Sunday 25 October 2015

ദുബായ് പുഴ കടന്ന് കവിതകളുടെ ഇടയിലൂടെ

ദുബായ് പുഴ

പ്രവാസത്തിന്റെ ദിനാന്ത്യ കുറിപ്പുകൾ 

കൃഷ്ണ ദാസ് 

ഗ്രീൻ ബുക്സ് 
പേജുകൾ: 152 
ആദ്യ പ്രസിദ്ധീകരണം 2001 
16 എഡിഷൻ ഏപ്രിൽ 2014 
വില: രൂ. 130/- 

                "കടലിരമ്പം " വായിച്ചാണ് കൃഷ്ണദാസ് എന്ന എഴുത്തുകാരനെ ഞാൻ അറിഞ്ഞത്. അന്നേ "ദുബായ് പുഴ"യെ കേൾക്കുകയും ഞാൻ പ്രലോഭിതനാവുകയും ചെയ്തു. ഓർമ്മകളെ താലോലിക്കാനിഷ്ടപ്പെടാത്തത് ആരാണ്? ഓർമ്മകൾ ഒരു പക്ഷെ നൊമ്പരപ്പെടുത്തിയാലും അതിലും ഒരു സുഖം ഉണ്ട്. ഓർമ്മകളുടെ പുസ്തകങ്ങൾ എപ്പോഴും അതിനാൽ ഞാൻ കയ്യിലെടുക്കാറുണ്ട്, ഇടയ്ക്കിടെ അത് വഴി കടന്നു പോകാൻ.

           ആട് ജീവിത വിജയ ശേഷം പ്രവാസ കുറിപ്പുകളും കഥകളും ഏറെ വന്നു. 2001 ലാണ് ഈ പുസ്തകം ആദ്യം പ്രസിദ്ധീകരിച്ചത്. ഇപ്പൊ പതിനാറു എഡിഷൻ ആയി. പ്രവാസികളും തദേശവാസികളും അനവധി ഇതിൽ കൂടി കടന്നു പോയിട്ടുണ്ടാകും. എനിക്ക് ഈ പുസ്തകത്തിന്റെ വായന ഒരു കവിതയായി മാറി. വൈലോപ്പിള്ളിയും ഓ എൻ വിയും നിസാർ ഖുബ്ബാനിയും ബാദർ ഷാക്കിറും പി കുഞ്ഞിരാമൻ നായരും ഉമറുൽ ഖൈസും സയ്യാബും ഗാസിയും റിംബാദും സമരനും അയ്യപ്പ പണിക്കരും ഒമർ ഖയ്യാമും ഇതിൽ കവിതകൾ ചൊല്ലുന്നു. ഒപ്പം  കൃഷ്ണദാസിന്റെ ഗദ്യവും കവിതയാകുന്നു.


               ഈ പുസ്തകം സമർപ്പിച്ചിരിക്കുന്നത് ദുബായി പുഴയോരത്തേക്ക് ജീവിതം തേടി ഓടിപ്പോയ മകനെ ഓർത്തു കരയുന്ന അമ്മക്കാണ്. ആ അമ്മയെ നാം "കടലിരമ്പ"ത്തിൽ പിന്നീടു കാണുന്നുണ്ട്. ജവഹറിന്റെയോ രാജന്റെയോ ബാബുവിന്റെയോ അമ്മ ഉണ്ടാകും അക്കൂട്ടത്തിൽ. ആ അമ്മമാരുടെയും പൊലിഞ്ഞു പോയ മക്കളുടെയും ആത്മാവുകൾ വായനക്ക് ശേഷവും നമുക്ക് ചുറ്റും ബലിക്കാക്കകൾ ആയി ഇരമ്പുമെന്നു തീര്ച്ചയാണ്.

           വാക്കും കണ്ണീരും ഇരട്ടകൾ ആണെന്നറിഞ്ഞ കൃഷ്ണദാസിന്റെ വിരലുകൾ  കുറിക്കുന്നത് തേങ്ങലുകളുടെ ഭാഷ്യമാണ്.  അതിനാലാണ് പൊറ്റക്കാടിന്റെ പിൻ മുറക്കാരനായി  ഡോ വി രാജകൃഷ്ണൻ കൃഷ്ണദാസിനെ അവരോധിക്കുന്നത്. അധികം ഒന്നിനെയും അംഗീകരിക്കാൻ കൂട്ടാക്കാത്ത ചെറു കഥയുടെ കുലപതി ടി പദ്മനാഭൻ ഇതിനെ 'മഹത്തായ ഗ്രന്ഥം' എന്ന് വിശേഷിപ്പിച്ചിട്ടുമുണ്ട്.

         ഇതൊരു ഓർമ്മ പുസ്തകമാണ്. ഒരു നോവൽ പോലെ അനുഭവപ്പെടുന്നുമുണ്ട്. കഥാപാത്രങ്ങൾ ഒക്കെ നമ്മുടെ ഉള്ളിൽ ഒരു നൊമ്പരമാവുന്നു. സങ്കല്പ ലോകത്തിലുള്ള ഭാവന അല്ല ഇതൊക്കെ എന്നത് നമ്മെ ഇടയ്ക്കിടെ നടുക്കുന്നു.മെലിഞ്ഞ കൊമ്പനാനയെ പോലെ ജോസഫേട്ടൻ നമ്മുടെയും ആരൊക്കെയോ ആകുന്നു.

           ഇതെഴുതുമ്പോഴൊക്കെ, വായിച്ച കവിതകൾ കൃഷ്ണദാസിന്റെ ഉള്ളിൽ നിന്നും മുഴക്കത്തോടെ പുറത്തേക്ക് പ്രവഹിക്കുന്നു. ആ വരികളൊക്കെ കാലാതീതവും അതിരുകൾക്കപ്പുറം ആശയ സമ്പുഷ്ടവുമാണ്. ദുബായി പുഴയോരവും "വരുമോ കുങ്കുമം തൊട്ട സാന്ധ്യ ശോഭ കണക്കവൾ" എന്ന് കാമുകിയെ വിശേഷിപ്പിച്ച അവധൂതൻ പി കുഞ്ഞിരാമൻ നായരുടെ "സ്വച്ഛമാം വെണ്‍മണി തട്ടിലാ പാൽ പുഴ കൊച്ചല ചാർത്തുകൾ ആടി"  എന്ന വരികൾ കൃഷ്ണദാസിനെ ഓർമ്മിപ്പിച്ചു. "അവർ വീട്ടുകാർക്കയക്കുന്നതാം നാണ്യങ്ങൾ" (വൈലോപ്പിള്ളി - മകര കൊയ്ത്ത്)  കൊണ്ട് വികസിച്ച നാടാണിത് എന്നോർക്കാൻ നാം ഈ പുസ്തകം ഇടയ്ക്കിടെ വായിക്കണം.

           ഒമർ ഖയ്യാം പാടിയ പോലെ  " എത്രയും കുറച്ചു നേരമാണിവിടെ നാം തങ്ങുന്നത്, പിരിഞ്ഞാൽ പിന്നൊരിക്കലും തിരിച്ചു വരാത്തവരായി" (പൂന്താനം "കൂടിയില്ലാ പിറക്കുന്ന നേരത്തും, കൂടിയില്ലാ  മരിക്കുന്ന നേരത്തും.."     ഇതേ ആശയം തന്നെ അല്ലെ..?)     അതിനിടെ ഒഴിയുന്ന ചഷകങ്ങളിൽ വീട്ടുകാർക്ക് മധു നിറക്കാൻ പത്തേമാരി തുഴഞ്ഞു അക്കരെ എത്തിയ പ്രവാസിയെ ഓർക്കാൻ ഒരു "ആട് ജീവിതം" മാത്രം മതിയോ നമുക്ക്?

         ക്ലിക്കുകളിൽ വല്ലാത്ത സ്വാധീനം ഇല്ലാത്തതിനാലാകാം ആത്മാവിനെ വിമലീകരിക്കുന്ന ഈ അനുഭവ കുറിപ്പിന് വേണ്ടത്ര അംഗീകാരം കിട്ടാതെ പോയത്, അവാർഡുകളുടെ തൂവലുകൾ ഇല്ലാതെ പോയത്. എന്നിരുന്നാലും പതിനാറു എഡീഷനുകൾ ഒരു അവാർഡ് തന്നെ അല്ലെ?

          "കൂട്ടരേ  നിൽക്കൂ, ഇവിടെ മണ്ണിലാഴ്ന്നുപോയ
           പഴയ കൂടാരത്തെയോർത്തു തെല്ലു
          കണ്ണുനീർ വാർക്കൂ, പരുക്കൻ കാറ്റിലമർന്ന
          ഈ മണ്‍ സമതലങ്ങളി-
          ലിപ്പൊഴും നേർത്ത കാലൊച്ചകൾ "

-ഉമറുൽ ഖൈസ്                

 കടലിരമ്പം

നോവൽ 

കൃഷ്ണ ദാസ് 

ഗ്രീൻ ബുക്സ് 
പേജുകൾ 182 
മൂന്നാം പതിപ്പ് വില 160 രൂപ

(കൃഷ്ണദാസിന്റെ നോവൽ  ആയ "കടലിരമ്പ"ത്തെ കുറിച്ച് നേരത്തെ ഫേസ് ബുക്കിൽ എഴുതിയത് ചുവടെ ചേർക്കുന്നു)

                   "ആരണ്യകം" വാങ്ങാനായി ഗ്രീൻ ബുക്സിന്റെ വെബ്‌ സൈറ്റ് സന്ദർശിച്ചപ്പോളാണ്  "കടലിരമ്പം" എന്ന കൃഷ്ണദാസിന്റെ നോവൽ കണ്ടത്. എഴുത്തുകാരനെ അറിയില്ല; വായിച്ചിട്ടുമില്ല. അറിയാത്തവരിലും ഏറെ കൊട്ടിഘോഷിക്കപ്പെടാത്തവരിലും അതുല്യ പ്രതിഭകൾ ഒളിഞ്ഞിരിക്കുന്നുണ്ടെന്ന മുന്നനുഭവം വച്ച് അതും ചേർത്ത് ഓർഡർ ചെയ്തു. അസാധാരണ വായനാനുഭവം ആണ് തന്നത്.  പ്രവാസാനുഭവത്തെ "ആടുജീവിത" വിജയ ശേഷം പലരും ദൃശ്യവല്ക്കരിക്കാൻ ശ്രമിച്ചെങ്കിലും അതൊക്കെ തികച്ചും "പത്ര റിപ്പോർട്ടുകൾ" ആയി പരിഗണിക്കപ്പെട്ടു. എന്നാൽ മീശ മുളക്കും മുന്നേ അമ്മയുടെ ഉള്ളിൽ കടലിരമ്പം സൃഷ്ടിച്ചു കൊണ്ട് കടൽ കടന്നു പ്രവാസ ജീവിതം വിധിക്കപ്പെട്ട നായകൻ ഉൾപ്പടെ എത്രയോ കഥാ പാത്രങ്ങൾ വായനക്കാരന്റെ മനസ്സിൽ  കടലിരമ്പം സൃഷ്ടിക്കുന്നു. ജീവിതം ഒരു കടലായി ഇരമ്പിക്കൊണ്ടിരിക്കുന്നു ഈ പുസ്തകത്തിലുടനീളം. വിപ്ലവകാരികളും എഴുത്തുകാരും രാഷ്ട്രീയക്കാരും ഒക്കെ പിന്നണിയിലുണ്ട്. ബാല്യം മുതൽ വായിച്ച പുസ്തകങ്ങൾ ഈ എഴുത്തിനു പിന്നിൽ ഏറെ ഭാവഹാദിയോടെ പ്രത്യക്ഷപ്പെടുന്നു.

                  "അമ്മയുടെ പൊക്കിൾ കൊടികൾ ഒരിക്കലും മുറിയുന്നില്ല" എന്ന് പറഞ്ഞു ചേർത്ത് പിടിച്ച അമ്മയും ആശുപത്രി കിടക്കയിൽ ഡയാലിസിസിനു വിധേയനായി കിടക്കുന്ന നായകനും അയാൾ  പ്രവാസ ലോകത്ത് കണ്ടു മുട്ടുന്ന സുലൈമാനും അമാനുള്ള ഖാനും മാർത്തയും അൻവർ അലിയും കാസിമും നമ്മെ വായന ശേഷവും വിട്ടു പോകുന്നില്ല. പായ കപ്പലിലും ഖലീഫ ദ്വീപിലും മദീന സയിദിലും ഒക്കെ നമ്മളും യാത്ര ചെയ്യുന്നു. ആകാശ പയർ മരങ്ങളും ആന തൊട്ടാവാടികളും തുറു കണ്ണുകളും നമ്മളെയും വേട്ടയാടുന്നു. എസ് കെ യിലും കാരൂരിലും തുടങ്ങി ദസ്റ്റയൊവിസ്കി യിലേക്കും ആശാനിലേക്കും ഡ്യൂമാസിലെക്കും ഒക്കെ എത്തുന്ന നായകൻറെ വായന ഇതിന്റെ വായനക്കൊപ്പം നമ്മളെ പിന്തുടരുന്നു.
              
                      അനിതര സാധാരണമായ ഭാഷയുള്ള ഇതിന്റെ ഭാഗങ്ങൾ നിങ്ങൾക്കായി പകർത്തണമെന്നുണ്ട്. ഒരു ഉദാഹരണം മാത്രം ഇവിടെ വിളമ്പുന്നു ...നോവൽ  അവസാനിക്കുന്നതിങ്ങനെ

                "തെങ്ങോലകൾക്കിടയിൽ വീണ്ടും ഞാൻ നിലാവിന്റെ തിളക്കം കണ്ടു. പ്രകാശവതിയായി ശുഭ്ര വസ്ത്രങ്ങളിൽ അമ്മയുടെ മുഖവും പുഞ്ചിരിയും കണ്ടു. മനസ്സ് വീണ്ടും പ്രകാശമാനമാവുകയാണ്. താളവും ഘോഷവുമായി ജീവിതയാത്ര തുടരുകയാണ്. "    ജീവിതത്തിന്റെ മഷിപ്പത്രത്തിൽ മുക്കി ഇനിയും കൃഷ്ണദാസ് ഏറെ എഴുതട്ടെ!  

20 comments:

  1. ഞാൻ ആദ്യമായ് കേള്ക്കുന്നു ഭായ്, ഈ ഷാർജ പുസ്തതകോൽസ്സവത്തിൽ ഈ പുസ്തകം വാങ്ങി വാങ്ങിക്കാം എന്ന് കരുതുന്നു.

    ഇതുപോലെ ഇനിയും നല്ല പുസ്ത്തകങ്ങളുണ്ടെങ്കിൽ പരിചയപ്പെടുത്തുമല്ലോ അല്ലെ ?

    ReplyDelete
  2. ഇക്കാ...
    ഈ പുസ്തകം വായിക്കാൻ തന്നെ തീരുമാനിച്ചിരിക്കുന്നു.... ആശംസകൾ....

    ReplyDelete
  3. വായിച്ചിരിക്കേണ്ട പുസ്തക ലിസ്റ്റിൽ ഇതും ചേർത്ത്‌ കഴിഞ്ഞു :)
    ഇക്ക ഇങ്ങനെ വായന കുറിപ്പ്‌ എഴുതിയാൽ ലിസ്റ്റ്‌ നീണ്ടു നീണ്ടു പോകുമെന്നാ തൊന്നുന്നെ

    ReplyDelete
  4. എഴുത്തുകാരനെയും പുസ്തകങ്ങളെയും പരിചയപ്പെടുത്തിയതിനു നന്ദി ഇക്കാ.. ഞാനും ഒരു ലിസ്റ്റെഴുതി തുടങ്ങട്ടെ. വായിക്കേണ്ട പുസ്തകങ്ങൾ :)

    ReplyDelete
  5. ആദ്യമായി കേള്‍ക്കുന്നു നന്ദി ,, അന്‍വര്‍ക്ക പരിചയപ്പെടുത്തിയതിന് .

    ReplyDelete
    Replies
    1. നേരത്തെ കേള്ക്കേണ്ട പേരാണ്..വിശേഷിച്ചും പ്രവാസി

      Delete
  6. തൃശൂര്‍ ഗ്രീന്‍ ബുക്സില്‍ നിന്ന് വര്‍ഷങ്ങള്‍ക്കുമുമ്പ് ഈ പുസ്തകങ്ങളും ആട് ജീവിതവും വാങ്ങുകയും വായിക്കുകയും ചെയ്തിരുന്നു.കൊല്ലംതോറും ലൈബ്രറി കൌണ്‍സില്‍നിന്ന് ഗ്രാന്‍റ് കിട്ടുമ്പോള്‍ ഗ്രീന്‍ ബുക്സ് ഇറക്കുന്ന പുതിയ പുസ്തകങ്ങളും ലൈബ്രറിയിലേക്ക്‌ വാങ്ങിക്കാറുണ്ട്..
    പുസ്തകപരിചയം നന്നായി.
    ആശംസകള്‍

    ReplyDelete
  7. നിങ്ങടെ എഴുത്ത് കണ്ടു ഇത് വാങ്ങി വായിക്കണം എന്ന് തോന്നിപ്പോയി.
    വായനയിലോക്കെ നമ്മൾ പിന്നോട്ടാണ് - ഒന്ന് ശ്രമിക്കാം.
    അനവരികളെ - പുതു തലമുറക്കായി ഇനിയുമിന്യും പരിചയപ്പെടുത്തൂ

    ReplyDelete
  8. കൃഷണദാസ് എഴുതിയ ദുബായ്പ്പുഴ മാത്രേ ഞാന്‍ വായിച്ചിട്ടുള്ളൂ. എന്ത് കൊണ്ടാണ് പ്രവാസ ജീവിതത്തെ ഇത് പോലെ തൊട്ടറിഞ്ഞ എഴുത്തിനെ എവിടെയും പരാമര്‍ശിച്ചു കാണാത്തത് എന്ന് ചിന്തിക്കാറുണ്ട്. പതിനാറ് എഡിഷന്‍ ബുക്കിന്റെ സ്വീകാര്യതയെ തന്നെയാണ് സൂചിപ്പിക്കുന്നത്... നന്നായി ഈ പരിചയപ്പെടുത്തല്‍.

    ReplyDelete
  9. നല്ല എഴുത്തുകാരന്‍ എന്നതിലുപരി കലാ സാംസ്കാരിക സാഹിത്യ രംഗത്തും കൃഷ്ണദാസ് വളരെ സജീവമായിരുന്നു.അദ്ദേഹം രൂപം കൊടുത്ത സംഘടന എന്ന് അബുദാബിയിലെ വലിയ ഒരു പ്രസ്ഥാനമാണ്.70പതുകളുടെ അവസാനത്തില്‍തന്നെ പുസ്തക വായനയും ചര്‍ച്ചയും പുതിയ പുസ്തകങ്ങളെ പരിജയാപെടുതാനും അദ്ദേഹം കാണിച്ച താല്പര്യത്തിന്റെ ഗുണഭോക്താവാന് ഞാന്‍ അടക്കമുള്ള പഴയ കാല പ്രവാസികള്‍.അദ്ദേഹം തന്ന പ്രചോദനമാണ് ഇന്നും ഞങ്ങള്‍ ഇവിടെ തുടരുന്നത്!!

    ReplyDelete
  10. ജീവിതത്തിന്റെ മഷിപ്പത്രത്തിൽ
    മുക്കി ഇനിയും കൃഷ്ണദാസ് ഏറെ എഴുതട്ടെ!

    ReplyDelete
    Replies
    1. ഇനിയും കൃഷ്ണദാസ് ഏറെ എഴുതട്ടെ!

      Delete