Friday 12 February 2016

പുസ്തക പരിചയം - മുസ്രീസിലൂടെ - നിരക്ഷരൻ



പുസ്തക പരിചയം 
മുസ് രീസിലൂടെ
നിരക്ഷരൻ
യാത്രാ വിവരണം
മെന്റർ ബുക്സ്, തൃശ്ശൂർ
പേജുകൾ 172 വില: 550 രൂ.
(ഇന്ത്യയിലെ ആദ്യത്തെ ഓഗ്മെന്റഡു്  റിയാലിറ്റി പുസ്തകം )

(2016 ഫെബ്രുവരിയിലെ വിജ്ഞാന കൈരളി(കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരണം)  യിൽ വന്നത്) 


                          യാത്ര, ഓർമ്മ, അനുഭവം ഈ സീരീസുകളിൽ ഈ കാലത്ത് ഒരുപാട് പുസ്തകങ്ങൾ ഇറങ്ങുന്നു. ഏതെങ്കിലും ഒരു തട്ടകത്തിൽ ഒതുക്കാൻ പറ്റാത്ത വായനാനുഭവം ആണ് പലപ്പോഴും ഇത്തരം പുസ്തകങ്ങൾ  സമ്മാനിക്കുന്നത്. യാത്രക്കിടെ ചരിത്രം കടന്നു വരും; പ്രദേശത്തിന്റെ ഭൂശാസ്ത്രം എത്തിനോക്കും; അവിടെ ചരിത്രം സൃഷ്ടിച്ച മഹാരഥന്മാർ ഓർമ്മകൾ ഉണർത്തും; അവരോടുള്ള അവഗണന ഉയർത്തുന്ന പ്രതിഷേധം ആളി  കത്തും..അങ്ങനെ ചിലപ്പോഴെല്ലാം അത്തരം പുസ്തകങ്ങൾ യാത്ര വിവരണങ്ങൾക്കപ്പുറം എന്നൊരു വിശേഷ ഗണത്തിൽ ഉൾപ്പെടുത്താൻ തോന്നും. നിരക്ഷരന്റെ പുസ്തകവും ആ ഗണത്തിൽ പെടുന്നു. ഏറെ നാൾ കൊണ്ട് നടത്തിയ പഠന യാത്രയുടെ പരിണത ഫലം അങ്ങനെ ആവാനേ തരമുള്ളൂ. ആ യാത്ര ചരിത്രത്തിലേക്കും പൈതൃകത്തിലേക്കും വെളിച്ചം വീശുന്ന യാത്രയാണ്‌. മുസീരിസ് പട്ടണം ആത്മാവിൽ ലയിപ്പിച്ചൊരു യാത്ര. മിഴിവാർന്ന ചിത്രങ്ങൾ അത്തരം സഞ്ചാരത്തിലാണ് വിരിയുന്നത്. അതിനു ശോഭ ഏറും. ഈ പുസ്തകം വായിക്കുന്ന ആളിനും അതിന്റെ ആനന്ദാ നുഭൂതി പരോക്ഷമായെങ്കിലും പടർന്നു കിട്ടും. അതിന്റെ സുഗന്ധത്തിലാണ് ഈ കുറിപ്പ്‌. പരോക്ഷ അനുഭൂതികൾക്ക്, ആൽഡസ് ഹക്സിലി പറയുന്നത് പോലെ പരിമിതി ഉണ്ടല്ലോ? അത് മാറി കടക്കാൻ എത്രയും വേഗം മുസ് രീസിലേക്ക് യാത്ര പോകാൻ വായന തീർന്നാലുടൻ വായനക്കാരൻ തീരുമാനം എടുക്കും. അത് തന്നെയാണ് ഈ പുസ്തകത്തിനെ വിജയം. മാത്രമല്ല, എവിടെ യാത്ര ചെയ്താലും, ഒരു വിദ്യാർഥിയെ പോലെ അന്വേഷി ആകാനും ഇതിന്റെ വയാൻ പ്രേരിപ്പിക്കും. അതൊക്കെ തന്നെയാണ് ഇതിന്റെ വിജയവും.

                              അവതാരിക മുതൽ ഈ പുസ്തകം സവിശേഷ ശ്രദ്ധയെ അകർഷിക്കുന്നു. പലപ്പോഴും ഒരു പ്രശസ്തനെ കൊണ്ട് അവതാരിക എഴുതിക്കുകയും, അദ്ദേഹം പുസ്തകം ഒന്ന് മറിച്ചു നോക്കി, തന്റെ അഭിപ്രായം തട്ടി വിടുകയും ചെയ്യാറുണ്ട്. എന്നാൽ ഇവിടെ പൂയപ്പിള്ളി തങ്കപ്പൻ ഇതിന്റെ വായന ഉള്ളിലേക്ക് ആവാഹിച്ച ശേഷമാണ് അവതാരിക എഴുതിയത്. പുസ്തകത്തിന്റെ ഒരു "മിനിയേച്ചർ" അവതാരികയിൽ വായിക്കാം. പുസ്തകത്തെ എങ്ങനെ  സമീപിക്കണമെന്നും അവതാരിക നമുക്ക് പറഞ്ഞു തരുന്നു. ഇത്തരം അവതാരികകളാണ് നമുക്ക് വേണ്ടത്.

                           മുഖമടച്ച,  മുഖം നോക്കാതെയുള്ള വിമർശനമാണ് നിരക്ഷരൻ ആമുഖത്തിൽ ആവശ്യപ്പെടുന്നത്. എന്നാൽ വിമർശത്തിനു വേണ്ടി വിമർശിക്കാൻ തുനിയുന്നില്ല. വിമർശനം എന്നതിനേക്കാൾ വിലയിരുത്തൽ ആണ് ഈ പുസ്തകം അർഹിക്കുന്നത്. ഇതിനെ ചരിത്ര പുസ്തകമായോ യാത്രാ വിവരണ ഗ്രന്ഥമായോ ജീവചരിത്ര ഗ്രന്ഥമായോ വിലയിരുതപ്പെടെണ്ടതില്ല. എന്നാൽ ഈ പുസ്തകം അതൊക്കെയും ആണ്. വളരെ യുക്തിസഹമായ ഒരു സംയോജനമാണ് നിരക്ഷരൻ അവതരിപ്പിക്കുന്നത്‌.  അതിലൂടെ സുഖകരമായ ഒരു യാത്ര പോകാം വായനക്കാരന്. ലളിതമായ ഭാഷയാണ് അതിന്റെ കാരണം.

                               പ്രമുഖ പുസ്തക  ശാലകൾ പോലും ഏറെ അക്ഷരത്തെറ്റ് വരുത്തുന്ന ഒരു കാലമാണിത്. ഈ പുസ്തകത്തിൽ താരതമ്യേന തെറ്റുകൾ  കുറവാണ് . മികച്ച മേനി കടലാസിലാണ് അച്ചടി. കവർ  പേജും ഇല്ലുസ്ട്രഷനും അതുല്യമാണ്. ഇതിനു വേണ്ടി വന്ന പ്രവർത്തന മൂല്യത്തോ ടൊപ്പം ഇതും കൂടി ചേർന്നപ്പോൾ വില വളരെ കൂടി. സാധാരണ വായനക്കാരന് ഇത് താങ്ങാവുന്നതല്ല എന്ന് പറയേണ്ടി വരുന്നു.

                               ഉള്ളടക്കത്തിലൂടെ കടന്നു പോകുമ്പോൾ, ക്ഷേത്രങ്ങളും പള്ളികളും ഏറെ കാണാം. ഒരു നാടിൻറെ സാംസ്‌കാരിക പൈതൃകം ഇവയിലൂടെയാണ് പറയേണ്ടത്. അന്നൊക്കെ നാടിൻറെ സൌഹൃദ പച്ച ഇവകളിൽ ഉണ്ടായിരുന്നല്ലോ? പിൽക്കാലത്താണല്ലോ അതൊക്കെ നഷടമായത്. മറ്റു പലരെയും പോലെ ഇവിടെയും ഹിന്ദു-മുസ്ലിം-ക്രിസ്ത്യൻ ദേവാലയങ്ങൾ ബാലൻസു  ചെയ്യാൻ ലേഖകനും  ശ്രമിക്കുന്നുണ്ട്. ആദ്യ അധ്യായങ്ങളുടെ  തെരഞ്ഞെടുപ്പു അത് തെളിയിക്കുന്നു. എന്നാൽ പിന്നീട് സിനഗോഗുകളെ പറ്റിയും പറഞ്ഞു ലേഖകൻ  താൻ അത്തരം ബാലൻസിം ങ്ങിനും അപ്പുറം ആണ് എന്ന് ബോധ്യപ്പെടുത്തുന്നു. എന്നോ പുറത്താക്കപ്പെട്ട ജൂതന്മാർക്കായി ഇങ്ങനെ കുറെ പേജുകൾ മാറ്റി വക്കുന്നത് ആരെയും പ്രീണിപ്പിക്കാൻ അല്ലല്ലോ? ഈ ആരാധനാലയങ്ങളുടെ ചരിത്രം മിത്തുകൾ കൂടി ഇഴഞ്ഞതിനെ വളരെ ശ്രദ്ധിച്ചാണ് കൈകാര്യം ചെയ്തിരിക്കുന്നത്.   .ഒരു പക്ഷെ   ചരിത്രകാരന്മാർ വിശദമായി പരിശോധിച്ചാൽ, വസ്തുതാപരമായ പിശകുകൾ കണ്ടെത്തിയേക്കാം. ഓരോ സന്ദർശന സ്ഥലത്തിനും പിറകെ ചരിത്രം അന്വേഷിച്ചുള്ള നിരക്ഷര നിരന്തര യത്നം ഈ വരികളിൽ  നമുക്ക് കാണാം. എങ്കിലും ആരാധാലയങ്ങൾക്കൊപ്പം അന്നേ ഉള്ള വിദ്യാലയങ്ങളും കണ്ണിൽ  പെട്ടില്ലയോ എന്ന് സന്ദേഹിക്കുന്നു. ഒരു പക്ഷെ ആ പ്രദേശത്തിന്റെ പ്രത്യേകത ആവാം. അത് കൂടി ചേർന്നെങ്കിൽ കുറെ കൂടി ഉജ്ജ്വലമായ സാംസ്‌കാരിക യാത്ര ആകുമായിരുന്നു ഇതിന്റെ വായന എന്ന് ആശിച്ചു പോകുന്നു.

                           പള്ളികളെ പറ്റി  പറയുമ്പോൾ, (പേജു 34l)  വിള ക്ക് കത്തിക്കുന്ന ഏക മുസ്ലിം പള്ളി എന്ന് ചേരമാൻ മസ്ജിദിനെ പറ്റി പറയുന്നു. എന്നാൽ പൊന്നാനി പള്ളിയിൽ  അത് ഞാൻ കണ്ടിട്ടുണ്ട്. മറ്റു ചിലയിടവും ഉണ്ടാകും. ഒന്നിനെ ഏക എന്ന് വിശേഷിപ്പിക്കുമ്പോൾ മറ്റെവിടൊക്കെ ഇങ്ങനെ ഇല്ല എന്ന് അന്വേഷിക്കുന്നത് ദുഷ്കരമാണ്. അതിനാൽ  അത്തരം അവകാശവാദങ്ങൾക്ക്  അന്വേഷികൾ ചെവി കൊടുക്കതിരിക്കലല്ലേ ഉത്തമം?
.
                            വായനയുടെ കരുത്ത്  ഒരു നല്ല വായനക്കാരന്റെ പുസ്തകങ്ങളിൽ അനുഭവപ്പെടാറുണ്ട്. നിരക്ഷരൻ എഴുതുമ്പോഴെല്ലാം, അദ്ദേഹം തികഞ്ഞ സാക്ഷരൻ ആണെന്ന് നമ്മുടെ ഉള്ള് പറഞ്ഞു കൊണ്ടേയിരിക്കും. വൈലോപ്പിള്ളിയുടെ കവിത ജൂത പള്ളിയെ കുറിച്ച് പറയുമ്പോൾ കടന്നു വരുന്ന പോലെ, തന്റെ വായനയും യാത്രയും അനുഭവവും ഒക്കെ ഈ എഴുത്തിൽ ഉടനീളം തൊട്ടു തലോടുന്നു. ഒപ്പം സൌഹൃദത്തിന്റെ മധുരിമയും വരികൾക്കിടയിൽ കാണാം.

                           പുറം പേജിൽ  കെ എ ബീന പറയുന്നത് പോലെ മിത്തും നാടോടി കഥയും പുരാണവും ഒന്നും യാത്രയിൽ നിരക്ഷരൻ വിട്ടു കളയുന്നില്ല. അങ്ങനെയാണല്ലോ യാത്ര പഠനം ആവുന്നത്. ആരോ എന്തോ പറയുന്നതിളകും ചിലപ്പോ യഥാർഥ ചരിത്രം ഉള്ളത്. ചരിത്രം എന്നത് വളരെ വിഷ ലിപ്തം ആക്കിയ നമ്മുടെ നാട്ടിൽ ചരിത്രാന്വേഷണം സങ്കീർണ്ണം  ആണല്ലോ? ഈ യാത്രയിൽ ഗ്രന്ഥകാരൻ സ്വന്തം പൈതൃകം തന്നെയാണ് തേടുന്നത്. ശ്രീകുമാരൻ തമ്പി യുടെ വരികൾ ഓർമ്മ വരുന്നു.
                          " അമ്മ വീടെവിടെ? ഞാൻ വഴി തെറ്റി അലയുന്നു
                            അമ്മിഞ്ഞ പൂമണം വഴികളിൽ നിറയുന്നു
                            കാഴ്ചയുണ്ടെങ്കിലും കാണാത്ത കണ്ണുകൾ
                            കേൾവിയുണ്ടെങ്കിലും കേൾക്കാത്ത കാതുകൾ
                            ഉച്ചത്തിലലറുന്നു, പാടുന്നു
                            തെല്ലുമില്ലൊച്ചയിൽ നാദ ബീജാക്ഷര സ്പന്ദനം"

                              ബ്ലോഗിലൂടെ നിരന്തരം സാമൂഹ്യ വിമർശനം നടത്തുന്ന ഗ്രന്ഥകാരൻ ഈ പുസ്തകത്തിലും അതിനു തുനിയുന്നു. കേസരിയെയും മുഹമ്മദ്‌ അബ്ദു റഹിമാനെയും സ്മരിക്കുമ്പോൾ, അവരെ വേണ്ട വിധം കുട്ടികളെ പഠിപ്പിച്ചിട്ടില്ല എന്ന് ലേഖകൻ  രോഷം കൊള്ളുന്നു. വേണ്ടും വിധം ഇല്ലായിരിക്കാം, എങ്കിലും സിലബസിൽ നമ്മുടെ ഒക്കെ പഠന കാലത്ത് ഇവർ  ഉണ്ടായിരുന്നു എന്നാണോർമ്മ. പുതിയ കാലത്ത്, അനർഹമായി, പലരെയും മഹത്വ വൽക്കരിക്കുന്നതിനിടയിൽ ഇവർ സിലബസിൽ നിന്ന് അപ്രത്യക്ഷരായോ എന്ന്  അറിയില്ല.പക്ഷെ വേണ്ട കാര്യങ്ങൾ വേണ്ട വിധം പഠനത്തിൽ ഉൾപ്പെടുത്താൻ നാം പലപ്പോഴും വിമുഖരാകുന്നു എന്നത് ശരിയുമാണ്‌.

                            കടലാസ്സിൽ അച്ചടിക്കുന്ന പുസ്തകങ്ങൾക്ക്  പരിമിതി ഉണ്ട്. അതിൽ ശബ്ദമോ ചലിക്കുന്ന ചിത്രമോ ഉൾക്കൊള്ളിക്കാൻ കഴിയില്ല . മാറ്റങ്ങൾ രേഖപ്പെടുത്തി, അപ്ഡെറ്റഡു്   ആക്കാൻ കഴിയില്ല. പുസ്തകങ്ങളുടെ ഈ പരിമിതി മറി കടക്കാൻ പുസ്തകങ്ങളുടെ ഒടുവിൽ  റെഫെറൻസ് ആയി വെബ്‌ സൈറ്റുകളെയും ചേർക്കുന്ന രീതി കുറെ കാലം മുൻപ് തുടങ്ങി വച്ചു . ഇനി ഇ-ബുക്ക്‌ മാത്രമാവും എന്ന മട്ടിൽ  കടലാസ് ബുക്കുകൾ അപ്രത്യക്ഷമാകുമോ എന്നും ഭയന്നവരുണ്ട്. എന്നാൽ പുസ്തകങ്ങളിൽ  പുതിയ സാങ്കേതികതയെ  തിരുകി കയറ്റുകയാണ് ഓഗ്മെന്റഡു്  റിയാലിറ്റി . ഇതിലേക്കുള്ള ആദ്യ ശ്രമം ഈ പുസ്തകത്തിൽ  കാണാം. ഒരു ആന്ദ്രോയിഡു്   മൊബൈൽ ആപ്പ്ളിക്കേഷൻ  വഴി ഇത് സാധിച്ചിരിക്കുന്നു. അതിലൂടെ കൂടുതൽ വിവരങ്ങൾ, ചിത്രങ്ങൾ, ചലച്ചിത്രങ്ങൾ എന്നിവ നിങ്ങളുടെ മൊബൈൽ ഫോണിൽ ദൃശ്യമാകും. പുതിയ എഡിഷനുകളിൽ  ഇത് കുറെ കൂടി മെച്ചപ്പെടുത്താം. ഗ്രന്ഥത്തിലെ ചിത്രങ്ങൾക്ക്  ത്രിമാന മിഴിവും അനിമേഷനും സാധിക്കും വിധം ഇതിലെ ഓഗ്മെന്റഡു്  റിയാലിറ്റി  വളരട്ടെ എന്ന് പ്രതീക്ഷിക്കുന്നു.

14 comments:

  1. നല്ല വിലയിരുത്തൽ. ഇക്കാ ഒരു പുസ്തകം എനിയ്ക്കും വേണം. നന്ദി ഇക്കാ

    ReplyDelete
  2. നല്ല രീതിയിൽ
    പരിചയപ്പെടുത്തി വായിക്കാൻ കഴിയും എന്ന പ്രതീക്ഷയൊടെ

    ReplyDelete
  3. വാങ്ങിയതിനും വായിച്ചതിനും അവലോകനം ചെയ്തതിനും നന്ദി അൻ‌വർ ഭായ് :)

    ReplyDelete
  4. വായിക്കണം... അവലോകനം നന്നായി.

    ReplyDelete
  5. നല്ല വിശകലനം
    ഓഗ്മെന്റഡ് റിയാലിറ്റി പുസ്തകം
    നമ്മുടെ നാട്ടിലും പ്രഥമാ‍ാമായി പിറന്നു
    വീണു എന്നതിൽ നമുക്ക് അഭിമാനിക്കാം

    ReplyDelete