Tuesday, 29 October 2013

ബ്ലോഗെഴുത്തിനെ വിലയിരുത്തുമ്പോള്‍ - ഭാഗം നാല്മുഖ്യധാര എന്ന് വിലയിരുത്തപ്പെടുന്ന അച്ചടി മാധ്യമത്തേക്കാൾ വില കുറഞ്ഞത്‌ എന്ന വാദങ്ങളെ പിന്തള്ളി  ബ്ലോഗ്ഗെഴുത്ത്‌ നന്നായി വായിക്കപ്പെടുന്ന ഒരു കാലഘട്ടത്തിലാണ് ഈ വിലയിരുത്തലിന്റെ നാലാം ഭാഗം എഴുതുന്നത്‌. ഇ-മഷി യുടെ വാർഷിക പതിപ്പ് പ്രിന്റ്‌ വേർഷൻ ഇറക്കി ബ്ലോഗ്‌ രംഗത്ത്‌ മറ്റൊരു വെന്നിക്കൊടി പാറിച്ചും കഴിഞ്ഞു. വ്യത്യസ്തരായ നാല് ബ്ലോഗ്ഗർമാർ പതിവ് പോലെ ഇത്തവണയും വിലയിരുത്തപ്പെടുന്നു. കഴിഞ്ഞ രണ്ടു വർഷങ്ങൾക്കുള്ളിൽ രണ്ടു ബ്ലോഗ്ഗുകളിലായി നൂറ്റി അറുപതിലധികം  പോസ്റ്റുകൾ എഴുതിയ പ്രവീണ്‍ ശേഖർ, കുട്ടി ബ്ലോഗ്ഗർ ത്വൽഹത്ത് ഇഞ്ചൂർ , ഊർക്കടവ് എന്ന ഗ്രാമത്തെ ഭംഗിയായി അവതരിപ്പിക്കുന്ന ഫൈസൽ ബാബു, ഓർമ്മകളെ താലോലിക്കുന്ന ആർഷാ  അഭിലാഷ് എന്നിവരാണിവർ.

പ്രവീണ്‍ ശേഖർ 

പ്രവീണങ്ങൾ - എന്റെ തോന്നലുകൾ 

                     സാമൂഹ്യ പ്രശ്നങ്ങൾ, മതം ഇങ്ങനെ വിവാദം ആക്കാൻ വകുപ്പുള്ള വിഷയങ്ങളെ ഒട്ടുമേ വിവാദത്തിനു ഇടം കൊടുക്കാതെ സ്നേഹപൂർവ്വം പരാമർശിക്കുന്ന ലേഖനങ്ങൾ, രസകരമായ യാത്രാ കുറിപ്പുകൾ , സ്നേഹവും സൌഹൃദവും ഹൃദ്യമായി പങ്കു വയ്ക്കുന്ന അനുഭവ കുറിപ്പുകൾ, കഥകൾ, പലവക എന്ന് പറയാവുന്ന ഇനങ്ങൾ ഇവ ചേർന്ന് 85 പോസ്റ്റുകളാണ് പ്രവീണങ്ങളിൽ ഉള്ളത്.  ജീവിതത്തെ പറ്റി ആഴത്തിലുള്ള ചിന്താശീലുകൾ, പ്രണയ സങ്കൽപ്പങ്ങൾ ഇവ ഒക്കെ ഇതിൽ ചേർന്നിരിക്കുന്നു 

             വർഗ്ഗീയത ഏറെ ചർച്ച ചെയ്യപ്പെടുന്ന വിഷയമാണ്. എന്താണ് വർഗ്ഗീയത എന്ന പോസ്റ്റിൽ ലളിതമായി അതിനെ വിവക്ഷിക്കുന്നു. "ഒരാള്‍ക്ക്‌ സ്നേഹം നിഷേധിക്കുന്നതാണ് വര്‍ഗീയത. സ്നേഹത്തെ വര്‍ഗീയവല്‍ക്കരിക്കുന്നവനാണ് യഥാര്‍ത്ഥ വര്‍ഗീയവാദി." മതങ്ങളിലൂടെ സഞ്ചരിക്കുമ്പോൾ എന്ന പോസ്റ്റിൽ എല്ലാ മതങ്ങളും ഒരേ സാരാംശം ഉണർത്തുന്നു എന്ന ചിന്തയിൽ ലേഖകൻ  എത്തി ച്ചേരുന്നു. "അടിസ്ഥാനപരമായി നോക്കുമ്പോള്‍ എല്ലാ മതങ്ങളും പറഞ്ഞു ചെന്നെത്തുന്നത് ഏക ദൈവ വിശ്വാസത്തില്‍ തന്നെയാണ്. ഹിന്ദുക്കളില്‍ പരക്കെ കാണുന്ന വിഗ്രഹാരാധനയും , ക്ഷേത്ര ദര്‍ശനവും എല്ലാം ചില ആചാരങ്ങള്‍ മാത്രം. പരബ്രഹ്മം എന്ന ഏക ദൈവ ആശയത്തിലെക്കാണ് ഒടുക്കം എല്ലാവരും ചെന്നെത്തുന്നത്. മറ്റൊരു വാക്കില്‍ പറഞ്ഞാല്‍ സര്‍വശക്തനായ ദൈവത്തിലേക്ക് തന്നെയാണ് എത്തിപ്പെടുന്നതും  എന്നും പറയാം. എന്നിട്ടും എന്ത് കൊണ്ടോ മനുഷ്യര്‍ പലരും ഓരോ മതത്തിന്‍റെ  വക്താക്കളായി മാത്രം മാറപ്പെടുന്നു. "  ഒരു പടി കൂടി കടന്നു രാജ്യവും മതവും ഒന്നും മനുഷ്യനെ വേർതിരിക്കാതിരിക്കട്ടെ എന്ന ഉത്തമ ചിന്തയിലും എത്തിപ്പെടുന്നു. സത്യമേവ ജയതേ ഭാരതമെന്നു കേട്ട് അഭിമാന പൂരിതമാകുന്ന ഒരുവന്റെ മനസ്സാണ് ബുദ്ധനും പ്രവാചകനും നിസ്സഹായരാകുന്ന കാലത്ത് മനുഷ്യത്വം നിറഞ്ഞു നില്ക്കുന്ന മനസ്സ് വിമ്മി പൊട്ടുന്നത് നാം കാണുന്നു.  " "ബുദ്ധനും പ്രവാചകനും പഠിപ്പിച്ച  ആത്മീയ വചനങ്ങള്‍ക്കും ദൈവ വചനങ്ങള്‍ക്കും  ചെവി കൊടുക്കാതെ രണ്ടു രാജ്യങ്ങളും ആര്‍ക്കൊക്കെയോ നേരെ ആക്രോശിക്കുന്നു. മ്യാന്മറിനും ബംഗ്ലാദേശിനും ഇടക്കുള്ള സമുദ്രാതിര്‍ത്തിയില്‍  അഭയാര്‍ഥികള്‍ എന്ന് കപട വിധിയെഴുതപ്പെട്ട  ഒരു ജനതയ്ക്ക് മുന്നില്‍ ബുദ്ധനും പ്രവാചകനും ഒന്നും മിണ്ടാതെ , നിസ്സഹായരായി നില്‍ക്കുകയാണ്". ഓണ്‍ലൈൻ ചർച്ചകളിൽ സമീപ കാലത്ത് കാണുന്ന പ്രവണതകളെയും ലേഖകൻ  ഓണ്‍ലൈൻ വ്യക്തി ജീവിതം എന്ന തലക്കെട്ടിൽ വിശകലനം ചെയ്യുന്നു. പൊതുവേ പ്രവീണങ്ങളിലെ പോസ്റ്റുകളുടെ കമെന്റുകളും തുടർ ചർച്ചകളും ഒക്കെ മികച്ച നിലവാരം പുലര്ത്തുന്നു. 

                   പ്രവീണിന്റെ കഥകളിൽ  ജീവികൾ പലപ്പോഴും പ്രധാന കഥാപാത്രമാകുന്നു. ചിന്നൻ എന്ന എലി നമുക്ക് എങ്ങനെയോ പ്രിയപ്പെട്ടവൻ ആകുന്നു.  "ഒന്നുമറിയാതെ ഉറങ്ങുന്ന നങ്ങേലിയെ നോക്കിക്കൊണ്ട്‌ ചിന്നന്‍  നെടുവീര്‍പ്പിട്ടു. ഇന്നല്ലെങ്കില്‍ നാളെ ഈ തട്ടിന്‍പുറം പൊളിക്കപ്പെട്ടെക്കാം. അന്ന് നങ്ങേലിയെയും ഈ കുഞ്ഞിനേയും കൊണ്ട് താന്‍ എങ്ങോട്ട് പോകും എന്നോര്‍ത്തു കൊണ്ട് ചിന്നന്‍ ആശങ്കപ്പെട്ടു കൊണ്ടേയിരുന്നു." ഈ ചിന്നന്റെ ആശങ്ക നമ്മിലേക്കും സംക്രമിക്കുന്നു. വിശ്വാസങ്ങളെ ഊട്ടി ഉറപ്പിക്കുക ഒന്നുമല്ല ലക്‌ഷ്യം എങ്കിലും കാലൻ  കോഴി അറിയാതെ നമ്മെ അങ്ങനെ വിശ്വസിപ്പിക്കുന്നു. പൂച്ചകൾ ഇപ്പോഴും കരയുന്നു ഒരു പ്രണയ കഥ തന്നെ. അതിൽ പൂച്ച ഒരു ബിംബം പോലെ പ്രത്യക്ഷപ്പെടുന്നു. "വര്‍ഷങ്ങള്‍ കഴിഞ്ഞ ശേഷവും, ഇന്നും  പൂച്ചകള്‍ കരയുമ്പോള്‍ എനിക്ക് ഓര്‍മ വരുന്നത്  മരണത്തിന്‍റെ വീട്ടുമുറ്റത്ത് ഒരു കാഴ്ചക്കാരനായി മാത്രം നില്‍ക്കുന്ന എന്‍റെ പഴയ ബാല്യമാണ്. ഇന്ന് പത്മിനി ചേച്ചിയെ എന്‍റെ വിവാഹത്തിനു ക്ഷണിക്കാന്‍ വേണ്ടി പോയപ്പോഴും , അവിടെ വളര്‍ത്തുന്ന പൂച്ചകള്‍ എന്‍റെ കാലില്‍ തഴുകി കൊണ്ട് കരഞ്ഞു. പൂച്ചകളുടെ കരച്ചിലില്‍ മരണത്തിന്‍റെ മുഴക്കമുണ്ട് , താളമുണ്ട് , ഓര്‍മപ്പെടുത്തലുകളുണ്ട്. എന്നിട്ടും പൂച്ചകളെ ഇന്നും ഞാന്‍ ഇഷ്ടപ്പെടുന്നു, ഒരു പക്ഷെ പണ്ടത്തെക്കാളും കൂടുതല്‍...,.." ജീവികളെ കഥയോട് ചേർത്ത് വച്ച് തകഴിയും (വെള്ളപോക്കത്തിൽ) ടി പദ്മനാഭനും (ശേഖൂട്ടി) ലളിതാംബിക അന്തർജ്ജനം (മാണിക്കൻ) ഒക്കെ കഥകൾ  എഴുതിയിട്ടുണ്ട്. പ്രവീണും ആ പാതയിൽ മെല്ലെ ചരിക്കുന്നു. 

                          കൊന്നിട്ടും കൊന്നിട്ടും മതി വരാതെ എന്ന കഥയെ ഹാസ്യ കഥ ആയി ചില വായനക്കാർ തെറ്റിദ്ധരിച്ചെങ്കിലും ബിംബങ്ങളെ ഫലപ്രദമായി ഉപയോഗപ്പെടുത്തിയ ഒരു കഥയാണത്. ഒരു കൊച്ചു ബഡായി കഥയിൽ  നാട്ടിൻ പുറത്തിന്റെ നന്മകൾ ചേർന്നിരിക്കുന്നു. ഒടിയനിലും ഇത്തരം കഥാപാത്രത്തെ രസകരമായി അവതരിപ്പിച്ചിരിക്കുന്നു. സ്ഥല പരിമിതി മൂലം ഇവിടെ പരാമർശിക്കാത്ത മറ്റു കഥകളും വായനാ സുഖം പകരുന്നു.

                  കാക്കപുള്ളിയിൽ നമ്മുടെ ഇടയിലുള്ള ആ പെണ്‍കുട്ടിയെ  അതീവ ഹൃദ്യമായി അവതരിപ്പിക്കുന്നു."തട്ടിന്‍ മുകളിലെ ആ പഴയ അലമാര കണ്ണാടിയില്‍ അവള്‍ മറ്റാരുടെയോ മുഖത്തേക്കെന്ന പോലെ  നോക്കി നിന്നു . കണ്ണാടിയോട് കൂടുതല്‍ ചേര്‍ന്ന് നിന്ന ശേഷം കൈ കൊണ്ട് ചുണ്ടിലെ ആ കാക്കപ്പുള്ളിയെ തൊട്ടു നോക്കി. പിന്നെ കൈ കൊണ്ട് അതിനെ മറച്ചു പിടിച്ചു. എന്നിട്ടവള്‍ കണ്ണാടി നോക്കി എന്തിനോ പൊട്ടിക്കരഞ്ഞു " ഞാനും എന്റെ പ്രണയവും പിന്നെ  പ്രണയിനിയും ഭാഷയുടെ മികവു കൊണ്ട് ശ്രദ്ധേയമാണ്. പൂ ചൂടാത്ത പെണ്ണിലെ മുത്തിയമ്മയും മല്ലിയും കഥ വായിച്ചു കഴിഞ്ഞും കുറെ നേരം നമ്മോടൊപ്പം കഴിയും എന്നത് തർക്കമുള്ള കാര്യമല്ല. 

                     പദ്മരാജനെകുറിച്ചും കവി എ അയ്യപ്പനെകുറിച്ചും എഴുതപ്പെട്ട കുറിപ്പുകൾ നമ്മെ സ്പർശിക്കുന്നു. " അദ്ദേഹം പറഞ്ഞു മുഴുമിപ്പിക്കാതെ പോയ കഥകള്‍ പറയാന്‍ ഇനിയും വരുമായിരിക്കും .  ആ ഗന്ധര്‍വ  സംവിധായകനോട്  മനസ്സില്‍ അടങ്ങാത്ത പ്രണയവുമായി , പറഞ്ഞു മുഴുമിപ്പിക്കാത്ത  നക്ഷത്ര രാജകുമാരന്‍റെ ബാക്കി കഥ കേള്‍ക്കാന്‍,ഞാന്‍ കാത്തിരിക്കുന്നു.  പാലകള്‍ പൂക്കുന്ന ദിവസങ്ങളില്‍ ഗന്ധര്‍വലോകത്ത് നിന്നും അദ്ദേഹം തീര്‍ച്ചയായും ഇനിയും വരും."   "ജീവിതത്തിലെ നാടകീയതകളെ വെല്ലു വിളിച്ച ഒരു സാധാരണ മനുഷ്യന്‍, ഒളി മറകള്‍ ഇല്ലാതെ ജീവിക്കാന്‍ ഇഷ്ട്ടപ്പെട്ട ഒരു പച്ചയായ മനുഷ്യന്‍., അങ്ങിനെ പലതുമായിരുന്നു അയ്യപ്പേട്ടന്‍"

                  അസാധ്യ ഡ്രൈവിംഗ് പോലുള്ള അനുഭവ കുറിപ്പുകളിൽ ഒത്തിരി പ്രതീക്ഷ വേണ്ടെങ്കിലും രസകരമായി വായിച്ചു പോകാൻ കഴിയുന്നുണ്ട്. തമ്പിയെന്ന കൂട്ടുകാരനെ പറ്റി ഒക്കെ എഴുതിയത് വായിച്ചു നമുക്കും കലാലയ ജീവിതതിലെക്കൊന്നു മടങ്ങാം. ഒടുക്കത്തെ സാഹസിക യാത്രയും കോയമ്പത്തൂർ യാത്രയും നമ്മെ രസിപ്പിക്കാതിരിക്കില്ല. എന്റെ കുറച്ചു സ്വപ്‌നങ്ങൾ, എത  തുടങ്ങിയ പലവകയിൽ പോലും ചില മുത്തുകൾ ദർശിക്കാം.

                   മാനുഷിക മൂല്യങ്ങളെ ഉയരത്തി പിടിക്കുന്ന ഒട്ടേറെ പോസ്റ്റുകളിൽ ഒരു ഉദാഹരണം മാത്രം പറയാം. ഇന്ന് ഞാൻ നാളെ നീ   "മനുഷ്യന്‍ ആരാണ് ? എന്താണ് എന്നൊക്കെ മനസിലാക്കാന്‍ ഏറ്റവും എളുപ്പം ആശുപത്രികള്‍ സന്ദര്‍ശിക്കുകയാണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട് .  അപകടം പറ്റി കിടപ്പിലായവരും ,  കാന്‍സര്‍ പോലെ ഗുരുതര രോഗങ്ങള്‍  ബാധിച്ചു  ചികിത്സ തേടിയെത്തുന്ന  രോഗികളും,   മരണത്തോട് മല്ലിടുന്നവരും  അങ്ങിനെ കുറെ പേര്‍ ആശുപത്രി മുറികളില്‍ ഉണ്ടാകും. ആ പരിസരത്തിലൂടെ ഒരല്‍പ്പ നേരം സഞ്ചരിക്കുമ്പോള്‍ നമുടെ മനസ്സിലേക്ക് കയറി വരുന്ന തത്വശാസ്ത്രം  ആരും പഠിപ്പിച്ചു തരുന്നതല്ല എന്നതാണ് വിചിത്രം. " 

              പ്രവീണിന്റെ തന്നെ ശൈലിയിൽ പറഞ്ഞാൽ ആകെ മൊത്തം ടോട്ടൽ വായിച്ചു രസിക്കാവുന്ന ഒരു ബ്ലോഗ്‌ എന്ന് പറഞ്ഞു അവസാനിപ്പിക്കാം. ആദ്യ പോസ്ടുകളേക്കാൾ മികവും കയ്യടക്കവും പിൽകാല പോസ്റ്റുകളിൽ കാണുന്നു. പോസ്റ്റുകളുടെ എണ്ണം വല്ലാതെ കൂടി എന്നതൊരു കുറ്റമായി  പറയാമോ എന്നെനിക്കറിയില്ല. വായനയുടെ കരുത്ത് കൂടി ഉണ്ടായിരുന്നെങ്കിൽ ഭാഷ ഒന്ന് കൂടി മനോഹരമായേനെ. തേച്ചു മിനുക്കി പ്രവീണ്‍ ഭാഷയുടെ കാന്തിയും മൂല്യവും വർദ്ധിപ്പിക്കട്ടെ എന്നാശംസിക്കുന്നു. ഒരു ബ്ലോഗ്‌ വായിച്ച പ്രവീണ്‍ മരിച്ച ആളുടെ ബ്ലോഗ്‌ എന്ന പേരിൽ ഇട്ട പോസിൽ പറയുന്നത് പോലെ "ചിലപ്പോള്‍ എന്‍റെ തോന്നലുകള്‍ മാത്രമായി ഇത് മറ്റുള്ളവര്‍ കണ്ടേക്കാം, എന്തായാലും ആ   ബ്ലോഗ്‌ എനിക്ക് ഒരുപാട് ഇഷ്ടമായി. സത്യത്തിലേക്ക് യാത്ര ചെയ്യാന്‍ കൊതിക്കുന്ന ഒരാളുടെ വെമ്പലുകള്‍ എനിക്കിതില്‍ കാണാന്‍  സാധിച്ചു . പിന്നീടു ഞാന്‍ ആ ബ്ലോഗ്‌ തിരഞ്ഞു നോക്കിയെങ്കിലും കണ്ടില്ല. ഇനി അതൊരു പക്ഷെ മരിച്ച ഏതെങ്കിലും ആളുടെ ബ്ലോഗായിരിക്കുമോ ? നാളെ ഇനി ഞാനും..എന്‍റെ ബ്ലോഗും...."

സിനിമാ വിചാരണ 

"....ഒരു വര്‍ഷം സുഖമായി അലഞ്ഞു. മനസ്സില്‍ എന്നും സിനിമ മാത്രമായിരുന്നു......"   

                 പ്രവീണിന്റെ ജീവ ചരിത്രം സ്വയം രേഖപ്പെടുത്തിയതിൽ ഇങ്ങനെയാണ് പറയുക സിനിമാ വിചാരണയിൽ പോസ്റ്റുകളുടെ എണ്ണം താമസിയാതെ നൂറു കവിയും. ആദ്യമൊക്കെ കാണുന്ന എല്ലാ സിനിമയെ പറ്റിയും എന്തെങ്കിലും എഴുതുക എന്നതായിരുന്നു ശൈലി എന്ന് തോന്നുന്നു. വിലയിരുത്തലുകാരൻ അതിന്മേൽ ഒരു തെരഞ്ഞെടുപ്പു നടത്താൻ നിർബന്ധിതനാകുന്നു. വിചാരണകളെ മൂന്നായി തരം  തിരിക്കുന്നു - ഹോളീ വുഡ്, ബോളീവുഡ്, മല്ലൂവുഡ് . 

                          സാമൂഹ്യ ജീവിതത്തെ നന്നായി നിരീക്ഷിക്കുന്ന എഴുത്തുകാരനെ തന്നെ ഈ വിചാരണയിലും ദർശിക്കാം. തട്ടത്തിൻ മറയത്തു എന്ന സിനിമയെ വിലയിരുത്തുമ്പോൾ കലയും സമൂഹവും എന്നത് തന്നെ പ്രധാന ചർച്ച . കുരുടൻ ആനയെ കണ്ട പോലെ സിനിമയെ വിമർശിക്കുന്നവർക്ക് പല പോസ്റ്റും ചുട്ട മറുപടി ആകും. എന്നാൽ ABCD പോലെ പടച്ചിറക്കുന്ന പടങ്ങളെ ഒരു ദയയും കാട്ടാതെ തകർത്ത് തരിപ്പണം ആക്കുന്നു പ്രവീണ്‍ "ആകെ മൊത്തം ടോട്ടൽ =  പഴകി പുളിച്ച  കഥയും, ഗൌരവ ബോധമില്ലാത്ത തിരക്കഥയും, അതിലെ തന്നെ  അശ്ലീല സംഭാഷണങ്ങളും, ന്യൂ ജനറേഷൻ കുരുത്തക്കേടുകളുടെ ദൃശ്യാവിഷ്ക്കാരവും,"  എങ്കിലും ഒടുവിൽ സിനിമാക്കാരോട് ഒരു മയം ഉള്ളതിനാൽ "കണ്ടിരിക്കാം.." എന്ന് പറയുകയും ചെയ്യും. 

                          ഒരു ചെറു പുഞ്ചിരി പോലെ ബോക്സാഫീസിൽ ഹിറ്റ്‌ ഒന്നുമാവാത്ത നല്ല പടങ്ങളെ ഈ ബ്ലോഗിൽ നന്നായി പരാമർശിക്കുന്നു. ഇതിന്റെ കഥയിൽ പോലും കഥ എഴുതിയ എം ടി യെ അതിശയിപ്പിക്കുന്ന പക്വത വിചാരണ ക്കാരൻ കാട്ടുന്നു. "എന്തെങ്കിലും  എതിര്‍പ്പ് നേരിടേണ്ടി വന്നാല്‍ അടുത്ത ട്രെയിനില്‍ കാമുകനെയും കൂട്ടി കൊണ്ട് തറവാട്ടിലേക്ക് വരാനും അവിടെ വച്ച് കല്യാണം നടത്തി തരാമെന്നുമാണ് കുറുപ്പ് കൊച്ചു മകള്‍ക്ക് കൊടുക്കുന്ന വാഗ്ദാനം. ജീവിത പരിചയവും അനുഭവ സമ്പത്തും ഏറെയുള്ള  കുറുപ്പിനെ പോലെയുള്ള ഒരു പഴയ കാലഘട്ടത്തിന്‍റെ വക്താവ്,  നാട്ടുകാരുടെയും അയല്‍വാസികളുടെയും കാര്യത്തിലെടുക്കുന്ന തീരുമാനങ്ങളുടെ അത്ര പോലും പക്വത സ്വന്തം കുടുംബത്തിലെ ഒരംഗത്തിന്റെ കാര്യത്തില്‍ എടുത്തില്ല എന്ന് ചിലപ്പോള്‍ തോന്നിയേക്കാം. "

                        ആമേൻ സിനിമയുടെ വിചാരണ ഉൾപ്പടെ പലതിലും സിനിമയുടെ സാങ്കേതികത, ചിത്രീകരണം, എഡിറ്റിംഗ് ഇവ ഒക്കെ പരാമർശിക്കുന്നതായി കാണാം. വെറുതെ ഒരു സിനിമ കണ്ടു എന്തെങ്കിലും എഴുന്നള്ളിക്കലല്ല ഈ വിചാരണ. പക്ഷെ ആദ്യ പോസ്ടുകളെക്കാൾ പക്വതയാര്ന്ന സമീപനം പില്കാല വിചാരണകളിൽ കാണാം.

                   സെല്ലുലോയിഡു കണ്ട എന്റെ മനസ്സിൽ തോന്നിയതൊക്കെ അത് പോലെ പ്രവീണ്‍ എഴുതി വച്ചത് കണ്ടപ്പോ അതിശയം  തോന്നി. " വിഗതകുമാരന്റെയും മലയാള സിനിമയുടെയും  പിതാവായ ജെ. സി. ഡാനിയലിന് വളരെ വൈകിയ വേളയിലെങ്കിലും ഒരു സിനിമയിലൂടെ കൊടുക്കുന്ന പൂർണ ആദരവും സമർപ്പണവും കൂടിയാണ് കമലിന്റെ സെല്ലുലോയ്ഡ് എന്ന് പറയാതെ വയ്യ.  ആ അർത്ഥത്തിൽ, മലയാള സിനിമാ ചരിത്രത്തെ  തികഞ്ഞ ആത്മാർത്ഥതയോടെ, അതിന്റേതായ മികവോടെ  അഭ്രപാളിയിൽ ആവിഷ്ക്കരിക്കുകയും, അതോടൊപ്പം ഈ സിനിമ  നിർമിക്കുന്നതിനും കൂടി സന്മനസ്സ് കാണിക്കുകയും ചെയ്ത കമൽ തന്നെയാണ് മലയാള സിനിമയുടെ എന്നെന്നത്തെയും ചരിത്രകാരൻ. "  ഈ അഭിപ്രായം തന്നെ എന്റെതും; ഒരു പക്ഷെ കണ്ടവർക്കൊക്കെയും.

                                 മറ്റു ഇന്ത്യൻ സിനിമകളിൽ ഹിന്ദി പടങ്ങളാണ് കൂടുതൽ വിചാരണ ചെയ്യപ്പെടുന്നത്. തൊട്ടു പിന്നിൽ  തമിഴും.പറയേണ്ടത് പറയുന്ന ശൈലി തന്നെ ഇവിടെയും. ഇംഗ്ലീഷ് പടങ്ങളിൽ കൂടുതലും സാങ്കേതിക മികവിന്റെ വിശകലനം ആണ് മുഖ്യം. ബ്ലാക്ക് ബ്യൂട്ടി പോലുള്ള ക്ലാസ്സിക്കുകളെയും വിചാരണക്കെടുക്കുന്നു പ്രവീണ്‍. ഈ വിചാരണ സിനിമയെ സ്നേഹിക്കുന്നവര്ക്കൊരു മുതൽ കൂട്ട് തന്നെ...സംശയമില്ല.
                

ആർഷാ  അഭിലാഷ് 

മറക്കാതിരിക്കാനായി മാത്രം 

        കഥയും കവിതയും പ്രകൃതിയും മുതൽ 'വട്ടു ചിന്ത വരെ ഓർമ്മയിലോളിപ്പിക്കുന്ന ആര്ഷ ബ്ലോഗ്‌ എഴുതുന്നത്‌ തന്നെ തന്നെ മറക്കാതിരിക്കാനാണ്‌. എണ്ണ ത്തിലും വണ്ണ ത്തി ലും ഈ ബ്ലോഗ്‌ പിന്നോട്ടല്ല. 2008 മുതൽ 80 ല് പരം പോസ്റ്റുകൾ. കവിതകളാണ് ഏറെയും ..ചില കവിതകളെ കവയിത്രി തന്നെ വട്ടു ചിന്തകളായി വിശേഷിപ്പിച്ചിരിക്കുന്നു. ഓര്മ്മകളുടെ മയിൽപീലിതുണ്ടുകൾ ഹൃദയത്തില സൂക്ഷിക്കുന്ന ഈ ബ്ലോഗ്‌ കണ്ടെത്താൻ വൈകിയതിൽ വിഷമം തോന്നി.

" മലയെഴുതി മണലെഴുതി
കരിമ്പാറ കെട്ടുകളെഴുതി
വയല്‍വരമ്പോടിയ
കഥകളെഴുതി ഞാന്‍,
മകനൊരു കഥയ്ക്കുള്ള
കടലാസ് കരുതിയില്ല ."
          കാത്തു വച്ചില്ല എന്ന് കവയിത്രി വിലപിക്കുന്നത് സത്യമല്ലേ? പുതു തലമുറയുടെ നഷ്ടങ്ങൾ നാം വരുത്തി വച്ചതല്ലേ? 

              പ്രലോഭനങ്ങൾ മനുഷ്യനെ എത്ര മാത്രം സ്വാധീനിക്കുന്നു? അവയുടെ ചില ചിറകടിയൊച്ചകള്‍  കേട്ടാലും ...
"നീ കാണാത്ത ആകാശങ്ങള്‍ കാട്ടിത്തരാം
എന്നൊരു വീണ്‍വാക്ക്  അതിന്‍റെ പിളര്‍ന്ന
ചുമന്ന കൊക്കുകളില്‍ ഇരുന്നു വിറച്ചിരുന്നു."

           തിരു അത്താഴ ശേഷം യൂദാസിനെ പറ്റി യേശു കരുതുന്നത് കവയിത്രിയുടെ ഭാഷയിൽ ഇങ്ങനെ 
"പറയട്ടെ പ്രിയരേ, അവനാണ്
ആദമിന്‍ പരമ്പര കാത്തവന്‍
എന്‍റെ പിതൃ വചനം-കല്‍പ്പന
തെറ്റാതെ കാത്തവന്‍ ,
എന്നരുമ ശിഷ്യന്‍ ! "
എല്ലാം വചനം എന്ന കവിതയിൽ ഇങ്ങനെ ചൊല്ലാൻ കവയിത്രിയെ പ്രേരിപ്പിക്കുന്നതെന്തു? ദൈവം അറിയാതെ ഒരില പോലും അനങ്ങില്ലല്ലോ?
സംഭവാമി യുഗേ യുഗേ..

"അതിനു കാരണം ചില കരകളെ
ഞാന്‍  സൃഷ്ടിക്കുകയും
മറ്റു ചിലവന്‍ കരകള്‍
എന്നെ സൃഷ്ടിക്കുകയും
ചെയ്തതിനാല്‍ ആകാം !"  
എന്നത് 
"അതിനു കാരണം ചില കരകളെ
ഞാന്‍  സൃഷ്ടിക്കുകയും
മറ്റു ചില വന്‍കരകള്‍
എന്നെ സൃഷ്ടിക്കുകയും
ചെയ്തതിനാല്‍ ആകാം !"
എന്നതും തമ്മിൽ നേരിയ വ്യത്യാസം ശ്രദ്ധയിൽ പെട്ടുവോ? (തിരയും തീരവും പുഴയും തീരവും

"എന്നെയാ തെക്കേയറ്റത്ത്
മുത്തശി മാവിന്‍റെ താഴെ
ഒരു പിടി മണ്ണിട്ട് പൂവിട്ട്
അടക്കിയാല്‍ മതി -
അവിടെ നിന്നും എന്‍റെ
ഓര്‍മ്മകളില്‍ നിന്ന്
ഓണം വരുമ്പോളോരു
തുമ്പയായി , കുളിച്ചു
തുടിക്കാന്‍  ദശപുഷ്പമായി
കര്‍ക്കിടത്തിലെ കറുകയായി
ഞാന്‍ ഉണര്‍ന്നു വന്നോളാം ."
ആഗ്രഹങ്ങൾ എത്ര വശ്യമാണ്.

"നാളേറെയെന്റെ  കണ്ണുകള്‍ പൊത്തിയ,
കൈവിരല്‍പ്പാടിനാല്‍ ചായങ്ങള്‍ പൂശിയ,
കോമരം കാട്ടി പേടിപ്പെടുത്തിയ,
കൌമാരത്തിന്റെ ഇടവഴിയിലെവിടെയോ
ഓര്‍മ്മയായ് മാറിയ കൂട്ടുകാരാ ."
നമ്മെ ബാല്യത്തിലേക്ക് കൂട്ടി കൊണ്ട് പോകതിരിക്കില്ലല്ലോ? (കൂട്ടുകാരാ )

"പിറന്നത്,ആരോടോ കടം വാങ്ങിയ
ഒറ്റക്കുപ്പായവുമായിട്ടായിരുന്നു
വളര്‍ന്നത്, ആര്‍ക്കും വേണ്ടാത്ത
നിഴലിന്റെ കറുപ്പില്‍ ചവുട്ടിയും."
ജീവിതത്തിന്റെ പകര്ന്നെഴുത്ത് തന്നെയല്ലേ?

           ഓർമ്മകളുടെ ചാരുത പകരുന്ന കുറെ ഏറെ പോസ്റ്റുകളും ഉണ്ട്. തണുത്ത ശരണം വിളികളും പിന്നൊരു കരോളും അതിൽ എടുത്തു പറയാം. പിച്ച നടക്കുവാൻ അമ്മ പഠിപ്പിച്ച പൊൽ ചിലമ്പൊച്ചയുതിരും  ബാല്യ കാലം കവയിത്രിയെ ഇപ്പോഴും ഹരം കൊള്ളിക്കുന്നു. മണ്ഡല കാലവും ക്രിസ്റ്റ്മസ് കാലവും ഒതൊരുമിക്കുന്ന ഒരു നോസ്ടാൽജിയ ! യാത്രക്കിടയിൽ കണ്ട മാലാഖ എന്ത് കൊണ്ടോ എന്നിൽ മദർ തെരേസയെ ഓര്മ്മിപ്പിച്ചു. "അവര്‍ എവിടെയാണ് ജോലി ചെയ്തിരുന്നത് എന്നെനിക്കറിയില്ല, ഞാന്‍ ഇറങ്ങുന്നതിനു ശേഷമാണ് ഇറങ്ങുന്നത് എന്നതിനാല്‍ വീടെവിടെ എന്നും അറിയില്ല, എന്തിനു പേര് എന്ത് എന്ന് പോലും അറിയില്ല.... പക്ഷെ ആ വ്യക്തി മനോഹരമായി ചിരിക്കുമായിരുന്നു, യാത്രയിലുട നീളം.." 

         പ്രകൃതിയുമായി ബന്ധപ്പെട്ടു സരന്ഗ് ഗോപാലകൃഷ്ണനെ കുറിച്ചും ആർഷ  എഴുതി. ഇതില്‍ പ്രകൃതിയെ സ്നേഹിക്കുന്ന നന്മയുടെ തിരിവെട്ടം തെളിയുന്നത് കാണാന്‍ സാധിച്ചു." എന്ന കമന്റ് ഞാനും ആവർത്തിക്കുന്നു. 

                  ചില ഓർമ്മകൾ കഥകൾ ആയി എഴുതപ്പെട്ടിട്ടുണ്ട്. അതിലൊന്നാണ് കോവാലമ്മാവനും ശശി അണ്ണനും    ആ ഇരട്ടകളുടെ കുസൃതി നമ്മെ രസിപ്പിക്കും. കഥയുടെ ലക്ഷണമൊത്ത ഒന്നും ആ ലേബലിൽ കണ്ടില്ല. ആര്ഷക്ക്  പദ്യമാവാം കൂടുതൽ വഴങ്ങുക...

"ഫൈസൽ ബാബു

ഊർക്കടവ് 

      സമാധാനം.... വെറും 32 പോസ്റ്റുകൾ ! അതിൽ തന്നെ ചിലത് ബ്ലോഗ്‌ പരിചയവും..ബ്ലോഗ്‌ പരിചയത്തെ വിലയിരുത്തുക..അത് രസകരം തന്നെ..എന്തെഴുതിയാലും ഫൈസൽ ഹാസ്യത്തിന്റെ മേമ്പൊടി ചാർത്തും സൗഹൃദം ഏറെ പ്രിയംകരം. ഫൈസൽ കൂട്ടായ്മയുടെ ആള് തന്നെ. അതിനാൽ കുറച്ചു പോസ്റ്റുകളും കൂടുതൽ സൌഹാർദ്ദവും ..അതാവാം നയം. ഉള്ള പോസ്റ്റുകളിലോക്കെ പ്രവാസത്തിന്റെ പശ്ചാത്തലം.


           ആദ്യകാല പോസ്റ്റുകളിൽ ഒന്നായ ഏപ്രിൽ ഫൂളിൽ ഒരു പ്രവാസിയുടെ ദുരന്തം ആണ് കോറി ഇട്ടിരിക്കുന്നത്. ഇത്തരം അപകടങ്ങൾ ഒട്ടേറെ നാം കേൾക്കുന്നെങ്കിലും ഓരോന്നും ഓരോ നൊമ്പരം തന്നെ. പ്രവാസിയുടെ മീന പിടുത്ത കഥകൾ ഫ്രൈഡേ ഫിഷിങ്ങിൽ വർണ്ണി ക്കുന്നു. ബ്ലോഗ്ഗെർമാർക്കിടയിൽ പ്രചരിക്കാവുന്ന ചില പ്രയോഗങ്ങൾ ഇതിൽ കാണാം ."..ഫോളോവേഴ്സ് നഷ്ടമായ ബ്ലോഗറെ പ്പോലെ ഞാനും.."  "..ബ്ലോഗില്‍ നൂറു കമന്റ്‌ തികയുബോള്‍ ബൂലോകര്‍ക്കുണ്ടാകുന്ന ഉണ്ടാകുന്ന സന്തോഷം പോലെ ഞാന്‍ ആകാശത്തിനും ഭൂമിക്കും ഇടയില്‍ പാറി നടക്കുകയാണോ എന്ന് തോന്നി ..."

       സൂറാബിയുടെ ദുബായ് കത്ത് പഴയ ദുബായ് കത്തിനെ ഓർ മ്മപ്പെടുത്തി."ഇക്കാക്ക ഒരു കാര്യം പറയാന്‍ മറന്നു , ഇങ്ങള്‍ വരുമ്പം "വെരല്മ്മലെ സൂര്യന്‍ ന്നു പരസ്യത്തില്‍ കാണുന്ന  ബ്രൈറ്റ് ലൈറ്റ്  ടോര്‍ച്ചും കൂടി കയ്യില്‍ പിടിച്ചോളൂ " .ടെറര്‍ ഇന്ത്യയില്‍ ഇരു പത്തിനാല് മണിക്കൂര്‍ പവര്‍കട്ട് ആയതിനാല്‍ വെളിച്ചം കിട്ടൂല " ഇത് പക്ഷെ പുതിയ കത്തിലേ കാണൂ. 

              അരീകോടൻ മാഷുമായി നടത്തിയ നർമ്മ സംഭാഷണം,  ബീലാത്തിപട്ടണ ക്കാരനെ കണ്ട കഥ     ഇവ ഒക്കെ ഫൈസലിൽ ഒരു നല്ല സംഘാടകനെയും പത്രക്കാരനെയും കണ്ടെത്താൻ കഴിയുന്നു. 

          ഗാർഹിക പീഡന കഥയും പാചകവും ഫൈസൽ നന്നായി പറഞ്ഞിരിക്കുന്നു. അതും ബ്ലോഗിന്റെ രണ്ടാം വാർഷികത്തിൽ. അദ്ദേഹം തന്റെ നയം വ്യക്തമാക്കുന്നു. "ഗ്രൂപ്പിലും ബ്ലോഗിലും വരുന്നത്  പരാസ്പരം അടി കൂടാനാവാതിരിക്കട്ടെ , അവിടെ നല്ല വായനയും നല്ല അറിവുകളും  ലഭിക്കാനാവട്ടെ നമ്മുടെ ശ്രമം , എഴുത്തില്‍ കൂടി പരസ്പര സ്നേഹത്തിനെകുറിച്ച് വാതോരാതെ പോസ്റ്റുകള്‍ എഴുതി ഗ്രൂപ്പിലും സ്റ്റാറ്റസുകളില്‍ കൂടിയും  അതെ സ്നേഹത്തെ "കൊലവരി "നാടത്താതെ നമുക്ക് മുന്നോട്ടു പോകാം, അങ്ങിനെ നഷ്ടപെട്ടുപോയ ആ പഴയ സുവര്‍ണ്ണ കാലഘട്ടം നമുക്ക് തിരിച്ചു പിടിക്കാം , അതിനായി നമുക്ക് ഒന്നിച്ചു കൈ കോര്‍ക്കാം"  ഈ നയത്തിന് സ്നേഹ സലാം.

                      ബ്ലോഗിൽ ഇനിയും കൂടുതൽ എഴുതാനുണ്ട് ഫൈസലിനു. ഒരു പക്ഷെ ഫൈസലിന്റെ ദൌത്യം മറ്റൊന്നാകം. ബ്ലോഗ്‌ വിലയിരുത്തൽ ഒട്ടേറെ പോസ്റ്റുകളിലായി ഫേസ് ബുക്കിൽ നടത്തുന്ന ഫൈസൽ എനിക്കൊക്കെ പൂർവസൂരിയും  ഒപ്പം സമകാലീനനും ആകുന്നു. 

ത്വൽഹത്ത് ഇഞ്ചൂർ

വെള്ളരിക്കാ പട്ടണം 

            ഇഞ്ചൂരാന്റെ കുസൃതികൾ ആരുടേയും ശ്രദ്ധ ആകർഷിക്കും. കൊച്ചു വായിൽ ഒരുപോലെ കൊച്ചു വർത്തമാനവും ഇമ്മിണി ബല്യ വർത്തമാനവും ഇയാൾക്ക് സ്വന്തം. സ്വന്തം ബ്ലോഗിന്റെ മൂത്താശാരി ആണല്ലോ ഇയാൾ. ന്യൂ ജനറെഷന്റെ വക്താവ് എന്ന് സ്വയം വിലയിരുത്തിയ ഈ മഹാന്റെതായി കുറെ ഏറെ പോസ്ടുകളുണ്ട്.. അത് കധ എന്നോ ഗവിത  എന്നോ ഒക്കെ മൂപ്പര് പറയും. നമ്മ കേട്ടോണം. ലൈകും തന്നോണം. ഇതാ നയം. നല്ല നയം തന്നെ അല്ലെ?

                  സ്വന്തം പേരിനെ കുറിച്ച് തന്നെ ഈ വിദ്വാൻ പോസ്റ്റ്‌ ഇട്ടു കളഞ്ഞു.  ഈ കുമാരന്റെ ബ്ലോഗിൽ അക്ഷര പിശാചു ഏറെ ഉണ്ട്. (എന്റെ ബ്ലോഗിലും 
ഉണ്ടാകും; എന്നാലും പറയണമല്ലോ?) സ്വന്തം സ്ഥലത്തെ കുറിച്ചും ഉണ്ട് പോസ്റ്റ്‌. ഒട്ടു അഭിമാനത്തോടെ ആശാൻ ആ നാടിന്റെ മനോഹാരിത വർണ്ണിക്കുന്നു. "ഇതയും മനോഹരമായ പാടം നിങ്ങള്‍ എവിടെ എങ്കിലും കണ്ടിട്ടുണ്ടോ??

പാടങ്ങള്‍ എല്ലായിടത്തു നിന്നും അപ്രതീക്ഷിതമായി കപ്പകളും പൈന്‍ആപ്പിളും റബ്ബര്‍ മരങ്ങളും ആസ്ഥാനം കൈയടക്കുകയും ചെയ്യുന്ന ഇന്നിന്‍റെ കാലഘട്ടത്തില്‍ ഇഞ്ചൂരും അങ്ങനെ ഒക്കെ തന്നെ ആയി കൊണ്ടിരിക്കുന്ന, എന്നാല്‍ ചില മണ്ണിനെ സ്നേഹിക്കുന്ന, കര്‍ഷകരുടെ അധ്വാനത്തിന്റെ ഫലമായി നമ്മുക്കെല്ലാം കണ്‍ നിറയെ കാണാന്‍ കുറച്ചു പാടങ്ങള്‍ ഇന്നും ഇവടെ നിന്ന് അപ്രതീക്ഷിതമായി എന്ന് പറയാന്‍ സാദ്യമല്ല. വര്‍ധിച്ചു വരുന്ന കൂലിയും, കൂലി കൊടുത്തു കഴിഞ്ഞാല്‍ കര്‍ഷകനു ഒന്നും തന്നെ കിട്ടാന്‍ ഇല്ലാത്ത അവസ്ഥയുമാണ് നെല്ല് കൃഷിയില്‍ നിന്നും ഇവടത്തെ കര്‍ഷകരെ പിന്തിരിപ്പിക്കുന്നത്"
.

                  സാമൂഹ്യ വിമർശനം എന്ന ലേബലിൽ അല്പം കടന്ന പ്രയോഗങ്ങൾ ഒക്കെ ഇഞ്ചൂരാൻ നടത്തുന്നു. ഗാന്ധിയെ ഒക്കെ വിമർശിച്ചു  കളയും പോലും. എന്നിട്ടോ? "ഇനി എന്നെ ജയിലിൽ പിടിച്ചിട്ടാൽ, ഞാൻ പറയും എന്നെ തിഹാർ ജൈലിൽ ഇട്ടാൽ മതിയെന്ന്. അവിടെ ഭയങ്കര സെറ്റപ്പാന്നെ.... നമ്മുടെ രാജാണ്ണൻ ഒക്കെ അവിടല്ലയോ കിടന്നത്. പുള്ളി കിടന്ന സെല്ല് കിട്ടിയാൽ സുഗമായി.  എന്നാൽ പിന്നെ രാജയോഗമല്ലേ..... AC യും ഇന്റർനെറ്റും ഒക്കെ ഉണ്ടാവും. " എന്തായാലും അതുണ്ടായില്ല ഭാഗ്യം. 


              ഇസ്ലാമും പർദ്ദയും ഒക്കെ ഈ കുട്ടി വിഷയമാക്കുമ്പോൾ ഇവൻ കുട്ടി ബ്ലോഗ്ഗര് തന്നെയോ എന്ന് നാം സംശയിക്കുന്നു. "അതിരാവിലെ കുടിക്കുന്ന ചായയേതാണെന്ന് തിരഞ്ഞിടക്കുന്നതുതൊട്ട്, രാത്രി ഉറങ്ങുമ്പോള്‍ വക്കേണ്ട തലയിണവരെ തീരുമാനിക്കുന്നതിനും പെണ്ണിന്‍റെ നഗ്നതയിലൂടെ കണ്ണുപായിക്കണം എന്നുള്ള അവസ്ഥയിലാണു നാം ഉള്ളത്." എന്നൊക്കെ വിളിച്ചു പറയുന്നുണ്ട്. 

              ഒടുവിൽ  ഇഞ്ചൂരാൻ  എഴുതിയ പ്രണയ കഥയും ഹിറ്റായി. ആനയുടെ ചട്ടയുള്ള സ്ലേറ്റ് ആണ് പ്രണയ ബിംബം.
                "പക്ഷെ ആമിന എന്നോട് ചോദിച്ചു, 
                                   "കൊച്ചെ, നിന്‍റെ സ്ലേറ്റൊന്നു തരുമോ?"
ഞാന്‍ എന്‍റെ സ്ലേറ്റിനോടൊപ്പം ഒരു ചിരിയും അവള്‍ക്ക് വച്ച് നീട്ടി. എനിട്ട്‌ സ്ലോ മോഷനില്‍ വന്നു ബെഞ്ചില്‍ ഇരുന്നു.  കുറച്ചു കഴിഞ്ഞു അവള്‍ വന്നു. സ്ലേറ്റ് തിരികെ തന്നു. അന്ന്   THANKYOU സംസ്കാരം അത്ര വളര്‍ന്നിട്ടില്ലായിരുന്നു.  അത്കൊണ്ട് അവള്‍ അവളുടെ പുഴുപല്ല് കാട്ടി ഒന്നു ചിരിച്ചു.  അങ്ങനെ ആണ്‍കുട്ടികളോടുപോലും സൗഹൃദം കൂടാത്ത ആ നാണംകുണുങ്ങി പയ്യന്‍ ഒരു പെണ്‍കുട്ടിയുമായി സൗഹൃദത്തിലായി. എന്തിനേറെ അവളുടെ ഖല്‍ബായിരുന്ന സ്ലേറ്റ് എനിക്ക് എഴുതാന്‍ തന്നു. ഞങ്ങള്‍ പരസ്പരം പുഞ്ചിരിയിലൂടെ മനസ്സ് കൈമാറി. അവളുടെ മനസ്സിനേക്കാള്‍ എനിക്ക് വേണ്ടത് ആ സ്ലേറ്റ് ആയിരുന്നു. ഏതൊരു പ്രണയത്തെപോലെയും ഞാനും ഈ വിശുദ്ധ പ്രണയം മുതലെടുക്കാന്‍ തുടങ്ങി. അങ്ങനെ ഞാന്‍ ആ സ്ലേറ്റിനെ പ്രണയിക്കാന്‍ തുടങ്ങി, കൂടെ അതിന്‍റെ മുതലാളിച്ചി ആമിനയേയും. " ഇങ്ങനെ ഒക്കെ ആണത്രേ പ്രണയം നാമ്പിട്ടത് ഒടുവിൽ "അല്ലേലും പെണ്‍കുട്ടികള്‍ അങ്ങനെയാണ് അവരുടെ തലക്കകത്ത് നിലാവെളിച്ചമാണ്.  പെണ്ണിന്‍റെ കഠിന ഹൃദയം, ഡബിള്‍ ഡബിള്‍ കഠിനഹൃദയം. പെണ്ണിനെ കുറിച്ച് നിങ്ങള്‍ക്ക് എന്തറിയാം." എന്ന് ചൊല്ലി ..ഇത് തന്നെ ബഷീറും ചോന്നിട്ടുണ്ട്. ഹമ്പട ബടുക്കൂസേ !


           ആൾ ലിങ്കിടാൻ മിടുക്കൻ തന്നെ. (ഭാവിയിൽ ആയൂർ വേദം പഠിക്കുമോ എന്ന് കണ്ടറിയണം.) ഏതായാലും ഇയാൾ എല്ലാരോടും ഇപ്പോഴും ചോദിക്കുന്നു..
              സഹൃദയർ മറുപടി കൊടുക്കുന്നു..."ഇട്ടോളൂ ഇട്ടോളൂ..." അങ്ങനെ ഒത്തിരി പേരെ വരുതിയിലാക്കി ഈ കൊച്ചു മിടുക്കൻ. ദർശന പെട്ടിയിലും  കയറി പറ്റി . ഇനിയും ഉയരങ്ങൾ കീഴടക്കട്ടെ..


പിൻ കുറിപ്പ് 


വയലാർ ചൊല്ലിയ പോലെ
 "ഒക്കെ പകർത്താൻ കഴിഞ്ഞിരിക്കില്ലെനിക്കു 
ആ ഗതികേടിനു മാപ്പ് ചോദിപ്പൂ ഞാൻ "

അത്ര എഴുതി വച്ചിട്ടുണ്ട് ബ്ലോഗുകളിൽ. പരിമിതികൾക്കകത്തു നടത്തുന്ന ഈ വിലയിരുത്തൽ തുടരും. 

മുൻ ലക്കങ്ങൾ 
ഒന്ന് (നിരക്ഷരൻ , വിഷ്ണു ഹരിദാസ്‌, അരുണ്‍ കായംകുളം, ഷബീർ അലി) 

രണ്ട് (അബ്സാർ മുഹമ്മദ്‌ , മനോജ്‌ വെള്ളനാട് , സുസ്മേഷ് ചന്ദ്രോത്ത് , മൊഹിയുദീൻ )

മൂന്ന്‌ ( റിയാസ് ടി അലി, ശലീർ അലി, മനോജ്‌ വിഡ്ഢിമാൻ , റോബിൻ പൗലോസ്‌ )

101 comments:

 1. വെരി ഗുഡ്
  പ്രവീണ്‍ വൈവിദ്ധ്യങ്ങളാല്‍ എന്നെ അതിശയിപ്പിക്കും
  ഫൈസല്‍ ബാബു കമ്മിറ്റ് മെന്റ് കൊണ്ട് എന്നെ ആകര്‍ഷിയ്ക്കും
  ആര്‍ഷ എഴുത്തിലെ ലാളിത്യം കൊണ്ട് എന്നെ സന്തോഷിപ്പിക്കും
  ത്വല്‍ഹത്തിന് ആശംസകള്‍

  ReplyDelete
 2. എന്റെ വായനയിലും ഞാൻ ഇവരെ ഉള്പെടുതരുണ്ട്,,,
  നന്നായി അന്വര് ഇക്ക ഈ പോസ്റ്റ്‌ ...

  ReplyDelete
  Replies
  1. ഇവരെ ഇടയ്ക്കിടെ വായിക്കൂ

   Delete
 3. മഹിളാ ബ്ലോഗ്ഗറുടെ സൃഷികള്‍ കണ്ടിട്ടില്ല. ഫൈസലിക്കാടെയും പ്രവീണിന്റെയും ബ്ലോഗുകള്‍ ഇഷ്ടമാണ്. ത്വല്‍ഹത്തിന്റെ ബ്ലോഗ്‌ ബെര്‍ളിയെ അനുകരിക്കാന്‍ ശ്രമിക്കുന്നതാണോ എന്ന് തോന്നും.

  ReplyDelete
  Replies
  1. ത്വല്‍ഹു കുട്ടിയല്ലേ.. ആര്ഷയെ വായിക്കൂ

   Delete
 4. വളരെ നല്ല ഉദ്യമം അന്‍വറിക്കാ - ഇത്തവണ തിരഞ്ഞെടുത്ത ബ്ലോഗുകളും വ്യത്യസ്തത കൊണ്ട് ശ്രദ്ധേയമാണ്.
  വ്യക്തിപരമായി പറഞ്ഞാല്‍ പ്രവീണ്‍ -ന്റെ സിനിമാനിരൂപണങ്ങളാണ് ഞാന്‍ കൂടുതലും വായിച്ചിട്ടുള്ളത്. അവ ഓരോ തവണയും കൂടുതല്‍ മെച്ചപ്പെടുന്നു എന്നതില്‍ സംശയമില്ല. പ്രവീണ്‍ന്റെ തോന്നലുകള്‍ ചിലപ്പോള്‍ മലവെള്ള പാച്ചില്‍ പോലെ ആയതിനാല്‍ പലതും വായിക്കാതെ പോയിട്ടുണ്ട്. എന്നാലും വായിച്ചവയൊക്കെ വീണ്ടും വീണ്ടും അവിടെ തിരിച്ചെത്താന്‍ പ്രേരിപ്പിക്കുന്നവ തന്നെ.

  ആര്ഷയുടെ കവിതകള്‍ തന്നെയാണ് കഥകളെക്കാള്‍ മുന്നിട്ടു നില്‍ക്കുന്നത്. അത് പോലെ തന്നെ പഴയ ഓര്‍മകളുടെ നിറം തുളുമ്പുന്ന സ്മരണകളും... ആര്ഷയുടെ ബ്ലോഗില്‍ ഈയിടെയാണ് ഞാന്‍ എത്തിയത് എണ്ണത് കൊണ്ട് അധികം വായിച്ചിട്ടില്ല.

  ഫൈസലിന്റെ ഊര്കടവിനേക്കാള്‍ വായിച്ചിട്ടുള്ളത് ബ്ലോഗ്‌ പരിചയങ്ങള്‍ തന്നെയാണ്. ഓരോ ബ്ലോഗിനെയും പരിചയപ്പെടുത്തുന്നതില്‍ കാണിക്കുന്ന നിഷ്കര്‍ഷ പ്രശംസനീയമാണ്. അതിലൂടെ പല ബ്ലോഗുകളിലും എത്തിച്ചേര്‍ന്നിട്ടുമുണ്ട്. ഊര്ക്കടവിലേക്കും ഒരു സന്ദര്‍ശനം അനിവാര്യമാണെന്ന് ചൂണ്ടിക്കാണിച്ചതിനു നന്ദി.

  കുട്ടി ബ്ലോഗര്‍ ത്വല്‍ഹത്തിന്റെ ഒന്നോ രണ്ടോ പോസ്റ്റ്‌ മാത്രമേ വായിച്ചിട്ടുള്ളൂ... ബ്ലോഗ്‌ വായന പാടെ നിലച്ച കുറെ ദിവസങ്ങളായിരുന്നു കഴിഞ്ഞു പോയത്. അതിനൊരു വിരാമമിട്ടുകൊണ്ട് ഇന്നലെയും ഇന്നുമായി കുറച്ചു ബ്ലോഗുകള്‍ സന്ദര്‍ശിക്കാന്‍ ബോധപൂര്‍വമായ ശ്രമം നടത്തുകയുണ്ടായി.. വെള്ളരിക്കാപ്പട്ടണത്തിലേക്കും ഉടനെ തന്നെ പോകണം എന്ന്‍ ഈ അവലോകനം വായിച്ചപ്പോള്‍ തോന്നുന്നു.

  വളരെ സന്തുലിതമായ വിലയിരുത്തല്‍ തന്നെ! എല്ലാവിധ ആശംസകളും!

  ReplyDelete
 5. ഇക്ക,നന്നായിട്ടുണ്ട്,,,

  ReplyDelete
  Replies
  1. ഇക്ക നന്നായിട്ടുണ്ടെന്നോ എപ്പോ?

   Delete
 6. പല ബ്ലോഗിലും വരാറുണ്ട് കഴിയുന്നത്ര പോസ്റ്റുകള്‍ വായിക്കാറും ഉണ്ട് , എങ്കിലും എന്നെ കുറിച്ച് ഒരു ബ്ലോഗില്‍ കാണുന്നത് ആദ്യമായാണ്, പറഞ്ഞറിയിക്കാന്‍ വയ്യാത്ത സന്തോഷം മറച്ചു വെക്കുന്നില്ല. പ്രവീണിനെയും ആര്‍ഷയെയും കുഞ്ഞനിയന്‍ തല്‍ഹത്തിനെയും അറിയാത്തവര്‍ വിരളം, ഈ പ്രോല്‍സാഹനത്തിനും സ്നേഹത്തിനും നന്ദി അന്‍വര്‍ക്ക .

  ReplyDelete
  Replies
  1. സന്തോഷം പ്രിയ ഫൈസല്‍

   Delete
 7. ഇഷ്ടമായി ഈ വിലയിരുത്തല്‍

  ReplyDelete
 8. ഹൌ ...ഞാനിപ്പോ എന്താ പറയ്വാ.. ഇതൊക്കെ കൂടി അങ്ങട് വായിച്ചപ്പോള്‍ എനിക്ക് സത്യത്തില്‍ കുളിര് കോരുകയാണ് .. ഹി .ഹി .. ഒരു വല്യ അവാര്‍ഡ്‌ കിട്ടിയ സുഖം ഉണ്ട് അന്‍വര്‍ക്കാ .. എന്നെ കുറിച്ച് എഴുതിയത് ശരിയാണോ അല്ലയോ എന്ന് പറയാന്‍ എനിക്ക് പരിമിതികളുണ്ട് . എന്നെ അതിശയിപ്പിച്ച കാര്യം അതൊന്നുമല്ല ഈ പോസ്റ്റില്‍.. ഈ പോസ്റ്റ്‌ എഴുതി ഉണ്ടാക്കാനായി അന്‍വര്‍ക്കാ ചിലവിട്ട നിമിഷങ്ങള്‍ , അതാണ്‌ ഞാന്‍ ആലോചിക്കുന്നത്. ഒരാളുടെ ബ്ലോഗ്‌ മുഴുവന്‍ അരിച്ചു പെറുക്കി കൊണ്ടാണ് ഈ അവലോകനം തയ്യാറാക്കിയിരിക്കുന്നത് എന്ന് മനസിലാക്കുമ്പോള്‍ മനസ്സ്‌ നിറയുന്നു എന്തൊക്കെയോ കൊണ്ട് .. ആര്‍ഷയുടെ ബ്ലോഗില്‍ ഇടയ്ക്കു പോകാറുണ്ട് .. ഫൈസല്‍ ഭായിയുടെ ബ്ലോഗിലും പോയിട്ടുണ്ട് ചുരുക്കം തവണകളില്‍ ..അവിടെ കൈകാര്യം ചെയ്യുന്ന വിഷയങ്ങളില്‍ അഭിപ്രായം പറയാതെ അന്തം വിട്ടു നിന്നിട്ടുണ്ട് പലപ്പോഴും . പിന്നെ വിപ്ലവകാരി ത്വല്‍ഹത്തിന്റെ ബ്ലോഗിലെ എന്റെ ഇഷ്ട പോസ്റ്റ്‌ ഇവിടെ പറഞ്ഞ ചേട്ടാ കുറച്ചു ലിങ്കിടട്ടെ ..ഹ ഹ തു തന്നെ .. അന്ന് കുറേ ചിരിച്ചിട്ടുണ്ട് ആ പോസ്റ്റ്‌ വായിച്ചിട്ട് ..

  എന്തായാലും ഇവരുടെ ബ്ലോഗുകളില്‍ ഇനിയും എനിക്ക് വായിക്കാന്‍ കുറെയധികം പോസ്റ്റുകള്‍ ഉണ്ട് ..അതെല്ലാം വായിക്കണം സാവധാനം പോലെ .

  ഈ പ്രോത്സാഹനത്തിനും നല്ല പരമാര്‍ശങ്ങള്‍ക്കും ഔപചാരികമായ നന്ദി പറയുന്നു ..

  ReplyDelete
  Replies
  1. ഈ സ്നേഹം കിട്ടിയതില്‍ പെരുത്ത്‌ സന്തോഷം

   Delete
 9. പലപ്പോഴും തോന്നാറുണ്ട് "ഇവരോട്" എന്‍റെ ബ്ലോഗ്‌ ഒന്ന് വായിക്കാന്‍ പറഞ്ഞാലോ എന്ന്. പിന്നെ അങ്ങനെ പ്രത്യേകമായി പറഞ്ഞു വായിപ്പിക്കുന്നതിലെ ഔചിത്യം ഇല്ലായ്മയും, അത്രയ്ക്കും വേണ്ടിയുള്ളത് ഒന്നും ആ ബ്ലോഗില്‍ എഴുതി ഇട്ടിട്ടില്ലാത്തതിനാലും ആ ചിന്ത അങ്ങുപേക്ഷിക്കും. ആ "ഇവരില്‍" പെടുന്ന ഒരാള്‍ ആണ് അന്‍വര്‍ ഇക്ക. ഇടയ്ക്കൊക്കെ ഇവിടെ ചര്‍ച്ചകളില്‍ കാണും, eമഷിയെ കുറിച്ചുള്ള അവലോകനത്തില്‍ എന്‍റെ കുഞ്ഞു കഥയെ കുറിച്ചുള്ള പരാമര്‍ശം, നന്ദി അങ്ങനെ ഒക്കെ പോകുന്ന കൂട്ടത്തില്‍ അന്‍വര്‍ഇക്കയുടെ ബ്ലോഗിലെ അടുത്ത പോസ്റ്റിനെ കുറിച്ചുള്ള പരസ്യം കണ്ടു ഞാന്‍ സത്യായിട്ടും ഞെട്ടി - ബ്ലോഗെഴുത്തിനെ വിലയിരുത്തുന്ന അടുത്ത പോസ്റ്റില്‍ നാലിലൊന്ന് ഞാനും എന്‍റെ ബ്ലോഗും! സന്തോഷം, സന്തോഷം പിന്നെ ചെറ്യൊരു പേടിയും. ഇക്ക ഇത് വരെ എന്റെ ബ്ലോഗ്‌ വായിച്ചിട്ടില്ല എന്നൊരു തോന്നല്‍ ഉണ്ടായിരുന്നു -അപ്പൊള്‍ മുഴുവന്‍ വായിക്കുമോ, അതോ കുറച്ചു വായിച്ചിട്ട് പോകുമോ എന്നൊക്കെ . (എങ്ങനെ വിലയിരുത്തും എന്ന് പേടി ഉണ്ടായില്ല - സത്യസന്ധമായ ഒരു വിലയിരുത്തല്‍ ആകും ഇക്ക നടത്തുക എന്നറിയാമായിരുന്നു -അത് തന്നെയേ ആഗ്രഹിച്ചിട്ടും ഉള്ളൂ) .

  ഇത്രയേറെ സമയം ചിലവാക്കി എത്രത്തോളം പ്രയത്നിച്ചാണ് അദ്ദേഹം ഓരോ ബ്ലോഗിനെയും കുറിച്ച് പ്രതിപാദിച്ചിരിക്കുന്നത്! ആ ശ്രമത്തിനു, ആ പ്രയത്നത്തിനു ആദ്യത്തെ hats off . പിന്നെ നമ്മളൊക്കെ മറ്റുള്ളവരുടെ ബ്ലോഗ്‌ വായിക്കും എങ്കിലും അതിനെ കുറിച്ച് ആധികാരികമായി എഴുതാന്‍ തുനിയില്ല , മടിയും അതിനുള്ള മനസും സമയവും ഒക്കെ ന്യായങ്ങള്‍ ആകാം. എന്തായാലും അങ്ങനെ ചെയ്യാന്‍ തോന്നിയ ഇക്കയുടെ മനസിന്‌ thumbs up .

  പറഞ്ഞിരിക്കുന്ന ബ്ലോഗുകളില്‍ പ്രവീണിനെയും ഫൈസല്‍ ബായിയെയും സ്ഥിരമായി തന്നെ വായിക്കാറുണ്ട് (എന്‍റെ ഈ സെക്കന്റ്‌ ഇന്നിങ്ങ്സില്‍) . തല്ഹത്തിന്റെ ബ്ലോഗില്‍ സ്ലേറ്റ്‌ , ലിങ്ക് കഥ എന്നിവ മാത്രേ വായിച്ചിട്ടുള്ളൂ. ഇനി അവിടെ ഒന്ന് പോകണം ആ കുഞ്ഞീ വായിലെ വല്യ വര്‍ത്താനം വായിക്കാന്‍ :D .

  അപ്പൊ ഇനിയുമിനിയും കണ്ടു മുട്ടാന്‍... നന്ദി, സന്തോഷം സ്നേഹം

  ReplyDelete
  Replies
  1. അപ്പൊ കണ്ടുമുട്ടം ആര്ഷാ ബ്ലോഗ്‌ ഉയരത്തില്‍ എത്തട്ടെ

   Delete
 10. അവലോകനത്തിനാശംസകൾ :)

  ReplyDelete
 11. ബ്ലോഗുകളുടെ ഒരു സ്ഥിരം സന്ദർശകനൊ,വായനക്കാരനോ അല്ല ഞാനെങ്കിലും ഈ അവലോകനം പൂർണമായും വായിച്ചു.കാരണം ആർഷയെക്കുറിച്ചു താങ്കൾ എഴുതിയിരിക്കുന്നത് എന്തെന്ന് അറിയുവാനുള്ള ഒരു ആകാംക്ഷ.ഇടയ്ക്കിടെ എന്നെ എന്റെ ഗ്രാമത്തിലേക്കും,അവിടുത്തെ ഇടവഴികളിലേക്കും,അമ്പലത്തിലെക്കുമെല്ലാം കൂട്ടി കൊണ്ട് പോകുന്നത് ആർഷയാണ്.അമ്മയോട് പിണങ്ങി വീട് വിട്ട് അമ്പലക്കുലത്തിനടുത്തു വരെ എത്തുമ്പോഴേക്കും ലോകം ചുറ്റി കഴിഞ്ഞു എന്ന് തോന്നുന്ന പെണ്‍കുട്ടിയുടെ കഥ,ഉത്സവ പറമ്പിലെ ഗാനമേളയിൽ ചേച്ചിമാർക്കു വേണ്ടി ഗായകരെക്കൊണ്ട് പാടിക്കുന്ന പെണ്‍കുട്ടിയുടെ കഥ അങ്ങിനെ അങ്ങിനെ ഗൃഹാതുരത്വം തുളുമ്പുന്ന ഒരു പിടി കഥകളും,സ്നേഹത്തിന്റെ,പ്രേമത്തിന്റെ,വിഷാദത്തിന്റെ,പ്രതീക്ഷകളുടെ കയ്ത്തിരി തെളിയിക്കുന്ന കുറെയേറെ കവിതകളും എനിക്ക് സമ്മാനിച്ചിട്ടുള്ള എന്റെ അനുജത്തിയും,സുഹൃത്തുമാണ് ആർഷ.
  കെ.നാരായണൻ
  ഇൻഫോമലയാളി

  ReplyDelete
 12. അവലോകനം ഒരു മികച്ച വായന സമ്മാനിച്ചുട്ടോ :)

  ReplyDelete
 13. അവലോകനം എന്നതിലുപരി ഒരു നല്ല പരിചയപ്പെടുത്തൽ ആണ് ഈ ബ്ലോഗ്. ബ്ലോഗ് എഴുത്ത് അച്ചടി മാധ്യമത്തിലും ഒട്ടും താഴെ അല്ല എന്ന് ഇത്തരം ബ്ലോഗുകൾ വീണ്ടും വെളിവാക്കുന്നു . വായന , അത് എവിടെ നിന്നാണെങ്കിലും വായനക്കാരനോട് സംവദിക്കുന്നു എങ്കിൽ വിലപ്പെട്ടതാണ്‌ .. അൻവറിന് ആശംസകൾ .

  ReplyDelete
 14. മുന്‍പത്തെ അവലോകനങ്ങളെക്കാള്‍ മികച്ചു നിന്നതായി തോന്നുന്നു. തിരഞ്ഞെടുത്ത ബ്ലോഗുകളും നല്ല നിലവാരമുള്ളത് തന്നെ, തിരക്കുകള്‍ക്കിടയിലും എല്ലാവരെയും വായിക്കാനും, കാര്യങ്ങള്‍ വ്യക്തമായി മനസ്സിലാക്കി അപഗ്രഥിക്കാനുമെല്ലാം നടത്തുന്ന ശ്രമം അഭിനന്ദനാര്‍ഹം തന്നെ.. തുടരുക.. :)

  ReplyDelete
 15. നല്ല ശ്രമം, അന്‍വര്‍!

  ReplyDelete
 16. നല്ല വിലയിരുത്തല്‍ ,

  ReplyDelete
 17. നല്ല വിലയിരുത്തല്‍

  ReplyDelete
 18. ഇത്തരം വിലയിരുത്തലുകള്‍ ഇനിയും വരട്ടെ. ആര്‍ഷയെ വായിച്ചിട്ടില്ല. പ്രവീണിന്റെ ചില പോസ്റ്റുകള്‍ എന്നെ വിസ്മയിപ്പിച്ചിട്ടുണ്ട്. നല്ല ഒരു സുഹൃത്ത് കൂടിയായ ഫൈസലിന്റെ എഴുത്തുകള്‍ ആദ്യം മുതലേ വായിക്കുന്നു. കുട്ടി ബ്ലോഗ്ഗറുടെ ഒന്ന് രണ്ടു പോസ്റ്റുകള്‍ മാത്രമേ വായിച്ചിട്ടുള്ളൂ .... ഈ സംരംഭത്തിന് ആശംസകള്‍ ..

  ReplyDelete
  Replies
  1. മാഷ് ഇടയ്ക്കൊരിക്കല്‍ അവിടെ വന്നിട്ടുണ്ട് "പെങ്ങള്‍ " എന്ന കവിതയ്ക്ക് ഒരു കുറിപ്പും ഇട്ടിരുന്നു :) നന്ദി

   Delete
  2. ആര്ഷയും വയിക്കപ്പെടട്ടെ

   Delete
 19. എഴുത്തിന്റെ വൈവിധ്യങ്ങള്‍ കൊണ്ട് വിസ്മയിപ്പിക്കുന്നവരെക്കുറിച്ചുള്ള ഈ പരിചയപ്പെടുത്തല്‍ ഉചിതമായി. തുടരുകയിനിയും ഇത്തരം നല്‍ശ്രമങ്ങള്‍..

  ReplyDelete
 20. ഇവിടെ ആദ്യമായാണ്. മികച്ച വിലയിരുത്തല്‍ . പല നല്ല എഴുത്തുകാരേയും പരിചയപ്പെടാന്‍ കഴിഞ്ഞു.

  ReplyDelete
 21. ഈ ശ്രമത്തിനു അഭിനന്ദനങ്ങൾ , ആശംസകൾ..

  ReplyDelete
 22. മികച്ച അവലോകനം... സത്യസന്ധമായ വിലയിരുത്തല്‍..
  എഴുത്തുകാരന്റെ മനസ്സാണല്ലോ അയാളുടെ എഴുത്തിലും പ്രകടമാകുന്നത്.. വിലയിരുത്തപ്പെട്ട എഴുത്തുകാരുടെ മനസ് ഈ അവലോകനം മാത്രം വായിച്ചാല്‍ കാണാന്‍ കഴിയും.. സുതാര്യം.. സുന്ദരം..

  പ്രവീണിനെ സ്ഥിരം വായിക്കാറുണ്ട്.. സിനിമ വിലയിരുത്താന്‍ ഇതിലും മികച്ചൊരാള്‍ എന്‍റെ അറിവിലില്ല.. ഊര്ക്കടവിലെ അവസാനത്തെ ബിലത്തിപ്പട്ടണം - അഭിമുഖം വരെയുള്ളത് വായിച്ചിട്ടുണ്ട്.. പക്ഷെ ഫൈസല്‍ ഭായിയെ ഫേസ്ബുക്കിലൂടെയാണ് കൂടുതല്‍ അറിയാവുന്നത്..

  ത്വല്‍ഹത്തിന്‍റെ എഴുത്തില്‍ പ്രായത്തിന്റെ പക്വതയില്ലായ്മ പലപ്പോഴും കാണാറുണ്ട്.. അത് രസകരമായി തന്നെ അന്‍വര്‍ക്ക പറഞ്ഞിട്ടുമുണ്ട്.. സ്വന്തം ശ്യാമയെ ഈ അടുത്താണ് വായിച്ചു തുടങ്ങിയത്.. ഇത്രയും ലളിതവും, ഹൃദ്യവുമായ കവിതകള്‍ അവിടെ ഉള്ള കാര്യം അറിഞ്ഞില്ല.. ഇടയ്ക്ക് അവിടെയൊക്കെ ഒന്ന് പോണം..

  ഒരിക്കല്‍ കൂടി ആശംസകള്‍ അന്‍വര്‍ക്ക... ഇത്രയൊക്കെ വായിച്ചു,അപഗ്രഥിച്ചു ,എഴുതി , അത് അക്ഷരത്തെറ്റില്ലാതെ ടൈപ്പ് ചെയ്ത് പബ്ലിഷ് ചെയ്യാനുള്ള ആ മനസ്സിന് എന്റെ വക ഒരു കൂപ്പുകൈ..

  ReplyDelete
  Replies
  1. കൂപ്പുകൈ വേണ്ട സ്നേഹം മതി

   Delete
 23. നല്ല പ്രവര്‍ത്തനങ്ങള്‍ .. വായനകള്‍ക്കിടയില്‍ വ്യസ്തസ്തമാകുന്നു ഇങ്ങിനെയുള്ള വിലയിരുത്തപ്പെട്ട വായന.. ആശംസകള്‍

  ReplyDelete
 24. വായിക്കുമ്പോള്‍ മനസ്സില്‍ തോന്നുന്നതാണ് യഥാര്‍ത്ഥ പ്രതികരണം . ആത്മാര്‍ഥമായ പ്രതികരണങ്ങലാവണം കമെന്റുകള്‍ ആവേണ്ടത് എന്ന് വിശ്വസിക്കുന്ന ആള്‍ എന്ന് പരിചയപ്പെടുത്തി എന്‍റെ കമെന്‍റ് കുറിക്കുന്നു .

  അന്വര്‍ക്കായുടെ എഫര്‍ട്ടിനെ ഇനി അനുമോദിക്കല്‍ ഒരു ഔപചാരികതയാവും . അതിലേക്ക് കടക്കുന്നില്ല .

  എനിക്ക് പറയാനുള്ളത് മതങ്ങളുടെ സത്തയെ കുറിച്ച പ്രവിയേട്ടന്റെ കമെന്റിനെ കുറിച്ചാണ് . എല്ലാ മതങ്ങളും നയിക്കുന്നത് ഒരിടത്തെക്കല്ല . എല്ലാ മതങ്ങളും ഒരിടത്തേക്ക് നയിക്കുന്നു എന്ന് പറഞ്ഞാല്‍ അത് മതേതരത്വം ആവുമെന്നും ചിലര്‍ തെറ്റിദ്ധരിച്ചിരിക്കുന്നു , അത് മതേതരത്വം അല്ല . എല്ലാ പുസ്തകവും വായിക്കാന്‍ വേണ്ടി എഴുതപ്പെട്ടതാണ് എന്ന് പറയുമ്പോലെയേ ഉള്ളൂ ഈ എല്ലാ മതങ്ങളും ഒരുവനിലേക്ക് എന്ന് പറയുന്നത്. ഓരോ പുസ്തകവും തീമിലും പ്ലോട്ടിലും കഥാപാത്രങ്ങളിലും വ്യത്യസ്തമല്ലേ . കര്‍മപരമായി മാത്രമേ മതങ്ങളില്‍ വ്യത്യാസം വരുന്നുള്ളൂ എന്ന മിഥ്യാധാരണ ഈ ചിന്തയിലെക്കുള്ള ഒരു മോടിവ് ആകാമെന്ന് ഞാന്‍ കരുതുന്നു . അങ്ങനെയെങ്കില്‍ , വിശ്വാസപരമായും മതങ്ങള്‍ തമ്മില്‍ മാരകമായ വൈവിധ്യങ്ങള്‍ ഉണ്ടെന്നോര്‍ക്കുക . "എന്നിട്ടും എന്ത് കൊണ്ടോ മനുഷ്യര്‍ പലരും ഓരോ മതത്തിന്‍റെ വക്താക്കളായി മാത്രം മാറപ്പെടുന്നു. " - അതിലെ 'എന്ത് കൊണ്ടോ ' എന്തുകൊണ്ടാണെന്ന് പഠിക്കാന്‍ ശ്രമിക്കുകയാണെങ്കില്‍ നന്നായിരിക്കും .

  വര്‍ഗീയവാദി സ്നേഹത്തെ നിഷേധിക്കുമെങ്കിലും ഉപര്യുക്ത വരികള്‍ വര്‍ഗീയതയെ വിവക്ഷിക്കാന്‍ പര്യാപ്തമല്ല .

  ആര്‍ഷ ചേച്ചിയുടെ ബ്ലോഗില്‍ പോയതായി ഓര്‍ക്കുന്നില്ല . ഊര്‍ക്കടവില്‍ പോവാറുണ്ട് . എന്‍റെ തോന്നലുകളും സന്ദര്‍ശിക്കാറുണ്ട് . ഇഞ്ചൂരിന്റെ ലിങ്ക് ഇടല്‍ തന്നെ ഫേവറിറ്റ് പോസ്റ്റ്‌ . സിനിമാ വിചാരണ ഒന്ന് കൂടി മെച്ചപ്പെടാം എന്ന് തോന്നാറുണ്ട് , ചില നിരൂപണങ്ങള്‍ പെര്‍ഫെക്റ്റ് ആയും തോന്നാറുണ്ട് .

  എല്ലാവര്‍ക്കും ഭാവുകങ്ങള്‍ നേരുന്നു .

  ReplyDelete
  Replies
  1. This comment has been removed by the author.

   Delete
  2. കൊള്ളാം ശിബിലീ ഇങ്ങനെ തുറന്നു പറയണം അഭിപ്രായങ്ങള്‍ ...ഇതിനോട് യോജിപ്പുകളും വിയോജിപ്പുകളും ഉണ്ട്

   Delete
 25. ബ്ലൊഗിലെ രചനകൾ വായിക്കുന്നതിൽ പിന്നാക്കമായതിലെ കുറ്റബോധം ഇരട്ടിച്ചു ഈ അവലോകനം വായിച്ചപ്പോൾ.

  ReplyDelete
 26. ഇതുവരെ കമന്റിയോര്ക്ക് നന്ദി ഇനി കമന്ടുന്നോര്ക്കും അഡ്വാൻസ്‌ നന്ദി ..വായിക്കുന്നവർ ആ ബ്ലോഗുകളിലും പോയി നോക്കണേ..

  ReplyDelete
 27. അന്‍വര്‍ക്ക ഈ പോസ്റ്റിടാന്‍ എത്ര മാത്രം സമയം ചിലവാക്കിയിട്ടുണ്ടാകും എന്ന് ചിന്തിക്കുകയായിരുന്നു ഞാന്‍
  ചില്ലപ്പോള്‍ ഇതൊക്കെയായിരിക്കാം ഒരു ബ്ലോഗ്ഗെറിനു കിട്ടുന്ന ഏറ്റവും വലിയ പിന്തുണയും ആത്മ വിശ്വാസവും .
  നല്ല പോസ്റ്റ്‌ ആശംസകള്‍

  ReplyDelete
  Replies
  1. സമയം ഇതിനൊക്കെ വേണ്ടി കൂടി ആണ്

   Delete
 28. അഭിനന്ദനങ്ങൾ , ആശംസകൾ..

  ReplyDelete
 29. എല്ലാവരും നന്നായി എഴുതട്ടെ.
  മലയാളത്തിന്റെ പുകൾ പരത്തട്ടെ.
  അഭിനന്ദനങ്ങൾ, ആശംസകൾ!

  ReplyDelete
 30. നല്ല വിലയിരുത്തലുകള്‍.
  ഈ പോസ്റ്റ് എഴുത്തുകാര്‍ക്ക് പ്രചോദനമാകട്ടെ

  ReplyDelete
 31. എല്ലാവിധ ആശംസകളും ഈ നല്ല ഉധ്യമത്തിനു,.,.,തുടരട്ടെ ഇങ്ങനെയുള്ള വിലയിരുത്തലുകളും ബ്ലോഗ്ഗ് പരിചയങ്ങളും ..,ഇതു പോലെ പ്രോത്സാഹനവുമായി കൂടുതല്‍ ആളുകള്‍ മുന്നോട്ടു വരുമ്പോള്‍ എഴുതുവാനും വായിക്കുവാനും ഉള്ള നമ്മളില്‍നിന്നും അന്യമായിക്കൊണ്ടിരിക്കുന്ന ഒരു ശീലം വീണ്ടും തിരികെയെത്തും എന്ന് പ്രതീക്ഷിക്കാം .,.,

  ReplyDelete
 32. അനവറിക്കാ,
  ഒരു നല്ല പരിചയപെടുത്തല്‍.. വളരെ നന്നായി. കുട്ടി ബ്ലോഗറെ മാത്രമേ അധികം വായിക്കാത്തത് ഉള്ളൂ. ബാക്കി ഒക്കെ പരിചിതമായ ബ്ലോഗുകള്‍ തന്നെ.

  ഇപ്പോള്‍ പണി തിരക്ക് ആയതിനാല്‍ ഒന്നും വായിക്കാന്‍ സമയം കിട്ടുന്നില്ല. ഇതൊക്കെ ഒന്ന് ഒതുങ്ങിയിട്ടു വേണം വായന പുനരാരംഭിക്കാന്‍.

  ReplyDelete
 33. കണ്ടത് മനോഹരം ..കാണാത്തത് അതിമനോഹരം

  ReplyDelete
 34. നന്നായി എന്നല്ല, വളരെ വളരെ നന്നായി..
  സ്വയം എഴുതുക എന്നതില്‍ കവിഞ്ഞു മറ്റുള്ളവരെ വായിച്ചു എഴുതുക അത്ര എളുപ്പമല്ല.. അവര്‍ ആവിഷ്കരിച്ചിരിക്കുന്ന അല്ലെങ്കില്‍ അവര്‍ ഉദ്ദേശിചിരിക്കുന്ന ആശയത്തെ എടുത്തു വളരെ ഹൃദ്യമായി നിരൂപണം ചെയ്യാന്‍ അസാമാന്യ കഴിവ് വേണം...
  അതില്‍ ഈ കുറിപ്പുകള്‍ വിജയിച്ചിരിക്കുന്നു.. ബ്ലോഗെഴുത്തില്‍ സജീവമാണെങ്കിലും, ബ്ലോഗ്‌ വായനയില്‍ ഞാനത്ര പന്തിയല്ല.. വായനക്ക് സമയം കണ്ടെത്താന്‍ കഴിയുന്നില്ല. പക്ഷെ താങ്കളുടെ കുറിപ്പുകള്‍ വായിക്കുമ്പോള്‍ ചിലരെയെങ്കിലും വായിക്കാന്‍ തോന്നിപ്പോകുമെങ്കില്‍............. !!
  ആശംസകളോടെ.......
  താങ്കളുടെ വായനയില്‍ ഒരു ദിനം ഉള്‍പ്പെടാന്‍ കഴിയുമെന്ന പ്രതീക്ഷയില്‍...

  ReplyDelete
  Replies
  1. തീര്‍ച്ചയായും വായനയില്‍ ഒരു ദിനം എത്തും

   Delete
 35. വിലയിരുത്തല്‍ വളരെയധികം നന്നായിരിക്കുന്നു.
  ഈ പറഞ്ഞ ബ്ലോഗുകളിലെ പോസ്റ്റുകള്‍ ഞാന്‍ വായിക്കാറുണ്ട്.
  ആശംസകള്‍

  ReplyDelete
 36. ബൂലോഗത്തെ ‘ഇരിപ്പിട‘ത്തിന് ശേഷം
  മലയാളം ബ്ലോഗ്ഗേഴ്സിനെ ഇതുപോലെ
  ആഴത്തിൽ പരിചയപ്പെടുത്തുന്ന ഒരു ബ്ലോഗ്
  പോർട്ടൽ തന്നെയാണല്ലോ ഈ അൻവരികൾ...!

  സമയോജിതമായി ഇടക്കക്കൊക്കെ
  ഇതിലെ നാല് ബൂലോകരേയും ഞാൻ പരിചയപ്പെട്ടിട്ടുള്ളതാണ് ..

  അസ്സൽ വിലയിരുത്തലുകളാണ് കേട്ടൊ ഭായ്

  ReplyDelete
 37. ഹോ അങ്ങനെ എന്നെക്കുറിച്ചും ബ്ലോഗ്‌ പോസ്റ്റ്‌.( ഫീലിംഗ് അഹങ്കാരം)
  അന്‍വറിക്കന്റെ പോസ്റ്റിന്റെ നാലില്‍ ഒന്നാവാന്‍ സാധിച്ചതില്‍ അങ്ങേയറ്റം സന്തോഷം.
  ഹയര്‍സെക്കന്‍ഡറി എന്ന പഠനഭാരവും, സുക്കന്റെ ബുക്കില്‍ അപ്പപ്പോള്‍ കിട്ടുന്ന ലൈക്കുകളോടുള്ള അമിതമായ ആക്രാന്തവും എന്നെ ബ്ലോഗ്‌ വായനയില്‍ നിന്നും ബ്ലോഗ്‌ എഴുത്തില്‍ നിന്നും പിറകോട്ടു നയിച്ച അവസരത്തില്‍ വീണ്ടും എന്നെ മുന്നോട്ടു നയിക്കാന്‍ അന്വറിക്കാന്റെ ഈ പോസ്റ്റിനു സാധിക്കട്ടെ...
  ഇത്രയേറെ തിരക്കുകള്‍ക്കിടയിലും അന്വറിക്ക ഇത്രയധികം സമയം കണ്ടെത്തി ഇങ്ങനെയൊരു പോസ്റ്റ്‌ എഴുതിയെങ്കില്‍, എനിക്ക് എന്തുകൊണ്ടൊരു പോസ്റ്റ്‌ എഴുതാന്‍ സമയം കിട്ടുന്നില്ല??

  ReplyDelete
  Replies
  1. ഓ പഠിത്തവും എഴുത്തും മുന്നേറട്ടെ

   Delete
 38. നിഷ്പക്ഷവും സമഗ്രവും രസകരവും നീതിയുക്തവുമായ അവലോകനം. പ്രവീണിൻറെയും ത്വൽഹത്തിന്റെയും വളരെയധികം ആസ്വദിച്ച് വായിച്ചു. (മറ്റു രണ്ടെണ്ണം അസ്വദിച്ചില്ല എന്നല്ല ട്ടോ!)

  ReplyDelete
  Replies
  1. എല്ലാ ബ്ലോഗും വയിക്കപ്പെടട്ടെ

   Delete
 39. നോട്ടം , ബ്ലോഗിക says:
  വായനയില്‍ കൂടി മാത്രമേ ബ്ലോഗ്‌ രംഗം വളരുകയുള്ളൂ ..
  വായിക്കാന്‍ തോന്നിപ്പിക്കുന്ന , ബ്ലോഗ്‌ വായന ഗൌരവമായി എടുക്കാന്‍ പ്രേരിപ്പിക്കുന്ന ഒന്നാണ് ഈ പോസ്റ്റ്‌ .. നല്ല ശ്രമം.

  ReplyDelete
 40. വായന തുടങ്ങി അന്‍വര്‍ക്ക, പക്ഷെ ഇതിപ്പോഴൊന്നും തീരൂല .കാരണം നിങ്ങളുടെ നിങ്ങളിട്ട ആ ചോപ്പ് ലിങ്ക് കളിലൂടെ ഞാന്‍ വഴി മാറി പോകുന്നു....അല്ലെങ്കില്‍ എന്നെ നിങ്ങളുടെ അവതരണ മികവു കൊണ്ട് വഴി മാറ്റുന്നു...വളരെ വളരെ നന്നായിട്ടുണ്ട്...മുഴുവന്‍ വായിച്ചു വീണ്ടും ഞാന്‍ വരും....

  ReplyDelete
 41. കുറെ കഷ്ടപ്പെട്ട് കാണുമല്ലോ അന്‍വര്‍ക്കാ ....!!! ഇങ്ങനെ വിലയിരുത്തുന്നത് ഒരു സന്തോഷമുള്ളകാര്യമാണ് !!

  ReplyDelete
  Replies
  1. അത് വായിക്കുമ്പോള്‍ അതിലേറെ സന്തോഷം

   Delete
 42. കുറിപ്പെഴുത്തുകാരനും/കുറിപ്പില്‍ പരാമര്ഷിച്ചവര്‍ക്കും എന്‍റെ ആശംസകള്‍...

  ReplyDelete
 43. Nalla bogukal, mikacha avalokanam.
  Aashamsakal

  ReplyDelete
  Replies
  1. അത്രേ ഉള്ളോ അഭിപ്രായമ?

   Delete
 44. വെരി ഗുഡ്
  പ്രവീണ്‍ വൈവിദ്ധ്യങ്ങളാല്‍ എന്നെ അതിശയിപ്പിക്കും
  ഫൈസല്‍ ബാബു കമ്മിറ്റ് മെന്റ് കൊണ്ട് എന്നെ ആകര്‍ഷിയ്ക്കും
  ആര്‍ഷ എഴുത്തിലെ ലാളിത്യം കൊണ്ട് എന്നെ സന്തോഷിപ്പിക്കും
  ത്വല്‍ഹത്തിന് ആശംസകള്‍
  കുറെ കഷ്ടപ്പെട്ട് കാണുമല്ലോ അന്‍വര്‍ക്കാ ഇങ്ങനെ വിലയിരുത്തുന്നത് ഒരു സന്തോഷമുള്ളകാര്യമാണ്
  www.hrdyam.blogspot.com

  ReplyDelete
 45. സമഗ്രമായ വിലയിരുത്തൽ..

  ReplyDelete
 46. നന്നായിരിക്കുന്നു ഈ വിലയിരുത്തലുകൾ
  നാലു പേരുടെയും ബ്ലോഗിൽ പോയിട്ടുണ്ട്
  പ്രതികരണങ്ങൾ നല്കിയിട്ടും ഉണ്ട്.
  എല്ലാവരും അവരവരുടെ നില കാക്കുന്നവർ
  ഫൈസലും പ്രവീണും അടുത്തു കണ്ടവർ
  ആർഷയെ അടുത്തിട മാത്രം പരിചയം
  കുട്ടി ബ്ലോഗറുടെ പേജിലും പോയിട്ടുണ്ട്
  എന്നാണോർമ്മ വീണ്ടും പോയി നോക്കാം
  എല്ലാവർക്കും അഭിനന്ദനം. ശരിക്കും
  ഹോം വർക്ക് നടത്തി പുറത്തു കൊണ്ടുവരുന്ന
  ഈ അൻവരികൾ പ്രശംസനീയം തന്നെ, തുടരുക
  ഈ യാത്ര, എല്ലാ ഭാവുകങ്ങളും നേരുന്നു
  ഈ കുറി കാണാൻ വൈകി, വീണ്ടും കാണാം
  എന്റെ ബ്ലോഗിൽ ചേർന്നതിൽ പെരുത്ത നന്ദി

  ReplyDelete
 47. അന്‍വര്‍ നെറ്റില്‍ വളരെ നല്ല ഇടപെടല്‍ നടത്തുന്നു എന്ന് മനസ്സിലായി. സന്തോഷം. മടി ഒഴിവാക്കുക, കര്‍മ്മ നിരതനാവുക

  ReplyDelete
 48. ആർഷയുടെ 'കാത്തുവച്ചില്ല' എന്ന കവിത വളരെ മനോഹരം. കുട്ടി ബ്ളോഗർ ത്വൽഹത്തിന്റെ 'വെള്ളരിക്കാപട്ടണം' സന്ദർശിക്കാൻ ശ്രമിച്ചിട്ട് നടക്കുന്നില്ലല്ലോ. മറ്റു പല ലിങ്കുകളും കയറിവരുന്നു.

  ReplyDelete
 49. നല്ല വിലയിരുത്തല്‍ ഇക്കാ....തിരഞ്ഞെടുത്ത ബ്ലോഗുകളും മികച്ചതായിരുന്നു...

  ReplyDelete
 50. എല്ലാം കണ്ടിട്ടും കേട്ടിട്ടുമുള്ള ബ്ലോഗുകള്‍ തന്നെ.....ഒരു നവാഗതനായ എനിക്ക് ഇത്തരം വിലയിരുത്തലുകള്‍ ചെറുതല്ലാത്ത പ്രതീക്ഷ ഉണര്ത്തുന്നുണ്ട്. വായിക്കുന്നതും എഴുതുന്നതും ഒന്നും ആരും കാണാതെ പോകുന്നു എന്ന പരാതിക്കൊരു ശമാനമാണ് ഇത്തരം ശ്രമങ്ങള്‍. അനവറിക്കയുടെ പിന്‍ഗാമിയാണ്‌ ഫൈസല്‍ ബായ് എന്നെനിക്കു തോന്നുന്നു. ആ ഫൈസല്‍ ബായിയെ ഇതില്‍ ഉള്‍പ്പെടുത്തിയത് വഴി ഞാനും ബഹുമാനിക്കപ്പെടുന്നത് പോലെ തോന്നി. കാരണം എന്നെ ഏറെ പ്രോത്സാഹിപ്പിക്കുന്ന ആളാണ്‌ ശ്രീ ഫൈസല്‍. പ്രവീണ്‍ ശേഖര്‍ മാന്യനായ ഒരു ബ്ലോഗറാണ്. ഇപ്പോഴും എല്ലാവര്ക്കും ഇഷ്ട്ടപ്പെടുന്ന എഴുത്തിന്നുടമ. ആര്ഷയോ..ഇത്ര സജീവമായ ഒരു ബ്ലോഗ്ഗര്‍ സ്ത്രീപക്ഷത്തുണ്ടോ എന്ന് സംശയം. തോല്ഹത്തിനെ വിലയിയിരുത്തിയത് ഏറെ ഇഷ്ട്ടമായി. ആ കൊച്ചു ബ്ലോഗ്ഗരോട് അനവറിക്കയ്ക്കുള്ള വാത്സല്ല്യം മുഴുവന്‍ വെളിവാക്കുന്നതായിരുന്നു ആ വിലയിരുത്തല്‍.... ഈ ഉദ്ധ്യമത്തിനു എല്ലാ വിധ സ്നേഹവും അനവറിക്കയ്ക്ക്.........വല്ല്യ ഒരു താങ്ക്സ് അന്നൂസ്സിന്റെ വക.....!!

  ReplyDelete