Tuesday, 22 November 2016

പുസ്തക പരിചയം: ചലനം

                                   സ്കൂൾ കാലത്തെ പരിഷത്ത് പുസ്തകങ്ങളുടെ വായനയിലൂടെയാണ് പി ടി ഭാസ്കരപ്പണിക്കരെ അറിഞ്ഞത്. അന്ന് വായിച്ച തൊക്കെ ഒന്ന് കൂടി വായിക്കാൻ ഇടയ്ക്കിടെ തോന്നൽ ഉണ്ടാവാറുണ്ട്, അവയൊക്കെ നമ്മുടെ കുട്ടികളെ കൊണ്ട് വായിപ്പിക്കണമെന്നും, ആ പുസ്തകങ്ങളിൽ മലയാളം മാത്രം കാണപ്പെടുന്നതാണ് ഇപ്പോഴത്തെ കുട്ടികൾക്കുള്ള പ്രയാസം, പ്രവേഗം, വ ർ ത്തുള ചലനം ഇവയൊക്കെ എന്തെന്ന് ആംഗലേയ വാക്കുകൾ തുല്യപ്പെടുത്തി പറഞ്ഞ് കൊടുക്കേണ്ടി വരും. പി ടി ബി യുടെ 'ചലനം ചലനം സർവത്ര ' എന്ന തലക്കെട്ടിൽ എഴുപതുകളിലോ എൺപതുകളിലോ എഴുതപ്പെട്ട / വായിക്കപ്പെട്ട പുസ്തകമായിരിക്കണം ഈയിടെ ചിന്ത രണ്ടാം പതിപ്പിറക്കിയ ചലനം എന്ന ഈ പുസ്തകം. കാറ്റ്, ചൂട്, വെളിച്ചം, വൈദ്യുതി, ഇലക്ടോണുകൾ, നക്ഷത്രങ്ങൾ, ഗ്രഹങ്ങൾ എന്നിങ്ങനെ പ്രപഞ്ചത്തിൽ ചലിക്കുന്ന എല്ലാറ്റിനെയും ഈ പുസ്തകം പരാമർശിക്കുന്നു. സങ്കീർണ്ണമായ പെട്രോൾ, ഡീസൽ യന്ത്രങ്ങളുടെ പ്രവർത്തനം ഒക്കെ എത്ര അയത്നലളിതമായിട്ടാണിതിൽ വിശദീകരിക്കുന്നത്? ഇങ്ങനെ ശാസ്ത്രം പഠിപ്പിച്ചാൽ അത് ഒരിക്കലും കുട്ടികൾക്ക് വിരസമാവില്ല.


                           ചലനങ്ങൾ ഇങ്ങനെ വിവരിക്കുന്നതിനിടയിൽ അനതിവിദൂര ഭാവിയിൽ ശാസ്ത്രം / മനുഷ്യൻ കൈവരിക്കാവുന്ന നേട്ടങ്ങളെ കുറിച്ച് സൂചനകൾ ഉണ്ട്. പ്രകാശ സംശ്ലേഷണം വിവരിച്ച ശേഷം പി ടി ബി പറയുന്നു
" ഇത്രയും ഇതിനെ പറ്റി ശാസ്ത്രജ്ഞന്മാർക്കറിയുമെങ്കിൽ എന്തുകൊണ്ട് സസ്യങ്ങളെപ്പോലെ കൃത്രിമമായി ഭക്ഷണം ഉണ്ടാക്കിക്കുട? വെള്ളവും കാർബൺ ഡയോക്സൈഡും വെയിലും നമുക്കുണ്ട് , ആറ്റം ബോംബും ഹൈഡ്രജൻ ബോംബും ഉണ്ടാക്കാൻ കഴിയുന്ന മനുഷ്യൻ ഇതിന് കഴിയില്ലേ? ശാസ്ത്രജ്ഞന്മാർ ഇതേ പറ്റി ആലോചിക്കുന്നുണ്ട്. വേണ്ടത്ര വിജയിച്ചില്ലെങ്കിലും അടുത്തു തന്നെ പരിഹാരം കണ്ടെന്ന് വരും. ഈ പ്രശ്നത്തിന് പരിഹാരം കണ്ടെത്തിയാൽ ഒരു പക്ഷേ ഏറ്റവും വലിയ കണ്ടുപിടിത്തമാവും അത് " . ആഹാരമുണ്ടാക്കുന്ന സസ്യത്തെ മുഴുവൻ നശിപ്പിച്ചു മുന്നേറുന്ന ഇന്നത്തെ മനുഷ്യൻ ഇത്തരമൊരു സംവിധാനം കണ്ടെത്തേണ്ടി വരും എന്ന് ദീർഘദൃഷ്ടിയോടെ പി ടി ബി കണ്ടതാവാം!


                               ജീവൻ എന്ന അധ്യായത്തിൽ സസ്യ - ജന്തുജാലങ്ങളിലെ ജീവൻ എന്ന പ്രതിഭാസത്തിന്റെ സാമ്യവും വൈജാത്യവും ഒക്കെ വിശദീകരിച്ച് മനുഷ്യൻ എന്ന അധ്യായത്തിലെത്തുന്നു. ചരിത്രത്തിൻ ചക്രം തിരിച്ച മനുഷ്യന്റ സാംസ്കാരിക ചലനങ്ങളെ കൂടി ഉൾക്കൊള്ളിച്ച് ഒടുവിൽ സോഷ്യലിസത്തിൽ എത്തിച്ച് പുസ്തകം അവസാനിപ്പിക്കുന്നു. ശാസ്ത്രത്തിന്റെ സാമൂഹ്യ ബോധ്യപഠനം എങ്ങനെ സു സാധ്യമാവുമെന്ന് ഈ പുസ്തകം നൽകുന്ന ബോധനം തെളിയിക്കുന്നു.
ശാസ്ത്രം ജന നന്മയ്ക്കു മാത്രമുപയോഗിക്കാൻ ആവുന്ന ഇടത്തൊക്കെ പിടി ബി ആഹ്വാനം ചെയ്യുന്നു. "എല്ലാ ശാസ്ത്രത്തിന്റെയും ലക്ഷ്യം മനുഷ്യ നന്മയാണെന്ന് " അനായാസം സമർത്ഥിക്കുന്നു.


                              ഈ പുസ്തകത്തിന്റെ വായനയിലുടനീളം ഒരു പിന്നണി ഗാനം എന്നോടൊപ്പമുണ്ടായിരുന്നു. വയലാറിന്റെ വരികൾ
                              "ചലനം ചലനം
                               മാനവ ജീവിത പരിണാമത്തിലെ മയൂരസന്ദേശം
                               ചലനം ചലനം ചലനം
                              ....."


ചലനം
പി ടി ഭാസ്കര പണിക്കർ
ചിന്താ പബ്ളി ഷേഴ്സ്
പേജുകൾ: 152
രണ്ടാം എഡിഷൻ വില. 135 രൂ .

1 comment:

 1. ജീവൻ എന്ന അധ്യായത്തിൽ സസ്യ - ജന്തുജാലങ്ങളിലെ ജീവൻ എന്ന പ്രതിഭാസത്തിന്റെ സാമ്യവും വൈജാത്യവും ഒക്കെ വിശദീകരിച്ച് മനുഷ്യൻ എന്ന അധ്യായത്തിലെത്തുന്നു. ചരിത്രത്തിൻ ചക്രം തിരിച്ച മനുഷ്യന്റ സാംസ്കാരിക ചലനങ്ങളെ കൂടി ഉൾക്കൊള്ളിച്ച് ഒടുവിൽ സോഷ്യലിസത്തിൽ എത്തിച്ച് പുസ്തകം അവസാനിപ്പിക്കുന്നു. ശാസ്ത്രത്തിന്റെ സാമൂഹ്യ ബോധ്യപഠനം എങ്ങനെ സു സാധ്യമാവുമെന്ന് ഈ പുസ്തകം നൽകുന്ന ബോധനം തെളിയിക്കുന്നു.
  ശാസ്ത്രം ജന നന്മയ്ക്കു മാത്രമുപയോഗിക്കാൻ ആവുന്ന ഇടത്തൊക്കെ പിടി ബി ആഹ്വാനം ചെയ്യുന്നു. "എല്ലാ ശാസ്ത്രത്തിന്റെയും ലക്ഷ്യം മനുഷ്യ നന്മയാണെന്ന് അനായാസം സമർത്ഥിക്കുന്നു.

  ചലനം ചലനം
  മാനവ ജീവിത പരിണാമത്തിലെ
  മയൂരസന്ദേശ ചലനം ചലനം ചലനം

  ReplyDelete