Saturday, 10 November 2012

വായിച്ചതിനെ പറ്റി (2010 ) - ഒന്ന് - നോവ്‌ ഉണര്‍ത്തിയ നോവലുകള്‍


(വായിക്കുന്ന പുസ്തകങ്ങളുടെ കുറിപ്പുകള്‍ എഴുതി സൂക്ഷിക്കുന്ന പതിവ് പണ്ടെപ്പോഴോ ഉണ്ടായിരുന്നു..ക്രമേണ അത് നഷ്ടമായി ..പിന്നെ അത് മടക്കി കൊണ്ടുവന്നത് 2010  ല്‍ ആണ്. ഇപ്പോഴും തുടരുന്നു..ഓരോ വര്‍ഷത്തെയും വായനയുടെയും ആവര്‍ത്തന വായനയുടെയും കുറിപ്പുകള്‍ ബ്ലോഗില്‍ എഴുതാന്‍ ശ്രമിക്കുന്നു. നോവല്‍, കഥ, കവിത,  വൈജ്ഞാനിക  സാഹിത്യം എന്നിങ്ങനെ  വ്യത്യസ്ത തലക്കെട്ടുകളില്‍. 2012 വരെയുള്ള കുറിപ്പുകള്‍ ഘട്ടം ഘട്ടമായി ബ്ലോഗ്ഗിക്കൊണ്ട് തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ തുടരാം എന്ന പ്രതീക്ഷയാണ്..)

ഉള്ളില്‍ ഉള്ളത് സി രാധാകൃഷ്ണന്‍ 

                       തലച്ചോറിന്റെ ഉള്ളില്‍ ഉള്ളതിനെപ്പറ്റി നേരത്തെ എഴുതപ്പെട്ട ഈ കൃതി വായിക്കാന്‍ ഇത്ര വൈകിയതെന്തേ എന്നാണ് ആദ്യം തോന്നിയത്. ഒത്തിരി നാളുകള്‍ക്കു ശേഷം ഒറ്റയിരിപ്പിനു വായിച്ചു തീര്‍ത്ത കൃതി. നാനൂറില്‍ പരം പേജുകള്‍. സയന്‍സും വിവര സംകേതിക വിദ്യയും രാഷ്ട്രീയവും ഇതില്‍ സമഞ്ജസമായി ചേരുന്നു. ഭഗവത് ഗീതയുടെ സ്വാധീനവും ചേരുവയാകുന്നു. സി രാധാകൃഷ്ണന്റെ അനിതര സാധാരണമായ വാക്കുകളുടെ ഭംഗി എന്നെ മുന്‍പും വിസ്മയിപ്പിച്ചിട്ടുണ്ട്‌. ആദ്യന്തം ഉല്‍ കന്ടയുടെ മുള്‍മുനയില്‍ വായനക്കാരെ നിര്‍ത്തുന്നത് മാത്രമാണോ ഇതിന്റെ സവിശേഷത ? അതോ സയന്‍സ് ന്റെ ജനകീയ മുഖത്തെയും ഭീകര മുഖത്തെയും താരതമ്യം ചെയ്യുന്നതോ? നിരീക്ഷണങ്ങളും രേഖപ്പെടുത്തി സൂക്ഷിക്കേണ്ട വാചകങ്ങളും അടങ്ങിയ ഉദാത്ത കൃതി.

 ആത്മ തീര്‍ഥങ്ങളില്‍ മുങ്ങി നിവര്‍ന്നു ഡോ ഖദീജ മുംതാസ്

              ഭിഷഗ്വര ആയ എഴുത്തുകാരിയുടെ ആദ്യ കൃതി. പ്ലസ്‌ ടു വിദ്യാര്‍ഥി ആയ മകന്റെ തൂലികാ സുഹൃത്തായ ശരത് പതിയെ പതിയെ തനിക്കു പുത്ര തുല്യന്‍ ആകുന്നതും മനസ്സില്‍ കുടിയിരിക്കുന്നതും മാതാവായ ഡോക്ടര്‍ അറിയുന്നു. ശരത് പറയുന്ന കഥകള്‍ വല്ലാതെ നൊമ്പരപ്പെടുതുന്നതും കരള്‍ പിളര്ക്കുന്നതും.. ഒടുവില്‍ അതേ ശരത് ഒരു പ്രഹേളിക ആവുന്നതും ഡോക്ടര്‍ അറിയുന്നു.. അപ്രത്യക്ഷനായ ശരത്തിനെ തേടി നമ്മുടെ മിഴികളും...

അതിരുകള്‍ കടക്കുന്നവര്‍ - സി രാധാകൃഷ്ണന്‍

              പ്രകൃതിയോടു ഇണങ്ങി ജീവിക്കുന്ന ഉണ്ണി എന്ന സാധാരണക്കാരന്റെ കഥ പറയുന്നു. പുതു പണക്കാര്‍ പഴയവക്കൊക്കെ വില പേശുന്ന കാലം.. വീടും മരവുമൊക്കെ വിട്ടു ദൂരെ നഗരത്തില്‍ സുഖായി കഴിയാന്‍ ക്ഷണിച്ചവരോട്   " വിടെ എനിക്ക് പരമ സുഖം" എന്ന് പ്രതികരിക്കുന്ന ഉണ്ണി മനസ്സില്‍ നില്‍ക്കുന്നു 

വിരല്‍ സ്പര്‍ശം - സി പിന്റോ

                    അജയന്‍ എന്ന ഗുമസ്തന്‍ നമ്മില്‍ നൊമ്പരം ഉണര്‍ത്തുന്നു.. നിസ്സഹായയായ നിര്‍മലയും.. ഒട്ടേറെ എഴുത്തുകാര്‍ പറഞ്ഞ സാധാരണക്കാരുടെ കഥ. ഇതൊക്കെ വീണ്ടും പറഞ്ഞും ചൊല്ലിയും ഇരുന്നില്ലേല്‍ നമ്മിലെ സാധാരണക്കാരന്‍ മരിച്ചു പോകും അതിനാല്‍ ഇത്തരം കഥകള്‍ തുടരട്ടെ..

നഗ്നനായ തമ്പുരാന്‍ - എം മുകുന്ദന്‍

               ഒരു ചെറു നോവല്‍. സാധരണ മുകുന്ദന്‍ ശൈലിയില്‍ നിന്ന് വ്യത്യസ്തം. സാമൂഹ്യ  മൂല്യങ്ങളോ വിമര്‍ശങ്ങലോ ഇല്ല.. രസിക്കാനായി ഇത്തരം കഥകളും വേണ്ടേ?

ഞങ്ങള്‍ അടിമകള്‍ - സേതു

                         നമ്മുടെ പരമ്പരാഗത സങ്കല്പങ്ങളും വിശ്വാസങ്ങളും അവക്കടിമയായ ജനതയും എക്കാലവും എഴുത്തിനു വിഷയമായിട്ടുണ്ട്. ഭര്ത്താവ് കുല ദേവതയുടെ അടിമ എന്ന് സ്വയം അവകാശപ്പെടുമ്പോള്‍ ഭാര്യ അനുഭവിക്കുന്നതെന്തെന്നു ഊഹിക്കാമല്ലോ? കഥയുടെ ഗതി വിഗതികള്‍ ഈ വിശ്വാസത്തെ ആധാരമാക്കി നീങ്ങുന്നു.

തടാക തീരത്ത് - ഇ ഹരി കുമാര്‍

                        കല്കത്തയുടെ പശ്ചാത്തലത്തില്‍ പ്രണയവും രതിയും ചേര്‍ത്ത് എഴുതിയ നോവല്‍. തികഞ്ഞ ഗ്രമീനനായ രമേശന്‍ നഗരത്തിലെതുന്നതും നഗരം പതുക്കെ അയാളെ വിഴുങ്ങുന്നതും പ്രമേയം.

അഗ്നിയെ ചുംബിച്ച ചിത്രശലഭം - സി പിന്റോ

                       ജീവിതം ആണല്ലോ കഥകളുടെ ഉറവിടം. ശലഭത്തിന്റെ ജീവിതം നമ്മുടെ മുന്‍പില്‍ നേര്‍ കാഴ്ചയാണ്. വിളക്കില്‍ വെളിച്ചം തേടി അണഞ്ഞു എരിഞ്ഞടങ്ങുന്ന ജീവിതം. മര്‍ത്യ ജീവിതവും വ്യത്യസ്തമല്ല. അത്തരം ഒരു ജീവിത കഥ എവിടെ പകര്‍ത്തുന്നു.

കല്‍ താമര - ജോര്‍ജ് ഓണക്കൂര്‍

                       അമ്മയും മകനും തമ്മിലുള്ള ഹൃദയ ഹാരിയായ ബന്ധം പറയുന്ന നോവല്‍. അമ്മ പെറ്റമ്മ അല്ലെന്നും പോറ്റമ്മ ആണെന്നും ഒടുവില്‍ തിരിച്ചരി  യുംബോഴും ആ ബന്ധത്തിനു  ഇളക്കം തട്ടുന്നില്ല. ബന്ധങ്ങളെ പറ്റിയും നാം ആവര്‍ത്തിക്കണം.അഭിശപ്തമായ ഈ കാലഘട്ടത്തില്‍ ഇതൊക്കെ ഉണര്‍ത്തുകയും ഓര്‍ക്കുകയും ചെയ്യേണ്ടതാണ്.

ബഹു വചനം - എന്‍ പ്രഭാകരന്‍ 

                             ഒരാള്‍  അയാളെ തന്നെ മറന്നു പോകുന്ന അവസ്ഥയെപ്പറ്റി എഴുതപ്പെട്ട നോവല്‍. ഒടുവില്‍ പുതു ജീവിതം ആവര്‍ത്തിക്കുന്നു (Ctrl-Alt-Del കൊടുത്തു ജീവിതം ഒന്നേ എന്ന് തുടങ്ങുന്നത് ഒന്നോര്‍ത്തു നോക്കൂ.) എന്നിട്ടും കുറെ കഴിഞ്ഞു 'പൂരവാശ്രമം' അയാള്‍ക്ക് ഓര്‍മ്മ വരുന്നു. തുടര്‍ന്നുള്ള പുകിലുകള്‍ ഇതിനെ രസകരമാക്കുന്നു.

പുറമ്പോക്ക് - ഇ വാസു

                            അതേ..പുറമ്പോക്ക് കാരുടെ ജീവിത കഥ. വായന സുഖം നല്‍കുന്നില്ല. പക്ഷെ ശ്രദ്ധേയമായ പ്രമേയം. 

ധാത്രി കുട്ടി എഴുതുന്നു - എ സി രാജാ

                          സ്മാര്‍ത്ത വിചാരത്തിന്റെ പശ്ചാത്തലത്തില്‍ എഴുതപ്പെട്ട ഈ കൃതിക്ക് ചരിത്ര പ്രാധാന്യം തോന്നി; എന്നാല്‍ വലിച്ചു നീട്ടിയതയും. അക്കാലത്തെ സാമൂഹ്യ വ്യവസ്ഥിതിയെപറ്റി ഓര്‍ക്കാന്‍ ഇത്തരം വായന  ഉപകരിക്കും.

ഗില്‍ ഗാമേഷിന്റെ ഇതിഹാസം - രാജ ഗോപാല്‍ കമ്മത്ത്

                അയ്യായിരം വര്ഷം മുന്‍പ് എഴുതപ്പെട്ട ഒരു വീരേതിഹാസം. മൃത്യു വിനെ വരിക്കാന്‍ മടിച്ചു, അതി ജീവിക്കാനുള്ള മനുഷ്യ പുറപ്പാടാണ് പ്രമേയം.

ചരിത്രത്തില്‍ ഇല്ലാത്തവര്‍ - ബിമല്‍ മിത്ര - വിവ. രവി വര്‍മ

                    ബംഗാളി നോവല്‍. സ്വാതന്ത്ര്യ സമര പ്രക്ഷോഭത്തിന്റെ ഈറ്റില്ലമായ ബംഗാളില്‍ നിന്നും ഒരു എട്. താരകാനും അളകനും ഉള്‍പ്പെടെ മനസ്സില്‍ തങ്ങി നില്‍ക്കുന്ന കഥ പാത്രങ്ങള്‍. ത്യാഗ നിര്‍ഭരമായ ഒരു കാലത്തിന്റെ കഥ. അറിയപ്പെടുന്ന ചരിത്രത്തിനു പിന്നില്‍ ചരിത്രമില്ലാത്ത എത്രയോ പേര്‍.

യൂദാസിന്റെ സുവിശേഷം - കെ ആര്‍ മീര

                      അടിയന്തരാവസ്ഥയുടെ പശ്ചാത്തലത്തില്‍ എഴുതപ്പെട്ട നോവല്‍. അതിന്റെ ഒരു സ്ത്രീ കാഴ്ച എന്ന് പറയാം. നക്സലിസവും അതിനോടുള്ള ആരാധനയും, വ്യതിച്ചലനവും ഒക്കെ പ്രമേയം. ശ്രദ്ധേയമായ അവതരണം.

വുതരിംഗ് ഹൈറ്റസ് - എമിലി ബ്രോന്ദ് - വിവ. പ്രേംനാഥ് ചമ്പാട്

                    പതിനെട്ടാം നൂറ്റാണ്ടില്‍ എഴുതപ്പെട്ട നോവല്‍. ആ  താല്‍പര്യത്തില്‍ വായിച്ചു. ഹൃദ്യമായി അനുഭവപ്പെട്ടില്ല.

ചൂണ്ടു വിരല്‍ ഒരു പ്രളയ പേടകം - ജോയല്‍

                    പോരാട്ടവും പ്രണയവും വിപ്ലവവും ഇഴുകി ചേര്‍ന്ന ഒരു പുതുമയുള്ള പ്രമേയം. ക്ലാസിക്കല്‍ കൃതികളുടെ ശൈലിയില്‍ അവതരണം.

സൂപ്പെര്‍ സ്പേഷ്യലിട്ടി ഹോസ്പിറ്റല്‍  - എം ഗോപി നാഥന്‍ നായര്‍

                             പേര് സൂചിപ്പിക്കും പോലെ ആതുര സേവന മേഖലയില്‍ കച്ചവടവും ആദര്‍ശവും തമ്മിലുള്ള പോരാട്ടം ആണ് പ്രമേയം. ഏതാണ് ഇക്കാലത്ത് വിജയിക്കുക എന്നറിയാലോ? അവതരണത്തില്‍ വലിയ പുതുമ അവകാശപ്പെടാനില്ല. വായിച്ചു തീര്‍ക്കാവുന്ന നോവല്‍.

വെളിച്ചത്തിലേക്ക് തുറക്കാത്ത വാതിലുകള്‍ - അജയന്‍

                       ഉണ്ണി കൃഷ്ണന്‍ എന്ന എഴുത്തുകാരനായ കഥാപാത്രത്തിലൂടെ അവതരണം. പ്രണയവും മറ്റു ജീവിതവസ്തകളും ആവിഷ്കരിച്ചിരിക്കുന്നു. വായനാ സുഖമുള്ള നോവല്‍.

മണ്‍സൂണ്‍ - പി ആര്‍ നാഥന്‍

                          ഒരു ബംഗ്ലാവിന്റെ പശ്ചാത്തലത്തില്‍ എഴുതപ്പെട്ട നോവല്‍ ഹൃദ്യമായി അവതരിപ്പിച്ചിരിക്കുന്നു. ഭാര്യാ ഭാര്താക്കളുടെ പൊരുത്ത കേടുകള്‍; അവര്‍ക്കിടെ എത്തി പറ്റുന്ന മറ്റുള്ളവര്‍ അങ്ങനെ കഥ വികസിക്കുന്നു. ഒറ്റയിരുപ്പിന്‍ വായിക്കാവുന്ന കൃതി.

യാത്ര പറയാതെ - എം രാഘവന്‍

                    പതിവ് കഥ. മുതലാളി, വേലക്കാരി അങ്ങനെ ..അല്പം വ്യത്യസ്തമാക്കാന്‍ ശ്രമിച്ചിട്ടുണ്ട്. പക്ഷെ ..

ചിതറി പോയ വഴികളില്‍ ഒറ്റയ്ക്ക്  ഒരാള്‍ - ബിന്ദു രതീഷ്‌

            അച്ഛന്റെ ആദര്‍ശ നിഷ്ഠ ഇഷ്ടപ്പെടാത്ത മകന്‍ അച്ഛന്റെ ശത്രുക്കള്‍ക്ക് കരു ആകുന്നതും അച്ഛനെ അപായപ്പെടുത്താന്‍ തന്നെ കൂട്ട് നില്‍ക്കുന്നതും ആവിഷ്കരിച്ചിരിക്കുന്നു. അവതരണത്തില്‍ ഒട്ടു വിജയിച്ചു എന്ന് പറയാം ഈ പുതു മുഖം.

മക്കളെ കണ്ടും മാംബൂ കണ്ടും - ആശ

                       പണ്ടേ ഉള്ള ഇതിവൃത്തം. ദാരിദ്ര്യത്തില്‍, ത്യാഗം സഹിച്ചു വളര്‍ത്തി വലുതാക്കിയ മകന്‍ തങ്ങും തണലും ആകുന്നില്ല എന്ന് തന്നെ കഥ. നന്നായി പറഞ്ഞിരിക്കുന്നു.

റെയില്‍വേ കുട്ടികള്‍ - ഈഡിസ് നെസ്ബിറ്റ്

                  അതീവ ഹൃദ്യം. ബാല മനസ്സിന്റെ ചിന്തകളിലൂടെ നമ്മെ കൂട്ടി കൊണ്ട് പോകുന്നു. ഒരു കുട്ടിയുടെ കുറ്റവാളിയായ അച്ഛന്‍ വരുന്നതും കാത്തു കുട്ടി ഇരിക്കുന്നതും, പ്രമാദമായ കേസില്‍ രക്ഷ പെടുത്താന്‍ ശ്രമിക്കുന്നതും, മനസ്സില്‍ തട്ടും വണ്ണം പറഞ്ഞിരിക്കുന്നു.

തേവാരം - പെരുമ്പടവം ശ്രീധരന്‍

സ്ഥിരം പെരുമ്പടവം ശൈലി നോവല്‍. ബ്രാഹ്മണ തറവാട് ഇക്കുറി ആധാരം. പരുക്കന്‍ ജീവിത യാധാര്ത്യങ്ങളോട് മല്ലടിച്ച് നീങ്ങുന്ന ജീവിതം തന്നെ പ്രമേയം.

7 comments:

 1. അന്‍വരികള്‍ വായിച്ചു.ഈ വായനാക്കുറിപ്പുകള്‍ കൂടുതല്‍ പേരിലേക്ക് പുസ്തകങ്ങളെയും വായനയെയും എത്തിക്കട്ടെ.
  ആശംസകള്‍ .

  ReplyDelete
 2. ഈ ശ്രമം ശ്ലാഘനീയം തന്നെ.
  കുറിപ്പുകൾ കുറച്ചുകൂടി വിപുലീകരിച്ചാൽ നന്നായിരിക്കും.
  ഭാവുകങ്ങൾ

  ReplyDelete
 3. @ cheera

  നന്ദി ......... കുറച്ചു കൂടി വിപുലീകരിക്കണം എന്ന് കരുതുന്നു .... നീണ്ടു പോയാല്‍ ചില വായനക്കാര്‍ക്ക്‌ പ്രയാസമാകുമോ ..
  @ susmesh
  നന്ദി... .. വായനയെ ഉണര്‍ത്താന്‍ കഴിഞ്ഞാല്‍...അതൊരു ധന്യത തന്നെ

  ReplyDelete
 4. വളരെ വളരെ നല്ല കാര്യം. നമ്മള്‍ ശ്രദ്ധിക്കാതെ പോകുന്ന പല പുസ്തകങ്ങളേയും പറ്റിയുള്ള കുറിപ്പുകള്‍ വായനക്കാരിലേക്ക് എത്തിക്കുന്ന ഈ സംരംഭത്തിന് എല്ലാവിധ ആശംസകളും നേരുന്നു...

  കുറിപ്പുകള്‍ വിപുലീകരിക്കുമ്പോള്‍ കഥ, നോവല്‍ എന്നിവയെ പറ്റി ഇതുപോലെ തന്നെ തുടരുന്നതാവും നല്ലതെന്ന് തോന്നുന്നു, അല്ലെങ്കില്‍ അത് വായനയുടെ രസം കളയില്ലേ എന്നൊരു സംശയം!!

  ReplyDelete
 5. താങ്കളുടെ ഓരോ വായനാക്കുറിപ്പും, കുറച്ചുകൂടി വിപുലമാക്കി ഓരോ പുസ്തകപരിചയമാക്കാമായിരുന്നു എന്നൊരു അഭിപ്രായം തോന്നി.......

  ReplyDelete
 6. ബ്ലോഗിലെ വായനക്കൂട്ടായ്മക്ക് ഒരു മുതല്‍ക്കൂട്ടാണ് ഈ പോസ്റ്റ്‌. എന്നിട്ടും ആരും ഇത് വായിച്ചിട്ടില്ലാ എന്നത് ഓര്‍ത്തു അത്ഭുതപ്പെടുന്നു...! അന്‍വര്‍ഇക്കാ തുടരൂ ..!

  ReplyDelete
 7. അന്‍വരികള്‍ വായിച്ചു.ഈ വായനാക്കുറിപ്പുകള്‍ കൂടുതല്‍ പേരിലേക്ക് പുസ്തകങ്ങളെയും വായനയെയും എത്തിക്കട്ടെ.
  ആശംസകള്‍ .www.hrdyam.blogspot.com

  ReplyDelete