Wednesday, 1 October 2014

ഗാന്ധി സ്മരണ വീണ്ടും !


                    ഗാന്ധി... ലോകത്തിനു ഭാരതത്തിന്റെ ഏറ്റവും വലിയ സംഭാവന. ഏറെ ആദരിക്കപ്പെടുകയും വിലയിരുത്തപ്പെടുകയും ചെയ്ത മഹാത്മാവ്. ജീവിച്ചിരിക്കുമ്പോഴും മരണ ശേഷവും ഏറെ ചര്‍ച്ച  ചെയ്യപ്പെട്ട സിദ്ധാന്തങ്ങളുടെ വക്താവ്. ഏതു ജനതയ്ക്ക് വേണ്ടി ജീവിതം സമര്‍പ്പിച്ചുവോ, അവരാല്‍ തന്നെ വധിക്കപ്പെട്ട നേതാവ്. ഭൂമിയില്‍ ഇങ്ങനെ ഒരാള്‍   ജീവിച്ചിരുന്നുവോ എന്ന് വരും തലമുറ സംശയിച്ചു പോകും എന്നാണല്ലോ ആ ജീവിതത്തെ പഠിച്ച നൂറ്റാണ്ടിന്റെ ഏറ്റവും വലിയ ശാസ്ത്രകാരന്‍, ഐന്‍സ്റ്റീന്‍, പ്രതികരിച്ചത്. 'മഹാത്മജീ അങ്ങ് ഭാരതത്തിന്റെ തപസ്സിനെ പ്രതിനിധാനം ചെയ്യുന്നു' എന്ന് വിശ്വമഹാകവി ടാഗോര്‍ പറഞ്ഞത് ഏറെ അഭിപ്രായ വ്യത്യാസങ്ങള്‍ക്കിടയിലും  ആ മഹനീയ ജീവിതത്തെ അടുത്തറിഞ്ഞത്  കൊണ്ടാണ്. പുതിയ യുഗത്തില്‍ ഗാന്ധിസത്തിന് എന്ത് പ്രസക്തി എന്ന് ലോകം ഇപ്പോഴും ചര്‍ച്ച  ചെയ്തു കൊണ്ടിരിക്കുന്നു. പുതിയ തലമുറയില്‍ നോട്ടിന്റെ മുദ്രയില്‍ നിറ ചിരി സാന്നിധ്യമായി ഗാന്ധി മാറുമ്പോള്‍, ഈ ചിന്തകള്‍ക്ക് എന്താണ് നല്‍കാനാവുക എന്ന ശങ്കക്കിടയിലും ഗാന്ധി സ്മരണകള്‍ ആവര്‍ത്തിക്കപ്പെടുന്നു.



                ഗാന്ധി ഓരോ ഘട്ടത്തിലും ഓരോ രീതിയില്‍ പ്രതികരിച്ച വ്യക്തി ആണ്. ഗാന്ധിയില്‍ ദശാമാറ്റം ഇടയ്ക്കിടെ സംഭവിച്ചു കൊണ്ടിരുന്നു. കോട്ട് അണിഞ്ഞ ബാരിസ്ടര്‍ എം കെ ഗാന്ധിയും അര്‍ദ്ധ നഗ്‌നനായ ഫക്കീറും  തമ്മിലെ അന്തരം മാത്രമല്ല ഇവിടെ വിവക്ഷ. വിഷയങ്ങളോടും വ്യക്തികളോടും ഉള്ള സമീപനം മുതല്‍ മതം, രാഷ്ട്രീയം തുടങ്ങിയവയിലുള്ള വീക്ഷണ  വ്യത്യാസം വരെ ചര്‍ച്ച  ചെയ്യേണ്ടതുണ്ട്.

                  ഗാന്ധിയെ പല രൂപത്തില്‍ , ഭാവത്തില്‍ വിലയിരുത്തപ്പെട്ടിട്ടുണ്ട്. ഗാന്ധി എന്ന കുടുംബസ്ഥന്‍, കസ്തൂര്‍ബായുടെ ഭര്‍ത്താവായ ഗാന്ധി, പിതാവ് എന്ന നിലയിലുള്ള ഗാന്ധി, നേതാവ് എന്ന അവസ്ഥയിലെ ഗാന്ധി..അങ്ങനെ നീളുന്നു ആ പട്ടിക. പുരുഷാധിപത്യത്തിന്റെ, സവര്‍ണ്ണ  മേധാവിത്വത്തിന്റെ, ചാതുര്‍  വര്‍ണ്യ സംസ്‌കൃതിയുടെ, ആശ്രിത വാത്സല്യത്തിന്റെ ഒക്കെ വക്താവാക്കി പില്‍ക്കാലത്ത് ഗാന്ധി ചിത്രീകരിക്കപ്പെട്ടു. എന്തിനേറെ, സ്വവര്‍ഗ്ഗരതിയുടെ ശീലക്കാരനാണ് ഗാന്ധി എന്ന് പോലും ആരോപിക്കപ്പെട്ടു. ഇതിനിടയിലും  ലോകത്തിനു മുന്നില്‍ മഹാതാവ് ആയി ഗാന്ധി വാഴ്ത്തപ്പെട്ടു തന്നെ തുടരുന്നു

                        ഗാന്ധിയുമായി ഏറെ ഇടഞ്ഞ നേതാക്കളില്‍ നെഹ്രുവും സുഭാഷ് ചന്ദ്ര ബോസും ടാഗോറും ഡോ. അംബേദ്ക്കറും പെടുമെങ്കിലും നെഹ്രുവിനോട് ഒരു വാത്സല്യ സമീപനം ആയിരുന്നു ഗാന്ധിയില്‍ നിറഞ്ഞു നിന്നത്. ടാഗോറിനോടും ബഹുമാനം ഉള്ളില്‍  സൂക്ഷിച്ചിരുന്നു. എന്നാല്‍ സുഭാഷ് ചന്ദ്ര ബോസിനെതിരെ  പട്ടാഭി സീതാരാമയ്യയെ അവതരിപ്പിച്ചു തെരഞ്ഞെടുപ്പില്‍ പോലും പരാജയപ്പെടുത്താന്‍ ഗാന്ധി ശ്രമിച്ചു. അധ:കൃതന്‍ എന്ന നിലയില്‍ ചെളിക്കുണ്ടില്‍ നിന്നും ഉയര്‍ന്നു  വന്ന ഭീമ റാവു അംബേദ്ക്കറെ  ഉള്‍ക്കൊള്ളാന്‍ പലപ്പോഴും ഗാന്ധി തയ്യാറായില്ല. അത് പില്‍ക്കാലത്ത് ഗാന്ധിയെ ഒരു ചെറിയ വിഭാഗം എങ്കിലും ചാതുര്‍  വര്‍ണ്യ വക്താവ് എന്ന് മുദ്ര കുത്താന്‍ ഇടയാക്കി. സ്വാതന്ത്ര്യ സമര പ്രക്ഷോഭ കാലത്ത് പോലും ഈ അഭിപ്രായ വ്യത്യാസങ്ങള്‍ തുടര്‍ന്നു. ജിന്നയോടു പോലും ഗാന്ധി ഇവരേക്കാള്‍ വാത്സല്യം കാട്ടി എന്ന് കാണപ്പെടുന്നു.

                   ഗാന്ധിയിലെ മാനുഷികമായ ദൗര്‍ബല്യങ്ങള്‍ ആയ ആശ്രിത വാത്സല്യം ആണ് ഇവരോടൊക്കെ വ്യത്യസ്ത സമീപനം സ്വീകരിക്കപ്പെടാന്‍ കാരണം എന്ന് ആരോപിക്കപ്പെടുന്നു. പ്രായോഗിക രാഷ്ട്രീയം എന്ന പുതു രീതി അന്നേ ഗാന്ധിയില്‍ ഉണ്ടായിരുന്നു എന്ന് കരുതുന്നവരുണ്ട്. സ്വന്തം ദര്‍ശനങ്ങളെക്കാള്‍   ഇമേജ് ആയിരുന്നു ഗാന്ധിക്ക് പ്രധാനം എന്നും കരുതുന്നവരുണ്ട്. കസ്തൂര്‍ബായോടും മക്കളോടും ഒക്കെ നിര്‍ബന്ധ സമീപനം വച്ച് പുലര്‍ത്തി  ഗാന്ധി ഒരു നല്ല പിതാവാകാതെ ഉത്തരവാദിത്വങ്ങളില്‍ നിന്നും ഒഴിഞ്ഞത് പോലെ തോന്നിച്ചു. 'ഗാന്ധി മൈ ഫാദര്‍'  എന്ന ചലചിത്രം ഈ കഥ പറയുന്നു.

ഗാന്ധി എന്ന ദാര്‍ശനികന്‍

                           ഗാന്ധിസം എന്നത് ജീവിത ദര്‍നമായി ഉയരത്തിക്കാട്ടപ്പെടുന്നു. ഒരു മനുഷ്യന്‍ ജനിക്കും മുതല്‍ മരണം വരെയുള്ള എല്ലാം പ്രതിപാദിക്കുമ്പോഴാണ് അത് ഭൗതിക ദര്‍ശനം ആകുന്നത്. മരണ ശേഷവും പ്രതിപാദിക്കുമ്പോള്‍ അത് ആത്മീയവും ആകുന്നു. ജീവിതത്തിന്റെ എല്ലാ മേഖലയിലും എങ്ങനെ ഇടപെടണം എന്ന് ഗാന്ധി പറയുന്നില്ല. എന്നാല്‍ രാഷ്ട്രീയ സാമൂഹ്യ ജീവിതത്തെ കുറിച്ചും വ്യക്‌തി ജീവിതത്തെ കുറിച്ചും വ്യക്തമായ കാഴ്ചപ്പാടുള്ള ആളാണ് ഗാന്ധി. ദര്‍ശങ്ങളില്‍ അദ്ദേഹം പ്രധാനമായും ഉയര്‍ത്തിപ്പിടിക്കുന്നത് അഹിംസയും സത്യസന്ധതയുമാണ്. അഹിംസയുടെ അടിസ്ഥാനത്തിലാണ് അദ്ദേഹം സസ്യാഹാരി ആകുന്നത്. പാല്‍ പോലും ഉപേക്ഷിക്കുന്ന ഗാന്ധി ചില സാങ്കേതിക ന്യായങ്ങളില്‍ ഉറപ്പിച്ചു ആട്ടിന്‍ പാല്‍ കുടിക്കുന്നതും കാണാന്‍ കഴിയും. ഈ ദര്‍ശനങ്ങളില്‍ ഒരു തരം നിര്‍ബന്ധബുദ്ധി ഗാന്ധിയില്‍ നിറഞ്ഞു നിന്നു. ഇവ അനുയായികളിലും കുടുംബാംഗങ്ങളിലും അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചു എന്നും കാണാന്‍ കഴിയും.

ഗാന്ധി എന്ന മനുഷ്യന്‍

                          വ്യക്തിപരമായ ഒരുപാട് ദൗര്‍ബല്യങ്ങളെ തന്റെ സത്യാഗ്രഹം, ഉപവാസം എന്നീ ആയുധങ്ങള്‍ ഉപയോഗിച്ച് നിയന്ത്രിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞുവെങ്കിലും മേല്‍  സൂചിപ്പിച്ച പോലെ തന്നെ യഥാവിധി അനുസരിക്കുന്ന അനുയായികളോടുള്ള അമിത താല്പര്യം ചിലപ്പോള്‍ മറ നീക്കി പുറത്തു വരുന്നത് കാണാം. സൗഹൃദവും സ്‌നേഹവും കാത്തു സൂക്ഷിക്കാനും സൗമ്യമായി ഇടപെടുവനും നന്നായി കഴിഞ്ഞിരുന്നു. ക്ഷുഭിതനാകുന്ന ഘട്ടങ്ങളില്‍ പലപ്പോഴും തികഞ്ഞ സംയമനം പാലിച്ചു എന്നും ആ ജീവിതത്തില്‍ നമുക്ക് കാണാന്‍ കഴിയും. മഹാത്മാ ആയി അറിയപ്പെട്ടിട്ടും തന്റെ പഴയ കാല തെറ്റുകളെ ആത്മകഥയില്‍ മറച്ചു വക്കാന്‍ ഗാന്ധി ശ്രമിക്കുന്നതേയില്ല. എന്നാല്‍ മാനുഷികവും ദൈവദത്തവുമായ വിഷയാസക്തി എന്തോ പാപം എന്ന മട്ടില്‍ ഏറെ പ്രസ്താവനകള്‍ ആത്മകഥയില്‍ ഉണ്ട്.

ഗാന്ധി എന്ന നേതാവ്

                         ചമ്പരാന്‍ തുടങ്ങിയ തൊഴിലാളി പ്രക്ഷോഭങ്ങളില്‍ പ്രവര്‍ത്തിച്ചാണ് ഗാന്ധി എന്ന നേതാവ് ഉദയം ചെയ്തത്. പക്ഷേ ഭാരതത്തില്‍ ഉയര്‍ന്നു വന്ന തോഴിലള്ളി സമരങ്ങളെ ചിലപ്പോഴെങ്കിലും അദ്ദേഹം കണ്ടില്ലെന്നു നടിച്ചു. ഇടതു പക്ഷ ആശയങ്ങളോടും വര്‍ഗ്ഗ സമരങ്ങളോടും ഉള്ള അദ്ദേഹത്തിന്റെ നിലപാട് വിമര്‍ശന വിധേയമായിട്ടുണ്ട്. നേതാവ് എന്ന നിലയില്‍ നിന്ന് ആചാര്യന്‍ എന്നാ നിലയിലേക്ക് പൊടുന്നനെ ഉയര്‍ത്തപ്പെട്ടപ്പോള്‍, നേതൃത്വം നെഹ്രുവിലും പട്ടേലിലും ഒക്കെ ഏല്‍പ്പിച്ചു വിരമിച്ചതായി കാണാം. കോണ്‍ഗ്രസ്സിനു അപ:ഭ്രംശം സംഭവിക്കുന്നു എന്ന് കണ്ടു ആ പ്രസ്ഥാനം പിരിച്ചു വിടണം എന്ന് പോലും പറഞ്ഞത് പ്രശസ്തമാണല്ലോ?

ഗാന്ധി എന്ന കുടുംബസ്ഥന്‍

                                  കസ്തൂര്‍ബായെ തികച്ചും ഭരിച്ച ഒരു ഭര്‍ത്താവിനെയാണ് വിവാഹ ശേഷമുള്ള കുറേ വര്‍ഷങ്ങളില്‍ നാം കാണുന്നത്. പിന്നീട് ബ്രഹ്മചര്യം സ്വീകരിച്ചു ആശ്രമം സ്ഥപിച്ചപ്പോഴും, തന്റെ ആദര്‍ശങ്ങള്‍ ബായില്‍ അടിച്ചേല്‍പ്പിച്ചു. മക്കള്‍ക്ക് ഔപചാരിക വിദ്യാഭ്യാസവും അലോപ്പതി ചികിത്സയും ഒക്കെ നിഷേധിച്ചത് അദ്ദേഹം ആത്മകഥയില്‍ ന്യായീകരിക്കുന്നു. മക്കളുമായി ചെലവിടാന്‍ സമയം ലഭിക്കഞ്ഞതില്‍ കുണ്ഠിതപ്പെട്ട ഗാന്ധി ബായ്ക്ക്  പോലും മക്കളെ അമിതമായി ലാളിക്കാന്‍ അവസരം കൊടുത്തില്ല. മൂത്ത മകന്‍ പതിയെ വഴി തെറ്റി മദ്യത്തിലും മയക്കു മരുന്നിലും അഭയം തേടുന്നത് നമുക്ക് അത്ഭുതത്തോടെ മാത്രമേ ദര്‍ശിക്കാന്‍ കഴിയൂ.

ഗാന്ധി എന്ന വായനക്കാരന്‍

                 മഹാത്മാ എന്ന് വാഴ്ത്തപ്പെട്ടപ്പോഴും വിജ്ഞാനം തേടിയുള്ള യാത്ര ഗാന്ധി മുടക്കിയില്ല. തന്റെ ജീവിതത്തെ സ്വാധീനിച്ച പുസ്തകങ്ങളെ എണ്ണി എണ്ണി പറയുന്നുണ്ട് ഗാന്ധി. എല്ലാ മതങ്ങളെയും ദര്‍ശനങ്ങളെയും പഠിക്കാന്‍ അദ്ദേഹം ഉത്സുകനായിരുന്നു. ദക്ഷിണാഫിക്കയിലെ ജീവിതം മുതല്‍ ഈ പുസ്തക പ്രേമം ഗാന്ധി കൊണ്ട് നടന്നു. ഇന്നത്തെ രാഷ്ട്രീയക്കാരുടെ പുസ്തക വായന ഇല്ലായ്മയെ സമയക്കുറവു കൊണ്ട് ന്യായീകരിക്കുന്നത് കാണാം. സ്വന്തം ജോലി മുഴുവന്‍ തനിയെ ചെയ്തു ചര്‍ക്കയില്‍ നൂല നൂറ്റു, ഏറെ സമയം കുഞ്ഞുങ്ങളോടൊത്ത് ചെലവഴിച്ച ബാപ്പു എങ്ങനെ സമയം കണ്ടെത്തി എന്നവര്‍ പഠിക്കുന്നത് നന്നായിരിക്കും.

ഗാന്ധി എന്ന എഴുത്തുകാരന്‍

                    ഗാന്ധിയുടെ ഏറ്റവും വലിയ സംഭാവന ഗ്രന്ഥം എന്ന നിലയില എന്റെ സത്യാന്വേഷണ പരീക്ഷണ കഥ തന്നെയാകും. അഹിംസയും സമാധാനത്തെയും പറ്റി അദ്ദേഹത്തിന്റെ പ്രശസ്തമായ പുസ്തകങ്ങള്‍ ഉണ്ട്. പല ഗ്രന്ഥങ്ങളുടെയും തര്‍ജ്ജമ നിര്വഹിച്ചത് അദ്ദേഹത്തിന്റെ നിഴല പോലെ കൂടെ നടന്ന ശ്രീ മഹാ ദേവ ദേശായി ആണ് (ഈ ദേശായിക്ക് ഒരു സ്മാരകമായി ഗ്രന്ഥ ശാല ഉള്ളത് തഴവ എന്ന കൊല്ലം ജില്ലയിലെ എന്റെ ഗ്രാമത്തിലാണ് എന്നൊരു അഹങ്കാര മൊഴി കൂടി ഇവിടെ രേഖപ്പെടുത്തട്ടെ. കഴിഞ്ഞ പതിനാലു കൊല്ലമായി ഈയുള്ളവന്‍ അതിന്റെ ഭരണ സമിതി അംഗവും ആണ്) അരുണ്‍ ഗാന്ധിയോടും കൃഷ്ണകൃപയാനിയോടും ഒക്കെ ചേര്‍ന്ന് ചില ഗ്രന്ഥങ്ങൾ  അദ്ദേഹം രചിച്ചിട്ടുണ്ട്. ലിസ്റ്റ് അനുബന്ധമായി ചേര്‍ത്തിരിക്കുന്നു.

ഗാന്ധി എന്ന പ്രഭാഷകൻ

                           പൊതുവെ ലജ്ജാലു ആയിരുന്ന മോഹന്‍ദാസ് ആദ്യ പ്രഭാഷണ ശ്രമങ്ങളില്‍  തികച്ചും പരാജിതന്‍ ആയിരുന്നു. പ്രസംഗം നന്നാക്കാന്‍ ഉപയുക്തമായ പുസ്തകങ്ങള്‍ വായിച്ചും പരിശീലനത്തിലൂടെയും പതിയെ പതിയെ മികച്ച പ്രഭാഷകന്‍ ആവുകയായിരുന്നു മഹാത്മജി. പിന്നെ ഗാന്ധിജി ഒരു വികാരമായപ്പോള്‍, പ്രഭാഷണ വേദികള്‍ ഇളകി മറിഞ്ഞു.

ഗാന്ധി എന്ന ഹിന്ദു

                              ഹിന്ദു എന്നതിനെ ഒരു സംസ്‌കാരമായി കാണാതെ ഒരു മതമായി തന്നെ വീക്ഷിക്കുന്നു ഗാന്ധി. 'ആത്മജ്ഞാനം അഥവാ ആത്മസാക്ഷാത്ക്കാരം എന്ന ഏറ്റവും വ്യാപകമായ അര്‍ത്ഥത്തിലാണ് മതം എന്ന പദം ഞാന്‍ പ്രയോഗിക്കുന്നത്' എന്ന് ഗാന്ധി പറയുന്നു. സെമിറ്റിക് മതങ്ങളോട് ചേര്‍ത്ത് ഹിന്ദു മതത്തെയും നിരവധി നിര്‍ബന്ധ നിര്‍ദേശങ്ങള്‍ ഉള്ളതായി ഗാന്ധി കാണുന്നു. മുസ്ലീങ്ങള്‍ ഹലാല്‍ ഭക്ഷണം അന്വേഷിക്കുന്നത് പോലെ  സസ്യാഹാരം  അന്വേഷിക്കുന്ന ഗാന്ധി, മാംസാഹാരം കഴിക്കല്‍ മത നിഷേധം ആണ് എന്ന് തന്നെ പറയുന്നു. 'രാമ രാജ്യം' എന്ന തെറ്റി ധരിക്കപ്പെട്ട പദം ഈ ദര്‍ശനത്തില്‍ നിന്ന് ആവിര്‍ഭവിച്ചതാണ്. തികഞ്ഞ ഹിന്ദുവായി കരുതി ഏറെ പ്രതീക്ഷയോടെ ഉയര്‍ന്നു  വന്ന നേതാവിന്റെ മുസ്ലീം പക്ഷപാതം  ആണ് അക്കാല സംഘികളെ ചൊടിപ്പിച്ചത്. ഗോഡ്‌സേയിലൂടെ അവര്‍ അതിനു പരിഹാരം കണ്ടെത്തിയതും നാം കണ്ടു. 'ലോകാ സമസ്താ സുഖിനോ ഭവന്തു ' എന്ന 'ഹിന്ദു' ദര്‍ശനം തന്നെയാണ് ഗാന്ധിക്ക് ഈ മുസ്ലിം പ്രേമത്തിന് കാരണമായത് എന്ന് അവര്‍ മനസ്സിലാക്കിയില്ല.

ഗാന്ധി എന്ന നിഷേധി

                                        ദക്ഷിണാഫ്രിക്കയിലെ വര്‍ണ്ണ വിവേചനം ആണ് ഗാന്ധി എന്ന നിഷേധിയെ ഉണര്‍ത്തിയത്. ബ്രിട്ടീഷുകാര്‍ക്കെതിരെ നിസ്സഹകരണ പ്രസ്ഥാനം മുതല്‍ ഉപവാസം വരെയുള്ള എല്ലാ ആയുധങ്ങളിലും ഗാന്ധിയുടെ പ്രമാണം 'നേതി നേതി' എന്ന ഈ നിഷേധം ആയിരുന്നു. ഇത് ഒരു പടി കൂടി കടന്നു പുതുമയാര്‍ന്ന പലതിനെയും നിഷേധിക്കുന്ന സമീപനത്തിലെത്തി. സാങ്കേതിക മുന്നേറ്റങ്ങള്‍ക്ക് വഴിപ്പെടാതെ ചര്‍ക്കയില്‍ ഉറച്ചു നിന്ന്. മോഡേണ്‍ മെഡിസിന്‍ എന്ന ശാസ്ത്ര ശാഖയെ പാടെ അവഗണിച്ചു. പ്രകൃതി ചികിത്സ, മണ്ണ് ചികിത്സ, ജല പാന ചികിത്സ എന്നിവയിൽ  അഭയം തേടി. അനുവദിക്കപ്പെട്ട ലൈംഗികതയെ നിഷേധിച്ചു ബ്രഹ്മചര്യം  സ്വീകരിച്ചു.

ഗാന്ധി എന്ന ബിംബം

                                 ലോകത്തിനു മുന്നില്‍ ഗാന്ധി ഒരു ബിംബം തന്നെയാണ്. സത്യത്തിന്റെയും സഹനത്തിന്റെയും ത്യാഗത്തിന്റെയും ബിംബം. ലോക സമാധാനത്തിനു മുന്നിട്ടിറങ്ങുന്ന ഒരു  രാജ്യത്തെയും മഹാന്മാരെ ലോകം അവിടത്തെ ഗാന്ധി എന്ന് വിളിച്ചു. അതിര്‍ത്തി ഗാന്ധി, കേരള ഗാന്ധി, ആഫ്രിക്കാന്‍ ഗാന്ധി ഇവ ഉദാഹരണം. വള്ളത്തോള്‍ പാടിയ പോലെ 'ഗീതയ്ക്കു മാതാവായ ഭൂമിയേ  ഇത് മാതിരി ഒരു കർമ്മ  യോഗിയെ പ്രസവിക്കൂ എന്ന് നമുക്ക് അഭിമാനിക്കം. 'ചെല്ലുവിന്‍ ഭവാന്മാരെ ഗുരുവിന്‍ നികടത്തില്‍, അല്ലായ്കില്‍ അവിടുത്തെ ചരിത്രം വായിക്കുവിന്‍' എന്നുപദേശിക്കാം.

ഗാന്ധി എന്ന വിങ്ങല്‍

എന്റെ സ്‌നേഹിതന്‍ അരുണ്‍ കായംകുളം ആ വിങ്ങലിനെ പറ്റി വിവരിക്കുന്നത്  അതേപടി പകര്‍ത്തുന്നു. അതിനെക്കാള്‍ നന്നായി എനിക്ക് അതാവില്ല ........... 

മനുവിന്റെ അത്ഭുതത്തിനു മറുപടിയായി ഗുരു പാടിയത് മഹാകവി രവീന്ദ്രനാഥ ടാഗോര്‍ എഴുതിയ രണ്ട് വരികളായിരുന്നു...

''ഏകനായ് നടക്കുക,

നടക്കുക ഏകനായ്...'

അന്നേരം ആ കവിത കേട്ട് ചിരിച്ച മനു പിന്നെ കാണുന്നത് വിവിധ ചര്‍ച്ചകളുടെ തിരക്കിലേക്ക് പോയ ഗുരുവിനെയാണ്, ഇപ്പോള്‍ ചര്‍ച്ചകള്‍ അവസാനിപ്പിച്ച് പ്രാര്‍ത്ഥനായോഗത്തിനു പോകാന്‍ അദ്ദേഹം തയ്യാറായിരിക്കുന്നു...

മനുവിനോട് ഒപ്പം യോഗസ്ഥലത്തേക്ക് നടന്ന് ഗുരുവിനെ വഴിയില്‍ കാത്ത് നിന്ന വിനു അഭിവാദ്യം ചെയ്തു:

'നമസ്‌തേ'

ഗുരുനാഥന്‍ തിരികെ കൈ കൂപ്പി.

അനുഗ്രഹം വാങ്ങാനായി വിനു കുനിഞ്ഞപ്പോള്‍ മനു അവനെ തടഞ്ഞ് കൊണ്ട് പറഞ്ഞു:

'സഹോദരാ, ഇപ്പോ തന്നെ വൈകിയിരിക്കുന്നു, ദയവായി അത് മനസിലാക്കുക'

മനു പറഞ്ഞത് ശരിയായിരുന്നു, അപ്പോള്‍ തന്നെ സമയം അഞ്ച് പതിനാറ് ആയിരിക്കുന്നു!!

അനുഗ്രഹം വാങ്ങാനായി കുനിഞ്ഞ വിനു, തന്റെ കൈയ്യില്‍ ഒളിപ്പിച്ച് വച്ച പിസ്റ്റള്‍ ആ ഗുരുനാഥന്റെ നെഞ്ചിലേക്ക് ചൂണ്ടി...

മുപ്പത്തിയഞ്ച് അടി ദൂരെ നിന്ന് വെടിയുതിര്‍ക്കാവുന്ന ഏഴ് അറകളുള്ള ഓട്ടോമാറ്റിക്ക് പിസ്റ്റള്‍...

ആന്‍ ഇറ്റാലിയന്‍ മെയ്ഡ് ബ്ലാക്ക് ബെരേറ്റ പിസ്റ്റള്‍!!!!

അപകടം മനസിലാക്കിയ ഗുരുനാഥന്‍ വിനുവിന്റെ കണ്ണുകളിലേക്ക് നോക്കി..

അതൊരു നിമിഷമായിരുന്നു...

ചരിത്രത്തിന്റെ ഇടത്താളുകളിലെന്നും ഭാരതത്തെ സ്‌നേഹിക്കുന്ന കോടിക്കണക്കിനു ജനങ്ങള്‍ ഓര്‍ക്കാന്‍ ഇഷ്ടപ്പെടാത്ത നിമിഷം...

വിഷ്ണു കര്‍ക്കറെയുടെയും, നാരായണന്‍ ആംതേയുടെയും ധൈര്യത്തില്‍ പുറപ്പെട്ട, വിനു എന്ന നാഥുറാം വിനായക് ഗോഡ്‌സേയും, സര്‍ദ്ദാര്‍ വല്ലഭായി പട്ടേലിനോട്, ജവഹര്‍ലാല്‍ നെഹ്‌റുവുമായുള്ള അഭിപ്രായ വ്യത്യാസം മാറ്റണമെന്ന് പറഞ്ഞതിനു ശേഷം പ്രാര്‍ത്ഥനാ യോഗത്തിനു പുറപ്പെട്ട സാക്ഷാല്‍ മഹാത്മാഗാന്ധി എന്ന നമ്മുടെ പ്രിയപ്പെട്ട ബാപ്പുജിയും നേര്‍ക്ക് നേരെ നോക്കിയ നിമിഷം...

ഞാന്‍ അടുത്ത് ഉണ്ടായിരുന്നെങ്കില്‍ ഗോഡ്‌സേയുടെ തല തല്ലി പൊളിച്ചേനേന്ന് ഒരോ ഇന്ത്യക്കാരനും പറയാന്‍ ആഗ്രഹിക്കുന്ന നിമിഷം!!!

ഠോ...ഠോ...ഠോ...

മൂന്ന് വെടി!!!

മൂന്ന് വെടിയാണ് ആ മറ്റേടത്തെ മോന്‍ നമ്മുടെ പ്രിയ രാഷ്ട്രപിതാവിന്റെ നെഞ്ചിലും വയറിലുമായി വച്ചത്.കുഴഞ്ഞ് വീണപ്പോഴും ആ കര്‍മ്മയോഗി ധീരമായ ശബ്ദത്തില്‍ പറഞ്ഞു:

'ഹേ റാം, ഹേ റാം..'

തുടര്‍ന്ന് മഹാത്മാവിന്റെ ദേഹം നിശ്ചലമായി!!!

മനുവിന്റെയും ആഭയുടെയും മടിയില്‍ കിടന്ന് അദ്ദേഹം മരിച്ചത്, 1948 ജനുവരി 30നു വൈകിട്ട് 5.17നു ആയിരുന്നു. 


കടപ്പാട്: അരുണ്‍ കായംകുളം ബ്ലോഗ്: കായംകുളം സൂപ്പർഫാസ്റ്റ്


                           
                                   ആ ലേഖനം പൂര്‍ണ്ണമായി വായിക്കാന്‍ ഇവിടെ ക്ലിക്കുക

                  ആ വിട വാങ്ങല്‍ ലോകം ഞെട്ടലോടെ ശ്രവിച്ചു. ഒരു ഫ്രഞ്ച് അംബാസിഡര്‍  ഇങ്ങനെ പറഞ്ഞത്രേ " I never saw Gandhi. I do not know his language. I  never set foot into his country. And yet I  feel the same sorrow as if I had lost some one near and dear"' ഇതായിരുന്നു ലോകത്തിനു ഗാന്ധി.

                               ഈ വിങ്ങല്‍ ഓരോ ഭാരതീയന്റെ മനസ്സിലും നില നില്‍ക്കുന്നു. ആ വിധ്വംസക ശക്തികള്‍ ഇന്നും ഭാരതത്തില്‍  നിലനില്‍ക്കുന്നു. അവര്‍ ഭരണ കസേരകളില്‍ ആടിത്തിതിമിര്‍ക്കുന്നു. മതേതരത്വം എന്ന് വരെ ഈ നാടിനു നില നിര്‍ത്താന്‍ കഴിയും എന്ന് ഓരോ ഇന്ത്യക്കാരനും ആശങ്കപ്പെടുന്നു. മൈത്രി അകലുന്ന നാളുകളിലും ഭാരതീയന്‍ ഇങ്ങനെ പ്രാര്‍ത്ഥിക്കാതിരിക്കില്ല

                                           "ഈശ്വര്‍ അല്ലാഹ് തേരെ  നാം

                                             സബ്‌കോ സന്മതി ദേ  ഭഗവന്‍!"

                              കാരണം അവന്റെ ആഗ്രഹം


"അടിയനിനിയുമൊരു ജന്മമുണ്ടെന്നാലതെല്ലാം

അടി മുതല്‍ മുടിയോളം നിന്നിലാകട്ടെ തായേ

അടി മലരിണ  വേണം താങ്ങുവാന്‍

മറ്റൊരേടത്തടിയുവത് ഞെരുക്കം മുക്തി  സിദ്ധിക്കുവോളം!"


                            ആത്മ കഥ ഗാന്ധി അവസാനിപ്പിക്കുന്നത് ഇങ്ങനെയാണ്  "ഗിരി നിരകളോളം പഴക്കമുള്ള സത്യവും അഹിംസയും അല്ലാതെ പുതുതായി എനിക്ക് ലോകത്തെ ഒന്നും പഠിപ്പിക്കാനില്ല" അതുപോലെ ഈ ലേഖനത്തിലും ലോകമൊട്ടുക്ക് ഗാന്ധിജിയെ പറ്റി ചര്‍ച്ച  ചെയ്യപ്പെട്ടതല്ലാത്ത ഒരു ആശയവും എനിക്ക് പുതുതായി അവതരിപ്പിക്കാനില്ല. ആത്മകഥ ഉള്‍പ്പെടെയുള്ള ഗാന്ധികൃതികള്‍  എന്റെ സീസണല്‍ ആവര്‍ത്തന വായനയില്‍ കടന്നു വന്നപ്പോള്‍ ഇങ്ങനെ ഒരു ലേഖനം ആവാം എന്ന് കരുതി എന്ന് മാത്രം.


പ്രധാന അവലംബങ്ങള്‍ 

1. ആത്മ കഥ അഥവാ എന്റെ സത്യാന്വേഷണ പരീക്ഷണ  കഥ - എം കെ ഗാന്ധി - നവ ജീവന്‍   ട്രസ്റ്റ്‌
2. BA and BAPPU - Mukulbhai Kalarthi   PDF Version
3. The Essential Gandhi - Louis Fisher

അനുബന്ധങ്ങള്‍ 

ഗാന്ധിജിയെ സ്വാധീനിച്ച പുസ്തകങ്ങള്‍ 

1. Bhagawat Geetha
2. Unto this Last - Ruskin     പി ഡി എഫ് വേഷന്‍ 
3. Theory of Utility - Bandhamin
4. Standard Elocutionist - Bell
5. The Light of Asia - Sir Edwin Arnold   പി ഡി എഫ് വേര്‍ഷന്‍ 
6. Key to Theosaphy - Madom Blawasky
7. Heroes and Hero worship - karlile
8. How I became a theophist - Bessant
9. Plea for vegetarianisam  - Salt
10. The perfect way in diet - Kingford
11. Ethics in Diet - Haward Williams
12. The Kingdom of God is within you - Leo Tolstoy
13. Holy Quran translation - Sale
14. Life of Mahomet and his succeeders - Washington Irwin
15. The New Testment
16. The sayings of Zarathustra
17. The gospals in brief
(ആത്മകഥയിൽ പരാമര്‍ശിക്കപ്പെട്ടത്‌ )

ഗാന്ധിജി നേതൃത്വം നല്കിയ പ്രസിദ്ധീകരണങ്ങള്‍ 

1. ഇന്ത്യന്‍  ഒപ്പിനിയന്‍
2. നവ ജീവന്‍
3. യങ്ങ് ഇന്ത്യ
4. ക്രോണിക്കിള്‍


ഗാന്ധി ജീവിതത്തെ ആധാരമാക്കിയ സിനിമകൾ 

1. ഗാന്ധി (1982) -     കൂടുതല്‍ വിവരങ്ങള്‍ക്ക് ക്ലിക്കുക
2. ഗാന്ധി മൈ ഫാദര്‍ (2007)
3. The Making of a Mahatma (1996)
4. Hey Ram (2000)
5. Lage Raho Munnabhai (2006)
((ലിസ്റ്റ് പൂർണ്ണമല്ല) 


ഗാന്ധിജി എഴുതിയ ഗ്രന്ഥങ്ങൾ 

1. 
2. 
by 

42 comments:

  1. ഒരു പാട് നിർവ്വചനങ്ങൾ ഉള്ള പദമാണ്‌ ‘ഗാന്ധി’.
    നന്നായി എഴുതിയിരിക്കുന്നു...

    ഗാന്ധിജിയെക്കുറിച്ചുള്ള ഒരു പുസ്തകത്തെക്കൂടെ പരിചയപ്പെടുത്താം
    സച്ചിദാനന്ദന്റെ ഗാന്ധി

    ReplyDelete
    Replies
    1. നന്ദി ഹരിനാഥ്, ഗാന്ധി നാടകം കാണാനോ വായിക്കാനോ കഴിഞ്ഞില്ല. ഉടൻ വായിക്കാൻ ഈ പ്രതികരണം പ്രേരണ ആകുന്നു

      Delete
  2. ഗാന്ധിജിയെക്കുറിച്ചുള്ള ഏറെക്കുറെ സമഗ്രമായ ഒരു വീക്ഷണം!!

    ReplyDelete
  3. ഞാൻ ഇവിടെ ഒരു കമന്റ് ഇട്ടിരുന്നല്ലോ അത് എവിടെപ്പോയീ

    ReplyDelete
  4. തെറ്റും കുറ്റവും ഇല്ലാത്ത മനുഷ്യരില്ലാ..അല്ലെങ്കിൽ അതൊക്കെ ഉള്ളവരെയാണ് മർത്ത്യജന്മം എന്ന് വിളിക്കുന്നത്... എറ്റവും കുറഞ്ഞ തെറ്റ് കുറ്റങ്ങൾ ഉള്ളവരെയാണ് നമ്മൾ മഹാത്മൻ എന്ന് വിളിക്കുന്നത്. മനു,ആഭ എന്നിവരെ ചേർത്തും ഗാന്ധിയെ ‘പറ്റി’പറയുന്നുണ്ട്... ലോറികോളിൻസും,ഡൊമനിക്ക് ലാപ്പിയറും ചേർന്നെഴുതിയ ‘ഫ്രീഡം അറ്റ് മിറ്റ് നൈറ്റ്’ എന്ന പുസ്തകത്തിലും അദ്ദേഹത്തെപ്പറ്റി നല്ലതും പൊല്ലാത്തതും പറയുന്നുണ്ട്.... ഗാന്ധിജിയെക്കുറിച്ചുള്ള അൻ വറിന്റെ ലേഖനം ലക്ഷണമൊത്ത ഒന്നാകുന്നു... നല്ല എഴുത്തിനു നല്ല നമസ്കാരം... പലരുടെയും മനസ്സിൽ ഗാന്ധി മരിക്കാതിരിക്കട്ടെ...................

    ReplyDelete
    Replies
    1. അതെ ഗാന്ധി അങ്ങനെ മരിക്കില്ലാ....ആ ജീവിതം അങ്ങനെ അല്ലെ ചന്തുവേട്ടാ ?

      Delete
  5. അൻവർ ഭായ് ഗാന്ധിജിയെ പറ്റി A to Z പറഞ്ഞിരിക്കുന്നൂ...

    എത്രയെത്ര പദങ്ങളിലൂടേയോ ,മാർഗ്ഗങ്ങളിലൂടേയോ ഗാന്ധിജിയുടെ
    എല്ലാ വിധ ‘ഇസ’ങ്ങളും വിവരിച്ച് നിർവചിക്കാനാവുമെന്നുള്ളത് തന്നേയാണ്
    മറ്റുള്ള നേതാക്കളിൽ നിന്നും ഇദ്ദേഹത്തെ മാഹാത്മാവായി വേറിട്ട് കാണുന്നത്...

    ReplyDelete
    Replies
    1. A to Z ആയോ മുരളിയേട്ടാ ..? സമയ കുറവും മടിയും മോള്ളം ഞാൻ ചുരുക്കിയതാണ്

      Delete
  6. നല്ല പോസ്റ്റ്‌... വായിച്ചും പഠിച്ചും തീരാതെ നമുക്ക് മുന്നില്‍ ആ മഹാത്മാവിന്റെ ജീവിതം .....

    "Just an old man in a loin cloth in distant India. yet when he died, humanity wept....(Louis Fischer)"

    ReplyDelete
    Replies
    1. തീരില്ല ..തുടരും...അതാണ്‌ ഗാന്ധി

      Delete
  7. നല്ല പോസ്റ്റ്..

    ReplyDelete
  8. നന്ദി അന്വറിക്കാ, ഇത്രയും ലളിതമായി ഗാന്ധിയെ അവതരിപ്പിച്ചതിന്‌, കൂടുതൽ പരിചയപ്പെടുത്തിയതിന്‌

    ReplyDelete
  9. നല്ല പോസ്റ്റ്‌ . കുറെ കാര്യങ്ങള്‍ കൂടി മനസ്സിലാക്കാന്‍ കഴിഞ്ഞു സ്നേഹത്തോടെ പ്രവാഹിനി

    ReplyDelete
    Replies
    1. നന്ദി പ്രീതാ ഈ വായനക്ക്

      Delete
  10. നല്ല ഉദ്യമം. ഗാന്ധിജിയെ കുറിച്ചറിയണമെന്നുള്ളവർക്ക് ഇനി ഇതിന്റെ ലിങ്ക് കൊടുക്കാം... :) ആശംസകൾ

    ReplyDelete
    Replies
    1. അത്ര മാത്രം ഇല്ലാ..എങ്കിലും ഒരു ഓട്ട പ്രദക്ഷിണം ..ഗാന്ധിയെ പഠിക്കാൻ ഒരുപാടുണ്ട്

      Delete
  11. മഹാനുഭാവന്റെ ജീവിതത്തിലൂടെ ഒരു ഓട്ടപ്രദക്ഷിണം എന്ന് ഈ ലേഖനത്തെ വിലയിരുത്തുന്നു ,, ആത്മകഥയുടെ മലയാളം പി ഡി എഫ് കിട്ടാന്‍ വഴിയുണ്ടോ ?

    ReplyDelete
    Replies
    1. എന്തിനു പി ഡി എഫ് ? അഞ്ഞൂറ് പേജുള്ള മലയാള വിവര്ത്തനം നവജീവൻ വെറും അമ്പതു രൂപക്കാണ് നല്കുന്നത് (ഞാൻ വാങ്ങു്പോൾ ഇരുപതു മാത്രം)

      Delete
  12. ചുരുങ്ങിയ വാക്കുകളിൽ, സമഗ്രമായി ഗാന്ധിജിയെ വിവരിച്ചിരിക്കുന്നു. ഗാന്ധി ഒരു ദൈവമാണ്, ഇതിഹാസമാണ്, അവസാന വാക്കാണ്, ദേശദ്രോഹിയാണ്, അന്ധവിശ്വാസിയാണ് തുടങ്ങിയ പല പല പ്രചരണങ്ങൾക്കിടയിൽ, അത്തരം സ്വാധീനങ്ങളൊന്നുമില്ലാത്ത ഒരു കാഴ്ച്ച.

    അഹിംസ ഒരു സംസ്ക്കാരമായി രൂപപ്പെടണമെങ്കിൽ, ഭൂരിപക്ഷമായ ഹിന്ദുക്കളിലാണ് അതിന്റെ പരപ്പിലും ആഴത്തിലും അതാദ്യം വേരൂന്നേണ്ടത് എന്നതുകൊണ്ടായിരിക്കണം, അദ്ദേഹം എന്നും മുസ്ലീങ്ങളോട് പക്ഷപാതിത്വം പ്രകടിപ്പിച്ചിരുന്നത്. ഗോഡ്സെയടക്കമുള്ള പരിവാർ പ്രവർത്തകർക്ക് ഉൾക്കൊള്ളാനാവാത്തതും അതേ ചിന്തയാണ്.

    വിങ്ങൽ ! അതെന്നും ഒരു വിങ്ങൽ തന്നെയാണ്. ഗാന്ധിയുടെ കഥ കേൾക്കുമ്പോൾ ഓരോ പിഞ്ചുഹൃദയത്തിലും അനുഭവപ്പെട്ടു തുടങ്ങുന്ന ഒരു വിങ്ങൽ. പറയുന്ന ആൾ അതില്ലാതെ പറയാൻ തുടങ്ങിയാൽ, കേൾക്കുന്ന കുഞ്ഞ് അത് നിർവികാരം കേട്ടു തള്ളാൻ തുടങ്ങിയാൽ, നൂറ്റാണ്ടുകൾ രൂപപ്പെടുത്തിയ ഒരു സംസ്ക്കാരം ഇല്ലാതാവുകയായിരിക്കും സംഭവിക്കുക.

    രാജ്യസ്നേഹത്തിന്റെ നിർവചനത്തിൽ നിന്ന് മുസ്ലീം വിരോധം എന്ന മറ ഒഴിവാക്കിയാൽ, മനുഷ്യനെയും പ്രകൃതിയെയും കൂടുതൽ ഉൾക്കാഴ്ച്ചയോടെ സമീപിച്ചാൽ, സംഘപരിവാറിനും ആ ദുരന്തം മുൻകൂട്ടികാണാനാവും. പക്ഷേ ഗോഡ്സെയെ പോലെ ഇവർക്കും, ആ മറയാണല്ലോ നിത്യശത്രു !

    ReplyDelete
    Replies
    1. പ്രിയ മനോജ്‌, ഈ വിശദ അവലോകനത്തിന് നന്ദി...ഇനിയും എത്രയോ പഠനങ്ങൾ വരാനിരിക്കുന്നു

      Delete
  13. അന്‍വര്‍ജീ.. ഗാന്ധിജി എന്ന ബിംബത്തെ വ്യത്യസ്ത കോണുകളിലൂടെ കാണുവാന്‍ കഴിയുന്നു. മതങ്ങള്‍ ദൈവങ്ങളെ മറയാക്കുന്നതുപോലെ ഓരോ പാര്‍ട്ടികളും ഓരോ ആചാര്യന്‍മാരെ മറയാക്കുന്നു. ജനാധിപത്യവിശ്വാസികളുടെ സ്വീകാര്യത നേടിയെടുക്കുവാന്‍ രാഷ്ട്രീയക്കാര്‍ ഗാന്ധിജിയേയും ഒരു മറയാക്കി. ഗാന്ധിജിയുടെ ദര്‍ശനങ്ങള്‍ പിന്‍തുടരാതെ തന്നെ ഞങ്ങള്‍ ഗാന്ധിജിയുടെ പിന്‍തലമുറക്കാരാണെന്ന് അവര്‍ വരുത്തിതീര്‍ത്തു. മദ്യരാജാക്കന്‍മാര്‍ ശ്രീനാരായണഗുരുവിന്റെ പ്രതിനിധികള്‍ ആയിത്തീര്‍ന്നതുപോലെ... എല്ലാ ആചാര്യന്‍മാര്‍ക്കു പിന്നിലും ചോരകുടിയന്‍മാരുണ്ട്. അതുകൊണ്ട് ഗാന്ധിജിയെ നമുക്ക് ആദരിക്കാം.. പക്ഷെ അദ്ദേഹത്തിന്റെ പടം വെച്ച് പറ്റിക്കാന്‍ വരുന്നവരെ ആട്ടിയോടിക്കുക തന്നെ വേണം.

    ReplyDelete
    Replies
    1. ഗാന്ധിജിയുടെ ദര്‍ശനങ്ങള്‍ പിന്‍തുടരാതെ തന്നെ ഞങ്ങള്‍ ഗാന്ധിജിയുടെ പിന്‍തലമുറക്കാരാണെന്ന് അവര്‍ വരുത്തിതീര്‍ത്തു...അതെ സുധീർ അത്തരക്കാരാണ് കൂടുതൽ

      Delete
  14. അന്‍വറിന്‍റെ ലേഖനം വളരെ നന്നായിട്ടുണ്ട്. ഗാന്ധിജിയുടെ പ്രസക്തി ആ രൂപത്തില്‍ നിന്നു തന്നെ തുടങ്ങുന്നു. ഇന്നലെ ഏഷ്യാനെറ്റ് ന്യൂസിന്‍റെ പരസ്യത്തില്‍ ഗാന്ധിജിയുടെ തലയുടെ ഭാഗത്ത് ഒരു മൈക്രോഫോണ്‍ അവര്‍ അവതരിപ്പിച്ചു. ഒരു പക്ഷെ ഏറ്റവും വേഗത്തില്‍ വരയ്ക്കാന്‍ കഴിയുന്ന ഒരു കാരിക്കേച്ചര്‍ പോലും മഹാത്മാവിന്‍റേതാകാം. ശരിതെറ്റുകളും ആശയാഭിപ്രായവ്യത്യാസങ്ങളും എത്രതന്നെയായാലും മോദി ഉള്‍പ്പെടെ ഒരാള്‍ക്കും ഈ മനുഷ്യനെ നെഞ്ചേറ്റാതിരിക്കാന്‍ കഴിയില്ല. അതാണ് ഒരു വ്യക്തിയെ എക്കാലത്തും ജീവിപ്പിക്കുന്നതും. മനുഷ്യനുള്ളിടത്തോളം കാലവും ഗാന്ധി ചര്‍ച്ച ചെയ്യപ്പെടും.

    ReplyDelete
    Replies
    1. മോഡി ആത്മാർഥമായി നെഞ്ചേറ്റുമോ ? ഏതായാലും മനുഷ്യനുള്ളിടത്തോളം കാലവും ഗാന്ധി ചര്‍ച്ച ചെയ്യപ്പെടും.

      Delete
  15. കുലീനമായ വിവരണം ..ഉദാരമായ വിഷയാവതരണം ...ഗാന്ധിസം എന്‍റെ ഒരു പേപ്പര്‍ ആയിരുന്നതുകൊണ്ട് അത് അനുഭവിക്കാനായി ...അഭിനന്ദനങ്ങള്‍ പ്രിയനേ

    ReplyDelete
    Replies
    1. നല്ല വാക്കുകൾക്ക് നന്ദി...പ്രിയ ജയൻ

      Delete
  16. കുറേ സമയമെടുത്ത് ഇരുത്തി വായിക്കനെരെയുണ്ടിതിൽ... ഒരു വരവൂടെ വരേണ്ടി വരും... അഭിനന്ദനങ്ങൾ ഡിയർ പ്ളിന്വർക്കാ ... ;)
    ഇങ്ക്വിലാബ് സിന്ദാബാദ്.. മഹാത്മാ ഗാന്ധി സിന്താവാ....

    ReplyDelete
  17. ഒന്നൂടെ വരൂ ട്ടോ ഉട്ടോ

    ReplyDelete
  18. ഗാന്ധിജിയെ പറ്റിയുള്ള അറിവുകൾ അവസാനിക്കുന്നില്ല... വരുംതലമുറക്ക് പ്രയോജനപ്രദമാകും ഈ ലേഖനം.

    നന്ദി അൻവർ ...!

    ReplyDelete
  19. എത്രയൊക്കെ കുറവുകളുണ്ടെങ്കിലും ഗാന്ധിജി എനിക്ക് മഹാത്മാ ഗാന്ധി ആണ്.

    (സൂക്ഷിച്ചുവയ്ക്കേണ്ട ഒരു ലേഖനമാണീ ബ്ലോഗ് പോസ്റ്റ്)

    ReplyDelete
  20. ഗാന്ധി കൂടുതൽ വായിക്കട്ടെ,,
    പുതിയ പല വെളിപ്പെടുത്തലുകളും അങ്ങനെയാണ് തോന്നിക്കുന്നത്
    ഇഷ്ടപ്പെട്ടു

    ReplyDelete
  21. ഗാന്ധിയുടെ ആശയങ്ങളോട് ഒരു യോജിപ്പും ഇല്ലെങ്കിലും അദ്ദേഹം ഒരു പ്രകാശ ഗോപുരമായി നില നില്‍ക്കുന്നു ,അദ്ദേഹത്തിന്‍റെ അഭാവം ഇന്ത്യയെ ഇരുളിലാഴ്ത്തിയിരിക്കുന്നു .നല്ല ലേഖനം ,അഭിനന്ദനങ്ങള്‍ അന്‍വര്‍ ജീ

    ReplyDelete
  22. ഗാന്ധിജിയെ കുറിച്ച് നിക്പക്ഷമായ് എഴുതിയിരിക്കുന്നു . ഗാന്ധിജിയോട് യോജിപ്പുകളും വിയോജിപ്പുകളും സ്നേഹവും അമർഷവും എല്ലാം കാത്തു സൂക്ഷിക്കുന്ന ഒരാളാണ് ഞാൻ. എന്നിരുന്നാലും വെറുക്കാൻ ഏതൊരു ഭാരതീയനെയും പോലെ എനിക്കും സാധ്യമല്ല. ഇന്ത്യയുടെ സ്വാതന്ത്ര്യം എന്നാൽ ഗാന്ധിജിയുടെ സമരം ഒന്ന് കൊണ്ട് മാത്രമായുണ്ടായ സംഗതിയാണ് എന്ന തരത്തിലുള്ള അമിത ഗാന്ധീ വാദങ്ങളോട് ഒട്ടും യോജിക്കാൻ സാധിക്കാറില്ല. എന്നാൽ ഗാന്ധിജി വിജയിക്കുന്നതാകട്ടെ ഇന്ത്യയിലുടനീളം തന്റെ സമര മാർഗ്ഗത്തിലേക്ക് ആളെ കൂട്ടാൻ സാധിച്ചു എന്ന കാര്യത്തിലും.

    ഗാന്ധിജിയുടെ വ്യക്തി ജീവിതം അടക്കമുള്ള വിവിധ കർമ്മ മണ്ഡലങ്ങളിലെ അദ്ദേഹത്തിന്റെ നിലപാടുകളെ കുറിച്ച് ഇവിടെ വായിച്ചു. അതെല്ലാം പറഞ്ഞു തരുന്നത് ഒരു കാര്യമാണ്. എത്ര സാത്വികനായ മനുഷ്യനും സ്ഥായിയായ മൂർത്തീ ഭാവത്തിൽ ജീവിക്കാനാകില്ല. ഒരു ശരാശരി മനുഷ്യന്റെ എല്ലാ വിധ കുറ്റങ്ങളും കുറവുകളും ഇവരെയും ബാധിക്കുന്നു.

    എന്റെ സങ്കൽപ്പങ്ങളിൽ എന്നും ഗാന്ധിജിയെക്കാൾ കൂടുതൽ ഇന്ത്യൻ സ്വാതന്ത്ര്യ സമര കാലത്തെ ഹീറോകളായി തിളങ്ങി നിന്നിരുന്നത് ഭഗത് സിങ്ങും, നേതാജിയും, ചന്ദ്ര ശേഖർ ആസാദും , രാജ് ഗുരുവും , അഷ്ഫഖുള്ള ഖാനും , രാം പ്രസാദ് ബിസ്മിലുമൊക്കെയായിരുന്നു . അത് കൊണ്ട് തന്നെ ഗാന്ധിജി എന്റെ മനസ്സിൽ ഇടം പിടിച്ചിരുന്നില്ല.

    പിന്നീട് ഗാന്ധിജിയോട് ഞാൻ ഏറ്റവും കൂടുതൽ അടുത്ത് പോയത് കമൽ ഹാസന്റെ ഹേ റാം സിനിമ കണ്ടപ്പോഴാണ്. അത് വരേയ്ക്കും ഗാന്ധിജിയെ അത്രക്കങ്ങട്‌ ഇഷ്ടപ്പെട്ടിട്ടില്ലായിരുന്നു. കമൽ ഹാസന്റെ സാകേത് റാം എന്ന കഥാപാത്രത്തിന്റെ മനോവികാരങ്ങളിൽ ചിലതെല്ലാം ശരിയാണെന്ന് എനിക്ക് ആദ്യം തോന്നുകയും പിന്നീട് ശരിയല്ലെന്ന് തോന്നുകയും ചെയ്തു . ആ കഥാപാത്രത്തിന് അവസാനം യഥാർത്ഥ ഗാന്ധിജിയെ അറിയുമ്പോൾ ഉണ്ടാകുന്ന കുറ്റബോധം ഒരു വേള എനിക്കും അനുഭവപ്പെട്ടു എന്ന് പറയാം . സിനിമയുടെ ആ സീൻ അവസാനിക്കുമ്പോൾ കുറ്റബോധം കൊണ്ട് ഞാനും കരഞ്ഞിരുന്നു. ഇന്നും ആ സിനിമയിലെ ആ സീൻ കണ്ടാൽ ഞാൻ കരയും. എന്ത് കൊണ്ടാണെന്ന് വ്യക്തമായി പറയാൻ എനിക്കാകുന്നില്ല.

    ReplyDelete
  23. ഗാന്ധി ജിയെ ഒട്ടേറെ വിശദാംശങ്ങള്‍ അറിയാനായി..കണ്ടതും..കേട്ടതും ഒന്നുമല്ലെന്ന തോന്നല്‍...വളരെ നന്നായി മാഷേ..ഇരുത്തം വന്ന എഴുത്തിനു!..rr

    ReplyDelete
  24. ഗാന്ധിയോട് ആദരവ് കുറയുകയും, ഗാന്ധിയൻ ആദർശങ്ങൾ വിസ്മരിക്കപ്പെടുകയും ചെയ്യുമ്പോൾ നല്ലൊരു ഓർമ്മപ്പെടുത്തലായി ഈ പോസ്റ്റ്‌. അഭിനന്ദനങ്ങൾ

    ReplyDelete
  25. അഹിംസയുടെ പ്രവാചകാ, കൂപ്പുകൈ....!!! :) -

    അൻവറിക്കാ, വളരെ നന്നായി എന്ന് ഞാൻ പ്രത്യേകം പറയണോ ??

    ReplyDelete
  26. ഗാന്ധിയെക്കുറിച്ചുള്ള കനത്ത ലേഖനം (ഇവിടെ എത്താൻ ഈ ഗാന്ധിയുമായി ഒരു ബന്ധവുമില്ലാത്ത മറ്റൊരു ഗാന്ധിയുടെ ജന്മദിനവും കഴിയേണ്ടി വന്നു!!)

    ReplyDelete