Monday 26 November 2012

ഒരു ബ്ലോഗറുടെ ആദ്യ രാത്രി!


ആദ്യത്തെ പോസ്ടിട്ടു ബ്ലോഗൊന്നടച്ചു ഞാന്‍
എഫ് ബി യില്‍ ലിങ്കൊന്നു കോറിയിട്ടു
കണ്ണ്  ഒന്നടച്ചതിന്‍  ചാരെ മയങ്ങി ഞാന്‍
രാവേറെ ചെന്നതന്നോര്ത്തതില്ല

നിദ്രയെ പുല്‍കുവാന്‍ ഏറെ തിടുക്കമുണ്ടെ-
ങ്കിലും 'എത്ര പേര്‍ വായിച്ചിടും?'
' എത്ര കമന്റുകള്‍ നേടിടും' എന്നൊട്ടു
നോക്കി കഴിഞ്ഞങ്ങ് ഉറങ്ങിയാലോ?

നിമിഷങ്ങള്‍ നീങ്ങവേ 'ജീ  മെയില്‍'  നിറഞ്ഞതില്‍
അഭിനന്ദനത്തിന്‍ പ്രവാഹമായി
ഭൂലോക കോണുകള്‍ ബ്ലോഗ്ഗ്‌റെ തേടിയീ
എഫ് ബി നിറച്ചു നിരന്തരമായ്‌

മെസ്സേജ് വന്നൂ നിറഞ്ഞെന്റെ  ഫോണിലേ
ദര്‍ശന ടീ വി തന്‍ സന്ദേശവും
'ഈ - ലോകം ' ഒന്നതില്‍ അതിഥിയായ്
എന്നെ ക്ഷണിക്കയോ ഇത്ര വേഗം  !

ആഹ്ലാദ ചിത്തന്‍  ഞാന്‍ ഇനിയോന്നുറങ്ങുവാന്‍
തുനിയവെ അര്ക്കന്റെ കിരണങ്ങളെന്‍  
ആകെ തളര്‍ന്ന നയനങ്ങളെ പുല്‍കി
അമ്മ തന്‍ ക്ഷോഭം ഉയര്ന്നവിടെ..

"രാവില്‍ മുഴുവനും കമ്പ്യൂട്ടര്‍ മുന്നിലോ
വൈദ്യു ത ബില്ലിവിടാരടക്കും ? "
"അമ്മ അറിഞ്ഞോ ടീ വി ക്കാരെന്നെ.."
മോണിട്ടര്‍ മെയില്‍ ബോക്സ്‌ തുറന്നു കാട്ടീ

ശൂന്യമതില്‍ പുതു മെയിലുകള്‍
ഫോണിലും, ദര്‍ശന എവിടെ? തിരഞ്ഞിതാ ഞാന്‍
സ്വപ്നമാണെങ്കിലും തെല്ലിട കൊണ്ട് ഞാന്‍
'ബ്ലോഗ്‌ പുലി' യായി തൃപ്തനായി

"സ്വപ്നം ചിലര്‍ക്ക് .." "കൂടെ പുലര്‍ കാലേ.."
ഒന്നാശ്വസിച്ചു ചിരിച്ചു മെല്ലെ !

Thursday 22 November 2012

ബ്ലോഗെഴുത്തിനെ വിലയിരുത്തുമ്പോള്‍ - ഭാഗം ഒന്ന്


  മുഖവുര
                           ഉത്തമ സാഹിത്യം ?

                  സാഹിത്യം ഉണ്ടായതു മുതല്‍ ഈ ചോദ്യമുണ്ട്? ടോള്‍സ്ടോയ് യുടെ ഒരാള്‍ക്ക് എത്ര ഭൂമി വേണം എന്ന കഥ യാണ് ഉദാത്ത കഥ എന്ന് പലരാലും വിശേഷിപ്പിക്കുന്നത്. ഇത്തരം കഥകളില്‍ ഒക്കെ ഒരു സന്ദേശം ഉണ്ട് എന്നാണ് പറയുക. എന്നാല്‍ സന്ദേശം അതെ പടി പകര്‍ത്തിയാല്‍ സാഹിത്യം ആകുമോ? അപ്പോള്‍അവതരണവും പ്രധാനം തന്നെ. അത് ഇഷ്ടമായോ അല്ലയോ എന്നത് അനുവാചകനെ ആശ്രയിച്ചിരിക്കും. ചില ചര്‍ച്ചകളില്‍ ഏതാണ് ഏറ്റം ഇഷ്ടപ്പെട്ട കൃതി എന്നൊക്കെ ചോദിക്കാറില്ലേ? അവിടെ പാടെ വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉണ്ടാവാം. അതിനാല്‍ എഴുത്തിനെ വിലയിരുത്തുക ഓരോ വായനക്കാരനുമാണ്. അപ്പൊ വിമര്‍ശം, പഠനം ഇവ വേണ്ടെന്നാണോ? മഹാ ഭാരതം കുട്ടികൃഷ്ണമാരാരുടെ 'ഭാരത പര്യടനം' വായിക്കുന്നതിനു മുന്‍പും ശേഷവും വായിച്ചാല്‍ വ്യത്യസ്ത തലത്തില്‍ അത് ആസ്വദിക്കാന്‍ കഴിയും. എം കൃഷ്ണന്‍ നായരുടെ 'സാഹിത്യ വാര ഫലം" സാധാരണ വായനക്കാരെ പോലും ആകര്‍ഷിച്ചു വന്നു. അതിനാല്‍ ഈ വിലയിരുത്തല്‍ ഒരു സാധാരണ (ബ്ലോഗ്‌) വായനക്കാരന്റെ എന്ന് മുന്‍‌കൂര്‍ ജാമ്യം എടുക്കുന്നു..(നീയാരാ ഇതൊക്കെ വിലയിരുത്താന്‍ എന്ന് കൊന്നു കൊല വിളിക്കരുതേ എന്ന് സാരം )
               മലയാളത്തില്‍ ബ്ലോഗെഴുത്ത് ഇത്ര സജീവമാണെന്നറിഞ്ഞത്  അടുത്തിടെയാണ്. ഓരോ ബ്ലോഗ്‌ പോസ്റ്റിലും വരുന്ന അസംഖ്യം കമന്റുകള്‍ തന്നെ അതിന്റെ വിലയിരുത്തലുകളും വിമശങ്ങളും ആണ്. എന്നിരുന്നാലും ഒരു ബ്ലോഗ്ഗറുടെ സൃഷ്ടികളെപ്പറ്റി സമഗ്ര വിലയിരുത്തല്‍ അപ്പൂര്‍വം   എന്ന് കരുതുന്നു. ഇവിടെ എനിക്ക് പരിചിതരായ ചില ബ്ലോഗ്ഗെര്മാരെ പറ്റി എഴുതി കൊണ്ട് തുടങ്ങാം
മനോജ്‌ നിരക്ഷരന്‍, അരുണ്‍ കായംകുളം, ഷബീര്‍ അലി, വിഷ്ണു ഹരിദാസ്‌ എന്നിവരാണ്‌ ആ ഭാഗ്യവാന്മാര്‍. ഇവരാണ് ബൂ ലോകത്തെ ഏറ്റവും വലിയ ബ്ലോഗ്‌ പുലികള്‍ എന്ന് എനിക്കൊപ്പം ഇവരും കരുതുന്നില്ല. ചവിട്ടാവുന്ന മണ്ണില്‍ നിന്ന് കൃഷി തുടങ്ങാം എന്നേ ഈയുള്ളവന് ഉദ്ദേശമുള്ളൂ. ഇവരോട്ട മോശക്കാര്‍ അല്ല എന്ന് ഞാന്‍ ഉറച്ചു പറയുകയും ചെയ്യും. ഇതില്‍ നിരക്ഷരനും അരുണിനും വായനയുടെ കരുത്തു കൂട്ടിനുണ്ട് എന്ന് അവരുടെ രചനകള്‍ കാട്ടി തരുന്നു. പടന്നക്കാരന് ഇത്തിരി ക്ഷോഭവും വിഷ്ണുവിന് ഭാവനയുടെ തിളക്കവും ഒപ്പമുണ്ട്.

നിരക്ഷരനോ....

സാമൂഹ്യ വിമര്‍ശങ്ങളും വിശകലങ്ങളും പുസ്തക ആസ്വാദനവും നിറഞ്ഞ ബ്ലോഗാണ് നിരക്ഷരന്‍ എന്ന് സ്വയം അവകാശപ്പെടുന്ന ഈ സാക്ഷരന്റെ ബ്ലോഗ്‌. സാമൂഹ്യ വിമര്‍ശങ്ങള്‍ക്ക് എഴുത്ത് രൂപം മാത്രം മതിയോ പ്രവര്‍ത്തി രൂപമല്ലേ വേണ്ടത് എന്നാ വിമര്‍ശം പൊതുവേ ഉണ്ട്. എഴുത്ത് പ്രവൃത്തിയെ ഉദ്ദീപിക്കുകയും ഉണര്‍ത്തുകയും ചെയ്യും എന്നത് ചരിത്ര വസ്തുത തന്നെ. പ്രീ ഡിഗ്രി വരെ ആളനക്കം ഇല്ലാത്ത ജീവിതത്തിന്റെ ഉടമ എന്ന് അവകാശപ്പെടുന്ന മനോജ്‌ ഒരു ചിട്ടയുള്ള വിദ്യാര്‍ഥി ആയിരുന്നു എന്ന് തോന്നും വിധം ബ്ലോഗിനെ വിഷയ ക്രമത്തില്‍ അടുക്കിയിരിക്കുന്നു. അച്ചടി മഷി പുരന്ടവ എന്ന് എടുത്തു കാട്ടണോ എന്ന് സന്ദേഹം ഉണ്ട്. കാരണം അച്ചടിച്ച ചിലതിനെക്കാള്‍ മഹത്വം ഉള്ളവയെ ഞാന്‍ ബ്ലോഗില്‍ കണ്ടു മുട്ടിയിട്ടുണ്ട്. ഒരു പത്രക്കരന്റെയും പ്രസാധകന്റെയും പടി വാതിലില്‍ മുട്ടണ്ട എന്നതല്ലേ ബ്ലോഗേഴ്തിന്റെ വലിയ ഗുണം? അക്ഷര വിരോധിയായ മന്ത്രിയുടെ നെഞ്ചത്ത്‌ കുഞ്ചന്‍ എന്ന മഹാന്റെ സംഭാവനകളെ പ്പറ്റിയുള്ള പ്രസംഗം അച്ചടിക്കാന്‍ വിധിക്കപ്പെട്ട മാധ്യമങ്ങലനല്ലോ നമുക്കുള്ളത്.
മലയാളിയുടെ ശീലങ്ങളും ആകുലതകളും വിലയിരുത്തുകയും പങ്കു വെക്കുകയും ചെയ്യുന്ന ലേഖനങ്ങളില്‍ മദ്യ പാന ശീലം, മാലിന്യ സംസ്കരണ സംസ്കാരം ഇവയൊക്കെ കടന്നു വരുന്നു. കേവലം  വാചകമടിക്കപ്പുറ കൊടുങ്ങല്ലൂര്‍ മാലിന്യ സംസ്കരണ കേന്ദ്രം എന്ന വിഷയതിലുല്പ്പെടെ സക്രിയമായി ഇട പെടുന്നു ഈ ബ്ലോഗ്ഗര്‍.
അപൂര്‍വമായി ബ്ലോഗില്‍ കണ്ടു വരുന്ന പുസ്തക ആസ്വാദനം തീര്‍ച്ചയായും മറ്റു ബ്ലോഗ്‌ വായന ക്കാരെ ഉണര്‍ത്തും. വായന ബ്ലോഗില്‍ ഒതുക്കാനുള്ളതല്ല എന്ന് തിരിച്ചറിയാന്‍ പുതിയ തലമുറയെ ഓര്‍മിപ്പിക്കും എന്നതില്‍ സംശയമില്ല. ഇന്ദു ഗോപന്റെ കള്ളന്റെ ജീവിതം പകര്‍ത്തിയ പുസ്തകം മുതല്‍ നമ്പാടന്‍ മാഷിന്റെ നര്‍മ നമ്പരുകള്‍ വരെ യുള്ള വിവിധ തലത്തിലുള്ള പുസ്തകങ്ങളെ സ്പര്‍ശിക്കുന്ന ഒത്തിരി ലേഖനങ്ങളെ വിസ്താര ഭയം മൂലം ഇവിടെ പരാമര്‍ശിക്കുന്നില്ല. കുഞ്ഞഹമ്മദ് ഇക്കയെയും മണി യെയും നമ്മെ അറിയിക്കുകയും നൊമ്പരപ്പെടുത്തുകയും ചിന്ടിപ്പിക്കുകയും ചെയ്യുന്നു ഈ ബ്ലോഗ്ഗര്‍. സമരത്തിനിടെ മന പൂര്‍വ്വം തന്റെ രാഷ്ട്രീയ ഉയര്‍ച്ചക്കായി തല്ലു കൊള്ളും യുവ നേതാവിന്റെ ത്യാഗത്തെ പുകഴ്ത്തുന്ന മാധ്യമങ്ങള്‍ ഇവരെയൊക്കെ കാണാതെ പോകയോ? ഒന്ന് ലൈക്‌ അടിച്ചു ഓടി പ്പോകാന്‍ കഴിയാത്ത വണ്ണം ഈ ബ്ലോഗ്ഗില്‍ ഇടയ്ക്കിടെ നാം ചെന്ന് പെടുന്നു. 

കായംകുളം സൂപ്പെര്‍ ഫാസ്റ്റ്

              ഈ വണ്ടിയില്‍ യാത്ര ചെയ്തപ്പോഴോന്നും ഗട്ടറില്‍ വീണതറിഞ്ഞില്ല; ഗിയര്‍ പല തവണ മാറിയതും അനുഭവപ്പെട്ടില്ല; സുഖ യാത്ര; ഡ്രൈവര്‍ അരുണ്‍ സമര്‍ത്ഥന്‍ തന്നെ. എങ്ങനെ അല്ലാണ്ട് വരും ..ലോകത്ത് ആദ്യമായി അമ്മയുടെ വയര്‍ കീറി പുറത്തു വന്ന അത്ഭുത ജീവി അല്ലെ? രണ്ടായിരത്തി എട്ടു മുതല്‍ ബോഗികള്‍ ഫിറ്റു ചെയ്യുന്ന; ഇപ്പൊ എണ്ണം കുറഞ്ഞു തുടങ്ങി; വണ്ണവും (?) ഡ്രൈവര്‍ ഇടയ്ക്കു കെട്ടിയതും ഭാര്യ പെറ്റതും സോഫ്റ്റ്‌വെയര്‍ തൊഴിലാളി വയറു പിഴപ്പിനു കോഡ് എഴുതി മറിച്ചതും പിന്നെ ക്ലയന്റ് മായി  മല്ലിടുന്നതിനിടയില്‍ സമയം കുറഞ്ഞതുമൊക്കെയാവാം  കാരണം.
         അനിതര സാധാരണമായ നര്‍മത്തിലൂടെ ആശയങ്ങളെ മര്മത് കൊള്ളിക്കാന്‍ ഈ വിദ്വാന്‍ അതി സമര്‍ഥന്‍ തന്നെ. ഹാസ്യം മാത്രമല്ല തനിക്കു വഴങ്ങുന്നതെന്ന് മഹാത്മജിയുടെ അന്ത്യ രംഗം നമുക്ക് നെഞ്ച് വിങ്ങും വിധം വരച്ചു കാട്ടി ഇദ്ദേഹം തെളിയിക്കുന്നു. സ്വന്തം അഭിമുഖവും പുസ്തക പ്രകാഷനങ്ങളുടെ  ഗതി വിഗതികളും കാതര ടെലെ ഫിലിം ആകുന്നതും നര്‍മത്തില്‍ പൊതിഞ്ഞു നമുക്ക് തരുന്നു.
ക്ഷേത്ര പരിസരത്ത് പിറന്നു വീണ (വയറു കീറി..) അരുണ്‍ കുളി തേവാരം  ക്ഷേത്ര ദര്‍ശനം നെറുകയില്‍ നിറയെ ഭസ്മ ലേപനം എന്ന രൂപത്തില്‍ പുരാണങ്ങളും ഇതിഹാസങ്ങളും ബ്ലോഗില്‍ ആക്കുന്നതും രാമായണം സുന്ദര രൂപത്തില്‍ ബ്ലോഗക്കുന്നതും എന്നെ  അതിശയപ്പെടുത്തി. (രാമായണവും മഹാഭാരതവും അതിനെ അധികരിച്ച് ഇറങ്ങിയ മിക്ക ഗ്രന്ഥങ്ങളും വായിക്കാന്‍ ശ്രമിച്ച ഒരാള്‍ എന്ന നിലയില്‍ സംഗ്രഹീതമായി അതില്‍ ചിലതിനോടെങ്കിലും കിട നില്കും ഈ ബ്ലോഗ്‌ എന്ന് പറയാന്‍ ഭയപ്പെടുന്നില്ല) ഇനി വ്യാസ ഭാരതം, ഇദേഹത്തില്‍ നിന്നും ബ്ലോഗ്‌ രൂപത്തില്‍ പ്രതീക്ഷിക്കാം. വ്യാസന്‍ പ്രൂഫ്‌ രീടിങ്ങിന് പണി പെട്ടതു ഇതില്‍ ഓര്‍ക്കുന്നുണ്ട്..രാവണന്‍ ജലദോഷം വന്നു പത്തു മൂക്കിലൂടെ തുമ്മി പണി പെട്ട പോല്‍..)
         ഉത്സവവും അതിന്റെ പിന്നാം  പുറവും പിരിവും ആനയെ എഴുന്നള്ളിക്കലും ഒക്കെ ഓര്‍ത്തു ചിരിക്കാന്‍ വക നല്‍കുന്നു. സത്യം പറയട്ടെ, അടുത്തിടെ ഹാസ്യം എന്ന പേരില്‍ വില്‍ക്കുന്ന പല ഗ്രന്ഥങ്ങളും ചിരിക്കാന്‍ വക നല്‍കിയില്ല എന്നത് കൂടി ഓര്‍ക്കുമ്പോള്‍, കൃഷ്ണമൂര്തി എന്ന വട്ടന്‍ പട്ടരെ പേടിച്ചു വരാന്തയില്‍ കിടന്നു നേരം വെളുപ്പിച്ച, പല ഗായത്രിമാരുടെ മക്കളെ അച്ഛനെന്നു ചൊല്ലി എടുത്ത മനു നനായി ചിരിപ്പിച്ചു എന്ന് പറയാതെ വയ്യ. ചുമ്മാതല്ല ആസ്ഥാന വയറ്റാട്ടി നാണി തള്ള അന്ന് പരാജയപ്പെടുകയും തുടര്‍ന്ന് വയറു കീറുകയും ചെയ്തത്. സോഫ്റ്റ്‌വെയര്‍ തൊഴില്‍ രംഗത്തെ ആനയെ തളക്കാന്‍ പോലും സോഫ്റ്റ്‌വെയര്‍ ചെയ്യമെന്നെല്‍ക്കുന്ന കഥ ഉള്‍പ്പെടെ കോഡ് എഴുത്തുകാരെയും ബഗ്ഗേര്‍ മാരായ ബെഗ്ഗര്‍ മാരെയും അര മുതലാളിമാരെയും മുഴു മുതലാളിമാരെയും തന്മയിത്വതോടെ അവതരിപ്പിക്കുന്നു.
ഏതായാലും സീരിയസ് ആയി ബ്ലോഗെഴുതാന്‍ ഇദ്ദേഹത്തെ ഞാന്‍ ഉപദേശിക്കുന്നില്ല (അതിനു ഒരുമ്പെട്ട ഒരു പാവത്തിനെ ഈ മഹാന്‍ കൈകാര്യം ചെയ്ത കഥ ബ്ലോഗില്‍ വായിക്കാം)..മുത്തശ്ശിയെ പറ്റി മനോഹരമായി പറയുന്ന കൊച്ചു മകന്‍ ഇന്നിന്റെ അപൂര്‍വത തന്നെ. ഹരിഹര നഗര്‍ പോലെ ജനപ്രിയ ചിത്രങ്ങള്‍ ഇദേഹത്തിന്റെ തൂലികയില്‍ പുനര്‍ ജനിക്കുന്നതും കാണാം.
ഇനിയും നമുക്ക് കാത്തിരിക്കാം കൂടുതല്‍ വിഭവങ്ങള്‍ക്കായി..കാതരയായി.
ഒരു കാര്യം ഉറപ്പാ..
"നാക്ക് ഇല്ലേല്‍ ഇവനെ പണ്ടേ കാടന്‍ കൊണ്ട് പോയേനെ"

പടന്നക്കാരന്‍


ബൂര്‍ഷ്വാ മാപ്പിളയുടെ രചനകള്‍ ടിയാന്‍ സൂചിപ്പിക്കുന്ന പോലെ കാസര്‍ഗോഡ്‌ ഭാഷയും മാപ്പിള ടച്ചും ഉള്ളതത്രെ..ഇസ്ലാമിന്റെ ഇന്നത്തെ കാഴ്ചയെ വിശകലനം ചെയ്യുമ്പോള്‍ ഒരു ബഷീറിയന്‍ ശൈലി അനുഭവപ്പെടുന്നു. നര്‍മം മൂര്‍ധന്യ ഭാവത്തില്‍ മര്മത് കൊള്ളിക്കുക എന്ന വാശിയോടെ ആണ് എഴുത്ത്. അബ്ദു രബ്ബും നിലവിളക്കും, ഒരു ജിഹാടും കപട.., ..കപട മത സൌഹാര്‍ദം എന്നിങ്ങനെ ലേഖനങ്ങളില്‍ ഉറച്ച അഭിപ്രായ പ്രകടനം കാണാം. നബി ദിനത്തെ പറ്റിയും മുടിയാട്ടതെ പറ്റിയും ദര്‍ശന ഡി വി യെ പറ്റിയും പറയുമ്പോള്‍ തനി ഇസ്ലാമിലേക്ക് തിരിച്ചെത്താനുള്ള ആവേശം കാണാം. മദനി ഉസ്ടടും ശശികല ടീച്ചറും അവശ്യം വേണ്ട അഭിപ്രായങ്ങള്‍ ഉള്‍കൊള്ളുന്നു.
അമേരിക്കയും അവരുടെ സാമ്രാജ്യത്വ നടപടിയും വിമര്ശഇക്കുന്ന പടന്നക്കാരന്‍ മനുഷ്യ സ്നേഹത്തിന്റെ വിത്തുകള്‍ പാകി മുളപ്പിക്കേണ്ട ത്തിന്റെ ആവശ്യകതയ്നു ഊന്നി പറയുന്നത്. അത് വിദ്വേഷമോ വെറുപ്പോ അല്ല. പക്ഷെ ഇവയുടെ കമന്റ്‌ ഉകളില്‍ ഇങ്ങനെ ഇത് ചിലപ്പോ തിരിച്ചറിയപ്പെടുന്നില്ല. ഉറച്ച ഈശ്വര വിശ്വാസിയായ ബ്ലോഗ്ഗര്‍ നിരീശ്വരം പ്രചരിപ്പിക്കുന്നവര്‍ ക്കെതിരെ പട വാള്‍ ഊങ്ങുന്നത്‌ കാണാം. സമകാലിക ഇസ്രയേല്‍ സംഭവങ്ങള്‍ ഏറെ ഗവേഷണ ബുദ്ധിയോടെ പറയുന്ന ഒരു  ബ്ലോഗ്‌.

വിഷ്ണുലോകം


വിഷ്ണു ലോകത്തെ  ചെറിയ വിഷ്ണു കാഴ്ച്ചയില്‍ അത്ര ചെറുതല്ല എന്നത് പോലെ വരച്ചു കാട്ടിയ ലോകവും ചെറുതല്ല. സാധാരണക്കാരനായി ജീവിക്കാന്‍ ഇഷ്ടപ്പെടുന്ന ഈ നിര്‍മാണ തൊഴിലാളി ( കട്ടക്കും സിമെന്റിനും പകരം കോഡും അന്ട്രോയിഡ്‌  ഉം   ) തന്റെ  ആത്മ കഥ ഏഴുതും മുന്നേ ബള്‍ബ്‌ ഇന്റെ ആത്മ കഥ എഴുതി. ആ ജീവിതം നമ്മുടെയൊക്കെ ജീവിതം എന്ന് തിരിച്ചറിഞ്ഞ താണ് അതിലെ വിജയം. ഫ്യൂസ് പോയ ബള്‍ബ്‌ എടുത്തെറിയുമ്പോള്‍ നാം അതിന്റെ പിന്‍ ജീവിതം ഓര്‍ക്കാറില്ല. ഇവിടെ, അത്യുക്തി എങ്കിലും, ആശാന്‍ വീണ പൂവിനെ കണ്ട് പോലെ, ബള്‍ബിന്റെ ഭാവിയെ ഇത്തിരിപോന്ന വിഷ്ണു ഓര്‍ത്തതിനെ ഭാവന എന്ന് പറയാം  ബള്‍ബ്‌ഇനെ പുറത്തു കളയും പോലെ മാതാ പിതാക്കളെ കളയുന്ന കാലമല്ലോ ഇത്. അവരെ സംരക്ഷിക്കുവാന്‍ ഈ കഥയിലെ ചെക്കനെ പോലെ ആരെങ്കിലും വരും! മുഖം വ്യക്തമല്ല എന്ന കഥയിലും ഈ ആസുര കാലത്തെ ധ്വനിപ്പിക്കുന്നു. ചെറുപ്പമെങ്കിലും പക്വതയോടെ ഉള്ള ഒരു സമീപനം ജീവിതത്തോട് വച്ച് പുലര്‍ത്തുന്നു എന്നതാണ് ശ്രദ്ധേയം. അഞ്ചു വര്ഷം പിന്നോട്ടും പതിനഞ്ചു വര്ഷം മുന്നോട്ടും അനായാസം  രണ്ടു കഥകളില്‍ വിഷ്ണു സഞ്ചരിക്കുന്നു.മരണത്തിന്റെ തെരാളിയില്‍ സമ്പത്താണ്‌ ജീവിതം എന്ന മനുഷ്യന്റെ മിഥ്യാ ധാരണകളെ വിമര്‍ശിക്കുന്നു. മഴയെ സ്നേഹിച്ച പെണ്‍ കുട്ടിയും ദൈവത്തിന്റെ പൂച്ചയും ആകര്‍ഷകം തന്നെ. മനസ്സില്‍ ലഡ്ഡു പൊട്ടിയത് വായിച്ചാല്‍ പക്ഷെ അത്ര ലഡ്ഡു പൊട്ടുമോ എന്ന് സംശയമുണ്ട്‌. കോളേജ് കാലതെഴുതിയ   പഴയ പോസ്റ്റുകളിലും ഭാവനയുടെ തിരയിളക്കം കാണാം. ഫേസ് ബുക്ക്‌ എന്ന മധുപാല്‍ ബൂകിന്റെയും ചില സിനിമകളുടെയും റിവ്യൂ പ്രതീക്ഷ പുലര്‍ത്തുന്നു.

തീരുന്നില്ല..
അതെ ഈ വിലയിരുത്തല്‍ ഇടപെടലുകളായി തുടരും...മറ്റു ബ്ലോഗ്ഗെര്മാര്‍ ജാഗ്രതൈ!!!

Tuesday 13 November 2012

നുറുങ്ങു കവിതകള്‍

 

തിരക്ക് 

തിക്കി 'ത്തിരക്കി' 'തിരക്കെ'ന്ന വാക്കൊന്നെടുക്കാന്‍ തുനിയവെ

'തിരക്കി' നു 'തിരക്കോ'ട് 'തിരക്ക് '!!!

 

മക്കള്‍

ഒന്നുമാവേണ്ട യെന്‍ മക്കളെന്‍ കണ്ണുനീര്‍
കാണാന്‍ കനിവുള്ള മക്കളായാല്‍ മതി !

വാര്‍ അഥവാ യുദ്ധം 

 അന്‍വര്‍ ഒരു 'വാര്‍' നും
വരുന്നില്ല യെങ്കിലും 
'വാര്‍ത്ത'യില്‍ 'വാര്‍' കാരന്‍
ആവുമീ അന്‍വര്‍


വികസനം

പുഴയും മഴയും
തഴയും വികൃതി
മണ്ണും വിണ്ണും
അഴുകും വികൃതി
പെണ്ണും ആണും
മരിക്കും വികൃതി
ചതിയോ വിധിയോ
വികസനമോ???

യുദ്ധം  

പെണ്ണിനും മണ്ണിനും
പന്തിക്കും പദവിക്കും
അല്ലാതെ മന്നിതില്‍
യുദ്ധമുണ്ടോ?

Sunday 11 November 2012

സൌഹൃദത്തെ പറ്റി....


"ഒരേ കളിപ്പാട്ട മൊരേ കളിക്കൂട്ട്
ഒരേ കളിത്തൊട്ടില്‍, ഒരേ വികാരം
ഒരാള്‍ക്ക് മറ്റാള്‍  തണല്‍
ഈ നിലക്കായിരുന്നു
ഹാ! കൊച്ചു കിടാങ്ങള്‍ ഞങ്ങള്‍"

       കൃഷ്ണന്റെയും കുചേലന്റെയും സതീര്ത്ഥ  കഥകള്‍ കേട്ടാണ് നമ്മുടെ ബാല്യം കഴിഞ്ഞത്. ഏഴു രണ്ടുലക്  വാഴിയാം ഭഗവാന്‍  താഴെ തന്റെ പ്രിയ കൂട്ടുകാരനെ കണ്ടതും ദേവിയുടെ പള്ളിപ്പാണികള്‍ കൊണ്ട് പാദം  കഴുകിച്ചു വരവേറ്റതും രാമപുരത്ത് വാര്യര്‍ വരച്ചു കാട്ടിയത് പഠിച്ചത് ഓര്‍മ്മയില്‍   തങ്ങി   നില്‍ക്കുന്നു.  സ്നേഹം കൊണ്ട് വാവരെ കീഴടക്കി ആത്മ സുഹൃത്തായി മാറ്റിയ  അയ്യപ്പനും നമ്മുടെ ബാല്യ വിശേഷങ്ങളില്‍ ഒപ്പമുണ്ട്. അബൂബക്കരിനെയും ഉമറിനെയും ഉറ്റ തോഴരാക്കിയ  പ്രവാചക ചരിത്രവും നാം പഠിച്ചിട്ടുണ്ട്. ഒപ്പം, ശിഷ്യരുടെ വലിയ സദസ്സില്‍ നിന്നും കര്‍ത്താവിനെ ഒറ്റു  കൊടുത്ത യൂദാസും ചരിത്രത്തില്‍ സ്ഥാനം പിടിക്കുന്നു. ചതിയന്‍ ചന്ദുവും  പിഴച്ച സൌഹൃദത്തിന്റെ ചരിത്രമോതുന്നു. ചുരുക്കത്തില്‍, സൂക്ഷ്മതയോടെ തെരഞ്ഞെടുക്കേണ്ട ഒന്നാണ് സൌഹൃദങ്ങള്‍ എന്നാണ് നമുക്ക് നല്‍കപ്പെടുന്ന പാഠം
സുഹൃത്ത് ബന്ധങ്ങള്‍ രക്ത ബന്ധങ്ങളെ പോലെ നമ്മെ എല്പ്പിക്കപ്പെടുന്നതല്ല; നാം തെരഞ്ഞെടുക്കുന്നതാണ്. ദാമ്പത്യ ബന്ധങ്ങളെ പോലെ, അവ ബാധ്യത ആകുന്നുമില്ല. ഇതിന്റെ വളര്‍ച്ചയും തളര്‍ച്ചയും അനുഭവക്കാത്തവരില്ല . ഒരുവനെ പറ്റി അറിയാന്‍ അവന്റെ കൂട്ടുകാരെ നോക്കിയാല്‍ മതി എന്ന വചനം പ്രശസ്തമാണ്. സ്വാര്‍ത്ഥതയുടെ ആസുര കാലത്ത് നിഷ്കളങ്ക സൌഹൃദത്തെ പറ്റി ഒന്ന് വിലയിരുതെണ്ടതല്ലേ?

എന്താണ് സൗഹൃദം

                       സു - ഹൃത് എന്ന പദം   നല്ല ഹൃദയം ഉള്ള ആള്‍ എന്ന അര്‍ത്ഥത്തില്‍ വിവക്ഷിക്കാം. ഹൃദയം രക്തം പമ്പ് ചെയ്യുന്ന അവയവം ആണെങ്കിലും അതിനെ മനസ്സിന്റെ ഇരിപ്പിടമായി വിലയിരുത്തപ്പെടുന്നു. ഹൃദയ പക്ഷം, ഹൃദ്യം എന്നൊക്കെയുള്ള പ്രയോഗങ്ങള്‍ ധാരാളം. ഹൃദയ സരസ്സിലാണ് പ്രണയ പുഷ്പം വിരിയുന്നത്. ഹൃദയങ്ങള്‍ ഇണക്കപ്പെട്ടവര്‍ നല്ല സുഹൃത്തുക്കള്‍. അവരുടെ മനസ്സുകളെ ഒന്നിപ്പിക്കുന്ന എന്തോ ഒന്ന് അവര്‍ക്കിടയില്‍ ഉണ്ടാകണം. വ്യത്യസ്ത ജീവിത വീക്ഷണം, ചിന്ത സരണി ഇവയുള്ളവരും നല്ല സൗഹൃദം കാത്തു സൂക്ഷിക്കാറുണ്ട്. ഒരുവന്റെ ഭാരം ഇറക്കി വക്കാന്‍, അവനെ ഇപ്പോഴും കേള്‍ക്കാന്‍, സഹിക്കാന്‍ തയ്യാരുള്ളവന്‍ തന്നെ അവന്റെ സുഹൃത്ത്‌. തിരക്കിന്റെ ഈ കാലത്ത്, അതല്പം പ്രയാസം തന്നെ.

ആരാണ് സുഹൃത്ത്

                    മല്ലന്റെയും  മാതേവന്റെയും കഥയില്‍ ആപത്തില്‍ സഹായിക്കാത്ത സുഹൃത്ത്‌ സുഹൃതല്ലെന്നു നാം കാണുന്നു. "A friend of all is not a friend at all" എന്നതും ശ്രദ്ധേയമാണ്. ഒരേ സമയം കൃഷ്ണന്റെയും കംസന്റെയും കൂട്ടുകാരനാവുക  ദുഷ്കരമാണ്. എന്നാല്‍ താത്കാലിക കാര്യ ലാഭത്തിനായി അത്തരക്കാര്‍  കൂടുന്നുണ്ട്. പലതും സൗഹൃദം അല്ലെന്നു നാം തിരിച്ചറിയേണ്ടതുണ്ട്. മദ്യ ത്തി നും മദിരാക്ഷി ക്കും വേണ്ടി  താത്കാലിക സൌഹൃദ നിര കെട്ടിപ്പടുക്കുന്നവര്‍ കൂട്ടുകാരന്റെ ചിത എറിയുമ്പോള്‍ അടുത്ത ലാവണം  തേടി പായുന്നത് കാണാന്‍ കഴിയും. മിന്നുന്നതിനിടയില്‍ പൊന്നിനെ കണ്ടെത്തുക പ്രയാസം തന്നെ!

എങ്ങനെ നില നിര്‍ത്താം

                        സമയവും പണവും മനസ്സും നല്‍കാതെ ഒന്നും കഴിയില്ല. ഇന്ന് സൌഹൃദങ്ങള്‍ നിലനിര്‍ത്താന്‍ സമയ കുറവാണു പ്രധാന കാരണം. എല്ലാ ആധുനിക വിനിമയ വിദ്യക്കും നടുവില്‍ ഇതിനു കഴിയുന്നില്ല എന്ന് മനുഷ്യന്‍ പരാതിപ്പെടുന്നു. ഒരു ഫോണ്‍ വിളിക്ക് വളരെ തുച്ചമായ പണം മുടക്കി സൗഹൃദം നില നിര്‍ത്താന്‍ നാം തയ്യാറല്ല. അതെ സമയം മൊബൈലും ചാറ്റിലും 'friend' നെ തേടി പായുകയും ചെയ്യുന്നു; നമ്മുടെ താത്കാലിക വികാര ശമനത്തിനായി. അങ്ങനെ ഉപയോഗിച്ചുപയോഗിച്ച് friend എന്ന മനോഹര ആംഗല പദം പോലും വികലമായി. സ്നേഹവും വിദ്യയും പങ്കു വച്ചാല്‍ പണം പോലെ കുറയില്ല എന്ന ആപ്ത വാക്യം നാം മറക്കുന്നു. ഒന്ന് വിളിച്ചാല്‍ ഫോണ്‍ എടുക്കാന്‍ പോലും കഴിയാതെ, വിങ്ങുന്ന സുഹൃത്തുക്കളാണ് അധികവും. പഠന ശേഷം ഒത്തു പഠിച്ചവര്‍ കുറെ നാള്‍ പരസ്പരം അറിയുകയും, പിന്നെ അകലുകയും ചെയ്യുന്നത് സ്വാഭാവികമാക്കി നാം മറ്റികഴിഞ്ഞു. ബിരുദമോ ബിരുദാനന്തര ബിരുദമോ വരെ പഠിച്ച ഒരാള്‍ തനിക്കൊപ്പം പഠിച്ച എത്ര പേരുമായി ഇന്നും ആശയ വിനിമയം നടത്തുന്നു എന്നും വിവിധ സ്ഥലങ്ങളില്‍ ഒരുമിച്ചു ജോലി ചെയ്തും പരസ്പരം സഹായിച്ചും കഴിഞ്ഞവര്‍ ഇന്നും എങ്ങനെ ഇട പഴകുന്നു എന്നും  സ്വയം വിലയിരുത്താം. എല്ലാവരെയും ഒപ്പം കൂട്ടുക സാധ്യമല്ല തന്നെ. എങ്കിലും കുറെ പേരെങ്കിലും അവരില്‍ നമുക്കൊപ്പം വേണ്ടേ? ചിലരുടെ ജീവിതത്തില്‍ വന്നു ഭാവിച്ച കയ്പനുഭവങ്ങള്‍ അവരെ മറ്റുള്ളവരില്‍ നിന്നും അകറ്റുന്നു എന്നതും നാം കാണണം.

എന്ത് പ്രതീക്ഷിക്കാം

                പ്രതീക്ഷകള്‍ നിരാശയിലേക്ക് നയിക്കും. എങ്കിലും എല്ലാരും നിര്‍വാണം പ്രപിച്ചവരല്ലല്ലോ? പ്രതീക്ഷിക്കതിരുന്നാല്‍ ജീവിതം വ്യര്‍ത്ഥ  വുമാകും. അതിനാല്‍ ഉദാത്ത സ്നേഹത്തിന്റെ പ്രതീക്ഷയും തുടരുന്ന നിരാശയും ജീവിതത്തിന്റെ ഭാഗമാവണം. 'പിറവി' എന്ന സിനിമയില്‍ അനുജനെ ഇനി പ്രതീക്ഷിക്കേണ്ട എന്ന് പറയുന്ന ചേച്ചിയോട് അച്ഛന്‍ "പിന്നെ ഞാന്‍ എന്തിനാ അവന്റെ അച്ഛന്‍ ആയെ? നീ എന്തിനാ അവന്റെ ചേച്ചി ആയെ? " എന്ന ചോദ്യത്തില്‍ എല്ലാമുണ്ട്.

എങ്ങനെ തുടങ്ങുന്നു?

                         ഒപ്പം പഠിച്ചതോ ഒപ്പം ജോലി ചെയ്യുന്നതോ ഒപ്പം യാത്ര ചെയ്യുന്നതോ ഒക്കെ സൌഹൃദത്തിന്റെ തുടക്കമാവാം. ഇതൊന്നുമല്ലാതെ 'അത്ഭുതമായി  മുള പൊട്ടുന്ന' സൌഹൃദങ്ങളും ഉണ്ട്. ഒരു 'frequency match' ഇതിലുണ്ട്. അത് എന്തെന്ന് എനിക്കിനിയും മനസ്സിലായിട്ടില്ല. സാക്ഷാല്‍ ഒടയ തമ്പുരാന് മാത്രം അറിയാവുന്ന എന്തോ ഒന്ന്  ! (യുക്തി വാദി സുഹൃത്തുക്കള്‍ ക്ഷമിക്കുക) വളരെയേറെ വ്യത്യസ്ത ജീവിത വീക്ഷണങ്ങള്‍ ഉള്ളവര്‍ സൌഹൃദത്തില്‍ കഴിയുകയും പരസ്പരം വിട്ടുവീഴ്ച ചെയ്യുകയും സാധാരണം.

അതിര്‍ വരമ്പുകള്‍?

                        സുഹൃത്ത് ബന്ധങ്ങള്‍ക്ക് അതിര്‍ വരമ്പുകള്‍ വേണോ? നമ്മുടെ ഇതര ബന്ധങ്ങളെ അത് ബാധിക്കുമോ? ഇതിന്റെ ദീര്‍ഘമായ സാമൂഹ്യ ശാസ്ത്ര വിശകലനം ഇവിടെ നടത്തുന്നില്ല. സുഹൃത്തുക്കളെ കുടുംബത്തോടിണക്കി നീങ്ങുക എന്നതാണ് എന്റെ പക്ഷം. (പടന്ന ക്കാരന്‍ വിയോജിക്കുമോ? http://wwwpadanna.blogspot.in/2012/01/blog-post_27.html ) സമയത്തെ നന്നായി വിഭജിക്കുമ്പോള്‍ ആര്‍ക്കും പരാതി ഇല്ലാതെ നീങ്ങും. പിന്നെ, അല്പം പരാതിയും പരിഭവവും ഇല്ലേല്‍ എന്ത് ജീവിതം..അല്ലെ?

നഷ്ടമായാല്‍..?

                              വലിയ സുഹൃത്തുക്കള്‍ ബാധ ശത്രുക്കളായി മാറുന്നത് നാം കണ്ടിരിക്കും. അമിത പ്രതീക്ഷകളും എന്റെ മാത്രം എന്ന വീക്ഷണവും മറ്റു ബന്ധങ്ങളുടെ ഇടപെടലും ഒക്കെ ഇതിലേക്ക് നയിക്കാറുണ്ട്. ഇണക്കം എത്രയാണോ അത്രമേല്‍ പിണക്കമാണ് കണ്ടു വരിക. ഇത്തരം നഷ്ട സൌഹൃദങ്ങളെ ഉദാഹരിച്ചു സൌഹൃദമേ വേണ്ട എന്ന് പോലും തീരുമാനിക്കുന്നവര്‍ ഉണ്ട്. നാം നഷ്ടപ്പെടുതുന്നതല്ലാതെ വിധി നമ്മില്‍ നിന്നും തട്ടിയെടുക്കുന്ന സൌഹൃദങ്ങളും നമ്മില്‍ വിങ്ങുന്ന ഓര്‍മ്മകള്‍ ആകുന്നു. ഇങ്ങനെ മനസ്സു ഇടയ്ക്കു വിങ്ങിയില്ലേല്‍ നാം മനുഷ്യരോ?

ഞാനല്ല അവനാണ്..?

                          നില നിരത്താത്ത   ബന്ധങ്ങളെ പറ്റി നാം പൊതുവേ പരാതി പറയുക ഇങ്ങനെ ആണ്. സ്വന്തം തെറ്റുകള്‍ കാണാന്‍ കഴിയില്ലലോ? "ഞാന്‍ എത്ര തവണ വിളിച്ചിട്ടും അവന്‍ ഒരിക്കല്‍ പോലും തിരിച്ചു വിളിച്ചില്ല.." എന്ന പരാതി പൊതുവേ ഉണ്ട്. ചിലര്‍ വലുതായി മാറി പോകും. ആ മാറ്റം അവര്‍ തിരിച്ചറിയും പോഴേക്ക് വൈകും. അവര്‍ക്ക് എല്ലാ സൌഹൃദങ്ങളും നഷ്ടമാകും. അവരെ വിടാനേ  കഴിയൂ. നമുക്ക് പ്രിയപ്പെട്ടവരെ അവരിലൊരാളായി കാണാന്‍ നമൂക്കു ഇഷ്ടമല്ലല്ലോ? അതിനാല്‍ അവരെ പഴയ മട്ടക്കാന്‍ നിരന്തര ശ്രമം വേണം. എന്നിട്ടും കഴിഞ്ഞില്ലെങ്കില്‍ മാത്രം വിടുക.

എന്റെ സൌഹൃദങ്ങള്‍..

                              പൊതു രംഗത്ത്‌ എന്നെ കൈ പിടിച്ചു നടത്തി ഒടുവില്‍ വ്യ്ദ്യുതി ആഘാതം ഏറ്റു മരണപ്പെട്ട  അനി പോറ്റി,  കലാലയ ജീവിതത്തില്‍ ഒപ്പമുണ്ടായിരുന്ന രോഗിയായി മരിച്ച അശ്വനി, അപകടം എടുത്തു മരണത്തില്‍ എത്തിച്ച ബിജു ...... അങ്ങനെ വിധി തട്ടിയെടുത്ത സുഹൃത്തുക്കള്‍ നൊമ്പരപ്പെടുത്തുന്നു. ബാല്യം മുതല്‍ ഇക്കാലം വരെ ഒപ്പം പഠിച്ചതും നടന്നതും ജോലി ചെയ്തതുമായ ആളുകളില്‍ കുറെ അധികം പേരെ നിരന്തര 'ശല്യം' ചെയ്തു ആശയ വിനിമയം നടത്തി ഒപ്പം കൂട്ടുവാന്‍ ശ്രമിക്കുന്നു. ട്രെയിന്ല്‍ ഒരിക്കല്‍ ഒരുമിച്ചു യാത്ര ചെയ്തു പിന്നേ ഒരിക്കല്‍ കൂടി മാത്രം കണ്ട ആള്‍  എന്റെ നിതാന്ത സൌഹൃദ ലിസ്റ്റില്‍ ഉണ്ട്. നെറ്റില്‍ തപ്പി കിട്ടിയ ഏറെ വിലപ്പെട്ട സൌഹൃദമാണ് ഈ ബ്ലോഗിലേക്ക് തന്നെ എത്തിച്ചതെന്നും ഓര്‍ക്കുന്നു.  ബ്ലോഗിലൂടെ ഇനി കിട്ടുന്നതും ഇപ്പൊ കിട്ടിയതുമൊക്കെ സൌഹൃദങ്ങള്‍  മുത്തായി സൂക്ഷിക്കുവാന്‍ ഞാന്‍  ഒരുങ്ങുന്നു.

Saturday 10 November 2012

സര്‍വ്വം സഹ

 
(1988  ല്‍ കോളേജ് മാഗസിനില്‍ പ്രസിദ്ധീകരിച്ചത്)
പതിയെ തന്നെ നിനച്ചിരിക്കയോ ദേവി
നിന്നശുഭ വസന്തത്തെ പഴിക്കയോ
ഇഷ്ട പുത്രര്‍ നിനക്കലിഞ്ഞെകിയോ-
രിഷ്ട നൈവേദ്യത്തെ നോക്കി ത്തപിക്കയോ?


ഒരു 'ശിമ്ശിപ' തേടി ഉള്ളോഴിഞ്ഞുറയാന്‍
ഒരു വിശ്വാശ്രമത്തെ തേടി പിടിക്കുവാന്‍
ചാല് വറ്റിയ കണ്നീരുരവയുമായി
വൃഥാ വിലപിക്കയോ ദേവി, ഭൂമീ സര്‍വ്വം സഹ !


ക്ഷുത്തല്ല, ക്ഷുദ്ര കാപട്യം തന്നുടെ
ഉഗ്രമാം താണ്ഡവം ഉള്ളില്‍ നടക്കവേ
ഉയിരിനെ നോക്കി പരിഹസിക്കയോ സൂര്യ
സന്ധ്യകള്‍ നിന്നെ കേടുത്തുവോളം 


വെള്ളരി പ്രാവിന്റെ ചിറകു കരിഞ്ഞുവോ?
ശുഭ്രത പോയൊരാ പക്ഷങ്ങള്‍ മഞ്ഞുവോ?
പതിയെ തേടി നിന്‍ ജന്മം തിരുത്തുമോ
ക്ഷിപ്ര കോപിയാം ദേവി, ഭൂമീ സര്‍വ്വം സഹ !


അണുവിനെ പിളര്‍ക്കാന്‍ അഗ്നി തേടി
നിന്നന്തര്‍ ഭാഗത്ത് കുടിയിരിപ്പവര്‍ ഞങ്ങള്‍
വിധിയില്‍ പഴി ചാരി ഞങ്ങളെ ചുമക്കയോ
അവിഹിത സന്താനത്തെ 'പിഴച്ചവള്‍' എന്ന പോല്‍


വീണ്ടും കുരുക്ഷേതം ഓതിത്തളരവേ

നിന്റെ നെഞ്ചിന്‍ മുലപ്പാലിനായ്  ഞങ്ങള്‍
കേഴുന്നു, ഞങ്ങള്‍, മുടിയരം നിന്‍ പുത്രര്‍
സ്നേഹ കരംഗുലിയാല്‍ ആട്ടി ഉറക്കുമോ !


വായിച്ചതിനെ പറ്റി (2010 ) - ഒന്ന് - നോവ്‌ ഉണര്‍ത്തിയ നോവലുകള്‍


(വായിക്കുന്ന പുസ്തകങ്ങളുടെ കുറിപ്പുകള്‍ എഴുതി സൂക്ഷിക്കുന്ന പതിവ് പണ്ടെപ്പോഴോ ഉണ്ടായിരുന്നു..ക്രമേണ അത് നഷ്ടമായി ..പിന്നെ അത് മടക്കി കൊണ്ടുവന്നത് 2010  ല്‍ ആണ്. ഇപ്പോഴും തുടരുന്നു..ഓരോ വര്‍ഷത്തെയും വായനയുടെയും ആവര്‍ത്തന വായനയുടെയും കുറിപ്പുകള്‍ ബ്ലോഗില്‍ എഴുതാന്‍ ശ്രമിക്കുന്നു. നോവല്‍, കഥ, കവിത,  വൈജ്ഞാനിക  സാഹിത്യം എന്നിങ്ങനെ  വ്യത്യസ്ത തലക്കെട്ടുകളില്‍. 2012 വരെയുള്ള കുറിപ്പുകള്‍ ഘട്ടം ഘട്ടമായി ബ്ലോഗ്ഗിക്കൊണ്ട് തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ തുടരാം എന്ന പ്രതീക്ഷയാണ്..)

ഉള്ളില്‍ ഉള്ളത് സി രാധാകൃഷ്ണന്‍ 

                       തലച്ചോറിന്റെ ഉള്ളില്‍ ഉള്ളതിനെപ്പറ്റി നേരത്തെ എഴുതപ്പെട്ട ഈ കൃതി വായിക്കാന്‍ ഇത്ര വൈകിയതെന്തേ എന്നാണ് ആദ്യം തോന്നിയത്. ഒത്തിരി നാളുകള്‍ക്കു ശേഷം ഒറ്റയിരിപ്പിനു വായിച്ചു തീര്‍ത്ത കൃതി. നാനൂറില്‍ പരം പേജുകള്‍. സയന്‍സും വിവര സംകേതിക വിദ്യയും രാഷ്ട്രീയവും ഇതില്‍ സമഞ്ജസമായി ചേരുന്നു. ഭഗവത് ഗീതയുടെ സ്വാധീനവും ചേരുവയാകുന്നു. സി രാധാകൃഷ്ണന്റെ അനിതര സാധാരണമായ വാക്കുകളുടെ ഭംഗി എന്നെ മുന്‍പും വിസ്മയിപ്പിച്ചിട്ടുണ്ട്‌. ആദ്യന്തം ഉല്‍ കന്ടയുടെ മുള്‍മുനയില്‍ വായനക്കാരെ നിര്‍ത്തുന്നത് മാത്രമാണോ ഇതിന്റെ സവിശേഷത ? അതോ സയന്‍സ് ന്റെ ജനകീയ മുഖത്തെയും ഭീകര മുഖത്തെയും താരതമ്യം ചെയ്യുന്നതോ? നിരീക്ഷണങ്ങളും രേഖപ്പെടുത്തി സൂക്ഷിക്കേണ്ട വാചകങ്ങളും അടങ്ങിയ ഉദാത്ത കൃതി.

 ആത്മ തീര്‍ഥങ്ങളില്‍ മുങ്ങി നിവര്‍ന്നു ഡോ ഖദീജ മുംതാസ്

              ഭിഷഗ്വര ആയ എഴുത്തുകാരിയുടെ ആദ്യ കൃതി. പ്ലസ്‌ ടു വിദ്യാര്‍ഥി ആയ മകന്റെ തൂലികാ സുഹൃത്തായ ശരത് പതിയെ പതിയെ തനിക്കു പുത്ര തുല്യന്‍ ആകുന്നതും മനസ്സില്‍ കുടിയിരിക്കുന്നതും മാതാവായ ഡോക്ടര്‍ അറിയുന്നു. ശരത് പറയുന്ന കഥകള്‍ വല്ലാതെ നൊമ്പരപ്പെടുതുന്നതും കരള്‍ പിളര്ക്കുന്നതും.. ഒടുവില്‍ അതേ ശരത് ഒരു പ്രഹേളിക ആവുന്നതും ഡോക്ടര്‍ അറിയുന്നു.. അപ്രത്യക്ഷനായ ശരത്തിനെ തേടി നമ്മുടെ മിഴികളും...

അതിരുകള്‍ കടക്കുന്നവര്‍ - സി രാധാകൃഷ്ണന്‍

              പ്രകൃതിയോടു ഇണങ്ങി ജീവിക്കുന്ന ഉണ്ണി എന്ന സാധാരണക്കാരന്റെ കഥ പറയുന്നു. പുതു പണക്കാര്‍ പഴയവക്കൊക്കെ വില പേശുന്ന കാലം.. വീടും മരവുമൊക്കെ വിട്ടു ദൂരെ നഗരത്തില്‍ സുഖായി കഴിയാന്‍ ക്ഷണിച്ചവരോട്   " വിടെ എനിക്ക് പരമ സുഖം" എന്ന് പ്രതികരിക്കുന്ന ഉണ്ണി മനസ്സില്‍ നില്‍ക്കുന്നു 

വിരല്‍ സ്പര്‍ശം - സി പിന്റോ

                    അജയന്‍ എന്ന ഗുമസ്തന്‍ നമ്മില്‍ നൊമ്പരം ഉണര്‍ത്തുന്നു.. നിസ്സഹായയായ നിര്‍മലയും.. ഒട്ടേറെ എഴുത്തുകാര്‍ പറഞ്ഞ സാധാരണക്കാരുടെ കഥ. ഇതൊക്കെ വീണ്ടും പറഞ്ഞും ചൊല്ലിയും ഇരുന്നില്ലേല്‍ നമ്മിലെ സാധാരണക്കാരന്‍ മരിച്ചു പോകും അതിനാല്‍ ഇത്തരം കഥകള്‍ തുടരട്ടെ..

നഗ്നനായ തമ്പുരാന്‍ - എം മുകുന്ദന്‍

               ഒരു ചെറു നോവല്‍. സാധരണ മുകുന്ദന്‍ ശൈലിയില്‍ നിന്ന് വ്യത്യസ്തം. സാമൂഹ്യ  മൂല്യങ്ങളോ വിമര്‍ശങ്ങലോ ഇല്ല.. രസിക്കാനായി ഇത്തരം കഥകളും വേണ്ടേ?

ഞങ്ങള്‍ അടിമകള്‍ - സേതു

                         നമ്മുടെ പരമ്പരാഗത സങ്കല്പങ്ങളും വിശ്വാസങ്ങളും അവക്കടിമയായ ജനതയും എക്കാലവും എഴുത്തിനു വിഷയമായിട്ടുണ്ട്. ഭര്ത്താവ് കുല ദേവതയുടെ അടിമ എന്ന് സ്വയം അവകാശപ്പെടുമ്പോള്‍ ഭാര്യ അനുഭവിക്കുന്നതെന്തെന്നു ഊഹിക്കാമല്ലോ? കഥയുടെ ഗതി വിഗതികള്‍ ഈ വിശ്വാസത്തെ ആധാരമാക്കി നീങ്ങുന്നു.

തടാക തീരത്ത് - ഇ ഹരി കുമാര്‍

                        കല്കത്തയുടെ പശ്ചാത്തലത്തില്‍ പ്രണയവും രതിയും ചേര്‍ത്ത് എഴുതിയ നോവല്‍. തികഞ്ഞ ഗ്രമീനനായ രമേശന്‍ നഗരത്തിലെതുന്നതും നഗരം പതുക്കെ അയാളെ വിഴുങ്ങുന്നതും പ്രമേയം.

അഗ്നിയെ ചുംബിച്ച ചിത്രശലഭം - സി പിന്റോ

                       ജീവിതം ആണല്ലോ കഥകളുടെ ഉറവിടം. ശലഭത്തിന്റെ ജീവിതം നമ്മുടെ മുന്‍പില്‍ നേര്‍ കാഴ്ചയാണ്. വിളക്കില്‍ വെളിച്ചം തേടി അണഞ്ഞു എരിഞ്ഞടങ്ങുന്ന ജീവിതം. മര്‍ത്യ ജീവിതവും വ്യത്യസ്തമല്ല. അത്തരം ഒരു ജീവിത കഥ എവിടെ പകര്‍ത്തുന്നു.

കല്‍ താമര - ജോര്‍ജ് ഓണക്കൂര്‍

                       അമ്മയും മകനും തമ്മിലുള്ള ഹൃദയ ഹാരിയായ ബന്ധം പറയുന്ന നോവല്‍. അമ്മ പെറ്റമ്മ അല്ലെന്നും പോറ്റമ്മ ആണെന്നും ഒടുവില്‍ തിരിച്ചരി  യുംബോഴും ആ ബന്ധത്തിനു  ഇളക്കം തട്ടുന്നില്ല. ബന്ധങ്ങളെ പറ്റിയും നാം ആവര്‍ത്തിക്കണം.അഭിശപ്തമായ ഈ കാലഘട്ടത്തില്‍ ഇതൊക്കെ ഉണര്‍ത്തുകയും ഓര്‍ക്കുകയും ചെയ്യേണ്ടതാണ്.

ബഹു വചനം - എന്‍ പ്രഭാകരന്‍ 

                             ഒരാള്‍  അയാളെ തന്നെ മറന്നു പോകുന്ന അവസ്ഥയെപ്പറ്റി എഴുതപ്പെട്ട നോവല്‍. ഒടുവില്‍ പുതു ജീവിതം ആവര്‍ത്തിക്കുന്നു (Ctrl-Alt-Del കൊടുത്തു ജീവിതം ഒന്നേ എന്ന് തുടങ്ങുന്നത് ഒന്നോര്‍ത്തു നോക്കൂ.) എന്നിട്ടും കുറെ കഴിഞ്ഞു 'പൂരവാശ്രമം' അയാള്‍ക്ക് ഓര്‍മ്മ വരുന്നു. തുടര്‍ന്നുള്ള പുകിലുകള്‍ ഇതിനെ രസകരമാക്കുന്നു.

പുറമ്പോക്ക് - ഇ വാസു

                            അതേ..പുറമ്പോക്ക് കാരുടെ ജീവിത കഥ. വായന സുഖം നല്‍കുന്നില്ല. പക്ഷെ ശ്രദ്ധേയമായ പ്രമേയം. 

ധാത്രി കുട്ടി എഴുതുന്നു - എ സി രാജാ

                          സ്മാര്‍ത്ത വിചാരത്തിന്റെ പശ്ചാത്തലത്തില്‍ എഴുതപ്പെട്ട ഈ കൃതിക്ക് ചരിത്ര പ്രാധാന്യം തോന്നി; എന്നാല്‍ വലിച്ചു നീട്ടിയതയും. അക്കാലത്തെ സാമൂഹ്യ വ്യവസ്ഥിതിയെപറ്റി ഓര്‍ക്കാന്‍ ഇത്തരം വായന  ഉപകരിക്കും.

ഗില്‍ ഗാമേഷിന്റെ ഇതിഹാസം - രാജ ഗോപാല്‍ കമ്മത്ത്

                അയ്യായിരം വര്ഷം മുന്‍പ് എഴുതപ്പെട്ട ഒരു വീരേതിഹാസം. മൃത്യു വിനെ വരിക്കാന്‍ മടിച്ചു, അതി ജീവിക്കാനുള്ള മനുഷ്യ പുറപ്പാടാണ് പ്രമേയം.

ചരിത്രത്തില്‍ ഇല്ലാത്തവര്‍ - ബിമല്‍ മിത്ര - വിവ. രവി വര്‍മ

                    ബംഗാളി നോവല്‍. സ്വാതന്ത്ര്യ സമര പ്രക്ഷോഭത്തിന്റെ ഈറ്റില്ലമായ ബംഗാളില്‍ നിന്നും ഒരു എട്. താരകാനും അളകനും ഉള്‍പ്പെടെ മനസ്സില്‍ തങ്ങി നില്‍ക്കുന്ന കഥ പാത്രങ്ങള്‍. ത്യാഗ നിര്‍ഭരമായ ഒരു കാലത്തിന്റെ കഥ. അറിയപ്പെടുന്ന ചരിത്രത്തിനു പിന്നില്‍ ചരിത്രമില്ലാത്ത എത്രയോ പേര്‍.

യൂദാസിന്റെ സുവിശേഷം - കെ ആര്‍ മീര

                      അടിയന്തരാവസ്ഥയുടെ പശ്ചാത്തലത്തില്‍ എഴുതപ്പെട്ട നോവല്‍. അതിന്റെ ഒരു സ്ത്രീ കാഴ്ച എന്ന് പറയാം. നക്സലിസവും അതിനോടുള്ള ആരാധനയും, വ്യതിച്ചലനവും ഒക്കെ പ്രമേയം. ശ്രദ്ധേയമായ അവതരണം.

വുതരിംഗ് ഹൈറ്റസ് - എമിലി ബ്രോന്ദ് - വിവ. പ്രേംനാഥ് ചമ്പാട്

                    പതിനെട്ടാം നൂറ്റാണ്ടില്‍ എഴുതപ്പെട്ട നോവല്‍. ആ  താല്‍പര്യത്തില്‍ വായിച്ചു. ഹൃദ്യമായി അനുഭവപ്പെട്ടില്ല.

ചൂണ്ടു വിരല്‍ ഒരു പ്രളയ പേടകം - ജോയല്‍

                    പോരാട്ടവും പ്രണയവും വിപ്ലവവും ഇഴുകി ചേര്‍ന്ന ഒരു പുതുമയുള്ള പ്രമേയം. ക്ലാസിക്കല്‍ കൃതികളുടെ ശൈലിയില്‍ അവതരണം.

സൂപ്പെര്‍ സ്പേഷ്യലിട്ടി ഹോസ്പിറ്റല്‍  - എം ഗോപി നാഥന്‍ നായര്‍

                             പേര് സൂചിപ്പിക്കും പോലെ ആതുര സേവന മേഖലയില്‍ കച്ചവടവും ആദര്‍ശവും തമ്മിലുള്ള പോരാട്ടം ആണ് പ്രമേയം. ഏതാണ് ഇക്കാലത്ത് വിജയിക്കുക എന്നറിയാലോ? അവതരണത്തില്‍ വലിയ പുതുമ അവകാശപ്പെടാനില്ല. വായിച്ചു തീര്‍ക്കാവുന്ന നോവല്‍.

വെളിച്ചത്തിലേക്ക് തുറക്കാത്ത വാതിലുകള്‍ - അജയന്‍

                       ഉണ്ണി കൃഷ്ണന്‍ എന്ന എഴുത്തുകാരനായ കഥാപാത്രത്തിലൂടെ അവതരണം. പ്രണയവും മറ്റു ജീവിതവസ്തകളും ആവിഷ്കരിച്ചിരിക്കുന്നു. വായനാ സുഖമുള്ള നോവല്‍.

മണ്‍സൂണ്‍ - പി ആര്‍ നാഥന്‍

                          ഒരു ബംഗ്ലാവിന്റെ പശ്ചാത്തലത്തില്‍ എഴുതപ്പെട്ട നോവല്‍ ഹൃദ്യമായി അവതരിപ്പിച്ചിരിക്കുന്നു. ഭാര്യാ ഭാര്താക്കളുടെ പൊരുത്ത കേടുകള്‍; അവര്‍ക്കിടെ എത്തി പറ്റുന്ന മറ്റുള്ളവര്‍ അങ്ങനെ കഥ വികസിക്കുന്നു. ഒറ്റയിരുപ്പിന്‍ വായിക്കാവുന്ന കൃതി.

യാത്ര പറയാതെ - എം രാഘവന്‍

                    പതിവ് കഥ. മുതലാളി, വേലക്കാരി അങ്ങനെ ..അല്പം വ്യത്യസ്തമാക്കാന്‍ ശ്രമിച്ചിട്ടുണ്ട്. പക്ഷെ ..

ചിതറി പോയ വഴികളില്‍ ഒറ്റയ്ക്ക്  ഒരാള്‍ - ബിന്ദു രതീഷ്‌

            അച്ഛന്റെ ആദര്‍ശ നിഷ്ഠ ഇഷ്ടപ്പെടാത്ത മകന്‍ അച്ഛന്റെ ശത്രുക്കള്‍ക്ക് കരു ആകുന്നതും അച്ഛനെ അപായപ്പെടുത്താന്‍ തന്നെ കൂട്ട് നില്‍ക്കുന്നതും ആവിഷ്കരിച്ചിരിക്കുന്നു. അവതരണത്തില്‍ ഒട്ടു വിജയിച്ചു എന്ന് പറയാം ഈ പുതു മുഖം.

മക്കളെ കണ്ടും മാംബൂ കണ്ടും - ആശ

                       പണ്ടേ ഉള്ള ഇതിവൃത്തം. ദാരിദ്ര്യത്തില്‍, ത്യാഗം സഹിച്ചു വളര്‍ത്തി വലുതാക്കിയ മകന്‍ തങ്ങും തണലും ആകുന്നില്ല എന്ന് തന്നെ കഥ. നന്നായി പറഞ്ഞിരിക്കുന്നു.

റെയില്‍വേ കുട്ടികള്‍ - ഈഡിസ് നെസ്ബിറ്റ്

                  അതീവ ഹൃദ്യം. ബാല മനസ്സിന്റെ ചിന്തകളിലൂടെ നമ്മെ കൂട്ടി കൊണ്ട് പോകുന്നു. ഒരു കുട്ടിയുടെ കുറ്റവാളിയായ അച്ഛന്‍ വരുന്നതും കാത്തു കുട്ടി ഇരിക്കുന്നതും, പ്രമാദമായ കേസില്‍ രക്ഷ പെടുത്താന്‍ ശ്രമിക്കുന്നതും, മനസ്സില്‍ തട്ടും വണ്ണം പറഞ്ഞിരിക്കുന്നു.

തേവാരം - പെരുമ്പടവം ശ്രീധരന്‍

സ്ഥിരം പെരുമ്പടവം ശൈലി നോവല്‍. ബ്രാഹ്മണ തറവാട് ഇക്കുറി ആധാരം. പരുക്കന്‍ ജീവിത യാധാര്ത്യങ്ങളോട് മല്ലടിച്ച് നീങ്ങുന്ന ജീവിതം തന്നെ പ്രമേയം.

Friday 9 November 2012

പുതിയ രൂപം പുതിയ ഭാവം


സമ്പന്നമായ ഇന്നലെകളെ ഓര്‍ത്തു അഭിമാനിക്കുന്ന നാം, 
എപ്പോഴും ഇന്നിനെ ഓര്‍ത്തു വേവലാതിപ്പെടുന്നു. 
കലി കാലം എന്ന് ഇന്നിനെ വിവക്ഷിക്കുന്നു. 
എങ്കിലും നാം ഇന്നിലാണ് ജീവിക്കുന്നത്. 
ഇന്നിന്റെ ഓട്ട പാച്ചിലിനിടയില്‍ ഒന്നിനും നമുക്ക് കഴിയുന്നില്ല. 
സ്നേഹിക്കാനും ആദരിക്കാനും നാം മറന്നു പോകുന്നു.
വിചിത്രമെന്നു പറയട്ടെ, നിന്ദിക്കാനും വേദനിപ്പിക്കാനും നാം നേരം കണ്ടെത്തുന്നു. 
ആരും ഇതില്‍ നിന്ന് വേറിട്ടവരല്ല. മത്സരത്തിന്റെ 'തത്രപ്പാടില്‍' സംഭവിച്ചു പോകുന്നതാണ്. 
അതിനാല്‍ എഴുത്തിനിടെ, ക്ഷോഭം കണ്ടാല്‍ ക്ഷമിക്കുക. 
പുരാവൃത്തവും സമ കാലികവും ഇഴ കോര്‍ത്ത്‌, 
തെരുവിന്റെ ആര്ത്ത നാദം ഇടയ്ക്കിടെ ഓര്‍മിച്ചു, 
സ്മൃതി ചിത്രങ്ങളെ വിസ്മരിക്കാതെ, 
നമുക്ക് കണ്ടു മുട്ടാം. 
ഒത്തിരി സ്നേഹത്തോടെ ഇട പഴകാം.
പിഴവുകള്‍ പൊറുത്തു തരുമെന്ന പ്രതീക്ഷയോടെ തുടങ്ങട്ടെ..