Tuesday, 22 November 2016

പുസ്തക പരിചയം: പറയപ്പതി

                                  മനോജ് വെങ്ങോലയുടെ ''പറയപ്പതി " എന്ന ഒൻപത് നോവുള്ള കഥകളുടെ സമാഹാരം വായിച്ചു. ഓരോ കഥയും ജീവിതാവസ്ഥകളുടെ അടുപ്പിൽ നിന്ന് വേവിച്ചെടുത്തതാണ്. വായനക്ക് ശേഷവും കഥകൾ നമ്മെ വല്ലാതെ പിന്തുടരും. അവകളിലെ മൗനത്തിന്റെ മുഴക്കം നമ്മുടെ നെഞ്ചകത്തിൽ നടുക്കുന്ന ഓർമ്മയാകും. ഒരു ക്ളിക്കുകളുടെയു ശുപാർശ ഇല്ലാതെ ഈ കഥാകാരൻ എഴുത്തിന്റ കൊടുമുടികൾ കയറുമെന്നത് തീർച്ചയാണ്.

                                   യെസ് പ്രസ് വെളിച്ചത്ത് കൊണ്ടു വന്ന ഈ കഥാസമാഹാരം ഒറ്റയിരുപ്പിലാണ് വായിച്ചു തീർത്തത്. ഒരു സമാഹാരത്തിലെ മുഴുവൻ കഥകളും ഹൃദയഹാരിയാവുക അപൂർവ്വമത്രേ! ചാരുതയാർന്ന ഭാഷ നൽകിയ വായനാഹ്ളാദം ഇപ്പൊഴും ചൂടാറാതെ കൂടെയുണ്ട്. ആദ്യ കഥ 'നോവൽ സാഹിത്യം' നാട്ടു നന്മയുടെ കാഥികൻ യു. ഏ. ഖാദറെ വിസ്മയിപ്പിച്ചതിന്റെ സാക്ഷ്യപത്രം തുടക്കത്തിൽ ചേർത്തിട്ടുണ്ട്. തീഷ്ണപരിഹാസത്തിൽ പൊതിഞ്ഞു വച്ച അത്യുജ്ജ്വല പ്രണയ കഥയാണ് അതെന്ന് അദ്ദേഹം നിരീക്ഷിക്കുന്നത് കഥാവായനക്ക് ശേഷം നാം ശരി വച്ചു പോകും. കുരിശ് പള്ളിക്ക് മുന്നിൽ അൽഫോൺസാച്ചൻ മണൽ വാരി മിഠായിയാക്കി നൽകിയ ഉടൻ ഖസാക്ക് എന്ന ബോർഡ് വച്ച ബസ്സിൽ നിന്ന് രവി ഇറങ്ങി വരുന്നത് നാം കാണുന്നു. പപ്പുവും സുഹറയും മജിദും ആയുസ്സിന്റ പുസ്തകവുമായി യോഹന്നാനും ഒക്കെ ഈ കഥയിലൂടെ കടന്ന് വരുമ്പോൾ മലയാളപ്പെരുമ നമുക്ക് നൽകിയ കാപാത്രങ്ങൾ ഒക്കെ മനസ്സിൽ നിറഞ്ഞ് വായനക്കാരൻ ആഹ്ലാദ ചിത്തനാവുന്നു. ഈ ആഹ ളാദത്തിലേക്ക് വായനക്കാരെ ക്ഷണിക്കാൻ വാരഫലക്കാരൻ ഇല്ലാതെ പോയി. ഗോഡ്ഫാദർമാർ ഒരു പക്ഷേ ഈ എഴുത്തിനെ കണ്ടില്ലെന്ന് നടിച്ചേക്കും. പക്ഷേ അക്ഷര പ്രേമികൾ ഈ കാഴ്ച കാണുക തന്നെ ചെയ്യും                                  ' പറയപ്പതി ' എന്ന അടുത്ത കഥ എൻ എസ് മാധവന് ' തിരുത്തി'ന് ശേഷം ആ തലത്തിൽ നിൽക്കുന്ന മനോഹര കഥയാണ്. ഇടയ്ക്കിടെ തുടി കൊട്ടുന്ന വായ്ത്താരികളുടെ അകമ്പടിയോടെ കഥ നമ്മിലേക്ക് പെയ്തിറങ്ങുന്നു. എഡിറ്ററുടെ ചവറ്റ് കൊട്ടയിൽ കിടന്ന ലറുന്ന കുഞ്ഞാളിയുടെ കാരണവന്മാരുടെ നിലവിളി നമ്മുടെ കാതിലും മുഴങ്ങുന്നു.


                                      കാക്കകൾ ചേക്കേറുന്നിടമായ തൃശൂർ പശ്ചാത്തലമായ അടുത്ത കഥയിലെ കരുണേട്ടന്റെ കൈകളിൽ കറങ്ങുന്ന പഴയ ക്ളോക്കിന്റെ കാലചക്രം മെല്ലെ ഉരുളുമ്പോൾ പ്രിയ കവിക്കൊപ്പം 'ഹാ വിജിഗീഷു മൃത്യു വിന്നാകുമോ ജീവിതത്തിൻ കൊടിപ്പടം താഴ്ത്തുവാൻ' എന്ന് നമ്മളും പാടുന്നു.


                                      ഭ്രാന്തിന്റെയും ഉണ്മയുടെയും ഇടയിലൂടെ ഉറക്കെയുറക്കെ പാടിക്കൊണ്ട് കാർപെന്റർ നമ്മിൽ അസ്വസ്ഥത സൃഷ്ടിക്കാതിരിക്കില്ല. കുതിരകൾ എന്ന കഥ നേരിയ തോതിൽ ഫാന്റസി യിലേക്കും കടക്കുന്നു. വെള്ളാരം കല്ലുകളിലെ മിസറിയുമ്മ പാത്രസൃഷ്ടിയുടെ മികവാർന്ന ഉദാഹരണം തന്നെ. പാട്ടുകാരൻ എന്ന കഥയുടെ വായനശേഷം നമ്മുടെ ഉള്ളിലും ഉരുകിയ ലോഹം പോലെ അനേകം പാട്ടുകൾ തിളയ്ക്കും. സുഭാഷിതങ്ങൾ എന്ന ഒത്തിരി ജീവിതങ്ങൾ ഒളിപ്പിച്ച കഥ നമ്മെ വല്ലാതെ ആകർഷിക്കും. ഒടുവിൽ, ദൃഷ്ടിദോഷം എന്ന കഥയിലെ പെരുങ്കള്ള നാം അമ്മാവനേം ചിറ്റയേയും പരിചയപ്പെട്ട് പുസ്ന കം അടച്ച ശേഷവും അമ്മാവൻ നൽകിയ ക്രിസ്മസ് കാർഡ് മനസ്സിൽ നിന്ന് പോവില്ല. ലന്തൻബത്തേരിയിലെ ചന്ദ്രനെയും ദാർശനിക വ്യഥയിൽ പുകഞ്ഞ കുന്ദനെയും സാക്ഷി നിർത്തി നട്ട പ്രവെയിലിൽ ചന്ത്രക്കാറ നായി ഞാൻ ഉറക്കെ വിളിച്ചു പറയട്ടെ " ദേ വായിക്കൂ നിങ്ങളീ ക ഥാകാരനെ '' എന്ന്..


പറയപ്പതി
കഥാ സമാഹാരം
മനോജ് വെങ്ങോല
യെ സ് പ്രസ് ബുക്ക്സ്
9142577778
9142088887
വില 100 രൂപ
96 പേജുകൾ

1 comment:

 1. ഭായിയുടെ പുസ്തക പരിചയങ്ങൾ
  ശരിക്കും വിലപ്പെട്ട ഒന്ന് തന്നെയാണ് ...
  മൂന്നാല് കൊല്ലം മുമ്പ് വരെ നാട്ടിൽ നിന്നും
  ഇതുപോലെ കൊണ്ട് വരുന്ന നല്ല പുസ്തകങ്ങളെല്ലാം ഒന്നൊന്നായി വായിച്ചി രുന്നു
  പക്ഷെ ഒന്ന് രണ്ട് വർഷമായി സോഷ്യൽ മീഡിയ മാധ്യമങ്ങളുടെ അതി പ്രസരത്തിൽ
  പെട്ട് കൊണ്ട് വന്ന പല പുസ്തകങ്ങളും മുഴുവനായും വായിക്കാൻ സാധിച്ചിട്ടില്ല ...!
  എന്തുകൊണ്ട് എന്നുള്ളത് പ്രസക്തമായ ഒരു ചോദ്യമാണ് - പ്രത്യേകിച്ച് പ്രവാസികലുകളുടെ കാര്യത്തിലെങ്കിലും ...

  ReplyDelete