുകയാണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട് .  അപകടം പറ്റി കിടപ്പിലായവരും ,  കാന്‍സര്‍ പോലെ ഗുരുതര രോഗങ്ങള്‍  ബാധിച്ചു  ചികിത്സ തേടിയെത്തുന്ന  രോഗികളും,   മരണത്തോട് മല്ലിടുന്നവരും  അങ്ങിനെ കുറെ പേര്‍ ആശുപത്രി മുറികളില്‍ ഉണ്ടാകും. ആ പരിസരത്തിലൂടെ ഒരല്‍പ്പ നേരം സഞ്ചരിക്കുമ്പോള്‍ നമുടെ മനസ്സിലേക്ക് കയറി വരുന്ന തത്വശാസ്ത്രം  ആരും പഠിപ്പിച്ചു തരുന്നതല്ല എന്നതാണ് വിചിത്രം. " 

              പ്രവീണിന്റെ തന്നെ ശൈലിയിൽ പറഞ്ഞാൽ ആകെ മൊത്തം ടോട്ടൽ വായിച്ചു രസിക്കാവുന്ന ഒരു ബ്ലോഗ്‌ എന്ന് പറഞ്ഞു അവസാനിപ്പിക്കാം. ആദ്യ പോസ്ടുകളേക്കാൾ മികവും കയ്യടക്കവും പിൽകാല പോസ്റ്റുകളിൽ കാണുന്നു. പോസ്റ്റുകളുടെ എണ്ണം വല്ലാതെ കൂടി എന്നതൊരു കുറ്റമായി  പറയാമോ എന്നെനിക്കറിയില്ല. വായനയുടെ കരുത്ത് കൂടി ഉണ്ടായിരുന്നെങ്കിൽ ഭാഷ ഒന്ന് കൂടി മനോഹരമായേനെ. തേച്ചു മിനുക്കി പ്രവീണ്‍ ഭാഷയുടെ കാന്തിയും മൂല്യവും വർദ്ധിപ്പിക്കട്ടെ എന്നാശംസിക്കുന്നു. ഒരു ബ്ലോഗ്‌ വായിച്ച പ്രവീണ്‍ മരിച്ച ആളുടെ ബ്ലോഗ്‌ എന്ന പേരിൽ ഇട്ട പോസിൽ പറയുന്നത് പോലെ "ചിലപ്പോള്‍ എന്‍റെ തോന്നലുകള്‍ മാത്രമായി ഇത് മറ്റുള്ളവര്‍ കണ്ടേക്കാം, എന്തായാലും ആ   ബ്ലോഗ്‌ എനിക്ക് ഒരുപാട് ഇഷ്ടമായി. സത്യത്തിലേക്ക് യാത്ര ചെയ്യാന്‍ കൊതിക്കുന്ന ഒരാളുടെ വെമ്പലുകള്‍ എനിക്കിതില്‍ കാണാന്‍  സാധിച്ചു . പിന്നീടു ഞാന്‍ ആ ബ്ലോഗ്‌ തിരഞ്ഞു നോക്കിയെങ്കിലും കണ്ടില്ല. ഇനി അതൊരു പക്ഷെ മരിച്ച ഏതെങ്കിലും ആളുടെ ബ്ലോഗായിരിക്കുമോ ? നാളെ ഇനി ഞാനും..എന്‍റെ ബ്ലോഗും...."

സിനിമാ വിചാരണ 

"....ഒരു വര്‍ഷം സുഖമായി അലഞ്ഞു. മനസ്സില്‍ എന്നും സിനിമ മാത്രമായിരുന്നു......"   

                 പ്രവീണിന്റെ ജീവ ചരിത്രം സ്വയം രേഖപ്പെടുത്തിയതിൽ ഇങ്ങനെയാണ് പറയുക സിനിമാ വിചാരണയിൽ പോസ്റ്റുകളുടെ എണ്ണം താമസിയാതെ നൂറു കവിയും. ആദ്യമൊക്കെ കാണുന്ന എല്ലാ സിനിമയെ പറ്റിയും എന്തെങ്കിലും എഴുതുക എന്നതായിരുന്നു ശൈലി എന്ന് തോന്നുന്നു. വിലയിരുത്തലുകാരൻ അതിന്മേൽ ഒരു തെരഞ്ഞെടുപ്പു നടത്താൻ നിർബന്ധിതനാകുന്നു. വിചാരണകളെ മൂന്നായി തരം  തിരിക്കുന്നു - ഹോളീ വുഡ്, ബോളീവുഡ്, മല്ലൂവുഡ് . 

                          സാമൂഹ്യ ജീവിതത്തെ നന്നായി നിരീക്ഷിക്കുന്ന എഴുത്തുകാരനെ തന്നെ ഈ വിചാരണയിലും ദർശിക്കാം. തട്ടത്തിൻ മറയത്തു എന്ന സിനിമയെ വിലയിരുത്തുമ്പോൾ കലയും സമൂഹവും എന്നത് തന്നെ പ്രധാന ചർച്ച . കുരുടൻ ആനയെ കണ്ട പോലെ സിനിമയെ വിമർശിക്കുന്നവർക്ക് പല പോസ്റ്റും ചുട്ട മറുപടി ആകും. എന്നാൽ ABCD പോലെ പടച്ചിറക്കുന്ന പടങ്ങളെ ഒരു ദയയും കാട്ടാതെ തകർത്ത് തരിപ്പണം ആക്കുന്നു പ്രവീണ്‍ "ആകെ മൊത്തം ടോട്ടൽ =  പഴകി പുളിച്ച  കഥയും, ഗൌരവ ബോധമില്ലാത്ത തിരക്കഥയും, അതിലെ തന്നെ  അശ്ലീല സംഭാഷണങ്ങളും, ന്യൂ ജനറേഷൻ കുരുത്തക്കേടുകളുടെ ദൃശ്യാവിഷ്ക്കാരവും,"  എങ്കിലും ഒടുവിൽ സിനിമാക്കാരോട് ഒരു മയം ഉള്ളതിനാൽ "കണ്ടിരിക്കാം.." എന്ന് പറയുകയും ചെയ്യും. 

                          ഒരു ചെറു പുഞ്ചിരി പോലെ ബോക്സാഫീസിൽ ഹിറ്റ്‌ ഒന്നുമാവാത്ത നല്ല പടങ്ങളെ ഈ ബ്ലോഗിൽ നന്നായി പരാമർശിക്കുന്നു. ഇതിന്റെ കഥയിൽ പോലും കഥ എഴുതിയ എം ടി യെ അതിശയിപ്പിക്കുന്ന പക്വത വിചാരണ ക്കാരൻ കാട്ടുന്നു. "എന്തെങ്കിലും  എതിര്‍പ്പ് നേരിടേണ്ടി വന്നാല്‍ അടുത്ത ട്രെയിനില്‍ കാമുകനെയും കൂട്ടി കൊണ്ട് തറവാട്ടിലേക്ക് വരാനും അവിടെ വച്ച് കല്യാണം നടത്തി തരാമെന്നുമാണ് കുറുപ്പ് കൊച്ചു മകള്‍ക്ക് കൊടുക്കുന്ന വാഗ്ദാനം. ജീവിത പരിചയവും അനുഭവ സമ്പത്തും ഏറെയുള്ള  കുറുപ്പിനെ പോലെയുള്ള ഒരു പഴയ കാലഘട്ടത്തിന്‍റെ വക്താവ്,  നാട്ടുകാരുടെയും അയല്‍വാസികളുടെയും കാര്യത്തിലെടുക്കുന്ന തീരുമാനങ്ങളുടെ അത്ര പോലും പക്വത സ്വന്തം കുടുംബത്തിലെ ഒരംഗത്തിന്റെ കാര്യത്തില്‍ എടുത്തില്ല എന്ന് ചിലപ്പോള്‍ തോന്നിയേക്കാം. "

                        ആമേൻ സിനിമയുടെ വിചാരണ ഉൾപ്പടെ പലതിലും സിനിമയുടെ സാങ്കേതികത, ചിത്രീകരണം, എഡിറ്റിംഗ് ഇവ ഒക്കെ പരാമർശിക്കുന്നതായി കാണാം. വെറുതെ ഒരു സിനിമ കണ്ടു എന്തെങ്കിലും എഴുന്നള്ളിക്കലല്ല ഈ വിചാരണ. പക്ഷെ ആദ്യ പോസ്ടുകളെക്കാൾ പക്വതയാര്ന്ന സമീപനം പില്കാല വിചാരണകളിൽ കാണാം.

                   സെല്ലുലോയിഡു കണ്ട എന്റെ മനസ്സിൽ തോന്നിയതൊക്കെ അത് പോലെ പ്രവീണ്‍ എഴുതി വച്ചത് കണ്ടപ്പോ അതിശയം  തോന്നി. " വിഗതകുമാരന്റെയും മലയാള സിനിമയുടെയും  പിതാവായ ജെ. സി. ഡാനിയലിന് വളരെ വൈകിയ വേളയിലെങ്കിലും ഒരു സിനിമയിലൂടെ കൊടുക്കുന്ന പൂർണ ആദരവും സമർപ്പണവും കൂടിയാണ് കമലിന്റെ സെല്ലുലോയ്ഡ് എന്ന് പറയാതെ വയ്യ.  ആ അർത്ഥത്തിൽ, മലയാള സിനിമാ ചരിത്രത്തെ  തികഞ്ഞ ആത്മാർത്ഥതയോടെ, അതിന്റേതായ മികവോടെ  അഭ്രപാളിയിൽ ആവിഷ്ക്കരിക്കുകയും, അതോടൊപ്പം ഈ സിനിമ  നിർമിക്കുന്നതിനും കൂടി സന്മനസ്സ് കാണിക്കുകയും ചെയ്ത കമൽ തന്നെയാണ് മലയാള സിനിമയുടെ എന്നെന്നത്തെയും ചരിത്രകാരൻ. "  ഈ അഭിപ്രായം തന്നെ എന്റെതും; ഒരു പക്ഷെ കണ്ടവർക്കൊക്കെയും.

                                 മറ്റു ഇന്ത്യൻ സിനിമകളിൽ ഹിന്ദി പടങ്ങളാണ് കൂടുതൽ വിചാരണ ചെയ്യപ്പെടുന്നത്. തൊട്ടു പിന്നിൽ  തമിഴും.പറയേണ്ടത് പറയുന്ന ശൈലി തന്നെ ഇവിടെയും. ഇംഗ്ലീഷ് പടങ്ങളിൽ കൂടുതലും സാങ്കേതിക മികവിന്റെ വിശകലനം ആണ് മുഖ്യം. ബ്ലാക്ക് ബ്യൂട്ടി പോലുള്ള ക്ലാസ്സിക്കുകളെയും വിചാരണക്കെടുക്കുന്നു പ്രവീണ്‍. ഈ വിചാരണ സിനിമയെ സ്നേഹിക്കുന്നവര്ക്കൊരു മുതൽ കൂട്ട് തന്നെ...സംശയമില്ല.
                

ആർഷാ  അഭിലാഷ് 

മറക്കാതിരിക്കാനായി മാത്രം 

        കഥയും കവിതയും പ്രകൃതിയും മുതൽ 'വട്ടു ചിന്ത വരെ ഓർമ്മയിലോളിപ്പിക്കുന്ന ആര്ഷ ബ്ലോഗ്‌ എഴുതുന്നത്‌ തന്നെ തന്നെ മറക്കാതിരിക്കാനാണ്‌. എണ്ണ ത്തിലും വണ്ണ ത്തി ലും ഈ ബ്ലോഗ്‌ പിന്നോട്ടല്ല. 2008 മുതൽ 80 ല് പരം പോസ്റ്റുകൾ. കവിതകളാണ് ഏറെയും ..ചില കവിതകളെ കവയിത്രി തന്നെ വട്ടു ചിന്തകളായി വിശേഷിപ്പിച്ചിരിക്കുന്നു. ഓര്മ്മകളുടെ മയിൽപീലിതുണ്ടുകൾ ഹൃദയത്തില സൂക്ഷിക്കുന്ന ഈ ബ്ലോഗ്‌ കണ്ടെത്താൻ വൈകിയതിൽ വിഷമം തോന്നി.

" മലയെഴുതി മണലെഴുതി
കരിമ്പാറ കെട്ടുകളെഴുതി
വയല്‍വരമ്പോടിയ
കഥകളെഴുതി ഞാന്‍,
മകനൊരു കഥയ്ക്കുള്ള
കടലാസ് കരുതിയില്ല ."
          കാത്തു വച്ചില്ല എന്ന് കവയിത്രി വിലപിക്കുന്നത് സത്യമല്ലേ? പുതു തലമുറയുടെ നഷ്ടങ്ങൾ നാം വരുത്തി വച്ചതല്ലേ? 

              പ്രലോഭനങ്ങൾ മനുഷ്യനെ എത്ര മാത്രം സ്വാധീനിക്കുന്നു? അവയുടെ ചില ചിറകടിയൊച്ചകള്‍  കേട്ടാലും ...
"നീ കാണാത്ത ആകാശങ്ങള്‍ കാട്ടിത്തരാം
എന്നൊരു വീണ്‍വാക്ക്  അതിന്‍റെ പിളര്‍ന്ന
ചുമന്ന കൊക്കുകളില്‍ ഇരുന്നു വിറച്ചിരുന്നു."

           തിരു അത്താഴ ശേഷം യൂദാസിനെ പറ്റി യേശു കരുതുന്നത് കവയിത്രിയുടെ ഭാഷയിൽ ഇങ്ങനെ 
"പറയട്ടെ പ്രിയരേ, അവനാണ്
ആദമിന്‍ പരമ്പര കാത്തവന്‍
എന്‍റെ പിതൃ വചനം-കല്‍പ്പന
തെറ്റാതെ കാത്തവന്‍ ,
എന്നരുമ ശിഷ്യന്‍ ! "
എല്ലാം വചനം എന്ന കവിതയിൽ ഇങ്ങനെ ചൊല്ലാൻ കവയിത്രിയെ പ്രേരിപ്പിക്കുന്നതെന്തു? ദൈവം അറിയാതെ ഒരില പോലും അനങ്ങില്ലല്ലോ?
സംഭവാമി യുഗേ യുഗേ..

"അതിനു കാരണം ചില കരകളെ
ഞാന്‍  സൃഷ്ടിക്കുകയും
മറ്റു ചിലവന്‍ കരകള്‍
എന്നെ സൃഷ്ടിക്കുകയും
ചെയ്തതിനാല്‍ ആകാം !"  
എന്നത് 
"അതിനു കാരണം ചില കരകളെ
ഞാന്‍  സൃഷ്ടിക്കുകയും
മറ്റു ചില വന്‍കരകള്‍
എന്നെ സൃഷ്ടിക്കുകയും
ചെയ്തതിനാല്‍ ആകാം !"
എന്നതും തമ്മിൽ നേരിയ വ്യത്യാസം ശ്രദ്ധയിൽ പെട്ടുവോ? (തിരയും തീരവും പുഴയും തീരവും

"എന്നെയാ തെക്കേയറ്റത്ത്
മുത്തശി മാവിന്‍റെ താഴെ
ഒരു പിടി മണ്ണിട്ട് പൂവിട്ട്
അടക്കിയാല്‍ മതി -
അവിടെ നിന്നും എന്‍റെ
ഓര്‍മ്മകളില്‍ നിന്ന്
ഓണം വരുമ്പോളോരു
തുമ്പയായി , കുളിച്ചു
തുടിക്കാന്‍  ദശപുഷ്പമായി
കര്‍ക്കിടത്തിലെ കറുകയായി
ഞാന്‍ ഉണര്‍ന്നു വന്നോളാം ."
ആഗ്രഹങ്ങൾ എത്ര വശ്യമാണ്.

"നാളേറെയെന്റെ  കണ്ണുകള്‍ പൊത്തിയ,
കൈവിരല്‍പ്പാടിനാല്‍ ചായങ്ങള്‍ പൂശിയ,
കോമരം കാട്ടി പേടിപ്പെടുത്തിയ,
കൌമാരത്തിന്റെ ഇടവഴിയിലെവിടെയോ
ഓര്‍മ്മയായ് മാറിയ കൂട്ടുകാരാ ."
നമ്മെ ബാല്യത്തിലേക്ക് കൂട്ടി കൊണ്ട് പോകതിരിക്കില്ലല്ലോ? (കൂട്ടുകാരാ )

"പിറന്നത്,ആരോടോ കടം വാങ്ങിയ
ഒറ്റക്കുപ്പായവുമായിട്ടായിരുന്നു
വളര്‍ന്നത്, ആര്‍ക്കും വേണ്ടാത്ത
നിഴലിന്റെ കറുപ്പില്‍ ചവുട്ടിയും."
ജീവിതത്തിന്റെ പകര്ന്നെഴുത്ത് തന്നെയല്ലേ?

           ഓർമ്മകളുടെ ചാരുത പകരുന്ന കുറെ ഏറെ പോസ്റ്റുകളും ഉണ്ട്. തണുത്ത ശരണം വിളികളും പിന്നൊരു കരോളും അതിൽ എടുത്തു പറയാം. പിച്ച നടക്കുവാൻ അമ്മ പഠിപ്പിച്ച പൊൽ ചിലമ്പൊച്ചയുതിരും  ബാല്യ കാലം കവയിത്രിയെ ഇപ്പോഴും ഹരം കൊള്ളിക്കുന്നു. മണ്ഡല കാലവും ക്രിസ്റ്റ്മസ് കാലവും ഒതൊരുമിക്കുന്ന ഒരു നോസ്ടാൽജിയ ! യാത്രക്കിടയിൽ കണ്ട മാലാഖ എന്ത് കൊണ്ടോ എന്നിൽ മദർ തെരേസയെ ഓര്മ്മിപ്പിച്ചു. "അവര്‍ എവിടെയാണ് ജോലി ചെയ്തിരുന്നത് എന്നെനിക്കറിയില്ല, ഞാന്‍ ഇറങ്ങുന്നതിനു ശേഷമാണ് ഇറങ്ങുന്നത് എന്നതിനാല്‍ വീടെവിടെ എന്നും അറിയില്ല, എന്തിനു പേര് എന്ത് എന്ന് പോലും അറിയില്ല.... പക്ഷെ ആ വ്യക്തി മനോഹരമായി ചിരിക്കുമായിരുന്നു, യാത്രയിലുട നീളം.." 

         പ്രകൃതിയുമായി ബന്ധപ്പെട്ടു സരന്ഗ് ഗോപാലകൃഷ്ണനെ കുറിച്ചും ആർഷ  എഴുതി. ഇതില്‍ പ്രകൃതിയെ സ്നേഹിക്കുന്ന നന്മയുടെ തിരിവെട്ടം തെളിയുന്നത് കാണാന്‍ സാധിച്ചു." എന്ന കമന്റ് ഞാനും ആവർത്തിക്കുന്നു. 

                  ചില ഓർമ്മകൾ കഥകൾ ആയി എഴുതപ്പെട്ടിട്ടുണ്ട്. അതിലൊന്നാണ് കോവാലമ്മാവനും ശശി അണ്ണനും    ആ ഇരട്ടകളുടെ കുസൃതി നമ്മെ രസിപ്പിക്കും. കഥയുടെ ലക്ഷണമൊത്ത ഒന്നും ആ ലേബലിൽ കണ്ടില്ല. ആര്ഷക്ക്  പദ്യമാവാം കൂടുതൽ വഴങ്ങുക...

"ഫൈസൽ ബാബു

ഊർക്കടവ് 

      സമാധാനം.... വെറും 32 പോസ്റ്റുകൾ ! അതിൽ തന്നെ ചിലത് ബ്ലോഗ്‌ പരിചയവും..ബ്ലോഗ്‌ പരിചയത്തെ വിലയിരുത്തുക..അത് രസകരം തന്നെ..എന്തെഴുതിയാലും ഫൈസൽ ഹാസ്യത്തിന്റെ മേമ്പൊടി ചാർത്തും സൗഹൃദം ഏറെ പ്രിയംകരം. ഫൈസൽ കൂട്ടായ്മയുടെ ആള് തന്നെ. അതിനാൽ കുറച്ചു പോസ്റ്റുകളും കൂടുതൽ സൌഹാർദ്ദവും ..അതാവാം നയം. ഉള്ള പോസ്റ്റുകളിലോക്കെ പ്രവാസത്തിന്റെ പശ്ചാത്തലം.


           ആദ്യകാല പോസ്റ്റുകളിൽ ഒന്നായ ഏപ്രിൽ ഫൂളിൽ ഒരു പ്രവാസിയുടെ ദുരന്തം ആണ് കോറി ഇട്ടിരിക്കുന്നത്. ഇത്തരം അപകടങ്ങൾ ഒട്ടേറെ നാം കേൾക്കുന്നെങ്കിലും ഓരോന്നും ഓരോ നൊമ്പരം തന്നെ. പ്രവാസിയുടെ മീന പിടുത്ത കഥകൾ ഫ്രൈഡേ ഫിഷിങ്ങിൽ വർണ്ണി ക്കുന്നു. ബ്ലോഗ്ഗെർമാർക്കിടയിൽ പ്രചരിക്കാവുന്ന ചില പ്രയോഗങ്ങൾ ഇതിൽ കാണാം ."..ഫോളോവേഴ്സ് നഷ്ടമായ ബ്ലോഗറെ പ്പോലെ ഞാനും.."  "..ബ്ലോഗില്‍ നൂറു കമന്റ്‌ തികയുബോള്‍ ബൂലോകര്‍ക്കുണ്ടാകുന്ന ഉണ്ടാകുന്ന സന്തോഷം പോലെ ഞാന്‍ ആകാശത്തിനും ഭൂമിക്കും ഇടയില്‍ പാറി നടക്കുകയാണോ എന്ന് തോന്നി ..."

       സൂറാബിയുടെ ദുബായ് കത്ത് പഴയ ദുബായ് കത്തിനെ ഓർ മ്മപ്പെടുത്തി."ഇക്കാക്ക ഒരു കാര്യം പറയാന്‍ മറന്നു , ഇങ്ങള്‍ വരുമ്പം "വെരല്മ്മലെ സൂര്യന്‍ ന്നു പരസ്യത്തില്‍ കാണുന്ന  ബ്രൈറ്റ് ലൈറ്റ്  ടോര്‍ച്ചും കൂടി കയ്യില്‍ പിടിച്ചോളൂ " .ടെറര്‍ ഇന്ത്യയില്‍ ഇരു പത്തിനാല് മണിക്കൂര്‍ പവര്‍കട്ട് ആയതിനാല്‍ വെളിച്ചം കിട്ടൂല " ഇത് പക്ഷെ പുതിയ കത്തിലേ കാണൂ. 

              അരീകോടൻ മാഷുമായി നടത്തിയ നർമ്മ സംഭാഷണം,  ബീലാത്തിപട്ടണ ക്കാരനെ കണ്ട കഥ     ഇവ ഒക്കെ ഫൈസലിൽ ഒരു നല്ല സംഘാടകനെയും പത്രക്കാരനെയും കണ്ടെത്താൻ കഴിയുന്നു. 

          ഗാർഹിക പീഡന കഥയും പാചകവും ഫൈസൽ നന്നായി പറഞ്ഞിരിക്കുന്നു. അതും ബ്ലോഗിന്റെ രണ്ടാം വാർഷികത്തിൽ. അദ്ദേഹം തന്റെ നയം വ്യക്തമാക്കുന്നു. "ഗ്രൂപ്പിലും ബ്ലോഗിലും വരുന്നത്  പരാസ്പരം അടി കൂടാനാവാതിരിക്കട്ടെ , അവിടെ നല്ല വായനയും നല്ല അറിവുകളും  ലഭിക്കാനാവട്ടെ നമ്മുടെ ശ്രമം , എഴുത്തില്‍ കൂടി പരസ്പര സ്നേഹത്തിനെകുറിച്ച് വാതോരാതെ പോസ്റ്റുകള്‍ എഴുതി ഗ്രൂപ്പിലും സ്റ്റാറ്റസുകളില്‍ കൂടിയും  അതെ സ്നേഹത്തെ "കൊലവരി "നാടത്താതെ നമുക്ക് മുന്നോട്ടു പോകാം, അങ്ങിനെ നഷ്ടപെട്ടുപോയ ആ പഴയ സുവര്‍ണ്ണ കാലഘട്ടം നമുക്ക് തിരിച്ചു പിടിക്കാം , അതിനായി നമുക്ക് ഒന്നിച്ചു കൈ കോര്‍ക്കാം"  ഈ നയത്തിന് സ്നേഹ സലാം.

                      ബ്ലോഗിൽ ഇനിയും കൂടുതൽ എഴുതാനുണ്ട് ഫൈസലിനു. ഒരു പക്ഷെ ഫൈസലിന്റെ ദൌത്യം മറ്റൊന്നാകം. ബ്ലോഗ്‌ വിലയിരുത്തൽ ഒട്ടേറെ പോസ്റ്റുകളിലായി ഫേസ് ബുക്കിൽ നടത്തുന്ന ഫൈസൽ എനിക്കൊക്കെ പൂർവസൂരിയും  ഒപ്പം സമകാലീനനും ആകുന്നു. 

ത്വൽഹത്ത് ഇഞ്ചൂർ

വെള്ളരിക്കാ പട്ടണം 

            ഇഞ്ചൂരാന്റെ കുസൃതികൾ ആരുടേയും ശ്രദ്ധ ആകർഷിക്കും. കൊച്ചു വായിൽ ഒരുപോലെ കൊച്ചു വർത്തമാനവും ഇമ്മിണി ബല്യ വർത്തമാനവും ഇയാൾക്ക് സ്വന്തം. സ്വന്തം ബ്ലോഗിന്റെ മൂത്താശാരി ആണല്ലോ ഇയാൾ. ന്യൂ ജനറെഷന്റെ വക്താവ് എന്ന് സ്വയം വിലയിരുത്തിയ ഈ മഹാന്റെതായി കുറെ ഏറെ പോസ്ടുകളുണ്ട്.. അത് കധ എന്നോ ഗവിത  എന്നോ ഒക്കെ മൂപ്പര് പറയും. നമ്മ കേട്ടോണം. ലൈകും തന്നോണം. ഇതാ നയം. നല്ല നയം തന്നെ അല്ലെ?

                  സ്വന്തം പേരിനെ കുറിച്ച് തന്നെ ഈ വിദ്വാൻ പോസ്റ്റ്‌ ഇട്ടു കളഞ്ഞു.  ഈ കുമാരന്റെ ബ്ലോഗിൽ അക്ഷര പിശാചു ഏറെ ഉണ്ട്. (എന്റെ ബ്ലോഗിലും 
ഉണ്ടാകും; എന്നാലും പറയണമല്ലോ?) സ്വന്തം സ്ഥലത്തെ കുറിച്ചും ഉണ്ട് പോസ്റ്റ്‌. ഒട്ടു അഭിമാനത്തോടെ ആശാൻ ആ നാടിന്റെ മനോഹാരിത വർണ്ണിക്കുന്നു. "ഇതയും മനോഹരമായ പാടം നിങ്ങള്‍ എവിടെ എങ്കിലും കണ്ടിട്ടുണ്ടോ??

പാടങ്ങള്‍ എല്ലായിടത്തു നിന്നും അപ്രതീക്ഷിതമായി കപ്പകളും പൈന്‍ആപ്പിളും റബ്ബര്‍ മരങ്ങളും ആസ്ഥാനം കൈയടക്കുകയും ചെയ്യുന്ന ഇന്നിന്‍റെ കാലഘട്ടത്തില്‍ ഇഞ്ചൂരും അങ്ങനെ ഒക്കെ തന്നെ ആയി കൊണ്ടിരിക്കുന്ന, എന്നാല്‍ ചില മണ്ണിനെ സ്നേഹിക്കുന്ന, കര്‍ഷകരുടെ അധ്വാനത്തിന്റെ ഫലമായി നമ്മുക്കെല്ലാം കണ്‍ നിറയെ കാണാന്‍ കുറച്ചു പാടങ്ങള്‍ ഇന്നും ഇവടെ നിന്ന് അപ്രതീക്ഷിതമായി എന്ന് പറയാന്‍ സാദ്യമല്ല. വര്‍ധിച്ചു വരുന്ന കൂലിയും, കൂലി കൊടുത്തു കഴിഞ്ഞാല്‍ കര്‍ഷകനു ഒന്നും തന്നെ കിട്ടാന്‍ ഇല്ലാത്ത അവസ്ഥയുമാണ് നെല്ല് കൃഷിയില്‍ നിന്നും ഇവടത്തെ കര്‍ഷകരെ പിന്തിരിപ്പിക്കുന്നത്"
.

                  സാമൂഹ്യ വിമർശനം എന്ന ലേബലിൽ അല്പം കടന്ന പ്രയോഗങ്ങൾ ഒക്കെ ഇഞ്ചൂരാൻ നടത്തുന്നു. ഗാന്ധിയെ ഒക്കെ വിമർശിച്ചു  കളയും പോലും. എന്നിട്ടോ? "ഇനി എന്നെ ജയിലിൽ പിടിച്ചിട്ടാൽ, ഞാൻ പറയും എന്നെ തിഹാർ ജൈലിൽ ഇട്ടാൽ മതിയെന്ന്. അവിടെ ഭയങ്കര സെറ്റപ്പാന്നെ.... നമ്മുടെ രാജാണ്ണൻ ഒക്കെ അവിടല്ലയോ കിടന്നത്. പുള്ളി കിടന്ന സെല്ല് കിട്ടിയാൽ സുഗമായി.  എന്നാൽ പിന്നെ രാജയോഗമല്ലേ..... AC യും ഇന്റർനെറ്റും ഒക്കെ ഉണ്ടാവും. " എന്തായാലും അതുണ്ടായില്ല ഭാഗ്യം. 


              ഇസ്ലാമും പർദ്ദയും ഒക്കെ ഈ കുട്ടി വിഷയമാക്കുമ്പോൾ ഇവൻ കുട്ടി ബ്ലോഗ്ഗര് തന്നെയോ എന്ന് നാം സംശയിക്കുന്നു. "അതിരാവിലെ കുടിക്കുന്ന ചായയേതാണെന്ന് തിരഞ്ഞിടക്കുന്നതുതൊട്ട്, രാത്രി ഉറങ്ങുമ്പോള്‍ വക്കേണ്ട തലയിണവരെ തീരുമാനിക്കുന്നതിനും പെണ്ണിന്‍റെ നഗ്നതയിലൂടെ കണ്ണുപായിക്കണം എന്നുള്ള അവസ്ഥയിലാണു നാം ഉള്ളത്." എന്നൊക്കെ വിളിച്ചു പറയുന്നുണ്ട്. 

              ഒടുവിൽ  ഇഞ്ചൂരാൻ  എഴുതിയ പ്രണയ കഥയും ഹിറ്റായി. ആനയുടെ ചട്ടയുള്ള സ്ലേറ്റ് ആണ് പ്രണയ ബിംബം.
                "പക്ഷെ ആമിന എന്നോട് ചോദിച്ചു, 
                                   "കൊച്ചെ, നിന്‍റെ സ്ലേറ്റൊന്നു തരുമോ?"
ഞാന്‍ എന്‍റെ സ്ലേറ്റിനോടൊപ്പം ഒരു ചിരിയും അവള്‍ക്ക് വച്ച് നീട്ടി. എനിട്ട്‌ സ്ലോ മോഷനില്‍ വന്നു ബെഞ്ചില്‍ ഇരുന്നു.  കുറച്ചു കഴിഞ്ഞു അവള്‍ വന്നു. സ്ലേറ്റ് തിരികെ തന്നു. അന്ന്   THANKYOU സംസ്കാരം അത്ര വളര്‍ന്നിട്ടില്ലായിരുന്നു.  അത്കൊണ്ട് അവള്‍ അവളുടെ പുഴുപല്ല് കാട്ടി ഒന്നു ചിരിച്ചു.  അങ്ങനെ ആണ്‍കുട്ടികളോടുപോലും സൗഹൃദം കൂടാത്ത ആ നാണംകുണുങ്ങി പയ്യന്‍ ഒരു പെണ്‍കുട്ടിയുമായി സൗഹൃദത്തിലായി. എന്തിനേറെ അവളുടെ ഖല്‍ബായിരുന്ന സ്ലേറ്റ് എനിക്ക് എഴുതാന്‍ തന്നു. ഞങ്ങള്‍ പരസ്പരം പുഞ്ചിരിയിലൂടെ മനസ്സ് കൈമാറി. അവളുടെ മനസ്സിനേക്കാള്‍ എനിക്ക് വേണ്ടത് ആ സ്ലേറ്റ് ആയിരുന്നു. ഏതൊരു പ്രണയത്തെപോലെയും ഞാനും ഈ വിശുദ്ധ പ്രണയം മുതലെടുക്കാന്‍ തുടങ്ങി. അങ്ങനെ ഞാന്‍ ആ സ്ലേറ്റിനെ പ്രണയിക്കാന്‍ തുടങ്ങി, കൂടെ അതിന്‍റെ മുതലാളിച്ചി ആമിനയേയും. " ഇങ്ങനെ ഒക്കെ ആണത്രേ പ്രണയം നാമ്പിട്ടത് ഒടുവിൽ "അല്ലേലും പെണ്‍കുട്ടികള്‍ അങ്ങനെയാണ് അവരുടെ തലക്കകത്ത് നിലാവെളിച്ചമാണ്.  പെണ്ണിന്‍റെ കഠിന ഹൃദയം, ഡബിള്‍ ഡബിള്‍ കഠിനഹൃദയം. പെണ്ണിനെ കുറിച്ച് നിങ്ങള്‍ക്ക് എന്തറിയാം." എന്ന് ചൊല്ലി ..ഇത് തന്നെ ബഷീറും ചോന്നിട്ടുണ്ട്. ഹമ്പട ബടുക്കൂസേ !


           ആൾ ലിങ്കിടാൻ മിടുക്കൻ തന്നെ. (ഭാവിയിൽ ആയൂർ വേദം പഠിക്കുമോ എന്ന് കണ്ടറിയണം.) ഏതായാലും ഇയാൾ എല്ലാരോടും ഇപ്പോഴും ചോദിക്കുന്നു..
              സഹൃദയർ മറുപടി കൊടുക്കുന്നു..."ഇട്ടോളൂ ഇട്ടോളൂ..." അങ്ങനെ ഒത്തിരി പേരെ വരുതിയിലാക്കി ഈ കൊച്ചു മിടുക്കൻ. ദർശന പെട്ടിയിലും  കയറി പറ്റി . ഇനിയും ഉയരങ്ങൾ കീഴടക്കട്ടെ..


പിൻ കുറിപ്പ് 


വയലാർ ചൊല്ലിയ പോലെ
 "ഒക്കെ പകർത്താൻ കഴിഞ്ഞിരിക്കില്ലെനിക്കു 
ആ ഗതികേടിനു മാപ്പ് ചോദിപ്പൂ ഞാൻ "

അത്ര എഴുതി വച്ചിട്ടുണ്ട് ബ്ലോഗുകളിൽ. പരിമിതികൾക്കകത്തു നടത്തുന്ന ഈ വിലയിരുത്തൽ തുടരും. 

മുൻ ലക്കങ്ങൾ 
ഒന്ന് (നിരക്ഷരൻ , വിഷ്ണു ഹരിദാസ്‌, അരുണ്‍ കായംകുളം, ഷബീർ അലി) 

രണ്ട് (അബ്സാർ മുഹമ്മദ്‌ , മനോജ്‌ വെള്ളനാട് , സുസ്മേഷ് ചന്ദ്രോത്ത് , മൊഹിയുദീൻ )

മൂന്ന്‌ ( റിയാസ് ടി അലി, ശലീർ അലി, മനോജ്‌ വിഡ്ഢിമാൻ , റോബിൻ പൗലോസ്‌ )

Sunday, 20 October 2013

പ്രിന്റിയ ഇ-മഷി യെ വിലയിരുത്തുമ്പോൾ


                ബൂലോകത്തും ഭൂലോകത്തും ഒരു പോലെ ആവേശ മുണർത്തി  കൊണ്ട് ബ്ലോഗ്ഗര്മാരുടെ കൂട്ടായ്മക്ക് ആക്കം കൂട്ടി ഇ- മഷി വാര്ഷിക പതിപ്പ് ഈ ഓണത്തിനു മാറ്റ് കൂട്ടി പുറത്തിറങ്ങി. ലോകത്തു വിവിധ കോണുകളിൽ ഇരുന്നു സ്ക്രീനിലൂടെ കണ്ടെത്തിയ കൂട്ടുകാരുടെ ഐക്യതയുടെ പ്രതീകമായി ഇ-മഷി മാറി. ഇതിനകം ഫേസ് ബുക്ക്‌ സ്റ്റാറ്റസിലും ബ്ലോഗിലുമായി കുറെ അവലോകനങ്ങളും വന്നു കഴിഞ്ഞു. അല്പം വിശദമായി വേണം എന്ന് കരുതിയാണ് ഈ അവലോകനം അല്പം വൈകിയത്.
               പരസ്യങ്ങൾ നിറഞ്ഞു കവിയുന്ന വാർഷിക പതിപ്പുകൾക്കിടയിൽ വായനക്കാരന് തികഞ്ഞ സന്തോഷം പകർന്നു  ഇ-മഷി. നൂറു പേജുകളിൽ വെറും മൂന്നര പേജു മാത്രം പരസ്യം. പക്ഷെ പരസ്യ വരുമാനം കുറഞ്ഞു എന്നത് ഗ്രൂപ്പിന്റെ ഭാവി റിലീഫ് പ്രവർത്തനങ്ങളെ ബാധിക്കും എന്നതും നാം കാണണം.

     മുഖ ചിത്രവും 'ലേ ഔട്ടും' പൊതുവേ പ്രശംസ പിടിച്ചു പറ്റി. 'ലേ ഔട്ട്‌ ' മെച്ചപ്പെടുത്തേണ്ടിയിരുന്നു എന്ന് ചില പ്രൊഫഷനലുകൾ പറയുന്നെങ്കിലും ശരാശരി വായനക്കാരുടെ  വീക്ഷണത്തിൽ നല്ലതെന്നേ പറയാൻ കഴിയൂ. . കവർ പേജിൽ അഭിമുഖവും രണ്ടു കഥകളും 'ഹൈ ലൈറ്റ് ' ചെയ്തത് ഉചിതമായോ എന്ന് സംശയമുണ്ട്‌. അഭിമുഖം പുറമേ നിന്നുള്ള 'സെലിബ്രിറ്റി' കളുടെ ആയതിനാൽ അതിലൊരു ന്യായം കാണാം. ഒന്പത് കഥകളിൽ  രണ്ടെണ്ണം തെരഞ്ഞെടുത്തു കൊടുക്കേണ്ടിയിരുന്നില്ല എന്നാണ് എന്റെ അഭിപ്രായം.എഴുത്തുകാർക്കിടയിൽ  'സെലിബ്രിറ്റി'  സംസ്കാരത്തിന് എതിരാവണം ബ്ലോഗ്ഗർമാർ എന്നാണു എന്റെ വിനീത അഭിപ്രായം.

        രണ്ടു പേരൊഴികെ എല്ലാ എഴുത്തുകാരുടെയും ബ്ലോഗ്‌ അഡ്രസ്‌ കൂടി നല്കിയത് നന്നായി. ബ്ലോഗ്‌ പരിപോഷണം ആണല്ലോ നമ്മുടെ ഒരു പ്രധാന ലക്‌ഷ്യം. 

           നിലവാരം പുലർത്തിയ ഒരു പത്രാധിപ കുറിപ്പിന് തൊട്ടു മുന്നേ ഗ്രൂപ്പിനെ പറ്റി വികാര പരമായ പരാമർശങ്ങളോട് കൂടിയ എഴുത്ത് ഇതിനകം തന്നെ വിമർശ  വിധേയമായി. 'സമ്രുദ്ധി യാൽ സജ്ജനം ഊറ്റ മാർന്നിടാ.. " എന്നാണല്ലോ? നമ്മുടെ ഈ നേട്ടം ആവേശം പകരുമ്പോഴും പഴയ ചില പ്രയാസങ്ങൾ ചിലരിൽ വല്ലാതെ തങ്ങി നില്ക്കുന്നത് പുറത്ത് വന്നതായി തോന്നി. 'സ്നേഹിക്ക ഉണ്ണീ നീ നിന്നെ ദ്രോഹിക്കുന്ന ജനത്തെയും.." എന്ന് നമുക്ക് എന്നാണു പ്രാവർത്തികമാക്കാൻ കഴിയുക? ബ്ലോഗ്ഗർമാരല്ലാത്ത വായനക്കാരിൽ ഇത് ചിന്താ കുഴപ്പം സൃഷ്ടിക്കുകയുമില്ലേ? ഇത് വേണ്ടിയിരുന്നില്ല എന്നാണ് അഭിപ്രായം. 

              അഭിമുഖങ്ങളിൽ സ്ഥിരം കാണാറുള്ള 'പുകഴ്ത്തലുകൾ' ഒഴിച്ചാൽ അവ സാർത്ഥകമായി എന്ന് പറയാം. കൈതപ്രത്തിന്റെ അഭിമുഖത്തിൽ മമ്മൂട്ടി ചിത്രം എന്തിനു കൊടുത്തു എന്ന് മനസ്സിലായില്ല. ചോദ്യങ്ങൾ കുറച്ചു കൂടി 'ഹോം വർക്ക്‌' ചെയ്തു ആകാമായിരുന്നു എന്നും തോന്നാതിരുന്നില്ല. 

                ഓണ സങ്കൽപ്പത്തെ പറ്റിയും പ്രായോഗികതയെ പറ്റിയും അജിത്തേട്ടന്റെ ലേഖനം ലളിതവും സമഗ്രവും ആയി തോന്നി. ദക്ഷിണാമൂർത്തിയെ കുറിച്ചുള്ള അനുസ്മരണവും ഉചിതമായി. അബ് സാറിന്റെ ലേഖനം കണ്ടു;  സന്തോഷമായി. വസ്തുതകൾ നന്നായി വിവരിച്ചിരിക്കുന്നു. വലിയ വിവാദത്തിനു 'സ്കോപ്പ് ' ഇല്ലാത്തതിനാൽ ലേഖകൻ സന്തുഷ്ടനാണോ  ആവോ? എന്നാൽ ഓണത്തെ പറ്റി തന്നെ പ്രവാസ അനുഭവം രഞ്ജിത്ത് തോമസ് എഴുതിയത് ഓണത്തിന്റെ തന്നെ ചിലരുടെ തീവ്ര അനുഭവങ്ങളുമായി തട്ടിച്ചു നോക്കുമ്പോൾ അത്ര മനസ്സില് തട്ടാനില്ല എന്നതിനാലാവാം അത്ര ഹൃദ്യമല്ലാതെ പോയി.

                  ഇ-മഷിയിലെ സ്ഥിരം വിഭവങ്ങൾ വാർഷിക പതിപ്പിന് വേണ്ടി പ്രത്യേകം തയ്യാർ ചെയ്യേണ്ടതുണ്ടായിരുന്നു. അതിലൊന്നാണ് ബ്ലോഗു പരിചയം. 'സൗമ്യ ദർശന'ത്തെ പറ്റി നന്നായി തന്നെ അവതരിപ്പിച്ചു; പക്ഷെ വാർഷിക പതിപ്പിൽ ഈ ആണ്ടിലെ ബ്ലോഗുകളുടെ സമഗ്ര വിലയിരുത്തൽ ആയിരുന്നു ഏറെ ഉചിതം. ഇതേ അഭിപ്രായം പ്രവീണ്‍ ശേഖറിന്റെ സിനിമ പംക്തിയെ പറ്റിയും എനിക്കുണ്ട്. 'ഷട്ടർ ' സിനിമയെ നന്നായി വിശകലം ചെയ്തു പ്രവി . പക്ഷെ ഈ സിനിമാ നിരൂപകൻ  പോയ വർഷ സിനിമയെ അധികരിച്ച് നല്ല ഒരു ലേഖനം കാച്ചേണ്ടതായിരുന്നു. 

                     മനോരാജിന്റെ കാക്കയെ വായിച്ചു കുമാരൻ എഴുതിയ കുറിപ്പ് ഒരു പുസ്തക പരിചയം ആയില്ല. അതൊരു പക്ഷെ അദ്ദേഹം ഉദ്ദേശിചിട്ടുണ്ടാകില്ല. ജൈവകൃഷിയെ പറ്റി നവാസിന്റെ ലേഖനം വസ്തു നിഷ്ടം തന്നെ. ബ്ലോഗ്ഗർ വാർഷിക ഫലം രസിപ്പിചെങ്കിലും ഒന്ന് ചുരുക്കാമായിരുന്നു എന്ന് തോന്നി എല്ലാ ബ്ലോഗ്ഗർമാരെയും തൃപ്തിപ്പെടുത്താൻ ശ്രമിച്ചതാവാം. ബ്ലോഗ്ഗർമാരുടെ ആശംസകളിൽ ചില ശ്രദ്ധക്കുറവ് വന്നത്  'തണൽ മരങ്ങളെ' ഇരട്ടിപ്പിച്ചു. 'തോന്നലുകൾ' വിട്ടു പോയി... എന്ന എന്റെ തോന്നൽ  ശരി അല്ലെ?

                     കവിതകൾ പൊതുവേ ഇക്കാലത്ത് വിഷയ വൈവിധ്യം കൊണ്ട് ശ്രദ്ധേയം ആകുന്നില്ല എന്നൊരു പൊതു സ്ഥിതി ഉണ്ട്. ജീവിതത്തിന്റെ നേർ ചിത്രം ഹൃദയത്തിന്റെ ഭാഷയിൽ ആവിഷ്കരിക്കുമ്പോൾ കവിത ഉടലെടുക്കുന്നു.പ്രണയിനിയെ "വരുമോ കുങ്കുമം തൊട്ട സാന്ധ്യ ശോഭ കണക്കവൾ " എന്ന് വർണ്ണിക്കുമ്പോ അത് കവിത ആയി . ഈ കാലത്തിന്റെ പ്രത്യേകത ആവാം , സ്നേഹ രാഹിത്യം കവികളെ ഒരു പോലെ ആകുലപ്പെടുത്തുന്നതിനാലാവാം,  പ്രമേയങ്ങളുടെ ഈ ആവർത്തനം. ഇ-മഷിയിലും മഷി പുരണ്ട പല കവിതകളും '..നറും പാലിൽ നീരെന്ന പോലെ..." മനസ്സിൽ തത്തി കളിക്കുന്നില്ല. 

                 സമാന്തര രേഖകൾ പോൽ നീളുന്ന പാള ങ്ങളിലൂടെ ഭാരതത്തിന്റെ നേർ ചിത്രം വരച്ചു കാട്ടുന്ന ഉസ്മാൻ പാണ്ടിക്കാടിന്റെ വരികൾ മികവു കാട്ടുന്നു. സി വി ബഷീർ വേഗത്തിൽ തട്ടി കൂട്ടിയതാവം കവിത എന്ന് നിരീക്ഷിക്കുന്നു. 'കനൽ കൂട്ടിൽ'  എരിയുന്ന കവിതകൾ  ഒട്ടേറെ എഴുതിയ ശലീർ അലിയുടെ അഗ്നി അല്പം തമിഞ്ഞുവോ എന്ന് സംശയം തോന്നുന്നു. പ്രവീണ്‍ കാരോത്തിന്റെ വരികളും അല്പം കൂടി മനസ്സിലുടക്കും വണ്ണം എഴുതി ഫലിപ്പിക്കാമായിരുന്നു. ഷിക്കു ജോസിന്റെ പാവകളി അല്പം ചിന്തിപ്പിക്കാതെ ഇരുന്നില്ല. ഒരു പക്ഷേ ഇവരിൽ നിന്നൊക്കെ ഒരു പാട് പ്രതീക്ഷിച്ചതിനാലാവാം ഇങ്ങനെ വിലിയിരുത്തേണ്ടി   വന്നത് എന്ന് തോന്നുന്നു. 

              'സാക്ഷിമൊഴി' യിൽ സിയാഫ് നല്ല ഒരു പരീക്ഷണം നടത്തി വിജയിച്ചിരിക്കുന്നു. ഈ പ്രമേയം അവതരിപ്പിക്കാൻ ഈമാർഗ്ഗം  തന്നെ നല്ലത് എന്ന് തോന്നുന്നു. പക്ഷെ ആ കഥ യിലെ ചില വാചകങ്ങ ളുടെ 'ഹൈ ലൈറ്റ് '  കഥാകാരാൻ തന്നെ തെരെഞ്ഞെടുത്തതാണോ?  അവ ആയിരുന്നില്ല കൊടുക്കേണ്ടിയിരുന്നത് . കാടിന്റെ മക്കളുടെ ജീവിതം ജീവാശ്മങ്ങൾ നന്നായി പകർത്തി.  ഒടുവിലെ കാവ്യാംശ മുള്ള വരികൾ മനസ്സിൽ തങ്ങി. ജയേഷിന്റെ അവരുടെ ആകാശം, ഭൂമി ഇക്കാലത്ത് ഒത്തിരി എഴുതപ്പെട്ട പ്രമേയത്തെ വ്യത്യസ്തമായി അവതരിപ്പിച്ചു. ശാസ്ത്ര മേമ്പൊടി ചേർത്ത് മലയാളത്തിൽ എഴുതാൻ സി രാധാകൃഷ്ണനെ പോലെ ചുരുക്കം ചിലരെ ഉള്ളൂ ജയേഷ് പ്രതീക്ഷ ഉണര്ത്തുന്ന കഥാകാരൻ തന്നെ എന്ന് പറയാം. ജിലു വിന്റെ കഥ വലിച്ചു നീട്ടിയും നാസറിന്റെ കഥ ചുരുക്കിയും ഭംഗി കെടുത്തി എന്ന് പറയാതെ വയ്യ. ശിഹാബ് മദരിയുടെ 'കാറ്റു പറഞ്ഞ പൊള്ള് 'ചില പൊരുത്തക്കേടുകൾ ഒഴിച്ച് നിർത്തിയാൽ നന്നായി എന്ന് തന്നെ പറയാം. ബോബി പിന്റോ യുടെ തണൽ  മരങ്ങൾ ചില ഭാഗങ്ങൾ ഒക്കെ ചുരുക്കി ഒന്ന് കൂടി 'കാച്ചി കുറുക്കി'  നന്നാക്കാമായിരുന്നു. അതിലെ ചില വരകളും ഭംഗി കെടുത്തി. ബാബു വിന്റെ സായാഹ്നത്തിലെ വേദന വിവരണത്തിൽ നിന്നും കഥയിലേക്കുള്ള പ്രയാണ ത്തിലാണ്. കഥാകാരൻ ജീവിത്തിന്റെ എതോ അംശത്തെ  തൊട്ടു കാണിച്ചു 'നോക്കൂ..' എന്ന് വായനക്കാരനോട് സംവദിക്കുമ്പോൾ, അവൻ വല്ലാതെ മനസ്സ് പിടക്കുന്ന കാഴ്ചകളെ ഉള്ളിലേക്കെടുക്കുമ്പോൾ, നല്ല കഥകൾ  ഉണ്ടാകുന്നു. അത്തരം മനസ്സുകളുടെ സഞ്ചാരം വിവരണത്തേക്കാൾ കഥയിൽ  കൂടുതൽ ഉണ്ടാകുന്നു. ആർഷയുടെ 'മിഴിയിതൾ  പൂക്കൾ'  നിരാശപ്പെടുത്തിയില്ല; ഏറെ ഉദ്ദീപിപ്പിചുമില്ല. 

                ഷാജിയുടെ കാർട്ടൂണ്‍ പതിവ് പോലെ ചിരിപ്പിച്ചു; ചിന്തിപ്പിച്ചു. മൌനിയാം മൻ മോഹനെ അസ്രൂസ് നന്നായി അവതരിപ്പിച്ചു. വരയിൽ പക്ഷെ അല്പം കൂടി ശ്രദ്ധ വേണം.  
               
              ദോഷങ്ങൾ വളരെ പ്രയാസപ്പെട്ടു കണ്ടു പിടിച്ചതാണേ! മൊത്തത്തിൽ ഇ-മഷിഎല്ലാർക്കും അഭിമാനിക്കാവുന്ന ഒന്ന് തന്നെ. ഈ വർഷം ഇറങ്ങിയ വാർഷിക പതിപ്പുകളിൽ തല ഉയർത്തി തന്നെ നില്ക്കും ഇ-മഷി.......സംശയമില്ല!