Friday 30 January 2015

പുസ്തക പരിചയം - നിരീശ്വരൻ


നിരീശ്വരന്‍
നോവല്‍
വി ജെ ജെയിംസ്
ഡി സി ബുക്‌സ്  
പേജുകള്‍: 310
വില: 225 രൂപാ


ഓര്‍മ്മയില്‍ മുന്നുര

'ആലുമ്മൂട്ടിലെ വേലുശ്ശാരുടെ വാലിന്‍ തുമ്പിലൊ
രാലു മുളച്ചിട്ടാലിന്മേലൊരു മാവ് മുളച്ചി
ട്ടാലും മാവും ചേര്‍ന്നിട്ടങ്ങനെ ആല്‍മാവായി
പിന്നെ പിന്നെ യതാത്മാവായെ
ന്നേതോ  നുണയന്‍ ചൊല്ലി നടപ്പതു
നേരായാലും നുണയായാലും
കേട്ടവരെല്ലാം ചെവി പൊത്തിക്കോ ചേട്ടന്മാരെ '

              ബാല്യത്തില്‍ ബാലരമയില്‍ 'ഒറ്റ ശ്വാസത്തില്‍ പാടാമോ' എന്ന ശീര്‍ഷകത്തില്‍ വായിച്ച, കവിയെ ഓര്‍മ്മയില്ലാത്ത, ഈ വരികള്‍ നിരീശ്വര വായനയില്‍ മനസ്സിലുടക്കി. ആലും  മാവും സംക്രമിച്ചു ആത്മാവാകുന്ന മാസ്മരികത ഇതിലുമുണ്ടല്ലൊ? 2014 ലെ ഏറ്റവും നല്ല വായന സമ്മാനിച്ചു എന്ന് പരക്കെ പ്രശസ്തി ലഭിച്ച ഒരു ഉദാത്ത കൃതിക്ക് ആസ്വാദനം എഴുതുന്നത് ഉചിതമല്ലായിരിക്കാം. ചില വിചാരങ്ങള്‍ പങ്കു വയ്ക്കാതെ വയ്യ. ചെവി പൊത്താതെ കേള്‍ക്കുമല്ലോ?

Saturday 24 January 2015

പുസ്തക പരിചയം: കാടിനെ ചെന്നു തൊടുമ്പോള്‍

കാടിനെ ചെന്നു തൊടുമ്പോള്‍
എന്‍ എ നസീര്‍
മാതൃഭൂമി
പേജുകള്‍: 216
വില: 200 (മൂന്നാം എഡിഷന്‍) 


                        കാട് നമ്മളെ ഒരേ സമയം മോഹിപ്പിക്കുകയും ഭയപ്പെടുത്തുകയും ചെയ്യാറുണ്ട് . എന്നാല്‍ നസീറിനു അത് സ്‌നേഹം മാത്രം നല്കുന്നു. അതെ എന്‍ എ നസീര്‍  ഒരു വന്യ ജീവി ഫോടോഗ്രാഫര്‍ അല്ല. ഏതു വിധേനയും നല്ല പടം പിടിച്ചു പെരുമ നേടണം എന്ന് ആഗ്രഹിക്കുന്നതേ  ഇല്ല. ഒരു ഉറുമ്പിനെ പോലും നോവിപ്പിക്കാതെ, ഒരു പുല്ലിനെ പോലും ചവിട്ടാതെ നസീര്‍  തന്റെ ദൗത്യം പൂര്‍ത്തിയാക്കുന്നു. പലപ്പോഴും ക്യാമറ ഇല്ലാതെ ആണ് കാട്ടിനുള്ളില്‍ നസീര്‍ കയറുന്നത്. നസീറിനു കാടിനെ അറിയാന്‍ ക്യാമറ വേണ്ടത്രേ! കാടകം നസീറിനു വീടാണ്. അവതാരികയില്‍ സക്കറിയ പറയും പോലെ കാട് നസീറിനു ധ്യാന കേന്ദ്രമാണ്. അദ്ദേഹത്തെ സംബന്ധിച്ച് ഹിംസ്ര ജന്തുക്കള്‍ ഇല്ല. ഉണ്ടെങ്കില്‍ തന്നെ അത് മനുഷ്യനാണ്. സ്വന്തം കാര്യം മാത്രം നോക്കുന്ന മനുഷ്യന്‍. 'ദത്താപഹാരം' വായിച്ചു കാട് ഭ്രമിപ്പിച്ചു മദിപ്പിച്ചു അങ്ങനെ ഇരിക്കുമ്പോള്‍ കാടിനെ പറ്റി  ഒരു പുസ്തകം എന്നോര്‍ത്ത് വാങ്ങിയതാണ്. ഇത്രയും കാവ്യാത്മകമായ ഒരു പുസ്തകം എന്ന് ഒട്ടും കരുതിയില്ല. കാടിനെ ഇത്രമേല്‍ സ്‌നേഹിക്കുന്ന, ഉള്‍ക്കൊള്ളുന്ന ഒരാള്‍ മനുഷ്യ കുലത്തില്‍ ഉണ്ടെന്നു നിനച്ചതും ഇല്ല. 'വരുമോ കുങ്കുമം  തൊട്ട  സാന്ധ്യ ശോഭ കണക്കവള്‍ ' എന്ന് പാടിയ പി യെയും ഈ മണ്ണ് കാടാക്കി അലഞ്ഞ അയ്യപ്പനെയും ആദ്യമേ സ്മരിച്ച പുസ്തകത്തിന്റെ  ഭാഷ കാവ്യം തന്നെ ആകേണ്ടതല്ലേ?