Tuesday 14 January 2014

പുസ്തക പരിചയം - ഒറ്റയാന്‍ - ടി ജെ എസ് ജോര്‍ജ്.

ഒറ്റയാന്‍ 

ടി ജെ എസ്  ജോര്‍ജ് 

ഡി സി ബുക്സ് 

പേജുകൾ 216 വില 160 രൂപ 

                    
           ചുറ്റുപാടുകളെ നിരീക്ഷിക്കുമ്പോള്‍ ഉണ്ടാവുന്ന സ്വാഭാവിക പ്രതികരണങ്ങള്‍  ചിലപ്പോഴൊക്കെ പുസ്തക രൂപത്തില്‍ ആക്കിയിട്ടുണ്ട്. അത്തരം പുസ്തകങ്ങള്‍ പലപ്പോഴും കാലാദിവര്‍ത്തി ആകുന്നില്ല എന്ന് കാണാം. കാരണം, സന്ദര്‍ഭോചിതമായി പറഞ്ഞു പോകുന്ന വാക്കുകള്‍ പില്‍കാലത്ത് പ്രസക്തം ആവില്ല. എന്നാല്‍ ഉള്‍ക്കാഴ്ച്ചയോടെ നിര്‍ഭയമായി ആണ് വീക്ഷണം എങ്കില്‍  അതിനു പിന്നീടും പ്രസക്തി ഉണ്ടാകും. വ്യക്തികള്‍,  സംഭവങ്ങള്‍ ഇവയെ കുറിച്ച് ടി ജെ എസ് എഴുതിയ കുറിപ്പുകള്‍ അടങ്ങിയ ഈ പുസ്തകം വായിക്കുകയും വാങ്ങി സൂക്ഷിക്കുകയും ചെയ്യേണ്ട ഒന്നാണെന്ന് ഞാന്‍ കരുതുന്നു.

            ആശയങ്ങള്‍,  അഭിപ്രായങ്ങള്‍, ആളുകള്‍ ഇങ്ങിനെ മൂന്നായി പുസ്തകത്തെ വിഭജിച്ചിരിക്കുന്നെങ്കിലും എല്ലാ ഭാഗത്തും എല്ലാം കടന്നു വരുന്നുണ്ട്. ഒപ്പം മറ്റു പുസ്തകങ്ങളെയും ആശയങ്ങളെയും സമര്‍ത്ഥമായി പരിചയപ്പെടുത്തുകയും ചെയ്യുന്നു. അത് ശരിക്കൊരു പുസ്തക ധര്‍മ്മം  തന്നെയാണ്. നാം കേട്ടവരും കേള്‍ക്കാത്തവരും കേട്ടാലും അത്ര മേല്‍ ശ്രദ്ധിക്കാത്തവരും  എന്നാല്‍ ശ്രദ്ധിക്കേണ്ടവരും ആയ പലരെയും അവരുടെ സംഭാവനകളെയും ഈ പുസ്തകം പരിചയപ്പെടുത്തുന്നു.