Saturday 24 January 2015

പുസ്തക പരിചയം: കാടിനെ ചെന്നു തൊടുമ്പോള്‍

കാടിനെ ചെന്നു തൊടുമ്പോള്‍
എന്‍ എ നസീര്‍
മാതൃഭൂമി
പേജുകള്‍: 216
വില: 200 (മൂന്നാം എഡിഷന്‍) 


                        കാട് നമ്മളെ ഒരേ സമയം മോഹിപ്പിക്കുകയും ഭയപ്പെടുത്തുകയും ചെയ്യാറുണ്ട് . എന്നാല്‍ നസീറിനു അത് സ്‌നേഹം മാത്രം നല്കുന്നു. അതെ എന്‍ എ നസീര്‍  ഒരു വന്യ ജീവി ഫോടോഗ്രാഫര്‍ അല്ല. ഏതു വിധേനയും നല്ല പടം പിടിച്ചു പെരുമ നേടണം എന്ന് ആഗ്രഹിക്കുന്നതേ  ഇല്ല. ഒരു ഉറുമ്പിനെ പോലും നോവിപ്പിക്കാതെ, ഒരു പുല്ലിനെ പോലും ചവിട്ടാതെ നസീര്‍  തന്റെ ദൗത്യം പൂര്‍ത്തിയാക്കുന്നു. പലപ്പോഴും ക്യാമറ ഇല്ലാതെ ആണ് കാട്ടിനുള്ളില്‍ നസീര്‍ കയറുന്നത്. നസീറിനു കാടിനെ അറിയാന്‍ ക്യാമറ വേണ്ടത്രേ! കാടകം നസീറിനു വീടാണ്. അവതാരികയില്‍ സക്കറിയ പറയും പോലെ കാട് നസീറിനു ധ്യാന കേന്ദ്രമാണ്. അദ്ദേഹത്തെ സംബന്ധിച്ച് ഹിംസ്ര ജന്തുക്കള്‍ ഇല്ല. ഉണ്ടെങ്കില്‍ തന്നെ അത് മനുഷ്യനാണ്. സ്വന്തം കാര്യം മാത്രം നോക്കുന്ന മനുഷ്യന്‍. 'ദത്താപഹാരം' വായിച്ചു കാട് ഭ്രമിപ്പിച്ചു മദിപ്പിച്ചു അങ്ങനെ ഇരിക്കുമ്പോള്‍ കാടിനെ പറ്റി  ഒരു പുസ്തകം എന്നോര്‍ത്ത് വാങ്ങിയതാണ്. ഇത്രയും കാവ്യാത്മകമായ ഒരു പുസ്തകം എന്ന് ഒട്ടും കരുതിയില്ല. കാടിനെ ഇത്രമേല്‍ സ്‌നേഹിക്കുന്ന, ഉള്‍ക്കൊള്ളുന്ന ഒരാള്‍ മനുഷ്യ കുലത്തില്‍ ഉണ്ടെന്നു നിനച്ചതും ഇല്ല. 'വരുമോ കുങ്കുമം  തൊട്ട  സാന്ധ്യ ശോഭ കണക്കവള്‍ ' എന്ന് പാടിയ പി യെയും ഈ മണ്ണ് കാടാക്കി അലഞ്ഞ അയ്യപ്പനെയും ആദ്യമേ സ്മരിച്ച പുസ്തകത്തിന്റെ  ഭാഷ കാവ്യം തന്നെ ആകേണ്ടതല്ലേ?


                  തുടക്കത്തില്‍ തന്നെ ലൂയിസ് പീറ്ററുടെ മനോഹര വരികള്‍:

                                        " ചിതലറ്റു  വീഴുമ്പോള്‍

                                               മരം ചിരിച്ചു

                                           മഴുവറ്റു  വീണില്ലല്ലോ! "

                   ഈ പുസ്തകതിലുടനീളം നസീര്‍ മരത്തിനൊപ്പം ചിരിക്കുന്നു. മഴുവിനെ എതിര്‍ക്കുന്നു. എത്ര നല്ല തുടക്കം! മഴക്കാടിന്റെ കരിം പച്ചയില്‍ നസീറിനായി  കാട്ടു പിച്ചി  ഇനിയും പൂത്തു കൊണ്ടിരിക്കും. ആ പാതയില്‍ നസീര്‍ യാത്ര തുടരുന്നു.

                  ഇടയ്ക്കിടെ ധാര്‍മ്മിക രോഷം കൊള്ളുന്നുണ്ട് നസീര്‍  ഇതിലുടനീളം. അതൊക്കെ അവിവേകിയായ മനുഷ്യന് നേര്‍ക്കാണ് . കപട പരിസ്ഥിതി പ്രേമക്കാരുടെ നേര്‍ക്കാണ്. ധര്‍മ്മത്തിനു നിരക്കാത്തത് പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥ പ്രഭൂക്കള്‍ക്കു   നേര്‍ക്കാണ്. കാരുണ്യമില്ലാതെ ജീവികളെ ഫോട്ടോക്ക് വേണ്ടി പീഡിപ്പിക്കുന്ന ഫോട്ടോഗ്രാര്‍മാര്‍ക്ക് നേരേ കൂടിയാണ്. അവിടെയാണ് നസീര്‍  വേറിട്ട് നില്ക്കുന്നത്. ഒപ്പം ധീര നിലപാടുകള്‍ എടുത്തവരെ എടുത്തു പറയുന്നുമുണ്ട് ഈ പുസ്തകത്തില്‍.

                കാടിന്റെ എതംശമാണ് നസീര്‍  ഉള്‍കൊള്ളാത്തത്?  പ്രശാന്ത നിശബ്ദതയോ? ചൂളം വിളികളോ? ചിന്നം വിളികളോ? ഉള്‍കാടിന്റെ മുഴക്കമോ? ഇലയനങ്ങുന്ന മര്‍മര ശബ്ദമോ? വന്‍ വൃക്ഷങ്ങള്‍  നല്കുന്ന ശാന്തതയോ? ഉറുമ്പുകളും പ്രാണികളും തലവിലങ്ങനെ വിഹരിക്കുന്ന മണ്ണിന്‍ മണമോ? നീലാകാശത്തിന്റെ സ്വഛതയോ? അതോ ഇതൊക്കെ നസീറിനെ ഉള്‍കൊണ്ടോ? പുസ്തകം വായിച്ചു കഴിയുമ്പോള്‍ അങ്ങനെയാണ് തോന്നുന്നത്. കാട് നസീറിലേക്ക് വരികയായിരുന്നു. അത് കൊണ്ട് മാത്രമാണ് നസീറിനു പുലിയും കരടിയും കാട്ടുപോത്തും രാജവെമ്പാലയും മാനും ഒക്കെ ഒരു പോലെ പ്രിയപ്പെട്ടവര്‍ ആയതു.

                          എന്നെ ഏറെ ഏറെ ആകര്‍ഷിച്ചതു ഇതിലെ ഭാഷ തന്നെയാണ്.  ഓര്‍മ്മയില്‍ സൂക്ഷിക്കേണ്ട ഒത്തിരി വാക്യങ്ങള്‍ ഉണ്ട്. അവ എഴുത്തുകാരന്റെ ഹൃദയത്തിന്റെ കയ്യൊപ്പ് ചാര്‍ത്തിയിരിക്കുന്നു   . പറയാതെ വയ്യ എന്ന് തോന്നുന്നത് മാത്രം ഞാന്‍ ആവര്‍ത്തിക്കട്ടെ.       "ഒരു കാട്ടില്‍  വൃക്ഷമായി ജനിക്കണമെന്ന് സ്വപ്നം കണ്ടിരുന്നു. വെട്ടിയകറ്റിയാലും പുതു നാമ്പുകളോടെ പുനര്‍ജ്ജനിക്കുന്ന കാട്ടാല്‍ വൃക്ഷം. മനുഷ്യന്‍ വെക്കുന്ന കാട്ടുതീയില്‍ നിന്ന് പോലും പുനര്ജ്ജനിക്കുന്ന കാട്ടാല്‍ വൃക്ഷം" എത്ര മനോഹര സ്വപ്നം. "...ലക്ഷകണക്കിന് പൂമ്പാറ്റകള്‍ക്കൊപ്പം  ഞാന്‍ ഒരു കുഞ്ഞു പൂമ്പാറ്റ ആയി...... വന നിഗൂഡതകളുടെ ആഴം തിരിച്ചറിയാനാവാതെ ഞാന്‍ ആ കയത്തില്‍ മുങ്ങി പോയി. എനിക്കതില്‍ നിന്ന് കര കയറണമെന്ന ആവശ്യം ലവലേശം ഇല്ലായിരുന്നു.'  കാടിനോട് ഇതിനപ്പുറം എങ്ങനെ ഇഴുകി ചേരും?.

                  നസീറില്‍ ഒരു കവിയെ കണ്ടെത്തിയത് വെറുതെയല്ല. കുറിഞ്ഞി പൂക്കളുടെ പടം പകര്‍ത്താന്‍ പൂക്കളെ നോവിക്കാതെ നസീര്‍ എത്തി.  ഇങ്ങനെ പറയാന്‍ ഒരു കവിക്കല്ലേ കഴിയൂ.... "ആകാശവും കുറിഞ്ഞി ചെടികളും ഉന്മാദത്തിലേക്ക് കൂട്ടി കൊണ്ട് പോവുകയാണ്. എനിക്ക് രണ്ടു കാഴ്ചകളും വേണം....... ചിലപ്പോള്‍  തോന്നും ആകാശത്ത് നിന്നായിരിക്കുമോ ഇത്രയും നീലിമ പൂക്കളില്‍ പടര്‍ന്നത്!  അതോ മറിച്ചോ? വീണ്ടും സൌന്ദര്യാനുഭൂതിയുടെ അഗാധ ഗര്‍ത്തത്തില്‍ വീഴുകയാല്ലോ?"   അതെ , വായനക്കാരായ നമ്മളും!  " സ്വപ്നത്തില്‍ നിന്നുണരുമ്പോള്‍ ഹൃദയത്തിലേക്ക് മുഖമണച്ചു കാട് തേങ്ങി കരയുകയായിരുന്നു"  എന്നാല്‍, ആ തേങ്ങല്‍ പലപ്പോഴും ഭരണക്കാര്‍ കേള്‍ക്കാറില്ല.  (കീശ) വികസനത്തിന്റെ പേരില്‍ അവര്‍ കാട് നശിപ്പിച്ചു കൊണ്ടേയിരിക്കുന്നു.

                          പക്ഷി ഗവേഷകരിലും വന സേവകരിലും ഒക്കെയുള്ള സ്വാര്‍ത്ഥര്‍ കാട്ടി കൂട്ടുന്ന വിക്രിയകള്‍ നസീര്‍ രോഷത്തോടെ തുറന്നു കാട്ടുന്നു. ധനേഷ് കുമാറിനെ പോലെയുള്ള സമര്‍ത്ഥരായ ഉദ്യോഗസ്ഥരെ കൃതജ്ഞതാ പൂര്‍വ്വം സ്മരിക്കുന്നു.

                              ഇതൊരു ടൂറിസ്റ്റ് ഗൈഡ് അല്ല. വന വിവരങ്ങള്‍ അവതരിപ്പിക്കുന്ന ഒരു വിജ്ഞാന പുസ്തകവുമല്ല. വന്യ ജീവികളെയും വനത്തിലെ വൃക്ഷങ്ങളെയും അവയുടെ വിശദ വിവരങ്ങള്‍ സഹിതം പ്രതിപാദിക്കുന്ന ഒരു റഫറന്‍സ് ഗ്രന്ഥവുമല്ല. കാട്ടു യാത്രകളെ രസകരമായി അവതരിപ്പിക്കുന്ന ഒരു യാത്രാ വിവരണവുമല്ല. മറിച്ചു, വനം നമ്മുടെതാണെന്ന തോന്നലില്‍ കരടിയെ പോലും പ്രണയ പൂര്‍വം  നോക്കി കാണുന്ന ഒരു പച്ചയായ മനുഷ്യന്റെ കാവ്യ ഗ്രന്ഥമാണ് ഈ പുസ്തകം. പ്രിയ വായനക്കാരാ, നമ്മുടെ ഉണ്മ ആയ കാടിനെ ഉള്ളിലേക്കെടുക്കാന്‍ നസീറിനൊപ്പം അല്‍പ സമയം യാത്ര ചെയ്യൂ. "കാടിന് നാവു കൊടുത്തവര്‍ നാം ഒത്തു പാടി നാടിന്‍ തുയിലുണര്‍ത്തീടൂ!"
      
                  ഈ പുസ്തകത്തില്‍  പരാമര്‍ശിക്കുന്ന മനോഹര നോവല്‍  ആണ് 'ആരണ്യകം' ബിഭൂതിഭൂഷന്‍ ബന്ദോപാധ്യായ എഴുതിയ ബംഗാളി നോവലിന്റെ മലയാള വിവര്‍ത്തനം ഞാന്‍ ഓര്‍ഡര്‍ ചെയ്തു കഴിഞ്ഞു. അത്ര മേലായിരുന്നു ഇതിന്റെ സ്വാധീനം. ദത്താപഹാരത്തിലൂടെ ഫ്രെഡിയിലൂടെ എന്നെ വനാന്തരത്തിലേക്ക് കൂട്ടി കൊണ്ട് പോയ ജെയിംസ് സാറിനു നന്ദി  ഫ്രെഡിയെ പോലെ വനത്തിലേക്ക് അലിഞ്ഞലിഞ്ഞില്ലാതാവാന്‍ ആശിച്ച എന്റെ പ്രിയ സംഗീതും പി എസ് സി യില്‍ ഇടക്കിടെ  കാട് കയറുന്ന സുഹൃത്ത് ഷിനോബും പിന്നെ പി എസ് സി മുന്‍ പി ആര്‍  ഓ ജോഷി സാറും ചെറുതായി എങ്കിലും കാട് കയറിയ എന്റെ പ്രിയ പ്രവിയും (ഒടുക്കത്തെ സാഹസിക യാത്ര: എന്റെ തോന്നലുകള്‍) ഒക്കെ ഈ വനവായനയില്‍ എനിക്കൊപ്പം അവര്‍ അറിയാതെ കടന്നു വന്നു. ഒപ്പം സുഗത കുമാരി ടീച്ചറിന്റെ അന്നേ ചൊല്ലി പതിഞ്ഞ  കവിതയും.


                      "എഴഴകാണുഷസ്സിന്നു, കാടിന്റെ കരം 
                        ചേര്‍ത്തിറങ്ങി വന്നീടവെ      

                     ഒട്ടു കുസൃതിയാല്‍ ചൂളമടിച്ചൊരു 
                      കുട്ടി പോല്‍ കാട്ടു കിളിയെതിരേല്‍ക്കവേ ..."

19 comments:

  1. പറഞ്ഞതത്രയും ശരി. വലിയ താൽപ്പര്യത്തോടെ വായിച്ച നല്ലൊരു പുസ്തകമാണ് കാടിനെ ചെന്ന് തൊടുമ്പോൾ... ബിഭൂതിഭൂഷന്‍ ബന്ദോപാധ്യായയുടെ ആരണ്യകം വർഷങ്ങൾക്ക് മുമ്പുതന്നെ വായിച്ചിട്ടുണ്ട്. അതിനുശേഷമാണ് നസീറിനെ വായിച്ചത്....... - നല്ലൊരു പുസ്തകത്തെ നന്നായി പരിചയപ്പെടുത്തി.

    ReplyDelete
    Replies
    1. ആരണ്യകം ഉടൻ വായിക്കണം

      Delete
  2. ഇനി എന്തായാലും ഈ പുസ്തകം വായിക്കാതെ തരമില്ല.
    നന്നായിരിക്കുന്നു പരിചയപ്പെടുത്തല്‍.

    ReplyDelete
  3. ഇതൊരു ടൂറിസ്റ്റ് ഗൈഡ് അല്ല. വന വിവരങ്ങള്‍ അവതരിപ്പിക്കുന്ന ഒരു വിജ്ഞാന പുസ്തകവുമല്ല. വന്യ ജീവികളെയും വനത്തിലെ വൃക്ഷങ്ങളെയും അവയുടെ വിശദ വിവരങ്ങള്‍ സഹിതം പ്രതിപാദിക്കുന്ന ഒരു റഫറന്‍സ് ഗ്രന്ഥവുമല്ല. കാട്ടു യാത്രകളെ രസകരമായി അവതരിപ്പിക്കുന്ന ഒരു യാത്രാ വിവരണവുമല്ല. മറിച്ചു, വനം നമ്മുടെതാണെന്ന തോന്നലില്‍ കരടിയെ പോലും പ്രണയ പൂര്‍വം നോക്കി കാണുന്ന ഒരു പച്ചയായ മനുഷ്യന്റെ കാവ്യ ഗ്രന്ഥമാണ് ഈ പുസ്തകം. പ്രിയ വായനക്കാരാ, നമ്മുടെ ഉണ്മ ആയ കാടിനെ ഉള്ളിലേക്കെടുക്കാന്‍ നസീറിനൊപ്പം അല്‍പ സമയം യാത്ര ചെയ്യൂ. "കാടിന് നാവു കൊടുത്തവര്‍ നാം ഒത്തു പാടി നാടിന്‍ തുയിലുണര്‍ത്തീടൂ!"...നല്ല ഒഴുക്കുള്ള എഴുത്ത് ............ഒരു പുസ്തകത്തെ അരുമയായി പരിചയപ്പെടുത്തുന്ന കാഴ്ച സന്തോഷമുണ്ടാക്കുന്നതാണ് ...നസീറിനെ വായിക്കുന്ന ആരും ഒരു കടാവും ..കാടിന്റെ കനിവാകും ....അഭിനന്ദനങ്ങള്‍ പ്രിയനേ

    ReplyDelete
  4. ബുക്ക് കിട്ടിയിട്ടില്ല... നസീറിനേയും ബുക്കിനേയും നന്നായി പരിചയപ്പെടുത്തി. പരാമര്‍ശിച്ച മറ്റു പുസ്തകങ്ങള്‍ കൂടി വായിക്കണം....

    ReplyDelete
  5. Excellent Write up .. ഈ പുസ്തകം വായിച്ചവർക്കും വായിക്കാത്തവർക്കും ഒരു പോലെ വായനാസ്വാദനം തരുന്നതാണ് അൻവർക്കയുടെ ഈ എഴുത്ത്. ഈ പുസ്തകം വായിച്ചില്ലെങ്കിലും ഈ പുസ്തകത്തെ കുറിച്ച് ഒരുപാട് വായിക്കുകയും കേൾക്കുകയും ചെയ്തിട്ടുണ്ട് .. അത് കൊണ്ട് തന്നെ ഈ പുസ്തകം വായിക്കാൻ നല്ല ആഗ്രഹം ഉണ്ട് ... പറ്റുമോ നോക്കട്ടെ

    ReplyDelete
  6. ഇനി പുസ്തകം വായിക്കാതെ തരമില്ല .... അത്രയ്ക്ക് കൊതിയുളവാക്കുന്ന വാക്കുകൾ

    ReplyDelete
    Replies
    1. വായിക്കാതെ തരമില്ല .

      Delete
  7. This comment has been removed by the author.

    ReplyDelete
  8. "ഏഴഴകാണുഷസ്സിന്നു, കാടിന്റെ കരം
    ചേര്‍ത്തിറങ്ങി വന്നീടവെ
    ഒട്ടു കുസൃതിയാല്‍ ചൂളമടിച്ചൊരു
    കുട്ടി പോല്‍ കാട്ടു കിളിയെതിരേല്‍ക്കവേ ..." കൊതിപ്പിച്ചു ഈ വരികളില്‍ ,ഏഴഴകാണ് ഈ ബുക്കിന് . എന്നെനിക്ക് കിട്ടുമോ ഇതൊന്നു വായിക്കാന്‍ !! നല്ല പരിചയപ്പെടുത്തല്‍ ഇക്കാ...

    ReplyDelete
  9. വന വായനകൾ എനിക്കിഷ്ട്ടപ്പെട്ട ഒന്നാണ്..
    അത് കൊണ്ട് ഈ പരിചയപ്പെടുത്തലും എനിക്കിഷ്ട്ടപ്പെട്ടു...
    എഴഴകാണുഷസ്സിന്നു, കാടിന്റെ കരം
    ചേര്‍ത്തിറങ്ങി വന്നീടവെ

    ഒട്ടു കുസൃതിയാല്‍ ചൂളമടിച്ചൊരു
    കുട്ടി പോല്‍ കാട്ടു കിളിയെതിരേല്‍ക്കവേ ..."

    ReplyDelete
    Replies
    1. ബിലാത്തിയിലെ വനങ്ങൾ എങ്ങനെ മുരളിയേട്ടാ

      Delete
  10. വനങ്ങളെ പറ്റിവായിക്കുന്നതിലും, എനിക്കിഷ്ടം വനത്തിന്റെ വന്യതകളറിഞ്ഞു ഇങ്ങനെ പോകാൻ ആണ്....
    എന്നാലും പുസ്തകം ലിസ്റ്റിൽ ചേർത്തിട്ടുണ്ട്....

    ReplyDelete