Friday, 21 November 2014

ഒരു ബ്ലോഗറുടെ ആത്മകഥയില്‍ നിന്നൊരേട് അഥവാ സൗഹൃദ ജീവിതം.


                 ഇത് ഒരു ബ്ലോഗ്ഗെറുടെ ആത്മകഥ ആണ്. ആ ബ്ലോഗിനെ നമുക്ക് "അന്‍വരികള്‍" എന്ന് വായിക്കാം. ആത്മ കഥനത്തില്‍ "ഞാന്‍" എന്ന അരോചക പദം  കടന്നു വരും. പക്ഷാ ഭേദവും സ്വത്വവും ഒക്കെ വല്ലാതെ നിറയും. അരോചകമായി മാറാം. അല്ലാതാക്കാൻ ശ്രമിക്കുന്നുണ്ട്.  വിജയിക്കണമെന്നില്ലല്ലൊ? രണ്ടു വയസ്സ് പിച്ച വയ്ക്കുന്ന  പ്രായമാകാം. ഈ കുഞ്ഞിന്റെ പിറവിയും വളര്‍ച്ചയും ഭാവി സ്വപ്നങ്ങളുമൊക്കെ ഈ അവസരത്തില്‍ നിങ്ങള്‍ക്കൊപ്പം പങ്കു വെക്കാം എന്ന് കരുതി. രണ്ടു വര്‍ഷവും ഇതിനെ വളര്‍ത്തിയത്‌ നിങ്ങളാണല്ലോ? അപ്പൊ ഇതും നിങ്ങള്‍ തന്നെ അനുഭവിക്ക!

Wednesday, 1 October 2014

ഗാന്ധി സ്മരണ വീണ്ടും !


                    ഗാന്ധി... ലോകത്തിനു ഭാരതത്തിന്റെ ഏറ്റവും വലിയ സംഭാവന. ഏറെ ആദരിക്കപ്പെടുകയും വിലയിരുത്തപ്പെടുകയും ചെയ്ത മഹാത്മാവ്. ജീവിച്ചിരിക്കുമ്പോഴും മരണ ശേഷവും ഏറെ ചര്‍ച്ച  ചെയ്യപ്പെട്ട സിദ്ധാന്തങ്ങളുടെ വക്താവ്. ഏതു ജനതയ്ക്ക് വേണ്ടി ജീവിതം സമര്‍പ്പിച്ചുവോ, അവരാല്‍ തന്നെ വധിക്കപ്പെട്ട നേതാവ്. ഭൂമിയില്‍ ഇങ്ങനെ ഒരാള്‍   ജീവിച്ചിരുന്നുവോ എന്ന് വരും തലമുറ സംശയിച്ചു പോകും എന്നാണല്ലോ ആ ജീവിതത്തെ പഠിച്ച നൂറ്റാണ്ടിന്റെ ഏറ്റവും വലിയ ശാസ്ത്രകാരന്‍, ഐന്‍സ്റ്റീന്‍, പ്രതികരിച്ചത്. 'മഹാത്മജീ അങ്ങ് ഭാരതത്തിന്റെ തപസ്സിനെ പ്രതിനിധാനം ചെയ്യുന്നു' എന്ന് വിശ്വമഹാകവി ടാഗോര്‍ പറഞ്ഞത് ഏറെ അഭിപ്രായ വ്യത്യാസങ്ങള്‍ക്കിടയിലും  ആ മഹനീയ ജീവിതത്തെ അടുത്തറിഞ്ഞത്  കൊണ്ടാണ്. പുതിയ യുഗത്തില്‍ ഗാന്ധിസത്തിന് എന്ത് പ്രസക്തി എന്ന് ലോകം ഇപ്പോഴും ചര്‍ച്ച  ചെയ്തു കൊണ്ടിരിക്കുന്നു. പുതിയ തലമുറയില്‍ നോട്ടിന്റെ മുദ്രയില്‍ നിറ ചിരി സാന്നിധ്യമായി ഗാന്ധി മാറുമ്പോള്‍, ഈ ചിന്തകള്‍ക്ക് എന്താണ് നല്‍കാനാവുക എന്ന ശങ്കക്കിടയിലും ഗാന്ധി സ്മരണകള്‍ ആവര്‍ത്തിക്കപ്പെടുന്നു.

Sunday, 13 April 2014

സമയമില്ല പോലും !!!

                 ജീവിതത്തെ പല തലത്തിലും നിര്‍വചിച്ചിട്ടുണ്ട്. എങ്കിലും ഏറ്റവും ലളിതമായ നിര്‍വചനം കാലത്തെ അധിഷ്ടിതമാക്കിയതാണെന്നു തോന്നുന്നു. ജീവിതംആണെങ്കിൽ x = f (t ) എന്ന് പറയാം. t എന്നത് സമയം അഥവാ time. നിര്‍ദ്ദിഷ്ട   സമയം കൊണ്ട് ജീവിതം ഓടി തീര്‍ക്കണം എന്നതത്രേ നമ്മുടെ ദൗത്യം. ഈ  അനുവദിക്കപ്പെട്ട സമയം എത്ര എന്ന് ആര്‍ക്കും  അറിയില്ല എന്നതാണ് ഏറ്റവും വലിയ പ്രശ്നം. തമാശ എന്താണെന്ന് വച്ചാല്‍ ജീവിക്കാന്‍ വേണ്ടി സമയം ചെലവഴിക്കുമ്പോള്‍ ജീവിക്കാന്‍ സമയം കിട്ടുന്നില്ല എന്നത് തന്നെ.

                  പല സുഹൃത്തുക്കളോടും വായിക്കാന്‍ ആവശ്യപ്പെടുമ്പോഴും, ചിലരോടെല്ലാം ഒന്ന് വിളിക്കാന്‍ പറയുമ്പോഴും, ചിലരോട് അവരുടെ ആരോഗ്യ പ്രശ്നങ്ങള്‍ക്കായി  ആശുപത്രിയില്‍  പോകാന്‍ പറയുമ്പോള്‍ പോലും ഉത്തരം "സമയമില്ല" എന്നതാണ്. സമയത്തെ ശാസ്ത്രം നിമിഷം, മണിക്കൂര്‍, ദിവസം, വര്‍ഷം  എന്നൊക്കെ വിഭജിച്ചു വച്ചിട്ടുണ്ട്. ആയിരത്തിലധികം patent  എടുത്ത മഹാ ശാസ്ത്രകാരന്‍ ന്യൂട്ടന്‍, വിഭിന്ന വിഷയങ്ങളെ പറ്റി  നമ്മെ അതിശയിപ്പിക്കും വിധം ബ്രഹത് ഗ്രന്ഥങ്ങള്‍ എഴുതിയഡോ. അംബേദ്‌കര്‍, രാഷ്ട്രീയ തിരക്കുകള്‍ക്കിടെ  ഏതാണ്ട് കിട്ടുന്നതൊക്കെ വായിച്ചു തീര്‍ത്ത  ഇ.എം.എസ്, പ്രധാന മന്ത്രി പണിക്കിടെ കുട്ടികള്‍ക്കൊപ്പം ഏറെ നേരം ചെലവഴിച്ച ജവഹര്‍ലാല്‍ നെഹ്‌റു  ഇവര്‍ക്കൊക്കെ  നമുക്ക് കിട്ടിയ അതെ സമയം മാത്രം അനുവദിക്കപ്പെട്ടു. എങ്ങനെ ഇവര്‍  ഇതൊക്കെ സാധിച്ചു? ഏതെങ്കിലും അന്യ ഗ്രഹത്തില്‍ നിന്നും അധിക സമയം അവര്‍ക്ക്  ആരും എത്തിച്ചു കൊടുത്തില്ലല്ലോ? അപ്പോള്‍ സമയം ഇല്ലായ്മ അല്ല പ്രശ്‌നം സമയം മാനേജു ചെയ്യുക എന്നത് തന്നെ ആണ്.

Tuesday, 4 March 2014

പുസ്തക പരിചയം - ദത്താപഹാരം



പുസ്തക പരിചയം - ദത്താപഹാരം 
നോവല്‍ - വി ജെ ജെയിംസ്‌ 
മാതൃഭൂമി വില 95  രൂപ പേജുകള്‍ 156 

ഒന്നുണ്ടു നേരു, നേരല്ലി-
തൊന്നും, മര്‍ത്ത്യര്‍ക്കു സത്യവും
ധര്‍മ്മവും വേണ,മായുസ്സും
നില്ക്കുകില്ലാര്‍ക്കുമോര്‍ക്കുക.

ദത്താപഹാരം വംശ്യര്‍ക്കു-
മത്തലേകിടുമെന്നതു
വ്യര്‍ത്ഥമല്ല പുരാഗീരി-
തെത്രയും സത്യമോര്‍ക്കുക.

കൊടുത്തതു തിരിച്ചങ്ങോ-
ട്ടെടുക്കുന്നവനെത്രയും
നിസ്സ്വനാമവനെക്കാളും
നിസ്സ്വനില്ലാരുമൂഴിയില്‍ .

(ദത്താപഹാരം - രചന: ശ്രീനാരായണഗുരു)

Sunday, 2 March 2014

ഒരു മീറ്റും അതിന്റെ സംഘാടനവും

എന്തിനാണ് എഴുത്തും ബ്ലോഗും മീറ്റും

        ആത്മസുഖത്തിനാണ് എഴുത്ത് എന്ന് ചിലര്‍ പറയും. ആവാം..പക്ഷെ അത് അപരന് സുഖത്തിനായി വരണമല്ലോ? (മഹാകവിയെ നമിക്കാതെ വയ്യ) അപ്പൊ മറ്റുള്ളവര്‍ വായിക്കാന്‍ കൂടിയാണ് എഴുത്ത്. അതിനാണ് നാം ബ്ലോഗിലോ അച്ചടി മാധ്യമങ്ങളിലോ ഇത് പ്രസിദ്ധീകരിക്കുന്നത്. മറ്റുള്ളവരെ അറിയുന്നവനെ അവര്‍ക്ക് വേണ്ടി എഴുതാന്‍ കഴിയൂ. എങ്ങനെ മറ്റുള്ളവരെ അറിയും? കണ്ടും കെട്ടും കൊണ്ടും..ഇതിലേറ്റവും ഹൃദ്യം കണ്ടു അറിയുക തന്നെ. ഓണ്‍ ലൈനിന്റെ ഒരു പരിമിതിയും ഇതാണ് ...കാണാതെ കാണുക (വീഡിയോ ചാറ്റ് ഇല്ല എന്നല്ല) നേരിട്ട് അറിയുക ഒരു അനുഭൂതി തന്നെ ആണ്. ഇവിടെയാണ്‌ മീറ്റുകളുടെ പ്രസക്തി. പക്ഷെ നിര്‍ഭാഗ്യവശാല്‍ ഓണ്‍ ലൈന്‍ ജീവിതത്തില്‍ ഇതിനു താല്പര്യമില്ലാത്തവരും കടന്നു വരുന്നു.  

Tuesday, 14 January 2014

പുസ്തക പരിചയം - ഒറ്റയാന്‍ - ടി ജെ എസ് ജോര്‍ജ്.

ഒറ്റയാന്‍ 

ടി ജെ എസ്  ജോര്‍ജ് 

ഡി സി ബുക്സ് 

പേജുകൾ 216 വില 160 രൂപ 

                    
           ചുറ്റുപാടുകളെ നിരീക്ഷിക്കുമ്പോള്‍ ഉണ്ടാവുന്ന സ്വാഭാവിക പ്രതികരണങ്ങള്‍  ചിലപ്പോഴൊക്കെ പുസ്തക രൂപത്തില്‍ ആക്കിയിട്ടുണ്ട്. അത്തരം പുസ്തകങ്ങള്‍ പലപ്പോഴും കാലാദിവര്‍ത്തി ആകുന്നില്ല എന്ന് കാണാം. കാരണം, സന്ദര്‍ഭോചിതമായി പറഞ്ഞു പോകുന്ന വാക്കുകള്‍ പില്‍കാലത്ത് പ്രസക്തം ആവില്ല. എന്നാല്‍ ഉള്‍ക്കാഴ്ച്ചയോടെ നിര്‍ഭയമായി ആണ് വീക്ഷണം എങ്കില്‍  അതിനു പിന്നീടും പ്രസക്തി ഉണ്ടാകും. വ്യക്തികള്‍,  സംഭവങ്ങള്‍ ഇവയെ കുറിച്ച് ടി ജെ എസ് എഴുതിയ കുറിപ്പുകള്‍ അടങ്ങിയ ഈ പുസ്തകം വായിക്കുകയും വാങ്ങി സൂക്ഷിക്കുകയും ചെയ്യേണ്ട ഒന്നാണെന്ന് ഞാന്‍ കരുതുന്നു.

            ആശയങ്ങള്‍,  അഭിപ്രായങ്ങള്‍, ആളുകള്‍ ഇങ്ങിനെ മൂന്നായി പുസ്തകത്തെ വിഭജിച്ചിരിക്കുന്നെങ്കിലും എല്ലാ ഭാഗത്തും എല്ലാം കടന്നു വരുന്നുണ്ട്. ഒപ്പം മറ്റു പുസ്തകങ്ങളെയും ആശയങ്ങളെയും സമര്‍ത്ഥമായി പരിചയപ്പെടുത്തുകയും ചെയ്യുന്നു. അത് ശരിക്കൊരു പുസ്തക ധര്‍മ്മം  തന്നെയാണ്. നാം കേട്ടവരും കേള്‍ക്കാത്തവരും കേട്ടാലും അത്ര മേല്‍ ശ്രദ്ധിക്കാത്തവരും  എന്നാല്‍ ശ്രദ്ധിക്കേണ്ടവരും ആയ പലരെയും അവരുടെ സംഭാവനകളെയും ഈ പുസ്തകം പരിചയപ്പെടുത്തുന്നു.