Tuesday, 18 October 2016

പുസ്തക പരിചയം: പുഞ്ചപ്പാടം കഥകൾ

പുഞ്ചപ്പാടം കഥകൾ 
ജോസ്‌ലെറ്റ് ജോസഫ് 
കറന്റു ബുക്ക്സ് 
പേജുകൾ: 96 
വില: 80 രൂപ

                                            നാട്ടിൻപുറം അതിവേഗം നഗരമായി മാറുന്ന കാഴ്ചകളാണ് നാം നിത്യേന കാണുന്നത്. നാടിൻറെ പച്ചപ്പുകൾക്കൊപ്പം നന്മകളും പൊലിമകളും ഒക്കെ നഷ്ടമാവുന്നു. പുതിയ തലമുറക്ക് നാം അനുഭവിച്ച കുട്ടിക്കാലം എന്തെന്ന് പറഞ്ഞു കൊടുക്കേണ്ട സാഹചര്യമാണ്. പുഞ്ചവയലുകൾ ഇന്ന് കാണാ കാഴ്ചയാണ്. "നഷ്ടമായതെന്തൊക്കെ...."*  എന്ന് ശ്രീകുമാരൻ തമ്പി വിലപിക്കുമ്പോൾ, പോയ കാലത്തേക്ക് ഇനി തിരികെയില്ല എന്ന സത്യം നാം അറിയുന്നു. കൊച്ചു നാട്ടിൻപുറത്തെ ചെറിയ മനുഷ്യരുടെ കുസൃതികളും തമാശകളും നമുക്ക് ചിരി പകരാൻ കഴിയാത്ത വിധം നമ്മുടെ മനസ്സ് ഇടുങ്ങി പോയിരിക്കുന്നു. പക്ഷെ, നമുക്ക് ചിരി കൂടി നഷ്ടമാവരുത്. അതിനുള്ള ശ്രമമാണ് ജോസ്‌ലെറ്റ് ജോസഫ് "പുഞ്ചപ്പാടം കഥകളി"ലൂടെ നടത്തിയിരിക്കുന്നത്. ഈ കഥകളൊക്കെ തന്നെ നാട്ടിൻ പുറത്തിന്റെ വിശുദ്ധിയും നർമ്മവും ഇഴ ചേരുന്നതാണ്. ജോസ്‌ലെറ്റ് കോറിയിട്ട കഥാപാത്രങ്ങൾ ഒന്നും നമുക്ക് അപരിചിതരല്ല. അവരെ ജീവിതത്തിന്റെ ഏതോ ഇടനാഴിയിൽ വച്ച് നാം കണ്ടിട്ടുണ്ടാകും.                                    കഥാകാരൻ തന്നെയും സ്വയ പരിഹാസ കഥാപാത്രമാവുമ്പോൾ, ആരെയും നോവിക്കാതെ ശുദ്ധ ഹാസ്യം വിളമ്പാനാണ് ശ്രമം എന്ന് നാമറിയുന്നു.ഒരാളുടെ നോവിൽ നിന്നും മറ്റൊരാൾക്ക് ലഭ്യമാവുന്ന, സാഡിസത്തിന്റെ മേമ്പൊടിയിട് കൂടിയ, ഫലിതമല്ല ഇവിടെ നമുക്ക് ലഭിക്കുക. അത് കൊണ്ട് കൂടിയാണ് അത് ഏറെ ആഹ്ലാദദായാകമാകുന്നതു. ഒറ്റ ഇരുപ്പിനു തന്നെ വായിച്ചു തീർക്കാൻ  പ്രേരിപ്പിക്കുന്നതും.

                                          ഫലിതം എന്ന് പറഞ്ഞാൽ നമുക്ക് ആദ്യം ഓർമ്മയിലെത്തുക ചാപ്ലിൻ ആണ്. മലയാളത്തിൽ കുഞ്ചൻ നമ്പ്യാരും. ബഷീറും ഈ വീ കൃഷ്ണ പിള്ളയും ഒക്കെ ഹാസ്യത്തിലൂടെ ആശയങ്ങൾ പ്രകടിപ്പിച്ചവരാണ്. പിൽക്കാല എഴുത്തുകാർ പലരും പരാജയമടഞ്ഞതു അവർ എഴുതിയത് പലപ്പോഴും ശുദ്ധ ഹാസ്യം അല്ലാത്തതിനാലാണ്. ക്രിത്രിമത്വം  പ്രകടമാകുന്ന എഴുത്തു വായനക്കാരന് അരോചകം ആവും. ജോസ് ലെറ്റ്‌ ഇക്കാര്യം പ്രത്യേകം ശ്രദ്ധിച്ചിരുന്നു എന്ന് വേണം കരുതാൻ. ഒരു നാടൻ കുട്ടനാട്ടുകാരൻ വെടി പറയുന്നു എന്ന് മാത്രമേ ഈ കഥകൾ വായിച്ചു കേട്ടാൽ തോന്നൂ.

                                         ഭാഷ, ആശയം, പാത്രസൃഷ്ടി ഇവയൊക്കെയാണ് കഥകളെ വിലയിരുത്താൻ പ്രധാനമായി ഭവിക്കുന്ന ഘടകങ്ങൾ. കഥാപാത്രത്തിനായി ജോസിന് എങ്ങും അലയേണ്ടി വന്നില്ല. താനും താൻ അറിയുന്നവരും മാത്രം. ഭാഷയും സ്വത സിദ്ധം. ആശയം നർമ്മത്തിലൂടെ പ്രകടിപ്പിക്കുന്നതിൽ, എല്ലാം കഥകളിലും കഥാകാരൻ വിജയിച്ചു എന്ന് പറയുന്നത് അതി ഭാവുകത്വം ആവും. മിക്ക കഥകളും  എന്ന് സാമാന്യേന പറയാം.

                                             കഥകളോടൊപ്പം ചേർത്തിട്ടുള്ള ചിത്രങ്ങളും  .മനോഹരങ്ങൾ  തന്നെ. അല്പം കൂടി വലിപ്പം വേണം എന്നൊരു അഭിപ്രായവും ഉണ്ട്. അക്ഷരത്തെറ്റുകൾ അധികമില്ലാത്ത കറന്റു ബുക്ക്സ് കൈകാര്യം ചെയ്തിട്ടുണ്ട്.

                         കഥയില്ലാ  കഥകൾ എന്ന് ജോസ് തന്നെ വിശേഷിപ്പിക്കുന്ന പതിനേഴു കഥകൾ ആണ് ഇതിവൃത്തം. ഓരോന്നും വായിച്ചു ആസ്വദിക്കേണ്ടത് തന്നെയാണ്. കഥാസാരം വിവരിച്ചു കുളമാക്കുന്നില്ല. വിശുദ്ധ ഔസേപ്പിനെ കൂടി ജോസ് വെറുതെ വിടുന്നില്ല. പ്രൊഫഷണലി മൂപ്പര് ആശാരി ആണെന്നും തച്ചന്മാർ നടത്തുന്നത് മരാന്വേഷണ പരീക്ഷണങ്ങൾ ആണെന്നും ജോസ് നിരീക്ഷിക്കുന്നു. ജോലികളുടെ ഔട്സോഴ്സിങ് അതിന്റെ ഇമ്പാക്ട് ഇതൊക്കെ നർമത്തിലൂടെ ആണെങ്കിലും യുക്തിസഹമായി പരാമർശിക്കുന്നു. കുറുപ്പ് മാഷും നാണപ്പനും കുറെ ഏറെ നേരം നമ്മുടെ മനസ്സിൽ ഇടം പിടിക്കുന്നു. നാട്ടിലെ തട്ട് പൊളിപ്പൻ ഓണാഘോഷത്തിന്റെ ഗംഭീര  ഇല്ലുസ്ട്രേഷൻ ഇതിലുണ്ട്. പുതു തലമുറയ്ക്ക് ധൈര്യമായി വായിക്കാൻ കൊടുക്കാം.

                                          മത്തായി പതതാം  ക്ലാസ് പൊട്ടി റൌണ്ട് ക്ലോക്ക് ആയി നിൽക്കുന്നു എന്നത് പോലെ നിരവധി ഉജ്ജ്വല പ്രയോഗങ്ങൾ ഇതിലുണ്ട്. നൊസ്റ്റാൾജിയയിൽ മത്തായി ഐസിട്ടു കൂട്ടുകാർക്കായി പരതുന്ന ചിത്രം പിന്നീട് കണ്മുൻപിൽ തെളിയുന്നു. പാവം മത്തായി! പിന്നീട് ഇതേ മത്തായിയെ പേടിച്ചു പോപ്പ് പോലും നാട് വിട്ടത്രേ!

                                             പോളിയിലെ പഠന കാലത്തേ ഫ്രീ കിക്ക് നമ്മെ ആ മൈതാനിയിൽ കുറെ നേരം പിടിച്ചിരുത്തും. പിന്നീട് പണി അന്വേഷിച്ചു നടന്നു തവള കാലിൽ പിടിച്ച കഥ ഏറെ രസാവഹം. വർഗീസ് അച്ഛനെന്താ വരിക്കപ്ലാവുമായി ബന്ധം എന്നറിയാൻ ടിന്റുമോനോട് ചോദിച്ചിട്ടു കാര്യമില്ല. പുസ്തകം വായിക്കണം. പച്ചമരമായ ചാണ്ടിച്ചൻ (മുൻ മുഖ്യമന്ത്രി അല്ല) ഡെസ്ടിനിയിലേക്കു പോകുന്ന കഥയും വായനാസുഖം പകരുന്നു. കാലിത്തൊഴുത്തും താജ്മഹലും എങ്ങനെ ബന്ധപ്പെടുത്തിയിരിക്കുന്നു എന്ന് കഥയോടൊപ്പം കാണുന്ന ചിത്രം പറഞ്ഞു തരും. ഫസ്റ്റ് നൈറ്റ് എന്ന വിഷയം നിരവധി ഹാസ്യ കഥകൾക്ക് വിധേയമായതെങ്കിലും അതിനെ തന്മയത്വത്തോടെ കൈകാരം ചെയ്തിരിക്കുന്നു. വീട്ടിലേക്കുള്ള വഴി വെള്ളക്കുഴി യാണോ എന്ന് ഓടി വരുന്ന കാറിന്റെ വശത്തു നിന്നാൽ താനെ മനസ്സിലാകും. കോയയുടെ ഹണിമൂൺ കോഞ്ഞാട്ട ആയതിൽ നമുക്കും വരും നേരിയ വിഷമം. കേര കർഷകന്റെ മണ്ട ചീഞ്ഞതു ഒരു കുട്ടനാടന് മനസ്സിലാവേണ്ടത് തന്നെ. രക്ത ദിനത്തിലും ജോസ് വിറ്റു കണ്ടെത്തി. സത്യക്രിസ്ത്യാനിക്കു വന്ന സാത്താന്റെ പരീക്ഷണത്തെ നാം അറിഞ്ഞേ മതിയാവൂ.

                                 ആകെ കഥകളെ ഒന്ന് വീക്ഷിച്ചതാണ് ഇവിടെ. പുസ്തകം   വായിച്ചിട്ടു ഒന്ന് കൂടി മടങ്ങി വരിക. എങ്കിലേ ഈ ദൗത്യം സാർഥകം ആകൂ...

*അമ്മവീട്- ശ്രീ കുമാരൻ തമ്പി
അമ്മവീടെവിടെ.....നീ വഴി തെറ്റി യലയുന്നു.
അമ്മിഞ്ഞ തൻ മണം വ്യഥ കളിൽ തിരയുന്നു
കാഴ്ച യുണ്ടെങ്കിലും കാണാത്ത കണ്ണുകൾ
കേൾവിയുണ്ടെങ്കിലും കേൾക്കാത്ത കാതുകൾ
ഉച്ചത്തിൽ അലറുന്നു,പാടുന്നു ,തെല്ലുമി-
ല്ലൊച്ചയിൽ നാദ ബീജാക്ഷര സ്പന്ദനം.....
മധുര പ്രഭാഷണം കോർത്തു വിൽക്കുന്നു നീ
അതിലില്ല വാങ്മയത്തനിമ തൻ ചേതന.....
അമ്മവീടെവിടെ നീ വഴി മാറിയലയുന്നു
ഉണ്മയറിയാതെ നീ വാഹനം മാറ്റുന്നു....
നഷ്ട ലാഭങ്ങൾ തൻ നേർമുഖം കാണുക
നഷ്ടമായ് തീർന്നതെന്തോക്കെയെന്നെണ്ണുക !
നഷ്ടമായ് തീർന്നതെന്തോക്കെ,നാവിൻ തുമ്പി-
ലിറ്റിയ പൊൻതുള്ളി ,തേൻതുള്ളി, പാൽത്തുള്ളി
ഇത്തിരി പ്പൂവിൻ വിശുദ്ധി ,ബാല്യത്തിന്റെ
പുഷ്പ വനത്തിലെ മുള്ളിൻ മധുരിമ.....
നിത്യ മുഷസ്സിൽ,ഇളം പുൽച്ചിരി ത്തണ്ടിൽ
മുത്തായുറയുന്ന ഭൂപാള സാന്ദ്രിമ.....
നാളങ്ങൾ തുള്ളുന്ന നാലമ്പലത്തിലെ
നാഗസ്വരത്തിലെ നാട്ടക്കുറിഞ്ഞികൾ
തൈപ്പൂയ മണിയുന്ന കാവടിച്ചിന്തുകൾ
പത്താമുദയച്ചമയ വിഭ്രാന്തികൾ
പുസ്തകത്താളിൽ മറഞ്ഞ കിളി ത്തൂവൽ
അച്ഛനെ പേടിച്ചു സൂക്ഷി ച്ചൊരാനവാൽ !
"കൊച്ചുണ്ണി പോയേച്ചു വല്യുണ്ണിയോടിവാ "
ഒച്ചത്തിലേറ്റുപാടുന്നതിൻ മാറ്റൊലി....
ശർക്കര മാമ്പഴച്ചാറൊഴുകും വിരൽ
നക്കിത്തുടയ്ക്കും കളിത്തോഴി തൻ മുഖം!
മാംസം ചതിക്കും കഥയറി യാതെയാ
മാറത്തു കോറിയ വൈരാഗ്യ രേഖകൾ,
നഷ്ടമായ് തീർന്നതെന്തൊക്കെ,യരയാലില
നൃത്തമാടുന്നതിൻ താള പ്പകര്ച്ചകൾ.....
കൽമണ്ഡപത്തിലെ ശില്പ്പ ഖണ്ഡങ്ങളിൽ
കൗമാര മേല്പ്പിച്ച കൈനഖ പ്പാടുകൾ....
ഒമ്പതാമുത്സവ ക്കൂട്ടം പിരിവതിൻ
മുമ്പേ യുറങ്ങാ തൊരുങ്ങും കുളപ്പുര ,
വീഥി വിരിക്കട തോറും വില പേശി -
യേതുമേ വാങ്ങാതെ പിൻവാങ്ങു മാശകൾ!
നഷ്ടമായ് തീർന്നതെന്തൊക്കെ ,നിൻ കാലുകൾ
പിച്ച വെച്ചാടിയ പൂമുഖം ,അമ്മയോ-
ടൊട്ടിക്കിടന്ന വടക്കെപ്പുര ,യാട്ടുകട്ടിൽ
പൊക്കിൾ ക്കൊടിയും മറുപിള്ളയും
നിത്യ സുഷുപ്തിയി ലാണ്ട പുരയിടം.....
മുത്തശ്ശിമാർ പൂക്കളായ പുരയിടം.....
അമ്മയെ യല്ലൽ പ്പെടുത്തു മടുക്കള
അമ്മ തൻ കണ്ണീരുണങ്ങു മകത്തളം
ഗർഭം ധരിച്ചും പ്രസവിച്ചു മന്നന്നു
പോറ്റിയ പത്തായ മുള്ളോരറപ്പുര ,
നാടിനും വീടിനും കാവലെന്നോതുന്ന
നാഗ യക്ഷീ പീഠ മാളും നിലവറ
എല്ലാ കറയും വിശുദ്ധി യായ് മാറ്റുന്നോ-
രമ്മ തൻ മുണ്ടിന്റെ കോന്തല ;പുത്രന്റെ-
യുള്ളി ലൊളിക്കും കുറുമ്പുകളൊക്കെയും
കണ്ടു പിടിച്ചു രസിക്കുന്നൊരാ ചിരി.....
നിൻ ചോര തൻ മണം, നിൻ ഭാഷ തൻ മണം
നീയാദ്യമായ്‌ നുകർന്നോരു മണ്ണിൻ മണം !
നഷ്ട മായ് തീർന്നതെന്തൊക്കെ---നിഴൽ ചൊല്ലി
നഷ്ടമായ് തീർന്നു നിനക്കു നീ തന്നെയും...

                                                   (സിറാജിൽ പ്രസിദ്ധീകരിച്ചത്) 

1 comment:

 1. നല്ല അവലോകനം കേട്ടോ ഭായ്


  'കഥാകാരൻ തന്നെയും സ്വയ പരിഹാസ
  കഥാപാത്രമാവുമ്പോൾ, ആരെയും നോവിക്കാതെ
  ശുദ്ധ ഹാസ്യം വിളമ്പാനാണ് ശ്രമം എന്ന് നാമറിയുന്നു.
  ഒരാളുടെ നോവിൽ നിന്നും മറ്റൊരാൾക്ക് ലഭ്യമാവുന്ന, സാഡിസത്തിന്റെ
  മേമ്പൊടിയിട് കൂടിയ, ഫലിതമല്ല ഇവിടെ നമുക്ക് ലഭിക്കുക. അത് കൊണ്ട്
  കൂടിയാണ് അത് ഏറെ ആഹ്ലാദദായാകമാകുന്നതു. ഒറ്റ ഇരുപ്പിനു തന്നെ വായിച്ചു
  തീർക്കാൻ പ്രേരിപ്പിക്കുന്നതും...'

  ReplyDelete