Saturday, 29 December 2012

വേറിട്ട ഒരു വില്‍പത്രം !

            

         മരണാനന്തരം എന്താണ് ഒരാള്‍ക്ക് ബാക്കി? മതങ്ങള്‍ മറ്റൊരു ജീവിതത്തെ പറ്റി പറയുന്നു. അതല്ല ഇവിടെ ചര്‍ച്ച ചെയ്യുന്നത്; മരിച്ചു ഒരു വ്യക്തിയുടെ മരണശേഷം ഇവിടെ, ഈ ഭൂമിയില്‍, എന്താണ് ബാക്കി എന്നതാണ്.  മരിച്ചയാളുടെ നന്മകളെ നാം വാഴ്ത്തുന്നു. തിന്മകളെ കഴിവതും മറക്കുന്നു. ഒപ്പം പ്രതാപവും ധന ശേഷിയും അനുസരിച്ച് (പലപ്പോഴും അതിനപ്പുറവും) 'ചടങ്ങുകള്‍' നടത്തുന്നു. സഞ്ചയനം ആയാലും ഖതം അടിയന്തിരം ആയാലും ശുശ്രൂഷ ആയാലും വിഭവ സമൃദ്ധം. 

        മരണാനന്തര ജീവിതത്തെ പറ്റി മാത്രമല്ല, ഇഹലോകത്തെ അവശേഷിപ്പുകളെ പറ്റിയും മതങ്ങള്‍ പറയുന്നുണ്ട്. അയാള്‍ ചെയ്തു വച്ച നന്മയും തിന്മയും അയാള്‍ക്കൊപ്പം മരിക്കുന്നില്ല എന്നത്രെ അത്. യുക്തി വാദികളും മത രഹിതരും ഉള്‍പ്പെടെ എല്ലാവരും ഇത് അംഗീകരിചെക്കാം.    മരണാനന്തര ചടങ്ങിലെ ഭക്ഷണ വൈവിധ്യം അയാളുടെ മരണാനന്തര ജീവിതത്തെയോ അവശേഷിക്കുന്നവരുടെ ഇഹലോക ജീവിതത്തെയോ സ്വാധീനിക്കുന്നില്ല എന്നും രണ്ടിനും ഒരു ഗുണവും ചെയ്യില്ലെന്നും ആരും സമ്മതിക്കും. 'നാട്ടു നടപ്പിനു' എന്നൊരു ന്യായം (?) മാത്രമാണ് ഈ ചടങ്ങുകളുടെ ഒക്കെ ആധാരം. ഒഴുക്കിനെതിരെ നീന്താന്‍ പൊതുവെ തയ്യാറല്ല ആരും. അതിനു സന്നദ്ധനായ ഒരു സാധാരണക്കാരനെ പറ്റിയാണ് ഈ കുറിപ്പ്. 

       സുകുമാര പണിക്കര്‍ എന്ന നാട്ടിന്‍ പുറത്തുകാരന്‍ എഴുപതോളം വര്‍ഷങ്ങള്‍ ജീവിച്ചു
രോഗാതുരനായി മരിച്ചു. ഏക മകന്‍ വായിക്കുവാനായി ഒരു വില്‍പത്രം എഴുതി വച്ചിരുന്നു. തന്റെ ശവം കുളിപ്പിക്കരുതെന്നും നേരത്തെ ദഹിപ്പിക്കണമെന്നും  തുടങ്ങി നിരവധി നിര്‍ദേശങ്ങള്‍ എഴുതപ്പെട്ടിരുന്നു. ഏറ്റവും പ്രധാന നിര്‍ദേശം താഴെ പറയുന്നു..

         "........ എന്റെ മരണാനന്തരം സഞ്ചയനം നടത്തരുത്. അതിനു കാപ്പി, ഭക്ഷണം തുടങ്ങിയവയ്ക്ക് എന്ത് തുക ചിലവാക്കാന്‍ ഉദ്ദേശിക്കുന്നുവോ, ആ തുകക്ക് പുസ്തകങ്ങള്‍ വാങ്ങി ദേശായി ഗ്രന്ഥശാലയ്ക്ക്   നല്‍കുക.
മോനേ, നിനക്കതു സന്തോഷം നല്‍കുന്ന കാര്യമാണല്ലോ? ............."

      
വായനാപ്രിയനും എന്റെ ബാല്യകാല സുഹൃത്തുമായ മകന്‍ അതിനു തയ്യാറായി പുസ്തകങ്ങളും അത് സൂക്ഷിക്കാന്‍ അലമാരയും നല്‍കി. പിതാവിന് ഇഷ്ടമാവില്ല എന്ന കാരണത്താല്‍, അദേഹത്തിന്റെ ഫോട്ടോ പോലും ഈ അലമാരക്കൊപ്പം പ്രദര്‍ശിപ്പിക്കാന്‍ മകന്‍ അനുവദിച്ചുമില്ല. ഒരു പക്ഷെ, ഈ കുറിപ്പ് പോലും പിതാവിനും മകനും ഇഷ്ടമായില്ല എന്ന് വരും. കാരണം, പ്രചാരണം അവര്‍ ഉദ്ദേശിച്ചിട്ടില്ല. എങ്കിലും, ഈ സന്ദേശം പ്രചരിക്കേണ്ടത് തന്നെ എന്ന   സദുദ്ദേശമാണ് ഇതിനാധാരം. 

        അക്ഷരം എന്നാല്‍ തന്നെ ക്ഷരം അഥവാ നാശം ഇല്ലാത്തതു എന്നാണ്.
അക്ഷരപ്പുരകള്‍ ആള്‍ ശേഷിയും ധന ശേഷിയും കുറഞ്ഞ ഇടങ്ങളാണ്. 'സപ്താഹത്തിനു' വാരി കോരി നല്‍കുന്നവര്‍ ഗ്രന്ഥ ശാലകളെ അത്ര പരിഗണിക്കാറില്ല. ആയതിനാലും ഇത്തരം അപൂര്‍വതകള്‍ ഉയര്‍ത്തി കാട്ടേണ്ടതുണ്ട്. ഇത് ആര്‍ക്കെങ്കിലും മാതൃക ആയെങ്കില്‍!

Monday, 17 December 2012

വായിച്ചതിനെ പറ്റി (2010 ) - രണ്ടു - പാര്‍ട്ട്‌ ഒന്ന് - അറിവ് തേടി (വൈജ്ഞാനിക സാഹിത്യം)(വായിക്കുന്ന പുസ്തകങ്ങളുടെ കുറിപ്പുകള്‍ എഴുതി സൂക്ഷിക്കുന്ന പതിവ് പണ്ടെപ്പോഴോ ഉണ്ടായിരുന്നു..ക്രമേണ അത് നഷ്ടമായി ..പിന്നെ അത് മടക്കി കൊണ്ടുവന്നത് 2010  ല്‍ ആണ്. ഇപ്പോഴും തുടരുന്നു..ഓരോ വര്‍ഷത്തെയും വായനയുടെയും ആവര്‍ത്തന വായനയുടെയും കുറിപ്പുകള്‍ ബ്ലോഗില്‍ എഴുതാന്‍ ശ്രമിക്കുന്നു. നോവല്‍, കഥ, കവിത,  വൈജ്ഞാനിക  സാഹിത്യം എന്നിങ്ങനെ  വ്യത്യസ്ത തലക്കെട്ടുകളില്‍. 2012 വരെയുള്ള കുറിപ്പുകള്‍ ഘട്ടം ഘട്ടമായി ബ്ലോഗ്ഗിക്കൊണ്ട് തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ തുടരാം എന്ന പ്രതീക്ഷയാണ്..)

                ആത്മ കഥ / ജീവ ചരിത്രം / ജീവിത രേഖകള്‍

1. ബഷീര്‍ - കിളിരൂര്‍ രാധാകൃഷ്ണന്‍
  ബഷീരിനെപറ്റി സഹോദരന്‍ അബൂബക്കര്‍ ഓര്‍മ്മിക്കുന്നു. ആഖ്യാനത്തിന് വല്ലാത്ത 'ബഷീറിയന്‍' ടച്ച്‌. നാം കുറെ നേരത്തേക്ക് ബേപ്പൂര്‍ സുല്‍ത്താനൊപ്പം. വര്‍ഷങ്ങള്‍ക്കു മുന്‍പ് അദേഹത്തെ കാണാന്‍ സുഹൃത്തുക്കള്‍ക്കൊപ്പം പോയത് ഓര്‍മയില്‍ വീണ്ടും എത്തി. ബഷീറിനെ അറിയുന്നവരൊക്കെ വായിക്കേണ്ട പുസ്തകം. 

2. വിസ്മയാനുഭൂതികളുടെ പുര വൃത്തം - ജോണ്‍സന്‍
 ചലത് ചിത്ര രംഗത്തെ വ്യക്തിക ളോ  ടോതുള്ള അനുഭവ കുറിപ്പുകള്‍. ക്രിക്കറ്റ്‌ ഭ്രാന്തനായ   നാഗേഷ് നെടുമുടി വേണുവേ കാണാനെത്തുന്നത് പോലെ രസകരമായ അനുഭവങ്ങള്‍.
3. ആമേന്‍ - സിസ്റ്റര്‍ ജെസ്മി
 വെറുതെ പ്രശസ്തിക്കു വേണ്ടി എഴുതി എന്നല്ലാതെ, ഒന്നും ഇതില്‍ നിന്ന് ലഭിക്കില്ല. അടിചെല്പിക്കപ്പെട്ട സന്യാസം അതല്ല എന്നാര്‍ക്കും അറിയാം.
4. ഈ ജീവിതം കൊണ്ട് ഇത്ര മാത്രം - മാധവി കുട്ടി ( കമല സുരയ്യ) 

 തനതു ശൈലിയില്‍ കുറെ ലേഖനങ്ങള്‍. ഒപ്പം കഥ എന്നോ കവിത എന്നോ പറയാന്‍ പറ്റാത്ത ചില ശീലുകള്‍. ഇസ്ലാം ആശ്ലേഷ ശേഷം എഴുതപ്പെട്ടവ ആണ് ഏറെയും.
5. മാനത്തിന്റെ പേരില്‍ - മുഫ്തര്‍ മയി
  ഗോത്ര ഭരണവും പ്രാകൃത അനാചാരങ്ങളും നടമാടുന്ന പാകിസ്ഥാന്‍ പ്രവിശ്യയില്‍ ഒരു വനിത അനുഭവിച്ച ത്യാഗങ്ങള്‍. ഇതും ഇസ്ലാമിന്റെ പേരില്‍ ന്യായീകരിക്കാന്‍ ശ്രമം നടക്കുനതാണ് വിചിത്രം. കൂട്ട ബലാല്‍ സംഗ ശേഷം ഉണതപ്പെട്ട ഉയര്തപെട്ട സ്ത്രീത്വത്തിന്റെ അപൂര്‍വ   വാങ്ങ്മായ ചിത്രം. മാനവ കുലത്തില്‍ ഇങ്ങനെയും അക്രമികളോ   എന്ന അവിശ്വസനീയമായ ദുഖകരമായ ചിന്തയും.
6. മാഡം  ക്യൂറി - ശാസ്ത്ര ലോകത്തെ അത്ഭുത വനിത - സിന്ധു എസ നായര്‍
  ഒരു ജീവിതം ശാസ്ത്രതിനായി സമര്‍പ്പിച്ച ദമ്പതികളുടെ ഹൃദ്യമായ ജീവിത കഥ ഉള്ളില്‍ തട്ടും വിധം വരച്ചു കാട്ടുന്നു. പരിശ്രമത്തിന്റെയും ധിഷണയുടെയും ഉദാത്തമായ സമ്മേളനം ഇങ്ങനെ വല്ലപ്പോഴും മാത്രം ലോകത്ത് സമ്മേളിക്കുന്നു. സമര്‍പ്പണത്തിന് ഇത്ര പക്വമായ ഉദാഹരണങ്ങള്‍ ഉണ്ടോ എന്ന് അതിശയിപ്പിക്കുന്ന അത്ഭുത  കഥ!
7. ജീവിതം / കോഴിക്കോട് - മാമു കോയ - താഹ മടായി
  കൊഴികോടിന്റെ, വിശേഷിച്ചു, കുറ്റിചിരയുടെ    ഗ്രാമ്യ ഭാവം മുറ്റി നില്‍ക്കുന്ന ചിത്രങ്ങള്‍ സുന്ദരമായി അവതരിപ്പിച്ചിരിക്കുന്നു.
8. മൂന്നു കമ്മ്യൂണിസ്റ്റ്‌  ജീവിതങ്ങള്‍ - ഒരു പുനര്‍ വായന - ബാബു ഭാരത്വജ് 

വീ എസ, പി കൃഷ്ണ പിള്ള, ഈ എം എസ ഇവരാണ് മൂന്നു ജീവിതങ്ങള്‍. ഇടയ്ക്കു എ കെ ജി യും കടന്നു വരുന്നു. ഇത്തരം ജീവിതങ്ങള്‍ ഇപ്പോള്‍ ആവര്‍ത്തിച്ചു വയിക്കപെടെണ്ടത് തന്നെ.
9. ഡാര്‍വിന്റെ ആത്മ കഥ - പരിഷത്ത്
  സൈന്ധാന്ധികന്റെ ജീവിത കഥ. ശാസ്ത്രകാരന്‍ എന്നതിലുപരി ഡാര്‍വിന്‍ അതാണല്ലോ? നന്നായി എഴുതപ്പെട്ടിരിക്കുന്നു.
10. ഇന്ദ്ര ധനുസ്സിന്റെ തീരത്ത് - ഭാരതി തമ്പുരാട്ടി
  മലയാളിയെ പാടി ഉണര്‍ത്തിയ പ്രിയ വയലാറിനെ പറ്റി ഭാര്യ ഭാരതി തമ്പുരാട്ടി ഓര്‍മിപ്പിക്കുന്നു. ഇതിലെ ഗാന ഗന്ധര്‍വന്‍ യേശുദാസിനെപ്പറ്റി വന്ന പരാമര്‍ശം വിവാദമായി. വയലാര്‍ ജീവിതത്തിലെ അപൂര്‍വ രംഗങ്ങള്‍, അമ്മയുമായി ഉള്ള ആത്മ ബന്ധം, സിനിമയുടെ മാസ്മര ലോകത്തേക്കുള്ള കയറ്റം അങ്ങിനെ ഒട്ടേറെ ഹൃദയ ഹാരിയായി പറഞ്ഞിരിക്കുന്നു.
11. ഓര്‍മകളില്‍ ഒരു വസന്ത കാലം - ബി ഹൃദയ കുമാരി
  കലാലയ ഓര്‍മകളെ പറ്റിയുള്ള സുന്ദരമായ ചെപ്പുകള്‍. ഇത് വായിക്കേ, വീണ്ടും കലാലയത്തില്‍ എത്തിയത് പോലെ. പഠിച്ച കലാലയത്തിലേക്ക് ഒന്ന് കൂടി എത്താന്‍ ആഗ്രഹിക്കാത്തവര്‍ ആരുണ്ട്‌?
12. കാലം മായ്ക്കാത്ത പാദ മുദ്രകള്‍ - രാജീവ്‌ ഗോപാലകൃഷ്ണന്‍
  മുപ്പത്തി രണ്ടു മഹാരധന്മാരെ പറ്റി ഉപന്യാസങ്ങള്‍.
13. ആദ്ധ്യാത്മ പിതാവും മഹാത്മാവും നേര്‍ക്ക്‌ നേര്‍ - കൊട്ടൂക്കര ശ്രീധരന്‍
 ഗാന്ധിയും നാരായണ ഗുരുവും കണ്ടു മുട്ടുന്ന രംഗം വിവരിക്കുന്നു. പ്രതിപാദ്യം അത്ര രസകരമല്ല.
14. BA and BAPU - Mukul Bhai
 Some glimpses of life of mahatma Gandhi and Kasthoorba. The extra ordinary couple; unusual relation; so ...

                              ശാസ്ത്രം / സാങ്കേതികം

15. മനുഷ്യന്റെ പുസ്തകം - എം ശിവ ശങ്കരന്‍
 ജനിതക എഞ്ചിനീയറിംഗ് തുടങ്ങി, ജീനോം പരീക്ഷണം വരെ പ്രതിപാദ്യം. ഒപ്പം ധാര്‍മികതയെ കൂടി പരിഗണിച്ചിരിക്കുന്നു എന്നത് ഒരു സവിശേഷത.
16. ഈ പ്രപഞ്ചത്തില്‍ നാം തനിച്ചല്ല - ഹമീദ് ഖാന്‍
  നാസ്ഥികതയില്‍ ഊന്നി ആണ് അവതരണം എങ്കിലും ജനിതക ശാസ്ത്രം ഒക്കെ ഭംഗിയായി വിവരിക്കുന്നു.
17. നാനോ ടെക്നോളജി -
ഡോ.  സാബു
 വിഷയത്തെ പറ്റി നല്ല ഒരു ആമുഖം. ഇന്ത്യ യുടെ നേട്ടങ്ങള്‍ കുറെ കൂടി എടുത്തു പറയേണ്ടതുണ്ട്.  


                                        വിമര്‍ശന പഠനം

18. ഓ വി വിജയന്‍ - ഇതിഹാസത്തിന്റെ കയ്യൊപ്പ് - ഹരി കൃഷ്ണന്‍
  ഖസാക്കിന്റെ ഇതിഹാസകാരനെ പറ്റി പടിചെഴുതിയ നിരവധി പുസ്തകങ്ങളില്‍ നന്നായി വായിക്കപെടെണ്ട ഒരു കൃതി.
19. മലയാള നോവലിന്റെ നൂറു വര്‍ഷങ്ങള്‍ - അന്ധനായ ദൈവം -
ഡോ.  പി കെ രാജ ശേഖരന്‍
 ചന്തു മേനോനില്‍ തുടങ്ങി, തകഴി, ദേവ്, ബഷീര്‍, ഓ വി വിജയന്‍, ആനന്ദ്, വി കെ എന്‍, മലയാറ്റൂര്‍ ഇവരുടെ സംഭാവനകളെ വിലയിരുത്തുന്ന ശ്രദ്ധേയ പഠനം. (സി രാധാകൃഷ്ണനെ കണ്ടില്ല) നോവലുകളുടെ ഭൂമിക നന്നായി പഠിച്ചു കൊണ്ട് തന്നെ എഴുതപ്പെട്ടു.
20. അഴീകോട് വിമര്‍ശിക്കപ്പെടുന്നു - ആര്‍ പവിത്രന്‍
 സുകുമാര്‍ അഴീകൊടിനെ ശക്തിയുക്തം വിമര്‍ശിക്കുന്ന ഈ കൃതിയില്‍ ജീവിതവും പ്രണയവും ഒക്കെ കടന്നു വരുന്നു. വ്യക്തി വിരോധം ഇതിന്റെ പിന്നില്‍ നമുക്ക് കാണാന്‍ കഴിയും.
21. സ്വപ്ന കുംബ സാരം - യു എ ഖാദര്‍
  ഖാദറിന്റെ കഥകളും അവയെ ആധാരമാക്കി നിരീക്ഷണങ്ങളും പഠനങ്ങളും.
22. നഗരത്തില്‍ പറഞ്ഞ സുവിശേഷം -
ഡോ.  കെ വി തോമസ്‌
  മലയാള നോവലിലെ നഗരങ്ങളുടെ പരാമര്‍ശങ്ങളെ പറ്റി പഠനം. ഒട്ടേറെ നോവല്‍ ഭൂമികയിലൂടെ നമുക്ക് കടന്നു പോകുവാന്‍ കഴിയുന്നു. 


                                  ആരോഗ്യം

23. ഭാരതീയ മന ശാസ്ത്രത്തിനു ഒരു ആമുഖം - നിത്യ ചൈതന്യ യതി
 യതി മന ശ്സ്ത്രത്തിന്റെ ഭാരതീയ ദര്‍ശനങ്ങളെ പറ്റിയും സംഭാവനകളെ പറ്റിയും പരാമര്‍ശിക്കുന്നു. ഈ മഹത്തായ പാരമ്പര്യത്തില്‍ ഇത്തരം സംഭാവനയും ഉണ്ടെന്ന അറിവ് നമ്മെ ഉണര്‍ത്തുന്നു. 
24. ജീവിത ശൈലീ രോഗങ്ങളും പ്രതിരോധ മാര്‍ഗ്ഗങ്ങളും -
ഡോ. പദ്മ കുമാര്‍
 രോഗത്തെ പറ്റിയും ആരോഗ്യ വ്യവസ്ഥയെ പറ്റിയും  statistical അവലൊകനതൊ ടെയുള്ള  പഠനം.
25. മനശാസ്ത്രം - മനസ്സിന്റെ കാണാപ്പുറം -
ഡോ. എന്‍ എം മുഹമ്മദ്‌ അലി
 ഫ്രോയിഡ് ഉള്‍പ്പെടെ വിവിധ മന ശാസ്ത്ര കാരന്മാരെ വിശകലനം ചെയ്യുന്നു. നോം ചോസ്കി യെയും രംഗത്ത്‌ ഇറക്കിയിട്ടുണ്ട്. ഇടതു പക്ഷമാക്കാനുള്ള ശ്രമം പുസ്തകത്തിന്റെ അന്ത സത്ത തകര്‍ത്തോ എന്ന് സംശയം.
26. ശസ്ത്ര ക്രിയ ശാസ്ത്രം സാധാരണക്കാര്‍ക്ക് വേണ്ടി -
ഡോ.   ദയാനന്ദന്‍
 വിവിധ തരം ശസ്ത്രക്രിയാ രീതികളെ പറ്റി സാധാരണക്കാരന് വേണ്ടി ഇറക്കപ്പെട്ട പുസ്തകം. വളരെ അഭിനന്ദനം അര്‍ഹിക്കുന്നു. ഇത്തരം പുസ്തകം മലയാളത്തില്‍ വേറെ ഇല്ലെന്നു തോന്നുന്നു.                                       സാമൂഹ്യ വിമര്‍ശനം

27. കോടതികള്‍  ക്ഷോഭിക്കുന്നതാര്‍ക്ക് വേണ്ടി - ഡോ. എന്‍ കെ ജയ കുമാര്‍
 അന്ന് നടന്ന സംഭവ വികാസങ്ങളില്‍ കോടതി ഇടപെടല്‍ ശരിയോ; പക്ഷ പാത  പൂര്‍ണമോ എന്നൊക്കെ അന്വേഷിക്കുന്ന ഇടതു പക്ഷ കൃതി. താത്കാലിക പ്രസക്തിയെ ഉള്ളൂ..
28. സമരോല്സുകമായ മതേതരത്വം - കെ ഈ എന്‍
 തീവ്ര ഹിന്ദുത്വം ഉയര്‍ത്തുന്ന പ്രശ്നങ്ങള്‍ പ്രതിപാദിക്കുന്നു. കഷ്ടം എന്താണെന്നു വച്ചാല്‍, തികച്ചു 'മതേതര' ജീവിതം നയിച്ചിട്ടും, കെ ഈ എന്‍ 'മുസ്ലിം' കളിക്കുന്നു എന്ന ആരോപണത്തിന് ഈ പുസ്തകം ഇട വരുത്തി.
29. കളിക്കളത്തിലെ സ്ത്രീ യുടെ മതം - മഹ്മൂദ്
 പര്‍ദ്ദ വിവാദവുമായി ബന്ധപ്പെട്ട കൃതി. മുസ്ലിം തീവ്രത ഇവിടെ പരാമര്‍ശം. സാനിയ മിര്‍സ പര്‍ദ്ദ ധരിക്കണം എന്ന മട്ടില്‍ ചില വിവാദങ്ങള്‍ ഓര്‍ക്കുമല്ലോ?  


                               (30-63 അടുത്ത പോസ്റ്റില്‍)

Saturday, 8 December 2012

ബ്ലോഗെഴുത്തിനെ വിലയിരുത്തുമ്പോള്‍ - ഭാഗം രണ്ട്

                   

         ആശയങ്ങള്‍ വായനക്കാരില്‍ എത്തിക്കുക എന്നതാണ് എതോരു എഴുത്തുകാരന്റെയും ധര്‍മം. ജീവിതത്തിന്റെ സന്ദേശങ്ങള്‍ പഠനങ്ങളിലും ലേഖനങ്ങളിലും നേരിട്ടവതരിപ്പിക്കുമ്പോള്‍ കവിതയിലും കഥയിലും ഒക്കെ സംഭവങ്ങളിലൂടെയും കഥാപാത്രങ്ങളിലൂടെയും അവതരിപ്പിക്കപ്പെടും. അവിടെ ഭാഷ ഹൃദ്യമാവണം; വികാരങ്ങള്‍ വായനക്കാരനിലേക്ക് സന്നിവേശിപ്പിക്കണം എന്നൊക്കെയുള്ള കടമ്പകള്‍ ഉണ്ട്. ഇത് അച്ചടിയില്‍ ആയാലും ബ്ലോഗിലായാലും ഒരു പോലെ തന്നെ. അത് കൊണ്ട് തന്നെ, ഒരു കഥ അവതരിപ്പിക്കുന്ന മാധ്യമം ബ്ലോഗ്‌ ആണോ അച്ചടി ആണോ എന്ന് മാത്രം നോക്കി ഇന്നത്‌ വില കുറഞ്ഞത്‌ ഇന്നത്‌ കൂടിയത് എന്ന് വിലയിരുത്തുന്നത് മൌഡ്യം തന്നെ. ഉത്കൃഷ്ട സാഹിത്യം ഏതു മാധ്യമം വഴിയും എത്തേണ്ടിടത് എത്തുക തന്നെ ചെയ്യും 

           ബ്ലോഗ്‌ സാഹിത്യത്തില്‍ ഏറെയും ആത്മാംശം ഉലക്കൊല്ലുന്നവയാണ്. അതിനാല്‍ ഇത് ഏറെകുറെ ആത്മാര്തവുമാണ് എന്ന് കരുതാനാണ്‌ എനിക്കിഷ്ടം. സ്യ്ബെര്‍ സ്പേസില്‍ ദുഷ്ടലാക്കോടെ ചില വിദ്വാന്മാര്‍ ഒളിഞ്ഞിരിപ്പുണ്ടാകും. എന്ന് കരുതി അത് മൊത്തം ഒളിപ്പോരാണ് എന്ന് കരുതുക വയ്യ. പലപ്പോഴും പ്രവാസി പ്രയാസത്തിനിടയില്‍ എഴുത്തുന്ന കുറിപ്പുകള്‍ ബ്ലോഗില്‍ ധാരാളം ഉണ്ട്. എന്നെ സംബന്ധിച്ച്, ഏതു ബ്ലോഗ്‌ വായിച്ചാലും മനസ്സിനെ സ്പര്‍ശിക്കുന്ന ഏതെങ്കിലും അതിലുണ്ടാവും. അച്ചടി  പുസ്തകങ്ങള്‍ വായിക്കുമ്പോഴും 'ചവറു ' എന്ന് പറഞ്ഞു ഒന്നിനെയും തളളാന്‍ കഴിയാറില്ല. ചിലപ്പോ അതെന്റെ പരിമിതി ആവാം. പക്ഷെ മലയാളി പൊതുവേ 'യേശുദാസും ഒരു മാതിരി പാടും' ഇത്ര വരെയേ അംഗീകാരം കൊടുക്കൂ. അതിനാല്‍ ഓരോ അവലോകനത്തിനും  തെരഞ്ഞെടുപ്പു ദുഷ്കരം തന്നെ. അതിനു ഒരു 'മാനദണ്ഡം ' ഇല്ല. ഒരു "random picking" ഇതില്‍ പ്രശസ്തരും അപ്രശസ്തരും ഉണ്ടാവാം (അങ്ങനെ ഒന്നില്ലെന്നു നിസാരന്‍; അത് ശരി തന്നെ) Hit, Page Viewers, Followers, Subscribers  ഇതിന്റെ ഒന്നും എണ്ണം ആധാരമല്ല. 
          എന്ത് കൊണ്ടോ സമയം തൂക്കി  വിറ്റു  ഏറ്റവും കൂടുതല്‍ കാശുണ്ടാക്കുന്നവര്‍ ഭിഷഗ്വരന്മാര്‍ ആണ്. അവരില്‍ പെട്ട രണ്ടു പേര്‍ അബ്സറും മനോജും ഇത്തവണത്തെ ഇരകളില്‍ പെടും. നഷ്ടപ്പെട്ട ബ്ലോഗിനെ പുനര്‍ ജീവിപ്പിച്ച മൊഹിയുദീന്‍,  ഇതിനകം കഥാകാരന്‍ എന്ന് പേരെടുത്ത സുസ്മേഷ് ചന്ദ്രോത്  ഇവരാണ്  മറ്റു രണ്ടു പേര്‍.

കാഴ്ച പാടുകള്‍ പാറി പറക്കുന്ന അബസ്വരങ്ങള്‍   

ബു ജി നാട്യങ്ങലോടുള്ള ശക്തമായ എതിര്‍പ്പാണ് അബസ്വരങ്ങളുടെ അടിസ്ഥാനം. സാഹിത്യം എന്നത് ഏതോ വരേണ്യ വര്‍ഗ സംസ്കൃതി യുടെ സ്വന്തം എന്ന മട്ട്  ഇന്ന്  വേണ്ടെന്നു അബസ്വരന്‍ കരുതുന്നു. ആയതിനാല്‍, 'ഇങ്ങോട്ട് കടക്കരുത്' എന്നാരെങ്കിലും സാഹിത്യ തറവാട്ടിന്റെ തിരുമുറ്റത്തിരുന്നു പറഞ്ഞാല്‍ ആ കാരണവരുടെ ചാര് കസേര മറിച്ചിടുന്ന കുസൃതി കുട്ടി ആവാന്‍ അബ്സരിനു മടിയില്ല. കവിതക്കും കഥയ്ക്കും നോവലിനുമൊക്കെ ലക്ഷണ ശാസ്ത്രം ഉറപ്പിച്ചവരുണ്ട്. എന്നാല്‍ അതിനെ ഒക്കെ കടത്തി വെട്ടി ബഷീറും വീ കെ എന്നും ഒക്കെ പുതിയ പാതകള്‍ വെട്ടിയിട്ടുണ്ട്. അവരെ പോലെ എന്ന് പറയുക അതി ഭാവുകത്വം ആണെങ്കിലും ഒരു തനതു ശൈലി ഈ 'ലാക്കിട്ടരി'ല്‍ കാണുന്നു എന്ന് പറയാതെ വയ്യ.

        അബ്സരിന്റെ ബ്ലോഗില്‍ ഉടനീളം ലിങ്കുകളാണ്. ചങ്ങമ്പുഴ ഉണ്ടായിരുന്നെങ്കില്‍ ഇങ്ങനെ എഴുതിയേനെ

"എവിടെ തിരിഞ്ഞൊന്നു നോക്കിയലെന്ത്-
അവിടെല്ലാം നിറയെ ലിങ്ക് കാണാം
ഒരു കൊച്ചു ലിങ്കെങ്ങാന്‍ ക്ലിക്കിയാലോ
 

തെരു തെരെ ലിങ്കുകള്‍ ആണ് പിന്നെ"         
  
                മത മൈത്രി യുടെ തേര് തെളിക്കുന്നു എന്നവകാശപ്പെടുന്ന നമുക്ക് പലപ്പോഴും കാലിടറി വീഴാറുണ്ട്‌. മതം രാഷ്ട്രീയം ഇവയൊക്കെ അബ്സര്‍ അബസ്വരം അയക്കുന്ന വിഷയങ്ങള്‍ അത്രേ. അതിലൊന്നും അപസ്വരം ഇല്ല താനും.

         ആര്‍ എസ എസും എന്‍ ഡി എഫും ഒക്കെ നമ്മുടെ ചര്‍ച്ച ആവാതെ വയ്യല്ലോ? അറിവില്ലായ്മ ആണ് പല വിവാദങ്ങള്‍ക്കും ആധാരം. അത്തരം വിഷയങ്ങളില്‍ അറിവ് പകരുക എന്നതാണ് അബ്സര്‍ ദൌത്യവും. അതില്‍ പറയേണ്ടത് ഭംഗിയായി പറയുന്നു ഇവിടെ. കേള്‍ക്കേണ്ടവര്‍ കേള്‍ക്കുമോ എന്നത് മറ്റൊരു വിഷയം.

          V S അഥവാ വാക്ക്മാറി സഖാവ് അത്യാവശ്യം പ്രതികരിക്കേണ്ട ഒന്ന് തന്നെ. പരിവേഷങ്ങളുടെ പിന്നാലെ കേരളം പായുകയാണ്. മൊത്ത കബളിക്കലിന്റെ ഇടയില്‍ ഒരു ആശ്വാസം കാണുമ്പോള്‍ പറ്റുന്നതാണ്.    സെല്‍വ രാജു പോലെ രാഷ്ട്രീയ  നപുംസകങ്ങളെ കണക്കിന് പരിഹസിക്കാന്‍ അബസ്വരക്കാരന് മടിയില്ല എന്നത് ഇതൊരു പക്ഷം ചേരല്‍ അല്ല എന്നതിന് തെളിവത്രേ.

         മലബാറുകാര്‍ എന്ന പാവം നിഷ്കളങ്കര്‍ക്കിടയില്‍ മുനീറിനും ലീഗിനും കണക്കിന് കിട്ടാത്തതിന്റെ കുറവ് അബ്സര്‍ പരിഹരിക്കുന്നുണ്ട്

     എപ്പൊഴും വിഹരിക്കുന്ന ബൂ ലോകം അവിടത്തെ കള്ളന്മാര്‍ ഇവയൊക്കെ അബ്സര പ്രഹര വശം വദര്‍ ആകുന്നു. അവരെ പേടിച്ചു ജാവ സ്ക്രിപ്റ്റ്  പൂട്ടിട്ടു മുറുക്കിയ അബ്സര പോസ്റ്റുകളില്‍ ചില വരികള്‍ ഇവിടെ ഉധരിക്കണമെങ്കില്‍ എനിക്ക് വീണ്ടും ടൈപ്പ് ചെയ്യേണ്ടി വരുന്നു! കഴുതയെ അലങ്കരിച്ചു അവര്‍ കുതിര ആക്കാന്‍ അവര്‍ ശ്രമിക്കുന്നത്രേ! നടക്കട്ടെ..കഴിയില്ലല്ലോ? ബൂ ലോകക്കാരും ഈ സമൂഹത്തിന്റെ ഭാഗമല്ലേ? അപ്പോള്‍ ഇവിടത്തെ പുഴു കുത്തുകള്‍ കുറെ അവിടെയും എത്തി പ്പെടും.

     ചോവയിലേക്ക്  വാണം വിടുന്നതിനെ പറ്റിയും അഭിപ്രയ പ്രകടനം ചിന്തിപ്പിക്കുന്നത് തന്നെ.  

            കഥ എഴുത്ത് അബ്സര്‍ സ്വയം വിലയിരുത്തുന്നത് കാണാമല്ലോ!

        ലാക്കിട്ട്ര്‍ക്ക് കഥ പറച്ചിലും അറിയാം എന്ന് പല കഥകളും തെളിയിക്കുന്നു. കുഞ്ഞു പ്രണയങ്ങള്‍ ഒളിഞ്ഞിരിക്കുന്ന ഒരു മനസ്സ്! ഒന്നും മറക്കില്ലെന്നറിയാം .. പോലുള്ള കഥകള്‍ ഇതാണ് പറയുന്നത്. പേരിടാന്‍ ഇദേഹം മിടുക്കന്‍ തന്നെ..

        ആരോഗ്യ വിഷയങ്ങള്‍ നന്നായി പ്രതിപാദിക്കുന്നു. ഒക്കെ വിസ്തരിക്കാന്‍ സ്ഥല പരിമിതി..പിന്നെ ഒക്കെ വായിച്ചു എന്റെ പുറം പെരുക്കുന്നു..മരുന്നുണ്ടോ ഡോക്ടറെ?

(രണ്ടു വര്ഷം കൊണ്ട് ഈ പഹയന്‍ ഒത്തിരി എഴുതി കൂട്ടിയിരിക്കുന്നു. വയലാര്‍ പാടിയ പോലെ  "ഒക്കെ പകര്‍ത്താന്‍ കഴിഞ്ഞിരി ക്കില്ലെനിക്ക് .. 

                              ആ   ഗതി  കേടിനു  മാപ്പ്  ചോദിപ്പു ഞാന്‍ " )

          പരിണാമം കൂടി ഒന്ന് കണ്ടു നോക്കൂ!

 വേട്ടക്കാരന്‍റെ കത്തിമുനയില്‍ നിന്നും രക്ഷപ്പെട്ട ചില താളുകള്‍.. വെള്ളനാടന്‍ ഡയറി..
         എഴുത്ത്കാരന് ആത്യന്തികമായി വേണ്ടത് മനുഷ്യത്വമാണ്‌. 'മാനിഷാദ' എന്ന് പറഞ്ഞാണ് ആദി കവി രൂപപ്പെട്ടത്. ഒരു ഭാഗത്ത് ഘോരാന്ധകാരവും മറു ഭാഗത്ത് ആഘോഷ ചഷകവും ആയ ജീവിതത്തെ നോക്കി മാക്സിം ഗോര്‍ക്കി 'അമ്മ'യില്‍ നമ്മെ ചിന്തിപ്പിക്കുന്നു. കാന്‍സര്‍ എന്ന കഥയില്‍ കാന്‍സര്‍ എന്നതിന്റെ വ്യതസ്ത നിരീക്ഷണങ്ങള്‍ കാണാം. രണ്ടു കാന്സരും രോഗം തന്നെ; ചികിത്സ ക്രമം വ്യത്യസ്തം എന്ന് മാത്രം. "ശരീരത്തില്‍ വന്ന കാന്‍സര്‍ അവര്‍ സധൈര്യം നേരിട്ടൂ.. പക്ഷെ സമൂഹത്തില്‍ പടരുന്ന ഇത്തരം കാന്‍സെറുകളെ നേരിടാന്‍ അവര്‍ക്കായില്ലല്ലോ.. ഞാന്‍ ഓര്‍ത്തു,  അത്യാഹിതമായി ചികിത്സിക്കപ്പെടേണ്ട  കാന്‍സര്‍ ഇതിലേതാണ്?"   
           മദ്യസക്തിയും   മറ്റൊരു   കാന്‍സര്‍ ആണ്. അതാണ്  'അച്ഛന്‍ മരിച്ചെങ്കില്‍...എന്ന കവിതയില്‍   നാം  കാണുന്നത്. 
" മദ്യം വിഷമെങ്കിലച്ഛന്‍ മരിക്കില്ലേ?
അച്ഛന്‍ മരിച്ചാലെന്‍ ദുഃഖം ശമിക്കില്ലേ..
അച്ഛന്‍ മരിച്ചിട്ടെന്നമ്മയെ പോറ്റണം,
അച്ഛന്‍ മരിച്ചിട്ടെന്‍ പെങ്ങളെ കാക്കണം.."
        കോളാമ്പി യില്‍ ദാമ്പത്യത്തിന്റെ  സ്വരചേര്‍ച്ച ഇല്ലായ്മയും വൃദ്ധ സദനവും വിഷയം . കഥയുടെ  സങ്കേതത്തിന്റെ  തലത്തില്‍  ഈ  കഥകളില്‍  നൂനതകള്‍  ദര്‍ശിക്കാം, എങ്കിലും ഇവയൊക്കെ നമ്മെ സ്പര്‍ശിക്കും എന്നതില്‍ എനിക്ക് സംശയം ഇല്ല. 
          അജ്മല്‍ കസബിനെ (ഞാന്‍ അജ്മല്‍ കസബ്) വ്യത്യസ്തമായി ദര്ശിച്ചതും കവി മനസ്സിന്റെ ദൃഷ്ടാന്തമാണ്. 
നാളെപ്പുലര്‍ച്ചയെന്‍ മരണമാണെങ്കി-
ലുമോര്‍ക്കാതെ വയ്യന്റെ അന്ത്യകാലം..
നല്ല പാനീയങ്ങള്‍,നല്ല പദാര്‍ഥങ്ങളാ-
വോളം  തന്നതീ  ഭാരതീയര്‍...

      വിശ്വ മലയാളം പഴയ പദ്യങ്ങളുടെ രീതിയില്‍ എഴുതപ്പെട്ടു കണ്ടത്തില്‍ സന്തോഷം. കവികള്‍ ഉപയോഗിക്കുന്ന പല വാക്കുകളും പുതു തലമുറ അറിയുന്നില്ലെന്ന് അതിലെ കമന്റ്‌ സാക്ഷ്യപ്പെടുത്തുന്നു. ഭാഷ മരിക്കുന്നതിന്റെ ആദ്യ പടി ആണ് വാക്കുകള്‍ മറക്കുക എന്നത്. ചില വികാരങ്ങളെ ദ്യോതിപ്പിക്കണമെങ്കില്‍ പ്രത്യേക വാക്ക് വേണം എന്നത് ശരി തന്നെ. പക്ഷെ ബ്ലോഗ്‌ രചനകള്‍ ലളിതം ആയതേ ആളുകള്‍ വായിക്കൂ എന്ന പേരില്‍ ലാളിത്യവും നര്‍മവും മേല്‍കൈ നേടുമ്പോള്‍ നഷ്ടമാവുന്നത് വികാരങ്ങളുടെ ശരി പകര്ച്ചയാണ്. തോല്‍വി, അഭയവത്മീകം , കുടിയിരുത്തല്‍ എന്ന കവിതകളിലോക്കെ അമ്മയുടെ അഥവാ പെണ്ണിന്റെ നൊമ്പരങ്ങള്‍ അറിയുന്ന മനസ്സുണ്ട്. ആദ്യാനുരാഗം-ഒരു സ്വപ്നം, ഊര്‍ജപ്രതിസ്സന്ധി  ആദ്യകാല കവിതകള്‍ ആണെന്ന് തോന്നുന്നു. അതില്‍ ഭാഷ മെച്ചപ്പെടാനുണ്ട്. അനാവൃതം എന്ന കഥ നമ്മെ മനമുരുക്കാതെ ഇരിക്കില്ല. ബാല്യത്തെ അതിന്റെ നിഷ്കളങ്കതയില്‍ തലോടാന്‍ മറക്കുന്ന ഒരു കാലതാനല്ലോ നാം ജീവിക്കുക.
    ലേഖനങ്ങളില്‍ ശബരിമ സ്ത്രീ പ്രവേശനം ഒക്കെ ഒത്തിരി ചര്‍ച്ച ചെയ്ത വിഷയങ്ങള്‍ തന്നെ..കിം ഫലം എന്നല്ലാതെ എന്ത് പറയാന്‍? പി എസ സി യെ പറ്റി ഉള്ള ലേഖനത്തില്‍ ചില വസ്തുതകള്‍ അറിയാത്തതിന്റെ പ്രശ്നം ഉണ്ട്. മറ്റു ലേഖനങ്ങള്‍ ഒക്കെ ചുറ്റുപാടും നോക്കി നടക്കുന്ന ആളാണ് താന്‍ എന്ന് നമ്മെ ഉണര്‍ത്തുന്നു. അത്തരക്കാര്‍ കുറഞ്ഞു വരുന്ന കാലത്ത് അതും ഒരു കാര്യം തന്നെ. ആരോഗ്യ രംഗത്തെ പറ്റി കുറെ കൂടി എഴുതാം പിന്നെ Lay Out  ഉം നിറങ്ങളുടെ തെരഞ്ഞെടുപ്പും ഒക്കെ മെച്ചപ്പെടുത്തിയാല്‍ നന്ന്.

ഞാന്‍ നിങ്ങളിലൊരുവന്‍ ! - പാവം പ്രവാസി 

        ഉള്ള ബന്ധങ്ങളെ ഒക്കെ കളഞ്ഞിട്ടു പുതിയ കൌതുക സുഹൃത്ത്‌ (?) ക്കളെ തേടി പായുന്ന ഒരു കഥ ഞാന്‍ ഈ പ്രവസിയുടെതായി കണ്ടു. ആഖ്യാന ഭംഗിയെക്കള്‍ പ്രമേയം ആകര്‍ഷിച്ചു.  

     "ഉച്ചത്തില്‍ വീണ്‌ടും കാറിക്കഞ്ഞ്‌ കൊണ്‌ടായിരുന്നു ആ ചോദ്യത്തോടുള്ള അവന്റപ്രതികരണം. അയാളുടെ ചെവികള്‍ വേദനിച്ചു...ചാറ്റിംഗിണ്റ്റെ രസച്ചരട്‌ പൊട്ടിച്ചതിലും ചെവി വേദനിച്ചതിലും അയാള്‍ക്ക്‌ ദേഷ്യം വന്നു. മുഖം കോപത്താല്‍ ചുവന്നു, അവന്‍ ഉപ്പയുടെ മുഖം കണ്ട്‌ പേടിച്ച്‌ കരച്ചിലിന്റ  ശബ്ദം മെല്ലെ കുറച്ചു, അയാള്‍ അടുക്കളയില്‍ പോയി ചട്ടുകം എടുത്ത്‌ കൊണ്‌ട്‌ വന്നു. അവന്‌റെ ചന്തിയില്‍ ശക്തിയായി അടിച്ചു... ആദ്യത്തെ അടിയില്‍ അവന്‌റെ മുഖം മെല്ലെ ഒരു വശത്തേക്ക്‌ കോടുന്നത്‌ കണ്‌ടു. ഉപ്പ പിന്നേയും അടിക്കുകയാണെന്ന്‌ മനസ്സിലായപ്പോള്‍ അവന്‍ ഉച്ചത്തില്‍ കരഞ്ഞു,. പതിവ്‌ പോലെ അവന്‍ കൂവി കാറി കരഞ്ഞില്ല. വേദന കൊണ്‌ടുള്ള ദയനീയ വിലാപം! കണ്ണുനീര്‍ കവിളിലൂടെ ഒലിച്ചിറങ്ങി."    

               ആ കുഞ്ഞിനൊപ്പം നമ്മളും വേദനിക്കുന്നു 

കൊച്ചു പിണക്കങ്ങളും ഇണക്കങ്ങളും ഒക്കെ കോര്‍ത്തിണക്കിയ കഥയും ഇഷ്ടമാവതിരുന്നില്ല. "ഞാനിവിടെ കഷ്ടപ്പെടുമ്പോള്‍ സ്വന്തം ഭാര്യ കോളേജ്‌ കുമാരിയായി വിലസുന്നതിലെ അസഹ്യത, അതാണ്‌ സത്യത്തില്‍ എന്‌റെ രോഗം ! " നല്ല കണ്ടു പിടിത്തം അല്ലെ?  

         സദാചാര പോലീസിനെ പറ്റിയൊക്കെ ഈ ബ്ലോഗ്ഗര്‍ അനുഭവങ്ങള്‍ വിവരിക്കുന്നുണ്ട്.  "പുഴ കരകവിഞ്ഞൊഴുകയാണ്‌. കുറച്ച്‌ നേരം കൂടി കഴിഞ്ഞാല്‍ കടവത്ത്‌ പെണ്ണുങ്ങള്‍ കുളിക്കാന്‍ വരും. മോട്ടോര്‍ ഷെഡിന്‌റെ മറവിലിരുന്ന്‌ ചില കാഴ്ചകളെല്ലാം വേണമെങ്കില്‍ കാണാം..." എന്ന  മട്ടില്‍ കഥയുടെ ഭാഷയില്‍ തന്നെ അനുഭവ വിവരണം.

ലെസ്ബിയന്‍ പശുവിന്റെ കൃമി കടിയും മാന്താന്‍ കുറെ കപട സദാചാരവാദികളും... !!!!

        കുറെയൊക്കെ ചിന്തിപ്പിച്ചു. ബൂ ലോകത്തും വഴക്കും വക്കാണവും.. അതിന്റെ പരിണതി ആയി ബ്ലോഗ്‌ നഷ്ടമാവലും. അതിന്റെ വിശകലം ധാരാളം നടന്നതിനാല്‍ ഒഴിവാക്കുന്നു.

                              സുസ്‌മേഷ്‌ ചന്ത്രോത്ത്‌

  അറിയപ്പെടുന്ന  കഥാകാരന്‍  ആണെങ്കിലും സുസ്മേഷിന്റെ ബ്ലോഗില്‍ കഥകളല്ല കാണാന്‍ കഴിയുക; അനുഭവ കുറിപ്പുകള്‍ എന്നോ പറയാവുന്ന പല വകകള്‍; കൂടാതെ ഓരോ പുസ്തകം ഇറക്കുമ്പോള്‍ അതിനെപ്പറ്റി ഒന്ന് പറഞ്ഞിട്ട്, ഒരു വായനാ ക്ഷണവും. ആധുനിക കഥ കാരന് ചില കഥകള്‍ എങ്കിലും ഉള്‍പ്പെടുത്താം എന്നാണ് എന്റെ പക്ഷം. അത് ബുക്ക്‌ 'കച്ചോട' ത്തെ ബാധിക്കിലാ എന്നൊരു പക്ഷവും.

അധ്യാപകവിദ്യാര്‍ത്ഥികളുടെ പഠനത്തിലെ പൂപ്പല്‍ബാധ 

ദ്വിദിന ദേശീയ നോവല്‍ പഠനാസ്വാദന ശില്‌പശാലയില്‍ ഉണ്ടായ അനുഭവങ്ങളിലൂടെ സഞ്ചരിക്കുന്നു. എന്ത് കൊണ്ടോ, നമ്മുടെ നാട്ടില്‍, വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ പാളിച്ച ആവാം, വ്യക്തികളുടെ കഴിവ് അനുസരിച്ചല്ല, അവര്‍ ഓരോ മേഖലയില്‍ എത്തിപ്പെടുന്നത്. അതിനാല്‍ പലപ്പോഴും തികഞ്ഞ സാഹിത്യ ആസ്വാദകര്‍ അല്ല ഭാഷ അധ്യാപകര്‍ ആകുന്നതു. എത്രയോ ഗുമസ്തന്മാരുമായി സംവദിച്ചു കഴിഞ്ഞപ്പോ എനിക്ക് തോന്നിയിട്ടുണ്ട്, ഇവര്‍ കലാശാല അധ്യാപകര്‍ ആയിരുന്നെങ്കില്‍ എന്ന്. എന്നാല്‍ ആ വര്‍ഗത്തെ അടച്ചു തള്ളാനും കഴിയില്ല;  ചിലരെ കാണുമ്പോള്‍ ഇവര്‍ അധ്യാപകര്‍ തന്നെ എന്നും തോന്നിയിട്ടുണ്ട്. 

"വേഷ മേനിക്കെന്തെന്നു വിധിപ്പതു വിഭോ ഭവ ചിത്തം 

വിശ്വ പ്രിയമായി നടനം ചെയ്വത് വിധേയന്നേന്‍ കൃത്യം" 

എന്ന് ഉള്ളൂര്‍ പാടിയത് ഓര്‍ക്കാറുണ്ട്.

കുട്ടോത്തെ ജനങ്ങളും ചില നന്മകളും 

ചെറുകാട് അവാര്‍ഡ്‌ സ്വീകരണ വേളയിലെ അനുഭവങ്ങള്‍ പറയുന്നു.നന്മകളാല്‍ സമൃദ്ധമായ ആ നാട്ടിന്‍ പുറത്തെ പറ്റി പറക തന്നെ വേണം. നാം പലപ്പോഴും കുറ്റപ്പെടുത്താന്‍ വാ തുറക്കും; അഭിനന്ദിക്കാന്‍ പിശുക്കും. ഈ പൊതു സമീപനത്തില്‍ നിന്നും സുസ്മേഷ് വ്യത്യസ്തനകുന്നതില്‍ സന്തോഷം. പ്രസംഗം കേള്‍ക്കാന്‍ ആളില്ലത്തതില്‍ ഒരു പ്രധാന ഘടകം പ്രസംഗകരുടെ ആത്മാര്തയില്ലായ്മ അല്ലെ? സമ്മോഹനമായ കാരുണ്യത്തെ പ്രസംഗത്തിലും എഴുത്തിലും പുകഴ്ത്തി പാടുന്ന കവി നിഷ്കരുണം ജീവിതത്തില്‍ പെരുമാറുന്നത് നാമറിയുമ്പോള്‍ എന്താവും പ്രതികരണം?

അനിതാതമ്പിയുടെ `മൊഹീതൊ പാട്ട്‌' 

ആധുനികത യോടുള്ള പ്രതിപത്തി സുസ്മേഷ് കഥകളില്‍ നമുക്ക് കാണാമല്ലോ? ആ സമീപനം അനിതാ തമ്പി യുടെ കാവ്യാ സ്വാദ നത്തിലും കാണാം. ലഹരി യെപ്പറ്റി അനിത എഴുതുകയോ എന്ന് നെറ്റി ച്ചുളിക്കുന്നോരെ നോക്കി മറുപടി പറയുന്നു ഇതില്‍.

ചെരാതുറങ്ങുന്ന വീട്‌


ലോഹിതദാസിന്റെ മരണ ശേഷം ആ വീട് സന്ദര്‍ശിക്കുന്ന വേളയില്‍ വീട് അന്വേഷണ ശേഷം "ആ നിമിഷം മുതല്‍ അകലൂരിലെ വീട്ടില്‍ ഞങ്ങളെ കാത്ത്‌ ലോഹിതതദാസ്‌ എന്ന തിരക്കഥാകൃത്ത്‌ കാത്തിരിക്കുന്നുണ്ടെന്ന്‌ വിശ്വസിക്കാന്‍ ഞാന്‍ നിര്‍ബന്ധിതനായി" എന്ന് തുടങ്ങി ഹൃദ്യമായ വാക്കുകളിലൂടെ നമ്മെയും ലോഹി ഭവനത്തില്‍ എത്തിക്കുന്നു.

ഒരുകൂട്ടം കല്ലുകളിലൊളിപ്പിച്ച കൗശലത്തെ തിരയുന്നൊരാള്‍ഹുവാന്‍ റൂള്‍ഫോയും ദസ്‌തയേവ്‌സ്‌കിയും പൗലോ കോയ്‌ലോ യും ഭംഗിയായി അവതരിപ്പിക്കപ്പെട്ട പോസ്റ്റ്‌ ആണ്. കഥാ കാരന്‍ കഥാ കാരെ പറ്റി പറഞ്ഞു കേള്‍ക്കുക ഒരു കഥ വായിക്കും പോലെ സുന്ദരമാണ്. അതാണല്ലോ, പെരുമ്പടവത്തിന്റെ 'ഒരു സംകീര്‍ത്തനം പോലെ' ക്ലാസ്സിക്‌ ആയതു.

തിലകം,     സമസ്‌തദേശം.കോം

ഇവയിലൊക്കെ നാടിന്റെ നന്മയും പച്ചപ്പും തിരിച്ചറിയുകയും "അടിയനിനിയുമൊരു ജന്മ മുണ്ടയാല തെല്ലാം 

അടി മുതല്‍ മുടിയോളം നിന്നിലാകട്ടെ തായേ " 

എന്ന് കവിക്കൊപ്പം പ്രാര്‍ത്ഥിക്കുകയും ചെയ്യും. പ്രദീപെന്ന കഥാ കൃത്തിന്റെ വീട്ടില്‍ പോകുന്ന കഥ പറയുമ്പോഴും ഇത് നാം അനുഭവിക്കുന്നു. എങ്കിലും പോസ്റ്റുകള്‍ തിരയാനൊന്നും പറ്റിയ സൌകര്യങ്ങള്‍ ഇല്ല എന്ന ന്യൂ നതയും പൊതുവില്‍ കാണുന്നു.

Sunday, 2 December 2012

പുസ്തകാവലോകനം - നെഹ്‌റു ഇന്ത്യയുടെ കണ്ടെത്തല്‍ - ഡോ ശശി തരൂര്‍നെഹ്‌റു ഇന്ത്യയുടെ കണ്ടെത്തല്‍ - ഡോ ശശി തരൂര്‍ - 
പരിഭാഷ: ഷാജി ജേക്കബ്‌ 

പെന്‍ഗ്വിന്‍ / മനോരമ - 160  രൂപ - പേജുകള്‍: 245 

               ഭാരതത്തിന്റെ തപോ ശക്തി ആയ മഹാത്മജി കഴിഞ്ഞാല്‍ ഏറ്റവും വിസ്മയിപ്പിച്ച നേതാവാണ്‌ ജവഹര്‍ ലാല്‍ നെഹ്‌റു. സ്വാതന്ത്ര്യ സമര പ്രക്ഷോഭത്തിന്റെ മുന്നണി പോരാളിയും, സ്വതന്ത്ര ഇന്ത്യ യുടെ ആദ്യ പ്രധാന മന്ത്രിയും ഇന്ത്യക്കാരായ ഇംഗ്ലീഷ് എഴുത്തുകാരില്‍ ഏറ്റവും സൂക്ഷ്മവും വശ്യവുമായ ഭാഷയുടെ ഉടമയും ആയ നെഹ്‌റു എക്കാലവും ഇന്ത്യയുടെ യശസ്സ് ലോക രാഷ്ട്രങ്ങള്‍ക്കിടയില്‍ ഉയര്‍ത്തി പിടിച്ചു. കുട്ടികളുടെ ചാച്ചാജിയായി അവരോടൊപ്പം കളിച്ച നെഹ്‌റു, പാശ്ചാത്യ വസ്ത്ര ധാരിയായി ആഗോള വേദികളില്‍ പ്രത്യക്ഷപ്പെട്ടു. അസാധാരണ ധിഷണയും കരുത്തുറ്റ വായനയും മികവാര്‍ന്ന വാഗ്മികതയും ചേര്‍ന്ന വ്യക്തിത്വം, തികഞ്ഞ യുക്തി ചിന്തയുടെ ധാരയില്‍ ഉറച്ചു നിന്ന നെഹ്‌റു എങ്ങനെ ഗീതയുടെ വക്താവായ ബാപ്പുവിന്റെ മനസപുത്രനായി എന്നത് അത്ഭുതപ്പെടുത്തുന്നു. നെഹ്‌റു വിനെയും നെഹ്‌റു കൂടി സൃഷ്ടിച്ചെടുത്ത ഇന്ത്യയെയും അടുത്തറിയാനുള്ള ശ്രമമാണ് തരൂര്‍ ഈ രചനയിലൂടെ നിരവഹിക്കുന്നത്.
               അവതാരികയില്‍ പി ജി  പറയുന്നത് പോലെ വസ്തുതകളും വിമര്‍ശങ്ങളും കൊണ്ട് നിര്ഭരമാണ് ഈ കൃതി. നെഹ്‌റു എന്ന നേതാവിന്റെ, മനുഷ്യന്റെ, വിശ്വ പൌരന്റെ, ഭരണാധികാരിയുടെ, ഒക്കെ സവിശേഷതകള്‍ തരൂര്‍ വരച്ചു കാട്ടുന്നു.

ജവഹരി ലാല്‍ എന്ന മോത്തിലാല്‍ പുത്രന്‍
            പിതാവും പുത്രനും തമ്മിലുള്ള വൈകാരിക ബന്ധത്തെയും മോത്തിലാലിന്റെ പുത്രാ വല്സല്യതെയും തരൂര്‍ ഹൃദ്യമായി വരച്ചു കാട്ടുന്നു. ബാല്യം മുതല്‍ ഈ പിതാവ് വല്ലാതെ പുത്രന് പിന്നാലെ പായുന്നു. ജയിലില്‍ കഴിയുമ്പോള്‍ പിതാവ് പുത്രനെ കത്തിലൂടെ സ്വാധീനിക്കുന്നു. മോത്തിലാലിന്റെ വത്സല പുത്രന്‍ എങ്ങനെ നേതാവായി വളര്‍ന്നു എന്ന് ഭംഗിയായി പറഞ്ഞിരിക്കുന്നു.

നെഹ്‌റു എന്ന വ്യക്തി
            സുഖലോലുപതയുടെ മടിത്തട്ടില്‍ നിന്നും ഉയര്‍ന്ന നേതാവ് ത്യാഗം സഹിക്കാന്‍ മടിക്കെണ്ടതാണ്. എന്നാല്‍ നെഹ്‌റു പ്രക്ഷോഭങ്ങളില്‍ അക്ഷോഭ്യനായി നില കൊണ്ടു. ഇന്ദിരയ്ക്കു ദാര്‍ശനികനായ പിതാവായും എട്വിനു സുഹൃത്തും ഒരു വേള കാമുകന്‍ ആയും  ഗാന്ധിക്ക് പ്രിയങ്കര ശിഷ്യന്‍ ആയും മാറുന്ന നെഹ്‌റു കമലയ്ക്കു സ്നേഹ സമ്പന്നനായ ഭാര്തവകുന്നില്ല എന്നത് ഇവിടെ അവതരിപ്പിക്കുന്നു. ഏകാധിപത്യത്തെ ശക്തമായി എതിര്‍ക്കുന്ന ഈ ജനാധിപത്യ വടി, മുതലാളിത്തത്തിന്റെ അപകടങ്ങള്‍ പലപ്പോഴും ചൂണ്ടി കാട്ടുന്നു. താഴെ ഉള്ള ഉദ്യോഗസ്ഥരോട് ഇടയ്ക്കു പരുഷവും എന്നാല്‍ സ്നേഹ പൂര്ണ്ണവുമായി  പെരുമാറുന്നു.

കുടുംബാധിപത്യത്തെ എതിര്‍ത്ത്
             ഞാനൊരു രാജവംശം സ്ഥാപിക്കനില്ലെന്നും പിന്‍ഗാമിയെ നിശ്ചയിക്കുന്നത് ജനാധിപത്യ രാഷ്ട്രത്തിന്  ഭൂഷണം  അല്ലെന്നും അസന്നിഗ്ദ്ധമായി പ്രഖ്യാപിച്ച നെഹ്‌റു 'രാജാവിനെക്കാള്‍ വലിയ രാജ ഭക്തി' കാണിച്ച നമ്മെയോര്‍ത്തു നമുക്കന്യമായ ദേശത്തിരുന്നു വിതുംബിയെക്കാം! സ്വയം ഒരു ഘട്ടത്തില്‍ പ്രധാന മന്ത്രി പദം വിട്ടൊഴിയാന്‍ സന്നദ്ധത പ്രകടിപ്പിച്ച നെഹ്‌റു വിനെയും തരൂര്‍ ഉയര്‍ത്തി കാട്ടുന്നു.
                ഇന്ദിരയെ കത്തുകളിലൂടെ ഉണര്തിയെങ്കിലും ആ ധിഷണ പകരാന്‍ സാധിച്ചില്ലെന്നും തരൂര്‍ നിര്‍ഭയം സമര്‍ഥിക്കുന്നു. അഭ്യന്തര അടിയന്തരാവസ്ഥ പോലെ ഉള്ള നടപടികള്‍ ഒരിക്കലും നെഹ്രുവിന്റെ കഴ്ച്ചപ്പാടല്ലെന്നും പറയുന്നു.

ഗാന്ധിയും നെഹ്രുവും
             മഹാത്മാവായി തന്നെ ഗാന്ധിയെ   ദര്‍ശിച്ചു എങ്കിലും ഇടക്കൊക്കെ താത്വികമായ ഉരസല്‍ അവര്‍ക്കിടയില്‍ പ്രകടമായിരുന്നു. പലപ്പോഴും ക്ഷുഭിതനായ ഗാന്ധി ക്ക് മുന്നില്‍ നെഹ്‌റു എപ്പോഴും  കീഴടങ്ങിയിരുന്നു. അതിനാല്‍ നേതാജി നെഹ്‌റു വിനെ പൈങ്കിളി നേതാവ് എന്ന് വിശേഷിപ്പിച്ചതായി ഇവിടെ പരാമര്‍ശിക്കുന്നു. ഗാന്ധിയന്‍ 'മേല്ലെപോക്കി'നോട് ശക്തമായി പ്രതികരിച്ച നെഹ്‌റു വിനോട് "നാം തമ്മില്‍ ഒരിക്കലും പൊരുത പെട്ട് പോകില്‍'" എന്ന് തന്നെ ഗാന്ധി പറഞ്ഞു.  നെഹ്‌റു എഴുതി "അലസനും തെറ്റ് കാരനും ആണെങ്കിലും ടാഷ്ട്രീയത്തില്‍ ഞാന്‍ അങ്ങയുടെ കുട്ടി അല്ലെ?" ഇത്തരം സന്ദര്‍ഭങ്ങള്‍ ഇടയ്ക്കിടെ നമുക്ക് കാണാം. 'രാമ രാജ്യം' പോലെ മതാധിഷ്ടിതം എന്ന് കരുതപ്പെടുന്ന സങ്കല്‍പ്പങ്ങള്‍ യുക്തി വാദി ആയ നെഹ്രുവിനു   എങ്ങനെ ഉള്കൊള്ളാനാവും ?

ജിന്നയും ലീഗും
        വിഭജനത്തോളം എത്തിയ ഹിന്ദു മുസ്ലിം സ്പര്‍ധയെ പരാമര്‍ശിക്കാതെ ഒരിക്കലും ഇന്ത്യ ചരിത്രം പൂര്തിയാവില്ലല്ലോ? തികഞ്ഞ മത ഭക്തരായ മൌലാന അബ്ദുല്‍ കലം ആസാദും  മൌലാന മുഹമ്മദ്‌ അലിയും ഷോവ്കത് അലിയും ഒക്കെ കോണ്‍ഗ്രസില്‍ ഉറച്ചു നിന്നപ്പോള്‍ അത്ര മത നിലപാടുകളില്‍ ഉറപ്പോ പ്രവൃത്തിയില്‍ നിഷ്ടയോ ഇല്ലാതിരുന്ന ജിന്ന ലീഗ് നേതാവായി എന്നത് ശ്രദ്ധേയം തന്നെ. മുസ്ലിംങ്ങള്‍   മുഴുവന്‍ പേരുടെയും   വക്താക്കള്‍ ലീഗനന്നുള്ള ഹുങ്ക് അംഗീകരിക്കാന്‍ നെഹ്‌റു ഒരു ഘട്ടത്തിലും തയാറായില്ല. (ഇതേ ലീഗ് ഇന്ന് നെഹ്രുവിന്റെ പാര്‍ട്ടിക്കാര്‍ക്ക് സഖ്യ കക്ഷിയാണെന്നു തരൂര്‍ ഓര്‍മിപിക്കുന്നു. അതേ  തരൂരിന്റെ മന്ത്രിസഭാ സഹ പ്രവര്‍ത്തകന്‍ ആണ് ഈ. അഹമ്മദ്‌ എന്നതും ഒരു തമാശ!) ജിന്ന അന്ന് നെഹ്രുവിനോട് താങ്കള്‍   താങ്കളുടെ ആളുകളുടെ (അതായതു ഹിന്ദുക്കളുടെ) കാര്യം നോക്കൂ, ഞങ്ങള്‍ മുസ്ലിങ്ങളുടെ നോക്കാം എന്ന മട്ടില്‍ പറഞ്ഞത് ഇന്നും പലരും പല മട്ടില്‍ ആവര്ത്തിക്കുന്നുണ്ടല്ലോ? നമ്മെ ഇത് ലജ്ജിപ്പിക്കെണ്ടതല്ലേ?

വാഗ്മിയായ നെഹ്‌റു
            ഇന്ത്യ സ്വതന്ത്രമായ ഘട്ടത്തിലും ഗാന്ധിവധ ശേഷവും നടത്തിയ ചരിത്ര പ്രസിദ്ധമായ പ്രസംഗങ്ങള്‍ തരൂര്‍ ഇവിടെ പകര്‍ത്തിയത് വായിക്കുമ്പോള്‍ നാം അവാച്യമായ ഒരു തലത്തില്‍ എത്തി ചേരും. ഇന്ത്യക്കും ഇന്ത്യന്‍ ജനതക്കും വേണ്ടി സമര്‍പ്പിക്കുന്ന ആത്മാര്‍ത്ഥമായ വാക്കുകള്‍ നമുക്കു കേള്‍ക്കാം ( ഇന്ന് ഇതേ പാര്‍ട്ടി ഉള്‍പ്പെടെ നേതാക്കന്മാര്‍ ആര്‍ക്കു വേണ്ടിയാണു സമര്‍പ്പിക്കുന്നത്!) നവഖലിയില്‍ ഉപവസിക്കുന്ന ഗാന്ധിയെ നെഹ്‌റു സ്മരിക്കുന്നത് തികച്ചും ആത്മാര്‍ഥമായി തന്നെ എന്ന് തരൂര്‍ കരുതുന്നു. എനിക്കും അങ്ങനെ വിശ്വസിക്കാനാണ് ഇഷ്ടം. ചര്‍ച്ചില്‍ ഒരിക്കല്‍ "തങ്ങളെ വെറുക്കരുത്" എന്ന് പറഞ്ഞപ്പോള്‍, "ആരെയും വെറുക്കാനും ഭയക്കാനും പാടില്ലെന്ന് പഠിപ്പിച്ച ഒരു മനുഷ്യനാണ് എന്റെ ഗുരു " എന്ന് നഹ്രു പറഞ്ഞത്രേ! നമുക്ക് ഇത് ഉരുവിടാന്‍ കഴിയുമോ?


അന്ത്യവും സവിശേഷതകളും
The Woods are lovely, dark and deep
But I have promises to keep
and Miles to go before I sleep
and Miles to go before I sleep

          എക്കാലവും തന്നെ നയിച്ച ഈ വരികള്‍ കിടക്കക്കരുകില്‍..ഒസ്യത്തില്‍ ചിതാഭസ്മം ഗംഗയില്‍ നിമഞ്ജനം എന്നതിന്റെ യുക്തിയില്‍ ചിലര്‍ക്ക് സംശയം..അതും ഒരു യുക്തി വാദിയുടെ..നെഹ്‌റു പക്ഷെ ഗംഗയെ കണ്ടത് മറ്റൊരര്‍ത്ഥത്തില്‍. ആ ഭസ്മം ഇന്ത്യയിലെ കര്‍ഷകരുടെ പാടങ്ങളില്‍ വീഴാനും അഭിലഷിച്ചു നെഹ്‌റു. പില്‍കാലത്ത് അടല്‍ ബീഹാറി ബജ്പെയി പ്രധാന മന്ത്രി ആയപ്പോള്‍ നെഹ്രുവിന്റെ ചിത്രം, അദേഹത്തെ സന്തോഷിപ്പിക്കാന്‍, ഹാളില്‍   നിന്നും എടുത്തു മാറ്റിയ ഉദ്യോഗസ്ഥരെ ബജ്പെയി ശാസിച്ച വിവരം ഇതില്‍ പറയുന്നു.
           നെഹ്‌റു കുടുംബ   വാഴ്ചയില്‍ നാം അവരോധിച്ച ഇന്ദിര രാജീവുമാരെയും അവരുടെ ചെയ്തികളെയും വിമര്‍ശിച്ച തരൂരിനെ കോണ്‍ഗ്രസ്‌ ഇപ്പോഴും മന്ത്രി സഭയില്‍ ഉള്‍പ്പെടുത്തിയത് ആ പ്രസ്ഥാനത്തിന്റെ വിശാലതയോ അതോ അഴീക്കോട്‌   പറഞ്ഞത് പോലെ നെഹ്രുവിനു ശേഷം കോണ്‍ഗ്രസുകാര്‍   പുസ്തകം വായിക്കാതതിനാല്‍ ഈ വിവരങ്ങള്‍ അറിയായ്ക മൂലമോ എന്ന ചര്‍ച്ച വായനക്കാര്‍ക്ക്‌ വിടുന്നു. 


Monday, 26 November 2012

ഒരു ബ്ലോഗറുടെ ആദ്യ രാത്രി!


ആദ്യത്തെ പോസ്ടിട്ടു ബ്ലോഗൊന്നടച്ചു ഞാന്‍
എഫ് ബി യില്‍ ലിങ്കൊന്നു കോറിയിട്ടു
കണ്ണ്  ഒന്നടച്ചതിന്‍  ചാരെ മയങ്ങി ഞാന്‍
രാവേറെ ചെന്നതന്നോര്ത്തതില്ല

നിദ്രയെ പുല്‍കുവാന്‍ ഏറെ തിടുക്കമുണ്ടെ-
ങ്കിലും 'എത്ര പേര്‍ വായിച്ചിടും?'
' എത്ര കമന്റുകള്‍ നേടിടും' എന്നൊട്ടു
നോക്കി കഴിഞ്ഞങ്ങ് ഉറങ്ങിയാലോ?

നിമിഷങ്ങള്‍ നീങ്ങവേ 'ജീ  മെയില്‍'  നിറഞ്ഞതില്‍
അഭിനന്ദനത്തിന്‍ പ്രവാഹമായി
ഭൂലോക കോണുകള്‍ ബ്ലോഗ്ഗ്‌റെ തേടിയീ
എഫ് ബി നിറച്ചു നിരന്തരമായ്‌

മെസ്സേജ് വന്നൂ നിറഞ്ഞെന്റെ  ഫോണിലേ
ദര്‍ശന ടീ വി തന്‍ സന്ദേശവും
'ഈ - ലോകം ' ഒന്നതില്‍ അതിഥിയായ്
എന്നെ ക്ഷണിക്കയോ ഇത്ര വേഗം  !

ആഹ്ലാദ ചിത്തന്‍  ഞാന്‍ ഇനിയോന്നുറങ്ങുവാന്‍
തുനിയവെ അര്ക്കന്റെ കിരണങ്ങളെന്‍  
ആകെ തളര്‍ന്ന നയനങ്ങളെ പുല്‍കി
അമ്മ തന്‍ ക്ഷോഭം ഉയര്ന്നവിടെ..

"രാവില്‍ മുഴുവനും കമ്പ്യൂട്ടര്‍ മുന്നിലോ
വൈദ്യു ത ബില്ലിവിടാരടക്കും ? "
"അമ്മ അറിഞ്ഞോ ടീ വി ക്കാരെന്നെ.."
മോണിട്ടര്‍ മെയില്‍ ബോക്സ്‌ തുറന്നു കാട്ടീ

ശൂന്യമതില്‍ പുതു മെയിലുകള്‍
ഫോണിലും, ദര്‍ശന എവിടെ? തിരഞ്ഞിതാ ഞാന്‍
സ്വപ്നമാണെങ്കിലും തെല്ലിട കൊണ്ട് ഞാന്‍
'ബ്ലോഗ്‌ പുലി' യായി തൃപ്തനായി

"സ്വപ്നം ചിലര്‍ക്ക് .." "കൂടെ പുലര്‍ കാലേ.."
ഒന്നാശ്വസിച്ചു ചിരിച്ചു മെല്ലെ !

Thursday, 22 November 2012

ബ്ലോഗെഴുത്തിനെ വിലയിരുത്തുമ്പോള്‍ - ഭാഗം ഒന്ന്


  മുഖവുര
                           ഉത്തമ സാഹിത്യം ?

                  സാഹിത്യം ഉണ്ടായതു മുതല്‍ ഈ ചോദ്യമുണ്ട്? ടോള്‍സ്ടോയ് യുടെ ഒരാള്‍ക്ക് എത്ര ഭൂമി വേണം എന്ന കഥ യാണ് ഉദാത്ത കഥ എന്ന് പലരാലും വിശേഷിപ്പിക്കുന്നത്. ഇത്തരം കഥകളില്‍ ഒക്കെ ഒരു സന്ദേശം ഉണ്ട് എന്നാണ് പറയുക. എന്നാല്‍ സന്ദേശം അതെ പടി പകര്‍ത്തിയാല്‍ സാഹിത്യം ആകുമോ? അപ്പോള്‍അവതരണവും പ്രധാനം തന്നെ. അത് ഇഷ്ടമായോ അല്ലയോ എന്നത് അനുവാചകനെ ആശ്രയിച്ചിരിക്കും. ചില ചര്‍ച്ചകളില്‍ ഏതാണ് ഏറ്റം ഇഷ്ടപ്പെട്ട കൃതി എന്നൊക്കെ ചോദിക്കാറില്ലേ? അവിടെ പാടെ വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉണ്ടാവാം. അതിനാല്‍ എഴുത്തിനെ വിലയിരുത്തുക ഓരോ വായനക്കാരനുമാണ്. അപ്പൊ വിമര്‍ശം, പഠനം ഇവ വേണ്ടെന്നാണോ? മഹാ ഭാരതം കുട്ടികൃഷ്ണമാരാരുടെ 'ഭാരത പര്യടനം' വായിക്കുന്നതിനു മുന്‍പും ശേഷവും വായിച്ചാല്‍ വ്യത്യസ്ത തലത്തില്‍ അത് ആസ്വദിക്കാന്‍ കഴിയും. എം കൃഷ്ണന്‍ നായരുടെ 'സാഹിത്യ വാര ഫലം" സാധാരണ വായനക്കാരെ പോലും ആകര്‍ഷിച്ചു വന്നു. അതിനാല്‍ ഈ വിലയിരുത്തല്‍ ഒരു സാധാരണ (ബ്ലോഗ്‌) വായനക്കാരന്റെ എന്ന് മുന്‍‌കൂര്‍ ജാമ്യം എടുക്കുന്നു..(നീയാരാ ഇതൊക്കെ വിലയിരുത്താന്‍ എന്ന് കൊന്നു കൊല വിളിക്കരുതേ എന്ന് സാരം )
               മലയാളത്തില്‍ ബ്ലോഗെഴുത്ത് ഇത്ര സജീവമാണെന്നറിഞ്ഞത്  അടുത്തിടെയാണ്. ഓരോ ബ്ലോഗ്‌ പോസ്റ്റിലും വരുന്ന അസംഖ്യം കമന്റുകള്‍ തന്നെ അതിന്റെ വിലയിരുത്തലുകളും വിമശങ്ങളും ആണ്. എന്നിരുന്നാലും ഒരു ബ്ലോഗ്ഗറുടെ സൃഷ്ടികളെപ്പറ്റി സമഗ്ര വിലയിരുത്തല്‍ അപ്പൂര്‍വം   എന്ന് കരുതുന്നു. ഇവിടെ എനിക്ക് പരിചിതരായ ചില ബ്ലോഗ്ഗെര്മാരെ പറ്റി എഴുതി കൊണ്ട് തുടങ്ങാം
മനോജ്‌ നിരക്ഷരന്‍, അരുണ്‍ കായംകുളം, ഷബീര്‍ അലി, വിഷ്ണു ഹരിദാസ്‌ എന്നിവരാണ്‌ ആ ഭാഗ്യവാന്മാര്‍. ഇവരാണ് ബൂ ലോകത്തെ ഏറ്റവും വലിയ ബ്ലോഗ്‌ പുലികള്‍ എന്ന് എനിക്കൊപ്പം ഇവരും കരുതുന്നില്ല. ചവിട്ടാവുന്ന മണ്ണില്‍ നിന്ന് കൃഷി തുടങ്ങാം എന്നേ ഈയുള്ളവന് ഉദ്ദേശമുള്ളൂ. ഇവരോട്ട മോശക്കാര്‍ അല്ല എന്ന് ഞാന്‍ ഉറച്ചു പറയുകയും ചെയ്യും. ഇതില്‍ നിരക്ഷരനും അരുണിനും വായനയുടെ കരുത്തു കൂട്ടിനുണ്ട് എന്ന് അവരുടെ രചനകള്‍ കാട്ടി തരുന്നു. പടന്നക്കാരന് ഇത്തിരി ക്ഷോഭവും വിഷ്ണുവിന് ഭാവനയുടെ തിളക്കവും ഒപ്പമുണ്ട്.

നിരക്ഷരനോ....

സാമൂഹ്യ വിമര്‍ശങ്ങളും വിശകലങ്ങളും പുസ്തക ആസ്വാദനവും നിറഞ്ഞ ബ്ലോഗാണ് നിരക്ഷരന്‍ എന്ന് സ്വയം അവകാശപ്പെടുന്ന ഈ സാക്ഷരന്റെ ബ്ലോഗ്‌. സാമൂഹ്യ വിമര്‍ശങ്ങള്‍ക്ക് എഴുത്ത് രൂപം മാത്രം മതിയോ പ്രവര്‍ത്തി രൂപമല്ലേ വേണ്ടത് എന്നാ വിമര്‍ശം പൊതുവേ ഉണ്ട്. എഴുത്ത് പ്രവൃത്തിയെ ഉദ്ദീപിക്കുകയും ഉണര്‍ത്തുകയും ചെയ്യും എന്നത് ചരിത്ര വസ്തുത തന്നെ. പ്രീ ഡിഗ്രി വരെ ആളനക്കം ഇല്ലാത്ത ജീവിതത്തിന്റെ ഉടമ എന്ന് അവകാശപ്പെടുന്ന മനോജ്‌ ഒരു ചിട്ടയുള്ള വിദ്യാര്‍ഥി ആയിരുന്നു എന്ന് തോന്നും വിധം ബ്ലോഗിനെ വിഷയ ക്രമത്തില്‍ അടുക്കിയിരിക്കുന്നു. അച്ചടി മഷി പുരന്ടവ എന്ന് എടുത്തു കാട്ടണോ എന്ന് സന്ദേഹം ഉണ്ട്. കാരണം അച്ചടിച്ച ചിലതിനെക്കാള്‍ മഹത്വം ഉള്ളവയെ ഞാന്‍ ബ്ലോഗില്‍ കണ്ടു മുട്ടിയിട്ടുണ്ട്. ഒരു പത്രക്കരന്റെയും പ്രസാധകന്റെയും പടി വാതിലില്‍ മുട്ടണ്ട എന്നതല്ലേ ബ്ലോഗേഴ്തിന്റെ വലിയ ഗുണം? അക്ഷര വിരോധിയായ മന്ത്രിയുടെ നെഞ്ചത്ത്‌ കുഞ്ചന്‍ എന്ന മഹാന്റെ സംഭാവനകളെ പ്പറ്റിയുള്ള പ്രസംഗം അച്ചടിക്കാന്‍ വിധിക്കപ്പെട്ട മാധ്യമങ്ങലനല്ലോ നമുക്കുള്ളത്.
മലയാളിയുടെ ശീലങ്ങളും ആകുലതകളും വിലയിരുത്തുകയും പങ്കു വെക്കുകയും ചെയ്യുന്ന ലേഖനങ്ങളില്‍ മദ്യ പാന ശീലം, മാലിന്യ സംസ്കരണ സംസ്കാരം ഇവയൊക്കെ കടന്നു വരുന്നു. കേവലം  വാചകമടിക്കപ്പുറ കൊടുങ്ങല്ലൂര്‍ മാലിന്യ സംസ്കരണ കേന്ദ്രം എന്ന വിഷയതിലുല്പ്പെടെ സക്രിയമായി ഇട പെടുന്നു ഈ ബ്ലോഗ്ഗര്‍.
അപൂര്‍വമായി ബ്ലോഗില്‍ കണ്ടു വരുന്ന പുസ്തക ആസ്വാദനം തീര്‍ച്ചയായും മറ്റു ബ്ലോഗ്‌ വായന ക്കാരെ ഉണര്‍ത്തും. വായന ബ്ലോഗില്‍ ഒതുക്കാനുള്ളതല്ല എന്ന് തിരിച്ചറിയാന്‍ പുതിയ തലമുറയെ ഓര്‍മിപ്പിക്കും എന്നതില്‍ സംശയമില്ല. ഇന്ദു ഗോപന്റെ കള്ളന്റെ ജീവിതം പകര്‍ത്തിയ പുസ്തകം മുതല്‍ നമ്പാടന്‍ മാഷിന്റെ നര്‍മ നമ്പരുകള്‍ വരെ യുള്ള വിവിധ തലത്തിലുള്ള പുസ്തകങ്ങളെ സ്പര്‍ശിക്കുന്ന ഒത്തിരി ലേഖനങ്ങളെ വിസ്താര ഭയം മൂലം ഇവിടെ പരാമര്‍ശിക്കുന്നില്ല. കുഞ്ഞഹമ്മദ് ഇക്കയെയും മണി യെയും നമ്മെ അറിയിക്കുകയും നൊമ്പരപ്പെടുത്തുകയും ചിന്ടിപ്പിക്കുകയും ചെയ്യുന്നു ഈ ബ്ലോഗ്ഗര്‍. സമരത്തിനിടെ മന പൂര്‍വ്വം തന്റെ രാഷ്ട്രീയ ഉയര്‍ച്ചക്കായി തല്ലു കൊള്ളും യുവ നേതാവിന്റെ ത്യാഗത്തെ പുകഴ്ത്തുന്ന മാധ്യമങ്ങള്‍ ഇവരെയൊക്കെ കാണാതെ പോകയോ? ഒന്ന് ലൈക്‌ അടിച്ചു ഓടി പ്പോകാന്‍ കഴിയാത്ത വണ്ണം ഈ ബ്ലോഗ്ഗില്‍ ഇടയ്ക്കിടെ നാം ചെന്ന് പെടുന്നു. 

കായംകുളം സൂപ്പെര്‍ ഫാസ്റ്റ്

              ഈ വണ്ടിയില്‍ യാത്ര ചെയ്തപ്പോഴോന്നും ഗട്ടറില്‍ വീണതറിഞ്ഞില്ല; ഗിയര്‍ പല തവണ മാറിയതും അനുഭവപ്പെട്ടില്ല; സുഖ യാത്ര; ഡ്രൈവര്‍ അരുണ്‍ സമര്‍ത്ഥന്‍ തന്നെ. എങ്ങനെ അല്ലാണ്ട് വരും ..ലോകത്ത് ആദ്യമായി അമ്മയുടെ വയര്‍ കീറി പുറത്തു വന്ന അത്ഭുത ജീവി അല്ലെ? രണ്ടായിരത്തി എട്ടു മുതല്‍ ബോഗികള്‍ ഫിറ്റു ചെയ്യുന്ന; ഇപ്പൊ എണ്ണം കുറഞ്ഞു തുടങ്ങി; വണ്ണവും (?) ഡ്രൈവര്‍ ഇടയ്ക്കു കെട്ടിയതും ഭാര്യ പെറ്റതും സോഫ്റ്റ്‌വെയര്‍ തൊഴിലാളി വയറു പിഴപ്പിനു കോഡ് എഴുതി മറിച്ചതും പിന്നെ ക്ലയന്റ് മായി  മല്ലിടുന്നതിനിടയില്‍ സമയം കുറഞ്ഞതുമൊക്കെയാവാം  കാരണം.
         അനിതര സാധാരണമായ നര്‍മത്തിലൂടെ ആശയങ്ങളെ മര്മത് കൊള്ളിക്കാന്‍ ഈ വിദ്വാന്‍ അതി സമര്‍ഥന്‍ തന്നെ. ഹാസ്യം മാത്രമല്ല തനിക്കു വഴങ്ങുന്നതെന്ന് മഹാത്മജിയുടെ അന്ത്യ രംഗം നമുക്ക് നെഞ്ച് വിങ്ങും വിധം വരച്ചു കാട്ടി ഇദ്ദേഹം തെളിയിക്കുന്നു. സ്വന്തം അഭിമുഖവും പുസ്തക പ്രകാഷനങ്ങളുടെ  ഗതി വിഗതികളും കാതര ടെലെ ഫിലിം ആകുന്നതും നര്‍മത്തില്‍ പൊതിഞ്ഞു നമുക്ക് തരുന്നു.
ക്ഷേത്ര പരിസരത്ത് പിറന്നു വീണ (വയറു കീറി..) അരുണ്‍ കുളി തേവാരം  ക്ഷേത്ര ദര്‍ശനം നെറുകയില്‍ നിറയെ ഭസ്മ ലേപനം എന്ന രൂപത്തില്‍ പുരാണങ്ങളും ഇതിഹാസങ്ങളും ബ്ലോഗില്‍ ആക്കുന്നതും രാമായണം സുന്ദര രൂപത്തില്‍ ബ്ലോഗക്കുന്നതും എന്നെ  അതിശയപ്പെടുത്തി. (രാമായണവും മഹാഭാരതവും അതിനെ അധികരിച്ച് ഇറങ്ങിയ മിക്ക ഗ്രന്ഥങ്ങളും വായിക്കാന്‍ ശ്രമിച്ച ഒരാള്‍ എന്ന നിലയില്‍ സംഗ്രഹീതമായി അതില്‍ ചിലതിനോടെങ്കിലും കിട നില്കും ഈ ബ്ലോഗ്‌ എന്ന് പറയാന്‍ ഭയപ്പെടുന്നില്ല) ഇനി വ്യാസ ഭാരതം, ഇദേഹത്തില്‍ നിന്നും ബ്ലോഗ്‌ രൂപത്തില്‍ പ്രതീക്ഷിക്കാം. വ്യാസന്‍ പ്രൂഫ്‌ രീടിങ്ങിന് പണി പെട്ടതു ഇതില്‍ ഓര്‍ക്കുന്നുണ്ട്..രാവണന്‍ ജലദോഷം വന്നു പത്തു മൂക്കിലൂടെ തുമ്മി പണി പെട്ട പോല്‍..)
         ഉത്സവവും അതിന്റെ പിന്നാം  പുറവും പിരിവും ആനയെ എഴുന്നള്ളിക്കലും ഒക്കെ ഓര്‍ത്തു ചിരിക്കാന്‍ വക നല്‍കുന്നു. സത്യം പറയട്ടെ, അടുത്തിടെ ഹാസ്യം എന്ന പേരില്‍ വില്‍ക്കുന്ന പല ഗ്രന്ഥങ്ങളും ചിരിക്കാന്‍ വക നല്‍കിയില്ല എന്നത് കൂടി ഓര്‍ക്കുമ്പോള്‍, കൃഷ്ണമൂര്തി എന്ന വട്ടന്‍ പട്ടരെ പേടിച്ചു വരാന്തയില്‍ കിടന്നു നേരം വെളുപ്പിച്ച, പല ഗായത്രിമാരുടെ മക്കളെ അച്ഛനെന്നു ചൊല്ലി എടുത്ത മനു നനായി ചിരിപ്പിച്ചു എന്ന് പറയാതെ വയ്യ. ചുമ്മാതല്ല ആസ്ഥാന വയറ്റാട്ടി നാണി തള്ള അന്ന് പരാജയപ്പെടുകയും തുടര്‍ന്ന് വയറു കീറുകയും ചെയ്തത്. സോഫ്റ്റ്‌വെയര്‍ തൊഴില്‍ രംഗത്തെ ആനയെ തളക്കാന്‍ പോലും സോഫ്റ്റ്‌വെയര്‍ ചെയ്യമെന്നെല്‍ക്കുന്ന കഥ ഉള്‍പ്പെടെ കോഡ് എഴുത്തുകാരെയും ബഗ്ഗേര്‍ മാരായ ബെഗ്ഗര്‍ മാരെയും അര മുതലാളിമാരെയും മുഴു മുതലാളിമാരെയും തന്മയിത്വതോടെ അവതരിപ്പിക്കുന്നു.
ഏതായാലും സീരിയസ് ആയി ബ്ലോഗെഴുതാന്‍ ഇദ്ദേഹത്തെ ഞാന്‍ ഉപദേശിക്കുന്നില്ല (അതിനു ഒരുമ്പെട്ട ഒരു പാവത്തിനെ ഈ മഹാന്‍ കൈകാര്യം ചെയ്ത കഥ ബ്ലോഗില്‍ വായിക്കാം)..മുത്തശ്ശിയെ പറ്റി മനോഹരമായി പറയുന്ന കൊച്ചു മകന്‍ ഇന്നിന്റെ അപൂര്‍വത തന്നെ. ഹരിഹര നഗര്‍ പോലെ ജനപ്രിയ ചിത്രങ്ങള്‍ ഇദേഹത്തിന്റെ തൂലികയില്‍ പുനര്‍ ജനിക്കുന്നതും കാണാം.
ഇനിയും നമുക്ക് കാത്തിരിക്കാം കൂടുതല്‍ വിഭവങ്ങള്‍ക്കായി..കാതരയായി.
ഒരു കാര്യം ഉറപ്പാ..
"നാക്ക് ഇല്ലേല്‍ ഇവനെ പണ്ടേ കാടന്‍ കൊണ്ട് പോയേനെ"

പടന്നക്കാരന്‍


ബൂര്‍ഷ്വാ മാപ്പിളയുടെ രചനകള്‍ ടിയാന്‍ സൂചിപ്പിക്കുന്ന പോലെ കാസര്‍ഗോഡ്‌ ഭാഷയും മാപ്പിള ടച്ചും ഉള്ളതത്രെ..ഇസ്ലാമിന്റെ ഇന്നത്തെ കാഴ്ചയെ വിശകലനം ചെയ്യുമ്പോള്‍ ഒരു ബഷീറിയന്‍ ശൈലി അനുഭവപ്പെടുന്നു. നര്‍മം മൂര്‍ധന്യ ഭാവത്തില്‍ മര്മത് കൊള്ളിക്കുക എന്ന വാശിയോടെ ആണ് എഴുത്ത്. അബ്ദു രബ്ബും നിലവിളക്കും, ഒരു ജിഹാടും കപട.., ..കപട മത സൌഹാര്‍ദം എന്നിങ്ങനെ ലേഖനങ്ങളില്‍ ഉറച്ച അഭിപ്രായ പ്രകടനം കാണാം. നബി ദിനത്തെ പറ്റിയും മുടിയാട്ടതെ പറ്റിയും ദര്‍ശന ഡി വി യെ പറ്റിയും പറയുമ്പോള്‍ തനി ഇസ്ലാമിലേക്ക് തിരിച്ചെത്താനുള്ള ആവേശം കാണാം. മദനി ഉസ്ടടും ശശികല ടീച്ചറും അവശ്യം വേണ്ട അഭിപ്രായങ്ങള്‍ ഉള്‍കൊള്ളുന്നു.
അമേരിക്കയും അവരുടെ സാമ്രാജ്യത്വ നടപടിയും വിമര്ശഇക്കുന്ന പടന്നക്കാരന്‍ മനുഷ്യ സ്നേഹത്തിന്റെ വിത്തുകള്‍ പാകി മുളപ്പിക്കേണ്ട ത്തിന്റെ ആവശ്യകതയ്നു ഊന്നി പറയുന്നത്. അത് വിദ്വേഷമോ വെറുപ്പോ അല്ല. പക്ഷെ ഇവയുടെ കമന്റ്‌ ഉകളില്‍ ഇങ്ങനെ ഇത് ചിലപ്പോ തിരിച്ചറിയപ്പെടുന്നില്ല. ഉറച്ച ഈശ്വര വിശ്വാസിയായ ബ്ലോഗ്ഗര്‍ നിരീശ്വരം പ്രചരിപ്പിക്കുന്നവര്‍ ക്കെതിരെ പട വാള്‍ ഊങ്ങുന്നത്‌ കാണാം. സമകാലിക ഇസ്രയേല്‍ സംഭവങ്ങള്‍ ഏറെ ഗവേഷണ ബുദ്ധിയോടെ പറയുന്ന ഒരു  ബ്ലോഗ്‌.

വിഷ്ണുലോകം


വിഷ്ണു ലോകത്തെ  ചെറിയ വിഷ്ണു കാഴ്ച്ചയില്‍ അത്ര ചെറുതല്ല എന്നത് പോലെ വരച്ചു കാട്ടിയ ലോകവും ചെറുതല്ല. സാധാരണക്കാരനായി ജീവിക്കാന്‍ ഇഷ്ടപ്പെടുന്ന ഈ നിര്‍മാണ തൊഴിലാളി ( കട്ടക്കും സിമെന്റിനും പകരം കോഡും അന്ട്രോയിഡ്‌  ഉം   ) തന്റെ  ആത്മ കഥ ഏഴുതും മുന്നേ ബള്‍ബ്‌ ഇന്റെ ആത്മ കഥ എഴുതി. ആ ജീവിതം നമ്മുടെയൊക്കെ ജീവിതം എന്ന് തിരിച്ചറിഞ്ഞ താണ് അതിലെ വിജയം. ഫ്യൂസ് പോയ ബള്‍ബ്‌ എടുത്തെറിയുമ്പോള്‍ നാം അതിന്റെ പിന്‍ ജീവിതം ഓര്‍ക്കാറില്ല. ഇവിടെ, അത്യുക്തി എങ്കിലും, ആശാന്‍ വീണ പൂവിനെ കണ്ട് പോലെ, ബള്‍ബിന്റെ ഭാവിയെ ഇത്തിരിപോന്ന വിഷ്ണു ഓര്‍ത്തതിനെ ഭാവന എന്ന് പറയാം  ബള്‍ബ്‌ഇനെ പുറത്തു കളയും പോലെ മാതാ പിതാക്കളെ കളയുന്ന കാലമല്ലോ ഇത്. അവരെ സംരക്ഷിക്കുവാന്‍ ഈ കഥയിലെ ചെക്കനെ പോലെ ആരെങ്കിലും വരും! മുഖം വ്യക്തമല്ല എന്ന കഥയിലും ഈ ആസുര കാലത്തെ ധ്വനിപ്പിക്കുന്നു. ചെറുപ്പമെങ്കിലും പക്വതയോടെ ഉള്ള ഒരു സമീപനം ജീവിതത്തോട് വച്ച് പുലര്‍ത്തുന്നു എന്നതാണ് ശ്രദ്ധേയം. അഞ്ചു വര്ഷം പിന്നോട്ടും പതിനഞ്ചു വര്ഷം മുന്നോട്ടും അനായാസം  രണ്ടു കഥകളില്‍ വിഷ്ണു സഞ്ചരിക്കുന്നു.മരണത്തിന്റെ തെരാളിയില്‍ സമ്പത്താണ്‌ ജീവിതം എന്ന മനുഷ്യന്റെ മിഥ്യാ ധാരണകളെ വിമര്‍ശിക്കുന്നു. മഴയെ സ്നേഹിച്ച പെണ്‍ കുട്ടിയും ദൈവത്തിന്റെ പൂച്ചയും ആകര്‍ഷകം തന്നെ. മനസ്സില്‍ ലഡ്ഡു പൊട്ടിയത് വായിച്ചാല്‍ പക്ഷെ അത്ര ലഡ്ഡു പൊട്ടുമോ എന്ന് സംശയമുണ്ട്‌. കോളേജ് കാലതെഴുതിയ   പഴയ പോസ്റ്റുകളിലും ഭാവനയുടെ തിരയിളക്കം കാണാം. ഫേസ് ബുക്ക്‌ എന്ന മധുപാല്‍ ബൂകിന്റെയും ചില സിനിമകളുടെയും റിവ്യൂ പ്രതീക്ഷ പുലര്‍ത്തുന്നു.

തീരുന്നില്ല..
അതെ ഈ വിലയിരുത്തല്‍ ഇടപെടലുകളായി തുടരും...മറ്റു ബ്ലോഗ്ഗെര്മാര്‍ ജാഗ്രതൈ!!!

Tuesday, 13 November 2012

നുറുങ്ങു കവിതകള്‍

 

തിരക്ക് 

തിക്കി 'ത്തിരക്കി' 'തിരക്കെ'ന്ന വാക്കൊന്നെടുക്കാന്‍ തുനിയവെ

'തിരക്കി' നു 'തിരക്കോ'ട് 'തിരക്ക് '!!!

 

മക്കള്‍

ഒന്നുമാവേണ്ട യെന്‍ മക്കളെന്‍ കണ്ണുനീര്‍
കാണാന്‍ കനിവുള്ള മക്കളായാല്‍ മതി !

വാര്‍ അഥവാ യുദ്ധം 

 അന്‍വര്‍ ഒരു 'വാര്‍' നും
വരുന്നില്ല യെങ്കിലും 
'വാര്‍ത്ത'യില്‍ 'വാര്‍' കാരന്‍
ആവുമീ അന്‍വര്‍


വികസനം

പുഴയും മഴയും
തഴയും വികൃതി
മണ്ണും വിണ്ണും
അഴുകും വികൃതി
പെണ്ണും ആണും
മരിക്കും വികൃതി
ചതിയോ വിധിയോ
വികസനമോ???

യുദ്ധം  

പെണ്ണിനും മണ്ണിനും
പന്തിക്കും പദവിക്കും
അല്ലാതെ മന്നിതില്‍
യുദ്ധമുണ്ടോ?

Sunday, 11 November 2012

സൌഹൃദത്തെ പറ്റി....


"ഒരേ കളിപ്പാട്ട മൊരേ കളിക്കൂട്ട്
ഒരേ കളിത്തൊട്ടില്‍, ഒരേ വികാരം
ഒരാള്‍ക്ക് മറ്റാള്‍  തണല്‍
ഈ നിലക്കായിരുന്നു
ഹാ! കൊച്ചു കിടാങ്ങള്‍ ഞങ്ങള്‍"

       കൃഷ്ണന്റെയും കുചേലന്റെയും സതീര്ത്ഥ  കഥകള്‍ കേട്ടാണ് നമ്മുടെ ബാല്യം കഴിഞ്ഞത്. ഏഴു രണ്ടുലക്  വാഴിയാം ഭഗവാന്‍  താഴെ തന്റെ പ്രിയ കൂട്ടുകാരനെ കണ്ടതും ദേവിയുടെ പള്ളിപ്പാണികള്‍ കൊണ്ട് പാദം  കഴുകിച്ചു വരവേറ്റതും രാമപുരത്ത് വാര്യര്‍ വരച്ചു കാട്ടിയത് പഠിച്ചത് ഓര്‍മ്മയില്‍   തങ്ങി   നില്‍ക്കുന്നു.  സ്നേഹം കൊണ്ട് വാവരെ കീഴടക്കി ആത്മ സുഹൃത്തായി മാറ്റിയ  അയ്യപ്പനും നമ്മുടെ ബാല്യ വിശേഷങ്ങളില്‍ ഒപ്പമുണ്ട്. അബൂബക്കരിനെയും ഉമറിനെയും ഉറ്റ തോഴരാക്കിയ  പ്രവാചക ചരിത്രവും നാം പഠിച്ചിട്ടുണ്ട്. ഒപ്പം, ശിഷ്യരുടെ വലിയ സദസ്സില്‍ നിന്നും കര്‍ത്താവിനെ ഒറ്റു  കൊടുത്ത യൂദാസും ചരിത്രത്തില്‍ സ്ഥാനം പിടിക്കുന്നു. ചതിയന്‍ ചന്ദുവും  പിഴച്ച സൌഹൃദത്തിന്റെ ചരിത്രമോതുന്നു. ചുരുക്കത്തില്‍, സൂക്ഷ്മതയോടെ തെരഞ്ഞെടുക്കേണ്ട ഒന്നാണ് സൌഹൃദങ്ങള്‍ എന്നാണ് നമുക്ക് നല്‍കപ്പെടുന്ന പാഠം
സുഹൃത്ത് ബന്ധങ്ങള്‍ രക്ത ബന്ധങ്ങളെ പോലെ നമ്മെ എല്പ്പിക്കപ്പെടുന്നതല്ല; നാം തെരഞ്ഞെടുക്കുന്നതാണ്. ദാമ്പത്യ ബന്ധങ്ങളെ പോലെ, അവ ബാധ്യത ആകുന്നുമില്ല. ഇതിന്റെ വളര്‍ച്ചയും തളര്‍ച്ചയും അനുഭവക്കാത്തവരില്ല . ഒരുവനെ പറ്റി അറിയാന്‍ അവന്റെ കൂട്ടുകാരെ നോക്കിയാല്‍ മതി എന്ന വചനം പ്രശസ്തമാണ്. സ്വാര്‍ത്ഥതയുടെ ആസുര കാലത്ത് നിഷ്കളങ്ക സൌഹൃദത്തെ പറ്റി ഒന്ന് വിലയിരുതെണ്ടതല്ലേ?

എന്താണ് സൗഹൃദം

                       സു - ഹൃത് എന്ന പദം   നല്ല ഹൃദയം ഉള്ള ആള്‍ എന്ന അര്‍ത്ഥത്തില്‍ വിവക്ഷിക്കാം. ഹൃദയം രക്തം പമ്പ് ചെയ്യുന്ന അവയവം ആണെങ്കിലും അതിനെ മനസ്സിന്റെ ഇരിപ്പിടമായി വിലയിരുത്തപ്പെടുന്നു. ഹൃദയ പക്ഷം, ഹൃദ്യം എന്നൊക്കെയുള്ള പ്രയോഗങ്ങള്‍ ധാരാളം. ഹൃദയ സരസ്സിലാണ് പ്രണയ പുഷ്പം വിരിയുന്നത്. ഹൃദയങ്ങള്‍ ഇണക്കപ്പെട്ടവര്‍ നല്ല സുഹൃത്തുക്കള്‍. അവരുടെ മനസ്സുകളെ ഒന്നിപ്പിക്കുന്ന എന്തോ ഒന്ന് അവര്‍ക്കിടയില്‍ ഉണ്ടാകണം. വ്യത്യസ്ത ജീവിത വീക്ഷണം, ചിന്ത സരണി ഇവയുള്ളവരും നല്ല സൗഹൃദം കാത്തു സൂക്ഷിക്കാറുണ്ട്. ഒരുവന്റെ ഭാരം ഇറക്കി വക്കാന്‍, അവനെ ഇപ്പോഴും കേള്‍ക്കാന്‍, സഹിക്കാന്‍ തയ്യാരുള്ളവന്‍ തന്നെ അവന്റെ സുഹൃത്ത്‌. തിരക്കിന്റെ ഈ കാലത്ത്, അതല്പം പ്രയാസം തന്നെ.

ആരാണ് സുഹൃത്ത്

                    മല്ലന്റെയും  മാതേവന്റെയും കഥയില്‍ ആപത്തില്‍ സഹായിക്കാത്ത സുഹൃത്ത്‌ സുഹൃതല്ലെന്നു നാം കാണുന്നു. "A friend of all is not a friend at all" എന്നതും ശ്രദ്ധേയമാണ്. ഒരേ സമയം കൃഷ്ണന്റെയും കംസന്റെയും കൂട്ടുകാരനാവുക  ദുഷ്കരമാണ്. എന്നാല്‍ താത്കാലിക കാര്യ ലാഭത്തിനായി അത്തരക്കാര്‍  കൂടുന്നുണ്ട്. പലതും സൗഹൃദം അല്ലെന്നു നാം തിരിച്ചറിയേണ്ടതുണ്ട്. മദ്യ ത്തി നും മദിരാക്ഷി ക്കും വേണ്ടി  താത്കാലിക സൌഹൃദ നിര കെട്ടിപ്പടുക്കുന്നവര്‍ കൂട്ടുകാരന്റെ ചിത എറിയുമ്പോള്‍ അടുത്ത ലാവണം  തേടി പായുന്നത് കാണാന്‍ കഴിയും. മിന്നുന്നതിനിടയില്‍ പൊന്നിനെ കണ്ടെത്തുക പ്രയാസം തന്നെ!

എങ്ങനെ നില നിര്‍ത്താം

                        സമയവും പണവും മനസ്സും നല്‍കാതെ ഒന്നും കഴിയില്ല. ഇന്ന് സൌഹൃദങ്ങള്‍ നിലനിര്‍ത്താന്‍ സമയ കുറവാണു പ്രധാന കാരണം. എല്ലാ ആധുനിക വിനിമയ വിദ്യക്കും നടുവില്‍ ഇതിനു കഴിയുന്നില്ല എന്ന് മനുഷ്യന്‍ പരാതിപ്പെടുന്നു. ഒരു ഫോണ്‍ വിളിക്ക് വളരെ തുച്ചമായ പണം മുടക്കി സൗഹൃദം നില നിര്‍ത്താന്‍ നാം തയ്യാറല്ല. അതെ സമയം മൊബൈലും ചാറ്റിലും 'friend' നെ തേടി പായുകയും ചെയ്യുന്നു; നമ്മുടെ താത്കാലിക വികാര ശമനത്തിനായി. അങ്ങനെ ഉപയോഗിച്ചുപയോഗിച്ച് friend എന്ന മനോഹര ആംഗല പദം പോലും വികലമായി. സ്നേഹവും വിദ്യയും പങ്കു വച്ചാല്‍ പണം പോലെ കുറയില്ല എന്ന ആപ്ത വാക്യം നാം മറക്കുന്നു. ഒന്ന് വിളിച്ചാല്‍ ഫോണ്‍ എടുക്കാന്‍ പോലും കഴിയാതെ, വിങ്ങുന്ന സുഹൃത്തുക്കളാണ് അധികവും. പഠന ശേഷം ഒത്തു പഠിച്ചവര്‍ കുറെ നാള്‍ പരസ്പരം അറിയുകയും, പിന്നെ അകലുകയും ചെയ്യുന്നത് സ്വാഭാവികമാക്കി നാം മറ്റികഴിഞ്ഞു. ബിരുദമോ ബിരുദാനന്തര ബിരുദമോ വരെ പഠിച്ച ഒരാള്‍ തനിക്കൊപ്പം പഠിച്ച എത്ര പേരുമായി ഇന്നും ആശയ വിനിമയം നടത്തുന്നു എന്നും വിവിധ സ്ഥലങ്ങളില്‍ ഒരുമിച്ചു ജോലി ചെയ്തും പരസ്പരം സഹായിച്ചും കഴിഞ്ഞവര്‍ ഇന്നും എങ്ങനെ ഇട പഴകുന്നു എന്നും  സ്വയം വിലയിരുത്താം. എല്ലാവരെയും ഒപ്പം കൂട്ടുക സാധ്യമല്ല തന്നെ. എങ്കിലും കുറെ പേരെങ്കിലും അവരില്‍ നമുക്കൊപ്പം വേണ്ടേ? ചിലരുടെ ജീവിതത്തില്‍ വന്നു ഭാവിച്ച കയ്പനുഭവങ്ങള്‍ അവരെ മറ്റുള്ളവരില്‍ നിന്നും അകറ്റുന്നു എന്നതും നാം കാണണം.

എന്ത് പ്രതീക്ഷിക്കാം

                പ്രതീക്ഷകള്‍ നിരാശയിലേക്ക് നയിക്കും. എങ്കിലും എല്ലാരും നിര്‍വാണം പ്രപിച്ചവരല്ലല്ലോ? പ്രതീക്ഷിക്കതിരുന്നാല്‍ ജീവിതം വ്യര്‍ത്ഥ  വുമാകും. അതിനാല്‍ ഉദാത്ത സ്നേഹത്തിന്റെ പ്രതീക്ഷയും തുടരുന്ന നിരാശയും ജീവിതത്തിന്റെ ഭാഗമാവണം. 'പിറവി' എന്ന സിനിമയില്‍ അനുജനെ ഇനി പ്രതീക്ഷിക്കേണ്ട എന്ന് പറയുന്ന ചേച്ചിയോട് അച്ഛന്‍ "പിന്നെ ഞാന്‍ എന്തിനാ അവന്റെ അച്ഛന്‍ ആയെ? നീ എന്തിനാ അവന്റെ ചേച്ചി ആയെ? " എന്ന ചോദ്യത്തില്‍ എല്ലാമുണ്ട്.

എങ്ങനെ തുടങ്ങുന്നു?

                         ഒപ്പം പഠിച്ചതോ ഒപ്പം ജോലി ചെയ്യുന്നതോ ഒപ്പം യാത്ര ചെയ്യുന്നതോ ഒക്കെ സൌഹൃദത്തിന്റെ തുടക്കമാവാം. ഇതൊന്നുമല്ലാതെ 'അത്ഭുതമായി  മുള പൊട്ടുന്ന' സൌഹൃദങ്ങളും ഉണ്ട്. ഒരു 'frequency match' ഇതിലുണ്ട്. അത് എന്തെന്ന് എനിക്കിനിയും മനസ്സിലായിട്ടില്ല. സാക്ഷാല്‍ ഒടയ തമ്പുരാന് മാത്രം അറിയാവുന്ന എന്തോ ഒന്ന്  ! (യുക്തി വാദി സുഹൃത്തുക്കള്‍ ക്ഷമിക്കുക) വളരെയേറെ വ്യത്യസ്ത ജീവിത വീക്ഷണങ്ങള്‍ ഉള്ളവര്‍ സൌഹൃദത്തില്‍ കഴിയുകയും പരസ്പരം വിട്ടുവീഴ്ച ചെയ്യുകയും സാധാരണം.

അതിര്‍ വരമ്പുകള്‍?

                        സുഹൃത്ത് ബന്ധങ്ങള്‍ക്ക് അതിര്‍ വരമ്പുകള്‍ വേണോ? നമ്മുടെ ഇതര ബന്ധങ്ങളെ അത് ബാധിക്കുമോ? ഇതിന്റെ ദീര്‍ഘമായ സാമൂഹ്യ ശാസ്ത്ര വിശകലനം ഇവിടെ നടത്തുന്നില്ല. സുഹൃത്തുക്കളെ കുടുംബത്തോടിണക്കി നീങ്ങുക എന്നതാണ് എന്റെ പക്ഷം. (പടന്ന ക്കാരന്‍ വിയോജിക്കുമോ? http://wwwpadanna.blogspot.in/2012/01/blog-post_27.html ) സമയത്തെ നന്നായി വിഭജിക്കുമ്പോള്‍ ആര്‍ക്കും പരാതി ഇല്ലാതെ നീങ്ങും. പിന്നെ, അല്പം പരാതിയും പരിഭവവും ഇല്ലേല്‍ എന്ത് ജീവിതം..അല്ലെ?

നഷ്ടമായാല്‍..?

                              വലിയ സുഹൃത്തുക്കള്‍ ബാധ ശത്രുക്കളായി മാറുന്നത് നാം കണ്ടിരിക്കും. അമിത പ്രതീക്ഷകളും എന്റെ മാത്രം എന്ന വീക്ഷണവും മറ്റു ബന്ധങ്ങളുടെ ഇടപെടലും ഒക്കെ ഇതിലേക്ക് നയിക്കാറുണ്ട്. ഇണക്കം എത്രയാണോ അത്രമേല്‍ പിണക്കമാണ് കണ്ടു വരിക. ഇത്തരം നഷ്ട സൌഹൃദങ്ങളെ ഉദാഹരിച്ചു സൌഹൃദമേ വേണ്ട എന്ന് പോലും തീരുമാനിക്കുന്നവര്‍ ഉണ്ട്. നാം നഷ്ടപ്പെടുതുന്നതല്ലാതെ വിധി നമ്മില്‍ നിന്നും തട്ടിയെടുക്കുന്ന സൌഹൃദങ്ങളും നമ്മില്‍ വിങ്ങുന്ന ഓര്‍മ്മകള്‍ ആകുന്നു. ഇങ്ങനെ മനസ്സു ഇടയ്ക്കു വിങ്ങിയില്ലേല്‍ നാം മനുഷ്യരോ?

ഞാനല്ല അവനാണ്..?

                          നില നിരത്താത്ത   ബന്ധങ്ങളെ പറ്റി നാം പൊതുവേ പരാതി പറയുക ഇങ്ങനെ ആണ്. സ്വന്തം തെറ്റുകള്‍ കാണാന്‍ കഴിയില്ലലോ? "ഞാന്‍ എത്ര തവണ വിളിച്ചിട്ടും അവന്‍ ഒരിക്കല്‍ പോലും തിരിച്ചു വിളിച്ചില്ല.." എന്ന പരാതി പൊതുവേ ഉണ്ട്. ചിലര്‍ വലുതായി മാറി പോകും. ആ മാറ്റം അവര്‍ തിരിച്ചറിയും പോഴേക്ക് വൈകും. അവര്‍ക്ക് എല്ലാ സൌഹൃദങ്ങളും നഷ്ടമാകും. അവരെ വിടാനേ  കഴിയൂ. നമുക്ക് പ്രിയപ്പെട്ടവരെ അവരിലൊരാളായി കാണാന്‍ നമൂക്കു ഇഷ്ടമല്ലല്ലോ? അതിനാല്‍ അവരെ പഴയ മട്ടക്കാന്‍ നിരന്തര ശ്രമം വേണം. എന്നിട്ടും കഴിഞ്ഞില്ലെങ്കില്‍ മാത്രം വിടുക.

എന്റെ സൌഹൃദങ്ങള്‍..

                              പൊതു രംഗത്ത്‌ എന്നെ കൈ പിടിച്ചു നടത്തി ഒടുവില്‍ വ്യ്ദ്യുതി ആഘാതം ഏറ്റു മരണപ്പെട്ട  അനി പോറ്റി,  കലാലയ ജീവിതത്തില്‍ ഒപ്പമുണ്ടായിരുന്ന രോഗിയായി മരിച്ച അശ്വനി, അപകടം എടുത്തു മരണത്തില്‍ എത്തിച്ച ബിജു ...... അങ്ങനെ വിധി തട്ടിയെടുത്ത സുഹൃത്തുക്കള്‍ നൊമ്പരപ്പെടുത്തുന്നു. ബാല്യം മുതല്‍ ഇക്കാലം വരെ ഒപ്പം പഠിച്ചതും നടന്നതും ജോലി ചെയ്തതുമായ ആളുകളില്‍ കുറെ അധികം പേരെ നിരന്തര 'ശല്യം' ചെയ്തു ആശയ വിനിമയം നടത്തി ഒപ്പം കൂട്ടുവാന്‍ ശ്രമിക്കുന്നു. ട്രെയിന്ല്‍ ഒരിക്കല്‍ ഒരുമിച്ചു യാത്ര ചെയ്തു പിന്നേ ഒരിക്കല്‍ കൂടി മാത്രം കണ്ട ആള്‍  എന്റെ നിതാന്ത സൌഹൃദ ലിസ്റ്റില്‍ ഉണ്ട്. നെറ്റില്‍ തപ്പി കിട്ടിയ ഏറെ വിലപ്പെട്ട സൌഹൃദമാണ് ഈ ബ്ലോഗിലേക്ക് തന്നെ എത്തിച്ചതെന്നും ഓര്‍ക്കുന്നു.  ബ്ലോഗിലൂടെ ഇനി കിട്ടുന്നതും ഇപ്പൊ കിട്ടിയതുമൊക്കെ സൌഹൃദങ്ങള്‍  മുത്തായി സൂക്ഷിക്കുവാന്‍ ഞാന്‍  ഒരുങ്ങുന്നു.

Saturday, 10 November 2012

സര്‍വ്വം സഹ

 
(1988  ല്‍ കോളേജ് മാഗസിനില്‍ പ്രസിദ്ധീകരിച്ചത്)
പതിയെ തന്നെ നിനച്ചിരിക്കയോ ദേവി
നിന്നശുഭ വസന്തത്തെ പഴിക്കയോ
ഇഷ്ട പുത്രര്‍ നിനക്കലിഞ്ഞെകിയോ-
രിഷ്ട നൈവേദ്യത്തെ നോക്കി ത്തപിക്കയോ?


ഒരു 'ശിമ്ശിപ' തേടി ഉള്ളോഴിഞ്ഞുറയാന്‍
ഒരു വിശ്വാശ്രമത്തെ തേടി പിടിക്കുവാന്‍
ചാല് വറ്റിയ കണ്നീരുരവയുമായി
വൃഥാ വിലപിക്കയോ ദേവി, ഭൂമീ സര്‍വ്വം സഹ !


ക്ഷുത്തല്ല, ക്ഷുദ്ര കാപട്യം തന്നുടെ
ഉഗ്രമാം താണ്ഡവം ഉള്ളില്‍ നടക്കവേ
ഉയിരിനെ നോക്കി പരിഹസിക്കയോ സൂര്യ
സന്ധ്യകള്‍ നിന്നെ കേടുത്തുവോളം 


വെള്ളരി പ്രാവിന്റെ ചിറകു കരിഞ്ഞുവോ?
ശുഭ്രത പോയൊരാ പക്ഷങ്ങള്‍ മഞ്ഞുവോ?
പതിയെ തേടി നിന്‍ ജന്മം തിരുത്തുമോ
ക്ഷിപ്ര കോപിയാം ദേവി, ഭൂമീ സര്‍വ്വം സഹ !


അണുവിനെ പിളര്‍ക്കാന്‍ അഗ്നി തേടി
നിന്നന്തര്‍ ഭാഗത്ത് കുടിയിരിപ്പവര്‍ ഞങ്ങള്‍
വിധിയില്‍ പഴി ചാരി ഞങ്ങളെ ചുമക്കയോ
അവിഹിത സന്താനത്തെ 'പിഴച്ചവള്‍' എന്ന പോല്‍


വീണ്ടും കുരുക്ഷേതം ഓതിത്തളരവേ

നിന്റെ നെഞ്ചിന്‍ മുലപ്പാലിനായ്  ഞങ്ങള്‍
കേഴുന്നു, ഞങ്ങള്‍, മുടിയരം നിന്‍ പുത്രര്‍
സ്നേഹ കരംഗുലിയാല്‍ ആട്ടി ഉറക്കുമോ !


വായിച്ചതിനെ പറ്റി (2010 ) - ഒന്ന് - നോവ്‌ ഉണര്‍ത്തിയ നോവലുകള്‍


(വായിക്കുന്ന പുസ്തകങ്ങളുടെ കുറിപ്പുകള്‍ എഴുതി സൂക്ഷിക്കുന്ന പതിവ് പണ്ടെപ്പോഴോ ഉണ്ടായിരുന്നു..ക്രമേണ അത് നഷ്ടമായി ..പിന്നെ അത് മടക്കി കൊണ്ടുവന്നത് 2010  ല്‍ ആണ്. ഇപ്പോഴും തുടരുന്നു..ഓരോ വര്‍ഷത്തെയും വായനയുടെയും ആവര്‍ത്തന വായനയുടെയും കുറിപ്പുകള്‍ ബ്ലോഗില്‍ എഴുതാന്‍ ശ്രമിക്കുന്നു. നോവല്‍, കഥ, കവിത,  വൈജ്ഞാനിക  സാഹിത്യം എന്നിങ്ങനെ  വ്യത്യസ്ത തലക്കെട്ടുകളില്‍. 2012 വരെയുള്ള കുറിപ്പുകള്‍ ഘട്ടം ഘട്ടമായി ബ്ലോഗ്ഗിക്കൊണ്ട് തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ തുടരാം എന്ന പ്രതീക്ഷയാണ്..)

ഉള്ളില്‍ ഉള്ളത് സി രാധാകൃഷ്ണന്‍ 

                       തലച്ചോറിന്റെ ഉള്ളില്‍ ഉള്ളതിനെപ്പറ്റി നേരത്തെ എഴുതപ്പെട്ട ഈ കൃതി വായിക്കാന്‍ ഇത്ര വൈകിയതെന്തേ എന്നാണ് ആദ്യം തോന്നിയത്. ഒത്തിരി നാളുകള്‍ക്കു ശേഷം ഒറ്റയിരിപ്പിനു വായിച്ചു തീര്‍ത്ത കൃതി. നാനൂറില്‍ പരം പേജുകള്‍. സയന്‍സും വിവര സംകേതിക വിദ്യയും രാഷ്ട്രീയവും ഇതില്‍ സമഞ്ജസമായി ചേരുന്നു. ഭഗവത് ഗീതയുടെ സ്വാധീനവും ചേരുവയാകുന്നു. സി രാധാകൃഷ്ണന്റെ അനിതര സാധാരണമായ വാക്കുകളുടെ ഭംഗി എന്നെ മുന്‍പും വിസ്മയിപ്പിച്ചിട്ടുണ്ട്‌. ആദ്യന്തം ഉല്‍ കന്ടയുടെ മുള്‍മുനയില്‍ വായനക്കാരെ നിര്‍ത്തുന്നത് മാത്രമാണോ ഇതിന്റെ സവിശേഷത ? അതോ സയന്‍സ് ന്റെ ജനകീയ മുഖത്തെയും ഭീകര മുഖത്തെയും താരതമ്യം ചെയ്യുന്നതോ? നിരീക്ഷണങ്ങളും രേഖപ്പെടുത്തി സൂക്ഷിക്കേണ്ട വാചകങ്ങളും അടങ്ങിയ ഉദാത്ത കൃതി.

 ആത്മ തീര്‍ഥങ്ങളില്‍ മുങ്ങി നിവര്‍ന്നു ഡോ ഖദീജ മുംതാസ്

              ഭിഷഗ്വര ആയ എഴുത്തുകാരിയുടെ ആദ്യ കൃതി. പ്ലസ്‌ ടു വിദ്യാര്‍ഥി ആയ മകന്റെ തൂലികാ സുഹൃത്തായ ശരത് പതിയെ പതിയെ തനിക്കു പുത്ര തുല്യന്‍ ആകുന്നതും മനസ്സില്‍ കുടിയിരിക്കുന്നതും മാതാവായ ഡോക്ടര്‍ അറിയുന്നു. ശരത് പറയുന്ന കഥകള്‍ വല്ലാതെ നൊമ്പരപ്പെടുതുന്നതും കരള്‍ പിളര്ക്കുന്നതും.. ഒടുവില്‍ അതേ ശരത് ഒരു പ്രഹേളിക ആവുന്നതും ഡോക്ടര്‍ അറിയുന്നു.. അപ്രത്യക്ഷനായ ശരത്തിനെ തേടി നമ്മുടെ മിഴികളും...

അതിരുകള്‍ കടക്കുന്നവര്‍ - സി രാധാകൃഷ്ണന്‍

              പ്രകൃതിയോടു ഇണങ്ങി ജീവിക്കുന്ന ഉണ്ണി എന്ന സാധാരണക്കാരന്റെ കഥ പറയുന്നു. പുതു പണക്കാര്‍ പഴയവക്കൊക്കെ വില പേശുന്ന കാലം.. വീടും മരവുമൊക്കെ വിട്ടു ദൂരെ നഗരത്തില്‍ സുഖായി കഴിയാന്‍ ക്ഷണിച്ചവരോട്   " വിടെ എനിക്ക് പരമ സുഖം" എന്ന് പ്രതികരിക്കുന്ന ഉണ്ണി മനസ്സില്‍ നില്‍ക്കുന്നു 

വിരല്‍ സ്പര്‍ശം - സി പിന്റോ

                    അജയന്‍ എന്ന ഗുമസ്തന്‍ നമ്മില്‍ നൊമ്പരം ഉണര്‍ത്തുന്നു.. നിസ്സഹായയായ നിര്‍മലയും.. ഒട്ടേറെ എഴുത്തുകാര്‍ പറഞ്ഞ സാധാരണക്കാരുടെ കഥ. ഇതൊക്കെ വീണ്ടും പറഞ്ഞും ചൊല്ലിയും ഇരുന്നില്ലേല്‍ നമ്മിലെ സാധാരണക്കാരന്‍ മരിച്ചു പോകും അതിനാല്‍ ഇത്തരം കഥകള്‍ തുടരട്ടെ..

നഗ്നനായ തമ്പുരാന്‍ - എം മുകുന്ദന്‍

               ഒരു ചെറു നോവല്‍. സാധരണ മുകുന്ദന്‍ ശൈലിയില്‍ നിന്ന് വ്യത്യസ്തം. സാമൂഹ്യ  മൂല്യങ്ങളോ വിമര്‍ശങ്ങലോ ഇല്ല.. രസിക്കാനായി ഇത്തരം കഥകളും വേണ്ടേ?

ഞങ്ങള്‍ അടിമകള്‍ - സേതു

                         നമ്മുടെ പരമ്പരാഗത സങ്കല്പങ്ങളും വിശ്വാസങ്ങളും അവക്കടിമയായ ജനതയും എക്കാലവും എഴുത്തിനു വിഷയമായിട്ടുണ്ട്. ഭര്ത്താവ് കുല ദേവതയുടെ അടിമ എന്ന് സ്വയം അവകാശപ്പെടുമ്പോള്‍ ഭാര്യ അനുഭവിക്കുന്നതെന്തെന്നു ഊഹിക്കാമല്ലോ? കഥയുടെ ഗതി വിഗതികള്‍ ഈ വിശ്വാസത്തെ ആധാരമാക്കി നീങ്ങുന്നു.

തടാക തീരത്ത് - ഇ ഹരി കുമാര്‍

                        കല്കത്തയുടെ പശ്ചാത്തലത്തില്‍ പ്രണയവും രതിയും ചേര്‍ത്ത് എഴുതിയ നോവല്‍. തികഞ്ഞ ഗ്രമീനനായ രമേശന്‍ നഗരത്തിലെതുന്നതും നഗരം പതുക്കെ അയാളെ വിഴുങ്ങുന്നതും പ്രമേയം.

അഗ്നിയെ ചുംബിച്ച ചിത്രശലഭം - സി പിന്റോ

                       ജീവിതം ആണല്ലോ കഥകളുടെ ഉറവിടം. ശലഭത്തിന്റെ ജീവിതം നമ്മുടെ മുന്‍പില്‍ നേര്‍ കാഴ്ചയാണ്. വിളക്കില്‍ വെളിച്ചം തേടി അണഞ്ഞു എരിഞ്ഞടങ്ങുന്ന ജീവിതം. മര്‍ത്യ ജീവിതവും വ്യത്യസ്തമല്ല. അത്തരം ഒരു ജീവിത കഥ എവിടെ പകര്‍ത്തുന്നു.

കല്‍ താമര - ജോര്‍ജ് ഓണക്കൂര്‍

                       അമ്മയും മകനും തമ്മിലുള്ള ഹൃദയ ഹാരിയായ ബന്ധം പറയുന്ന നോവല്‍. അമ്മ പെറ്റമ്മ അല്ലെന്നും പോറ്റമ്മ ആണെന്നും ഒടുവില്‍ തിരിച്ചരി  യുംബോഴും ആ ബന്ധത്തിനു  ഇളക്കം തട്ടുന്നില്ല. ബന്ധങ്ങളെ പറ്റിയും നാം ആവര്‍ത്തിക്കണം.അഭിശപ്തമായ ഈ കാലഘട്ടത്തില്‍ ഇതൊക്കെ ഉണര്‍ത്തുകയും ഓര്‍ക്കുകയും ചെയ്യേണ്ടതാണ്.

ബഹു വചനം - എന്‍ പ്രഭാകരന്‍ 

                             ഒരാള്‍  അയാളെ തന്നെ മറന്നു പോകുന്ന അവസ്ഥയെപ്പറ്റി എഴുതപ്പെട്ട നോവല്‍. ഒടുവില്‍ പുതു ജീവിതം ആവര്‍ത്തിക്കുന്നു (Ctrl-Alt-Del കൊടുത്തു ജീവിതം ഒന്നേ എന്ന് തുടങ്ങുന്നത് ഒന്നോര്‍ത്തു നോക്കൂ.) എന്നിട്ടും കുറെ കഴിഞ്ഞു 'പൂരവാശ്രമം' അയാള്‍ക്ക് ഓര്‍മ്മ വരുന്നു. തുടര്‍ന്നുള്ള പുകിലുകള്‍ ഇതിനെ രസകരമാക്കുന്നു.

പുറമ്പോക്ക് - ഇ വാസു

                            അതേ..പുറമ്പോക്ക് കാരുടെ ജീവിത കഥ. വായന സുഖം നല്‍കുന്നില്ല. പക്ഷെ ശ്രദ്ധേയമായ പ്രമേയം. 

ധാത്രി കുട്ടി എഴുതുന്നു - എ സി രാജാ

                          സ്മാര്‍ത്ത വിചാരത്തിന്റെ പശ്ചാത്തലത്തില്‍ എഴുതപ്പെട്ട ഈ കൃതിക്ക് ചരിത്ര പ്രാധാന്യം തോന്നി; എന്നാല്‍ വലിച്ചു നീട്ടിയതയും. അക്കാലത്തെ സാമൂഹ്യ വ്യവസ്ഥിതിയെപറ്റി ഓര്‍ക്കാന്‍ ഇത്തരം വായന  ഉപകരിക്കും.

ഗില്‍ ഗാമേഷിന്റെ ഇതിഹാസം - രാജ ഗോപാല്‍ കമ്മത്ത്

                അയ്യായിരം വര്ഷം മുന്‍പ് എഴുതപ്പെട്ട ഒരു വീരേതിഹാസം. മൃത്യു വിനെ വരിക്കാന്‍ മടിച്ചു, അതി ജീവിക്കാനുള്ള മനുഷ്യ പുറപ്പാടാണ് പ്രമേയം.

ചരിത്രത്തില്‍ ഇല്ലാത്തവര്‍ - ബിമല്‍ മിത്ര - വിവ. രവി വര്‍മ

                    ബംഗാളി നോവല്‍. സ്വാതന്ത്ര്യ സമര പ്രക്ഷോഭത്തിന്റെ ഈറ്റില്ലമായ ബംഗാളില്‍ നിന്നും ഒരു എട്. താരകാനും അളകനും ഉള്‍പ്പെടെ മനസ്സില്‍ തങ്ങി നില്‍ക്കുന്ന കഥ പാത്രങ്ങള്‍. ത്യാഗ നിര്‍ഭരമായ ഒരു കാലത്തിന്റെ കഥ. അറിയപ്പെടുന്ന ചരിത്രത്തിനു പിന്നില്‍ ചരിത്രമില്ലാത്ത എത്രയോ പേര്‍.

യൂദാസിന്റെ സുവിശേഷം - കെ ആര്‍ മീര

                      അടിയന്തരാവസ്ഥയുടെ പശ്ചാത്തലത്തില്‍ എഴുതപ്പെട്ട നോവല്‍. അതിന്റെ ഒരു സ്ത്രീ കാഴ്ച എന്ന് പറയാം. നക്സലിസവും അതിനോടുള്ള ആരാധനയും, വ്യതിച്ചലനവും ഒക്കെ പ്രമേയം. ശ്രദ്ധേയമായ അവതരണം.

വുതരിംഗ് ഹൈറ്റസ് - എമിലി ബ്രോന്ദ് - വിവ. പ്രേംനാഥ് ചമ്പാട്

                    പതിനെട്ടാം നൂറ്റാണ്ടില്‍ എഴുതപ്പെട്ട നോവല്‍. ആ  താല്‍പര്യത്തില്‍ വായിച്ചു. ഹൃദ്യമായി അനുഭവപ്പെട്ടില്ല.

ചൂണ്ടു വിരല്‍ ഒരു പ്രളയ പേടകം - ജോയല്‍

                    പോരാട്ടവും പ്രണയവും വിപ്ലവവും ഇഴുകി ചേര്‍ന്ന ഒരു പുതുമയുള്ള പ്രമേയം. ക്ലാസിക്കല്‍ കൃതികളുടെ ശൈലിയില്‍ അവതരണം.

സൂപ്പെര്‍ സ്പേഷ്യലിട്ടി ഹോസ്പിറ്റല്‍  - എം ഗോപി നാഥന്‍ നായര്‍

                             പേര് സൂചിപ്പിക്കും പോലെ ആതുര സേവന മേഖലയില്‍ കച്ചവടവും ആദര്‍ശവും തമ്മിലുള്ള പോരാട്ടം ആണ് പ്രമേയം. ഏതാണ് ഇക്കാലത്ത് വിജയിക്കുക എന്നറിയാലോ? അവതരണത്തില്‍ വലിയ പുതുമ അവകാശപ്പെടാനില്ല. വായിച്ചു തീര്‍ക്കാവുന്ന നോവല്‍.

വെളിച്ചത്തിലേക്ക് തുറക്കാത്ത വാതിലുകള്‍ - അജയന്‍

                       ഉണ്ണി കൃഷ്ണന്‍ എന്ന എഴുത്തുകാരനായ കഥാപാത്രത്തിലൂടെ അവതരണം. പ്രണയവും മറ്റു ജീവിതവസ്തകളും ആവിഷ്കരിച്ചിരിക്കുന്നു. വായനാ സുഖമുള്ള നോവല്‍.

മണ്‍സൂണ്‍ - പി ആര്‍ നാഥന്‍

                          ഒരു ബംഗ്ലാവിന്റെ പശ്ചാത്തലത്തില്‍ എഴുതപ്പെട്ട നോവല്‍ ഹൃദ്യമായി അവതരിപ്പിച്ചിരിക്കുന്നു. ഭാര്യാ ഭാര്താക്കളുടെ പൊരുത്ത കേടുകള്‍; അവര്‍ക്കിടെ എത്തി പറ്റുന്ന മറ്റുള്ളവര്‍ അങ്ങനെ കഥ വികസിക്കുന്നു. ഒറ്റയിരുപ്പിന്‍ വായിക്കാവുന്ന കൃതി.

യാത്ര പറയാതെ - എം രാഘവന്‍

                    പതിവ് കഥ. മുതലാളി, വേലക്കാരി അങ്ങനെ ..അല്പം വ്യത്യസ്തമാക്കാന്‍ ശ്രമിച്ചിട്ടുണ്ട്. പക്ഷെ ..

ചിതറി പോയ വഴികളില്‍ ഒറ്റയ്ക്ക്  ഒരാള്‍ - ബിന്ദു രതീഷ്‌

            അച്ഛന്റെ ആദര്‍ശ നിഷ്ഠ ഇഷ്ടപ്പെടാത്ത മകന്‍ അച്ഛന്റെ ശത്രുക്കള്‍ക്ക് കരു ആകുന്നതും അച്ഛനെ അപായപ്പെടുത്താന്‍ തന്നെ കൂട്ട് നില്‍ക്കുന്നതും ആവിഷ്കരിച്ചിരിക്കുന്നു. അവതരണത്തില്‍ ഒട്ടു വിജയിച്ചു എന്ന് പറയാം ഈ പുതു മുഖം.

മക്കളെ കണ്ടും മാംബൂ കണ്ടും - ആശ

                       പണ്ടേ ഉള്ള ഇതിവൃത്തം. ദാരിദ്ര്യത്തില്‍, ത്യാഗം സഹിച്ചു വളര്‍ത്തി വലുതാക്കിയ മകന്‍ തങ്ങും തണലും ആകുന്നില്ല എന്ന് തന്നെ കഥ. നന്നായി പറഞ്ഞിരിക്കുന്നു.

റെയില്‍വേ കുട്ടികള്‍ - ഈഡിസ് നെസ്ബിറ്റ്

                  അതീവ ഹൃദ്യം. ബാല മനസ്സിന്റെ ചിന്തകളിലൂടെ നമ്മെ കൂട്ടി കൊണ്ട് പോകുന്നു. ഒരു കുട്ടിയുടെ കുറ്റവാളിയായ അച്ഛന്‍ വരുന്നതും കാത്തു കുട്ടി ഇരിക്കുന്നതും, പ്രമാദമായ കേസില്‍ രക്ഷ പെടുത്താന്‍ ശ്രമിക്കുന്നതും, മനസ്സില്‍ തട്ടും വണ്ണം പറഞ്ഞിരിക്കുന്നു.

തേവാരം - പെരുമ്പടവം ശ്രീധരന്‍

സ്ഥിരം പെരുമ്പടവം ശൈലി നോവല്‍. ബ്രാഹ്മണ തറവാട് ഇക്കുറി ആധാരം. പരുക്കന്‍ ജീവിത യാധാര്ത്യങ്ങളോട് മല്ലടിച്ച് നീങ്ങുന്ന ജീവിതം തന്നെ പ്രമേയം.