Sunday, 11 November 2012

സൌഹൃദത്തെ പറ്റി....


"ഒരേ കളിപ്പാട്ട മൊരേ കളിക്കൂട്ട്
ഒരേ കളിത്തൊട്ടില്‍, ഒരേ വികാരം
ഒരാള്‍ക്ക് മറ്റാള്‍  തണല്‍
ഈ നിലക്കായിരുന്നു
ഹാ! കൊച്ചു കിടാങ്ങള്‍ ഞങ്ങള്‍"

       കൃഷ്ണന്റെയും കുചേലന്റെയും സതീര്ത്ഥ  കഥകള്‍ കേട്ടാണ് നമ്മുടെ ബാല്യം കഴിഞ്ഞത്. ഏഴു രണ്ടുലക്  വാഴിയാം ഭഗവാന്‍  താഴെ തന്റെ പ്രിയ കൂട്ടുകാരനെ കണ്ടതും ദേവിയുടെ പള്ളിപ്പാണികള്‍ കൊണ്ട് പാദം  കഴുകിച്ചു വരവേറ്റതും രാമപുരത്ത് വാര്യര്‍ വരച്ചു കാട്ടിയത് പഠിച്ചത് ഓര്‍മ്മയില്‍   തങ്ങി   നില്‍ക്കുന്നു.  സ്നേഹം കൊണ്ട് വാവരെ കീഴടക്കി ആത്മ സുഹൃത്തായി മാറ്റിയ  അയ്യപ്പനും നമ്മുടെ ബാല്യ വിശേഷങ്ങളില്‍ ഒപ്പമുണ്ട്. അബൂബക്കരിനെയും ഉമറിനെയും ഉറ്റ തോഴരാക്കിയ  പ്രവാചക ചരിത്രവും നാം പഠിച്ചിട്ടുണ്ട്. ഒപ്പം, ശിഷ്യരുടെ വലിയ സദസ്സില്‍ നിന്നും കര്‍ത്താവിനെ ഒറ്റു  കൊടുത്ത യൂദാസും ചരിത്രത്തില്‍ സ്ഥാനം പിടിക്കുന്നു. ചതിയന്‍ ചന്ദുവും  പിഴച്ച സൌഹൃദത്തിന്റെ ചരിത്രമോതുന്നു. ചുരുക്കത്തില്‍, സൂക്ഷ്മതയോടെ തെരഞ്ഞെടുക്കേണ്ട ഒന്നാണ് സൌഹൃദങ്ങള്‍ എന്നാണ് നമുക്ക് നല്‍കപ്പെടുന്ന പാഠം
സുഹൃത്ത് ബന്ധങ്ങള്‍ രക്ത ബന്ധങ്ങളെ പോലെ നമ്മെ എല്പ്പിക്കപ്പെടുന്നതല്ല; നാം തെരഞ്ഞെടുക്കുന്നതാണ്. ദാമ്പത്യ ബന്ധങ്ങളെ പോലെ, അവ ബാധ്യത ആകുന്നുമില്ല. ഇതിന്റെ വളര്‍ച്ചയും തളര്‍ച്ചയും അനുഭവക്കാത്തവരില്ല . ഒരുവനെ പറ്റി അറിയാന്‍ അവന്റെ കൂട്ടുകാരെ നോക്കിയാല്‍ മതി എന്ന വചനം പ്രശസ്തമാണ്. സ്വാര്‍ത്ഥതയുടെ ആസുര കാലത്ത് നിഷ്കളങ്ക സൌഹൃദത്തെ പറ്റി ഒന്ന് വിലയിരുതെണ്ടതല്ലേ?

എന്താണ് സൗഹൃദം

                       സു - ഹൃത് എന്ന പദം   നല്ല ഹൃദയം ഉള്ള ആള്‍ എന്ന അര്‍ത്ഥത്തില്‍ വിവക്ഷിക്കാം. ഹൃദയം രക്തം പമ്പ് ചെയ്യുന്ന അവയവം ആണെങ്കിലും അതിനെ മനസ്സിന്റെ ഇരിപ്പിടമായി വിലയിരുത്തപ്പെടുന്നു. ഹൃദയ പക്ഷം, ഹൃദ്യം എന്നൊക്കെയുള്ള പ്രയോഗങ്ങള്‍ ധാരാളം. ഹൃദയ സരസ്സിലാണ് പ്രണയ പുഷ്പം വിരിയുന്നത്. ഹൃദയങ്ങള്‍ ഇണക്കപ്പെട്ടവര്‍ നല്ല സുഹൃത്തുക്കള്‍. അവരുടെ മനസ്സുകളെ ഒന്നിപ്പിക്കുന്ന എന്തോ ഒന്ന് അവര്‍ക്കിടയില്‍ ഉണ്ടാകണം. വ്യത്യസ്ത ജീവിത വീക്ഷണം, ചിന്ത സരണി ഇവയുള്ളവരും നല്ല സൗഹൃദം കാത്തു സൂക്ഷിക്കാറുണ്ട്. ഒരുവന്റെ ഭാരം ഇറക്കി വക്കാന്‍, അവനെ ഇപ്പോഴും കേള്‍ക്കാന്‍, സഹിക്കാന്‍ തയ്യാരുള്ളവന്‍ തന്നെ അവന്റെ സുഹൃത്ത്‌. തിരക്കിന്റെ ഈ കാലത്ത്, അതല്പം പ്രയാസം തന്നെ.

ആരാണ് സുഹൃത്ത്

                    മല്ലന്റെയും  മാതേവന്റെയും കഥയില്‍ ആപത്തില്‍ സഹായിക്കാത്ത സുഹൃത്ത്‌ സുഹൃതല്ലെന്നു നാം കാണുന്നു. "A friend of all is not a friend at all" എന്നതും ശ്രദ്ധേയമാണ്. ഒരേ സമയം കൃഷ്ണന്റെയും കംസന്റെയും കൂട്ടുകാരനാവുക  ദുഷ്കരമാണ്. എന്നാല്‍ താത്കാലിക കാര്യ ലാഭത്തിനായി അത്തരക്കാര്‍  കൂടുന്നുണ്ട്. പലതും സൗഹൃദം അല്ലെന്നു നാം തിരിച്ചറിയേണ്ടതുണ്ട്. മദ്യ ത്തി നും മദിരാക്ഷി ക്കും വേണ്ടി  താത്കാലിക സൌഹൃദ നിര കെട്ടിപ്പടുക്കുന്നവര്‍ കൂട്ടുകാരന്റെ ചിത എറിയുമ്പോള്‍ അടുത്ത ലാവണം  തേടി പായുന്നത് കാണാന്‍ കഴിയും. മിന്നുന്നതിനിടയില്‍ പൊന്നിനെ കണ്ടെത്തുക പ്രയാസം തന്നെ!

എങ്ങനെ നില നിര്‍ത്താം

                        സമയവും പണവും മനസ്സും നല്‍കാതെ ഒന്നും കഴിയില്ല. ഇന്ന് സൌഹൃദങ്ങള്‍ നിലനിര്‍ത്താന്‍ സമയ കുറവാണു പ്രധാന കാരണം. എല്ലാ ആധുനിക വിനിമയ വിദ്യക്കും നടുവില്‍ ഇതിനു കഴിയുന്നില്ല എന്ന് മനുഷ്യന്‍ പരാതിപ്പെടുന്നു. ഒരു ഫോണ്‍ വിളിക്ക് വളരെ തുച്ചമായ പണം മുടക്കി സൗഹൃദം നില നിര്‍ത്താന്‍ നാം തയ്യാറല്ല. അതെ സമയം മൊബൈലും ചാറ്റിലും 'friend' നെ തേടി പായുകയും ചെയ്യുന്നു; നമ്മുടെ താത്കാലിക വികാര ശമനത്തിനായി. അങ്ങനെ ഉപയോഗിച്ചുപയോഗിച്ച് friend എന്ന മനോഹര ആംഗല പദം പോലും വികലമായി. സ്നേഹവും വിദ്യയും പങ്കു വച്ചാല്‍ പണം പോലെ കുറയില്ല എന്ന ആപ്ത വാക്യം നാം മറക്കുന്നു. ഒന്ന് വിളിച്ചാല്‍ ഫോണ്‍ എടുക്കാന്‍ പോലും കഴിയാതെ, വിങ്ങുന്ന സുഹൃത്തുക്കളാണ് അധികവും. പഠന ശേഷം ഒത്തു പഠിച്ചവര്‍ കുറെ നാള്‍ പരസ്പരം അറിയുകയും, പിന്നെ അകലുകയും ചെയ്യുന്നത് സ്വാഭാവികമാക്കി നാം മറ്റികഴിഞ്ഞു. ബിരുദമോ ബിരുദാനന്തര ബിരുദമോ വരെ പഠിച്ച ഒരാള്‍ തനിക്കൊപ്പം പഠിച്ച എത്ര പേരുമായി ഇന്നും ആശയ വിനിമയം നടത്തുന്നു എന്നും വിവിധ സ്ഥലങ്ങളില്‍ ഒരുമിച്ചു ജോലി ചെയ്തും പരസ്പരം സഹായിച്ചും കഴിഞ്ഞവര്‍ ഇന്നും എങ്ങനെ ഇട പഴകുന്നു എന്നും  സ്വയം വിലയിരുത്താം. എല്ലാവരെയും ഒപ്പം കൂട്ടുക സാധ്യമല്ല തന്നെ. എങ്കിലും കുറെ പേരെങ്കിലും അവരില്‍ നമുക്കൊപ്പം വേണ്ടേ? ചിലരുടെ ജീവിതത്തില്‍ വന്നു ഭാവിച്ച കയ്പനുഭവങ്ങള്‍ അവരെ മറ്റുള്ളവരില്‍ നിന്നും അകറ്റുന്നു എന്നതും നാം കാണണം.

എന്ത് പ്രതീക്ഷിക്കാം

                പ്രതീക്ഷകള്‍ നിരാശയിലേക്ക് നയിക്കും. എങ്കിലും എല്ലാരും നിര്‍വാണം പ്രപിച്ചവരല്ലല്ലോ? പ്രതീക്ഷിക്കതിരുന്നാല്‍ ജീവിതം വ്യര്‍ത്ഥ  വുമാകും. അതിനാല്‍ ഉദാത്ത സ്നേഹത്തിന്റെ പ്രതീക്ഷയും തുടരുന്ന നിരാശയും ജീവിതത്തിന്റെ ഭാഗമാവണം. 'പിറവി' എന്ന സിനിമയില്‍ അനുജനെ ഇനി പ്രതീക്ഷിക്കേണ്ട എന്ന് പറയുന്ന ചേച്ചിയോട് അച്ഛന്‍ "പിന്നെ ഞാന്‍ എന്തിനാ അവന്റെ അച്ഛന്‍ ആയെ? നീ എന്തിനാ അവന്റെ ചേച്ചി ആയെ? " എന്ന ചോദ്യത്തില്‍ എല്ലാമുണ്ട്.

എങ്ങനെ തുടങ്ങുന്നു?

                         ഒപ്പം പഠിച്ചതോ ഒപ്പം ജോലി ചെയ്യുന്നതോ ഒപ്പം യാത്ര ചെയ്യുന്നതോ ഒക്കെ സൌഹൃദത്തിന്റെ തുടക്കമാവാം. ഇതൊന്നുമല്ലാതെ 'അത്ഭുതമായി  മുള പൊട്ടുന്ന' സൌഹൃദങ്ങളും ഉണ്ട്. ഒരു 'frequency match' ഇതിലുണ്ട്. അത് എന്തെന്ന് എനിക്കിനിയും മനസ്സിലായിട്ടില്ല. സാക്ഷാല്‍ ഒടയ തമ്പുരാന് മാത്രം അറിയാവുന്ന എന്തോ ഒന്ന്  ! (യുക്തി വാദി സുഹൃത്തുക്കള്‍ ക്ഷമിക്കുക) വളരെയേറെ വ്യത്യസ്ത ജീവിത വീക്ഷണങ്ങള്‍ ഉള്ളവര്‍ സൌഹൃദത്തില്‍ കഴിയുകയും പരസ്പരം വിട്ടുവീഴ്ച ചെയ്യുകയും സാധാരണം.

അതിര്‍ വരമ്പുകള്‍?

                        സുഹൃത്ത് ബന്ധങ്ങള്‍ക്ക് അതിര്‍ വരമ്പുകള്‍ വേണോ? നമ്മുടെ ഇതര ബന്ധങ്ങളെ അത് ബാധിക്കുമോ? ഇതിന്റെ ദീര്‍ഘമായ സാമൂഹ്യ ശാസ്ത്ര വിശകലനം ഇവിടെ നടത്തുന്നില്ല. സുഹൃത്തുക്കളെ കുടുംബത്തോടിണക്കി നീങ്ങുക എന്നതാണ് എന്റെ പക്ഷം. (പടന്ന ക്കാരന്‍ വിയോജിക്കുമോ? http://wwwpadanna.blogspot.in/2012/01/blog-post_27.html ) സമയത്തെ നന്നായി വിഭജിക്കുമ്പോള്‍ ആര്‍ക്കും പരാതി ഇല്ലാതെ നീങ്ങും. പിന്നെ, അല്പം പരാതിയും പരിഭവവും ഇല്ലേല്‍ എന്ത് ജീവിതം..അല്ലെ?

നഷ്ടമായാല്‍..?

                              വലിയ സുഹൃത്തുക്കള്‍ ബാധ ശത്രുക്കളായി മാറുന്നത് നാം കണ്ടിരിക്കും. അമിത പ്രതീക്ഷകളും എന്റെ മാത്രം എന്ന വീക്ഷണവും മറ്റു ബന്ധങ്ങളുടെ ഇടപെടലും ഒക്കെ ഇതിലേക്ക് നയിക്കാറുണ്ട്. ഇണക്കം എത്രയാണോ അത്രമേല്‍ പിണക്കമാണ് കണ്ടു വരിക. ഇത്തരം നഷ്ട സൌഹൃദങ്ങളെ ഉദാഹരിച്ചു സൌഹൃദമേ വേണ്ട എന്ന് പോലും തീരുമാനിക്കുന്നവര്‍ ഉണ്ട്. നാം നഷ്ടപ്പെടുതുന്നതല്ലാതെ വിധി നമ്മില്‍ നിന്നും തട്ടിയെടുക്കുന്ന സൌഹൃദങ്ങളും നമ്മില്‍ വിങ്ങുന്ന ഓര്‍മ്മകള്‍ ആകുന്നു. ഇങ്ങനെ മനസ്സു ഇടയ്ക്കു വിങ്ങിയില്ലേല്‍ നാം മനുഷ്യരോ?

ഞാനല്ല അവനാണ്..?

                          നില നിരത്താത്ത   ബന്ധങ്ങളെ പറ്റി നാം പൊതുവേ പരാതി പറയുക ഇങ്ങനെ ആണ്. സ്വന്തം തെറ്റുകള്‍ കാണാന്‍ കഴിയില്ലലോ? "ഞാന്‍ എത്ര തവണ വിളിച്ചിട്ടും അവന്‍ ഒരിക്കല്‍ പോലും തിരിച്ചു വിളിച്ചില്ല.." എന്ന പരാതി പൊതുവേ ഉണ്ട്. ചിലര്‍ വലുതായി മാറി പോകും. ആ മാറ്റം അവര്‍ തിരിച്ചറിയും പോഴേക്ക് വൈകും. അവര്‍ക്ക് എല്ലാ സൌഹൃദങ്ങളും നഷ്ടമാകും. അവരെ വിടാനേ  കഴിയൂ. നമുക്ക് പ്രിയപ്പെട്ടവരെ അവരിലൊരാളായി കാണാന്‍ നമൂക്കു ഇഷ്ടമല്ലല്ലോ? അതിനാല്‍ അവരെ പഴയ മട്ടക്കാന്‍ നിരന്തര ശ്രമം വേണം. എന്നിട്ടും കഴിഞ്ഞില്ലെങ്കില്‍ മാത്രം വിടുക.

എന്റെ സൌഹൃദങ്ങള്‍..

                              പൊതു രംഗത്ത്‌ എന്നെ കൈ പിടിച്ചു നടത്തി ഒടുവില്‍ വ്യ്ദ്യുതി ആഘാതം ഏറ്റു മരണപ്പെട്ട  അനി പോറ്റി,  കലാലയ ജീവിതത്തില്‍ ഒപ്പമുണ്ടായിരുന്ന രോഗിയായി മരിച്ച അശ്വനി, അപകടം എടുത്തു മരണത്തില്‍ എത്തിച്ച ബിജു ...... അങ്ങനെ വിധി തട്ടിയെടുത്ത സുഹൃത്തുക്കള്‍ നൊമ്പരപ്പെടുത്തുന്നു. ബാല്യം മുതല്‍ ഇക്കാലം വരെ ഒപ്പം പഠിച്ചതും നടന്നതും ജോലി ചെയ്തതുമായ ആളുകളില്‍ കുറെ അധികം പേരെ നിരന്തര 'ശല്യം' ചെയ്തു ആശയ വിനിമയം നടത്തി ഒപ്പം കൂട്ടുവാന്‍ ശ്രമിക്കുന്നു. ട്രെയിന്ല്‍ ഒരിക്കല്‍ ഒരുമിച്ചു യാത്ര ചെയ്തു പിന്നേ ഒരിക്കല്‍ കൂടി മാത്രം കണ്ട ആള്‍  എന്റെ നിതാന്ത സൌഹൃദ ലിസ്റ്റില്‍ ഉണ്ട്. നെറ്റില്‍ തപ്പി കിട്ടിയ ഏറെ വിലപ്പെട്ട സൌഹൃദമാണ് ഈ ബ്ലോഗിലേക്ക് തന്നെ എത്തിച്ചതെന്നും ഓര്‍ക്കുന്നു.  ബ്ലോഗിലൂടെ ഇനി കിട്ടുന്നതും ഇപ്പൊ കിട്ടിയതുമൊക്കെ സൌഹൃദങ്ങള്‍  മുത്തായി സൂക്ഷിക്കുവാന്‍ ഞാന്‍  ഒരുങ്ങുന്നു.

Saturday, 10 November 2012

സര്‍വ്വം സഹ

 
(1988  ല്‍ കോളേജ് മാഗസിനില്‍ പ്രസിദ്ധീകരിച്ചത്)
പതിയെ തന്നെ നിനച്ചിരിക്കയോ ദേവി
നിന്നശുഭ വസന്തത്തെ പഴിക്കയോ
ഇഷ്ട പുത്രര്‍ നിനക്കലിഞ്ഞെകിയോ-
രിഷ്ട നൈവേദ്യത്തെ നോക്കി ത്തപിക്കയോ?


ഒരു 'ശിമ്ശിപ' തേടി ഉള്ളോഴിഞ്ഞുറയാന്‍
ഒരു വിശ്വാശ്രമത്തെ തേടി പിടിക്കുവാന്‍
ചാല് വറ്റിയ കണ്നീരുരവയുമായി
വൃഥാ വിലപിക്കയോ ദേവി, ഭൂമീ സര്‍വ്വം സഹ !


ക്ഷുത്തല്ല, ക്ഷുദ്ര കാപട്യം തന്നുടെ
ഉഗ്രമാം താണ്ഡവം ഉള്ളില്‍ നടക്കവേ
ഉയിരിനെ നോക്കി പരിഹസിക്കയോ സൂര്യ
സന്ധ്യകള്‍ നിന്നെ കേടുത്തുവോളം 


വെള്ളരി പ്രാവിന്റെ ചിറകു കരിഞ്ഞുവോ?
ശുഭ്രത പോയൊരാ പക്ഷങ്ങള്‍ മഞ്ഞുവോ?
പതിയെ തേടി നിന്‍ ജന്മം തിരുത്തുമോ
ക്ഷിപ്ര കോപിയാം ദേവി, ഭൂമീ സര്‍വ്വം സഹ !


അണുവിനെ പിളര്‍ക്കാന്‍ അഗ്നി തേടി
നിന്നന്തര്‍ ഭാഗത്ത് കുടിയിരിപ്പവര്‍ ഞങ്ങള്‍
വിധിയില്‍ പഴി ചാരി ഞങ്ങളെ ചുമക്കയോ
അവിഹിത സന്താനത്തെ 'പിഴച്ചവള്‍' എന്ന പോല്‍


വീണ്ടും കുരുക്ഷേതം ഓതിത്തളരവേ

നിന്റെ നെഞ്ചിന്‍ മുലപ്പാലിനായ്  ഞങ്ങള്‍
കേഴുന്നു, ഞങ്ങള്‍, മുടിയരം നിന്‍ പുത്രര്‍
സ്നേഹ കരംഗുലിയാല്‍ ആട്ടി ഉറക്കുമോ !


വായിച്ചതിനെ പറ്റി (2010 ) - ഒന്ന് - നോവ്‌ ഉണര്‍ത്തിയ നോവലുകള്‍


(വായിക്കുന്ന പുസ്തകങ്ങളുടെ കുറിപ്പുകള്‍ എഴുതി സൂക്ഷിക്കുന്ന പതിവ് പണ്ടെപ്പോഴോ ഉണ്ടായിരുന്നു..ക്രമേണ അത് നഷ്ടമായി ..പിന്നെ അത് മടക്കി കൊണ്ടുവന്നത് 2010  ല്‍ ആണ്. ഇപ്പോഴും തുടരുന്നു..ഓരോ വര്‍ഷത്തെയും വായനയുടെയും ആവര്‍ത്തന വായനയുടെയും കുറിപ്പുകള്‍ ബ്ലോഗില്‍ എഴുതാന്‍ ശ്രമിക്കുന്നു. നോവല്‍, കഥ, കവിത,  വൈജ്ഞാനിക  സാഹിത്യം എന്നിങ്ങനെ  വ്യത്യസ്ത തലക്കെട്ടുകളില്‍. 2012 വരെയുള്ള കുറിപ്പുകള്‍ ഘട്ടം ഘട്ടമായി ബ്ലോഗ്ഗിക്കൊണ്ട് തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ തുടരാം എന്ന പ്രതീക്ഷയാണ്..)

ഉള്ളില്‍ ഉള്ളത് സി രാധാകൃഷ്ണന്‍ 

                       തലച്ചോറിന്റെ ഉള്ളില്‍ ഉള്ളതിനെപ്പറ്റി നേരത്തെ എഴുതപ്പെട്ട ഈ കൃതി വായിക്കാന്‍ ഇത്ര വൈകിയതെന്തേ എന്നാണ് ആദ്യം തോന്നിയത്. ഒത്തിരി നാളുകള്‍ക്കു ശേഷം ഒറ്റയിരിപ്പിനു വായിച്ചു തീര്‍ത്ത കൃതി. നാനൂറില്‍ പരം പേജുകള്‍. സയന്‍സും വിവര സംകേതിക വിദ്യയും രാഷ്ട്രീയവും ഇതില്‍ സമഞ്ജസമായി ചേരുന്നു. ഭഗവത് ഗീതയുടെ സ്വാധീനവും ചേരുവയാകുന്നു. സി രാധാകൃഷ്ണന്റെ അനിതര സാധാരണമായ വാക്കുകളുടെ ഭംഗി എന്നെ മുന്‍പും വിസ്മയിപ്പിച്ചിട്ടുണ്ട്‌. ആദ്യന്തം ഉല്‍ കന്ടയുടെ മുള്‍മുനയില്‍ വായനക്കാരെ നിര്‍ത്തുന്നത് മാത്രമാണോ ഇതിന്റെ സവിശേഷത ? അതോ സയന്‍സ് ന്റെ ജനകീയ മുഖത്തെയും ഭീകര മുഖത്തെയും താരതമ്യം ചെയ്യുന്നതോ? നിരീക്ഷണങ്ങളും രേഖപ്പെടുത്തി സൂക്ഷിക്കേണ്ട വാചകങ്ങളും അടങ്ങിയ ഉദാത്ത കൃതി.

 ആത്മ തീര്‍ഥങ്ങളില്‍ മുങ്ങി നിവര്‍ന്നു ഡോ ഖദീജ മുംതാസ്

              ഭിഷഗ്വര ആയ എഴുത്തുകാരിയുടെ ആദ്യ കൃതി. പ്ലസ്‌ ടു വിദ്യാര്‍ഥി ആയ മകന്റെ തൂലികാ സുഹൃത്തായ ശരത് പതിയെ പതിയെ തനിക്കു പുത്ര തുല്യന്‍ ആകുന്നതും മനസ്സില്‍ കുടിയിരിക്കുന്നതും മാതാവായ ഡോക്ടര്‍ അറിയുന്നു. ശരത് പറയുന്ന കഥകള്‍ വല്ലാതെ നൊമ്പരപ്പെടുതുന്നതും കരള്‍ പിളര്ക്കുന്നതും.. ഒടുവില്‍ അതേ ശരത് ഒരു പ്രഹേളിക ആവുന്നതും ഡോക്ടര്‍ അറിയുന്നു.. അപ്രത്യക്ഷനായ ശരത്തിനെ തേടി നമ്മുടെ മിഴികളും...

അതിരുകള്‍ കടക്കുന്നവര്‍ - സി രാധാകൃഷ്ണന്‍

              പ്രകൃതിയോടു ഇണങ്ങി ജീവിക്കുന്ന ഉണ്ണി എന്ന സാധാരണക്കാരന്റെ കഥ പറയുന്നു. പുതു പണക്കാര്‍ പഴയവക്കൊക്കെ വില പേശുന്ന കാലം.. വീടും മരവുമൊക്കെ വിട്ടു ദൂരെ നഗരത്തില്‍ സുഖായി കഴിയാന്‍ ക്ഷണിച്ചവരോട്   " വിടെ എനിക്ക് പരമ സുഖം" എന്ന് പ്രതികരിക്കുന്ന ഉണ്ണി മനസ്സില്‍ നില്‍ക്കുന്നു 

വിരല്‍ സ്പര്‍ശം - സി പിന്റോ

                    അജയന്‍ എന്ന ഗുമസ്തന്‍ നമ്മില്‍ നൊമ്പരം ഉണര്‍ത്തുന്നു.. നിസ്സഹായയായ നിര്‍മലയും.. ഒട്ടേറെ എഴുത്തുകാര്‍ പറഞ്ഞ സാധാരണക്കാരുടെ കഥ. ഇതൊക്കെ വീണ്ടും പറഞ്ഞും ചൊല്ലിയും ഇരുന്നില്ലേല്‍ നമ്മിലെ സാധാരണക്കാരന്‍ മരിച്ചു പോകും അതിനാല്‍ ഇത്തരം കഥകള്‍ തുടരട്ടെ..

നഗ്നനായ തമ്പുരാന്‍ - എം മുകുന്ദന്‍

               ഒരു ചെറു നോവല്‍. സാധരണ മുകുന്ദന്‍ ശൈലിയില്‍ നിന്ന് വ്യത്യസ്തം. സാമൂഹ്യ  മൂല്യങ്ങളോ വിമര്‍ശങ്ങലോ ഇല്ല.. രസിക്കാനായി ഇത്തരം കഥകളും വേണ്ടേ?

ഞങ്ങള്‍ അടിമകള്‍ - സേതു

                         നമ്മുടെ പരമ്പരാഗത സങ്കല്പങ്ങളും വിശ്വാസങ്ങളും അവക്കടിമയായ ജനതയും എക്കാലവും എഴുത്തിനു വിഷയമായിട്ടുണ്ട്. ഭര്ത്താവ് കുല ദേവതയുടെ അടിമ എന്ന് സ്വയം അവകാശപ്പെടുമ്പോള്‍ ഭാര്യ അനുഭവിക്കുന്നതെന്തെന്നു ഊഹിക്കാമല്ലോ? കഥയുടെ ഗതി വിഗതികള്‍ ഈ വിശ്വാസത്തെ ആധാരമാക്കി നീങ്ങുന്നു.

തടാക തീരത്ത് - ഇ ഹരി കുമാര്‍

                        കല്കത്തയുടെ പശ്ചാത്തലത്തില്‍ പ്രണയവും രതിയും ചേര്‍ത്ത് എഴുതിയ നോവല്‍. തികഞ്ഞ ഗ്രമീനനായ രമേശന്‍ നഗരത്തിലെതുന്നതും നഗരം പതുക്കെ അയാളെ വിഴുങ്ങുന്നതും പ്രമേയം.

അഗ്നിയെ ചുംബിച്ച ചിത്രശലഭം - സി പിന്റോ

                       ജീവിതം ആണല്ലോ കഥകളുടെ ഉറവിടം. ശലഭത്തിന്റെ ജീവിതം നമ്മുടെ മുന്‍പില്‍ നേര്‍ കാഴ്ചയാണ്. വിളക്കില്‍ വെളിച്ചം തേടി അണഞ്ഞു എരിഞ്ഞടങ്ങുന്ന ജീവിതം. മര്‍ത്യ ജീവിതവും വ്യത്യസ്തമല്ല. അത്തരം ഒരു ജീവിത കഥ എവിടെ പകര്‍ത്തുന്നു.

കല്‍ താമര - ജോര്‍ജ് ഓണക്കൂര്‍

                       അമ്മയും മകനും തമ്മിലുള്ള ഹൃദയ ഹാരിയായ ബന്ധം പറയുന്ന നോവല്‍. അമ്മ പെറ്റമ്മ അല്ലെന്നും പോറ്റമ്മ ആണെന്നും ഒടുവില്‍ തിരിച്ചരി  യുംബോഴും ആ ബന്ധത്തിനു  ഇളക്കം തട്ടുന്നില്ല. ബന്ധങ്ങളെ പറ്റിയും നാം ആവര്‍ത്തിക്കണം.അഭിശപ്തമായ ഈ കാലഘട്ടത്തില്‍ ഇതൊക്കെ ഉണര്‍ത്തുകയും ഓര്‍ക്കുകയും ചെയ്യേണ്ടതാണ്.

ബഹു വചനം - എന്‍ പ്രഭാകരന്‍ 

                             ഒരാള്‍  അയാളെ തന്നെ മറന്നു പോകുന്ന അവസ്ഥയെപ്പറ്റി എഴുതപ്പെട്ട നോവല്‍. ഒടുവില്‍ പുതു ജീവിതം ആവര്‍ത്തിക്കുന്നു (Ctrl-Alt-Del കൊടുത്തു ജീവിതം ഒന്നേ എന്ന് തുടങ്ങുന്നത് ഒന്നോര്‍ത്തു നോക്കൂ.) എന്നിട്ടും കുറെ കഴിഞ്ഞു 'പൂരവാശ്രമം' അയാള്‍ക്ക് ഓര്‍മ്മ വരുന്നു. തുടര്‍ന്നുള്ള പുകിലുകള്‍ ഇതിനെ രസകരമാക്കുന്നു.

പുറമ്പോക്ക് - ഇ വാസു

                            അതേ..പുറമ്പോക്ക് കാരുടെ ജീവിത കഥ. വായന സുഖം നല്‍കുന്നില്ല. പക്ഷെ ശ്രദ്ധേയമായ പ്രമേയം. 

ധാത്രി കുട്ടി എഴുതുന്നു - എ സി രാജാ

                          സ്മാര്‍ത്ത വിചാരത്തിന്റെ പശ്ചാത്തലത്തില്‍ എഴുതപ്പെട്ട ഈ കൃതിക്ക് ചരിത്ര പ്രാധാന്യം തോന്നി; എന്നാല്‍ വലിച്ചു നീട്ടിയതയും. അക്കാലത്തെ സാമൂഹ്യ വ്യവസ്ഥിതിയെപറ്റി ഓര്‍ക്കാന്‍ ഇത്തരം വായന  ഉപകരിക്കും.

ഗില്‍ ഗാമേഷിന്റെ ഇതിഹാസം - രാജ ഗോപാല്‍ കമ്മത്ത്

                അയ്യായിരം വര്ഷം മുന്‍പ് എഴുതപ്പെട്ട ഒരു വീരേതിഹാസം. മൃത്യു വിനെ വരിക്കാന്‍ മടിച്ചു, അതി ജീവിക്കാനുള്ള മനുഷ്യ പുറപ്പാടാണ് പ്രമേയം.

ചരിത്രത്തില്‍ ഇല്ലാത്തവര്‍ - ബിമല്‍ മിത്ര - വിവ. രവി വര്‍മ

                    ബംഗാളി നോവല്‍. സ്വാതന്ത്ര്യ സമര പ്രക്ഷോഭത്തിന്റെ ഈറ്റില്ലമായ ബംഗാളില്‍ നിന്നും ഒരു എട്. താരകാനും അളകനും ഉള്‍പ്പെടെ മനസ്സില്‍ തങ്ങി നില്‍ക്കുന്ന കഥ പാത്രങ്ങള്‍. ത്യാഗ നിര്‍ഭരമായ ഒരു കാലത്തിന്റെ കഥ. അറിയപ്പെടുന്ന ചരിത്രത്തിനു പിന്നില്‍ ചരിത്രമില്ലാത്ത എത്രയോ പേര്‍.

യൂദാസിന്റെ സുവിശേഷം - കെ ആര്‍ മീര

                      അടിയന്തരാവസ്ഥയുടെ പശ്ചാത്തലത്തില്‍ എഴുതപ്പെട്ട നോവല്‍. അതിന്റെ ഒരു സ്ത്രീ കാഴ്ച എന്ന് പറയാം. നക്സലിസവും അതിനോടുള്ള ആരാധനയും, വ്യതിച്ചലനവും ഒക്കെ പ്രമേയം. ശ്രദ്ധേയമായ അവതരണം.

വുതരിംഗ് ഹൈറ്റസ് - എമിലി ബ്രോന്ദ് - വിവ. പ്രേംനാഥ് ചമ്പാട്

                    പതിനെട്ടാം നൂറ്റാണ്ടില്‍ എഴുതപ്പെട്ട നോവല്‍. ആ  താല്‍പര്യത്തില്‍ വായിച്ചു. ഹൃദ്യമായി അനുഭവപ്പെട്ടില്ല.

ചൂണ്ടു വിരല്‍ ഒരു പ്രളയ പേടകം - ജോയല്‍

                    പോരാട്ടവും പ്രണയവും വിപ്ലവവും ഇഴുകി ചേര്‍ന്ന ഒരു പുതുമയുള്ള പ്രമേയം. ക്ലാസിക്കല്‍ കൃതികളുടെ ശൈലിയില്‍ അവതരണം.

സൂപ്പെര്‍ സ്പേഷ്യലിട്ടി ഹോസ്പിറ്റല്‍  - എം ഗോപി നാഥന്‍ നായര്‍

                             പേര് സൂചിപ്പിക്കും പോലെ ആതുര സേവന മേഖലയില്‍ കച്ചവടവും ആദര്‍ശവും തമ്മിലുള്ള പോരാട്ടം ആണ് പ്രമേയം. ഏതാണ് ഇക്കാലത്ത് വിജയിക്കുക എന്നറിയാലോ? അവതരണത്തില്‍ വലിയ പുതുമ അവകാശപ്പെടാനില്ല. വായിച്ചു തീര്‍ക്കാവുന്ന നോവല്‍.

വെളിച്ചത്തിലേക്ക് തുറക്കാത്ത വാതിലുകള്‍ - അജയന്‍

                       ഉണ്ണി കൃഷ്ണന്‍ എന്ന എഴുത്തുകാരനായ കഥാപാത്രത്തിലൂടെ അവതരണം. പ്രണയവും മറ്റു ജീവിതവസ്തകളും ആവിഷ്കരിച്ചിരിക്കുന്നു. വായനാ സുഖമുള്ള നോവല്‍.

മണ്‍സൂണ്‍ - പി ആര്‍ നാഥന്‍

                          ഒരു ബംഗ്ലാവിന്റെ പശ്ചാത്തലത്തില്‍ എഴുതപ്പെട്ട നോവല്‍ ഹൃദ്യമായി അവതരിപ്പിച്ചിരിക്കുന്നു. ഭാര്യാ ഭാര്താക്കളുടെ പൊരുത്ത കേടുകള്‍; അവര്‍ക്കിടെ എത്തി പറ്റുന്ന മറ്റുള്ളവര്‍ അങ്ങനെ കഥ വികസിക്കുന്നു. ഒറ്റയിരുപ്പിന്‍ വായിക്കാവുന്ന കൃതി.

യാത്ര പറയാതെ - എം രാഘവന്‍

                    പതിവ് കഥ. മുതലാളി, വേലക്കാരി അങ്ങനെ ..അല്പം വ്യത്യസ്തമാക്കാന്‍ ശ്രമിച്ചിട്ടുണ്ട്. പക്ഷെ ..

ചിതറി പോയ വഴികളില്‍ ഒറ്റയ്ക്ക്  ഒരാള്‍ - ബിന്ദു രതീഷ്‌

            അച്ഛന്റെ ആദര്‍ശ നിഷ്ഠ ഇഷ്ടപ്പെടാത്ത മകന്‍ അച്ഛന്റെ ശത്രുക്കള്‍ക്ക് കരു ആകുന്നതും അച്ഛനെ അപായപ്പെടുത്താന്‍ തന്നെ കൂട്ട് നില്‍ക്കുന്നതും ആവിഷ്കരിച്ചിരിക്കുന്നു. അവതരണത്തില്‍ ഒട്ടു വിജയിച്ചു എന്ന് പറയാം ഈ പുതു മുഖം.

മക്കളെ കണ്ടും മാംബൂ കണ്ടും - ആശ

                       പണ്ടേ ഉള്ള ഇതിവൃത്തം. ദാരിദ്ര്യത്തില്‍, ത്യാഗം സഹിച്ചു വളര്‍ത്തി വലുതാക്കിയ മകന്‍ തങ്ങും തണലും ആകുന്നില്ല എന്ന് തന്നെ കഥ. നന്നായി പറഞ്ഞിരിക്കുന്നു.

റെയില്‍വേ കുട്ടികള്‍ - ഈഡിസ് നെസ്ബിറ്റ്

                  അതീവ ഹൃദ്യം. ബാല മനസ്സിന്റെ ചിന്തകളിലൂടെ നമ്മെ കൂട്ടി കൊണ്ട് പോകുന്നു. ഒരു കുട്ടിയുടെ കുറ്റവാളിയായ അച്ഛന്‍ വരുന്നതും കാത്തു കുട്ടി ഇരിക്കുന്നതും, പ്രമാദമായ കേസില്‍ രക്ഷ പെടുത്താന്‍ ശ്രമിക്കുന്നതും, മനസ്സില്‍ തട്ടും വണ്ണം പറഞ്ഞിരിക്കുന്നു.

തേവാരം - പെരുമ്പടവം ശ്രീധരന്‍

സ്ഥിരം പെരുമ്പടവം ശൈലി നോവല്‍. ബ്രാഹ്മണ തറവാട് ഇക്കുറി ആധാരം. പരുക്കന്‍ ജീവിത യാധാര്ത്യങ്ങളോട് മല്ലടിച്ച് നീങ്ങുന്ന ജീവിതം തന്നെ പ്രമേയം.