Thursday, 19 December 2013

ബ്ലോഗെഴുത്തിനെ വിലയിരുത്തുമ്പോള്‍ - ഭാഗം അഞ്ച്

     
       ബൂലോകത്തെ ഏറെ കാലമായി ശ്രദ്ധേയ എഴുത്തിന്റെ ഉടമകളായ ഫിലിപ്പ് വി ഏരിയല്‍,  നിഷാ ദിലീപ്,  സോണി  എന്നിവര്‍ക്കൊപ്പം ബ്ലോഗില്‍ മനോഹരമായ ഒരു നോവല്‍ എഴുതി വിപ്ലവം സൃഷ്ടിച്ച വി ആര്‍ അജിത്‌ കുമാര്‍ കൂടി ആകുമ്പോള്‍ ഇത്തവണത്തെ ബ്ലോഗ്‌ വിലയിരുത്തല്‍ സാര്‍ത്ഥകം ആകും എന്ന് വിചാരിക്കുന്നു. ബ്ലോഗ്‌ എഴുത്തിനെയും എഴുത്തുകാരേയും പ്രോത്സാഹിപ്പിക്കുന്നത് ദൗത്യമാക്കിയ ശ്രീ. ഫിലിപ്പിന്റെ ഏരിയലിന്റെ കുറിപ്പുകള്‍, ഇ-മഷിയുടെ എഡിറ്റര്‍ കൂടിയായ  ശ്രീമതി.നിഷ ദിലീപ് എഴുതുന്ന  ഹൃദയ താളങ്ങള്‍   ശ്രീമതി. സോണിയുടെ പുകയുന്ന കഥകളും  കവിതകളും ശ്രീ . വി ആര്‍ അജിത്‌ കുമാര്‍  (പി ആര്‍ ഡി യില്‍ ഡെപ്യൂട്ടി ഡയരക്ടര്‍ ഇപ്പോള്‍ കേരള പ്രസ്‌ അക്കാഡമി സെക്രട്ടറി ) എഴുതിയ നോവല്‍ ബ്ലോഗ്‌ കേരള ചരിത്ര നോവൽ ഈ ബ്ലോഗുകളിലൂടെയാണ് ഇത്തവണത്തെ സഞ്ചാരം

                                            അഞ്ചാം ഭാഗത്തിനു പ്രത്യേക ആമുഖം

          ബ്ലോഗെഴുത്തിനെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് ഈ സംരംഭം. ഇതിന്റെ ഉദ്ദേശം ഫല പ്രാപ്തിയിലെത്തുക ഈ പോസ്ടിന്റെയും മുന്‍  പോസ്ടുകളുടെയും  വിശദമായ വായന (ലിങ്കുകളില്‍ പോയി വായിച്ചു) നിര്‍വഹിക്കുകയും അഭിപ്രായങ്ങള്‍ വിശദമായി രേഖപ്പെടുത്തുകയും ചെയ്യുമ്പോഴാണ് . ആയതിനു ബ്ലോഗ്ഗെര്‍ മാര്‍ മുന്‍  കൈ എടുക്കുകയും ഈ സംരംഭത്തിന് വേണ്ട മാര്ഗ്ഗ നിര്‍ദേശങ്ങള്‍ നല്കുകയും വേണം എന്ന് പ്രത്യേകം അഭ്യര്‍ഥിക്കുന്നു.

Tuesday, 10 December 2013

പുസ്തക പരിചയം - ഓഷ് വിറ്റ്സിലെ ചുവന്ന പോരാളി


ഓഷ് വിറ്റ്സിലെ  ചുവന്ന പോരാളി 

അരുണ്‍  ആര്ഷ 

ഗ്രീന്‍  ബുക്സ് 

വില : 160 രൂപ

പേജുകള്‍ :  184

ഓണ്‍ലൈന്‍ ആയി വാങ്ങാം ..ഇതാ ലിങ്ക്

- ഒന്ന്  -


            സോഷ്യല്‍  നെറ്റുവര്‍ക്കുകള്‍ ഈ കാലത്ത് ആശയ സംവേദനത്തിനുള്ള മികച്ച ഉപാധിയാണ്. ലോകത്തിന്റെ വിവിധ കോണുകളില്‍ ഇരുന്നു ഇത് വരെ പരസ്പരം കാണാത്തവര്‍  വിവിധ വിഷയങ്ങളെ പറ്റി  സംവദിക്കുന്നു. അത്തരം ഒരു സംവാദത്തില്‍ നിന്നും ഒരു സര്ഗ്ഗ സൃഷ്ടി പിറവിയെടുക്കുക എന്നത് അത്രയേറെ സാധാരണമല്ല. ഇപ്പോള്‍ അതും സംഭവിക്കുന്നു. ഈ നോവലിന്റെ 'സ്പാര്ക്ക്' കിട്ടിയതും അത്തരം ഒരു ചാറ്റില്‍  നിന്നുമാണ്. നാസി ക്രൂരത അരങ്ങേറിയ നാട്ടിന്റെ പശ്ചാത്തലത്തില്‍ മലയാളത്തില്‍ ഈ നോവല്‍  പിറവി എടുത്തത് തികച്ചും ആവേശകരമാണ്. അരുണ്‍ ആര്ഷക്കൊപ്പം സിജോ ജോസഫ് വള്ളിക്കാടനും അഭിമാനിക്കാം. ഫേസ് ബുക്ക് കൂട്ടായ്മയില്‍  അരുണിനെ പ്രോത്സാഹിപ്പിച്ചവര്‍ക്കും... ഒറ്റ ഇരുപ്പില്‍  വായിച്ചു തീര്ക്കാവുന്ന വായനാസുഖം പകരുന്ന നോവല്‍ , മികച്ച ഭാഷയുടെയും പാത്ര സൃഷ്ടിയുടെയും ഉദാഹരണം, മനുഷ്യന്റെ തീവ്ര ദുഃഖങ്ങള്‍ ചോര്ന്നു പോകാതെ ചിത്രീകരിക്കപ്പെട്ട പുസ്തകം എന്നൊക്കെ ഒറ്റ നോട്ടത്തില്‍ ഒരു വായനക്കാരന്‍  എന്ന നിലയില്‍  പറയാനാണ് ഞാന്‍ തുനിയുന്നത്. ഓഷ് വീട്‌സിലെക്കുള്ള ദുഷ്‌കര യാത്രയില്‍ വായനക്കാരനെ കൂട്ടി കൊണ്ട് പോയി, അരുണ്‍, അവരുടെ നെഞ്ചിടിപ്പും രോദനവും നമ്മിലേക്ക് ആവാഹിച്ചു എന്ന് പറയാതെ വയ്യ.

Saturday, 30 November 2013

പുസ്തക പരിചയം - ആപ്പിള്‍



പുസ്തക പരിചയം 
 ആപ്പിള്‍
സിയാഫ് അബ്ദുല്‍ ഖാദിര്‍ 
 കൃതി ബുക്സ് –
പേജുകള്‍ 88 വില 65

             ആന്റണി ചെക്കൊവിന്റെയും ഓ ഹെന്റ്രിയുടെയും ടാഗോറിന്റെയും കഥാ സമാഹാരങ്ങള്‍ വായിച്ചപ്പോള്‍ പോലും എനിക്ക് ചിലപ്പോഴൊക്കെ ബോറടിച്ചു. ഒരാളുടെ കഥാകഥന രീതിക്ക് ഏകീകൃത സ്വഭാവം കാണും. അയാളുടെ തന്നെ കഥകള്‍ തുടര്‍ച്ചയായി വായിക്കുക ഇത്തരം ബോറടി പ്രദാനം ചെയ്യാം. പ്രോഫ. എം കൃഷ്ണന്‍ നായര്‍ തെരഞ്ഞെടുത്ത മലയാളത്തിന്റെ സുവര്‍ണ്ണ കഥകള്‍ വായിച്ചപ്പോള്‍ ഇങ്ങനെ അനുഭവപ്പെട്ടില്ല എന്നതിന് ഒരു കാരണം എഴുത്തുകാരുടെ വ്യത്യസ്തത തന്നെയാണ്. ഒരു കഥാസമാഹാരം ഇറക്കുമ്പോള്‍ തന്നെ കഥകളുടെ തെരഞ്ഞെടുപ്പു വളരെ പ്രധാനമാണ്. അതിനാല്‍ പൊതുവേ പലരുടെ കഥകള്‍ ഒരുമിച്ചു കാണലാണ് എനിക്കു ആഹ്ലാദദായകം. സിയാഫിന്റെ സമാഹാരം വായിക്കാനെടുത്തപ്പോഴും ബോറടി പ്രതീക്ഷിച്ചു. എന്നാല്‍ ബഷീര്‍ മേച്ചേരിയുടെ ആമുഖം മുതല്‍ ഒരു വ്യത്യസ്തത അനുഭവപ്പെട്ടു.(അതിനര്‍ഥം, സിയാഫ് മേല്‍ പറയപ്പെട്ടവരെ വെല്ലുന്ന കഥാകാരന്‍ എന്നൊന്നും അല്ല)  പല അവതാരകന്മാരും തിരക്കിനിടെ ഒന്നോ രണ്ടോ കഥകള്‍ ഓടിച്ചു നോക്കിയിട്ട് അവയെ ഒന്ന് പൊക്കി മറ്റു കഥകളെ വിസ്മരിച്ചു സ്ഥലം കാലിയാക്കുക പതിവാണ്. ചിലപ്പോ, കഥാകാരന്‍ തന്റെ ഏറ്റം പ്രിയപ്പെട്ട കഥ ഒടുവിലൊളിപ്പിച്ചു വച്ചിട്ടുണ്ടാകും. അത് ചിലപ്പോള്‍  അവതാരകന്‍ സ്പര്‍ശിചിട്ടുണ്ടാകില്ല. എന്നാല്‍ ബഷീര്‍ മേച്ചേരി കഥകള്‍ ഒന്നാകെ വിലയിരുത്തിയിരിക്കുന്നു. അതിന്റെ മാനുഷികമുഖവും, ഭാഷാ രീതിയും എല്ലാം പറഞ്ഞിരിക്കുന്നു. അതിനപ്പുറം എന്തെങ്കിലും പറയാന്‍ നോക്കാം എന്നല്ലാതെ 'മറ്റൊന്നിനുമാവതില്ല തന്നെ'

           പതിനഞ്ചു കഥകള്‍ആണ് ഉള്ളടക്കം. സിയാഫ് അബ്ദുല്‍ ഖാദിര്‍ ഇതില്‍  പാത്രസൃഷ്ടി, അവതരണ ശൈലി, കഥാഭൂമിക, ഭാഷ ഇവയിലൊക്കെ വൈവിധ്യം പകരാന്‍ ശ്രമിച്ചിട്ടുണ്ട്. വൈകി വന്ന വണ്ടിയും മറവിയിലേക്ക് ഒരു ടിക്കറ്റും കഥാകാരന് ചിരപരിചിതമായ തീവണ്ടി പശ്ചാത്തലത്തിലാണ്. തീവണ്ടി പലപ്പോഴും പൊതു സമൂഹത്തിന്റെ ശരിയായ പരിഛെദമാണ്. എന്നാല്‍ മറ്റു കഥകളില്‍ കഥാകാരന്‍ അയാള്‍ക്ക് അത്ര പരിചിതമല്ലാത്ത ഭൂമികയും ഉപയോഗിക്കുന്നു. അങ്ങനെയാണ് വ്യത്യസ്തത കൈ വന്നത്.

             ഒരു തവളയുടെ ജീവചരിത്രത്തില്‍ നിന്നൊരേട്, ഭൂതം ഇവയില്‍ കഥാകാരന്‍ പുതിയ മാനങ്ങള്‍ തേടുന്നു. പറഞ്ഞു പഴകിയ കഥാകഥനത്തില്‍ പുതുമ തേടുകയാണ് ഇവിടെ. കാസിനോയിലും യൂത്തനെഷ്യയിലും വല്ലാതെ പുതുമ തേടുന്ന, മൂല്യങ്ങളെ ചവിട്ടി മെതിക്കുന്ന പുതിയ കാലത്തെ വരച്ചു കാട്ടുന്നു. ഗൃഹ പാ ങ്ങളിലും ഇത് ദര്‍ശിക്കാം. വല്ലാതെ ചുരുക്കി പരീക്ഷിച്ച സുഷിരകാഴ്ചകളില്‍ സിയാഫ് അത്ര വിജയിച്ചില്ല എന്നും പറയാതെ വയ്യ.

ആപ്പിള്‍ എന്ന കഥയിലെ പേരുകള്‍ തെരഞ്ഞെടുപ്പു ഉള്‍പ്പെടെ സൂക്ഷ്മമായി കഥാകാരന്റെ ശ്രദ്ധ പതിഞ്ഞിട്ടുണ്ട്. ഡോറോത്തി വല്യമ്മയെ തികഞ്ഞ മിഴിവോടെ അവതരിപ്പിക്കുന്നു. തവളയെ പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രതിനിധി ആയി കഥാകാരന്‍ വരച്ചു കാട്ടുന്നു. ബിംബങ്ങള്‍ ഉപയോഗിച്ച് ആശയങ്ങളെ സംവദിക്കുമ്പോള്‍ കുറച്ചു കൂടി വ്യക്തത ആവാമായിരുന്നു എന്ന് തോന്നുന്നു.

                                      ഭൂതത്തിന്റെ ഒടുക്കം കണ്ട ഫ്ലാഷ് ന്യൂസില്‍ ഒക്കെ കഥാ നായകന്‍ അല്പം പൊട്ടന്‍ കളിക്കുന്നില്ലേ എന്നൊരു സംശയവും വരുന്നു. ആറാമന്റെ മൊഴിയെ പറ്റി ഇ-മഷി വിശകലനത്തില്‍ പരമര്‍ശിച്ചുവല്ലോ? ദൈവത്തിന്റെ അമ്മയില്‍ സിയാഫിന്റെ ഭാഷാ ചാതുരി പുറത്തു വരുന്നു. 
"................ അവള്‍ തന്റെ കൈകള്‍ മണത്ത് നോക്കി. അപ്പോഴും തന്റെ കുഞ്ഞിന്റെ പാല്‍ മണം അവളെ വിട്ടു പോയിരുന്നില്ല. അവളുടെ മുലകള്‍ ചുരന്നു നീര് കെട്ടി തുടങ്ങിയിരിക്കുന്നു. വീണ്ടും ദൈവത്തിനു വിശക്കുന്നുണ്ടായിരിക്കും എന്ന് അവള്‍ ചിന്തിച്ചു. ..............................."
 
                                തൃക്കാല്‍ സുവിശേഷത്തില്‍ ചങ്കരന്റെ മൂന്നാം കാല്‍ ഏതെങ്കിലും ബിംബ കല്പന ആണോ എന്ന് സംശയിക്കാം. ഒന്നിലേറെ വ്യാഖ്യാനങ്ങള്‍ സാമൂഹ്യ രാഷ്ട്രീയ പശ്ചാത്തലത്തില്‍ നിദര്‍ശിക്കാം. . അതൊക്കെ വായനക്കാരന് വിടുന്നു കഥാകാരന്‍. 

                        മനോരോഗിയുടെ ആല്‍ബം അല്പം ദുര്‍ഗ്രഹത കൊണ്ട് വരാന്‍ ശ്രമിച്ച ഒരു കഥയാണ്‌ എന്ന് തോന്നി. ജീവിത തത്വങ്ങള്‍ സാന്ദര്‍ഭികമായി കഥകളില്‍ വന്നെത്തണം ചില തത്വങ്ങള്‍ സമര്‍ത്ഥിക്കാന്‍  കഥ പറയുമ്പോള്‍ ഉണ്ടാകുന്ന പ്രശ്നങ്ങള്‍ ഈ കഥയിലും കാണുന്നു.

      ഏതായാലും കഥ വണ്ടിയിലെ യാത്ര രസകരം തന്നെ. ചിലത് ഓര്‍മ്മിക്കാനും ചിലവ ഉള്ളില്‍ കൊണ്ട് പോകാനും ആയി. വീണ്ടും ഈ വണ്ടിയുടെ വരവ് കാത്തിരിക്കുന്നു.