Tuesday, 21 May 2013

നോവിന്റെയും നേരിന്റെയും അത്ഭുത ജീവിതത്തിലൂടെ

 

 

(പുസ്തക പരിചയം: - ജീവിതമെന്ന അത്ഭുതം - 

ഡോ വി പി ഗംഗാധരൻ, കെ എസ്  അനിയൻ - 

ഡി സി ബുക്സ് 212 പേജുകൾ വില 125 രൂപ )

               ക്രൂരവും ദീനവുമായ ജീവിത കാഴ്ചകൾ നേർക്ക്‌ നേരെ പാഞ്ഞടുക്കുന്ന ഘട്ടങ്ങൾ ഒത്തിരി കണ്ടു തഴമ്പിച്ച ഒരു ഭിഷഗ്വരൻ മുരടനായി മാറേണ്ടതാണ്.  എന്നാൽ ഗംഗാധരൻ ഡോക്ടർ അങ്ങനെ ആയില്ലെന്ന് ആ സാന്ത്വന സ്പർശം ഏറ്റ ഓരോ രോഗിയും കൂട്ടിരുപ്പുകാരനും പറയുന്നു. ഈ പുസ്തകവും അതേറ്റു ചൊല്ലുന്നു.

       ഡോക്ടർ പറയുന്ന പോലെ മൂന്നിലോന്നാളുകൾ സുഖപ്പെടുന്ന ഈ രോഗത്തെ എന്തെ ഇത്ര വെറുക്കുന്നു? രോഗികളിൽ ചിരിച്ച മുഖം കാണാൻ കൊതിച്ച ഡോക്ടർ കണ്ട മുഖങ്ങളിൽ  പ്രത്യാശയുടെ തീനാളങ്ങൾ ജ്വലിക്കുന്നു.  ഇങ്ങനെ മരണത്തെ തോല്പിച്ചവരെ മാറോട് ചേർത്ത് പിടിച്ചു ഡോക്ടർ തരുന്ന സന്ദേശം സ്നേഹത്തിന്റെ ഉജ്ജ്വല സന്ദേശമാണ്. കാരുണ്യത്തിന്റെ വറ്റാത്ത ഉറവയായി നമ്മുടെ മനസ്സുകൾ മാറ്റണം എന്നാണ്. എങ്കിലും ഈ ദീനം മരണത്തിനും ജീവിതതിനുമിടെയിലെ നൂൽപാലത്തെ  ഓർമ്മിപ്പിക്കുന്നു.  അതിലൂടെ കടന്നു പോയവരും ഒപ്പം ഉള്ളവരും നമ്മുടെ ഹൃദയത്തെ തോട്ടുണർത്തുന്നു.  മാതൃത്വം എന്ന മഹനീയ പദവി വഹിക്കുന്നവരും സ്വാർത്ഥരാവുന്ന അപൂർവ കാഴ്ചകളും   നാം കാണുന്നു. അതെ സമയം സ്വന്തം ദുഖത്തെ പാടെ മറന്നു അന്യരുടെ കണ്ണീരൊപ്പുന്ന കഥാപാത്രങ്ങളെയും ഇതിൽ നാം കണ്ടു മുട്ടുന്നു. 

           നെഞ്ചിടിപ്പിന്റെ പിന്നണിതാളത്തോടെയല്ലാതെ ഈ പുസ്തകം വായിച്ചു തീർക്കുക സാധ്യമല്ല.  നെഞ്ചകം കൊളുത്തി വലിക്കുന്ന ഭാഷയിലാണ് കെ എസ് അനിയൻ ഇത് എഴുതി പിടിപ്പിച്ചിരിക്കുന്നത് . ഇതിലെ പരാമർശിതർ നമ്മുടെ ആരോ ഒക്കെയായി മാറുന്നത് ഭാഷയുടെ മാന്ത്രിക സ്പർശം ഒന്ന് കൊണ്ട് തന്നെ ആണ്.  ജീവിതം ഗ്രന്ഥ നാമം സൂചിപ്പിക്കുന്നത് പോലെ ഒരു അത്ഭുതം തന്നെ എന്ന് ഈ പുസ്തകം വായിക്കും തോറും നാം ബോധ്യപ്പെട്ടു തന്നെ ഇരിക്കും.  മകളുടെ രോഗ കിടക്കയിൽ കാത്തു നിന്ന അച്ഛൻ മരണം വന്നു മാടി വിളിച്ചപ്പോൾ പോവുകയും, രോഗം സുഖപ്പെട്ട മകളോട് അത് ചൊല്ലാൻ ഡോക്ടർ തന്നെ നിയോഗിതനായതും ഈറൻ മിഴിയോടല്ലാതെ ആർക്ക് വായിച്ചു പോകാൻ കഴിയും? രണ്ടു നാൾ മാത്രം ഒപ്പം കഴിഞ്ഞ പത്നിക്കു വേണ്ടി ത്യാഗം ചെയ്ത പ്രവാസി യുവാവിനെ മനസ്സാ നമിക്കാതെ ആർക്ക് ഈ പുസ്തകം താഴെ വക്കാൻ കഴിയും? ഭിക്ഷയെടുത്തു കുടുംബം പോറ്റുമ്പോഴും 'മറ്റുള്ളവർക്കായി സ്വയം കത്തി എരിയുന്ന സു സനേഹ മൂർത്തിയെ' ആർക്ക് വിസ്മരിക്കാൻ കഴിയും? രോഗം തന്റെ കൂട് വിട്ടകന്നപ്പോൾ രോഗികൾക്കായി ചെയ്യുന്ന സേവനം പ്രതിഫലത്തിന്റെ തോതനുസരിച്ചെന്നു തീരുമാനിക്കപ്പെടുമ്പോൾ അതോർത്ത്  വ്യാകുലപ്പെടാതിരിക്കാൻ ആർക്ക് സാധിക്കും? ഉദാത്ത ദാമ്പത്യത്തിന്റെ മാതൃകകളും വാശിയുടെയും വൈരാഗ്യത്തിന്റെ പ്രതീകങ്ങളും രോഗികൾക്കിടയിൽ കാണുമ്പോൾ മനുഷ്യ മനസ്സ് എത്ര ദുരൂഹം എന്ന് ചിന്തിക്കാതിരിക്കാൻ ആർക്കും പറ്റില്ലല്ലോ?  

                ഭിഷഗ്വരന്മാരുടെ സാമ്പത്തിക അവസ്ഥയെ പറ്റി നമ്മുടെ മുന്നില് ഉള്ള പൊതു ചിത്രം, പള പള പ്പിന്റെതും ആർഭാടത്തിന്റെതും ആണ്. എന്നാൽ ഡോക്ടറുടെയും അദേഹത്തിന്റെ ഗുരുക്കന്മാരുടെയും , രോഗികളായി മാറിയ ഈ പുസ്തകത്തിൽ പരിചയപ്പെടുത്തുന്ന ഡോക്ടർമാരുടെയും സ്ഥിതി ഇതല്ല. ഇതൊരു കാലഘട്ടത്തെ അടയാളപ്പെടുത്തുക കൂടിയാവാം. ഇതിനിടെ എത്തുന്ന ഡോക്ടറുടെ സ്കൂട്ടർ, കാർ എന്നീ  കഥാപാത്രങ്ങളും നമ്മെ രസിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്നു. ഈയിടെ വായിച്ച ഡോ പി കെ ആർ വാര്യർ എന്ന ജനകീയ ഡോക്ടറുടെ ആത്മകഥ ഓർമ്മ വരുന്ന.

                രോഗിയുടെ കൂട്ടിരിപ്പുകാർ അനുഭവിക്കുന്ന ആത്മ സംഘർഷം ചിലപ്പോഴെങ്കിലും നേരിട്ട് കണ്ടിട്ടുണ്ട്.  പ്രായമേറിയ ഒരു അച്ഛൻ മകനൊപ്പം ആർ  സി സി യിൽ ദീർഘ നാൾ കഴിഞ്ഞതും, ഒടുവിൽ മകന്റെ ചിത എരിഞ്ഞടങ്ങി, അതിനു സമീപം ഉറക്കം വരാതെ ചെസ്സ് കളിയിൽ മുഴുകി 'ആശ്വസിച്ച' ദൃശ്യം ഇന്നും നേർ മുന്നിലുണ്ട്.  ആ യുവാവിന്റെ ശോഷിച്ച ശരീരം ഒട്ടേറെ നാൾ കണ്ടു 'ആകവേ രക്ത നാഡീ സ്തോമം സ്തംഭിച്ച' അവസ്ഥ ആകാം അത്.  ഇവിടെയും രോഗിയായ മക്കളെ അവഗണിച്ചു ആരോഗ ദൃഡ ഗാത്രരായ മക്കളെ പോറ്റി മുന്നോട്ടു നീങ്ങുന്ന പ്രായോഗിക ബുദ്ധിയും (?!?) ചിലരിൽ കാണുന്നു. 

               ഈ രോഗത്തെ പറ്റിയുള്ള അന്ധ വിശ്വാസങ്ങളും തെറ്റി ധാരണകളും ഒക്കെ ഇതിൽ ഇടയ്ക്കു പ്രതിപാദിച്ചു പോകുന്നു.  പ്രമുഖ ബ്ലോഗ്ഗർ നിരക്ഷരൻ എഴുതിയ പുസ്തക പരിചയത്തിൽ പറഞ്ഞ കാര്യങ്ങൾ ആവർത്തിക്കുന്നില്ല.  

               രോഗത്തെ പറ്റി  എന്റെ പുസ്തക ശേഖരത്തിൽ ഉള്ള ഗ്രന്ഥങ്ങളെ കൂടി പരിചയപ്പെടുത്തുന്നു 

1. CANCER - S M BOSE - NATIONAL BOOK TRUST INDIA 

2. PAIN & ITS MANAGEMENT - SUGANDHA A KARAPURKAR - 
NATIONAL BOOK TRUST INDIA

3. ALL ABOUT PROSTATE CANCER - THE WEEK

4.  കാൻസർ ബയോളജി - ഡോ മാത്യൂസ് ഗ്ലോറി - ഡി സി

Thursday, 28 March 2013

ബേപ്പൂര്‍ സുല്‍ത്താനെ കണ്ട കഥ



                                                                                                 
   1992 മെയ്‌ 1
                                                                                                          ബേപ്പൂര്‍

   ഇന്നത്തെ ദിനം അവിസ്മരണീയം.
   

                ഇന്നാണ് ഒട്ടേറെ വായിച്ചറിഞ്ഞ ബേപ്പൂര്‍ സുല്‍ത്താനെ നേരിട്ട് കാണാന്‍ കഴിഞ്ഞത്. ബേപ്പൂരില്‍ വൈലാല്‍ വീട് അന്വേഷിച്ചു എത്തി ചേര്‍ന്നത്‌ ഒരു മാളികയില്‍. വീട് അതെന്നു കരുതി അവിടെ ചെന്നപ്പോള്‍ "മൂപ്പര്‍ ഇതിന്റെ പുറകിലെ വീട്ടിലാണ് താമസം. മൂപ്പരെ അന്വേഷിച്ചു എല്ലാരും ആദ്യം ഇവിടാ വരിക.." അവര്‍ പറഞ്ഞു. കാരണം അതൊരു വലിയ വീടാണ്. ബല്യ എഴുത്തുകാരന്‍ ഇമ്മിണി ബല്യ വീട്ടിലാണെന്ന ധാരണയില്‍ ആവാം.

        ചെന്നപ്പോള്‍ ആസ്ത്മാ ബാധിതനായി അദേഹം കട്ടിലില്‍ കമിഴ്ന്നു കിടക്കുന്നു. ശ്വാസം ആഞ്ഞു വലിക്കുന്നു. ഞങ്ങള്‍ പിന്തിരിയാന്‍ ഒരുങ്ങി. കൈ കൊണ്ട് വിലക്കി അദ്ദേഹം കാത്തിരിക്കാന്‍ പറഞ്ഞു. ഞങ്ങള്‍ ക്ഷയോടെ കാത്തിരുന്നു. പതുക്കെ ശ്വാസം മുട്ട് കുറഞ്ഞു വന്നു. ഞങ്ങളെ അടുത്തേക്ക് വിളിച്ചു. ഓരോരുത്തരോടും പേര് ചോദിച്ചു. എല്ലാവരെയും തലയില്‍ കൈ വച്ചനുഗ്രഹിച്ചു.
 
      "അള്ളാഹു തആലാ നിങ്ങളെ അനുഗ്രഹിക്കട്ടെ!" ഒരേ വാചകം...... അന്‍വറി നോടും രാജനോടും സന്തോഷിനോടും നാസറിനോടും എല്ലാം ഒരേ വാചകം...അള്ളാഹു എന്നതിന് പകരം ദൈവം എന്നൊന്നും പ്രയോഗിച്ചില്ല.

         തിരികെ ഇറങ്ങിയപ്പോള്‍ ചെറിയ മുറിയുടെ ചുവരുകളിലും മേശപ്പുറത്തും പുരസ്കാരങ്ങള്‍..ഒരു മേശക്കു മുകളില്‍ 'ബാല്യകാലസഖി' .....മുറ്റത്ത്‌ മാങ്കോസ്ടയിന്‍ മരം, ചാര് കസാല, ഗ്രാമ ഫോണ്‍.  അതില്‍ സൈഗാളിന്റെ  "സോജ രാജ കുമാരി...."  പാടുന്നതായി ഞങ്ങള്‍ സങ്കല്‍പ്പിച്ചു
.
  
         കാലം 1992. അന്ന് നോ മൊബൈല്‍, നോ ഡിജിറ്റല്‍ കാമറ. അതിനാല്‍ 'ഫോട്ടം'  പിടിക്കാന്‍ കഴിഞ്ഞില്ല. എന്നാല്‍ മനസ്സില്‍ പതിഞ്ഞ ഫോട്ടം..അതിപ്പോഴും മനം നിറയെ..

Wednesday, 27 February 2013

നേരമൊട്ടില്ലെന്റെ കൂട്ടുകാരാ........


ആരേം തിരക്കാന്‍ കഴിഞ്ഞില്ലെനിക്കെന്നും
ആകെ തിരക്കാണെന്‍ കൂട്ടുകാരാ...


അമ്മയെ പോലും കാണാന്‍ കഴിയാതെ
ഓട്ടത്തിലാ ണെന്റെ കൂട്ടുകാരാ..


ഉമ്മറത്തൊന്നു ചാഞ്ഞിരുന്നോരോന്നു
മോര്ക്കാനും നേരമില്ല കൂട്ടുകാരാ..

അന്തിയില്‍ ചന്തതന്നോരത്ത് ഒത്തു നാം
കൂടിയ നാളുകള്‍ എവിടെയെന്‍ കൂട്ടുകാരാ..


നല്ല പാതിയുടെ പാതി പരാതിയും
കേള്‍ക്കുവാന്‍ നേരമില്ല കൂട്ടുകാരാ..


മക്കളെ ചാരത്തണച്ചവരോതും
കൊഞ്ചലും കേള്‍ക്കുകില്ല കൂട്ടുകാരാ..


ഗാന്ധിയേം വേദത്തേം നാടിനേം അറിയുവാന്‍
വായന മറന്നു പോയ്‌ കൂട്ടുകാരാ..


ബന്ധവും സ്വന്തവും സൌഹൃദോം നെഞ്ചോട്‌
ചേര്‍ക്കുവാന്‍ തരമില്ല കൂട്ടുകാരാ..

മീറ്റിംഗില്‍, ജാഡയില്‍, വ്യര്‍ത്ഥമാം വേഷത്തില്‍
നേരം തികയില്ല കൂട്ടുകാരാ..


നെഞ്ചു പിളര്‍ന്നു നീ എഴുതും വരികളും
വായിക്കാന്‍ നേരമില്ലെന്‍ കൂട്ടുകാരാ..