Thursday, 17 March 2016

ബ്ലോഗ്‌ അവലോകനം - ദേശാന്തര വർണ്ണ മനോഹരകാഴ്ചകൾ


(ഇ-മഷി ജനുവരി 2016 ലക്കത്തിൽ പ്രസിദ്ധീകരിച്ചത്) 


ബ്ലോഗ്ഗർ: മുബീൻ ഹുസൈൻ 

                       വായനയെയും യാത്രയെയും വല്ലാതെ സന്നിവേശിപ്പിച്ചു ഒരുക്കിയിരിക്കുന്ന ബ്ലോഗാണ് ഫാത്തിമാ മുബീൻ നൽകുന്ന  ദേശാന്തര കാഴ്ചകൾ. ജീവിതം തന്നെ ഒരു യാത്ര ആണല്ലോ. ആ ജീവിതത്തെ അടയാളപ്പെടുത്തുക തന്നെ ആണ് എഴുത്തിന്റെ ധർമ്മം. അത് കൊണ്ട് തന്നെ ഇതിലെ യാത്രാവിവരണങ്ങൾ  കേവല യാത്രയുടെ വിശദാംശങ്ങൾ അല്ല. കാണുന്ന കാഴ്ചകളും കേൾവികളും ജീവിതത്തോട് ബന്ധപ്പെടുത്തി അവതരിപ്പിക്കുകയാണ് അടുത്തിടെ യാത്രാ പുസ്തകങ്ങളിൽ. അത്തരം ഒന്ന് ഈയിടെ നിർവഹിച്ച പശ്ചാത്തലത്തിലാണ് മുബിയുടെ ബ്ലോഗ്‌ സന്ദർശിക്കുന്നത്.



                     "ഓ കാനഡ"  എന്ന പുസ്തകത്തിന്റെ പ്രകാശനവും വ്യത്യസ്തമായി. സ്കൂളിൽ വച്ചായിരുന്നു ചടങ്ങ്. അവിടത്തെ മികച്ച വായനക്കാരൻ ആയ കുട്ടിയെ ആണ്  പുസ്തകം ഏറ്റു വാങ്ങാൻ  തെരഞ്ഞെടുത്തത് എന്നതാണ് ശ്രദ്ധേയം. ഏറ്റവും കൂടുതൽ മാർക്ക് വാങ്ങുന്ന കുട്ടിയെ മാത്രം  ആദരിക്കുന്ന പ്രായോഗികതയുടെ കാലത്താണ്  "വായിക്കുന്ന കുട്ടി"  എന്നത് ഇവിടെ അംഗീകാരം ആവുന്നത്. മുബിയുടെ വാക്കുകളിൽ "സ്കൂളിലെ ഏറ്റവും നന്നായി വായിക്കുന്നൊരു കുട്ടിക്ക് പുസ്തകം കൊടുത്തു കൊണ്ട് അസംബ്ലിയില്‍ വെച്ച് പരിപാടി നടത്താമെന്ന പ്രിന്‍സിപ്പല്‍ ആഷാമിസ്സിന്‍റെ അഭിപ്രായം എന്ത് കൊണ്ടും സ്വീകാര്യമായിരുന്നു. എന്‍റെ മനസ്സ് വായിച്ചറിഞ്ഞത് പോലെ... അങ്ങിനെ നവംബര്‍ പത്തൊന്‍പതാം തിയതി രാവിലെ ഒന്‍പതരയ്ക്ക്‌ പരിപാടി തീരുമാനിച്ചു. സ്കൂളിലെ എട്ടാംക്ലാസ് വിദ്യാര്‍ഥിയായ സൂരജ് രവികുമാറായിരുന്നു പ്രിന്‍സിപ്പലില്‍ നിന്ന് പുസ്തം ഏറ്റുവാങ്ങാന്‍ തിരഞ്ഞെടുക്കപ്പെട്ടത്. ഈ കുഞ്ഞിന്‍റെ ലൈബ്രറി റെക്കോര്‍ഡുകള്‍ ആരെയും അത്ഭുതപ്പെടുത്തും. കൊച്ചു മിടുക്കന്‍ അത്രയേറെ വായിച്ചു കൂട്ടിയിട്ടുണ്ട്. വായനയുടെ കാര്യത്തില്‍ അവനെ വെല്ലുവിളിക്കാന്‍ നമുക്കാവില്ലെന്നാണ് ആഷാമിസ്സ്‌ അഭിമാനത്തോടെ പറഞ്ഞത്. വായിച്ചതിനേക്കാള്‍ വായിക്കാനുള്ള പുസ്തകങ്ങളുടെ നീണ്ട പട്ടികയുമായി നടക്കുന്ന ഞാനും സൂരജും തമ്മിലുള്ള അകലം വളരെ വലുതാണ്‌... " ഇത് വായിച്ചപ്പോൾ എനിക്കും കൊതി തോന്നി ആ കൊച്ചു മിടുക്കനെ കാണാൻ... (തെരഞ്ഞെടുക്കപ്പെട്ടത്‌ എന്നതാണ് ശരി തിരഞ്ഞെടുക്കപ്പെട്ടത് എന്നല്ല)


                      ബസ് നമ്പർ  ത്രീ    വായനയുടെ ദേശാന്തര കാഴ്ചകള്‍ എന്നീ പോസ്ടുകളിൽ വായനയെ വല്ലാതെ ഇഷ്ടപ്പെടുന്ന ഉമ്മമാരെ  നമുക്ക് കാണാം. സ്വന്തം ഉമ്മയും മറ്റൊരു ഉമ്മയും ഈ ഗണത്തിൽ വരുന്നു. ഏറെ ഭൌതിക വിദ്യാഭ്യാസം നേടിയിട്ടില്ലാത്ത ആ ഉമ്മ കാനഡയിൽ പുസ്തകം തേടുന്ന അത്ഭുതം ആണ് മുബി കണ്ടത്. തൊട്ടടുത്ത വീട്ടില് "അച്ഛൻ" എന്ന് താൻ വിളിക്കുന്ന പ്രൊഫ ശിവകുമാറിനെയും മുബിക്കായി പുസ്തകങ്ങൾ വിദേശത്തേക്ക്  കൊടുത്തയക്കാൻ അത്യുൽസാഹം കാട്ടുന്ന ഒരമ്മയെയും  നമുക്ക് കാണാം. നഷ്ടമാകുന്ന അയൽ ബന്ധങ്ങളുടെ ഓർമ്മകളിൽ നമ്മെ ഈ പരാമർശങ്ങൾ കൊണ്ട് ചെന്നെത്തിക്കും. ഏതിനും എന്തിനും അതിർ വരമ്പുകൾ വല്ലാതെ നിശ്ചയിച്ചു എല്ലാ മനുഷ്യ ബന്ധങ്ങളും ചുട്ടെരിക്കുന്ന കറുത്ത കാലത്താണല്ലോ നാം വന്നു പെട്ടത് എന്നോർക്കുകയും, അതിനിടെ  മുനിഞ്ഞു കത്തുന്ന ഇത്തരം മണ്‍ ചെരാതുകളിൽ മനസ്സ്  ആനന്ദിക്കുകയും ചെയ്യും. എഴുത്തിന്റെ ധർമ്മവും അതാണല്ലോ? മുബി അവിടെ വിജയിക്കുന്നു.

               ഏഷ്യാഡ് അപ്പുവും പാച്ചിയുംഎന്ന പോസ്റ്റിലൂടെ  മുബി 1982 ഏഷ്യാഡു കാലത്തേക്കും അപ്പു എന്ന ആനയിലെക്കും നമ്മെ കൂട്ടിക്കൊണ്ടു പോകുന്നു. ഉപ്പ അത് കാണാൻ അവിടെ പോയി തിരികെ കാഴ്ച്ചകൾക്കൊപ്പം ചിക്കൻ പൊക്സ് വൈറസുകളും കൂടെ കൂട്ടിയത്രേ. അത് പകർന്നു കിട്ടിയ ചോറികൾ ആലോസരപ്പെടുതിയതിനിടെ പി റ്റി  ഉഷയും വൽസമ്മയെയും മുബി നോട്ടു പുസ്തക താളുകളിൽ കുറിച്ച് വച്ചു. മൈല്സ് ലിഞ്ച് എന്ന പതിനേഴുകാരന്റെ ആവേശകരമായ കഥ മുബി ഈ പോസ്റ്റിൽ ചൂണ്ടി കാട്ടുന്നു. "ശസ്ത്രക്രിയ കഴിഞ്ഞ് മാസങ്ങള്‍ക്ക് ശേഷമാണ് സിക്ക് കിഡ്സിന് വേണ്ടി മൈല്‍സ് ദീപശിഖയുമായി ഇരുന്നൂറ് മീറ്റര്‍ ഓടിയത്. നേരെ ചൊവ്വേ ശ്വസിക്കാനാകാതെ ആശുപത്രിയില്‍ തളര്‍ന്നു കിടന്നിരുന്ന മൈല്‍സിന്‍റെ ജീവിതത്തിലേക്കുള്ള തിരിച്ചു വരവ് അത്യാഹ്ലാദത്തോടെയാണ് എല്ലാവരും വരവേറ്റത്."

                       കാനഡയിൽ ഇഡ്ഡലീം സാമ്പാറും വിളമ്പിയ കഥയാണ്‌ " വൈറ്റ് കേക്കും ലെന്റില്‍ സൂപ്പും" എന്ന പോസ്റ്റിൽ ലെന്റിൽ സൂപ്പ് എന്തെന്നറിയാൻ, "വിക്കി" യിൽ പോയാലും നോ രക്ഷ!   അതിനു മുബിയുടെ ബ്ലോഗ്‌ തന്നെ ശരണം.

                   മഞ്ഞു മൂടി കിടക്കുന്ന  കർണിയിലെ വിനോദങ്ങൾ അടുത്ത പോസ്റ്റിൽ കാണാം. കൂടെ ക്ഷമയോടെ നടക്കുന്ന ക്യാമറമാൻ ഹുസൈന് നന്ദി പറയണം. ഇതിൽ പ്രദീപ്‌ മാഷിന്റെ കമന്റു ആണ് ശ്രദ്ധേയം "ഒരാൾ അക്ഷരങ്ങൾകൊണ്ടും, മറ്റൊരാൾ ചിത്രങ്ങൾകൊണ്ടും എനിക്കൊക്കെ തീർത്തും അപരിചിതമായ ഒരു ലോകത്തേക്ക് കൂട്ടിക്കൊണ്ടു പോയതുപോലെ..... വീടിനപ്പുറത്തെ തടകത്തിന്റെയും, കാടിന്റേയും ചിത്രം പകർത്തി അത് സൈബർ വലയിലിട്ട് ലൈക്കിനു കാത്തിരിക്കുന്ന ഞാനൊക്കെ വെറും പൊട്ടക്കിണറ്റിലെ തവളകളാണെന്ന് ഇത്തരം പോസ്റ്റുകൾ വായിക്കുമ്പോൾ ശരിക്കും മനസ്സിലാവുന്നു.....
മലയാളത്തിൽ കാനഡയുടെ ഓരോ മുക്കും, മൂലയും വിവരിക്കുന്ന ലേഖനങ്ങളോ പുസ്തകങ്ങളോ അധികം കണ്ടിട്ടില്ല. ദേശാന്തര കാഴ്ചകൾ പുസ്തകമായി ഇറക്കണമെന്നും, പ്രകാശനച്ചടങ്ങിന് എന്നെയും വിളിക്കണമെന്നും, രണ്ട് എഴുത്തുകാരും ഒപ്പിട്ട ഒരു ഫ്രീ കോപ്പി എനിക്ക് തരണമെന്നും വിനീതമായി അഭ്യർത്ഥിക്കുന്നു....." ഈ അഭ്യർത്ഥന മുബി ചെവി കൊണ്ടതാണ് ഇപ്പൊ യാഥാർത്ഥ്യമായ "ഓ ക്യാനഡ" (ഫ്രീ കോപ്പി കൊടുത്തോ ആവോ?)


         
                          സീഷാലിനെ പ്രണയിച്ച്..... ഗ്രാമഭംഗിയും പ്രണയവും ഒക്കെ സമ്മേളിക്കുന്ന പോസ്സ്ടാണ് . കാനഡയിലും മുബിയെ സ്പർശിച്ചത് ബഷീറാണ്  പ്രണയ കഥ ബഷീർ ടച്ച്‌ ഇല്ലാതെ പറവതെങ്ങനെ?

                       ഹൃദ്യമായ ഒരു കത്താണ് സ്നേഹപൂർവ്വം പാറൂനു  നയാഗ്രാ വെള്ളച്ചാട്ടം കാണാൻ പോയ വിശേഷങ്ങളാണ്. പതിവ്  പോലെ ഹുസൈൻ വക മിഴിവാർന്ന ചിത്രങ്ങൾ! പാറുവിനെന്ന പോലെ നമുക്കും ഒരു സദ്യ ഉണ്ട പ്രതീതി.


                    ഇന്ത്യന്‍ വ്യോമസേനയിലെ മിഗ് വൈമാനികനായിരുന്ന എം.പി. അനില്‍കുമാര്‍ എന്ന ചിറയിന്‍കീഴ് സ്വദേശിയെ മുബി  പരിചയപ്പെടുന്നത് ഫൈറ്റർ പൈലറ്റ്  എന്ന കുറിപ്പിൽ പരാമർശിക്കുന്നു. അപകടം മൂലം അനങ്ങാൻ പറ്റാത്ത അവസ്ഥയിൽ എത്തിയ ഈ സൈനികൻ ജീവിതത്തെ നേരിട്ട ഈ കഥ തന്റേതായ രീതിയിൽ ലോകത്തെ അറിയിക്കുകയാണ് മുബി ഈ ബ്ലോഗ്‌ പോസ്റ്റിലൂടെ ചെയ്തത്. സോക്രട്ടീസ് കെ വാലത്ത് എടുത്ത ഒരു ഡോക്യുമെന്റ്ററി ചിത്രമുണ്ട് എം.പി യെ പറ്റി. "ആന്‍ഡ്‌ ദി ഫൈറ്റ് ഗോസ് ഓണ്‍..." കാണാന്‍ ശ്രമിക്കുമല്ലോ? എന്ന് ഒരു കമന്റിൽ മുബി ഓർമ്മപ്പെടുത്തുന്നു 

                        ദമയന്തിക്കായി ദൂതുമായി പോയ അരയന്നമാണ്‌ മറ്റൊരു പോസ്റ്റിലെ കഥാപാത്രം.  "ഇ. ബി. വൈറ്റിന്റെ “ദി ട്രംപെറ്റ് ഓഫ് ദി സ്വാന്‍” എന്ന കഥയാണ്‌. എന്‍റെ മക്കള്‍ക്കും ഈ കഥയായിരുന്നു കേള്‍ക്കാന്‍ കൂടുതല്‍ ഇഷ്ടം. ട്രംപെറ്റര്‍ അരയന്നങ്ങളുടെ കുടുംബത്തില്‍ ജനിക്കുന്ന ലൂയിസിന് അവന്‍റെ സഹോദരങ്ങളെ പോലെ ശബ്ദമുണ്ടാക്കാന്‍ കഴിഞ്ഞിരുന്നില്ല. തന്‍റെ കഴിവില്ലായ്മ അതിജീവിച്ച് മുന്നേറാന്‍ ലൂയിസ്  സ്കൂളില്‍ ചേര്‍ന്ന് എഴുതാനും വായിക്കാനും പഠിച്ചു. എങ്കിലും മറ്റുള്ളവരെ പോലെ ശബ്ദമുണ്ടാക്കാന്‍ കഴിയാത്തതിനാല്‍ ഏറെ ഇഷ്ടമുള്ള കൂട്ടുകാരിയും അവനെ അവഗണിക്കുന്നു. ലൂയിസിന്‍റെ വിഷമം മനസ്സിലാക്കുന്ന പിതാവ് സംഗീതോപകരണങ്ങള്‍ വില്‍ക്കുന്ന കടയില്‍ നിന്ന് മകനു വേണ്ടി പിച്ചള കൊണ്ടുണ്ടാക്കിയ ഒരു ട്രംപെറ്റ് മോഷ്ടിക്കുന്നു. പിതാവിന്‍റെ പ്രവര്‍ത്തിയോട് എതിര്‍പ്പ് പ്രകടിപ്പിച്ചെങ്കിലും ലൂയിസ് ആ പിച്ചള ട്രംപെറ്റ് സ്വീകരിക്കുകയും അത് വായിക്കാന്‍ പഠിക്കുകയും ചെയ്യുന്നു. പിന്നീട് ലൂയിസിന്‍റെ ജീവിതത്തില്‍ വരുന്ന മാറ്റങ്ങളും, കൂട്ടുകാരിയെ തേടി അലയുന്നതുമാണ് കഥ." കഥയെ ഭംഗിയായി അവതരിപ്പിച്ചിരിക്കുന്നു. ഈ പോസ്റ്റിൽ അരയന്നത്തെ പറ്റി ഏറെ കാര്യങ്ങൾ..മനോഹര ചിത്രങ്ങളും


                   റോഡിയോവിലെ കുതിര സവാരി ദൃശ്യങ്ങളും എഴുത്തും വശ്യമാണ്. പണ്ട് തെറ്റായി എഴുതിയ ലേക്ക് സുപ്പീരിയർ കാനഡയിൽ  വീണ്ടും തന്നെ വട്ടം ചുറ്റിച്ച കഥ "കണ്ടു..കണ്ടറിയേണ്ട"താണ് . വിവരണങ്ങളിൽ തികഞ്ഞ ഭാഷാ ചാതുരി.... "മഞ്ഞും, മഴയും തിരകളും ചേര്‍ന്ന് മായിച്ചു കൊണ്ടിരിക്കുന്ന പതിനേഴാം നൂറ്റാണ്ടിലെ ഈ അടയാളപ്പെടുത്തലുകളുടെ പൊരുള്‍ എന്തെന്ന് ഇതുവരെ ആര്‍ക്കും വ്യക്തമായി അറിയില്ല. പഠനങ്ങള്‍ നടന്നു കൊണ്ടേയിരിക്കുന്നു. കാണുന്നതിനും  ഫോട്ടോയെടുക്കുന്നതിനും നമുക്ക് വിലക്കില്ല, എന്നാല്‍ ചിത്രങ്ങളില്‍ തൊടരുത് എന്ന് പ്രത്യേകം നിര്‍ദേശിച്ചിട്ടുണ്ട്. ഏറെ പ്രാധാന്യത്തോടെ വരച്ചു വെച്ചിരിക്കുന്നതാകട്ടെ  കൊമ്പുകള്‍ ഉള്ള ഒരു വിചിത്ര ജീവിയുടെ ചിത്രവും. തല്‍ക്കാലം ഞാന്‍ ഇംഗ്ലീഷില്‍ അതിന്‍റെ പേര് പറഞ്ഞു തരാം. Misshepezhieu, the Great Lynx.  വെള്ളത്തിന്‍റെ ആത്മാവായി ഇതിനെ അവര്‍ സങ്കല്‍പ്പിച്ചു. ഇതിന്‍റെ വാലിന് കാറ്റിനെയും തിരകളെയും അടിച്ചമര്‍ത്താന്‍ കഴിയുമെന്നായിരുന്നു വിശ്വാസം. രക്ഷിക്കാനും, കൊല്ലാനും, സ്നേഹിക്കാനും കഴിയുന്ന ദൈവമായിരുന്നു അവര്‍ക്കിത്. അതിനോടൊപ്പം ഓരോ കുഞ്ഞ് ജനിക്കുമ്പോഴും പാറകളില്‍ പ്രകൃതിയുമായി ബന്ധമുള്ള പല ചിഹ്നങ്ങളും ഇവര്‍ വരച്ചു വെച്ചത് പ്രകൃതിക്ക് കുഞ്ഞിനെ പരിചയപ്പെടാനും അപകടങ്ങളില്‍ നിന്ന് കുഞ്ഞുങ്ങളെ പ്രകൃതിതന്നെ രക്ഷപ്പെടുത്തുവാനുമാണ് എന്നെല്ലാം ഇപ്പോള്‍ ഈ ചിത്രലേഖകള്‍ പഠിച്ചു കൊണ്ടിരിക്കുന്നവര്‍ പറയുന്നു. ഇത് വരച്ചു വെച്ചവരാരും ഇന്നില്ലാത്തതിനാല്‍ ആധുനിക വ്യാഖ്യാനങ്ങള്‍ നമുക്ക് വിശ്വസിക്കാം."

             പഴയകാല പോസ്റ്റുകളിൽ ഗൃഹാതുരമായ ഒട്ടേറെ എണ്ണം കാണാം. നോമ്പ് കാലത്തിന്റെ നാട്ടിലെയും, കാനഡയിലെയും ഓർമ്മകൾ,  അങ്ങനെ പലതും.

                     2008 ൽ തുടങ്ങിയ ബ്ലോഗിലെ ആദ്യ കാല പോസ്റ്റുകൾ അന്നത്തെ ബ്ലോഗ്‌ കാലത്തേ കൂടി ഓർമ്മപ്പെടുത്തുന്നു. "Friendship is a way to keep you going in this busy world where everything is instant. Life is busy for everyone and none has the time for anything. To keep a good friend is like preserving something very precious and delicate. Value of friendship must be taught to the younger generation where they grow up in an entirely different concealed atmosphere. The basic element in all the friendship is love and trust. I believe, anyone can be a friend, without the barrier of age, sex or religion. My friends are treasured and are reachable when I want them. I enjoy being with them and remember the quality time I spend with them. It is my sincere hope that Nabeel and Yaseen will also find true friends in their life other than we parents." ഏഴു വർഷങ്ങൾക്ക് ശേഷം നബീലും യാസീന്നും നല്ല കൂട്ടുകാരെ കിട്ടി എന്ന് വിശ്വസിക്കട്ടെ.."പ്രകൃതിയേയും, മണ്ണിനെയും അറിയാതെ, ശീതികരിച്ച മുറികളിലെ ദൃശ്യ വിസ്മയങ്ങളും കണ്ടു, ഇലക്ട്രോണിക് കളികോപ്പുകളുടെ ലഹരിയില്‍ മുഴുകുന്ന എന്‍റെ മക്കളുടെ നഷ്ടങ്ങള്‍ എത്ര വലുതെന്ന് ഞാന്‍ അറിയുന്നു."

                       ഹുസൈന്റെ ചിത്രങ്ങൾ ഇന്‍ ലവ് വിത്ത്‌ സ്നോ!  കവിതകൾ അല്ലാതെ മറ്റെന്താണ്! വിശ്വ സൌന്ദര്യം മുഴുവൻ ഈ ചിത്രങ്ങളിൽ വഴിഞ്ഞോഴുകുക അല്ലെ?

                      ചരിത്രത്തെ അറിയാനും ആദരിക്കാനുമുള്ള മനസ്സ് ആണ് കറുത്ത മുത്ത്‌ എന്ന പോസ്റ്റിൽ കാണുക.

                      ഇതിനിടെ നാട്ടിലെ കാഴ്ചകളിലും മുബിയുടെ മനസ്സുടക്കി എന്ന് മത്തിയെ പറ്റി പറയുമ്പോൾ നമുക്ക് മനസ്സിലാകും.

                     വെറും യാത്രയല്ല ജീവിതം അറിഞ്ഞ യാത്രകൾ ആണ് മുബിയുടെത് എന്ന് മഞ്ഞിന്റെ നാട്ടിലെ മലയാളി ജീവിതം  വായിക്കുന്ന ആർക്കും ബോധ്യമാകും. സഹനത്തിന്റെയും ത്യാഗത്തിന്റെയും കഥകൾ മുബി ഇങ്ങനെ. "ജനവാസമില്ലാതെ മഞ്ഞുറഞ്ഞു കിടക്കുന്ന എത്രയോ സ്ഥലങ്ങള്‍ കാനഡയില്‍ ഉണ്ട്. കുടിയേറ്റക്കാരായ മലയാളികള്‍ അധികവും ടൊറോന്റോയിലാണ്. പിന്നീട് ജോലി കിട്ടുന്നതിനനുസരിച്ച് മറ്റു പ്രൊവിന്‍സുകളിലേക്ക് മാറാറുണ്ട്. എഴുപതുകളില്‍ ഇവിടെ വന്നവര്‍ മലയാളം സംസാരിക്കാന്‍ കഴിയാതെയും ഒരു ദോശ കഴിക്കാന്‍ ശ്രീലങ്കന്‍ ഹോട്ടലിലേക്ക് നാല്‍പതു കിലോമീറ്റര്‍ വണ്ടി ഓടിച്ചു പോയ കാര്യവും ഇന്നത്തെ ആളുകളില്‍ അത്ഭുതമുണ്ടാക്കും. കാരണം ചൂലും ചിരവയും അമ്മിയും, മണ്‍കലവും, തൈലവും, താളിയും കടയില്‍ കണ്ട ഞാന്‍ പഴയ തലമുറ പറയുന്നത് കേട്ട് അങ്ങിനെയൊരു കാലത്തിലേക്ക് മനസ്സ് കൊണ്ടെങ്കിലും പോകാന്‍ ശ്രമിച്ചു പരാജയപ്പെട്ടു തിരികെയെത്തി. അതിജീവനത്തിന്‍റെ പാതകള്‍ താണ്ടി ഇവിടെയെത്തി മരവിച്ചു നില്‍ക്കുന്ന പ്രകൃതിയോട് പടവെട്ടി ജീവിതം കരുപിടിപ്പിച്ച എത്രയോ മുഖങ്ങള്‍. ഡോളറിന്‍റെ മൂല്യമനുസരിച്ചു പ്രവാസിയുടെ മൂല്യം അളന്ന്‌ മാറ്റി നിര്‍ത്തിയ വടക്കേ അമേരിക്കയുടെ പ്രവാസ ചരിത്രത്തിലും ഉണ്ട് സഹനത്തിന്റെയും ത്യാഗത്തിന്റെയും ആരും അറിയാത്ത കഥകള്‍!"

                           മല്ലികയും പാൽചായയും വായിച്ചാൽ മലബാറിലെ ഒരു വീട്ടിൽ പോയി ഊണ് കഴിച്ച പ്രതീതി.  വായിൽ  വെള്ളമൂറിക്കുന്ന വിവരണം.

                              പഴയ കാല പോസ്റ്റുകളിൽ കത്തുകളുടെ ഓർമ്മകൾ നിരത്തുന്ന സ്നേഹപൂർവ്വം , മഴക്കാലം, അപ്പൂപ്പൻ താടി തുടങ്ങി നോസ്റ്റാൽജിക് ആയ അനവധി പോസ്റ്റുകൾ വായിക്കപ്പെടേണ്ടത് തന്നെ.

                        മുബിയുടെ ബ്ലോഗിന്റെ ഏറ്റവും വലിയ ആകർഷണം മനോഹരമായ ഫോട്ടോകളാണ്. മുബിയുടെ ജീവിത പങ്കാളി ഹുസൈനിലെ  ഫോട്ടോഗ്രാഫറെ  നമിക്കാതെ വയ്യ.


                            ഇനിയും ഏറെ എഴുതണമെന്നുണ്ട്. വിസ്താര എഴുത്ത് വായനയുടെ ആകർഷണത്തെ കുറയ്ക്കും. വിശേഷിച്ചു വെബ്‌ ദുനിയാവിൽ. കുറെ ഏറെ ബ്ലോഗുകൾ  വായിച്ചു, അവയില ചിലവയെ വിലയിരുത്തിയ ഞാൻ ഈ ബ്ലോഗ്‌ കാണാൻ എന്തേ ഇത്ര  വൈകിയത്. പരിചയപ്പെടുത്തിയതിനു പ്രിയ സഹോദരി ആർഷക്ക് നന്ദി!

9 comments:

  1. തീര്‍ച്ചയായും,'ദേശാന്തര കാഴ്ചകളി'ലൂടെ സഞ്ചരിക്കുമ്പോള്‍ കണ്ണുകള്‍ക്കെന്തൊരു കുളിര്‍മ്മ!!!
    നല്ലൊരു പരിചയപ്പെടുത്തല്‍.
    ആശംസകള്‍

    ReplyDelete
    Replies
    1. അതെ കുളിര്മ്മ തന്നെ..

      Delete
  2. നന്നായി പരിചയപ്പെടുത്തിയിരിക്കുന്നു ...
    വായനയെയും എഴുത്തിനേയും കൂടെ കൂട്ടി യാത്രയെയും
    കാണാത്ത ദേശങ്ങളേയും അതിമനോഹര ചിത്രങ്ങളിലൂടെ
    വല്ലാതെ സന്നിവേശിപ്പിച്ച് ഏവരേയും ഹർഷ പുളകിതരാക്കുന്ന
    ദമ്പതിമാരാണ് ഫാത്തിമാ മുബീനും ,ഹുസൈനും...

    ReplyDelete
    Replies
    1. വളരെ ശരിയായ നിരീക്ഷണം

      Delete
  3. മുബിയുടെ പുസ്തകം വായനക്കായി കാത്തിരിക്കുന്നു.
    എഴുത്തിലും ജീവിതത്തിലും നന്മകള്‍ കാത്തു സൂക്ഷിക്കുന്നവരാണ് ഈ ബ്ലോഗ്‌ കൂട്ടാളികള്‍

    ReplyDelete
  4. സ്നേഹം... സ്നേഹം മാത്രം. ഇത്ര മാത്രം ആഴത്തില്‍ വായിക്കപ്പെടുകയെന്നത് തന്നെ അനുഗ്രഹമാണ്. നന്ദി...

    ReplyDelete
  5. ഒന്നാന്തരം റിവ്യൂ.
    വായിക്കാത്ത പോസ്റ്റുകൾ ഒരുപാടുണ്ട്. വായിക്കണം.

    ReplyDelete
  6. ഒന്നാന്തരം റിവ്യൂ.
    വായിക്കാത്ത പോസ്റ്റുകൾ ഒരുപാടുണ്ട്. വായിക്കണം.

    ReplyDelete
  7. വായിച്ച പോസ്റ്റുകളെല്ലാം മനോഹരം. വായിക്കാത്തവയ്ക്കായി തീർച്ചയായും സമയം കണ്ടെത്തും. മുബിയ്ക്ക് ആശംസകൾ.

    ReplyDelete