Wednesday 30 November 2016

പുസ്തക പരിചയം : ഷാഹിദ് നാമ

                                     ഖസാക്കിന്റെ ഇതിഹാസകാരന്റെ സഹോദരി ഒ വി ഉഷയുടെ നോവൽ വാങ്ങാൻ ശുപാർശ ചെയ്തത് പ്രിയ സുഹൃത്ത് കഥാകാരൻ വി ഷിനിലാൽ ആണ്. എഴുത്തിന്റെയും വായനയുടെയും സൗഹൃദ കൂട്ടായ്മയിൽ നിന്ന് ലഭിച്ച പ്രിയ സൗഹൃദം അനു ജോൺ ഈ നോവലിന്റെ നിർമ്മിതിയിൽ സഹായിച്ചു എന്ന് ആമുഖ കുറിപ്പിൽ പറയുന്നത് ഏറെ സന്തോഷം നൽകി. ഷാഹിദ് അലിയുടെയും സാജിദ ( താച്ചു) വിന്റെയും പ്രണയവും വേർപിരിയും പുനഃസമാഗമവും അടങ്ങുന്ന ഇതിവൃത്തം പുതുമയൊള്ളതൊന്നുമല്ല എങ്കിലും മൊത്തത്തിൽ ഇതിന്റെ വായന ഹൃദയഹാരിയായി.

Tuesday 22 November 2016

പുസ്തക പരിചയം: നിനക്കുള്ള കത്തുകൾ


                                     പ്രണയത്തെ പറ്റിയുള്ള എഴുത്തുകൾ മലയാളത്തിൽ അനവധിയുണ്ട്. കഥകളായും കവിതകളായും ലേഖനങ്ങളായും ഒക്കെ. വിലാപ കാവ്യങ്ങൾ ഏറെ ചർച്ച ചെയ്യപ്പെടുകയും വായിക്കപ്പെടുകയും ചെയ്യുന്ന ഒരു ഭാഷയാണ് നമ്മുടെ . എറ്റവും കൂടുതൽ വിൽപന നടന്ന പുസ്തകങ്ങളിൽ 'രമണനും ' ഉൾപ്പെടുന്നു. ഏറ്റവും ചർച്ച ചെയ്യപ്പെട്ട സിനിമകളിൽ ഒന്നാണല്ലോ എന്ന് നിന്റെ മൊയ്തീൻ' പ്രണയത്തിന്റെ മൂർത്തീ രൂപമായ ത്യാഗത്തെ അത്രമേൽ നാം കണ്ടും വായിച്ചും അറിയുന്നു.

പുസ്തക പരിചയം: ചലനം

                                   സ്കൂൾ കാലത്തെ പരിഷത്ത് പുസ്തകങ്ങളുടെ വായനയിലൂടെയാണ് പി ടി ഭാസ്കരപ്പണിക്കരെ അറിഞ്ഞത്. അന്ന് വായിച്ച തൊക്കെ ഒന്ന് കൂടി വായിക്കാൻ ഇടയ്ക്കിടെ തോന്നൽ ഉണ്ടാവാറുണ്ട്, അവയൊക്കെ നമ്മുടെ കുട്ടികളെ കൊണ്ട് വായിപ്പിക്കണമെന്നും, ആ പുസ്തകങ്ങളിൽ മലയാളം മാത്രം കാണപ്പെടുന്നതാണ് ഇപ്പോഴത്തെ കുട്ടികൾക്കുള്ള പ്രയാസം, പ്രവേഗം, വ ർ ത്തുള ചലനം ഇവയൊക്കെ എന്തെന്ന് ആംഗലേയ വാക്കുകൾ തുല്യപ്പെടുത്തി പറഞ്ഞ് കൊടുക്കേണ്ടി വരും. പി ടി ബി യുടെ 'ചലനം ചലനം സർവത്ര ' എന്ന തലക്കെട്ടിൽ എഴുപതുകളിലോ എൺപതുകളിലോ എഴുതപ്പെട്ട / വായിക്കപ്പെട്ട പുസ്തകമായിരിക്കണം ഈയിടെ ചിന്ത രണ്ടാം പതിപ്പിറക്കിയ ചലനം എന്ന ഈ പുസ്തകം. കാറ്റ്, ചൂട്, വെളിച്ചം, വൈദ്യുതി, ഇലക്ടോണുകൾ, നക്ഷത്രങ്ങൾ, ഗ്രഹങ്ങൾ എന്നിങ്ങനെ പ്രപഞ്ചത്തിൽ ചലിക്കുന്ന എല്ലാറ്റിനെയും ഈ പുസ്തകം പരാമർശിക്കുന്നു. സങ്കീർണ്ണമായ പെട്രോൾ, ഡീസൽ യന്ത്രങ്ങളുടെ പ്രവർത്തനം ഒക്കെ എത്ര അയത്നലളിതമായിട്ടാണിതിൽ വിശദീകരിക്കുന്നത്? ഇങ്ങനെ ശാസ്ത്രം പഠിപ്പിച്ചാൽ അത് ഒരിക്കലും കുട്ടികൾക്ക് വിരസമാവില്ല.

പുസ്തക പരിചയം: പറയപ്പതി

                                  മനോജ് വെങ്ങോലയുടെ ''പറയപ്പതി " എന്ന ഒൻപത് നോവുള്ള കഥകളുടെ സമാഹാരം വായിച്ചു. ഓരോ കഥയും ജീവിതാവസ്ഥകളുടെ അടുപ്പിൽ നിന്ന് വേവിച്ചെടുത്തതാണ്. വായനക്ക് ശേഷവും കഥകൾ നമ്മെ വല്ലാതെ പിന്തുടരും. അവകളിലെ മൗനത്തിന്റെ മുഴക്കം നമ്മുടെ നെഞ്ചകത്തിൽ നടുക്കുന്ന ഓർമ്മയാകും. ഒരു ക്ളിക്കുകളുടെയു ശുപാർശ ഇല്ലാതെ ഈ കഥാകാരൻ എഴുത്തിന്റ കൊടുമുടികൾ കയറുമെന്നത് തീർച്ചയാണ്.

                                   യെസ് പ്രസ് വെളിച്ചത്ത് കൊണ്ടു വന്ന ഈ കഥാസമാഹാരം ഒറ്റയിരുപ്പിലാണ് വായിച്ചു തീർത്തത്. ഒരു സമാഹാരത്തിലെ മുഴുവൻ കഥകളും ഹൃദയഹാരിയാവുക അപൂർവ്വമത്രേ! ചാരുതയാർന്ന ഭാഷ നൽകിയ വായനാഹ്ളാദം ഇപ്പൊഴും ചൂടാറാതെ കൂടെയുണ്ട്. ആദ്യ കഥ 'നോവൽ സാഹിത്യം' നാട്ടു നന്മയുടെ കാഥികൻ യു. ഏ. ഖാദറെ വിസ്മയിപ്പിച്ചതിന്റെ സാക്ഷ്യപത്രം തുടക്കത്തിൽ ചേർത്തിട്ടുണ്ട്. തീഷ്ണപരിഹാസത്തിൽ പൊതിഞ്ഞു വച്ച അത്യുജ്ജ്വല പ്രണയ കഥയാണ് അതെന്ന് അദ്ദേഹം നിരീക്ഷിക്കുന്നത് കഥാവായനക്ക് ശേഷം നാം ശരി വച്ചു പോകും. കുരിശ് പള്ളിക്ക് മുന്നിൽ അൽഫോൺസാച്ചൻ മണൽ വാരി മിഠായിയാക്കി നൽകിയ ഉടൻ ഖസാക്ക് എന്ന ബോർഡ് വച്ച ബസ്സിൽ നിന്ന് രവി ഇറങ്ങി വരുന്നത് നാം കാണുന്നു. പപ്പുവും സുഹറയും മജിദും ആയുസ്സിന്റ പുസ്തകവുമായി യോഹന്നാനും ഒക്കെ ഈ കഥയിലൂടെ കടന്ന് വരുമ്പോൾ മലയാളപ്പെരുമ നമുക്ക് നൽകിയ കാപാത്രങ്ങൾ ഒക്കെ മനസ്സിൽ നിറഞ്ഞ് വായനക്കാരൻ ആഹ്ലാദ ചിത്തനാവുന്നു. ഈ ആഹ ളാദത്തിലേക്ക് വായനക്കാരെ ക്ഷണിക്കാൻ വാരഫലക്കാരൻ ഇല്ലാതെ പോയി. ഗോഡ്ഫാദർമാർ ഒരു പക്ഷേ ഈ എഴുത്തിനെ കണ്ടില്ലെന്ന് നടിച്ചേക്കും. പക്ഷേ അക്ഷര പ്രേമികൾ ഈ കാഴ്ച കാണുക തന്നെ ചെയ്യും


പുസ്തക പരിചയം: സന്മനസ്സുള്ളവർക്ക് സമാധാനം

                      പുസ്തകപ്പുഴുക്കളെ ആർക്കു വേണം? സക്കറിയ എഴുതിയ "സന്മനസ്സുള്ളവർക്ക് സമാധാനം'' എന്ന പുസ്ന കത്തിലെ ഒരു തലക്കെട്ടാണിത്. തന്റെ വായനാ വഴികാട്ടിയും സുഹൃത്തും ജീവിതത്തിൽ വായനയെ ഹൃദയത്തോട് ചേർത്തുവച്ച പുസ്തക പുഴു ആയിരുന്ന പ്രൊഫ കെ ജെ എബ്രഹാം എന്ന അവറാച്ചനെ അനുസ്മരിക്കുമ്പോൾ ലേഖനത്തിന് നൽകിയ തലക്കെട്ടാണിത്. ജീവിതം എന്തിനൊക്കെ വേണ്ടി പ്രയോജനപ്പെടുത്തണം എന്നതിനെപ്പറ്റി വ്യത്യസ്ത അഭിപ്രായങ്ങൾ കണ്ടേക്കാം. വായനക്കായി സമയം കളയണോ എന്ന് ആലോചിക്കുന്നവർ ഉണ്ടാവാം. പണമുണ്ടാക്കാനായി ഒരു മാർഗമായി വായനയെ കാണുന്ന വരെ പറ്റി കുഞ്ചൻ തന്റെ 'കാലനില്ലാത്ത കാല'ത്തിൽ "വായന കൊണ്ടേ ഫലിപ്പൂ ഈ കാലമതായതിനും ചിലരുഷ്ണം പിടിക്കുന്നു '' എന്ന് നിരീക്ഷിക്കുന്നു. സക്കറിയ ആവട്ടെ, താൻ ഒരു എഴുത്തുകാരൻ ആവാൻ കാരണം വായന വായന വായന മാത്രമാണ് എന്നിതിൽ പറയുന്നു. തന്റേതിനേക്കാൾ ആഴവും പരപ്പും ഉള്ള വായനയാണ് അവറാച്ചന്റേതെന്ന് പറഞ്ഞ ശേഷം ആ വായനയിലേക്ക് താത്പര്യമുള്ളവരെ മാത്രം ക്ഷണിക്കുന്ന രീതിയാണ് അദ്ദേഹത്തിന് ഉള്ളത് എന്നെഴുതുന്നു. ഒരു സമൂഹം മുഴുവൻ വായനക്കാരായി മാറാൻ സാധ്യതയില്ല തന്നെ. വായനയെക്കുറിച്ച് ബോധ്യപ്പെട്ട ഒട്ടേറെ നിരീക്ഷണങ്ങൾ സക്കറിയ ഇവിടെ പങ്കുവയ്കുന്നു.

പുസ്തക പരിചയം: ഉടൽ ഭൗതികം

                                     മലയാള നോവൽ രചനയുടെ സാമ്പ്രദായിക രീതിയോട് കലഹിച്ച് പുതിയ പരീക്ഷണ രൂപത്തിൽ എഴുതുകയും ജീവിത വീക്ഷണം തികച്ചും വേറിട്ടതാവുകയും ചെയ്യുന്നു എന്ന് ഉടൽ ഭൗതികത്തിന്റെ ആമുഖം തന്നെ പറയുന്നു. ആദ്യ പരീക്ഷണം അല്ലാ ഇതെങ്കിലും അമലിന്റ കൽഹണനും വി എം ദേവദാസിന്റെ പന്നിവേട്ടയും ടി ഡി രാമകൃഷ്ണന്റെ ഫ്രാൻസിസ് ഇട്ടിക്കോരയുമൊക്കെ സ്വീകരിക്കപ്പെട്ട പോലെ ഉടൽ ഭൗതികവും സ്വീകരിക്കപ്പെടും. പ്രഥമ കാരൂർ പുരസ്കാരത്തിന് ഇതിനെ തെരഞ്ഞെടുത്തതെന്ത് എന്ന ഔത്സുക്യത്തോടെ വായനയിലേക്ക് കടന്ന ശേഷം കൃതിയിലൂടെ കടന്ന് പോകുമ്പോൾ തന്നെ നമുക്ക് അതിന്റെ ഉത്തരവും ലഭിക്കുന്നു. നോവൽ എന്താണ് / ആകണം എന്നതിനെ പറ്റി തന്റെ വീക്ഷണം ഷിനിലാൽ തുടക്കത്തിൽ തന്നെ പറയുന്നുണ്ട്. "അജൈവ മൂലകങ്ങൾ കൂടി ചേർന്ന് ഞാൻ / നീ ജനിക്കുന്നു... എന്റെ/ നിന്റെ ഉടൽ ഒടുവിൽ വിഘടിച്ച് അജൈവ മൂലകങ്ങൾ ആയി വീണ്ടും പിരിയുന്നു. നായിൽ / നരിയിൽ പുനർജനിച്ചു. അതിനിടയിൽ ഭൂമിയിൽ ഉടൽ കാട്ടിക്കൂട്ടുന്ന വിക്രിയകളാണ് ജീവിതം" ജീവിതത്തെ എത്ര കൃത്യമായി നിർവ്വചിച്ചിരിക്കുന്നു. അതു തന്നെയത്രേ ചരിത്രം / സംസ്കാരം / നോവൽ. ജീവിതം തന്നെയാണ് നോവൽ എന്നതിനാൽ നോവൽ പുരോഗമിക്കുമ്പോൾ നോവലിസ്റ്റ് തന്നെ നോവലിലേക്ക് പ്രവേശിക്കുക സ്വാഭാവികം. അതാണ് ഉടൽ ഭൗതികത്തിൽ സംഭവിക്കുക.

പുസ്തക പരിചയം: മൗനത്തിന്റെ പാരമ്പര്യ വഴികൾ

                             മോഹൻലാലിന്റെ വിയറ്റ് നാം കോളനി  കണ്ടവർ ആരും റാവുത്തരെ മറക്കില്ല; മുഖത്ത് വസൂരിക്കലയുള്ള ആജാന ബാഹുവായ റാവുത്തരെ! തമിഴ്നാടിലും കേരളത്തിലെ തെക്കുകിഴക്കൻ ഭാഗങ്ങളിലും ആണ് റാവുത്തർമാർ അധിവസിക്കുന്നത്. ഇവർ വീര കേസരികൾ ആണെന്നാണ് ലഭ്യമായ ചരിത്രം. മലയാള സാഹിത്യത്തിൽ ഇവരുടെ പൈതൃകം വെളിച്ചത്ത് കൊണ്ട് വരുന്ന കൃതികൾ വന്നിട്ടില്ലെന്നാണ്‌ തോന്നുന്നത്. ഗോത്ര പഴമയും സംസ്കാരവും ത്രസിപ്പിക്കുന്ന ഭാഷയിൽ എഴുതപ്പെട്ടാൽ അത് കാലാദിവർത്തി ആവുക തന്നെ ചെയ്യും. യു ഏ ഖാദറിന്റെ തൃക്കോട്ടൂർ പെരുമയും ജോണി മിറാൻഡയുടെ ജീവിച്ചിരിക്കുന്നവർക്ക് വേണ്ടിയുള്ള ഒപ്പീസും ഏറെക്കുറെ ഇത്തരത്തിൽ വിജയിച്ച കൃതികളാണ്. ഒത്തിരി വായനാതൃപ്തി നൽകിയ ഒരു കഥാസമാഹാരത്തിന്റെ വായനയെ അവതരിപ്പിക്കാനാണ് ഇത്രയും പറഞ്ഞത്. റി ജാം വൈ റാവുത്തർ എഴുതിയ ഗ്രീൻ പെപ്പർ പബ്ലിക്ക പുറത്തിറക്കിയ മൗനത്തിന്റെ പാരമ്പര്യ വഴികൾ. കഥ പറയുന്ന ശൈലി കൊണ്ടും മികവാർന്ന ഭാഷ കൊണ്ടും ഇത് വേറിട്ടു നിൽക്കുന്നു. ശ്രദ്ധിക്കപ്പെടാതെ പോകരുതേ എന്ന് നല്ല വായനക്കാരൻ കരുതിപ്പോകും.