പുസ്തക പരിചയം - ദത്താപഹാരം
നോവല്‍ - വി ജെ ജെയിംസ്
മാതൃഭൂമി വില 95 രൂപ പേജുകള്‍ 156
ഒന്നുണ്ടു നേരു, നേരല്ലി-
തൊന്നും, മര്‍ത്ത്യര്‍ക്കു സത്യവും
ധര്‍മ്മവും വേണ,മായുസ്സും
നില്ക്കുകില്ലാര്‍ക്കുമോര്‍ക്കുക.
ദത്താപഹാരം വംശ്യര്‍ക്കു-
മത്തലേകിടുമെന്നതു
വ്യര്‍ത്ഥമല്ല പുരാഗീരി-
തെത്രയും സത്യമോര്‍ക്കുക.
കൊടുത്തതു തിരിച്ചങ്ങോ-
ട്ടെടുക്കുന്നവനെത്രയും
നിസ്സ്വനാമവനെക്കാളും
നിസ്സ്വനില്ലാരുമൂഴിയില്‍ .
(ദത്താപഹാരം - രചന:
ശ്യാമയാം നിശബ്ദ കാനനമേ നിന്നെ തൊന്നും, മര്‍ത്ത്യര്‍ക്കു സത്യവും
ധര്‍മ്മവും വേണ,മായുസ്സും
നില്ക്കുകില്ലാര്‍ക്കുമോര്‍ക്കുക.
ദത്താപഹാരം വംശ്യര്‍ക്കു-
മത്തലേകിടുമെന്നതു
വ്യര്‍ത്ഥമല്ല പുരാഗീരി-
തെത്രയും സത്യമോര്‍ക്കുക.
കൊടുത്തതു തിരിച്ചങ്ങോ-
ട്ടെടുക്കുന്നവനെത്രയും
നിസ്സ്വനാമവനെക്കാളും
നിസ്സ്വനില്ലാരുമൂഴിയില്‍ .
(ദത്താപഹാരം - രചന:
ആനന്ദബാഷ്പം വഴിഞ്ഞ മിഴികളാല്‍
ഞാനൊന്നുഴിഞ്ഞു കൊള്ളട്ടെ കരം കൂപ്പി,
ഞാനൊന്ന് കണ്ടു നിന്നോട്ടെ, മതി വരെ
..................................................................
.................................................................
എങ്ങനെ നമ്മളിണങ്ങീ, അറിയാതെ,
എന്നമ്മയായ് നമ്മള്‍ കാക്കേണ്ട പുത്രിയായ്
എന്നുടെ ആരോമലായ് പൊടുന്നനേ,
ജന്മാന്തര സ്നേഹമാകണമീവ്യഥ
(സുഗതകുമാരി - സൈലന്റ് വാലി എന്ന കവിതയില്‍ നിന്ന് )
ചോരശാസ്ത്രത്തിന്റെ വായനയോടെയാണ് വി ജെ ജെയിംസ് എന്ന നോവലിസ്റ്റിനെ അറിയാന്‍ തുടങ്ങിയത്. ചെറു കഥകള്‍ ചിലതൊക്കെ കണ്ടിരുന്നു. ഇനിയും പുറപ്പാടിന്റെ പുസ്തകവും ലെയ്ക്കയും വായിക്കാനുണ്ട്. നിരീശ്വരന്‍ പൂര്‍ത്തിയായാല്‍ പുസ്തക രൂപത്തില്‍ വായിക്കാം. ദത്താപഹാരത്തിന്റെ വായന മനസ്സിനെ വല്ലാതെ അപഹരിച്ചതിനാല്‍ ഒരു റിവ്യൂ എഴുതാതെ വയ്യ. ഫ്രെഡിയെ കാട് എങ്ങനെ മോഹിപ്പിച്ചോ, അത് പോലെ ഈ നോവല്‍ എന്നെ അതിലേക്കു വലിച്ചടുപ്പിച്ചു. ആദ്യമേ പറഞ്ഞ ഗുരുവിന്‍ കവിത പ്രകൃതി ദാനമായി തന്നതിനെ തിരിച്ചെടുക്കുന്നതിനെ സൂചിപ്പിക്കുന്നു. അത് തന്നെയാണ് ദത്താപഹാരത്തിന്റെ വാക്കര്‍ത്ഥം. സുഗത ടീച്ചര്‍ എഴുത്തും പോലെ കാട് അമ്മയായി മാറുന്നു. ഈ നോവല്‍ പല വായനയാണ് സമ്മാനിച്ചത്. കാടിന്റെ മോഹിപ്പിക്കും കഥ, സ്ത്രീയുടെ പൂര്‍ത്തീകരണത്തിന്റെ കഥ, സൌഹൃദത്തിന്റെ കഥ, കാടിന്റെ നിശബ്ദ സൌന്ദര്യത്തിന്റെ കഥ, മനുഷ്യ സ്നേഹത്തിന്റെ കഥ...അങ്ങനെ എത്രയോ വായനകള്‍. ഭാഷയില്‍ 'ഖസാക്കി'നെ അനുസ്മരിപ്പിച്ചു.....പാത്ര സൃഷ്ടിയില്‍ 'മയ്യഴി'യെ ......
മനുഷ്യ മനസ്സ് കാട് പോലെ ആണ്. എന്തോ നിഗൂഡത ഒളിപ്പിക്കപ്പെട്ടിട്ടുണ്ട്. ഫ്രെഡി റോബര്‍ട്ടിലും ഇത് കാണാം. ഗാഡമായ സൌഹൃദത്തിലും ഫ്രെഡി തന്നെപറ്റിയുള്ള എന്തൊക്കെയോ കാത്തു സൂക്ഷിക്കുന്നു. കാടും അങ്ങനെ ആണല്ലോ? അതിനുള്ളിലേക്ക് എത്ര കടന്നു കയറിയാലും വീണ്ടും ഉള്ളില്‍ എന്തോ ഉണ്ടെന്നു നമ്മെ തോന്നിപ്പിക്കും. സുധാകരന്റെ കറുപ്പിലും അയ്യരുടെ ഒളിപ്പിക്കപെട്ട ദാരിദ്ര്യത്തിലും ഇത് കാണാം. മീരയില്‍ കുറെ ഒക്കെ സുതാര്യത അനുഭവപ്പെടുന്നു. അവള്‍ സ്ത്രീയാണ്. അതാവാം. മീര പറയുന്നുണ്ടല്ലോ "സ്ത്രീ തന്നെയാണ് പ്രകൃതി" എന്ന്. ഇടയ്ക്കു പ്രത്യക്ഷപ്പെടുന്ന ഭിക്ഷാംദേഹിയിലും ഈ ദുരൂഹത ദൃശ്യം. കഥാപാത്രങ്ങള്‍ വായനക്ക് ശേഷം വായനക്കാരനില്‍ തങ്ങി നില്‍ക്കുന്നത് ഈ സവിശേഷതയും കൊണ്ടാവാം.
ഫ്രെഡിയും പിന്നെ സുധാകരനും കാടിനുള്ളില്‍ മറയുമ്പോള്‍ റാഫിയും മീരയും അയ്യരും മഹേഷും അവരെ തിരയുമ്പോള്‍ കാട് അതിന്റെ നിശബ്ദതയാണ് ഉത്തരമായി നല്‍കുന്നത്. "ഓരോ മരവുമിലയും മുഴുവനക്കാടും കനിഞ്ഞു വിളി കേള്‍പ്പൂ..പൈതലേ" അങ്ങനെ ഒരു വിളി നമുക്കും കേള്‍ക്കാം. അവര്‍ക്കൊപ്പം ആ കാടിനുള്ളിലേക്ക് വായനക്കാരാ നിങ്ങളും മെല്ലെ പ്രവേശിക്കും!
വായനക്കായി ഒട്ടേറെ നോവലുകള്‍ നമുക്ക് മുന്നിലെത്തുമ്പോഴും രവിയും ദാസനും റസ്കോള്‍ നിക്കൊഫും ഇന്നും നമ്മെ അലട്ടുന്നത് അവരെ സൃഷ്ടിച്ചവര്‍ വശ്യമായി ഒഴുക്കിയ ഭാഷ മൂലമാണ്. നോവല്‍ സങ്കേതങ്ങളില്‍ എത്ര പുതു പരീക്ഷണങ്ങള്‍ നടത്തിയാലും അനുവാചകന്റെ ഹൃദയത്തിലേക്ക് എത്തിക്കുന്നതില്‍ ഭാഷയ്ക്ക് തന്നെ മുഖ്യ സ്ഥാനം. 'ഉള്ളടക്കം' എന്ന ഒരു ഭാഗം മാത്രം മതി ജെയിംസ് ഭാഷ കൊണ്ട് അമ്മാനം ആടുന്നത് ബോധ്യപ്പെടാന്‍. ഒപ്പം ശ്രദ്ധേയമായ ജീവിത നിരീക്ഷണങ്ങളും ഈ പുസ്തകത്തില്‍ ഏറെ ഉണ്ട്
'കുട്ടീ' ഭിക്ഷാംദേഹി പറഞ്ഞു 'മരണവും ജീവിതവും രണ്ടല്ല. ഒന്ന് തന്നെ. മരണത്തോടുള്ള മൽ പിടിത്തം അതിനാല്‍ ജീവിതത്തോടുള്ളത് തന്നെയായ് വരും"
വെറുതെയല്ല ഞാന്‍ ഭാഷയില്‍ ഖസാക്കിനോളം എന്ന് പറഞ്ഞത്..അത്യുക്തിയും അല്ല.... ഇത് നോക്കൂ..
"കാട് അവളുടെ വാക്കുകള്‍ ഏറ്റെടുത്തു. സഹസ്ര ഹസ്തങ്ങള്‍ ഉയര്‍ത്തി മാനത്തേക്ക് വെമ്പി നിന്ന ദീര്‍ഘശാഖികള്‍ അവ കേട്ടു. വെളിച്ചം നിലം തൊടാത്ത ഇടങ്ങളിലെ വനച്ചൂരിലാകെ അത് പടര്‍ന്നു. വനത്തിലാണ് ഞങ്ങള്‍ ഇപ്പോള്‍. ഘോര വനത്തിലാണ്. ഓരോ മിടിപ്പും ഞങ്ങളെ ഒരവധാനതയെകുറിച്ചു ഓര്‍മിപ്പിച്ചു കൊണ്ടിരുന്നു"
ഭീമനും അര്‍ജുനനും നകുലനും സഹദേവനും ദ്രൌപതിയും എടുത്തു പറയാതെ ധര്‍മ്മപുത്രരും അണിനിരക്കുന്ന പാത്ര സൃഷ്ടി ഈ നോവലില്‍ കാണുമെങ്കിലും പുരാണ കഥകളിലേക്ക് അനാവശ്യമായി കടന്നു പോകുന്നില്ല എന്നത് കൊണ്ട് കുറഞ്ഞ പേജുകളില്‍ കഥ ഭംഗിയായി പറഞ്ഞു പോകുന്നു. കെ ആര്‍ മീരയുടെ ആരാച്ചാര്‍ വായിച്ചു. മനോഹര നോവല്‍ എങ്കിലും ഉപ കഥകള്‍ കുറെ അധികം പറഞ്ഞു ഭംഗി കെടുത്തി എന്നും നീളം കൂട്ടി എന്നും ചിലരൊക്കെ പറഞ്ഞു. നോവലുകളുടെ താരതമ്യം അല്ല ഇവിടെ ഉദ്ദേശിച്ചത്. സന്ദര്‍ഭവശാല്‍ പറഞ്ഞു എന്ന് മാത്രം. പലപ്പോഴും എഴുതുന്ന ആളിന്റെ അറിവിനെ പ്രകടിപ്പിക്കാന്‍ ഇത്തരം സന്ദര്‍ഭങ്ങള്‍ ഉപയോഗപ്പെടുത്താറുണ്ട്
ഗുരു എഴുതിയത് പോലെ, പ്രകൃതിക്കും മനുഷ്യന്റെ മേല്‍ ഒരു തെരഞ്ഞെടുപ്പുണ്ടെന്നു ഈ പുസ്തകം ഓര്‍മ്മപ്പെടുത്തുന്നു. ഒരു കൈ പ്രഹരിക്കുകയും മറു കൈ കൊണ്ട് തലോടുകയും ചെയ്യുന്ന പ്രകൃതി നമുക്ക് വിക്രുതിക്കുള്ളതെന്നു നാം ധരിച്ചു വശായിയല്ലോ? മറു വശം ചിന്തിക്കാനും ഇതിന്റെ വായന ഉപകരിക്കും.ലാല്‍ ജോസ് ഈ ഗ്രന്ഥത്തില്‍ തന്നെ സൂചിപ്പിക്കും പോലെ എന്റെ പ്രിയപ്പെട്ട നോവല്‍ ആയി കഴിഞ്ഞു ഈ പുസ്തകം.
അദേഹത്തിന്റെ പുസ്തകങ്ങള്‍ ഇതുവരെ വായിക്കാന്‍ അവസരം കിട്ടിയിട്ടില്ല , താങ്കളുടെ ഈ പരിച്ചപ്പെടുതല്‍ ഒരു ഇമ്പ്രഷന്‍ തന്നെയാണ് . തീര്‍ച്ചയായും അദ്ദേഹത്തില്‍ ഞാന്‍ എത്തിപ്പെടും !
ReplyDeleteകാരണം വാക്കുകളുടെ ആ മായാജാലം കാണാന്‍ കൊതിക്കാത്തവര്‍ ആരുണ്ട് :)
നല്ല ആശംസകള്‍
@srus..
വായിച്ചു തന്നെ ആസ്വദിക്കൂ അസ്രൂ
Deleteഇദ്ദേഹത്തിന്റെ ഒരു കളിപ്പാട്ടത്തിന്റെ ഒരു കഥ വായിച്ചത് ഒര്കുന്നുണ്ട്..ആരെയും കണ്ണ് നനയിപ്പിക്കും....എന്തായാലും അനവര്‍ക്ക ഈ അവലോകനം വായനക്കാരെ കൂടുതല്‍ ആ പുസ്തകത്തോട് അടുപ്പിക്കും....
ReplyDeleteഇതും വായിക്കൂ
Deleteഞാനിപ്പോള്‍ ഈ കുറിപ്പ് ഓടിച്ച് ഒന്ന് നോക്കുന്നു.
ReplyDeleteപുസ്തകം വായിച്ച ശേഷം വീണ്ടും വരാം, അപ്പോള്‍ കൂടുതല്‍ ആസ്വാദ്യമാകും എന്ന് തോന്നുന്നു.
നന്ദി അന്‍വറിക്ക.
വീണ്ടും വരൂ ജോസൂ
Deleteപുസ്തകം വായിച്ചു.
Deleteആ മനോഹരാഖ്യാനത്തോട് നീതിപുലര്‍ത്തും വിധം ഒരു ആസ്വാദനം എഴുതുന്നത് എങ്ങനെയാണ് എന്നതാണ് ഇനി ആധി.
ദത്താപഹാരം : നോവല്‍
Delete-------------------------------
വി.ജെ.ജെയിംസ്.
----------------------------
ഒരു യാത്രാനുഭവത്തെ, പ്രകൃതിയോടുള്ള സ്നേഹത്തെ, വഴിപിരിഞ്ഞുപോയ കലാലയ സൌഹൃദത്തെ, ജീവിതദര്‍ശനങ്ങളെ ഒക്കെ പലവിധത്തില്‍ എഴുത്തുകാരുടെ തൂലിക പ്രതിഫലിപ്പിക്കാറുണ്ട്. കഥയായും കവിതയായും യാത്രാവിവരണമായും ഓര്‍മ്മക്കുറിപ്പായും വാക്കുകള്‍ വായനക്കാരിലെത്തുന്നു. മുകള്‍പറഞ്ഞ ചേരുവകള്‍ എല്ലാം സമ്മേളിപ്പിച്ച് ഒരു കഥയൊരുക്കിയാല്‍ രചയിതാവിന്റെ താത്പര്യങ്ങള്‍ക്ക് അനുസൃണം മിശ്രണത്തില്‍ ഏറ്റക്കുറച്ചിലുകള്‍ അനുഭവപ്പെടാം. വായിക്കുന്നയാളാകട്ടെ അതിലെ തന്റെ ഇഷ്ടങ്ങളെ മുറുകെപ്പിടിക്കുന്നു. എന്റെ പരിമിതമായ വായനാവഴിയിലൂടെ കടന്നുപോയ മലയാള നോവലുകളില്‍ ശ്രീ വി.ജെ ജെയിംസിന്റെ ‘ദത്താപഹാരം’ വേറിട്ടുനില്‍ക്കുന്നത് ഇവിടെയാണ്.
‘ക്യാമ്പസ്’ എന്ന് കേള്‍ക്കുന്ന മാത്രേ എല്ലാവരിലും പൊടുന്നനെ നാമ്പിടുന്ന ഗതകാലസ്മരണകളെ ത്രില്ലര്‍ മൂഡിലേയ്ക്ക് എടുത്തെറിഞ്ഞ് ത്വരിതഗതിയിലുള്ള വായനയ്ക്ക് പ്രേരിപ്പിക്കുന്ന തുടക്കം കൌശലക്കാരനായ കഥാകൃത്തിന്റെ കരവിരുതാണ്. ‘ഇനി മുന്നോട്ട് എന്ത്?” എന്ന ചിന്തയില്‍ പിന്നീടൊരിക്കലും നമുക്കാ മാന്ത്രിക വലയം വിട്ടകലാന്‍ സാധിക്കില്ല. സൌഹൃദങ്ങളുടെ തണലില്‍, മരങ്ങളുടെ ശീതളച്ചായയില്‍ മന്ദം നടക്കുമ്പോള്‍ മുന്നിലൊരു വനപാത തെളിയുന്നു. കാട്! കാടിന്റെ വിളി, പ്രകൃതിയുടെ മുറുക്കിപ്പിടുത്തം ഒക്കെ വഴിയേ......
കഥാവസാനം വായനക്കാര്‍ക്കായി ഒളിച്ചുവെച്ചിരിക്കുന്ന ഒരു നിധി ഈ നോവലിലുണ്ട്. എന്നാല്‍ അത് പൌളോകൊയ്ലോയുടെ ആള്‍ക്കമിസ്ടിന്റെ വായനക്കൊടുവില്‍ ലഭ്യമാകുന്നത്പോലെയുള്ള ഒന്നല്ല. കാടിനെ ഇത്രമേല്‍ അനുഭവമാക്കി മാറ്റിയ മറ്റൊരു നോവല്‍ മലയാളത്തിലുണ്ടോ എന്നെനിക്കറിയില്ല. താന്‍ അനുഭവിച്ചതും തനിക്കു പറയാനുള്ളതും ഒരുപദേശത്തിന്റെ ചവര്‍പ്പില്ലാതെ മറ്റുള്ളര്‍ക്ക് സമ്മാനിച്ചതില്‍ ഏറ്റവും സംതൃപ്തി നേടിയത് ഒരുപക്ഷേ രചയിതാവ് തന്നെയാകും.
എപ്പോഴും പുതിയതും വൈവിധ്യമാര്‍ന്നതുമായ വിഷയങ്ങള്‍ മാത്രം സമ്മാനിക്കുന്നതുകൊണ്ട് സമകാലിക എഴുത്തുകാരില്‍ തങ്ങള്‍ പിന്തുടരുന്നത് ശ്രീ. വി.ജെ.ജെയിംസിനെയാണെന്ന് പ്രമുഖര്‍ പലരും പറഞ്ഞത് കേട്ടിരുന്നു. ദാത്താപഹാരത്തിന്റെ ആമുഖത്തിലെ സംവിധായകന്‍ ലാല്‍ ജോസിന്റെ കുറിപ്പ് അതിനെ അടിവരയിടുന്നു. ചോരശാസ്ത്രവും, ലെയ്ക്കയും, പുറപ്പാടിന്റെ പുസ്തകവും, വ്യാകുകമാതാവിന്റെ കണ്ണാടിക്കൂടുമൊക്കെ അടുത്തവായനയ്ക്കായി എന്നെ കാത്തിരിക്കുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമായ, നാട്ടുകാരനായ അദ്ദേഹത്തെ ഇതുവരെ വായിക്കാന്‍ വൈകിയതിലുള്ള കുറ്റബോധത്തോടെ ഞാനീ വായനാനുഭവം പങ്കുവെയ്ക്കുന്നു. പുസ്തകത്തിന്റെ മുഖചിത്രത്തിലും താളുകളിലും പതിയിരിക്കുന്ന “ഓന്തിന്റെ ചിത്രം” പ്രകൃതിയൊടുള്ള ഇഴുകിച്ചേരലിന്റെ പ്രതീകവും പ്രേരണയുമായി അനേകം വായനക്കാരില്‍ എന്നുമുണ്ടാവും
ശ്രീ.വി.ജെ.ജെയിംസിന്റെ "ദത്താപഹാരം" എന്ന നോവല്‍ വായിച്ചിട്ടുണ്ട്.വിത്യസ്തമായ രചനാപാടവം കൊണ്ട് ആകര്‍ഷണീയമായ കൃതി.
ReplyDeleteപുസ്തകപരിചയം നന്നായി.
ആശംസകള്‍
നന്ദി സര്
Deleteമനോഹരമായി ഈ അവലോകനം ജയ്മ്സിന്റ്റ് കഥകൾ വായിച്ചിട്ടുണ്ട്
ReplyDeleteനോവൽ വായിക്കാൻ പ്രേരിപ്പിക്കുന്നീ വരികൾ, വിശേഷിച്ചും ഒരു പ്രകൃതി
സ്നേഹിയും പ്രചാരകനും ആയ എനിക്കിതിൽ ചിലത് കിട്ടും സംശയം ഇല്ല !!
നന്ദി മാഷെ ഈ പരിചയപ്പെടുത്തലിന്
ചിലതല്ല...ഒരു പാട് കിട്ടും..വായിക്കൂ...
ReplyDeleteഅദേഹത്തിന്റെ പുസ്തകങ്ങള്‍ വായിച്ചിട്ടില്ല.ഇനി തീര്‍ച്ചയായും അതിലേക്കു എത്തും..
ReplyDeleteഈ വായനാനുഭവം ഏറെ നന്നായി.
എത്തണം
Deleteജയിംസിനെ വായിക്കണം.
ReplyDeleteവായിക്കേണ്ട ആള്‍ തന്നെ ...തനതു ശൈലി ഉള്ള എഴുത്തുകാരന്‍
Deleteവായിക്കാം.. :)
ReplyDeleteവായിക്കൂ ..
Deleteജൈയ്മ്സ് സാറിന്റെ (അങ്ങനെ വിളിക്കുന്നത് തെല്ലൊരു അഹങ്കരതോടെയാണ്, കാരണം അദ്ധേഹത്തെ അടുത്തറിയാനുള്ള ഭാഗ്യം എനിക്ക് ISRO യിൽ രണ്ടു വര്ഷം കിട്ടി) ചോരശാസ്ത്രം രണ്ടോ മൂന്നോ വട്ടം വായിച്ചു, അല്ല, എന്നെകൊണ്ട് വായിപ്പിച്ചു അതിന്റെ ഉള്ളടക്കവും രസകരമായ, എന്നാൽ ഹൃദയത്തിൽ തട്ടുന്നതുമായ അവതരണവും എന്ന് പറയുന്നതാണ് കൂടുതൽ ഉചിതം. ദാത്താപാഹാരം വായിക്കാൻ പറ്റിയില്ല, അടുത്ത് തന്നെ വാങ്ങും എന്നതില സംശയമില്ല,കാരണം കാടും കാടിനെ സംബന്ധിച്ചതെല്ലാം എനിക്ക് വളരെ പ്രിയപെട്ടതാണ്..മുകളില പി വി പറഞ്ഞ പോലെ വിലകൂടിയ ചിലതെല്ലാം കിട്ടാതിരിക്കില്ല ഈ കാട്ടിൽ നിന്ന്...
ReplyDeleteസതീഷ് കെ എം.
അതൊരു ഭാഗ്യം തന്നെ...
Deleteവായിക്കാം . നല്ല പരിചയപ്പെടുത്തല്‍
ReplyDeleteവായിക്കൂ
Deleteഈ പരിചപ്പെടുത്തൽ തീർച്ചയായും
ReplyDeleteജെയിംസിനെ വായിക്കുവാൻ പ്രേരിപ്പിക്കുന്നതിനാലാണ്
ഞാൻ ഈ ‘ദത്താപഹാരത്തെ’ അടുത്ത പർച്ചേസ് ലിസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്
ദത്താപഹാരം മാത്രമല്ല 'ചോര ശാസ്‌ത്രം' 'പുറപ്പാടിന്റെ പുസ്തകം' ഇതൊക്കെ വായിക്കണം. ജെയിംസ് നന്നായി വായിക്കപ്പെടെണ്ടതുണ്ട്. വിശേഷിച്ചു അങ്ങയെ പോലുള്ളവര്‍...
DeleteThis comment has been removed by the author.
ReplyDeleteവായിക്കാൻ പ്രേരിപ്പിക്കുന്ന പരിചയപ്പെടുത്തൽ. പുസ്തകത്തിന്റെ പേര് മനസ്സിൽ കുറിച്ചു കഴിഞ്ഞു. വാങ്ങിക്കണം, വായിക്കണം.
ReplyDelete' ചോരശാസ്ത്രജ്ഞനെ ' വായിച്ചറിഞ്ഞതില്‍ പിന്നെ നാട്ടില്‍ നിന്നും അടുത്തമാസം വരുന്ന ഒരാളോട് എല്ലാ പുസ്തകങ്ങളും വാങ്ങിക്കൊണ്ടുവരുവാന്‍ ചട്ടം കെട്ടിയിരിക്കുകയാണ്. അന്‍വരികളുടെ ഈ വായന നന്നായിരിക്കുന്നു ശേഷം പുസ്തകത്തില്‍ ! :)
ReplyDeleteആദ്യമായാണ് ഈ എഴുത്തുകാരനെ അറിയുന്നത്. വായിക്കണം ഇനി..
ReplyDeleteവി.ജെ ജയിംസിന്റെ കൃതികളില്‍ എന്നെ ഏറ്റവും ആകര്‍ഷിച്ചത് "പുറപ്പാടിന്റെ പുസ്തകം" തന്നെ. മറ്റൊന്നും പിന്നിലാണെന്നല്ല, ഓരോരുത്തരുടെയും ഇഷ്ടങ്ങള്‍ വേറെയാണല്ലോ. ഖസാക്കിന്റെ ഇതിഹാസം പോലെ ഒരു വേറിട്ട വായനാനുഭവം സമ്മാനിക്കുന്ന നോവലാണ് പുറപ്പാടിന്റെ പുസ്തകം.
ReplyDeleteThis comment has been removed by the author.
ReplyDeleteപുറപ്പാടിന്റെ പുസ്തകവും ഒറ്റക്കാലൻ കാക്കയും കൂടി വായിയ്ക്കൂ...
ReplyDeleteഒരു കൃതിക്ക് പല വായനകൾ സംഭവിക്കുന്നുണ്ട്. ഓരോ കൃതിയും അതിനോട് കൃത്യമായും സംവദിക്കുന്ന വായനക്കാരനെ തേടുകയാണ് ചെയ്യുന്നത്. 'ദത്താപഹാര'ത്തിന്റെ വായനാനുഭവത്തെ ക്കുറിച്ച് അൻവർ എഴുതിയ കുറിപ്പ് കണ്ടപ്പോൾ, ആഴത്തിലൂടെ കടന്നുപോയ നല്ലൊരു വായനക്കാരനെ കാണാനായതിന്റെ സന്തോഷം തോന്നി. എഴുത്തുകാരനെന്ന നിലയിൽ ഏറ്റവുമധികം വെല്ലുവിളിച്ച കൃതിയായിരുന്നു അത്. മറ്റു പലർക്കും വ്യത്യസ്തമായ അഭിപ്രായമുണ്ടെങ്കിലും എനിക്ക് ചോരശാസ്ത്രം പോലെ തന്നെ പ്രിയപ്പെട്ടതാണത്. 'ഉള്ളടക്ക'ത്തിൽ ഗൂഢമായി ഉള്ളടക്കിയത് ജീവിത സമസ്യയുടെ ആകെത്തുകയെന്ന് ഞാൻ മനസിലാക്കിയ കാര്യങ്ങൾ തന്നെ. അൻവർ അതിനെ ചെന്ന് തൊട്ടിരിക്കുന്നു. ആർക്കെങ്കിലും താത്പര്യം തോന്നുന്നുവെങ്കിൽ താഴെ കൊടുത്തിട്ടുള്ള ലിങ്കിൽ കുറിപ്പ് ലഭ്യമാണ്.
ReplyDelete................ഈ പോസ്റ്റിനെ കുറിച്ച് ശ്രീ. വി ജെ ജെയിംസ് ഫേസ് ബുക്കിൽ എഴുതിയത്.................
>>>നോവല്‍ സങ്കേതങ്ങളില്‍ എത്ര പുതു പരീക്ഷണങ്ങള്‍ നടത്തിയാലും അനുവാചകന്റെ ഹൃദയത്തിലേക്ക് എത്തിക്കുന്നതില്‍ ഭാഷയ്ക്ക് തന്നെ മുഖ്യ സ്ഥാനം. >>>
ReplyDeleteഇതിനൊന്നും അഭിപ്രായം പറയാൻ പോലും എനിക്ക് അർഹതയില്ല .. വായനക്കായി കടല് കടത്തി വിട്ട പുസ്തകങ്ങൾ എന്നെ നോക്കി പരിഹസിക്കുന്നുണ്ട് പലപ്പോഴും. ഞാൻ പോലും അറിയാതെ ഞങ്ങൾക്കിടയിൽ ഒരു ഭ്രഷ്ട് ഉള്ളത് പോലെ. അഥവാ നാല് പേജുകൾ വായിച്ചാൽ അതോടെ കഴിഞ്ഞു മൊത്തം വായന എന്നതാണ് എന്റെയും പുസ്തകത്തിന്റെയും ഒരു ഇരിപ്പ് വശം. പക്ഷേ പലപ്പോഴും ഇത്തരത്തിലുള്ള പുസ്തക നിരൂപണങ്ങൾ കാണുമ്പോൾ വായന തുടങ്ങാൻ അതിയായ ആഗ്രഹം ഉണ്ടാകാറുണ്ട്. പിന്നീടങ്ങോട്ട് സാധിക്കാത്തതെന്തേ എന്ന് ഞാൻ എന്നോട് പല കുറി ചോദിച്ചു മടുത്തു. എന്തെങ്കിലും ഒന്ന് ഉപേക്ഷിച്ചാലേ പുസ്തകം വായിക്കാനുള്ള സമയം കിട്ടുള്ളൂ എന്ന് തോന്നുന്നു. ഒരു കള്ള് കുടിയൻ കുടി നിർത്തുമെന്ന് പറയുകയും പിന്നീട് കുടി നിർത്താനാകാതെ കുടിച്ചു കുടിച്ച് കൂടുതൽ നിരാശനാകുകയും ചെയ്യുന്ന പോലെയാണ് എന്റെ വായന കാര്യം. വായിക്കാൻ ആഗ്രഹിക്കും ..വായിക്കാൻ സാധിക്കുന്നില്ല എന്നോർത്ത് പരിതപിക്കുകയും ചെയ്യും .. ഇവിടെ അൻവർക്ക പറഞ്ഞ പോലെ ഭാഷക്ക് വലിയ പ്രാധാന്യം ഉണ്ടെന്ന് തോന്നുന്നു ഒരു ആശയത്തെ വാചകങ്ങളിലേക്ക് പകർത്താൻ ...