Sunday 13 April 2014

സമയമില്ല പോലും !!!

                 ജീവിതത്തെ പല തലത്തിലും നിര്‍വചിച്ചിട്ടുണ്ട്. എങ്കിലും ഏറ്റവും ലളിതമായ നിര്‍വചനം കാലത്തെ അധിഷ്ടിതമാക്കിയതാണെന്നു തോന്നുന്നു. ജീവിതംആണെങ്കിൽ x = f (t ) എന്ന് പറയാം. t എന്നത് സമയം അഥവാ time. നിര്‍ദ്ദിഷ്ട   സമയം കൊണ്ട് ജീവിതം ഓടി തീര്‍ക്കണം എന്നതത്രേ നമ്മുടെ ദൗത്യം. ഈ  അനുവദിക്കപ്പെട്ട സമയം എത്ര എന്ന് ആര്‍ക്കും  അറിയില്ല എന്നതാണ് ഏറ്റവും വലിയ പ്രശ്നം. തമാശ എന്താണെന്ന് വച്ചാല്‍ ജീവിക്കാന്‍ വേണ്ടി സമയം ചെലവഴിക്കുമ്പോള്‍ ജീവിക്കാന്‍ സമയം കിട്ടുന്നില്ല എന്നത് തന്നെ.

                  പല സുഹൃത്തുക്കളോടും വായിക്കാന്‍ ആവശ്യപ്പെടുമ്പോഴും, ചിലരോടെല്ലാം ഒന്ന് വിളിക്കാന്‍ പറയുമ്പോഴും, ചിലരോട് അവരുടെ ആരോഗ്യ പ്രശ്നങ്ങള്‍ക്കായി  ആശുപത്രിയില്‍  പോകാന്‍ പറയുമ്പോള്‍ പോലും ഉത്തരം "സമയമില്ല" എന്നതാണ്. സമയത്തെ ശാസ്ത്രം നിമിഷം, മണിക്കൂര്‍, ദിവസം, വര്‍ഷം  എന്നൊക്കെ വിഭജിച്ചു വച്ചിട്ടുണ്ട്. ആയിരത്തിലധികം patent  എടുത്ത മഹാ ശാസ്ത്രകാരന്‍ ന്യൂട്ടന്‍, വിഭിന്ന വിഷയങ്ങളെ പറ്റി  നമ്മെ അതിശയിപ്പിക്കും വിധം ബ്രഹത് ഗ്രന്ഥങ്ങള്‍ എഴുതിയഡോ. അംബേദ്‌കര്‍, രാഷ്ട്രീയ തിരക്കുകള്‍ക്കിടെ  ഏതാണ്ട് കിട്ടുന്നതൊക്കെ വായിച്ചു തീര്‍ത്ത  ഇ.എം.എസ്, പ്രധാന മന്ത്രി പണിക്കിടെ കുട്ടികള്‍ക്കൊപ്പം ഏറെ നേരം ചെലവഴിച്ച ജവഹര്‍ലാല്‍ നെഹ്‌റു  ഇവര്‍ക്കൊക്കെ  നമുക്ക് കിട്ടിയ അതെ സമയം മാത്രം അനുവദിക്കപ്പെട്ടു. എങ്ങനെ ഇവര്‍  ഇതൊക്കെ സാധിച്ചു? ഏതെങ്കിലും അന്യ ഗ്രഹത്തില്‍ നിന്നും അധിക സമയം അവര്‍ക്ക്  ആരും എത്തിച്ചു കൊടുത്തില്ലല്ലോ? അപ്പോള്‍ സമയം ഇല്ലായ്മ അല്ല പ്രശ്‌നം സമയം മാനേജു ചെയ്യുക എന്നത് തന്നെ ആണ്.