Wednesday, 28 August 2013

എന്റെ വായന - ഭാഗം: രണ്ട് - വായനയുടെ ലക്‌ഷ്യം

         
      എന്തിനു വായിക്കണം എന്നതാവട്ടെ ചർച്ച. അതിനു മുന്നേ എന്തിനാണ് എഴുത്ത് എന്നതും ചർച്ചിക്കണമല്ലോ? ആദികാവ്യം തുടങ്ങുന്നത് 'മാനിഷാദ' എന്നാകുന്നു. അതായത് 'അരുത് കാട്ടാളാ' എന്ന വിലക്ക്. പരിശുദ്ധ ഖുര്‍ആന്‍ 'വായിക്കുക' എന്നുണർത്തിയാണല്ലോ ആരംഭിക്കുക. തുടർന്ന് ഇറങ്ങിയ വചനം 'ഹേ പുതച്ചു മൂടി കിടക്കുന്നവനേ ഉണര്‍ന്നെണീററു പ്രവര്‍ത്തിക്കൂ' എന്നാഹ്വാനം ചെയ്യുന്നതത്രേ. നന്മയിലേക്കും പ്രവര്‍ത്തിയിലേക്കും നയിക്കലാവണം എഴുത്തിന്‍റെ ലക്‌ഷ്യം എന്ന് സാരം. വായന ലക്ഷ്യം വെക്കുന്നതും അതിലേക്കാവണം. 'നോവുമാത്മാവിനെ സ്നേഹിക്കാത്ത വായന' ഗുണപരം അല്ലെന്നർത്ഥം.
        
             വായനയുടെ പ്രായോഗികതയിൽ 'വൈജ്ഞാനികവും' 'സര്‍ഗാത്മകവും' ഇട കലർന്ന് വേണം എന്ന് കഴിഞ്ഞ ഭാഗത്ത്‌ പറഞ്ഞതിന്റെ വിവക്ഷയും ഇതുമായി ബന്ധപ്പെട്ടു കിടക്കുന്നു. 'പ്രയോജനകരമായ' വായനയോട്‌ താല്പര്യം കൂടിയ കാലഘട്ടം ആണിത്. പ്രയോജനം എന്നതിനെ കേവലം ഭൌതികമായ നേട്ടം എന്നതിലേക്ക് ചുരുക്കിയാണു ഈ ചിന്ത. എന്‍ട്രന്‍സിനു ഗുണമാണോ എന്ന് മാത്രം നോക്കി കുട്ടികള്‍ക്ക് പുസ്തകങ്ങള്‍ വാങ്ങി കൊടുക്കുന്ന രക്ഷിതാക്കൾ ഈ ബോധത്തിന് ആക്കം കൂട്ടുന്നു. പി എസ് സി പരീക്ഷക്ക്‌ ഉപകാരപ്പെടുന്ന വായന മാത്രം ലക്ഷ്യം വയ്ക്കുന്ന വായനാ സംസ്കാരം ചെറുപ്പക്കാരുടെ ഇടയില്‍ അമിതമായി വളര്‍ന്നു വരുന്നു. മാനവിക വിഷയങ്ങള്‍ പഠിക്കാൻ താത്പര്യം കുറയുകയും, ഇംഗ്ലീഷ് പോലുള്ള ഭാഷകളുടെ ' പഠനം 'സ്പോക്കണ്‍ ഇംഗ്ലീഷ് ' നിലവാരത്തിലേക്ക് താണു പോവുകയും ചെയ്തിരിക്കുന്നു. കവിതയും കഥയും വായിച്ചു എന്ത് കിട്ടാൻ എന്ന ചിന്ത നമ്മെ വല്ലാതെ ഭരിക്കുന്നു. 'ഒരാൾക്ക്‌ എത്ര ഭൂമി വേണം' എന്ന വിഖ്യാത കഥയിലെ കഥാപാത്രത്തെ പോലെ ഭൂമിക്കായി നെട്ടോട്ടമോടുന്ന ആൾ 'ഭൂമിക്കൊരു ചരമഗീതം' വായിച്ചു എങ്ങനെ വികാരപ്പെടാൻ ? (ഇത്തരം ഗീതങ്ങൾ എഴുതുന്നവരും ഷേക് സ്സ്പിയർ പാടിയപോലെ കറുപ്പിനെ വെളുപ്പാകും സുവർണ്ണ തളിക തേടി ഓടുന്നു എന്നതാണല്ലോ ഏറെ രസകരം) അത് കൊണ്ടാണ് ഈ കാലത്ത് വിജ്ഞാന പുസ്തകങ്ങൾ മാത്രം വായിച്ചു മനസ്സ് വല്ലാതെ കലുഷപ്പെട്ടു ക്ഷോഭത്തിനു മാത്രം വഴിപ്പെട്ടു സ്നേഹത്തെ മറക്കുന്ന അവസ്ഥ സംജാതമാവുന്നത് .

          ഇവിടെയാണ്‌ പൈങ്കിളി എഴുത്ത് എന്ന പേരില്‍ വിമര്‍ശന വിധേയമായ ജനപ്രിയ സാഹിത്യം ചര്‍ച്ച ചെയ്യപ്പെടേണ്ടത്. മനുഷ്യന്‍റെ മൃദുല വികാരങ്ങളെ ചൂഷണം ചെയ്യുന്നു എന്നായിരുന്നു ആ വിമര്‍ശനം. പക്ഷെ ഒട്ടേറെ പേരെ വായനയിലേക്ക് നയിച്ചത് ആ മേഖലയുടെ സംഭാവന ആണ് താനും. ആ കൃതികൾ പലപ്പോഴും നല്ല സന്ദേശങ്ങൾ നല്‍കിയില്ല എന്നും വിമര്‍ശനം ഉയര്‍ന്നു. നന്മയിലേക്ക് നയിക്കൽ എപ്പോഴും സാഹിത്യത്തിന്റെ ലക്ഷ്യം എന്നത് എല്ലാവരും അംഗീകരിക്കുന്നില്ല. എഴുത്തിന്‍റെ പല ലക്ഷ്യങ്ങളിൽ പ്രധാനപ്പെട്ട ഒന്ന് എന്ന് മാത്രമാണ് എന്നതാണ് ചിലരുടെ അഭിപ്രായം.  

       
       വായിച്ചു വായിച്ചു ഉള്ളിലേക്ക് ഒതുങ്ങുന്നവർ ധാരാളം. വായിച്ചതിന്‍റെ ആശയങ്ങള സഹ ജീവികള്‍ക്കു ഏതെങ്കിലും വിധത്തില്‍ പകര്‍ന്നു നല്‍കേണ്ടത് ഒരു ധര്‍മ്മം തന്നെയാണ് എന്നൊരു അഭിപ്രായം ഉണ്ട്. വായന ചുരുങ്ങാനല്ല വികസിക്കാനും വിശാലമാവാനും ആണ് പ്രയോജനപ്പെടെണ്ടത്.

       വായനയുടെ ലക്ഷ്യത്തെ ഒരു പോസ്റ്റിൽ ഒതുക്കാവുന്നതല്ല. എങ്കിലും, വിസ്താര ഭയത്താൽ ഇവിടെ ചുരുക്കുന്നു. ഒന്നാം ഭാഗം കൂടി വായിച്ചു അഭിപ്രായങ്ങൾ പറയണേ !

എന്റെ വായന - ഭാഗം: ഒന്ന്