Wednesday, 30 November 2016

പുസ്തക പരിചയം : ഷാഹിദ് നാമ

                                     ഖസാക്കിന്റെ ഇതിഹാസകാരന്റെ സഹോദരി ഒ വി ഉഷയുടെ നോവൽ വാങ്ങാൻ ശുപാർശ ചെയ്തത് പ്രിയ സുഹൃത്ത് കഥാകാരൻ വി ഷിനിലാൽ ആണ്. എഴുത്തിന്റെയും വായനയുടെയും സൗഹൃദ കൂട്ടായ്മയിൽ നിന്ന് ലഭിച്ച പ്രിയ സൗഹൃദം അനു ജോൺ ഈ നോവലിന്റെ നിർമ്മിതിയിൽ സഹായിച്ചു എന്ന് ആമുഖ കുറിപ്പിൽ പറയുന്നത് ഏറെ സന്തോഷം നൽകി. ഷാഹിദ് അലിയുടെയും സാജിദ ( താച്ചു) വിന്റെയും പ്രണയവും വേർപിരിയും പുനഃസമാഗമവും അടങ്ങുന്ന ഇതിവൃത്തം പുതുമയൊള്ളതൊന്നുമല്ല എങ്കിലും മൊത്തത്തിൽ ഇതിന്റെ വായന ഹൃദയഹാരിയായി.


                                      കൂമൻകുന്നിൽ ബസിറങ്ങിയ രവിയെ പോലെ ഷാഹിദ് അലിയും ഏറെ കാലശേഷം ഗ്രാമത്തിൽ തിരിച്ചെത്തിയപ്പോൾ ഓർമ്മകൾ ഇരമ്പുന്നതാണ് തുടക്കം, .പിന്നീട് സഞ്ജുവിനെ നോവലിൽ കണ്ടപ്പോൾ, എന്തോ ഗുരുസാഗരത്തിലെ കുഞ്ഞുണ്ണിയെ ഓർമ്മ വന്നു. ഒരു എഴുത്തുകാരനെ / കാരിയെ വിലയിരുത്തുമ്പോൾ അവരെക്കുറിച്ചുള്ള മുന്നറിവ് ഒരു ഘടകം ആയിക്കൂട എന്നറിയാം. പക്ഷേ എന്തുകൊണ്ടോ ഒ വി വിജയൻ മനസിൽ നിന്ന് വിടുന്നില്ല. ഭാഷയിലോ ശൈലിയിലോ വിജയ സ്വാധീനം ഷാഹദ് നാമയിൽ ഇല്ല. പക്ഷേ, എങ്ങനെയോ വായനക്കാരന്റെ മുന്നറിവ് തുടർന്നേയിരുന്നു.

                                      കഥാപാത്രങ്ങളുടെ സൃഷ്ടിപ്പിൽ തികഞ്ഞ ചാരുത കഥാകാരി പ്രകടിപ്പിക്കുന്നുണ്ട്. ഓരോ കഥാപാത്രങ്ങളും വായനക്കാരന്റെ മനസ്സിൽ കൊത്തി വയ്ക്കപ്പെടുന്നു. അത് മനഷ്യരായാലും മറ്റു ജീവികളായാലും പ്രകൃതി ആയാലു മതേ. ഷാഹിദ് അലിയുടെ മനോവ്യാപാരങ്ങൾ വായനക്കാരനിലേക്ക്  അതേ ഊഷ്മളത യോടെ പകരുന്നു.
 പ്രണയം എത്ര എഴുതിയാലും തീരാത്ത വിഷയമാണ്. അത് എങ്ങനെ എഴുതുന്നു എന്നതാണ് പ്രധാനം. "പ്രണയ പരവംശേ, ശുഭം, നിനക്കുണ്ടൊരു ദിക്കിൽ നിൻ പ്രിയൻ' എന്ന ഓർമ്മ തന്നെയായിരുന്നു താച്ചുവിനെ നയിച്ചത്.
                    
                                      " പ്രണയത്തിന് ഒളിച്ചിരിക്കാൻ അധികം കഴിയില്ല. ചുണ്ടിൽ ഈണമായും കണ്ണിൽ നക്ഷത്ര തിളക്കമായും ഒക്കെ അത് പ്രകടമാകും. നിറഞ്ഞു പൂത്ത പാല പോലെ: ഇരുട്ടത്ത് ഒളിച്ചു നിന്ന് ചുറ്റിനും അദമ്യമായ ഗന്ധം പരത്തി... "

                                       പ്രണയത്തെ ഇങ്ങനെ ഹൃദയഹാരിയായി വർണ്ണിക്കന്നു ഇതിൽ. ഭാഷയിലെ സൗകുമാര്യം അനുഭവിക്കാൻ ഇതിന്റെ വായനയിൽ ഇങ്ങനെ ഒട്ടേറെ അവസരങ്ങൾ.

                                       നോവലിന്റെ ഘടനാപരമായ സവിശേഷത ഇതിന്റെ ലാളിത്യം തന്നെയാണ്. ഓരോ അധ്യായങ്ങളുടെയും നേർ തുടർച്ചയാണ് അടുത്ത അധ്യായം. വ്യത്യസ്ത പ്ലോട്ടുകളെ തുടർ അധ്യായങ്ങളിൽ അവതരിപ്പിച്ച്  നേരിയ ഒരു ദുർഗ്രഹത പോലു സൃഷ്ടിക്കാൻ നോവലിസ്റ്റ് ഒരുക്കമല്ല. എന്നാൽ ജീവിത നിരീക്ഷണങ്ങളും തത്വചിന്താപരമായ വീക്ഷണങ്ങളും കൊണ്ട് സമ്പന്നമാണ് താനും. സഞ്ജീവ് എന്ന ബാല്യ കാല സുഹൃത്തിനെ ഒരു അവധൂതൻ ആയാണ് ഷാഹിദ് കണ്ടുമുട്ടുന്നത്‌. ജീവിതയാത്രയ്ക്കിടെ അനുഭവ സർവ്വകലാശാലയിൽ പഠിച്ചു ഉരുക്കിയെടുത്ത ജീവിത ചിന്തകളെ നോവലിസ്റ്റ് സഞ്ജു വി ലൂടെ അവതരിപ്പിക്കുന്നു,

                                      വിശുദ്ധ ഖുർആൻ വചനങ്ങളെയും ഹദീസിലെ സൂക്തങ്ങളെയും ഫലപ്രദമായി ഇതിൽ ഉപയോഗിക്കുന്നുണ്ട്. അതുപോലെ കേരളിയ ഇസ്ലാമിക ജീവിതത്തിന്റെ ഭാഗമായ ജാറങ്ങളും പക്ഷിപ്പാട്ടും എല്ലാം. ബാല്യത്തിൽ കേട്ട "വീരപ്പുലിയാരെ "യാണ് ഷാഹിദിൽ സാജിത സന്നിവേശിപ്പിച്ചിരിക്കുന്നത്. എല്ലാം നശിക്കും  / മരണത്തിൽ നിന്നാർക്കും രക്ഷപെടാൻ സാധിക്കില്ല എന്ന അർത്ഥമുള്ള ഖുല്ലും മൻ അലയ്ഹാ ഫാൻ എന്ന വാക്യവും ലബ്ബൈക്കള്ളാഹുമ്മ ലബ്ബയ്ക്ക് എന്ന ഹാജിമാരുടെ ശരണം വിളികളും ഒക്കെ ചേരേണ്ടിടത്ത് അതിവിദഗ്ദ്ധമായും യുക്തമായും ചേർത്തിരിക്കുന്നു.

                                      മലയാള നോവലുകളിൽ വായിക്കപ്പെടേണ്ട ഒന്ന് തന്നെയാണിതെന്ന് നിസംശയം പറയാം.

ഷാഹിദ് നാമ

ഓ വി ഉഷ

നോവൽ

ചിന്താ പബ്ലിഷേഴ്സ്

പേജുകൾ: 192

മൂന്നാം എഡിഷൻ 2015
വില: 175 രൂ

3 comments:

 1. നല്ല പുസ്തക പരിചയം ..പല പുസ്തകങ്ങളെയും എഴുത്തുകാരെയും കുറിച്ച് ഈ ബ്ലോഗിൽ നിന്നാണിപ്പോൾ അറിയുന്നത് പോലും ..ഓൺ ലൈൻ വായനകൾക്കിടയിൽ എപ്പോഴെങ്കിലും ഇതിനെ കിട്ടിയാൽ വായിക്കാം ..

  ReplyDelete
 2. എന്റെ പേരിൽ ഇറങ്ങിയ ഈ പുസ്തകം എന്തായാലും വായിക്കാൻ തന്നെ തീരുമാനിച്ചു. :)

  ReplyDelete
 3. " പ്രണയത്തിന് ഒളിച്ചിരിക്കാൻ
  അധികം കഴിയില്ല. ചുണ്ടിൽ ഈണമായും
  കണ്ണിൽ നക്ഷത്ര തിളക്കമായും ഒക്കെ അത്
  പ്രകടമാകും. നിറഞ്ഞു പൂത്ത പാല പോലെ ഇരുട്ടത്ത്
  ഒളിച്ചു നിന്ന് ചുറ്റിനും അദമ്യമായ ഗന്ധം പരത്തി...

  പ്രണയത്തെ ഇങ്ങനെ ഹൃദയഹാരിയായി വർണ്ണിക്കന്നു
  ഇതിൽ. ഭാഷയിലെ സൗകുമാര്യം അനുഭവിക്കാൻ ഇതിന്റെ
  വായനയിൽ ഇങ്ങനെ ഒട്ടേറെ അവസരങ്ങൾ...

  മലയാള നോവലുകളിൽ
  വായിക്കപ്പെടേണ്ട ഒരു നല്ല പുസ്തക പരിചയം ...

  ReplyDelete