Friday, 30 December 2016

പുസ്തക പരിചയം : കനലെഴുത്ത്

പെണ്ണെഴുത്ത് എന്നത് പെണ്ണ് എഴുതുന്ന എഴുത്ത് എന്ന അർഥത്തിൽ പ്രയോഗിക്കുന്നത് നന്നല്ല എന്ന് തന്നെയാണ് അഭിപ്രായം. പെണ്ണിന് വേണ്ടി പെണ്ണോ ആണോ എഴുതുന്ന എഴുത്തിനെ ഇങ്ങനെ വിവക്ഷിച്ചാൽ അത് ഒരു തരം മാന്യമായ പെണ്ണെഴുത്താണ്. കാരണം ഇന്നും പെണ്ണ് അടിച്ചമർത്തപ്പെടുന്നവൾ തന്നെയാണ്. സ്വത്വബോധം കൂടിയിട്ടുണ്ടെങ്കിലും പെണ്ണിനും പെണ്ണത്തം ഓരോ അർതഥത്തിലും ഉണ്ട്.പരിമിതികളും ഉണ്ട്. ഇന്നും അവൾ "പലരുടെ കഞ്ഞിക്കായി മടച്ചു വീഴുന്നവൾ!".... "ന സ്ത്രീ ഇരുപത്തൊന്നാം നൂറ്റാണ്ടിലും സ്വാതന്ത്ര്യമർഹതി....." രവിവർമ തമ്പുരാനെ പോലെ ചിലർ "ഒൻപതു പെൺ കഥകൾ" തന്നെ എഴുതിയിട്ടുണ്ടെങ്കിലും, കെ വി മണികണ്ഠൻ ആണിനേക്കാൾ ശക്തരായ പെൺ കഥാപാത്രങ്ങളെ സൃഷ്ടിക്കുന്നെങ്കിലും, പെണ്ണിന് വേണ്ടി കൂടുതൽ ഇന്നും എഴുതുക പെണ്ണ് തന്നെയാണ്. ഒരു പെണ്ണിനെ മനസ്സിലാക്കാൻ പെണ്ണ് തന്നെ വേണം എന്ന ന്യായത്തെ ഇവയൊക്കെ ഊട്ടി ഉറപ്പിക്കുന്നു.



കഥ ഫെസ്റ്റ് എന്ന പേരിൽ ഡി സി ഇറക്കിയ സീരീസിൽ പെട്ട മിക്ക സമാഹാരങ്ങളും വായിച്ച ശേഷം ഒടുവിൽ ആണ് "കനലെഴുത്തു" കയ്യിൽ കിട്ടുന്നത്. നവ മലയാള കഥകളിൽ
(നാഷണൽ ബുക്ക് ട്രസ്റ്റ്) "കീഴാളൻ" നേരത്തെ തന്നെ വായിക്കുകയും ക്ഷ പിടിക്കുകയും ചെയ്തതാണ്. ആനുകാലികങ്ങളിലും ഷീബയുടെ കഥകൾ ശ്രദ്ധിച്ചിട്ടുണ്ട്. ഇതിലെ ഇരുപത്തിരണ്ടു കഥകളിൽ ഇരുപതും സ്ത്രീയുമായി ബന്ധപ്പെട്ട കഥകൾ ആണ് എന്ന് തന്റെ എന്റെ പക്ഷം. ല്ലാം സ്ത്രീ പക്ഷം എന്നോ സ്ത്രീ കേന്ദ്രീകൃതം എന്നോ ഇതിനർത്ഥമില്ല. വൈദ്യശാസ്ത്രത്തിന്റെ വാണിജ്യവത്കരണം പ്രതിപാദിക്കുന്ന "സർജൻ", മനുഷ്യ കശാപ്പു മനസ്സിന്റെ കഥ പറയുന്ന "കശാപ്പു" എന്നീ കഥകൾ ഒഴികെ മറ്റെല്ലാറ്റിലും സ്ത്രീ ശക്തയായ കഥാപാത്രമാണ്."കന ലെഴുത്തി "ലെ മാലിനി നാരായണനും ഗ്രീഷ്മശാഖികളിലെ റാഹേലും എഴുത്തു കാരികളാണ്. അടുക്കളയുടെ പുകക്കുഴൽ ഊതുമ്പോഴാണ് മാലിനിയിൽ കഥ വിടരുന്നത്. റാഹേൽ ആവട്ടെ പരിഷ്കൃത (?) എഴുത്തുകാരികൾക്കിടയിൽ അമ്പരന്നു നിൽക്കുന്ന എഴുത്തുകാരിയാണ്. ജാഡയുടെയും വേഷഭൂഷാദികളുടെയും മികവിൽ എഴുത്തുകാരികൾ രംഗപ്രവേശം ചെയ്യുമ്പോൾ . ക്ലിക്കുകളുടെയും ലോബികളുടെയും ഭാഗമാവാൻ റാഹേലിനെ പോലൊരാൾക്കു ആവില്ലല്ലോ? കഥാകാരി തുടക്കത്തിൽ പറയുന്ന ഹൃദയഹാരിയായൊരു ആമുഖത്തോടു ഈ കഥകൾ ചേർത്ത് വയ്ക്കാവുന്നതാണ്. ചുമരുകളിൽക്കിടയിൽ വല്ലാതെ വിങ്ങുമ്പോഴാണ് ഈ കഥാകാരികൾ അക്ഷരങ്ങളെ പ്രസവിക്കുന്നത്. അത് കൊണ്ട് സൃഷ്ടികൾ "മനുഷ്യ കഥാനുഗായികൾ" ആയി മാറുന്നു

സ്ത്രീയെ ഉല്പന്നമായി കച്ചവട ചരക്കാക്കി കാണുന്ന സമൂഹം ഇന്നും ഉണ്ട്. ഇത്രയേറെ പരസ്യങ്ങളിൽ അൽപ വസ്ത്ര ധാരിയായി സ്ത്രീ ഇന്നും പ്രത്യക്ഷപ്പെടുന്നത് അത് കൊണ്ടാണ്. പീഡനങ്ങൾ കൂടുന്നത് സ്ത്രീയുടെ വേഷം കൊണ്ടാണ് എന്ന് പ്രചരിപ്പിക്കുന്ന പുരുഷ കേന്ദ്രീകൃത സമൂഹത്തിലാണ് നാം ഉള്ളത്. " ആന്ധി" എന്ന കഥയിലും "ഗോഡ്സ് ഓൺ കണ്ട്രി" എന്ന മറ്റൊരു കഥയിലും സ്ത്രീയെ ഇത്തരത്തിൽ കണ്ടു പോകുന്ന ഒരു സമൂഹത്തെ ഷീബ വരച്ചു കാട്ടുന്നു. "കാളിയ മർദനത്തി"ൽ കല്യാണിയുടെ സമ്മർദം മറ്റൊരു തരത്തിലാണ്. ഇത്തരം സ്ത്രീ അനുഭവങ്ങളെ കുറിച്ച് ആശാ പൂർണ ദേവി യൊക്കെ ജീവിതം മുഴുവൻ എഴുതി കൊണ്ടിരുന്നു. ഒട്ടൊരു മാറ്റം ഇല്ലാതെ ഇന്നും തുടരുന്നു.

"ഇവന്റ് മാനേജ്‌മെന്റ്റ്"എന്ന കഥയിൽ സ്ത്രീ വൃദ്ധ മാതാവാണ്. അവരെയും ഒരു "ആന്റിക്‌ പീസ്" ആക്കി മാറ്റുന്ന കാലത്താണ് നാം ജീവിക്കുന്നത്. കഥ പറയുന്ന ശൈലി ഇതിൽ കുറെ കൂടി മെച്ചമാക്കാമായിരുന്നു എന്ന് തോന്നി. "ഒരു പോസിറ്റീവ് പ്രണയ കഥ" ന്യൂ ജെനറേഷൻ കാലത്തു ഒരു പുതുമ അല്ല തന്നെ. "ഇറച്ചി "ത്തിലെ അനിത എന്ന കുടുംബിനി അനുഭവിക്കുന്ന മനോവ്യഥ അതി മനോഹരമായി വരച്ചു കാട്ടുന്നു.

ഇതിലെ ഏറ്റവും ശ്രദ്ധേയമായ കഥ തന്നെയാണ് "കീഴാളൻ" തേച്ചാലും കുളിച്ചാലും മായ്ക്കാനാവാത്ത വിധം ജാതീയത നമ്മെ ചുറ്റി പിണഞ്ഞിരിക്കുന്നു. പ്രണയങ്ങൾക്കിടയിലും അത് കടന്നു വരുന്നതിനു പലവുരു സാക്ഷിയാവേണ്ടി വന്നിട്ടുണ്ട്. മറ്റേതു വൈരുധ്യവും സഹിക്കാം; പക്ഷെ ജാതി വൈരുധ്യം പറ്റില്ല എന്ന മനോഭാവം, ജാതി നമ്മിൽ എത്ര വേര് പിടിപ്പിച്ചിരിക്കുന്നു എന്നതിന് തെളിവാണ്.

"കായംകുളം " എന്ന കഥയിൽ പറ്റിക്കുന്നതും പറ്റിക്കപ്പെടുന്നതും സ്ത്രീ ആണ്. "ആവതുമവളാലെ ഉലഹം അഴിവതുമവളാലെ" എന്ന തമിഴ് ശകലം ഓർമ്മ വരുന്നു. "ഉറവ"യിലും സുന്ദരിയും വിധവയുമായ സ്ത്രീയെ ബിംബ കല്പന നൽകുന്ന ചാതുരി യോടെ അവതരിപ്പിക്കുന്നു. "മൈത്രേയിയുടെ അച്ഛൻ" പോലെ ശൈശവ രതിയുടെ കഥകൾ പലരും എഴുതിയിട്ടുണ്ട്. മനുഷ്യൻ ഇത്രയ്ക്കു നീചനാകുമോ എന്ന് പത്രവാർത്തകൾ കേൾക്കുമ്പോഴും ഇത്തരം കഥകൾ വായിക്കുമ്പോഴും ചോദിച്ചു പോവാറുണ്ട്. "മൺഡേ മാർക്കറ്റ്" സ്ത്രീയുടെ മനസിലെ കാരുണ്യം ആണ് എടുത്തു കാട്ടുന്നത്. "അതിജീവനത്തി"ൽ വീര യുവതിയെ വരച്ചു കാട്ടുന്നു...ഇത് താൻ പുതുകാല യുവതി എന്ന് പറയുകയും ചെയ്യുന്നു. പിഴച്ച കാലത്തു ഇങ്ങനെ ഒക്കെ വേണ്ടി വരും എന്ന് പിറു പിറുക്കാ നെ നമുക്ക് കഴിയൂ.

പരദൂഷണം സ്ത്രീയുടെ സഹജമായ ഒരു സ്വഭാവ സവിശേഷതയാണ്. മന്ധരമാർ ഇന്നും തുടരുന്നു. ഇവരെയാണ് "കഥാന്തര"ത്തിൽ അവതരിപ്പിക്കുന്നത്. "കള്ളൻ" കള്ളന്റെ കഥയല്ല; അത് സ്ത്രീയുടെ, കുടുംബത്തിന്റെ കഥയാണ്. "മായാജാലകത്തി"ലെ മരിയയും സമീര യും നാം പരിചയപ്പെടേണ്ടവർ തന്നെയാണ്. "ശ്യാമ നിരഞ്ജനശില" എന്നൊരു കഥക്ക് പേരിടേണ്ടിയിരുന്നോ? ആ ലളിതമായ കഥയ്ക്ക് ഒരു ലളിതമായ പേരായിരുന്നു അഭികാമ്യം.
"അപരിചിതരി"ൽ ഫേസ്ബുക്കിന്റെ ലോകം.... അതില്ലാതെ ഒരു കഥാ സമാഹാരവും ഇപ്പോൾ ഇറങ്ങില്ലല്ലോ? "ഫേസ്ബുക്കിൽ" നിന്നുദിക്കുന്നൂ ലോകം "ഫേസ്ബുക്കാൽ വൃദ്ധി തേടുന്നു" എന്നതാണല്ലോ കാലം. എല്ലാ കഥകളെയും പരാമർശിക്കണം എന്ന് തോന്നി. ഒടുവിൽ ഡോ മിനി പ്രസാദ് എഴുതിയ പഠനവും സാർഥകം ആയി. ഷീബയുടെ കഥാലോകം "ചിലങ്കകൾ അഴിക്കാതെ" കനലുകളായി ഇനിയും വികസിക്കട്ടെ!
കനലെഴുത്ത്.
കഥാ സമാഹാരം
ഷീബ ഇ കെ
ഡി സി ബുക്ക്സ്
പേജ് 158
വില 140 രൂപ.

2 comments:

  1. ഇന്നും പെണ്ണ് അടിച്ചമർത്തപ്പെടുന്നവൾ
    തന്നെയാണ്. സ്വത്വബോധം കൂടിയിട്ടുണ്ടെങ്കിലും
    പെണ്ണിനും പെണ്ണത്തം ഓരോ അർതഥത്തിലും ഉണ്ട്.
    പരിമിതികളും ഉണ്ട്. ഇന്നും അവൾ "പലരുടെ കഞ്ഞിക്കായി
    മടച്ചു വീഴുന്നവൾ!".... "ന സ്ത്രീ ഇരുപത്തൊന്നാം നൂറ്റാണ്ടിലും
    സ്വാതന്ത്ര്യമർഹതി....." രവിവർമ തമ്പുരാനെ പോലെ ചിലർ "ഒൻപതു പെൺ കഥകൾ" തന്നെ എഴുതിയിട്ടുണ്ടെങ്കിലും, കെ വി മണികണ്ഠൻ ആണിനേക്കാൾ ശക്തരായ പെൺ കഥാപാത്രങ്ങളെ സൃഷ്ടിക്കുന്നെങ്കിലും, പെണ്ണിന് വേണ്ടി കൂടുതൽ ഇന്നും എഴുതുക
    പെണ്ണ് തന്നെയാണ്. ഒരു പെണ്ണിനെ മനസ്സിലാക്കാൻ പെണ്ണ് തന്നെ വേണം എന്ന ന്യായത്തെ ഇവയൊക്കെ ഊട്ടി ഉറപ്പിക്കുന്നു....

    ReplyDelete
  2. നല്ല പരിചയപ്പെടുത്തല്‍ അന്‍വര്‍ക്ക

    ReplyDelete