Sunday 25 October 2015

ദുബായ് പുഴ കടന്ന് കവിതകളുടെ ഇടയിലൂടെ

ദുബായ് പുഴ

പ്രവാസത്തിന്റെ ദിനാന്ത്യ കുറിപ്പുകൾ 

കൃഷ്ണ ദാസ് 

ഗ്രീൻ ബുക്സ് 
പേജുകൾ: 152 
ആദ്യ പ്രസിദ്ധീകരണം 2001 
16 എഡിഷൻ ഏപ്രിൽ 2014 
വില: രൂ. 130/- 

                "കടലിരമ്പം " വായിച്ചാണ് കൃഷ്ണദാസ് എന്ന എഴുത്തുകാരനെ ഞാൻ അറിഞ്ഞത്. അന്നേ "ദുബായ് പുഴ"യെ കേൾക്കുകയും ഞാൻ പ്രലോഭിതനാവുകയും ചെയ്തു. ഓർമ്മകളെ താലോലിക്കാനിഷ്ടപ്പെടാത്തത് ആരാണ്? ഓർമ്മകൾ ഒരു പക്ഷെ നൊമ്പരപ്പെടുത്തിയാലും അതിലും ഒരു സുഖം ഉണ്ട്. ഓർമ്മകളുടെ പുസ്തകങ്ങൾ എപ്പോഴും അതിനാൽ ഞാൻ കയ്യിലെടുക്കാറുണ്ട്, ഇടയ്ക്കിടെ അത് വഴി കടന്നു പോകാൻ.

           ആട് ജീവിത വിജയ ശേഷം പ്രവാസ കുറിപ്പുകളും കഥകളും ഏറെ വന്നു. 2001 ലാണ് ഈ പുസ്തകം ആദ്യം പ്രസിദ്ധീകരിച്ചത്. ഇപ്പൊ പതിനാറു എഡിഷൻ ആയി. പ്രവാസികളും തദേശവാസികളും അനവധി ഇതിൽ കൂടി കടന്നു പോയിട്ടുണ്ടാകും. എനിക്ക് ഈ പുസ്തകത്തിന്റെ വായന ഒരു കവിതയായി മാറി. വൈലോപ്പിള്ളിയും ഓ എൻ വിയും നിസാർ ഖുബ്ബാനിയും ബാദർ ഷാക്കിറും പി കുഞ്ഞിരാമൻ നായരും ഉമറുൽ ഖൈസും സയ്യാബും ഗാസിയും റിംബാദും സമരനും അയ്യപ്പ പണിക്കരും ഒമർ ഖയ്യാമും ഇതിൽ കവിതകൾ ചൊല്ലുന്നു. ഒപ്പം  കൃഷ്ണദാസിന്റെ ഗദ്യവും കവിതയാകുന്നു.