Tuesday, 22 November 2016

പുസ്തക പരിചയം: സന്മനസ്സുള്ളവർക്ക് സമാധാനം

                      പുസ്തകപ്പുഴുക്കളെ ആർക്കു വേണം? സക്കറിയ എഴുതിയ "സന്മനസ്സുള്ളവർക്ക് സമാധാനം'' എന്ന പുസ്ന കത്തിലെ ഒരു തലക്കെട്ടാണിത്. തന്റെ വായനാ വഴികാട്ടിയും സുഹൃത്തും ജീവിതത്തിൽ വായനയെ ഹൃദയത്തോട് ചേർത്തുവച്ച പുസ്തക പുഴു ആയിരുന്ന പ്രൊഫ കെ ജെ എബ്രഹാം എന്ന അവറാച്ചനെ അനുസ്മരിക്കുമ്പോൾ ലേഖനത്തിന് നൽകിയ തലക്കെട്ടാണിത്. ജീവിതം എന്തിനൊക്കെ വേണ്ടി പ്രയോജനപ്പെടുത്തണം എന്നതിനെപ്പറ്റി വ്യത്യസ്ത അഭിപ്രായങ്ങൾ കണ്ടേക്കാം. വായനക്കായി സമയം കളയണോ എന്ന് ആലോചിക്കുന്നവർ ഉണ്ടാവാം. പണമുണ്ടാക്കാനായി ഒരു മാർഗമായി വായനയെ കാണുന്ന വരെ പറ്റി കുഞ്ചൻ തന്റെ 'കാലനില്ലാത്ത കാല'ത്തിൽ "വായന കൊണ്ടേ ഫലിപ്പൂ ഈ കാലമതായതിനും ചിലരുഷ്ണം പിടിക്കുന്നു '' എന്ന് നിരീക്ഷിക്കുന്നു. സക്കറിയ ആവട്ടെ, താൻ ഒരു എഴുത്തുകാരൻ ആവാൻ കാരണം വായന വായന വായന മാത്രമാണ് എന്നിതിൽ പറയുന്നു. തന്റേതിനേക്കാൾ ആഴവും പരപ്പും ഉള്ള വായനയാണ് അവറാച്ചന്റേതെന്ന് പറഞ്ഞ ശേഷം ആ വായനയിലേക്ക് താത്പര്യമുള്ളവരെ മാത്രം ക്ഷണിക്കുന്ന രീതിയാണ് അദ്ദേഹത്തിന് ഉള്ളത് എന്നെഴുതുന്നു. ഒരു സമൂഹം മുഴുവൻ വായനക്കാരായി മാറാൻ സാധ്യതയില്ല തന്നെ. വായനയെക്കുറിച്ച് ബോധ്യപ്പെട്ട ഒട്ടേറെ നിരീക്ഷണങ്ങൾ സക്കറിയ ഇവിടെ പങ്കുവയ്കുന്നു.


                          വായനയില്ലാതെയും വളരുമെന്നും വായിച്ചാൽ വിളയുമെന്നും വായിച്ചില്ലെങ്കിൽ വളയുമെന്നും പറഞ്ഞ കുഞ്ഞുണ്ണി മാഷെ വെല്ലുവിളിച്ചു കൊണ്ട് ഇവിടെ എത്രയോ വിളച്ചിൽ നടക്കുന്നു. വായന ഒരു അത്യന്താപേക്ഷ ഘടകം ആവുന്നില്ല ജീവിതത്തിൽ. വായിക്കാതെയും ഭരണാധികാരിയും ഉദ്യോഗസ്ഥനും പണക്കാരും എന്തിനേറെപ്പറയുന്നു എഴുത്തുകാരനും ആവാം എന്ന് ഏറെപ്പേർ തെളിയിക്കാനിറങ്ങിയ കാലമാണിത്. എഴുത്തുകാരൻ വായിക്കാതിരിക്കുന്നതാണ് നല്ലതത്രേ! എഴുത്തിൽ ആരുടെയും സ്വാധീനം വരില്ല പോലും! വായനക്കാരെക്കാൾ എഴുത്തുകാർ കൂടിയ കാലത്ത് ഈ ലേഖനം ഏറെ പ്രസക്തമാണ്.
                          

                           ഇത്തവണ മാതൃഭൂമിയിൽ വന്ന "തേൻ " പോലെ മികച്ച കഥയെഴുതുന്ന സക്കറിയയുടെ സാമൂഹ്യ നിരീക്ഷണങ്ങളും വിലപ്പെട്ടതു തന്നെ. ശ്രീ നാരായണ ഗുരുവും കെ ബാലകൃഷ്ണനും എം പി നാരായണപിള്ളയും ഒക്കെ ഇതിൽ അനുസ്മരിക്കപ്പെടുന്നു. വിഗ്രഹവൽക്കരിക്കപ്പെട്ട തകഴിയും ബഷീറും ഒ വി വിജയനും വിശാലമായി ചർച്ച ചെയ്യപ്പെടുന്നു. ഈ അതിപ്രശസ്തർക്കൊപ്പം നാം അറിയേണ്ട മറ്റു ചിലരെയും ഇതിൽ ഓർക്കുന്നു. ഈടുറ്റ നാൽപ്പത്തിയാറ് ലേഖനങ്ങളാണ് ഇതിൽ ഉള്ളത്.

സന്മനസുള്ളവർക്ക് സമാധാനം
അനുസ്മരണങ്ങൾ
സക്കറിയ
ഡി സി ബുക്സ്
വില. 150 രൂ
പേജ് 248

1 comment:

  1. സക്കറിയയുടെ സാമൂഹ്യ നിരീക്ഷണങ്ങളും വിലപ്പെട്ടതു തന്നെ. ശ്രീ നാരായണ ഗുരുവും കെ ബാലകൃഷ്ണനും എം പി നാരായണപിള്ളയും ഒക്കെ ഇതിൽ അനുസ്മരിക്കപ്പെടുന്നു. വിഗ്രഹവൽക്കരിക്കപ്പെട്ട തകഴിയും ബഷീറും ഒ വി വിജയനും വിശാലമായി ചർച്ച ചെയ്യപ്പെടുന്നു. ഈ അതിപ്രശസ്തർക്കൊപ്പം നാം അറിയേണ്ട മറ്റു ചിലരെയും ഇതിൽ ഓർക്കുന്നു. ഈടുറ്റ നാൽപ്പത്തിയാറ് ലേഖനങ്ങളാണ് ഇതിൽ ഉള്ളത്.

    ReplyDelete