Thursday, 17 March 2016

എത്തി പിടിക്കാൻ ശ്രമിച്ച ചില സൗഹൃദങ്ങൾ

                  സൗഹൃദത്തെ പറ്റി ഞാൻ കുറെ എഴുതിയിട്ടുണ്ട്. അതൊക്കെ എനിക്ക് ലഭിച്ച സൗഹൃദങ്ങളെ പറ്റിയാണ്. അതിൽ ഞാൻ സമ്പന്നനാണ്. എങ്കിലും എത്തി പിടിക്കാനും നില നിർത്താനും ശ്രമിച്ചിട്ടും പരാജയപ്പെട്ട ചില സൗഹൃദങ്ങളുടെ കഥയും എനിക്കുണ്ട്. ആത്മ ബന്ധങ്ങൾ തന്നെ ഏറെ ഉള്ളയാൾ എന്തിനാണ് ഇങ്ങനെ എത്തി പിടിക്കാൻ ശ്രമിക്കുന്നത്? നഷ്ടപ്പെട്ടതോർത്ത് വിലപിക്കുന്നത്? നമുക്കുള്ളവർ, നമ്മെ വേണമെന്നുള്ളവർ നമ്മെ തേടി എത്തില്ലേ? ഈ ചോദ്യങ്ങൾ  ഒക്കെ എന്നോട് തന്നെ പല വട്ടം ഞാൻ ചോദിച്ചിട്ടുണ്ട്. പക്ഷെ തൃപ്തികരമായ ഒരു ഉത്തരം കിട്ടിയിട്ടില്ല. എങ്കിലും എനിക്കറിയാവുന്ന ഒരുത്തരം, ഒന്നും ഒന്നിനും പകരം ആവില്ല എന്നതാണ്. സൗഹൃദം ചതി ആയി മാറിയ കഥകളും വളരെ അപൂർവ്വം എങ്കിലും എനിക്കുമുണ്ട്. പക്ഷെ, അത്തരം അനുഭവങ്ങളിൽ നിരാശനാകാതെ വീണ്ടും  നല്ല സൌഹൃദങ്ങൾ തുടരുകയും നേടുകയുമാണ് ചെയ്യാറ്. അത് തന്നെ ആണ് ശരി എന്ന് ഞാൻ ഉറച്ചു വിശ്വസിക്കുകയും ചെയ്യുന്നു. സ്നേഹവും നൊമ്പരവും പരസ്പര പൂരിതമാണ്. സ്നേഹിക്കുന്നവർ ഇപ്പോഴും നൊമ്പരം അനുഭവിക്കാൻ തയ്യാറാവണം. "ദുഖമാണെങ്കിലും നിന്നെ കുറിചുള്ള  ദുഃഖം എനിക്കാനന്ദമാണോമലേ " എന്ന് ചുള്ളിക്കാട് എഴുതുന്നത്‌ അത് കൊണ്ടാണ്. വിധി തന്നെ തട്ടിയെടുത്ത സൗഹൃദങ്ങൾ ഓർമ്മയായി മനസ്സില് ഇടയ്ക്കിടെ വിങ്ങുന്നതിലും ഒരു ആനന്ദമുണ്ടാവും.



                    ബാല്യം ആണല്ലോ സൗഹൃദങ്ങളുടെയും തുടക്ക കാലം. സ്വാർത്ഥത ലവലേശം ഇലാത്ത കാലം. ഈഗോ എന്നതിന്റെ അർഥം പോലും അറിയാത്ത അവസ്ഥ. അന്ന് കണ്ണ് പൊത്തി കളിച്ചവർ ആജീവനാന്തം കൂടെ ഉള്ളതപൂർവം. എന്ത് കൊണ്ടോ പ്രായം കൂടും തോറും സൗഹൃദത്തിന്റെ ഊഷ്മളത കുറയുന്നു. കുടുംബം, ഓഫീസ്, കച്ചവടം ഇവയിലൊക്കെ മനസ്സ് കുടുങ്ങുന്നു. അപ്പോൾ സൌഹൃദത്തിനായി പണവും സമയവും മനസ്സും കൊടുക്കാനാവില്ല. അങ്ങനെയാവും മനുഷ്യൻ പലപ്പോഴും വാർദ്ധക്യത്തിൽ ഏകാന്തതയിൽ ആകുന്നത്.

                        ഞാൻ 1986 ൽ എസ്.എസ്.എൽ.സി കാലത്ത് ടാലെന്റ്റ്‌ സർച്ച് പരീക്ഷ എഴുതി തെരഞ്ഞെടുക്കപ്പെട്ടു. തിരുവനന്തപുരത്തെ പത്തു ദിവസത്തെ ക്യാമ്പ് ഞങ്ങൾക്കായി ഒരുക്കിയിരുന്നു. ടാലന്റ് ഉള്ളവരായി കൂടുതലും സൈനിക സ്കൂൾ, സെൻട്രൽ സ്കൂൾ, മുന്തിയ ഇംഗ്ലീഷ് മീഡിയം സ്കൂൾ ഇവയിൽ പെട്ടവർ ഉൾപ്പെട്ടപ്പോൾ, ഞങ്ങൾ സർക്കാർ സ്കൂൾ പഠിതാക്കൾ നന്നേ കുറവ്.  അപകർഷം മൂലം മേൽതട്ടുകാരോട്  ഒരു അകലം തോന്നി. ഞങ്ങൾ കീഴാളർ, സർക്കാർ സ്കൂൾകാർ പരസ്പരം കൂടുതൽ അടുത്തു. അതിലൊരാൾ, രസികനായ ഒരു സുഹൃത്ത്‌, (പേര് പറയുന്നില്ല) ക്യാമ്പ് വിട്ടിട്ടും എന്നോട് കത്ത് വഴിയൊക്കെ സൗഹൃദം നില നിർത്തി. ഇടക്കെപ്പോഴോ കത്തുകൾക്ക് മറുപടി നല്കാതെ കൂട്ടുകാരൻ അപ്രത്യക്ഷനായി. മൊബൈലിന്റെ കാലം അല്ലാത്തതിനാൽ, മേൽ വിലാസം മാത്രം വച്ച് ഞാൻ പരതി. ഒരു എഴുത്തുകാരിയുടെ മകൻ ആയ അവന്റെ അമ്മയുടെ ഫോണ്‍ നമ്പർ തേടിപ്പിടിച്ചു ഞാൻ അന്വേഷണം നടത്തി. അമ്മ അവന്റെ നമ്പർ കാണാതെ അറിയില്ലെന്നും അവൻ സ്ഥലത്തില്ലെന്നും  അവനെ കൊണ്ട് വിളിപ്പിക്കാമെന്നും  പറഞ്ഞു എന്റെ നമ്പർ  വാങ്ങി,  ആ എപ്പിസോഡു  അവസാനിപ്പിച്ചു. ഇത് രണ്ടു മൂന്നു വർഷം മുമ്പാണ്.  അടുത്തിടെ ഒരു വാരികയിൽ, മലയാളത്തിലെ പ്രമുഖയായ മറ്റൊരു എഴുത്തുകാരി അഭിമുഖത്തിൽ അവനെ കുറിച്ചും അമ്മയെ കുറിച്ചും അവരുടെ വയനാശീലത്തിന്റെ തുടക്കക്കാർ എന്ന് വിശേഷിപ്പിച്ചപ്പോൾ, ഞാൻ അന്ന് സൂക്ഷിക്കാൻ വിട്ടു പോയ അവന്റെ അമ്മയുടെ നമ്പരോ, അവന്റെ നമ്പരോ ലഭ്യമാക്കാൻ മെസ്സേജ് വഴി പ്രമുഖ എഴുത്തുകാരിയെ ബന്ധപ്പെട്ടു. ഉടൻ തന്നെ അമ്മയുടെ നമ്പർ  വീണ്ടും എന്റെ കയ്യിലെത്തി. അമ്മയോട് ഈ അഭിമുഖം ഒക്കെ ഓർമ്മിപ്പിച്ചു വീണ്ടും നമ്പർ  ചോദിച്ചു. അമ്മ വളരെ സൗഹാർദ പൂർവ്വം അവൻ മറ്റൊരു നഗരത്തിലാണെന്നും എന്നെ വിളിപ്പിക്കാമെന്നും വാഗ്ദാനം ചെയ്തിട്ട് മാസം മൂന്നാകുന്നു. എന്തായിരിക്കാം? അവനു എന്നെ ഓർമ്മയേ  ഉണ്ടാവില്ല, ഒരു പക്ഷെ. അല്ലെങ്കിൽ, എന്തെങ്കിലും കാര്യ സാധ്യത്തിനാകും ഞാൻ ഇങ്ങനെ അലയുക എന്നവനു തോന്നിക്കാണും. എകിലും ആ വിളിക്കായി ഞാൻ കാത്തിരുന്നു. അപ്പോഴാണ് അതേ ക്യാമ്പിലുള്ള മറ്റൊരു സ്നേഹിതനെ കണ്ടത്. അവൻ പറഞ്ഞത് പ്രകാരം, ഉന്നത വിദ്യാഭ്യാസം ഉണ്ടായിട്ടും ഞാൻ തേടിയ സ്നേഹിതന് ചെറിയ ഒരു ജോലിയാണ് കിട്ടിയത് എന്നും അതിന്റെ കോമ്പ്ലക്സ് മൂലം ആണ് അവൻ ഒഴിഞ്ഞു മാറുന്നതെന്നും അറിഞ്ഞു. എങ്കിലും സ്നേഹിതാ ഞാൻ നിന്നെ തേടുന്നു..

                  സ്കൂൾ കാലം മുതൽ എനിക്കൊപ്പം ഉള്ള മറ്റൊരു സ്നേഹിതൻ ഇന്ന് പണക്കാരനായ പ്രവാസി ആണ്. അവന്റെ വീട്ടിലന്നൊക്കെ  ഞാൻ സ്ഥിര സന്ദർശകൻ ആയിരുന്നു. വിവാഹം കഴിഞ്ഞു ഏറെ നാൾ കഴിയും മുമ്പേ അവനും വീട്ടുകാരും കടുത്ത ശത്രുതയിൽ ആയി. അതിൽ ഇടപെട്ടു കുടുംബ ബന്ധം ദൃഢപ്പെടുത്താൻ    ഞാൻ എന്ന മണ്ടൻ ശ്രമിച്ചു. അവർ ഇണങ്ങിയില്ലെന്നു മാത്രമല്ല, എന്നെയും അവൻ ദൂരേക്ക്‌ അകറ്റി കഴിഞ്ഞു. ഇപ്പോൾ നാട്ടിൽ വന്നാലും ഞങ്ങൾ കാണില്ല!

           പി ജി ക്ക് പഠിക്കുമ്പോൾ എന്റെ പ്രിയപ്പെട്ട ഒരു സ്നേഹിതന്റെ വീട്ടിൽ  ഞങ്ങൾ ഇടയ്ക്കിടെ പോവുകയും അവന്റെ സ്നേഹനിധി ആയ ഉമ്മ ഞങ്ങളെ സൽക്കരിക്കയും ചെയ്യുമായിരുന്നു. റാങ്ക് ജേതാവായി കോളേജ് വിട്ട അവന് ഞാൻ പലപ്പോഴും കത്തുകൾ എഴുതി,  എങ്കിലും മറുപടി വന്നേ  ഇല്ല. ഏറെ കാല  ശേഷം അവൻ ഒരു കോളേജിൽ വകുപ്പ്  മേധാവി ആണെന്ന സന്തോഷ വാർത്ത  എനിക്ക് കിട്ടി. ആ കോളേജിന്റെ വെബ്‌സൈറ്റിൽ നിന്നും അവന്റെ നമ്പർ  തപ്പി പിടിച്ചു ഞാൻ വിളിച്ചു. അവനു എന്റെ പേര് കേട്ടിട്ട് രൂപം പോലും ഓർമ്മ  വരുന്നില്ലത്രേ!

            കൂടെ പഠിച്ചവരും ഒപ്പം ജോലി ചെയ്തവരും ചെയ്യുന്നവരും കൂടാതെ ഓൺലൈൻ വഴിയും ഒട്ടേറെ ആത്മ ബന്ധങ്ങൾ സൂക്ഷിക്കുന്ന ഞാൻ ഈ നഷ്ട ബന്ധങ്ങളെ ഓർത്ത് എന്തിനു വിലപിക്കുന്നു എന്ന് തോന്നാം. വീണ്ടു പറയട്ടെ, ഒന്നും ഒന്നിനും പകരം ആവില്ല. അതാവാം ഇന്നും ഇവരെ ഒക്കെ ഞാൻ പ്രതീക്ഷിച്ചിരിക്കുന്നത്. ഒട്ടേറെ സൗഹൃദങ്ങളുടെ തണലിലും, "പ്രിയമുള്ളോരാളാരോ വരുമെന്നു ...." മോഹിക്കുന്നത്. വെറുതെ...

26 comments:

  1. ചിലർ അങ്ങനെയാ ബായി
    ഒരു നിമിഷത്തെ ചങ്ങാത്തം ജീവിതാവസാനം വരെ കാത്തു സൂഷിക്കന്നവരും ഉണ്ട്

    ReplyDelete
    Replies
    1. പലരും പല വിധം.
      എന്നാലും..

      Delete
  2. :) ഒന്നും ഒന്നിനും പകരം ആവില്ല...

    ReplyDelete
    Replies
    1. ആവില്ല...
      ആവില്ല...
      ആവില്ല...

      Delete
  3. May be you are blessed with better memory than your unfortunate friends. Just offering another way to look at this.

    ReplyDelete
  4. വിഷമത്തിൽ പങ്ക് ചേർന്ന് കൊണ്ട് പറയട്ടെ ഇക്കാ . നമ്മളെ വേണ്ടാത്തവരുടെ പുറകെ നടന്നു സമയം കളയാതെ നമ്മെ വേണ്ടവരുടെ കു‌ടെ നമ്മുക്ക് നില്ക്കാം .

    ReplyDelete
    Replies
    1. അതും ശരിയാണ്..
      പക്ഷെ കഴിയണ്ടേ?

      Delete
  5. .......നല്ല ബന്ധങ്ങള്‍ ഇനിയുമിയും ഉണ്ടാവട്ടെ ! :)

    ReplyDelete
  6. ഐ റ്റി ഐയിൽ ഒന്നിച്ചുപഠിച്ച ഒരു ഫ്രണ്ട്‌. അവനും ഞാനും സിബിയും ആയിരുന്നു കൂട്ട്‌. ഞങ്ങൾ പരസ്പരം വീടുകളിൽ പോയി ഉറങ്ങിയും ഭക്ഷണം കഴിച്ചും കുടുംബങ്ങൾ തമ്മിൽ പോലും അടുത്തു. സിബിയും ഞാനും സൗഹൃദം തുടർന്നു. മൂന്നാമനെ വിട്ടുപോയി.

    കഴിഞ്ഞ അവധിക്ക്‌. ഞാനും അനുവും ആ ബന്ധമൊന്ന് പുതുക്കാൻ ആ വീട്ടിൽ പോയി. രണ്ടുമൂന്ന് ദശകങ്ങൾ കൊണ്ട്‌ ആ പ്രദേശം വളരെ മാറി. വീട്‌ കണ്ടുപിടിക്കാൻ ബുദ്ധിമുട്ടി. കൂട്ടുകാരൻ ലണ്ടനിൽ ആണു. പ്രായമായ അമ്മയും ചിറ്റമ്മയും ഒരു മെയ്ഡ്‌ സെർവ്വന്റും മാത്രമുള്ള വീട്‌. അവർക്ക്‌ ഒരു പരിചയവും തോന്നിയില്ല. ഞങ്ങൾ സ്വയം പരിചയപ്പെടുത്തി. കോൺടാക്റ്റ്‌ ചെയ്യാൻ നമ്പർ കൊടുത്ത്‌, ചായ കുടിച്ച്‌ പിരിഞ്ഞു.

    പിന്നെ ഞങ്ങൾ ബഹറിനിലെത്തി. ഒരാഴ്ച കഴിഞ്ഞപ്പോൾ ലണ്ടനിൽ നിന്ന് ഒരു ഫോൺ.

    "നിങ്ങൾ ആരാ? എന്തിനാ വീട്ടിൽ പോയത്‌"

    പൊലീസ്‌ സ്റ്റെയിലിൽ ഒരു ചോദ്യം ചെയ്യൽ.

    ഐ റ്റി ഐ കാലവും സിബിയും ഒന്നും അവൻ ഓർക്കുന്നില്ല.

    പലവിധം തട്ടിപ്പുകൾ നടക്കുന്ന കാലമല്ലേ. വീട്ടിൽ രണ്ട്‌ മുത്തശ്ശിമാർ മാത്രമല്ലേ. ഭയന്നിട്ടാവും.

    എന്നാലും അത്രക്കങ്ങോട്ട്‌ മറക്കുമോ മനുഷ്യർ

    ReplyDelete
    Replies
    1. മറക്കുമല്ലോ?
      അതിന്റെ തെളിവുകൾ ധാരാളം

      Delete
  7. കാര്യസാധ്യത്തിനായി ബന്ധം പുതുക്കുന്നവരാണധികവും....
    കാര്യം നേടികഴിഞ്ഞാല്‍ ആലുവാമണപ്പുറത്തുവെച്ചുകണ്ട പരിചയംപോലും നടിക്കില്ല!
    അതാണ്‌ ശുദ്ധമനസ്സോടെ എത്തുന്നവരേയും സംശയദൃഷ്ടിയോടെ വീക്ഷിക്കുന്നത്.
    ആശംസകള്‍

    ReplyDelete
    Replies
    1. ഇപ്പൊ ഒക്കെ സംശയം ആണല്ലോ?

      Delete
  8. സൗഹൃദമെന്നത് ഒന്നിനും പകരം ആവില്ല എന്നത് സത്യം

    ReplyDelete
    Replies
    1. അതൊരു മഹാ സത്യം മുരളിയേട്ടാ

      Delete
  9. This comment has been removed by the author.

    ReplyDelete
  10. ഈ ബാല്യകാല സൌഹൃദങ്ങള്‍ ഒരു പ്രായമാകുമ്പോള്‍ മാറും. അവിടുന്നങ്ങോട്ട് ഒപ്പം കൂടുന്നവരാ ആത്മാര്‍ത്ഥ കൂട്ടുകാര്‍. അതില്‍ തന്നെ വിവാഹം ...കുട്ടികള്‍... ഒക്കെയാകുംപോള്‍ പിന്നെയും ബന്ധങ്ങള്‍ മുറിയും. മനുഷ്യരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല ഇന്ന്‍ എല്ലാര്‍ക്കും എല്ലാവരെയും സംശയമാ, ഒരാള്‍ക്ക് ആരോടൊക്കെ സമാധാനം ബോധിപ്പിക്കണം. ഭാര്യ, അമ്മ, അങ്ങനെ..... കൂട്ടുകാരെ അകറ്റി നിര്‍ത്തിയാല്‍ അവര്‍ക്കൊക്കെ അല്പം ആശ്വാസം കിട്ടുന്നേല്‍ ആട്ടെ എന്നാവും ഓരോരുത്തരും കരുതുക.

    എന്റെ കാര്യത്തില്‍ സൌഹൃദങ്ങള്‍ പൊടിപിടിക്കാതെ സൂക്ഷിക്കുന്നതില്‍ ഞാന്‍ എപ്പോഴും പിന്നോട്ടാ. പക്ഷേ പത്തുകൊല്ലം കഴിഞ്ഞു കണ്ടാലും പിരിഞ്ഞ അതേ ഊഷ്മളതയോടെ നിങ്ങള്‍ എന്റെ മനസ്സില്‍ ഉണ്ടാവും. പരിഭവിക്കരുത്. :)

    ReplyDelete
  11. ചില സൗഹൃദങ്ങൾ അകന്ന് പോയിക്കഴിയുമ്പോൾ അവ പോകേണ്ടത്‌ തന്നെയെന്ന് തോന്നും.എന്നാലും ആ മുറിപ്പാടുകൾ അവശേഷിക്കും.ചില പ്രായത്തിൽ കിട്ടുന്ന ബന്ധങ്ങൾക്ക്‌ വല്ലാത്ത ഊഷ്മളത തോന്നും..

    എനിയ്ക്കുള്ളത്‌ തീർത്തും ചെറുപ്പത്തിൽ ഉണ്ടായി വളർന്ന് വലുതായി പരസ്പരം അകന്ന് പോയ ബന്ധങ്ങളേക്കുറിച്ചാണ്‌.

    എന്റെ എല്ലാ പോസ്റ്റുകളിലും ഞാൻ എന്റെ ചെറുപ്പത്തിലെ മുതലുള്ള കൂട്ടുകാരെക്കുറിച്ച്‌ എഴുതിയിട്ടുണ്ട്‌.അതിൽ ഒന്ന് പോലുമില്ലാതെ ഇപ്പോൾ എല്ലാം നഷ്ടായി.പക്ഷേ നഷ്ടത്തിനപ്പുറം പുതിയ നല്ല നല്ല ബന്ധങ്ങൾ കിട്ടുകയും ചെയ്തു.

    നമ്മളെ ഓർക്കാത്ത ബന്ധങ്ങളേക്കുറിച്ച്‌ ഓർത്ത്‌ വ്യസനിയ്ക്കുന്നതെന്തിന്‌ ഇക്കാ???

    ReplyDelete
  12. varshangal chilarute roopathil mathramalla swabhavathilum maatangal varuthunnu, apoorvam chilarund oru mattavum thattathe

    ReplyDelete
  13. ഒന്നും ഒന്നിനും പകരം ആവില്ല... ശരിയാണ് ... പ്രത്യേകിച്ച് കൂട്ടുകാരുടെ കാര്യത്തിൽ

    ReplyDelete