Tuesday, 18 October 2016

പുസ്തക പരിചയം: പുഞ്ചപ്പാടം കഥകൾ

പുഞ്ചപ്പാടം കഥകൾ 
ജോസ്‌ലെറ്റ് ജോസഫ് 
കറന്റു ബുക്ക്സ് 
പേജുകൾ: 96 
വില: 80 രൂപ

                                            നാട്ടിൻപുറം അതിവേഗം നഗരമായി മാറുന്ന കാഴ്ചകളാണ് നാം നിത്യേന കാണുന്നത്. നാടിൻറെ പച്ചപ്പുകൾക്കൊപ്പം നന്മകളും പൊലിമകളും ഒക്കെ നഷ്ടമാവുന്നു. പുതിയ തലമുറക്ക് നാം അനുഭവിച്ച കുട്ടിക്കാലം എന്തെന്ന് പറഞ്ഞു കൊടുക്കേണ്ട സാഹചര്യമാണ്. പുഞ്ചവയലുകൾ ഇന്ന് കാണാ കാഴ്ചയാണ്. "നഷ്ടമായതെന്തൊക്കെ...."*  എന്ന് ശ്രീകുമാരൻ തമ്പി വിലപിക്കുമ്പോൾ, പോയ കാലത്തേക്ക് ഇനി തിരികെയില്ല എന്ന സത്യം നാം അറിയുന്നു. കൊച്ചു നാട്ടിൻപുറത്തെ ചെറിയ മനുഷ്യരുടെ കുസൃതികളും തമാശകളും നമുക്ക് ചിരി പകരാൻ കഴിയാത്ത വിധം നമ്മുടെ മനസ്സ് ഇടുങ്ങി പോയിരിക്കുന്നു. പക്ഷെ, നമുക്ക് ചിരി കൂടി നഷ്ടമാവരുത്. അതിനുള്ള ശ്രമമാണ് ജോസ്‌ലെറ്റ് ജോസഫ് "പുഞ്ചപ്പാടം കഥകളി"ലൂടെ നടത്തിയിരിക്കുന്നത്. ഈ കഥകളൊക്കെ തന്നെ നാട്ടിൻ പുറത്തിന്റെ വിശുദ്ധിയും നർമ്മവും ഇഴ ചേരുന്നതാണ്. ജോസ്‌ലെറ്റ് കോറിയിട്ട കഥാപാത്രങ്ങൾ ഒന്നും നമുക്ക് അപരിചിതരല്ല. അവരെ ജീവിതത്തിന്റെ ഏതോ ഇടനാഴിയിൽ വച്ച് നാം കണ്ടിട്ടുണ്ടാകും.

പുസ്തക പരിചയം: ഹെര്‍ബേറിയം



ഹെര്‍ബേറിയം - നോവല്‍ 
സോണിയാ റഫീഖ് 
വില: 210 രൂപ 
പേജുകള്‍ : 232  

                            2016ലെ ഡിസി നോവല്‍ പുരസ്‌കാരം നേടിയ സോണിയ റഫീഖ് ന്റെ ‘ഹെര്‍ബേറിയം ‘ പ്രകാശന ദിനം തന്നെ വാങ്ങി വായിച്ചു തീര്‍ത്തു. ദത്താപഹാര ത്തിലൂടെ ഫ്രെഡി റോബര്‍ട്ടിനെ സൃഷ്ടിച്ച  വി ജെ ജെയിംസ് ആണ് പ്രകാശനം നിര്‍വ്വഹിച്ചത്. ഫ്രെഡിയെ പോലെ ഇതിലെ ഫാത്തിമയും ഭൗതിക ലോകത്ത് നിന്ന് അപ്രത്യക്ഷയാകുന്നത് യാദൃഛികതയാവാം. ഫ്രെഡിയെ കാടകം വിഴുങ്ങിയപ്പോ ഫാത്തിമയെ മണലാരണ്യം വിഴുങ്ങി. ഫാത്തിമ പക്ഷേ ടിപ്പുവിലൂടെ പുനര്‍ജനിക്കുന്നുണ്ട്. ടിപ്പുവിനും അമ്മാളുവിനും ഒപ്പം വായനയില്‍ ഞാനും ആ കാവിലെത്തി. ഫ്രെഡിയോടൊപ്പം അന്ന് കാട്ടിലെത്തി മടങ്ങാന്‍ അറച്ച പോലെ ഒറ്റയിരുപ്പിന് വായിക്കാന്‍ ഈ പുസ്തകം വല്ലാതെ പ്രേരിപ്പിച്ചു. പ്രകൃതിയോട് ഇണങ്ങാന്‍ അങ്കുവാമയോടൊപ്പം ചേരാന്‍ ടിപ്പു നമ്മെ വല്ലാതുണര്‍ത്തി. രോഗാവസ്ഥയുടെ മൂര്‍ധന്യത്തിലും അന്‍വര്‍ ഹീറോ ആയി വായന അവസാനിപ്പിക്കുമ്പോള്‍ അടുത്തിടെ ഏറ്റവും ഹൃദയം നിറച്ച വായന എന്ന് അടിവരയിടാതെ വയ്യ.