Tuesday 14 January 2014

പുസ്തക പരിചയം - ഒറ്റയാന്‍ - ടി ജെ എസ് ജോര്‍ജ്.

ഒറ്റയാന്‍ 

ടി ജെ എസ്  ജോര്‍ജ് 

ഡി സി ബുക്സ് 

പേജുകൾ 216 വില 160 രൂപ 

                    
           ചുറ്റുപാടുകളെ നിരീക്ഷിക്കുമ്പോള്‍ ഉണ്ടാവുന്ന സ്വാഭാവിക പ്രതികരണങ്ങള്‍  ചിലപ്പോഴൊക്കെ പുസ്തക രൂപത്തില്‍ ആക്കിയിട്ടുണ്ട്. അത്തരം പുസ്തകങ്ങള്‍ പലപ്പോഴും കാലാദിവര്‍ത്തി ആകുന്നില്ല എന്ന് കാണാം. കാരണം, സന്ദര്‍ഭോചിതമായി പറഞ്ഞു പോകുന്ന വാക്കുകള്‍ പില്‍കാലത്ത് പ്രസക്തം ആവില്ല. എന്നാല്‍ ഉള്‍ക്കാഴ്ച്ചയോടെ നിര്‍ഭയമായി ആണ് വീക്ഷണം എങ്കില്‍  അതിനു പിന്നീടും പ്രസക്തി ഉണ്ടാകും. വ്യക്തികള്‍,  സംഭവങ്ങള്‍ ഇവയെ കുറിച്ച് ടി ജെ എസ് എഴുതിയ കുറിപ്പുകള്‍ അടങ്ങിയ ഈ പുസ്തകം വായിക്കുകയും വാങ്ങി സൂക്ഷിക്കുകയും ചെയ്യേണ്ട ഒന്നാണെന്ന് ഞാന്‍ കരുതുന്നു.

            ആശയങ്ങള്‍,  അഭിപ്രായങ്ങള്‍, ആളുകള്‍ ഇങ്ങിനെ മൂന്നായി പുസ്തകത്തെ വിഭജിച്ചിരിക്കുന്നെങ്കിലും എല്ലാ ഭാഗത്തും എല്ലാം കടന്നു വരുന്നുണ്ട്. ഒപ്പം മറ്റു പുസ്തകങ്ങളെയും ആശയങ്ങളെയും സമര്‍ത്ഥമായി പരിചയപ്പെടുത്തുകയും ചെയ്യുന്നു. അത് ശരിക്കൊരു പുസ്തക ധര്‍മ്മം  തന്നെയാണ്. നാം കേട്ടവരും കേള്‍ക്കാത്തവരും കേട്ടാലും അത്ര മേല്‍ ശ്രദ്ധിക്കാത്തവരും  എന്നാല്‍ ശ്രദ്ധിക്കേണ്ടവരും ആയ പലരെയും അവരുടെ സംഭാവനകളെയും ഈ പുസ്തകം പരിചയപ്പെടുത്തുന്നു.



           എഴുതി സൂക്ഷിക്കാന്‍ പറ്റിയ ഏറെ നിരീക്ഷണങ്ങള്‍, അഭിപ്രായങ്ങള്‍ ഇതില്‍ഷത്തു  വാചകമാണ് ലേഖകനും ഉദ്ധരിക്കുന്നത് 'സര്‍വ്വ  ചരാചരങ്ങളുടെയും  മധുവാണ് ഭൂമി. ഭൂമിയുടെ മധുവാണ് സര്‍വ്വ  ചരാചരങ്ങളും' എത്ര ഉദാത്ത ദര്‍ശനം! 'മതി' എന്ന കുഞ്ഞു വാക്ക് ആവശ്യമുള്ളിടത്ത് പറയുമ്പോഴാണ് ജീവിതം അര്‍ത്ഥ  പൂര്‍ണ്ണമാവുന്നത്. 'പത്തു കിട്ടിയാല്‍ നൂറു മതിയെന്നും...' ജീവിത ദര്‍ശനം ആക്കിയ കാലമല്ലോ ഇത്. മതങ്ങളെയും ദൈവത്തെയും പറ്റി നല്ല നിരീക്ഷണങ്ങള്‍ ഇതിലുണ്ട്. ദൈവത്തെ വിട്ടു കാശാക്കുവന്‍ ഇരിക്കുന്നവര്‍ എവിടെ കേള്‍ക്കാന്‍ ഈ ദര്‍ശനങ്ങള്‍? പണം കൊടുത്താല്‍ എന്തും കിട്ടും എന്നതിന് താക്കീതായി ഒരു ലേഖനമുണ്ട്. പത്ര പ്രവര്‍ത്തന  രാഷ്ട്രീയ   സാംസ്‌കാരിക രംഗത്തെ പണ മേല്‍കൊയ്മയിലെക്കു ഇത് വിരല്‍  ചൂണ്ടുന്നു. സെല്ലുലൊയിട് സിനിമയില്‍ മലയാറ്റൂരിനെ അനാവശ്യമായി വലിച്ചിഴക്കുന്നതിനെ മറ്റൊരു ലേഖനം അപലപിക്കുന്നു. എന്തിലും സവര്‍ണ്ണം  അവര്‍ണ്ണം പതിപ്പിക്കാന്‍ ചിലര്‍ വ്യഗ്രത കാട്ടാറണ്ടല്ലൊ?

           കായിക രംഗത്തെ ചൈനയും ഇന്ത്യയുമാണ് മറ്റൊരു വിഷയം. മറ്റൊരു ലേഖനത്തില്‍ ഓരോ പൌരന്റെയും ചെവിയില്‍  മുഴങ്ങെണ്ട   മുദ്രാവാക്യം എഴുതി പിടിപ്പിച്ചിരിക്കുന്നു. 'വിത്തിന്റെ ഉടമസ്തര്‍  ആരോ അവര്‍  ഭക്ഷണത്തിന്റെ ഉടമസ്തര്‍ ആകും. ഭക്ഷണത്തിന്റെ ഉടമസ്ഥര്‍ ആരോ അവര്‍ രാജ്യത്തിന്റെ ഉടമസ്ഥര്‍ ആകും' ..............ശരിയല്ലേ?

             'കപടത കാണിച്ചു ക്രൂരത കാട്ടുന്നു നമ്മള്‍. സത്യം പറഞ്ഞു ക്രൂരത കാട്ടുന്നു താലിബാന്‍' മറ്റൊരിടത്ത്. ലേഖകന്‍ ആംഗലേയ ഭാഷയില്‍ കൂടുതല്‍ പ്രയോഗവും പ്രവീണ്യവും ഉള്ള ആളെങ്കിലും മാതൃഭാഷയെ നന്നായി സ്‌നേഹിക്കുന്നു എന്ന് വ്യക്തമാക്കുന്ന ലേഖനം ഉണ്ട് ഇതില്‍.  കീറ്റ്‌സിനെയും വെല്ലുന്ന കവികള്‍  മലയാളത്തില്‍ ഉണ്ടെന്നു തന്നെ അദ്ദേഹം പറയുന്നു.

            ആളുകള്‍ എന്ന ഭാഗം ഏറെ ഹൃദ്യം. മണ്ടെലയെയും സ്റ്റീഫന്‍ ഹൊക്കിങ്ങിനെയും
വി കെ കൃഷണമേനോനെയും ഒക്കെ നന്നായി പരിചയപ്പെടുത്തുന്നു. നേതാജിയുടെ ചില വെളിപ്പെടാരഹസ്യങ്ങള്‍, കെ എം മാത്യൂവിനെ പറ്റി പുതിയ അറിവുകള്‍  ഒക്കെ ഈ പുസ്തകം സമ്മാനിക്കുന്നു. 'മാരിവില്ലിന്‍ തേന്മലര്‍..' ഒരുക്കിയ കെ എസ്  ജോര്‍ജ്  ഹൃദയ ഹാരിയായി അവതരിപ്പിക്കപ്പെട്ടിരിക്കുന്നു. സാദത് ഹസാന്‍ മന്റൊ പോലെ നാം അത്ര അറിയാത്ത ആളിനെ പരിചയപ്പെടുത്തുന്നു. സാട്ജി ബ്രാഡ്മാന്‍ എന്നാ ആഫ്രിക്കക്കാരിയെ അറിയുമ്പോള്‍ നാം നടുങ്ങി പോകുന്നു. കാവ്യ എന്ന പുതു എഴുത്തുകാരി നമ്മില്‍ ഒരു നൊമ്പരം ആയി നിറയുന്നു. ഒടുവില്‍ സരിതയിലും ശാലുവിലും നര്‍മ്മം പുരട്ടി പുസ്തകം അവസാനിക്കുന്നു.

             പ്രിയ വായനക്കാരാ ഒട്ടേറെ അറിവുകള്‍ക്കായി താങ്കള്‍ ഈ പുസ്തകം വായിക്കുക. ഒട്ടേറെ വികാരങ്ങള്‍ താങ്കളെ കടന്നു പോകും ഈ പുസ്തകത്തിന്റെ വായനാ വേളയില്‍!

ഇതിൽ പ്രതിപാദിച്ച ചില പുസ്തകങ്ങള്‍.

ആരാച്ചാര്‍ - കെ ആര്‍ മീര
The God Delusion -  Richard Dawkins
The greatest show on earth - Richard Dawkins
The language of God - Francis Collins
The wandering Falcon - Jameel Ahammed

11 comments:

  1. പരിചയപ്പെടുത്തലിന് നന്ദി... :-)

    ReplyDelete
  2. ടി ജെ എസിന്റെ കുറിപ്പുകള്‍ വളരെ ഇഷ്ടത്തോടെ വായിക്കാറുണ്ട്. ഈ പുസ്തകം വാങ്ങണം

    ReplyDelete
  3. പരിചയപ്പെടുത്തലിനു നന്ദി.

    ReplyDelete
  4. ഇന്ത്യൻ എക്സ്പ്രസ്സിൽ വാരാന്ത്യപ്പതിപ്പിൽ(ഇംഗ്ലീഷ്) ഇദ്ദേഹം എഴുതിക്കൊണ്ടിരുന്ന പല കുറിപ്പുകളും വായിക്കാറുണ്ടായിരുന്നു
    വസ്തുതകൾ വളരെ വസ്തു നിഷ്ഠയോടെ അവതരിപ്പിക്കാൻ അദ്ദേഹത്തിനുള്ള കഴിവ് അപ്രമേയം തന്നെ. ഈ അവലോകനം നന്നായി കുറേക്കൂടി കാര്യങ്ങൾ അറിയാൻ കഴിഞ്ഞു. വരുത്തി വായിക്കണം ഇനി. നന്ദി നമസ്കാരം

    ReplyDelete
  5. ഇദ്ദേഹത്തിന്റെതായി ഒന്നും ഇത് വരെ വായിച്ചിട്ടില്ല. പുസ്തകം ഇവിടെ സംഘടിപ്പിക്കാന്‍ വിഷമമാണ്. അടുത്ത ലീവിന് കൊല്ലത്ത് വന്നു ശ്രീ അന്‍വറിനെ കാണാന്‍ പദ്ധതിയുണ്ട്. അല്‍പ്പം പുസ്തകങ്ങള്‍ ചൂണ്ടാനും. :)

    ReplyDelete
  6. വായിക്കണമല്ലോ....

    ReplyDelete
  7. ‘"വിത്തിന്റെ ഉടമസ്തർ ആരോ അവർ ഭക്ഷണത്തിന്റെ ഉടമസ്തർ ആകും. ഭക്ഷണത്തിന്റെ ഉടമസ്ഥർ ആരോ അവർ രാജ്യത്തിൻറെ ഉടമസ്ഥർ ആകും"
    നല്ല പരിചയപ്പെടുത്തലുകൾ കേട്ടൊ ഭായ്
    പിന്നെ

    ടി.ജെ എസ് .ജോർജ്ജിന്റെ ബ്ലോഗിനെ ഞാനിതാ ഫോളോ ചെയ്യുന്നൂ

    ReplyDelete
  8. മാധ്യമ രംഗത്തെ കുലപതി...അദേഹത്തിന്റെ കുറിപ്പുകള്‍ പലപ്പോഴും രാഷ്ട്രീയ രംഗത്തെ പല അന്തര്‍നാടകങ്ങളും വെളിപ്പെടുതുന്നതാകും.സമകാലിക മലയാളത്തിലും ഇന്ത്യന്‍ എക്സ്പ്രസ്സ്‌ലും പല ലേഖനങ്ങളും വായിച്ചിട്ടുണ്ട്..

    നല്ലൊരു നിരൂപണം..തീര്‍ച്ചയായും വായിച്ചിരിക്കും...

    ReplyDelete
  9. ആദ്യമായി അറിയുന്നു.
    പുസ്തകം വായിക്കാന്‍ പരിശ്രമിക്കാം.
    നന്ദി അന്‍വറിക്ക.

    ReplyDelete
  10. വേറിട്ട വായനാനുഭവം നല്‍കുന്ന ശക്തമായ എഴുത്ത് ! ഈ പുസ്തകം വായിച്ചില്ല വായിക്കണം !

    ReplyDelete