Tuesday, 22 November 2016

പുസ്തക പരിചയം: ഉടൽ ഭൗതികം

                                     മലയാള നോവൽ രചനയുടെ സാമ്പ്രദായിക രീതിയോട് കലഹിച്ച് പുതിയ പരീക്ഷണ രൂപത്തിൽ എഴുതുകയും ജീവിത വീക്ഷണം തികച്ചും വേറിട്ടതാവുകയും ചെയ്യുന്നു എന്ന് ഉടൽ ഭൗതികത്തിന്റെ ആമുഖം തന്നെ പറയുന്നു. ആദ്യ പരീക്ഷണം അല്ലാ ഇതെങ്കിലും അമലിന്റ കൽഹണനും വി എം ദേവദാസിന്റെ പന്നിവേട്ടയും ടി ഡി രാമകൃഷ്ണന്റെ ഫ്രാൻസിസ് ഇട്ടിക്കോരയുമൊക്കെ സ്വീകരിക്കപ്പെട്ട പോലെ ഉടൽ ഭൗതികവും സ്വീകരിക്കപ്പെടും. പ്രഥമ കാരൂർ പുരസ്കാരത്തിന് ഇതിനെ തെരഞ്ഞെടുത്തതെന്ത് എന്ന ഔത്സുക്യത്തോടെ വായനയിലേക്ക് കടന്ന ശേഷം കൃതിയിലൂടെ കടന്ന് പോകുമ്പോൾ തന്നെ നമുക്ക് അതിന്റെ ഉത്തരവും ലഭിക്കുന്നു. നോവൽ എന്താണ് / ആകണം എന്നതിനെ പറ്റി തന്റെ വീക്ഷണം ഷിനിലാൽ തുടക്കത്തിൽ തന്നെ പറയുന്നുണ്ട്. "അജൈവ മൂലകങ്ങൾ കൂടി ചേർന്ന് ഞാൻ / നീ ജനിക്കുന്നു... എന്റെ/ നിന്റെ ഉടൽ ഒടുവിൽ വിഘടിച്ച് അജൈവ മൂലകങ്ങൾ ആയി വീണ്ടും പിരിയുന്നു. നായിൽ / നരിയിൽ പുനർജനിച്ചു. അതിനിടയിൽ ഭൂമിയിൽ ഉടൽ കാട്ടിക്കൂട്ടുന്ന വിക്രിയകളാണ് ജീവിതം" ജീവിതത്തെ എത്ര കൃത്യമായി നിർവ്വചിച്ചിരിക്കുന്നു. അതു തന്നെയത്രേ ചരിത്രം / സംസ്കാരം / നോവൽ. ജീവിതം തന്നെയാണ് നോവൽ എന്നതിനാൽ നോവൽ പുരോഗമിക്കുമ്പോൾ നോവലിസ്റ്റ് തന്നെ നോവലിലേക്ക് പ്രവേശിക്കുക സ്വാഭാവികം. അതാണ് ഉടൽ ഭൗതികത്തിൽ സംഭവിക്കുക.                                       മലയാളനോവലിൽ ആദി മുതൽ തന്നെ രണ്ട് ധാരകൾ ഉണ്ട്. കാൽപ്പനികമായി കഥ അവതരിച്ചു മുന്നേറുന്ന ഇന്ദുലേഖാപരമായ ചന്തുമേനോൻ ധാര, ചരിത്രാഖ്യായികളുടെ തമ്പുരാൻ ആയ സി വി രാമൻപിള്ളയുടെ ധാര. 'പ്രതി പാത്രം/ഭാഷണഭേദത്തി'ലൂടെ പ്രൊഫ എൻ കൃഷ്ണപിള്ള സി വി യിലെ സൗന്ദര്യത്തെ വരച്ചു കാട്ടുന്നുണ്ട്. പ്രത്യക്ഷത്തിൽ മൂടപ്പെട്ട ഒരു സൗന്ദര്യം! ഷിനി ലാലും സി വി ധാരയോടാണ് ചേർന്ന് നിൽക്കുന്നത്. അതെ, ഉടൽ ഭൗതികം ഒരു കാലഘട്ടത്തിന്റെ കഥയാണ്. പ്രധാനമായും എൺപതുകളുടെ . 1986 ൽ കേരളാ ശാസ്ത്രസാഹിത്യ പരിഷത്ത് ഒരുക്കിയ കുഴലിലൂടെ കേരളം കണ്ട ഹാലി ധൂമകേതു, ഭാരതത്തിന്റെ മതേതര യശസ്സിന് തീരാകളങ്കമായ ബാബരി മസ്ജിദ് പൊളിക്കൽ, ' എന്തിനധീരത ഇപ്പോൾ തുടങ്ങുവിൻ എല്ലാം നിങ്ങൾ പഠിക്കേണം എന്ന് ആഹ്വാനിച്ച് കടന്നു വന്ന സാക്ഷരതായജ്ഞം ഇതൊക്കെ നോവലിൽ കടന്നു വരുന്നു. ഈ എം എസ്സും നായനാരും നെടുമങ്ങാടിന്റെ ആശാൻ ആയ കെ വി സുരേന്ദ്രനാഥും ഒക്കെ കഥാപാത്രങ്ങൾ ആവുന്നു. വായനയിൽ ആ കാലത്തേക്ക് നമ്മുടെ മനസ്സിനെ പറിച്ചു നടുന്നു. അത് സാദ്ധ്യമാവുന്നത് എഴുത്തിന്റെ വിജയമാണ്.
                                 
                                       അനായാസ വായനയ്ക്കു തകുന്ന രചനാരീതിയാണ് നോവലിനെന്ന് എനിക്കഭിപ്രായമില്ല. കൂടുതൽ ഗൗരവമായ വായനയാണ് ഈ കൃതി ആവശ്യപ്പെടുന്നത്. അത് കൊണ്ട് തന്നെ എല്ലാ വിഭാഗം വായനക്കാരെയും ഇത് തൃപ്തിപ്പെടുത്തില്ല. സാമ്പ്രദായികമായ രചനാ മാർഗത്തോട് മാത്രമല്ല, ജീവിത രീതിയോടും ഇത് കലഹിക്കുന്നുണ്ട്. പ്രണയത്തിൽ കാൽപനികതയില്ലെന്ന് നോവൽ ഉദ്ഘോഷിക്കുന്നു. പ്രണയികൾക്ക് ഉടൽ ഇല്ല തന്നെ. പദാർത്ഥത്തിന്റെ പ്ലാസ്മാവസ്ഥയാ ണ് പ്രണയം എന്ന് പുന:ർ നിർവചിക്കുമ്പോൾ എല്ലാവരും അതിനോട് യോജിക്കണമെന്നില്ല. മണ്ണിൽ ചവിട്ടി നടന്ന കർഷകനിൽ നിന്ന് ശീതീകരിച്ച മുറിയിലിരുന്ന് കമ്പ്യൂട്ടർ ഗെയിം കളിച്ച് പണമുണ്ടാക്കി ഭോഗിക്കുന്നവനിലേക്കുള്ള പരിണാമം ദ്രുത വേഗത്തിലാണ് സംഭവിക്കുന്നതെന്ന് നോവലിസ്റ്റ് നിരീക്ഷിക്കുന്നു. ഈ സാഹചര്യത്തിൽ ജീവിതത്തെ ആകെ പുനർ നിർവചിക്കേണ്ടി വരുക സ്വാഭാവികം.

                                      ഏത് രചനാ സമ്പ്രദായം സ്വീകരിച്ചാലും ഭാഷയെ പരാമർശിക്കാതെ വയ്യ. സംവേദനമാണല്ലോ മുഖ്യം? നാട്ടിന്റെ ഗ്രാമ്യഭാഷയും നിരീക്ഷണങ്ങളുടെ അച്ചടി ഭാഷയും മാറി മാറി യുക്തമായി ഉപയോഗിച്ചിരിക്കുന്നു. പാത്രസൃഷ്ടിയിലും സൂക്ഷ്മത പുലർത്താൻ ശ്രമിച്ചിട്ടുണ്ട്. ഇത് പോലെ ഒരെണ്ണം മലയാള നോവലിൽ വേണ്ടതാണെന്ന് വായന പൂർത്തീകരിച്ചാൽ നാം പറയും. വിമർശനമായി പറയാൻ ഉള്ളത്, അച്ചടി പിശാചിനെ പൂർണ്ണമായി തുരത്താൻ കഴിഞ്ഞിട്ടില്ല. (ഉദാ:- പേജ് 119, 181) 240 പേജുള്ള പുസ്തകത്തിന് 230 രൂപ ഇട്ടത് കൂടിപ്പോയെന്ന് ഞാൻ പറയും. സാഹിത്യ പ്രവർത്തക സഹകരണ സംഘമാണ് പ്രസാധകർ. നാഷനൽ ബുക്ക് സ്റ്റാളിൽ പുസ്തകം ലഭ്യമാണ്.   

1 comment:

 1. ഏത് രചനാ സമ്പ്രദായം സ്വീകരിച്ചാലും
  ഭാഷയെ പരാമർശിക്കാതെ വയ്യ. സംവേദനമാണല്ലോ
  മുഖ്യം? നാട്ടിന്റെ ഗ്രാമ്യഭാഷയും നിരീക്ഷണങ്ങളുടെ
  അച്ചടി ഭാഷയും മാറി മാറി യുക്തമായി ഉപയോഗിച്ചിരിക്കുന്നു. പാത്രസൃഷ്ടിയിലും സൂക്ഷ്മത പുലർത്താൻ ശ്രമിച്ചിട്ടുണ്ട്. ഇത് പോലെ
  ഒരെണ്ണം മലയാള നോവലിൽ വേണ്ടതാണെന്ന് വായന പൂർത്തീകരിച്ചാൽ നാം പറയും

  ReplyDelete