Saturday, 30 November 2013

പുസ്തക പരിചയം - ആപ്പിള്‍പുസ്തക പരിചയം 
 ആപ്പിള്‍
സിയാഫ് അബ്ദുല്‍ ഖാദിര്‍ 
 കൃതി ബുക്സ് –
പേജുകള്‍ 88 വില 65

             ആന്റണി ചെക്കൊവിന്റെയും ഓ ഹെന്റ്രിയുടെയും ടാഗോറിന്റെയും കഥാ സമാഹാരങ്ങള്‍ വായിച്ചപ്പോള്‍ പോലും എനിക്ക് ചിലപ്പോഴൊക്കെ ബോറടിച്ചു. ഒരാളുടെ കഥാകഥന രീതിക്ക് ഏകീകൃത സ്വഭാവം കാണും. അയാളുടെ തന്നെ കഥകള്‍ തുടര്‍ച്ചയായി വായിക്കുക ഇത്തരം ബോറടി പ്രദാനം ചെയ്യാം. പ്രോഫ. എം കൃഷ്ണന്‍ നായര്‍ തെരഞ്ഞെടുത്ത മലയാളത്തിന്റെ സുവര്‍ണ്ണ കഥകള്‍ വായിച്ചപ്പോള്‍ ഇങ്ങനെ അനുഭവപ്പെട്ടില്ല എന്നതിന് ഒരു കാരണം എഴുത്തുകാരുടെ വ്യത്യസ്തത തന്നെയാണ്. ഒരു കഥാസമാഹാരം ഇറക്കുമ്പോള്‍ തന്നെ കഥകളുടെ തെരഞ്ഞെടുപ്പു വളരെ പ്രധാനമാണ്. അതിനാല്‍ പൊതുവേ പലരുടെ കഥകള്‍ ഒരുമിച്ചു കാണലാണ് എനിക്കു ആഹ്ലാദദായകം. സിയാഫിന്റെ സമാഹാരം വായിക്കാനെടുത്തപ്പോഴും ബോറടി പ്രതീക്ഷിച്ചു. എന്നാല്‍ ബഷീര്‍ മേച്ചേരിയുടെ ആമുഖം മുതല്‍ ഒരു വ്യത്യസ്തത അനുഭവപ്പെട്ടു.(അതിനര്‍ഥം, സിയാഫ് മേല്‍ പറയപ്പെട്ടവരെ വെല്ലുന്ന കഥാകാരന്‍ എന്നൊന്നും അല്ല)  പല അവതാരകന്മാരും തിരക്കിനിടെ ഒന്നോ രണ്ടോ കഥകള്‍ ഓടിച്ചു നോക്കിയിട്ട് അവയെ ഒന്ന് പൊക്കി മറ്റു കഥകളെ വിസ്മരിച്ചു സ്ഥലം കാലിയാക്കുക പതിവാണ്. ചിലപ്പോ, കഥാകാരന്‍ തന്റെ ഏറ്റം പ്രിയപ്പെട്ട കഥ ഒടുവിലൊളിപ്പിച്ചു വച്ചിട്ടുണ്ടാകും. അത് ചിലപ്പോള്‍  അവതാരകന്‍ സ്പര്‍ശിചിട്ടുണ്ടാകില്ല. എന്നാല്‍ ബഷീര്‍ മേച്ചേരി കഥകള്‍ ഒന്നാകെ വിലയിരുത്തിയിരിക്കുന്നു. അതിന്റെ മാനുഷികമുഖവും, ഭാഷാ രീതിയും എല്ലാം പറഞ്ഞിരിക്കുന്നു. അതിനപ്പുറം എന്തെങ്കിലും പറയാന്‍ നോക്കാം എന്നല്ലാതെ 'മറ്റൊന്നിനുമാവതില്ല തന്നെ'

           പതിനഞ്ചു കഥകള്‍ആണ് ഉള്ളടക്കം. സിയാഫ് അബ്ദുല്‍ ഖാദിര്‍ ഇതില്‍  പാത്രസൃഷ്ടി, അവതരണ ശൈലി, കഥാഭൂമിക, ഭാഷ ഇവയിലൊക്കെ വൈവിധ്യം പകരാന്‍ ശ്രമിച്ചിട്ടുണ്ട്. വൈകി വന്ന വണ്ടിയും മറവിയിലേക്ക് ഒരു ടിക്കറ്റും കഥാകാരന് ചിരപരിചിതമായ തീവണ്ടി പശ്ചാത്തലത്തിലാണ്. തീവണ്ടി പലപ്പോഴും പൊതു സമൂഹത്തിന്റെ ശരിയായ പരിഛെദമാണ്. എന്നാല്‍ മറ്റു കഥകളില്‍ കഥാകാരന്‍ അയാള്‍ക്ക് അത്ര പരിചിതമല്ലാത്ത ഭൂമികയും ഉപയോഗിക്കുന്നു. അങ്ങനെയാണ് വ്യത്യസ്തത കൈ വന്നത്.

             ഒരു തവളയുടെ ജീവചരിത്രത്തില്‍ നിന്നൊരേട്, ഭൂതം ഇവയില്‍ കഥാകാരന്‍ പുതിയ മാനങ്ങള്‍ തേടുന്നു. പറഞ്ഞു പഴകിയ കഥാകഥനത്തില്‍ പുതുമ തേടുകയാണ് ഇവിടെ. കാസിനോയിലും യൂത്തനെഷ്യയിലും വല്ലാതെ പുതുമ തേടുന്ന, മൂല്യങ്ങളെ ചവിട്ടി മെതിക്കുന്ന പുതിയ കാലത്തെ വരച്ചു കാട്ടുന്നു. ഗൃഹ പാ ങ്ങളിലും ഇത് ദര്‍ശിക്കാം. വല്ലാതെ ചുരുക്കി പരീക്ഷിച്ച സുഷിരകാഴ്ചകളില്‍ സിയാഫ് അത്ര വിജയിച്ചില്ല എന്നും പറയാതെ വയ്യ.

ആപ്പിള്‍ എന്ന കഥയിലെ പേരുകള്‍ തെരഞ്ഞെടുപ്പു ഉള്‍പ്പെടെ സൂക്ഷ്മമായി കഥാകാരന്റെ ശ്രദ്ധ പതിഞ്ഞിട്ടുണ്ട്. ഡോറോത്തി വല്യമ്മയെ തികഞ്ഞ മിഴിവോടെ അവതരിപ്പിക്കുന്നു. തവളയെ പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രതിനിധി ആയി കഥാകാരന്‍ വരച്ചു കാട്ടുന്നു. ബിംബങ്ങള്‍ ഉപയോഗിച്ച് ആശയങ്ങളെ സംവദിക്കുമ്പോള്‍ കുറച്ചു കൂടി വ്യക്തത ആവാമായിരുന്നു എന്ന് തോന്നുന്നു.

                                      ഭൂതത്തിന്റെ ഒടുക്കം കണ്ട ഫ്ലാഷ് ന്യൂസില്‍ ഒക്കെ കഥാ നായകന്‍ അല്പം പൊട്ടന്‍ കളിക്കുന്നില്ലേ എന്നൊരു സംശയവും വരുന്നു. ആറാമന്റെ മൊഴിയെ പറ്റി ഇ-മഷി വിശകലനത്തില്‍ പരമര്‍ശിച്ചുവല്ലോ? ദൈവത്തിന്റെ അമ്മയില്‍ സിയാഫിന്റെ ഭാഷാ ചാതുരി പുറത്തു വരുന്നു. 
"................ അവള്‍ തന്റെ കൈകള്‍ മണത്ത് നോക്കി. അപ്പോഴും തന്റെ കുഞ്ഞിന്റെ പാല്‍ മണം അവളെ വിട്ടു പോയിരുന്നില്ല. അവളുടെ മുലകള്‍ ചുരന്നു നീര് കെട്ടി തുടങ്ങിയിരിക്കുന്നു. വീണ്ടും ദൈവത്തിനു വിശക്കുന്നുണ്ടായിരിക്കും എന്ന് അവള്‍ ചിന്തിച്ചു. ..............................."
 
                                തൃക്കാല്‍ സുവിശേഷത്തില്‍ ചങ്കരന്റെ മൂന്നാം കാല്‍ ഏതെങ്കിലും ബിംബ കല്പന ആണോ എന്ന് സംശയിക്കാം. ഒന്നിലേറെ വ്യാഖ്യാനങ്ങള്‍ സാമൂഹ്യ രാഷ്ട്രീയ പശ്ചാത്തലത്തില്‍ നിദര്‍ശിക്കാം. . അതൊക്കെ വായനക്കാരന് വിടുന്നു കഥാകാരന്‍. 

                        മനോരോഗിയുടെ ആല്‍ബം അല്പം ദുര്‍ഗ്രഹത കൊണ്ട് വരാന്‍ ശ്രമിച്ച ഒരു കഥയാണ്‌ എന്ന് തോന്നി. ജീവിത തത്വങ്ങള്‍ സാന്ദര്‍ഭികമായി കഥകളില്‍ വന്നെത്തണം ചില തത്വങ്ങള്‍ സമര്‍ത്ഥിക്കാന്‍  കഥ പറയുമ്പോള്‍ ഉണ്ടാകുന്ന പ്രശ്നങ്ങള്‍ ഈ കഥയിലും കാണുന്നു.

      ഏതായാലും കഥ വണ്ടിയിലെ യാത്ര രസകരം തന്നെ. ചിലത് ഓര്‍മ്മിക്കാനും ചിലവ ഉള്ളില്‍ കൊണ്ട് പോകാനും ആയി. വീണ്ടും ഈ വണ്ടിയുടെ വരവ് കാത്തിരിക്കുന്നു.
 

Sunday, 24 November 2013

പുസ്തക പരിചയം - ദേഹാന്തര യാത്രകള്‍ദേഹാന്തര യാത്രകള്‍  

വിഡ്ഢിമാന്‍  

കൃതി ബുക്സ്  

പേജുകള്‍ 118  

വില 95

 

            ജീവിതം ഒരു യാത്ര ആണല്ലോ? നാടകം എന്നും മായ എന്നും പ്രഹേളിക എന്നും മിഥ്യ എന്നും ഒക്കെ വിലയിരുത്തപ്പെട്ടിട്ടുണ്ടെങ്കിലും യാത്ര എന്നതാണ്  ജീവിതത്തെ ശരിയായി അടയാളപ്പെടുത്താന്‍ കൂടുതല്‍ യോജിച്ചത് എന്നാണ് എന്റെ പക്ഷം. ജീവിത യാത്രയില്‍ നാം കണ്ടു മുട്ടുന്നവരും അതില്‍ നമ്മോടു ചേരുന്നവരും ഒക്കെ ജീവിത സംതൃപ്തിയും അതൃപ്തിയും നമുക്ക് നല്‍കുന്നവരാണ്. സുഖ ദുഃഖ സമ്മിശ്രമായ ഈ ജീവിതം തന്നെയാണ് കഥ എഴുതുന്നവരുടെ ഭൂമിക. പച്ചയായ ജീവിതത്തിന്റെ ഏടുകള്‍ കഥാകാരന്‍ പറയുമ്പോള്‍ ആസ്വാദകനും ആ യാത്രയില്‍ പങ്കെടുക്കുന്നു. കഥാപാത്രങ്ങളുടെ വികാര വിചാരങ്ങള്‍ വായനക്കാരനില്‍ എന്തെങ്കിലും അവശേഷിപ്പിച്ചാല്‍ എഴുത്തുകാരന്‍ വിജയിച്ചു എന്ന് സാമാന്യ അര്‍ഥത്തില്‍ പറയാം. ദേഹാന്തര യാത്രകള്‍ എന്റെ സ്ഥിര യാത്രക്കിടയില്‍ വായിച്ചു തീര്‍ത്തപ്പോള്‍ എഴുത്തുകാരന്‍ വിജയിച്ചേ എന്ന് വിളിച്ചു കൂവാനാണ് ഈ കുറിപ്പ്
 
         ‘ഇന്ദുലേഖ’ മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത നോവല്‍ എന്ന് പറയുമ്പോള്‍ തന്നെ നോവലിന് ഏതോ ലക്ഷണം ചമച്ചും കല്‍പ്പിച്ചും കൂട്ടി എന്ന് പറയേണ്ടി വരും. അത് കൊണ്ടാന്നല്ലോ ‘കുന്തലത’ ലക്ഷണമൊത്ത ആദ്യ നോവല്‍ അല്ല എന്ന് പറയേണ്ടി വന്നത്. ഈ ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് കുറെ ഏറെ നോവലുകള്‍ വായിച്ചു കൂട്ടിയിട്ടും എനിക്ക് വലിയ നിശ്ചയമില്ല. സി വി രാമന്‍ പിള്ളയുടെ പാത്ര സൃഷ്ടിയെ പറ്റി പ്രൊഫ. എന്‍ കൃഷ്ണപിള്ള എഴുതിയ “പ്രതിപാത്രം ഭാഷണ ഭേദം” എന്ന ഗ്രന്ഥത്തില്‍ ഈ ലക്ഷണങ്ങള്‍ കുറെയൊക്കെ വിസ്തരിക്കുന്നുണ്ട്. ഡോ. പി കെ രാജശേഖരന്‍ “അന്ധനായ ദൈവം – മലയാള നോവലിന്റെ നൂറു വര്‍ഷങ്ങള്‍” എന്ന പുസ്തകത്തില്‍ നോവലിന്റെ ഭൂമികയെ പറ്റി സോദാഹരണം വിലയിരുത്തുന്നുണ്ട്. എങ്കിലും, എന്താണ് നോവല്‍, എന്തല്ല നോവല്‍ എന്ന് തീരുമാനിക്കുക വായനക്കാരന്‍ തന്നെയാണ്. പറഞ്ഞു വരുന്നത്, ഒരു കേന്ദ്ര കഥാപാത്രവും അയാളെ ചുറ്റി പറ്റി കുറെ ജീവിതങ്ങളും പല പ്രദേശങ്ങളും കാട്ടി തരികയും അതിലൂടെ ജീവിതത്തെ കോറിയിടുകയും ചെയ്യുന്ന ഈ ഗ്രന്ഥം നോവുണര്‍ത്തുന്ന ഒരു നോവല്‍ തന്നെ എന്നാണ്. ജീവിതയാത്ര ദേഹാന്തര യാത്ര മാത്രമല്ല; അത് മാനസാന്തര യാത്ര കൂടിയാണ്. പ്രണയം, സൗഹൃദം ഇവയോടൊപ്പം സാമൂഹിക ചലനങ്ങള്‍ ഉയര്‍ത്തി വിടുന്ന വികാരങ്ങളുടെ പ്രതിഫലനവും യാത്രയില്‍ നമുക്കൊപ്പം ഉണ്ട്. അത് കൊണ്ട്, ഈ യാത്ര വൈയക്തിക ജീവിതങ്ങളുടെ പരിഛെദനം മാത്രമല്ല വരച്ചു കാട്ടുക; പൊള്ളുന്ന സാമൂഹിക യാഥാര്‍ ത്ഥ്യങ്ങളും കൂടി ആണ്
 
              പേര് സൂചിപ്പിക്കുന്ന പോലെ, ദേഹങ്ങള്‍ ആണ് ഈ യാത്രാ പുസ്തകത്തിന്റെ പാത. ദേഹങ്ങളുടെ വര്‍ണ്ണനയും ദേഹത്തിനായുള്ള മോഹങ്ങളുടെ പരക്കം പാച്ചിലും കഥാ വിഷയം ആകുമ്പോള്‍ സദാചാര ചോദ്യങ്ങള്‍ ആ കൃതിക്ക് നേരെ ഉയരും. പുസ്തക വില്പനയ്ക്ക് പ്രേരകമായി പേരും മുഖ ചിത്രവും ഒക്കെ ആകര്‍ഷകമായി പ്രത്യക്ഷപ്പെടും. പരോക്ഷ കാമ സംതൃപ്തി തേടുന്ന വായനക്കാര്‍ അത് തേടി പിടിക്കും. സെക്സ് പുനത്തിലും ഓ വി വിജയനും പമ്മനും എഴുതിയപ്പോള്‍ വ്യത്യസ്ത നിലയിലാണ് അത് വിലയിരുത്തപ്പെട്ടത്. പമ്മന്റെ എഴുത്തുകള്‍ പലപ്പോഴും ഇത് എഴുതാനായി മാത്രം എന്ന് തോന്നിപ്പിച്ചപ്പോള്‍, വിജയന്‍റെ എഴുത്തില്‍ ജീവിതത്തിന്റെ ഭാഗം എന്ന മട്ടില്‍ ഇത് വന്നു ഭവിച്ചതാണ് എന്ന് കാണാം. ഇവിടെയും, ദേഹത്തോട് ഒട്ടി നിന്നല്ല കഥാകാരന്‍ കഥ പറയാന്‍ ശ്രമിക്കുക; മറിച്ച് ദേഹത്തോട് ചേര്‍ത്ത് പറയണ്ടവ മാത്രം അങ്ങനെ പറയുക എന്ന രീതിയാണ് സ്വീകരിചിരിക്കുക. ദേഹം പറകയേ വേണ്ട എന്നത് കപട സദാചാരം ആണെന്നതില്‍ തര്‍ക്കമില്ല
 
          അമ്മ എന്ന സത്യത്തില്‍ ബന്ധിച്ചാണ് കഥ വികസിക്കുന്നത്. രമേഷിന്റെ അമ്മ തന്നെയാണോ കേന്ദ്ര കഥാപാത്രം എന്ന് ദ്യോതിപ്പിക്കുന്നത്ര പ്രാധാന്യം അമ്മക്ക് കൊടുക്കുന്നു
മനോജ്. ഓരോ ദേഹാന്തര യാത്രയും അമ്മയെ ഓര്‍മ്മിപ്പിക്കുന്നു. അമ്മയെ തെറ്റിലേക്ക് നയിച്ച ശരിയുടെ ആഴം മകന് മനസ്സിലാക്കാനായത് കാലത്തിന്റെ വികൃതിയിലൂടെ മാത്രം. ബന്ധങ്ങളുടെ ആഴങ്ങളെകൂടി വിശകലനം ചെയ്യുന്നു പലപ്പോഴും ഈ നോവലില്‍. അവിശുദ്ധ ബന്ധങ്ങളുടെ അകങ്ങളില്‍ അറിയാതെ പോകുന്ന ഉത്കൃഷ്ട സ്നേഹം ‘അന്ന കരിനീന’ യുടെ വിഷയമാണ്‌. ഷോളോഖോവിന്റെ ‘ഡോണ്‍ ശാന്തമായൊഴുകുന്നു’ എന്ന ക്ലാസ്സിക്കിലും സ്നേഹത്തിന്റെയും കാമത്തിന്റെയും ഇഴ ചേര്‍ക്കല്‍ കാണാം. മനോജ്‌ എന്ന വിഡ്ഢിമാനും തന്നാലാവും വിധം ഈ ഇഴയടുപ്പും വൈരുധ്യവും വരച്ചു കാട്ടുന്നു.

              യാത്രയില്‍ കാണുന്നവരൊക്കെ നമ്മെ സ്പര്‍ശിക്കുന്നു എന്നത് പാത്ര സൃഷ്ടിയുടെ നല്ല ഉദാഹരണങ്ങള്‍ ആണ്. ഒറ്റ നോട്ടത്തില്‍ മുരടനായ മാത്യൂസ്‌ ഏട്ടന്‍ പോലും നമ്മിലേക്ക്‌ ആഴത്തില്‍ ഇറങ്ങുന്നു. പാഠം ആറു - സൗഹൃദം ചതിയുടെ പറഞ്ഞു കേട്ട കഥയെങ്കിലും അവതരണത്തില്‍ പുതുമ ഉണ്ടാക്കുന്നു. പക്ഷെ കിഷന്‍ലാലിന്റെ ഗൃഹ സന്ദര്‍ശനത്തില്‍, ദേവദാസിയുടെ പ്രസംഗം അല്പം കടന്നു പോയില്ലേ എന്ന് സംശയിക്കുന്നു. അത്ര വിദുഷിയോ ഈ ദേവദാസി! മനോജ്‌ പറയാനുദ്ദേശിച്ചത് അവരിലൂടെ തന്നെ പറയെണ്ടിയിരുന്നോ എന്നൊരു സംശയം! ഒരു പക്ഷെ പ്രാന്തി പപ്പിയെ പോലെ രഹസ്യമായി ഈ ദേവദാസിയും വായന ഉപാസന ആക്കിയിരിക്കാം
 
                കഥാകാരന്‍ അധികം ദേശാന്തരം നടത്താതെ “ഭാവനാ വാഹനത്തില്‍ പറന്നു പറന്നത്രേ” ഈ ഭാരത ഭൂമി ചുറ്റി കണ്ടത്! ഈ നാടിന്റെ വൈവിധ്യം വരികളില്‍ ആവാഹിക്കാന്‍ എന്നിട്ടും കഴിഞ്ഞു. വര്‍ഗീയത മൂടിയ മനസ്സുകളെ തുറന്നു കാട്ടാനും. അവ ബന്ധങ്ങളെ എങ്ങനെ സ്വാധീനിക്കുന്നു എന്ന് കാട്ടുവാനും ചേതന്‍ ഭഗത്തിനെ പോലെ വിഡ്ഢിമാനുമായി
 
           മധു എന്ന ഹിജഡയാണ് നേരിട്ട് പ്രത്യക്ഷപ്പെടാതെ നമ്മെ നൊമ്പരപ്പെടുത്തുന്ന കഥാപാത്രം. കേരളത്തില്‍ തുടങ്ങിയ യാത്ര ഇവിടെ അവസാനിപ്പിക്കണം എന്ന് നിരബന്ധമുള്ളതിനാലാവാം രമണിയില്‍ കഥ എത്തിയത്. രമണിയില്‍ അവസാനിപ്പിക്കാതെ അമ്മയിലും പ്രാന്തി പപ്പിയിലും എത്താന്‍ വിഡ്ഢിമാന്‍ വെമ്പല്‍ കൊണ്ടത്‌ കാണാം. കൃത്യമായ അവസാനം തന്നെ നോവലിന്. അത് വായിച്ചു മടക്കുമ്പോഴും അവരൊക്കെ നമുക്കൊപ്പം ഉണ്ട്. ഒരു നൊമ്പരമായി, വേദനയായി.

      ഭാഷ നന്നായി വഴങ്ങിക്കൊടുത്തു ഈ വിഡ്ഢിമാന്. അതുകൊണ്ടാണല്ലോ കഥാപാത്രങ്ങള്‍ക്കൊപ്പം വാചകങ്ങള്‍ നമ്മില്‍ കൊളുത്തി നില്‍ക്കുന്നത്. “സന്ധ്യാ നേരത്ത് അവള്‍ വന്നു; മറ്റൊരു സന്ധ്യ പോലെ” എന്ന് ഷോളോഖോവ് ഗദ്യത്തില്‍ എഴുതിയതും “വരുമോ കുങ്കുമം തൊട്ട സാന്ധ്യ ശോഭ കണക്കവള്‍” എന്ന് പി കുഞ്ഞിരാമന്‍ നായര്‍ പദ്യത്തില്‍ എഴുതിയതും കാല്‍ നൂറ്റാണ്ടു മുന്നേ വായിച്ചത് ഓര്‍മ്മയില്‍ വരുന്നത് ആ പ്രയോഗങ്ങളുടെ ഭംഗിയാലല്ലേ
 

                   “അവള്‍ ആലസ്യത്തോടെ തലയുയര്‍ത്തി. ആഹ്ലാദവും ലജ്ജയും കടപ്പാടുമെല്ലാം നിറഞ്ഞു തുളുമ്പുന്ന ഒരു ചിരി എനിക്ക് സമ്മാനിച്ചു. സത്യം പറയട്ടെ, അതിനു മുന്‍പോ അതിനു ശേഷമോ അത് പോലൊരു സമ്മാനം എനിക്കൊരിക്കലും കിട്ടിയിട്ടില്ല.”

                   ഈ നോവല്‍ വായിച്ചു അവസാനിപ്പിച്ചപ്പോള്‍ ഉള്ളില്‍ വിഷാദമൊളിപ്പിച്ച, തെല്ലു അഭിമാനം നിറച്ച, വായനയുടെ ആഹ്ലാദം തുളുമ്പിയ ഒരു പുഞ്ചിരി എന്റെ മുഖത്തുണ്ടായിരുന്നു. പ്രിയ വായനക്കാരാ, അത്തരമൊരു പുഞ്ചിരി താങ്കള്‍ക്കും അനുഭവവേദ്യമാകും.

Friday, 8 November 2013

'അന്‍വരി'കള്‍ക്ക് ഒരു വയസ്സ്അന്ന് ഞാൻ വിവര വിശാല ശൃംഖലയിൽ  
സ്വസ്ഥാപനത്തിൻ  വാർത്ത തെരയവേ
കണ്ണിലുടക്കി, നമ്മെ വിമർശിക്കും വരികൾ
ബ്ലോഗതിൽ, തെല്ലു അമ്പരപ്പോടെ പരതി ഞാൻ
'വിഷ്ണുലോക'ത്തിന്റെ മാറിൽ 'കുഞ്ഞുമോൻ'
വർദ്ധിത വീര്യനായ് മുനിഞ്ഞു കത്തീടവേ
മലയാള ബ്ലോഗിന്റെ കൂട്ടവും കണ്ടെന്റെ
കൈപിടിച്ച്ന്നു 'പടന്ന' മുന്നേറവേ                                              

അബസ്വര ലിങ്കുകൾ വരയിൽ കുരുങ്ങി
ഹൃദയ താളത്തോടമാവാസി നാളിലും
വെള്ളനാടിന്റെ പിന്നെ നെടുമങ്ങാടിന്റെ
സൗമ്യദർശനത്തിലുന്മത്തനായി ഞാൻ
ബെർളിയും വള്ളിക്കുന്നും നയിച്ചൊരാ
ബ്ലോഗത്ര ചെറുതല്ല എന്നു നിനച്ചു ഞാൻ
 പാവം പ്രവാസിയും കൊമ്പനും വമ്പനും
കൂടാരമാടിച്ചതി ലൊളിപോരാളി പാര്ക്കവേ
വെള്ളരിക്കാ പട്ടണത്തിൻ നടുവില്‍ ഞാൻ
നില്ക്കവേ, ആരോ വിളിച്ചു "പ്ലിങ്ങരുടെ നായകാ"
ഊർക്കടവും പുഞ്ചപ്പാടവും കടന്നു ഞാൻ
തോന്ന്യാക്ഷരങ്ങളിൽ സ്പന്ദനം ദർശിക്കവേ

പാദസ്വരത്തിൻ കിലു കിലുക്കത്തിൽ
എന്ന് സ്വന്തം ഹൃദ്യം തണൽ  മരം
മണ്ടൂസ നിസർഗ്ഗ  ആർഷ നാദം
സ്വപ്നക്കൂട് സാന്ത്വനം ആകവേ
കുട്ടിക്കളിയുടെ നായകന്‍ ഇടങ്ങേറായ് മാറവേ
"മധ്യേ  കാണുന്ന ...".ബൂ ലോക കാരണവര്‍  പറയവേ
പ്രവീണങ്ങളാകെ മുങ്ങി നിവർന്നോരു ചലച്ചിത്ര
വിചാരണയിലാമോദവാനായി ഞാൻ
തുഞ്ചൻ പറമ്പിലെ മണ്ണിലോടന്നെത്തി
കൊട്ടോട്ടി, ജയൻ, തിരൂരു ജ്ജ്വല സംഘാടകർ
ദർശനക്കാരെന്നെ ചായവും തേച്ചതിൽ
വരയൻ മുഖാമുഖം ആടി തിമിർത്തു ഞാൻ
പുണ്യാളനൊരു നാളിൽ കണ്ണോന്നടച്ചതിൻ
കണ്ണീർ മഴയും പിന്നെ കാണുവാനിടയായി
കൊണ്ടോട്ടി നഗരത്തിൽ നന്മ കണ്ടെത്തി ഞാൻ
പൊന്നാണിക്കാരനെൻ പുന്നാര അനുജനായ്
ചിത്ര ഡിസൈനർ ഹൃദയത്തിലായതും
കല്യാണ വാർഷികം നെറ്റിൽ തെളിഞ്ഞതും
അമ്പു വരക്കൊരു തട്ടകം പണിഞ്ഞതും
ക്ഷിപ്രം ഉട്ടോപ്യനെൻ മനസ്സിൽ നിറഞ്ഞതും
മറക്കാൻ കഴിയുമോ, അമ്പട പുളുസോ!

അസ്രൂസും ഭ്രാന്തനും പോൻവരി ആക്കിയോ-
രൻവരി എത്ര നാൾ പാരിതിൽ കാണുമോ?
   Sunday, 3 November 2013

'കഥ'യുടെ കഥ (എന്റെ വായന - ഭാഗം മൂന്ന് )

           

             കഥ കേൾക്കാൻ ഇഷ്ടമില്ലാത്തോരില്ല . അഥവാ ഉണ്ടെങ്കിൽ അവനൊരു കഥയില്ലാത്തോനാണ് . കഥ ആയി  പറയുമ്പോഴാണല്ലോ ചരിത്രം പോലും മനോഹരമാവുക. "കല്ലിനുമുണ്ടൊരു കഥ പറയാൻ..."  എന്നു പറഞ്ഞാണ് ചാച്ചാജി മകളെ ചരിത്രം പഠിപ്പിച്ചത്. കെട്ടുകഥയും കഥയില്ലാകഥയും പ്രചരിക്കുന്ന കാലത്താണ് നാം ഉള്ളത്. ഐതിഹ്യ കഥകളും നാടോടി കഥകളും ഗുണപാഠ  കഥകളും കേൾക്കാൻ മുത്തശ്ശിമാരുടെ മടിത്തട്ടിൽ നിന്നും കുട്ടികൾ ഓടി മറയുന്ന   കാലം. അപസർപ്പക കഥകളും ജാര കഥകളും ഉന്മാദ കഥകളും ഒഴുകുന്ന കാലം. വലിച്ചു നീട്ടിയ കഥകളിൽ കുരുങ്ങി വീട്ടമ്മമാർ വിഡ്ഡിപ്പെട്ടിക്കു മുന്നിൽ കണ്ണീരൊഴുക്കുന്ന കാലം. നുണകഥകളുടെ പെരു മഴയിൽ  നന്മയൊക്കെ ഒലിച്ചു പോകുന്ന കാലം. ഈ  കാലത്തും കഥയുടെ കഥ പറയാൻ ഞാൻ ഒരുമ്പെടുന്നത് ഒരു 'കഥയില്ലായ്മ' ആകുമോ?


            എത്ര കഥകൾ വായിച്ചു? ആരാണ് ഏറ്റവും ഇഷ്ടപ്പെട്ട കഥാകാരൻ? വായിച്ചതിൽ ഏതൊക്കെ കഥകൾ മനസ്സില് തങ്ങി നില്ക്കുന്നു? ബ്ലോഗുകളിലെ കഥകൾ ശരിക്കും കഥകൾ ആണോ? ഈ ചോദ്യങ്ങൾക്കുള്ള ഉത്തരം ഒരു കഥ തന്നെ ആയി മാറും. ഇതിഹാസങ്ങളിലെ കഥകളും ഉപ കഥകളും ക്ലാസ് മുറിയിലും പുറത്തും കേട്ട് വളർന്ന ബാല്യം ഓർമ്മ  വരുന്നു. അന്ന് തൊട്ടിന്നോളം ഏറ്റവും കൂടുതൽ വായിച്ചത് ഇതര സാഹിത്യ വിഭാഗങ്ങളെക്കാൾ കഥകൾ തന്നെ ആയിരിക്കും. 

               കഥയെ എങ്ങനെയാണ് ചെറുകഥ, മിനികഥ, നീണ്ടകഥ, നൊവെലൈറ്റ്, നോവേല്ലാ, നോവൽ, സൈബർ കഥ, കാപ്സൂൾ കഥ എന്നൊക്കെ തിരിക്കുക? ആധികാരികമായ നിർവചനം എനിക്കറിയില്ല. പേജുകൾ കൂടുമ്പോ നീണ്ട കഥ എന്നോ നോവൽ  എന്നോ പറഞ്ഞേക്കാം. അത്, ഒരു പക്ഷെ, എഴുത്തുകാരന്റെ സ്വാതന്ത്ര്യം ആകാം. കഥാപാത്രങ്ങളുടെ എണ്ണം, കഥ വികസിക്കുന്ന കാൻവാസ്  ഇതൊക്കെ ഒരു പക്ഷെ ഘടകം ആവാം. ഇരുപതു പേജുള്ള ഒരു കഥയും , പതിനാറു പേജിൽ ഒരാൾ നോവൽ എഴുതിയതും വായിച്ചിട്ടുണ്ട്. പത്തു പതിനഞ്ചു കഥാപാത്രമുള്ള ചെറുകഥയും ഒറ്റ കഥാ പാത്രമുള്ള നോവലും കണ്ടിട്ടുണ്ട്. അപ്പൊ ഇതൊന്നും അല്ല മാനദണ്ഡം, പിന്നെ സ്വന്തം കുഞ്ഞു എന്താണ് എന്ന് എഴുതുകാരൻ പറയുന്നത് മാത്രമാണ് മാനദണ്ഡം എന്നേ  പറയാൻ കഴിയൂ.

                 മൂല്യങ്ങൾ സംരക്ഷിക്കാൻ എഴുതപ്പെട്ട കഥകൾ കാലാതിവർത്തി ആയി നില നിൽക്കും. ലിയോ റ്റൊൽസ്റ്റൊയിയുടെ "ഒരാൾക്ക്‌ എത്ര ഭൂമി വേണം" അതിൽ പെട്ടതാണ്. മനുഷ്യന്റെ ദുരയെ ചുരുങ്ങിയ വാക്കുകൾ കൊണ്ട് അടയാളപ്പെടുത്തുന്ന ഈ കഥ  ഉദാത്ത കഥ ആയി വിവക്ഷിക്കപ്പെടുന്നു. ആന്റണി ചെക്കോവും മോപ്പസാങ്ങും ഓ ഹെന്റ്രിയും  ഡി എച്ച് ലോറൻസും മാർക്ക്‌ റ്റ്വയിനും ഒക്കെ  പാശ്ചാത്യകഥാ ലോകത്തെ തിളങ്ങുന്ന നക്ഷത്രങ്ങൾ ആണ്. ഖലീൽ ജിബ്രാനാവട്ടെ, കഥയെ കാവ്യമാക്കിയ ചിന്താശീലുകളുടെ സുൽത്താൻ ആണ്. ഈസോപ്പ് കഥകളും ബൈബിൾ കഥകളും വിശ്വ സാഹിത്യത്തിൽ തല ഉയർത്തി നില്ക്കുന്നു. ആയിരത്തിഒന്ന് രാവുകളിൽ ഭൂമിയിലേക്ക്‌ പെയ്തിറങ്ങിയ കഥകൾ എക്കാലവും കാതോടു കാതോരം ചുറ്റി നടക്കും. കഥാസരിത്‌ സാഗരം, വിക്രമാദിത്യ വേതാള കഥകളും ലോകത്തിനു ഭാരത മണ്ണിന്റെ സംഭാവനകളാണ്. 

                 വിശ്വമഹാകവി ടാഗോറിന്റെ പോസ്റ്റുമാൻ ഉൾപ്പെടെ ഉള്ള കഥകൾ ആവർത്തന വായനയിലും നമ്മെ ചെടിപ്പിക്കില്ല. ആർ കെ നാരായണനും മുൽക് രാജ് ആനന്ദും മാധവികുട്ടിയും ആംഗലേയത്തിൽ നല്ല കഥകൾ എഴുതി ഇന്ത്യയുടെ യശസ്സുയർത്തി. ഹിന്ദിയിലും മറ്റു ഇന്ത്യൻ ഭാഷകളിലും   ഒക്കെ വന്ന കഥകൾ വിവർത്തനമായി നമുക്ക് ലഭ്യം ആണ്. റഷ്യൻ ചൈനീസ് അറേബ്യൻ തുടങ്ങി ലോകഭാഷകളിലെ കഥകളും വിവർത്തനം ചെയ്തു മലയാളത്തിൽ ലഭ്യമാക്കിയിട്ടുണ്ട്. ഇവ വായിച്ചാൽ ലോകത്തിന്റെ വിസ്ത്രുത  ലോകത്തെ നമുക്കറിയാൻ കഴിയും. ഏതു ഭാഷയിലും മനുഷ്യന്റെ കണ്ണുനീരിനു ഒരേ രസമാണെന്നും സ്നേഹത്തിനു ഒരേ വിലയാണെന്നും നാം സമ്മതിക്കും. 


                മലയാള ചെറു കഥാ പ്രസ്ഥാനം എത്ര സമ്പന്നമാണെന്നു അഭിമാനിക്കാതെ വയ്യ.  തകഴിയും ബഷീറും കേശവ ദേവും ഉറൂബും എഴുതിയ കഥകൾ ഇന്നും നന്നായി വായിക്കപ്പെടുന്നു. കാരൂർ  തുടക്കമിട്ട പള്ളിക്കൂടം കഥകൾ ഇന്നും അക്ബർ  കക്കട്ടിലിലൂടെ എഴുതപ്പെടുന്നു. എൻ പി മുഹമ്മദും പൊൻകുന്നം വർക്കിയും അന്നത്തെ രാഷ്ട്രീയ സാഹചര്യങ്ങൾ തങ്ങളുടെ കഥകളിൽ  പ്രതിഫലിപ്പിച്ചവർ ആണ്. എം പി നാരായണ പിള്ളയും വി കെ എന്നും ആക്ഷേപ ഹാസ്യത്തിന്റെ ഉജ്ജ്വല ഉദാഹരണങ്ങൾ ആയ കഥകൾ എഴുതി. പയ്യൻ കഥകൾ എങ്ങനെ  മറക്കുവാൻ കഴിയും? കോവിലനും നന്തനാരും പട്ടാള കഥകളിലൂടെ നമ്മെ ബാരക്കുകളിലേക്ക് കൂട്ടി കൊണ്ട് പോയപ്പോൾ, പൊറ്റക്കാട് സഞ്ചാരിയായി നമ്മെ നടത്തി. ലളിതാംബിക അന്തർജ്ജനവും വി ടി യും എഴുതിയപ്പോൾ, പഴമയുടെ കോട്ടകൾ വിറങ്ങലിച്ചു. ചുവപ്പ് നാടയുടെ കുരുക്കുകൾ കഥകളായി മലയാറ്റൂരിലൂടെയും ഉണ്ണികൃഷ്ണൻ പുതൂരിലൂടെയും പുറത്ത് വന്നു. ഭാഷയുടെ സൗകുമാര്യം പരത്തി മാധവികുട്ടിയും ഓ വി വിജയനും അരങ്ങത്തു നിന്നു. പാറപ്പുറത്തിന്റെയും പട്ടത്തുവിള കരുണാകരന്റെയും കഥകൾ  ജീവിതഗന്ധിയായി നിലകൊണ്ടു. ചെറുകാടിന്റെ കഥകളെ അവഗണിക്കാൻ കഴിയില്ല.

                             എം മുകുന്ദനും എം ടി വാസുദേവൻ നായരും നല്ല കഥകളെഴുതി ഇന്നും നമ്മെ ഉണർത്തുന്നു. പി വത്സലയും സാറാ ജോസെഫും ചന്ദ്രമതിയും  ഗ്രേസിയും ബി എം സുഹറയും വെറും പെണ്ണെഴുത്തുകാരല്ല. സേതുവും ആനന്ദും ചില കഥകളിൽ ദുർഗ്രഹത പ്രദാനം ചെയ്തെങ്കിലും അവരുടെ സംഭാവനകൾ നിസ്തുലം തന്നെ. യു എ ഖാദർ നാട്ടിൻ പുറത്തിന്റെ ഭാഷയിൽ കഥകളെഴുതിയപ്പോൾ, ചിലവയിൽ രതിയുടെ അതി പ്രസരം ഉണ്ടെങ്കിലും പുനത്തിൽ കഥകൾ വായിക്കാതെ വിടാൻ കഴിയില്ല. സക്കറിയ കഥകളുടെ ലോകത്ത് നിന്നും ഇടയ്ക്കിടെ മുങ്ങാറുണ്ടെങ്കിലും എഴുതിയ കഥകൾ വ്യത്യസ്തം തന്നെ.

                              എണ്ണത്തിൽ കുറവെങ്കിലും ശാസ്ത്ര ബോധമുള്ള കഥകൾ സി രാധാകൃഷ്ണൻ എഴുതുന്നു. കെ എൽ മോഹന വർമ്മ , അംബികാസുതൻ മാങ്ങാട് എന്നിവർ നന്നായി വായിക്കപ്പെട്ടു. സിനിമാക്കാരായ കഥാകൃത്തുക്കൾ ഏറെ ഉണ്ടെങ്കിലും പദ്മരാജന്റെ സംഭാവന നിസ്തുലം തന്നെ. സി വി ശ്രീരാമനും അരവിന്ദനും ഒക്കെ മികച്ച കഥകൾ നല്കി. കാക്കനാടനെയും എം സുകുമാരനേയും വിസ്മരിക്കാൻ കഴിയില്ലല്ലോ?

                                 ടി പദ്മനാഭൻ ചെറുകഥ മാത്രം ഉത്തമ സാഹിത്യം എന്ന മുദ്രാവാക്യം ഉയർത്തി പിടിച്ചു. അതിനോട് യോജിപ്പില്ലെങ്കിലും 'പ്രകാശം പരത്തുന്ന ഒരു  പെണ്‍കുട്ടി'യും 'മരങ്ങൾ  കടന്നു പുഴയുടെ ഇടയിലേ'ക്കും മലയാളി മറക്കില്ല. തിരുത്തും ഹിഗ്വിറ്റയും എഴുതിയ എൻ  എസ്  മാധവന്റെ കഥകൾക്കു  വായനക്കാർ  ഏറെ ഉണ്ട്.

                              ടി വി കൊച്ചുബാവ യും യു പി ജയരാജും എഴുതിയ കഥകൾ മനസ്സിൽ  തങ്ങി നിൽക്കുന്നവ ആണ്. സി വി ബാലകൃഷ്ണൻ, അശോകൻ ചരുവിൽ, ശിഹാബുദ്ദീൻ പൊയ്ത്തുംകടവ്, ശിവരാമൻ ചെറിയനാട്, മുണ്ടൂർ കൃഷ്ണൻ കുട്ടി, അഷ്ടമൂർത്തി, ശത്രുഗ്നൻ, വൈശാഖൻ, ഏകലവ്യൻ, ടാറ്റാപുരം സുകുമാരൻ, ഇ വാസു  ഇവരൊക്കെ നന്നായി വായിക്കപ്പെടേണ്ടവർ തന്നെ.

                           യു കെ കുമാരനും പി സുരേന്ദ്രനും വായനാമുറിയെ നല്ല കഥകൾ കൊണ്ട് അലങ്കരിച്ചവർ തന്നെ. കെ കെ സുധാകരനും സന്തോഷ്‌ എച്ചിക്കാനവും സീരിയൽ മേഖലയിൽ വല്ലാതെ നിറയാതിരുന്നാൽ മികച്ച കഥകൾ  എഴുതാൻ ത്രാണി ഉള്ളവരാണ്. ബി മുരളിയും ജോണ്‍ സാമുവലും ജോർജ്ജു ജോസഫ്‌ കെ യും എല്ലാം ആനുകാലികങ്ങളിലൂടെയും സമാഹാരങ്ങളിലൂടെയും നല്ല വായന നല്കുന്നു. മേതിൽ രാധാകൃഷ്ണനും എ എസ്  പ്രിയയും കെ പി നിർമൽ കുമാറും വ്യസ്തത കഥകളിൽ പരീക്ഷിക്കുന്നു. ബി ഹരികുമാർ ഹാസ്യ രസവും ഇ ഹരികുമാർ  രതിയുടെ രസവും ഏറെ കൈകാര്യം ചെയ്യുന്നു. കെ ആർ  മീര, സുസ്മേഷ് ചന്ദ്രോത്ത് , ജി എസ് ഇന്ദുഗോപൻ എന്നിവരും ആടുജീവിതം ഫയിം ബെന്യാമിനും നല്ല കഥകൾ  എഴുതുന്നു. വി എസ്  അനിൽ  കുമാർ , പി മോഹൻ  എന്നിവരും ശ്രധിക്കപ്പെടേണ്ടവർ തന്നെ.

                           മലയാള ചെറുകഥയിലേക്ക്‌ പോലും വെളിച്ചം വീശാൻ ഞാൻ അശക്തനാണ് പിന്നെയല്ലേ ലോക ചെറു കഥാ സാഹിത്യം! എല്ലാവരെയും ഉൾ പ്പെടുത്തി  എന്നവകാശപ്പെടുന്നേ ഇല്ല! പ്രിയ വായനക്കാരുടെ കമന്റുകൾ കൂടി ചേർത്തു ഒരു നല്ല റഫറൻസ് ആക്കാം എന്ന് കരുതുന്നു.

                                മറ്റു സാഹിത്യമേഖലകളെ അധികരിച്ചും ഇത്തരം കുറിപ്പുകൾ തുടർ ഭാഗങ്ങളിൽ ഉദ്ദേശിക്കുന്നു. എഴുത്തിന്റെ സാങ്കേതിക രീതികൾ, ആവശ്യം വായിച്ചിരിക്കേണ്ട കൃതികളെ പറ്റിയുള്ള കുറിപ്പുകൾ ഇവയും ഭാവി പദ്ധതികളിൽ ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു.

                                  ഈ രംഗത്തൊക്കെ ബ്ലോഗ്‌ മേഖലയിൽ  ഉള്ളവരുടെ സംഭാവനകൾ വിസ്മരിച്ചതല്ല. അതിനായി പ്രത്യേക വിലയിരുത്തൽ നടത്തുന്നുണ്ടല്ലോ?

                      ലോകമൊട്ടാകെ പ്രതിഭയുടെ മിന്നലുകൾ പ്രസരിക്കുന്നു. 'അതിങ്കലെങ്ങാണ്ടൊരിടത്തിരുന്നു' അല്പമാത്ര വായന ഉള്ള ഞാൻ സത്യത്തിൽ കഥ എന്തറിഞ്ഞു. അല്ലെ? ഇതെന്തു കഥ?

മുൻ ഭാഗങ്ങൾ വായിക്കണേ 

ഒന്ന് 

രണ്ട് 

വായനക്ക് ശുപാർശ